കുഞ്ഞാലിയെ വീഴ്ത്തിയ തോക്കുകളെ വാഴിക്കുന്ന സിപിഎം

നിലമ്പൂർ എംഎൽഎ പിവി അൻവറിന് വ്യത്യസ്ത കാരണങ്ങൾ കൊണ്ട് കൃത്യമായി സഭയിൽ ഹാജരാകാനോ മണ്ഡലത്തിൽ പൂർണ്ണമായും സാന്നിധ്യമറിയിക്കാനോ സാധിക്കാറില്ല. ഈ കുറവ് മറികടക്കാൻ അദ്ദേഹം ആശ്രയിച്ചു പോരുന്നത് സമൂഹ മാധ്യമങ്ങളെയാണ്. സിപിഎം അണികളുടെ കൈയ്യടി കിട്ടാൻ സാധ്യതയുള്ള വിഷയങ്ങൾ തപ്പിടെയുത്ത് സ്വയം നായകവേഷം എടുത്തണിഞ്ഞ് യുദ്ധത്തിന്റെ വാങ്മയചിത്രങ്ങൾ ഫെയ്സ്ബുക്കിൽ തീർക്കുന്നത് പതിവു പരിപാടിയാണ്. മഞ്ചേരി മജീദും, മലപ്പുറം മൊയ്തീനും, ചുരുളി പരമുവുമൊക്കെയായി കുറിമാനങ്ങളിലൂടെ അദ്ദേഹം മാറി മാറി കത്തിവേഷമണിയാറുണ്ട്.

രാഷ്ട്രീയ ശരികളുടെ 'സ്കഡു'കളെ ലൈക്കുകളുടെ 'പാട്രിയറ്റ്' കൊണ്ട് നിർവീര്യമാക്കുന്ന ഒരു കാലത്ത് ചോദ്യങ്ങൾ അപ്രസക്തമാണ്. അച്ചടക്കത്തിന്റെയും, പെരുമാറ്റ രീതികളുടെയും കമ്മ്യൂണിസ്റ്റ് ശൈലികൾ പാർട്ടി അണികളുടെ ആരവത്തിലൂടെ ഒരു സിപിഎം സ്വതന്ത്ര എംഎൽഎ കാറ്റിൽ പറത്തുന്നത് കൗതുകകരമാണ്. സി പി എമ്മിന്റെ സംഘടന രീതികളും ചട്ടക്കൂടും പലരും മാതൃകയായി എടുത്തു കാട്ടാറുണ്ട്. വേരോടാനും, ആഴ്ത്താനും ഇവ വലിയ സഹായമാണ് നൽകിയിട്ടുള്ളത്. പുതിയ കാലത്ത് സിപിഎം ജന്മം നൽകിയ 'ബാഗ്പൈപ്പർ' മാർ അണികളെ ആനയിക്കുമ്പോൾ പല വേലികളും പൊളിയുന്നു.

കെ. കുഞ്ഞാലി
കെ. കുഞ്ഞാലി

അധസ്ഥിതരുടെയും, പിന്നോക്ക ജനതയുടെയും സാമൂഹ്യ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയും, സമരത്തിലേർപ്പെട്ടുമാണ് കേരളത്തിലെ എല്ലാ മുഖ്യധാര പാർട്ടികളും ശക്തി നേടിയത്. പരിഷ്കർത്താക്കളും, വിമോചന പ്രസ്ഥാനങ്ങളും തീർത്ത അനുകൂല പൊതുബോധമാണ് രാഷ്ട്രീയ പാർട്ടികൾക്ക് ധൈര്യം പകർന്നത്. ഉച്ചനീചത്വങ്ങളും, വിവേചനവും ചർച്ചക്കെടുക്കുമ്പോൾ പലപ്പോഴും അത് ഹിന്ദു സമുദായത്തിൽ തുടങ്ങി അവിടം കൊണ്ട് അവസാനിക്കുന്ന പതിവുണ്ട്. മുസ്ലിം ജനസാമാന്യത്തിനിടയിൽ നില നിന്ന ഫ്യൂഡൽ- കീഴാള വേർതിരിവുകളും അവ തീർത്ത രാഷ്ട്രീയ സാധ്യതകളും പലപ്പോഴും ചർച്ചയാകാറില്ല. ചൂഷണ മുക്തി ആഗ്രഹിച്ച ദരിദ്ര മുസ്ലിമിന്റെ രാഷ്ട്രീയ പ്രതീകമാകുന്നതിൽ കോൺഗ്രസും, ലീഗും, സിപിഎമ്മും വ്യത്യസ്ത അളവുകളിൽ വിവിധ കാലങ്ങളിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്. എന്നാലും മതവിശ്വാസം എന്ന പ്രതിബന്ധത്തിനു മുന്നിൽ സിപിഎമ്മിനു അതു ദുഷ്ക്കര ദൗത്യമായിരുന്നു. അതുകൊണ്ടു തന്നെ കെ.കുഞ്ഞാലി മുതൽ ഇകെ ഇമ്പിച്ചിബാവ വരെയുള്ള നേതാക്കളുടെ അത്യധ്വാനം അതിൽ അനിതരസാധാരണമാണ്. അവർ ആരെയാണോ എതിരിട്ടത്, ആ സ്വത്വത്തിന്റെ പ്രതിനിധികളായ അൻവർമാരും, അബ്ദുറഹ്മാൻമാരും ഏറനാട്ടിലെയും, വള്ളുവനാട്ടെയും, പൊന്നാനിയിലെയും സിപിഎം അണികളുടെ ചിന്താസരണികൾക്ക് പുതിയ ചാലു കീറുമ്പോൾ മുഴങ്ങുന്ന മൗനം വലിയൊരു വിരോധാഭാസമാണ്.

കീഴാള മുസ്ലിം രാഷ്ട്രീയ ചരിത്രം

മലബാറിലെ കീഴാള മുസ്ലിമിന്റെ രാഷ്ട്രീയ സാധ്യത ആദ്യം തിരിച്ചറിഞ്ഞത് മുഹമ്മദ് അബ്ദുറഹ്മാനും കോൺഗ്രസുമായിരുന്നു. സത്താർ സേട്ടു, ബി.പോക്കർ, ഉപ്പി, മമ്പുറം കെ.എസ്. ആറ്റകോയതങ്ങൾ, സെയ്ദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ തുടങ്ങിയ സർവ്വേന്ത്യാ ലീഗിലെ വരേണ്യരുമായി അബ്ദുറഹ്മാൻ നിരന്തരം ഏറ്റുമുട്ടി. മുസ്ലിം മത- രാഷ്ട്രീയ നേതൃനിര ഒന്നടങ്കം എതിർഭാഗത്തും അബ്ദുറഹ്മാൻ തനിച്ചും എന്ന മട്ടിൽ മുന്നോട്ടു പോവും വിധം അഭൂതപൂർവ്വമായ ജന പിന്തുണ അദ്ദേഹം സമാഹരിച്ചിരുന്നു. 1945ൽ അകാലത്തിൽ ആ താരകം പൊലിഞ്ഞു. ഇരുപത് വർഷമെങ്കിലും അധികം അബ്ദുറഹ്മാൻ ജീവിച്ചിരുന്നുവെങ്കിൽ മലബാറിന്റെ രാഷ്ട്രീയം ഇന്നു കാണുന്ന രീതിയിലാകുമായിരുന്നില്ല.

കെ.ടി ജലീല്‍
കെ.ടി ജലീല്‍

വിഭജനാനന്തരം 1948 ൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകൃതമായി. വരേണ്യ പ്രതിഛായ ജനകീയത നൽകില്ല എന്ന് ലീഗ് മനസ്സിലാക്കിയിരിക്കണം. നാട്ടിൻപുറത്തെ മുസ്ലിയാരുടെ മകനായ സിഎച്ച് മുഹമ്മദ് കോയ സാവധാനം മുസ്ലിംലീഗിന്റെ അനിഷേധ്യ മുഖമായി മാറി. ബാഫഖി തങ്ങളുടെ നിർലോപമായ പിന്തുണ ലഭിച്ചു. വെള്ളം കോരികളിലേക്കും, വിറകു വെട്ടികളിലേക്കും ലീഗും, സിഎച്ചും ഇറങ്ങിച്ചെന്നു. മുസ്ലിംലീഗ് പോലുമറിയാതെ കൈവണ്ടി ലീഗ് എന്ന് എതിരാളികൾ പരിഹസിക്കുന്നതിലേക്ക് ലീഗിന്റെ മുഖം മാറി. മുസ്ലിം സമുദായ പ്രാതിനിധ്യ വിഷയത്തിൽ മുസ്ലീം ലീഗിന് അക്കാലത്ത് ഒരു മത്സരം പോലും എവിടെ നിന്നും നേരിടേണ്ടി വന്നില്ല.

ബീഡി തൊഴിലാളികളെയും, ചുമട്ടുകാരെയും, തോട്ടം തൊഴിലാളികളെയും സംഘടിപ്പിച്ച് കുഞ്ഞാലിയും, ഇമ്പിച്ചിബാവയും തെക്കൻ മലബാറിൽ നടത്തിയ മുന്നേറ്റം കല്ലും മുള്ളും നിറഞ്ഞ വഴികൾ പിന്നിട്ടായിരുന്നു. തോട്ടമുടമകളുടെയും, മാനേജർമാരുടെയും നെറികേടുകളെ കുഞ്ഞാലി നേരിട്ടത് കയ്യൂക്കു കൊണ്ടായിരുന്നു. കുടിയാൻമാർക്കു വേണ്ടി ജന്മിമാരെ നേരിട്ടും ഭൂമി പിടിച്ചെടുത്തും ഏറനാട്ടിൽ കുഞ്ഞാലി ഓളങ്ങൾ തീർത്തു. ഏറനാട് - വള്ളുവനാട് - പൊന്നാനി താലൂക്കുകളിലെ അരിക്കുവൽക്കരിക്കപ്പെട്ട മുസ്ലിം കുടുംബങ്ങളിൽ മതം തീർത്ത പ്രതിരോധം മറികടന്ന് സിപിഎം കടന്നു കയറിയതിനു പിന്നിൽ ഇരു നേതാക്കളുടെയും അത്യധ്വാനം നിർണായകമായിരുന്നു. 1965ൽ ഒരു മണിക്കൂർ പോലും പ്രചരണത്തിനിറങ്ങാതെ ജയിലിലുള്ള കുഞ്ഞാലിയെ നിലമ്പൂർ ജയിപ്പിച്ചത് സ്മരണീയമാണ്.

ഇമ്പിച്ചിബാവ
ഇമ്പിച്ചിബാവ

ഭൂമിയുമായി ബന്ധപ്പെട്ട സമരങ്ങൾ, ചരിത്രം പരിശോധിച്ചാൽ സി പി എമ്മിന്റെ ദൗർബല്യമാണെന്ന് കാണാം. അമരാവതിയിലും, ചുരുളി - കീരിത്തോടിലും , കവിയൂരുമൊക്കെ എകെജി നേരിട്ടിടപെട്ടത് വലിയ രാഷ്ട്രീയ നേട്ടത്തിനുള്ള വഴികൾ തുറന്നിരുന്നു. 1972 മെയ് 25ന് മുടവൻമുകളിൽ തിരുവിതാംകൂർ കൊട്ടാരം വക 700 ഏക്കർ കയ്യേറിയ എകെജിയുടെ സമരത്തിന് സംസ്ഥാനം മുഴുവൻ അനുരണനങ്ങൾ ഉണ്ടായി. ഇകെ ഇമ്പിച്ചിബാവയുടെ നേതൃത്വത്തിൽ നിലമ്പൂർ ചുങ്കത്തറയിലെ ഇടമല പ്ലാന്റേഷൻ കയ്യടക്കിയാണ് മലപ്പുറത്ത് സമരം നടന്നത്. നിലമ്പൂർ കോവിലകം പാട്ടത്തിനു നൽകിയ ഭൂമിയായിരുന്നുവത്. എന്നാൽ ഭൂപരിഷ്ക്കരണ നിയമം വന്ന് അര നൂറ്റാണ്ടു പിന്നിട്ട ഒരു കാലത്ത് തങ്ങൾ നിലമ്പൂരിൽ നിന്ന് ജയിപ്പിച്ചു വിട്ട എംഎൽഎയുടെ മിച്ചഭൂമി പിടിച്ചെടുക്കാൻ അമാന്തം കാട്ടിയതിന് സിപിഎം സർക്കാർ കോടതിയുടെ മുന്നിൽ തലതാഴ്ത്തി നിൽക്കുകയാണ്. എകെജി മുതൽ നിലമ്പൂരിന്റെ വിപ്ലവ വീര്യത്തെ ജ്വലിപ്പിച്ച സഖാവ് കുഞ്ഞാലി മുതൽ ഇമ്പിച്ചിബാവ വരെയുള്ളവരുടെ ആത്മാക്കൾ വ്രണിതരാവുമെന്ന കാര്യത്തിൽ ആർക്കാണ് തർക്കമുണ്ടാവുക !

നാമനിർദേശത്തിനൊപ്പം അൻവർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് 220 ഏക്കർ ഭൂമിയുടെ പരാമർശമുള്ളത്. സംസ്ഥാന ലാന്റ് ബോർഡിന്റെ നിർദ്ദേശാനുസരണം താമരശ്ശേരി താലൂക്ക് ലാന്റ് ബോർഡ് ചെയർമാൻ എൻ.കെ. അബ്രഹാം 2017 ൽ അന്വേഷിച്ചു ലാന്റ് സീലിംഗ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. നടപടികളിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് 2020 മാർച്ചിലും, 2022 ജനുവരിയിലും കോടതിക്കു മുമ്പാകെ പരുങ്ങിയ സർക്കാറിന്റെ മുഖത്ത് കനത്ത പ്രഹരമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഏൽപ്പിച്ചത്. 2017നു ശേഷം താമരശ്ശേരി താലൂക്ക് ലാൻറ് ബോർഡ് ചെയർമാൻ സ്ഥാനത്ത് 17 പേരെ മാറ്റി മാറ്റി പ്രതിഷ്ഠിച്ചത് റവന്യൂ വകുപ്പാണ്. അൻവറിനെതിരെ പതിവായി രോഷം കൊള്ളാറുള്ള സിപിഐ യുടെ ഉദ്ദേശ ശുദ്ധിയെയും ഇത് സംശയത്തിലാക്കുന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടി പരീക്ഷിച്ച സ്വതന്ത്ര വേഷങ്ങൾ എ.ആർ. മേനോൻ, വി.ആർ കൃഷ്ണയ്യർ, ജോസഫ് മുണ്ടശ്ശേരി എന്നിവരിൽ നിന്ന് വി.അബ്ദുറഹ്മാനിലും, പിവി അൻവറിലും, കെടി ജലീലിലുമെത്തി നിൽക്കുകയാണ്. കമ്മ്യൂണിസ്റ്റ് മൂല്യങ്ങളൊന്നും പ്രതീക്ഷിക്കുക വയ്യെങ്കിലും ഒരു ജനപ്രതിനിധിയും, പൊതുപ്രവർത്തകനും പുലർത്തേണ്ട സഭ്യതയും, ഭവ്യതയും ഇവരിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്നുണ്ട്. ഉത്തരവാദിത്തം നിറവേറ്റാൻ സിപിഎം വൈകുന്ന ഓരോ നിമിഷവും വലിയ വിനകളാണ് വരുത്തുന്നത്. അൽപ്പം ക്ലേശിച്ചായാലും പൊതു സമൂഹം അതിനെ മറികടക്കും. പക്ഷെ കുടത്തിൽ നിന്ന് ചാടിയ ഭൂതങ്ങൾ സി പി എമ്മിനെ വേട്ടയാടുക തന്നെ ചെയ്യും.സഖാവ് കുഞ്ഞാലിയുടെയും, ഇമ്പിച്ചിബാവയുടെയും ഓർമ്മകളോടെങ്കിലും ഇവർ നീതി പുലർത്തേണ്ടതുണ്ട്.

Comments