2016ൽ തൃശൂർ ജില്ലയിലെ ഏറ്റവും കൂടിയ ഭൂരിപക്ഷത്തിനാണ് പുതുക്കാട്ട് പ്രൊഫ. സി. രവീന്ദ്രനാഥ് ജയിച്ചത്. കോൺഗ്രസിലെ സുരേന്ദ്രൻ കുന്നത്തുള്ളിയെ തോൽപ്പിച്ചത് 38,478 വോട്ടിന്റെ ഭൂരിപക്ഷത്തിന്. തുടർച്ചയായ മൂന്നാമത്തെ ജയമാണ്, അതുകൊണ്ട്, സി.പി.എം മുന്നോട്ടുവെന്ന വ്യവസ്ഥയനുസരിച്ച് ഇത്തവണ അദ്ദേഹത്തിന് മൽസരിക്കാനാകില്ല.
എന്നാൽ, പാർട്ടി തീരുമാനിക്കുന്നതിനുമുമ്പേ അദ്ദേഹം തീരുമാനിച്ചുകഴിഞ്ഞു, ഇനി മൽസരിക്കാനില്ല. രവീന്ദ്രനാഥിന്റെ തീരുമാനം പാർട്ടിക്ക് ദഹിച്ചിട്ടില്ല. വിജയസാധ്യത കണക്കിലെടുത്ത് വ്യവസ്ഥയിൽ ഇളവ് ലഭിക്കാൻ സാധ്യതയുള്ള മന്ത്രിമാരിൽ ഒരാളാണ് അദ്ദേഹം. അതുകൊണ്ട്, പുതുക്കാട് തന്നെ ഒരിക്കൽ കൂടി അദ്ദേഹം മൽസരിക്കണമെന്നാണ് പാർട്ടിയുടെ ഉള്ളിലിരുപ്പ്. അതിന് അദ്ദേഹം വഴങ്ങുമോ? വഴങ്ങാത്തപക്ഷം സി.പി.എം ജില്ല കമ്മിറ്റി അംഗം സി.പി. രാമചന്ദ്രനെയാണ് പരിഗണിക്കുന്നത്.
ബി.ജെ.പി സംസ്ഥാനത്ത് കണ്ണുവച്ചിരിക്കുന്ന എ പ്ലസ് മണ്ഡലങ്ങളിൽ ഒന്നാണ് പുതുക്കാട്. 2016ൽ കോൺഗ്രസ് സ്ഥാനാർഥിക്ക് 25.95 ശതമാനം വോട്ടാണ് ലഭിച്ചതെങ്കിൽ ബി.ജെ.പിയുടെ എ. നാഗേഷ് 22.69 ശതമാനം വോട്ടാണ് നേടിയത്; 35,833 വോട്ട്. 2011ൽ ശോഭ സുരേന്ദ്രന് ലഭിച്ചതിന്റെ (14,425) ഇരട്ടിയിലധികം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും തൃശൂരിൽ മൽസരിച്ച സുരേഷ് ഗോപിക്ക് പുതുക്കാട് മണ്ഡലത്തിൽ വോട്ടുവർധനയുണ്ടാക്കാൻ കഴിഞ്ഞിരുന്നു. കഴിഞ്ഞ തവണ മൽസരിച്ച നാഗേഷിനു തന്നെയാകും ഇത്തവണയും നറുക്ക്.
യു.ഡി.എഫിന് ഒരു സാധ്യതയുമില്ലാത്ത മണ്ഡലമാണിത്. അതുകൊണ്ടുതന്നെ, പ്രാദേശിക നേതാക്കളുടെ പരീക്ഷണഭൂമിയായി പുതുക്കാട് മാറാനാണ് സാധ്യത. ജോസഫ് ടാജറ്റ്, ടി.ജെ. സനീഷ്‌കുമാർ എന്നിവരെയാണ് കോൺഗ്രസ് ജില്ലാ നേതൃത്വം പരിഗണിക്കുന്നത്.
തൊഴിലാളി സമരങ്ങളുടെ ഭൂമിയാണിത്, തോട്ടം- വനം മേഖല. തൃശ്ശൂർ മുകുന്ദപുരം താലൂക്കിലെ അളഗപ്പനഗർ, മറ്റത്തൂർ, നെന്മണിക്കര, പറപ്പൂക്കര, പുതുക്കാട്, വരന്തരപ്പിള്ളി, തൃക്കൂർ എന്നീ ഗ്രാമപഞ്ചായത്തുകളും തൃശ്ശൂർ താലൂക്കിലെ വല്ലച്ചിറ ഗ്രാമപഞ്ചായത്തും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലം. 2008ലെ പുനർനിർണയത്തോടെയാണ് കൊടകര മണ്ഡലത്തിന്റെ പ്രദേശങ്ങളുൾപ്പെടുത്തി പുനർ നാമകരണം നടത്തി പുതുക്കാട് നിലവിൽ വന്നത്. 2011, 2016 വർഷങ്ങളിൽ സി. രവീന്ദ്രനാഥ് തന്നെയാണ് ജയിച്ചത്.