പുതുപ്പള്ളിയിൽ ഒരു അട്ടിമറിക്ക് ബാല്യമുണ്ടോ?

എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മൽസരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു, കേരളം. സീറ്റുവിഭജന ചർച്ചകളും സ്ഥാനാർഥി ലിസ്റ്റ് തയാറാക്കുന്ന നടപടികളും അതിവേഗം പുരോഗമിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

രനൂറ്റാണ്ടായി പുതുപ്പള്ളിക്ക് സംശയമേയില്ല, രണ്ടിൽ ആരെ വേണമെന്ന കാര്യത്തിൽ.

ഒരു രാഷ്ട്രീയനേതാവിന്റെ പര്യായപദമായി ഒരു മണ്ഡലം, അറുത്തുമാറ്റാനാകാത്ത ഒരു ബന്ധം. ‘‘എന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുന്നു, ആജീവനാന്തം അതിൽ മാറ്റമുണ്ടാകില്ല'';ഇത്തവണ ഉമ്മൻചാണ്ടിക്ക് ഇങ്ങനെയൊരു പത്രക്കുറിപ്പ് ഇറക്കേണ്ടിവന്നു. കാരണം, അദ്ദേഹം പുതുപ്പള്ളിയിൽനിന്ന് മാറി നേമത്ത് മൽസരിക്കണമെന്ന ഒരു അഭിപ്രായം പാർട്ടിയിൽ എവിടെനിന്നോ പൊട്ടിവീണു, കേട്ടാൽ പെട്ടെന്ന് ന്യായമെന്നുതോന്നുന്ന ഒരു കാരണവും പറഞ്ഞുപരത്തി: മുതിർന്ന കോൺഗ്രസ് നേതാവ് ബി.ജെ.പിയുടെ സിറ്റിങ് സീറ്റിൽ മൽസരിച്ച് ജയിച്ചാൽ, അതിന്റെ ക്രെഡിറ്റ് രാജ്യമാകെ പാർട്ടിക്കുണ്ടാകും, മൃദുഹിന്ദുത്വ എന്നൊക്കെപ്പറഞ്ഞ് സി.പി.എമ്മിന് കോൺഗ്രസിനെ ആക്രമിക്കാനും പറ്റാതാകും.

ആരാണ്, ഉമ്മൻചാണ്ടിയെപ്പോലൊരു നേതാവിന് ഇങ്ങനെയൊരു കെണിയൊരുക്കിയ സൃഗാലബുദ്ധിജീവി കോൺഗ്രസിൽ? കെ.എസ്.യുക്കാലം മുതൽ കോൺഗ്രസിൽനിന്ന് അരിഭക്ഷണം കഴിച്ചുപരിചയമുള്ള ഉമ്മൻചാണ്ടി അടുത്ത നിമിഷം പത്രക്കുറിപ്പിറക്കി നേമക്കഥ പൊളിച്ചു. മാത്രമല്ല, പുതുപ്പള്ളിയിൽ ആദ്യ റൗണ്ട് പ്രചാരണവും പൂർത്തിയാക്കിക്കഴിഞ്ഞു, എല്ലാ സ്പിഷീസിലും പെട്ട സ്ഥാനാർഥികളെയും പിടിച്ചിട്ട് നോഹയുടെ പെട്ടകവുമായി നേതാക്കൾ ഹൈക്കമാൻഡിനുമുന്നിലേക്ക് പോകുന്നതിനുമുമ്പേ. തന്റെ നിയമസഭാ സാമാജികത്വത്തിന്റെ 50ാം വാർഷിക പരിപാടിയായ ‘സുകൃതം സുവർണം' ആഘോഷത്തിന്റെ ഭാഗമായുള്ള കുടുംബസംഗമങ്ങളിലൂടെയായിരുന്നു കുഞ്ഞൂഞ്ഞിന്റെ പ്രചാരണം.

ഉമ്മൻ ചാണ്ടി / വര: ദേവപ്രകാശ്

പുതുപ്പള്ളിയിൽനിന്ന് കുഞ്ഞൂഞ്ഞിനെ മാറ്റാൻ പാർട്ടിയിലെ 'വിശ്വസ്തർ' മെനഞ്ഞ തന്ത്രം, ഉറപ്പായ ഒരു വിജയം തട്ടിത്തെറിപ്പിക്കാൻ മാത്രമല്ല, മുഖ്യമന്ത്രിക്കസേര കൂടി ലക്ഷ്യം വച്ചാണെന്ന് ഗ്രൂപ്പിൽ അടക്കം പറച്ചിലുമുണ്ട്. മുഖ്യമന്ത്രിയായല്ലാതെ ഉമ്മൻചാണ്ടിയെ കാണാനാകാത്തവരാണ് പുതുപ്പള്ളിയിലെ കോൺഗ്രസുകാർ.

1957 മുതലുള്ള മണ്ഡലത്തിന്റെ ചരിത്രത്തിൽ മൂന്ന് എം.എൽ.എമാരെ മാത്രമേ പുതുപ്പള്ളിക്കാർ നിയമസഭയിലേക്ക് അയച്ചിട്ടുള്ളൂ. 1957, 1962 വർഷങ്ങളിൽ കോൺഗ്രസിലെ പി.സി. ചെറിയാനാണ് ജയിച്ചത്. 1965ലും 1967ലും സി.പി.എമ്മിലെ ഇ.എം. ജോർജ്. 1970ൽ 27 വയസ്സുള്ള യൂത്ത് കോൺഗ്രസുകാരനായി കുഞ്ഞൂഞ്ഞ് എത്തി. ജോർജിനെ 7288 വോട്ടിനാണ് തോൽപ്പിച്ചത്. അരനൂറ്റാണ്ടിനിടയിലെ ഉമ്മൻചാണ്ടിയുടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും ഇതായിരുന്നു.

പിന്നെ തിരിഞ്ഞുനോക്കിയില്ല, അരനൂറ്റാണ്ടിനിടെ ഒരിക്കൽ പോലും തോൽവിയില്ല. 1980ൽ കോൺഗ്രസ് പിളർന്ന് രൂപീകരിച്ച ഇന്ത്യൻ നാഷനൽ കോൺഗ്രസ് (യു) സ്ഥാനാർഥിയായാണ് മൽസരിച്ചത്. എം.ആർ.ജി. പണിക്കരെ 13,659 വോട്ടിന് തോൽപ്പിച്ചു. കോൺഗ്രസ് സ്ഥാനാർഥി സി.കെ. മണിക്ക് കിട്ടിയത് 449 വോട്ട്. 1987ൽ സി.പി.എമ്മിലെ വി.എൻ. വാസവൻ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9164 ആയി കുറച്ചു. പിന്നീട് ഒരിക്കലും ഭൂരിപക്ഷം പതിനായിരത്തിൽ കുറഞ്ഞ ചരിത്രമില്ല. 1991ൽ വീണ്ടും വാസവൻ വന്നെങ്കിലും 13,811 ആയിരുന്നു ഭൂരിപക്ഷം.

ആയുധങ്ങൾ ഫലിക്കാതായപ്പോൾ സി.പി.എം പുതുപ്പള്ളിയിൽ പല പരീക്ഷണങ്ങളും നടത്തി. 2001ൽ അങ്ങനെയാണ് സാക്ഷാൽ എ.കെ.ആന്റണിയുടെ ശിഷ്യൻ ചെറിയാൻ ഫിലിപ്പ് സി.പി.എം സ്വതന്ത്രനായി ഉമ്മൻചാണ്ടിയെ നേരിട്ടത്. 12,575 ആയിരുന്നു കുഞ്ഞൂഞ്ഞിന്റെ ഭൂരിപക്ഷം. പിന്നെ, എസ്.എഫ്.ഐ നേതാവ് സിന്ധു ജോയ് എത്തി; 2006ൽ; ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 19,863. 2011ൽ വീണ്ടും ഒരു വനിത- സുജ സൂൻ ജോർജ്- എത്തിയപ്പോൾ ഭൂരിപക്ഷം റെക്കോർഡിട്ടു; 33,255.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

സോളാർ കേസുമായും മറ്റും ബന്ധപ്പെട്ട് രാഷ്ട്രീയമായും വ്യക്തിപരമായും ഏറെ ആരോപണങ്ങൾ നേരിട്ടിരുന്ന പ്രതിസന്ധികാലത്താണ് ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ പുതുപ്പള്ളി സ്വീകരിച്ചത്.

2016ൽ എസ്.എഫ്.ഐ നേതാവ് ജെയ്ക് സി. തോമസ്- ഭൂരിപക്ഷം അൽപം കുറഞ്ഞു; 27,092. പതിവുപോലെ ഇത്തവണ ‘ഈസി വാക്കോവറി'ന് ഉമ്മൻചാണ്ടിയെ വിടില്ലെന്നുറപ്പിച്ചാണ് സി.പി.എം പുതുപ്പള്ളി തന്ത്രം മെനയുന്നത്. ഇത്തവണയും, മണ്ഡലത്തിലുള്ള ജെയ്ക് തന്നെയായിരിക്കും സ്ഥാനാർഥിയെന്നാണ്​ സൂചന. കഴിഞ്ഞ തവണ തോറ്റെങ്കിലും ജെയ്ക് പുതുപ്പള്ളി വിട്ടുപോയില്ല. മണ്ഡലത്തിൽ ഓടിനടക്കുകയായിരുന്നു, തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നിൽനിന്ന് നയിച്ചു. അതിന് ഫലമുണ്ടായെന്ന് സി.പി.എം വിലയിരുത്തുന്നു.

നിയമസഭാ സാമാജികത്വത്തിന്റെ സുവർണജൂബിലി വർഷത്തിൽ ഉമ്മൻചാണ്ടിക്ക് നല്ലൊരു ഉപഹാരം നൽകാൻ സി.പി.എമ്മിന് കഴിഞ്ഞു: ഉമ്മൻചാണ്ടി താമസിക്കുന്ന വാർഡ് അടക്കമുള്ള പുതുപ്പള്ളി പഞ്ചായത്തിൽ കാൽനൂറ്റാണ്ടിനുശേഷം എൽ.ഡി.എഫ് ഭരണത്തിലെത്തി. 18 സീറ്റിൽ രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ ഒമ്പത് സീറ്റ്. ഉമ്മൻചാണ്ടിയുടെ വാർഡിൽ അടക്കം യു.ഡി.എഫ് പിന്നിലായി, ഏഴ് സീറ്റാണ് യു.ഡി.എഫിന് ലഭിച്ചത്. രണ്ടെണ്ണം ബി.ജെ.പിക്കും.

ഉമ്മൻചാണ്ടി നേരിട്ടുതന്നെ മേൽനോട്ടം വഹിക്കുന്ന തെരഞ്ഞെടുപ്പിലാണ് ഈ അട്ടിമറി നടന്നത്. മണ്ഡലത്തിൽ ഉറച്ച കോട്ടകളായിരുന്ന മറ്റു പഞ്ചായത്തുകളിലും യു.ഡി.എഫ് തോറ്റു. എട്ടിൽ ആറ് പഞ്ചായത്തുകളിലും എൽ.ഡി.എഫിനായിരുന്നു ജയം. മീനടം, അയർക്കുന്നം പഞ്ചായത്തുകൾ മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. അകലക്കുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, വാകത്താനം പഞ്ചായത്തുകളും എൽ.ഡി.എഫ് നേടി. ജോസ് കെ. മാണിയുടെ മുന്നണി മാറ്റം, കോൺഗ്രസിലെ പടലപ്പിണക്കം, സാമുദായിക അടിയൊഴുക്കുകൾ എന്നിവയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം.

ഈ അട്ടിമറി, മണ്ഡലത്തിൽ സുപരിചിതനായ ജെയ്കിലൂടെ നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിനെതിരെ കോൺഗ്രസിൽ തന്നെയുള്ള മുറുമുറുപ്പ് പുതുപ്പള്ളിയിലും പ്രതിഫലിക്കുമെന്ന 'പ്രത്യാശ'യും സി.പി.എമ്മിനുണ്ട്.

എന്നാൽ, അപകടങ്ങൾ മണക്കാനുള്ള മൂക്ക് പ്രത്യേകമായി തന്നെ കുഞ്ഞൂഞ്ഞിനുണ്ട്. അതുകൊണ്ടുതന്നെയാണ്, എല്ലാ പഴുതുകളുമടക്കാൻ അതിവേഗം പ്രചാരണത്തിനിറങ്ങിയത്.

കോട്ടയം താലൂക്കിലെ അകലക്കുന്നം, അയർക്കുന്നം, കൂരോപ്പട, മണർകാട്, മീനടം, പാമ്പാടി, പുതുപ്പള്ളി എന്നീ പഞ്ചായത്തുകളും ചങ്ങനാശ്ശേരി താലൂക്കിലെ വാകത്താനും പഞ്ചായത്തും ചേർന്ന മണ്ഡലമാണ് പുതുപ്പള്ളി.


Comments