സി.പി. ജോൺ

എം.വി. രാഘവൻ ശരിയായിരുന്നു,
ഇ.എം.എസ് തെറ്റായിരുന്നു

എന്ന്​ സി.പി.എം പറയുമോ?

ബി.ജെ.പിയെ തോൽപ്പിക്കലാണ് എങ്കിൽ, ഹർകിഷൻസിങ് സുർജിത്തും ജ്യോതിബസുവും സോണിയാഗാന്ധിയുടെ നേതൃത്വത്തിലുണ്ടാക്കിയ യു.പി.എ സഖ്യം പുനരുജ്ജീവിപ്പിക്കുകയല്ലേ വേണ്ടത്? 2008ൽ യു.പി.എയെ തള്ളിപ്പറഞ്ഞ നിലപാട് മാറ്റുമോ? അതാണ് ഇപ്പോഴത്തെ ചോദ്യം.

കെ. കണ്ണൻ: മുസ്‌ലിം ലീഗ് വർഗീയ കക്ഷിയല്ല എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ചർച്ച ചെയ്യപ്പെടുകയാണല്ലോ.
1985ൽ എറണാകുളത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിലാണ് എം.വി.ആറിന്റെ നേതൃത്വത്തിൽ ഇ.എം.എസിന്റെ നിലപാടിനെതിരായ ഒരു വിയോജനക്കുറിപ്പ്, ബദൽരേഖ എന്ന പേരിൽ അവതരിപ്പിച്ചത്. ഭൂരിപക്ഷ വർഗീയത പോലെ തന്നെ ന്യൂനപക്ഷ വർഗീയതയും എതിർക്കപ്പെടേണ്ടതാണ് എന്നൊരു വാദമാണ് ഇ.എം.എസ് മുന്നോട്ടുവച്ചത്. എൽ.ഡി.എഫ് അഖിലേന്ത്യ മുസ്‌ലിംലീഗിനെ കൂട്ടുപിടിച്ചതുകൊണ്ടാണ് 1984ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർഥിയെ മൂന്നാം സ്ഥാനത്തേക്കുതള്ളി ഹിന്ദു മുന്നണി സ്ഥാനാർഥി രണ്ടാം സ്ഥാനത്തെത്തിയതും 19.80 ശതമാനം വോട്ടു നേടിയതും എന്ന ഉദാഹരണം, ഈ വാദത്തിന് അടിസ്ഥാനമായി ഇ.എം.എസ് അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ, ന്യൂനപക്ഷ സംഘടനകളുമായി സഹകരിക്കുന്നതുകൊണ്ടാണ് ഭൂരിപക്ഷ വർഗീയത ശക്തിപ്പെടുന്നത് എന്ന വാദം ഇടതുപക്ഷ സമീപനത്തിന് എതിരാണ് എന്നാണ് എം.വി.ആർ അന്ന് വാദിച്ചത്. എം.വി. രാഘവൻ അവതരിപ്പിച്ച ബദൽ രേഖ സി.പി.എമ്മിനെ സംബന്ധിച്ച് ഇപ്പോഴും പാർട്ടിവിരുദ്ധ രേഖ തന്നെയാണ്. ആ നിലപാടുള്ളപ്പോൾ തന്നെയാണ് ജോസ് കെ. മാണി എൽ.ഡി.എഫ് ഘടകകക്ഷിയായി ഇരിക്കുന്നതും മുസ്‌ലിംലീഗ് വർഗീയ കക്ഷിയല്ല എന്ന് പാർട്ടി സെക്രട്ടറി തന്നെ നിലപാട് പ്രഖ്യാപിക്കുന്നതും. സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാടിലുള്ള ഈ മാറ്റം, ബദൽ രേഖയുടെ സത്ത ഉൾക്കൊള്ളുന്നു എന്ന നിലയിൽ സ്വാഗതാർഹമല്ലേ?

സി.പി. ജോൺ: ന്യൂനപക്ഷ- മത വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പാർട്ടികളുടെ സാന്നിധ്യവും അവരുമായുള്ള സഹകരണവും ഭൂരിപക്ഷ വർഗീയതയെ ശക്തിപ്പെടുത്തും എന്ന ആർഗ്യുമെന്റാണ് അന്ന് സി.പി.എം മുന്നോട്ടുവച്ചത്.
ഇതൊരു മാറ്റമാണെങ്കിൽ അത് പാർട്ടി കോൺഗ്രസിലല്ലേ പറയേണ്ടിയിരുന്നത്, പ്രസ്താവന ഇറക്കുകയല്ലല്ലോ വേണ്ടത്. ഇത് ഒരു മധുരം തേക്കലാണ്. ഇപ്പോഴത്തെ കോൺടെക്‌സ്റ്റ് 2024ലെ തെരഞ്ഞെടുപ്പാണ്. അതിൽ ജയിക്കാൻ വേണ്ടി മധുരം തേക്കുകയാണ്, അല്ലാതെ നയം തിരുത്തുകയല്ല ഈ പ്രസ്​താവനയിലൂടെ ചെയ്യുന്നത്​. കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിലായിരുന്നു ഈയൊരു തിരുത്തൽ എങ്കിൽ അത്​ സ്വാഗതാർഹമായിരുന്നേനെ. കപടപ്രണയം കൊണ്ട് കാര്യമില്ല.

ഇ.എം.എസ്., എം.വി. രാഘവൻ, എം.വി. ഗോവിന്ദൻ
ഇ.എം.എസ്., എം.വി. രാഘവൻ, എം.വി. ഗോവിന്ദൻ

സി.പി.എമ്മിന്റെ മാൻഡേറ്റ് നഷ്ടമായതുകൊണ്ടാണ് അവർക്ക് ഈയൊരു മധുരം പുരട്ടലിലേക്ക് എത്തേണ്ടിവന്നത്. തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും അവർക്ക് ഭൂരിപക്ഷമില്ല. കോൺഗ്രസിന്റെ ജോഡോ യാത്ര വലിയ വിജയമായി. നിസ്സാരമായി തടയാം എന്നു കരുതിയിരുന്ന കെ- റെയിൽ വിരുദ്ധ സമരത്തിനുമുന്നിൽ അവർ പൊളിഞ്ഞുപോയി. രണ്ടാം പിണറായി സർക്കാർ വന്നതോടെ ഇനി മൂന്നും നാലും സർക്കാറുകൾക്ക് വിഷമമില്ല എന്ന മട്ടിലാണല്ലോ കെ- റെയിൽ അടക്കമുള്ളവ കൊണ്ടുവന്നത്. എന്നാൽ, കേരള രാഷ്ട്രീയത്തിൽ ‘കൗണ്ടിങ് ദ ഹെഡ്‌സ്' നോക്കിയാൽ പോലും അവർ പുറകോട്ടുപോയില്ലേ?

അന്ന് കോൺഗ്രസിനെ തോൽപ്പിക്കാനാണ് സഹായം വേണ്ടിയിരുന്നത് എങ്കിൽ കോൺഗ്രസ് അടക്കം ചേർന്നുകൊണ്ട് ബി.ജെ.പിയെ തോൽപ്പിക്കുക എന്നതാണ് കറൻറ്​ പൊളിറ്റിക്‌സ്. അതിൽ, ലീഗ്- സി.പി.എം ഐക്യമുണ്ടായതുകൊണ്ട് എന്താണ് കാര്യം?.

ഇത് നയപരമായ തീരുമാനമല്ല, ഒരുതരം ഇക്കിളികളാണ്. അതിനെ ചിലർ എതിർക്കും, ചിലർ അനുകൂലിക്കും, അങ്ങനെ ആശയക്കുഴപ്പമുണ്ടാകും. അത് ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് പറ്റിയ പണിയല്ല. അല്ലെങ്കിൽ അവർ പറയണമായിരുന്നു, എം.വി. രാഘവൻ ശരിയായിരുന്നു, ഇ.എം.എസ് തെറ്റായിരുന്നു എന്ന്​. അങ്ങനെ പറഞ്ഞിരുന്നുവെങ്കിൽ അംഗീകരിക്കാനാകുമായിരുന്നു. ബദൽ രേഖയും സി.എം.പിയും നിസ്സാര വേദനയല്ലല്ലോ സി.പി.എമ്മിനുണ്ടാക്കിയത്.
വി.എസ്. അച്യുതാനന്ദൻ ഈയൊരു കാര്യത്തിൽ സത്യസന്ധനായിരുന്നു. ഒന്നുകിൽ എം.വി. രാഘവൻ ശരിയാണ് എന്നു പറയണം, അല്ലെങ്കിൽ നയം ഇടക്കിടക്ക് മാറ്റരുത് എന്നായിരുന്നു അച്യുതാനന്ദന്റെ സമീപനം.

മുസ്‌ലിം ലീഗിനെ കേരളത്തിലെ എൽ.ഡി.എഫിലേക്ക് ക്ഷണിക്കുകയല്ല ചെയ്തത് എന്ന്, തന്റെ പ്രസ്താവനയെ മുൻനിർത്തി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. ലീഗ് സമീപകാലത്ത് സ്വീകരിച്ച നിലപാടുകൾ മതനിരപേക്ഷ ഉള്ളടക്കമുള്ളതായതുകൊണ്ട് അതിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. വർഗീയതക്കെതിരെ ദേശീയതലത്തിൽ രൂപപ്പെടേണ്ട, മുഴുവൻ ജനാധിപത്യ- മതനിരപേക്ഷ ശക്തികളും അടങ്ങുന്ന അതിവിപുലമായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഒരു പങ്കാളി എന്ന നിലയ്ക്കാണ് ലീഗിനെക്കുറിച്ചുള്ള സൂചനയെ എം.വി. ഗോവിന്ദൻ വിശദീകരിക്കുന്നത്. അതൊരു രാഷ്ട്രീയ കൂട്ടുകെട്ടല്ല, പൊതുപ്രസ്ഥാനമാണ് എന്നും അദ്ദേഹം പറയുന്നുണ്ട്. മർദ്ദിതാവസ്ഥയിലുള്ള ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയത്തെ അഭിമുഖീകരിക്കുന്നതിൽ സി.പി.എമ്മിനുള്ള സൈദ്ധാന്തികമായ നിലപാടില്ലായ്മയല്ലേ, ആശയക്കുഴപ്പം നിറഞ്ഞ ഈ വിശദീകരണത്തിലുള്ളത്?

സി.പി.എമ്മും ലീഗും കൂടിയാൽ, ദേശീയതലത്തിൽ ബി.ജെ.പിയെ തോൽപ്പിക്കാനാകുമോ? അതിന് കോൺഗ്രസ് ഇല്ലേ? ബദൽരേഖ അവതരിപ്പിച്ച രാഷ്ട്രീയ കാലഘട്ടം മാറി. അതിന്റെ അടിസ്ഥാന കാരണം മാറിയിട്ടില്ല. ഭൂരിപക്ഷ വർഗീയതയുടെ കാരണം ഫിനാൻസ് മൂലധനമാണ്, കുത്തക മുതലാളിത്തമാണ്. ആ കുത്തക മുതലാളിത്തത്തിന്റെയും അവരുടെ ഏജന്റുമാരുടെയും ഭരണകൂടം പിടിച്ചെടുക്കാനുള്ള തന്ത്രമാണ് ഭൂരിപക്ഷ വർഗീയത എന്ന രാഷ്ട്രീയം. ഈയൊരു അടിസ്ഥാന കാരണം നിലനിൽക്കുമ്പോൾ തന്നെ, രണ്ടു സീറ്റുണ്ടായിരുന്ന ബി.ജെ.പി ഇന്ന് ഇന്ത്യ ഭരിക്കുകയാണ്. മൂന്നാമൂഴത്തിന് കാത്തുനിൽക്കുകയുമാണ്. അന്ന് കോൺഗ്രസിനെ തോൽപ്പിക്കാനാണ് സഹായം വേണ്ടിയിരുന്നത് എങ്കിൽ കോൺഗ്രസ് അടക്കം ചേർന്നുകൊണ്ട് ബി.ജെ.പിയെ തോൽപ്പിക്കുക എന്നതാണ് കറൻറ്​ പൊളിറ്റിക്‌സ്. അതിൽ, ലീഗ്- സി.പി.എം ഐക്യമുണ്ടായതുകൊണ്ട് എന്താണ് കാര്യം?. ഇവിടെ എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയെ തോൽപ്പിക്കാൻ റെഡിയാണല്ലോ. 20 സീറ്റ് സി.പി.എമ്മിന് കിട്ടുന്നതിനേക്കാൾ നല്ലത് 20 സീറ്റ് കോൺഗ്രസിന് കിട്ടുന്നതല്ലേ, അങ്ങനെ വിട്ടുകൊടുക്കേണ്ടകാര്യം അവർക്കില്ല എങ്കിലും.

ജ്യോതി ബസു, സോണിയ ഗാന്ധി, മൻമോഹൻ സിംഗ്, സീതാറാം യെച്ചൂരി, ഹർകിഷൻ സിംഗ് സുർജിത്ത്
ജ്യോതി ബസു, സോണിയ ഗാന്ധി, മൻമോഹൻ സിംഗ്, സീതാറാം യെച്ചൂരി, ഹർകിഷൻ സിംഗ് സുർജിത്ത്

ഇന്ത്യയിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ ലീഗിനെയല്ല കൂട്ടേണ്ടത്, കോൺഗ്രസിനെയാണ്. ലീഗിനെ കൂട്ടേണ്ട എന്നല്ല. തമിഴ്‌നാട്ടിൽ ഡി.എം.കെ ഉണ്ടാക്കിയ മുന്നണിയിലെ ഘടകകക്ഷികളാണ് കോൺഗ്രസും സി.പി.എമ്മും ലീഗും. ഇവിടുത്തെ പ്രശ്‌നം ബി.ജെ.പിയെ തോൽപ്പിക്കലാണ് എങ്കിൽ,
ഹർകിഷൻസിങ് സുർജിത്തും ജ്യോതിബസുവും സോണിയാഗാന്ധിയുടെ നേതൃത്വത്തിലുണ്ടാക്കിയ യു.പി.എ സഖ്യം പുനരുജ്ജീവിപ്പിക്കുകയല്ലേ വേണ്ടത്? 2008ൽ യു.പി.എയെ തള്ളിപ്പറഞ്ഞ നിലപാട് മാറ്റുമോ? അതാണ് ഇപ്പോഴത്തെ ചോദ്യം. ▮


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

സി.പി. ജോൺ

സി.എം.പി. ജനറൽ സെക്രട്ടറി. മാർക്‌സിന്റെ മൂലധനം: ഒരു വിശദവായന, കോവിഡ് 19: മനുഷ്യനും രാഷ്ട്രീയവും, റോസ ലക്‌സംബർഗ്: ജീവിതം, ദർശനം, Spectrum of Polity- View of an Indian Politician എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments