സി.ആർ. നീലകണ്ഠൻ

എൽ.ഡി.എഫ്. ശൈലിയിൽ യു.ഡി.എഫ്
​പ്രവർത്തിച്ച്​ ജയിച്ച തൃക്കാക്കര

ഒരുപക്ഷെ ഇത്ര നന്നായി യു.ഡി.എഫ്. പ്രവർത്തിച്ച മറ്റൊരു തെരഞ്ഞെടുപ്പ് ഞാൻ കണ്ടിട്ടില്ല. എൽ.ഡി.എഫിനൊപ്പം തന്നെയായിരുന്നു യു.ഡി.എഫ്. എൽ.ഡി.എഫ്. ശൈലിയിൽ യു.ഡി.എഫ്. പ്രവർത്തിക്കുക എന്നൊക്കെ പറയുന്നതുപോലെ.

മനില സി. മോഹൻ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം വന്നു, വൻ ഭൂരിപക്ഷത്തോടുകൂടി യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഉമ തോമസ് വിജയിച്ചു. തൃക്കാക്കരയിലെ വോട്ടർ എന്ന നിലയിലും മണ്ഡലത്തെ വളരെക്കാലമായി അടുത്തറിയുന്ന ആളെന്ന നിലയിലും തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച ഘടകങ്ങളെ എങ്ങിനെയാണ് വിലയിരുത്തുന്നത്?

സി.ആർ. നീലകണ്ഠൻ: തൃക്കാക്കര യു.ഡി.എഫിന്റെ ശക്തമായ മണ്ഡലമാണ്. മണ്ഡലത്തിന്റെ രാഷ്ട്രീയചരിത്രം യു.ഡി.എഫിന് അനുകൂലമാണ് എന്നതിൽ ഒരു തർക്കവുമില്ല. പക്ഷെ ആ മണ്ഡലം പിടിക്കാൻ എൽ.ഡി.എഫ്. പ്രയോഗിച്ച എല്ലാ തന്ത്രങ്ങളും, സ്ഥാനാർഥി നിർണയം മുതൽ പാളി എന്നാണ് ഞാൻ കണക്കാക്കുന്നത്. എൽ.ഡി.എഫ്. അവിടെ രാഷ്ട്രീയമായ ഒരു സ്ഥാനാർഥിയെ നിർത്തി മത്സരിപ്പിക്കേണ്ടതായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. അരുൺകുമാറിനെ സ്ഥാനാർഥിയാക്കാൻ പാർട്ടി തീരുമാനിച്ചതായിരുന്നു. ഇപ്പോൾ എന്തൊക്കെ പറഞ്ഞാലും അത് സംഭവിച്ചതാണ്. അതിനുശേഷമാണ് പുതിയ സ്ഥാനാർഥിയെ തെരഞ്ഞെടുക്കുന്നത്. അത് പരമ മണ്ടത്തരമായിപ്പോയി. 2021-ലെ തെരഞ്ഞെടുപ്പിൽ നിന്ന് യഥാർഥത്തിൽ ഇവർ പഠിക്കേണ്ടതായിരുന്നു. ചാലക്കുടി മണ്ഡലത്തിൽ ഇതുപോലെ സഭയുടെ സ്ഥാനാർഥിയായി ഒരാളെ നിർത്തുകയും തൃശൂർ ജില്ലയിൽ എല്ലാ സീറ്റും ജയിച്ചപ്പോഴും മൂന്നുതവണ ജയിച്ച ചാലക്കുടി നഷ്ടപ്പെട്ടു. ആലഞ്ചേരി പോലെയുള്ള ബിഷപ്പുമാർ ഇവിടെ കളിക്കുന്ന കളികൾ ജനങ്ങൾക്ക് നന്നായറിയാം. ക്രിസ്ത്യാനികൾക്കുപോലും അറിയാം, ഇവർ എന്തിനുവേണ്ടിയാണ് പിന്തുണയ്ക്കുന്നതെന്ന്. അതല്ല എന്ന് പറഞ്ഞാലും അത് ജനങ്ങൾക്ക് ബോധ്യമുണ്ട്.

വി.ഡി. സതീശനോട് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും വേറെ പലതരത്തിലും സ്വീകാര്യനാണ്. വർഗീയതയുമായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നയാളാണ് സതീശൻ. ഒരു ഇടത് മുഖമുള്ളയാളാണ് സതീശൻ.

മറ്റൊരു കാര്യം ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന് ഇത്ര പ്രാധാന്യം കൊടുത്തത് മുഖ്യമന്ത്രിയാണ്. യഥാർഥത്തിൽ മുഖ്യമന്ത്രി ഇവിടെ വന്ന് ക്യാമ്പ് ചെയ്യാൻ തീരുമാനിക്കുന്നതോടെ യു.ഡി.എഫ് ശക്തമായി അതിനെതിരെ വന്നു. കാരണം, യു.ഡി.എഫിനെ സംബന്ധിച്ച്​ അവരുടെ ജീവൻമരണ പോരാട്ടമായിരുന്നു.
മറ്റൊന്ന്​, വികസനത്തിന്റെ പേരിൽ മുദ്രാവാക്യം വിളിക്കുകയും കെ റെയിൽ പ്രധാനമാണെന്ന് പറയുകയും കേരളം മുഴുവൻ കെ റെയിലിനെതിരെ സമരം നടക്കുകയും ചെയ്യുമ്പോൾ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടനെ കുറ്റിയിടൽ നിർത്തിയത്. അവർക്ക് തന്നെ അതിൽ സംശയമുണ്ടെന്ന് സാധാരണ ജനങ്ങൾക്ക് സംശയമുണ്ടായി.

ഉമ തോമസ് തെരഞ്ഞെടുപ്പ് പര്യടനത്തിൽ / Photo: FB, Uma Thomas

മറ്റൊരു പ്രധാന ഘടകം, കെ.വി. തോമസാണ്. കെ.വി. തോമസിനെ വേദിയിലേക്ക് കൊണ്ടുവന്നത് ഇടതുപക്ഷത്തിന്റെ പരാജയത്തിന് പ്രധാന കാരണമായി. കാരണം, കെ.വി. തോമസിന് അങ്ങനെയൊരു വോട്ടുബാങ്കൊന്നും എറണാകുളത്തില്ല. ഇവർ വിചാരിച്ചത് സഭ പിന്താങ്ങുമെന്നും ലത്തീൻ വോട്ട് കിട്ടുമെന്നുമൊക്കെയാണ്. ഒന്നും കിട്ടിയില്ല. കെ.വി. തോമസ് എപ്പോഴും ജയിച്ചിട്ടുള്ളത് യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും സഭയുടെയും വോട്ടുബാങ്കിലാണ്. കെ.വി. തോമസ് വന്നാൽ എന്തോ വലിയ തോതിലുള്ള മാറ്റം മണ്ഡലത്തിലുണ്ടാകുമെന്ന് ഇവർ തെറ്റിദ്ധരിച്ചു.

പി.സി. ജോർജ് വരികയും ഒരു ക്രിസ്ത്യൻ വികാരം ഉയരുകയും അതിന്റെ വിജയം ജോ ജോസഫിന് കിട്ടുകയും ചെയ്യുമെന്നൊക്കെയുള്ള വലിയ കണക്കുണ്ടായിരുന്നു. പക്ഷെ വോട്ടർമാർ അത് പൂർണമായും നിഷേധിച്ചു.

യു.ഡി.എഫ്​ ഏറ്റവും ശക്തമായിരുന്നു, ഈ തെരഞ്ഞെടുപ്പിൽ. ഒരുപക്ഷെ ഇത്ര നന്നായി യു.ഡി.എഫ്. പ്രവർത്തിച്ച മറ്റൊരു തെരഞ്ഞെടുപ്പ് ഞാൻ കണ്ടിട്ടില്ല. എൽ.ഡി.എഫിനൊപ്പം തന്നെയായിരുന്നു യു.ഡി.എഫ്. എൽ.ഡി.എഫ്. ശൈലിയിൽ യു.ഡി.എഫ്. പ്രവർത്തിക്കുക എന്നൊക്കെ പറയുന്നതുപോലെ. എൽ.ഡി.എഫ്. ശൈലിയിൽ യു.ഡി.എഫ്. പ്രവർത്തിക്കുകയും സാധാരണഗതിയിൽ ഉണ്ടാകുന്ന പടലപിണക്കങ്ങൾ ഇല്ലാതിരിക്കുകയുമൊക്കെ ചെയ്തു. അതിനും കെ.വി. തോമസ് സഹായിച്ചു. കാരണം, കെ.വി. തോമസ് വന്നതോടെ യു.ഡി.എഫിന്റെ പുതിയ നേതൃത്വത്തിന് കൗണ്ടർ ചെയ്യാൻ പറ്റി. വി.ഡി. സതീശന് വളരെ സ്വീകര്യതയുള്ള പ്രദേശമാണ് എറണാകുളം ജില്ല. എന്തൊക്കെ പറഞ്ഞാലും, സതീശനോട് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും വേറെ പലതരത്തിലും സ്വീകാര്യനാണ്. വർഗീയതയുമായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നയാളാണ് സതീശൻ. ഒരു ഇടത് മുഖമുള്ളയാളാണ് സതീശൻ. അത് വളരെ ഗുണം ചെയ്തിട്ടുണ്ട്. സതീശൻ എൻ.എസ്.എസ്. ആസ്ഥാനത്തോ എസ്.എൻ.ഡി.പി. ആസ്ഥനത്തോ പോകാറില്ല. അത് അദ്ദേഹത്തിന്റെ നിലപാടാണ്.

കെ.വി. തോമസ് / Photo: FB, KV Thomas

യഥാർഥത്തിൽ പി.സി. ജോർജിന്റെ രംഗപ്രവേശം ഉമയ്ക്ക് സഹായകരമായി എന്നാണ് ഞാൻ കരുതുന്നത്. ‘ബ്ലസിങ് ഇൻ ഡിസ്‌ഗൈസ്’ എന്ന് പറയുന്നതുപോലെ. പി.സി. ജോർജ് വരികയും ഒരു ക്രിസ്ത്യൻ വികാരം ഉയരുകയും അതിന്റെ വിജയം ജോ ജോസഫിന് കിട്ടുകയും ചെയ്യുമെന്നൊക്കെയുള്ള വലിയ കണക്കുണ്ടായിരുന്നു. പക്ഷെ വോട്ടർമാർ അത് പൂർണമായും നിഷേധിച്ചു. കാരണം, പി.സി. ജോർജ് പറയുന്നതുപോലെയല്ല തൃക്കാക്കരയിലെ ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളും ചിന്തിക്കുന്നത്. ഈ മണ്ഡലത്തിൽ റോമൻ കാത്തലിക്‌സല്ല, ലത്തീൻ കാത്തലിക്​സാണ്​ കൂടുതലുള്ളത്. കാത്തലിക്​സുണ്ട്​ എന്നുപറയുമ്പോൾ റോമൻ കാത്തലിക്​സാണ്​ എന്നാണ്​ ഇവർ വിചാരിക്കുന്നത്. ഇതൊക്കെ കണക്കുകൂട്ടലിൽ വന്ന പിഴവാണ്. ജോ ജോസഫിനെ സ്ഥാനാർഥിയാക്കിയത്​ പിഴവാണ്.

"പ്രതിപക്ഷ എം.എൽ.എ. പാടില്ല, ഭരണപക്ഷ എം.എൽ.എ. മതി'യെന്ന് ഒരിക്കലും രാഷ്ട്രീയത്തിൽ പറയാൻ പാടില്ല. കാരണം, അങ്ങനെയെങ്കിൽ ലോക്​സഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നാൽ ബി.ജെ.പി.യല്ലേ ജയിക്കാവൂ.

ഇതിനൊക്കെയപ്പുറം സ്ഥാനാർഥികൾ തമ്മിലുള്ള താരതമ്യം വളരെ വിസിബിളായിരുന്നു. ഉമ വളരെ ബാലൻസ്ഡായി സംസാരിച്ചു. ഒരു സ്ഥലത്തുപോലും അധികപ്രസംഗം നടത്തുകയോ എന്തെങ്കിലും പിഴവ് പറ്റുകയോ ചെയ്തിട്ടില്ല. പക്ഷെ ജോ ജോസഫ്​ പക്വതയില്ല എന്നൊരു തോന്നൽ ആളുകളിൽ ഉണ്ടാക്കിയിട്ടുണ്ട്. അതൊക്കെ ചെറിയ കാരണങ്ങളാകാം. പക്ഷെ, മെച്ച്വേഡ് അല്ല ഈ സ്ഥാനാർഥി എന്ന് ഞങ്ങൾക്കൊക്കെ തോന്നിയിട്ടുണ്ട്. പലർക്കും തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന്​, കുട്ടികളൊക്കെ ചെയ്യുന്നതുപോലെ ജെ.സി.ബി.യുടെ മുകളിൽ കയറിനിന്ന് കൊടിവീശിയത്. ഒരു ഹൃദ്രോഗ വിദഗ്ധനിൽ നിന്നൊക്കെ നമ്മളൊരു പക്വത പ്രതീക്ഷിക്കില്ലേ. ഇതൊക്കെ പരാജയത്തിൽ ഘടകമായിട്ടുണ്ട്.

നൂറ് തികയ്ക്കുക എന്ന എൽ.ഡി.എഫിന്റെ പ്രധാന മുദ്രാവാക്യമാണ് മഹാ അബദ്ധമായത്. "പ്രതിപക്ഷ എം.എൽ.എ. പാടില്ല, ഭരണപക്ഷ എം.എൽ.എ. മതി'യെന്ന് ഒരിക്കലും രാഷ്ട്രീയത്തിൽ പറയാൻ പാടില്ല. കാരണം, അങ്ങനെയെങ്കിൽ ലോക്​സഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നാൽ ബി.ജെ.പി.യല്ലേ ജയിക്കാവൂ. കേരളത്തിൽ ലോക്‌സഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് വന്നാൽ ബി.ജെ.പി.യ്ക്ക് പറയാമല്ലോ, ഭരണപക്ഷ എം.പി. മതി, പ്രതിപക്ഷം വേണ്ട എന്ന്. ഇത് തെറ്റായ ഒരു പ്രചാരണമാണ്. നാളെ എൽ.ഡി.എഫും പ്രതിപക്ഷത്ത് വരില്ലേ. തത്കാലം ഒരു തെരഞ്ഞെടുപ്പ് ജയിക്കാൻ എന്തെങ്കിലുമൊക്കെ ചെയ്യുന്ന ടെക്‌നിക് ജനങ്ങൾ മനസ്സിലാക്കും.

ജോ ജോസഫ് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ / Photo: FB, Dr. Jo Joseph

ഇതൊരു മിഡിൽ ക്ലാസ് മണ്ഡലമാണ്, സിൽവർലൈൻ പദ്ധതിയുടെ സ്റ്റേഷൻ ഇവിടെയാണ് വരുന്നത്, ഇവിടത്തെ മിഡിൽ ക്ലാസൊക്കെ അതിനുവേണ്ടി വോട്ട് ചെയ്യും എന്നാണ്​ ഇവർ വിചാരിച്ചത്​. കല്ലിടൽ ജനങ്ങളെ ശരിക്കും ദ്രോഹിച്ചിട്ടുണ്ടെന്നത് പറയാതിരിക്കാനാവില്ല. മാത്രമല്ല, മൂലമ്പിള്ളിയുടെ രണ്ട് പുനരധിവാസ കേന്ദ്രങ്ങൾ ഈ മണ്ഡലത്തിലാണ്. അതൊക്കെ ചർച്ചാവിഷയമാണ്. കെ റെയിലിനെപ്പറ്റി പറയുമ്പോൾ മൂലമ്പിള്ളിയും പറയേണ്ടിവരും.

ആം ആദ്മിയുടെ മുൻ പ്രവർത്തകനെന്ന നിലയിൽ എനിക്ക് പറയാൻ കഴിയും, ട്വന്റി ട്വന്റിയുമായി ചേർന്നതോടെ ആം ആദ്മിയുടെ പ്രസക്തിയാണ് കേരളത്തിൽ നഷ്ടപ്പെട്ടത്.

ട്വന്റി ട്വന്റിയുടെയും എ.എ.പി.യുടെയും സാന്നിധ്യം ഏതുതരത്തിലാണ് തെരഞ്ഞെടുപ്പിൽ സ്വാധീനിച്ചത്? ട്വന്റി ട്വന്റിയും എ.എ.പി.യും മുന്നോട്ടുവെക്കുന്ന വികസന നയങ്ങളും അഴിമതിവിരുദ്ധ നിലപാടുകളുമെല്ലാം കൂടുതൽ യോജിക്കുന്നത് ഇടതുപക്ഷത്തിനോടാണെന്നും അതുകൊണ്ടുതന്നെ അവർ ഇടതുപക്ഷത്തിന് വോട്ട് ചെയ്യുമെന്നും എം. സ്വരാജ് പറഞ്ഞിരുന്നു. അരാഷ്ട്രീയ നിലപാടായിരുന്നില്ലേ അത് യഥാർഥത്തിൽ? മുൻപ് ആം ആദ്മി പാർട്ടിയിൽ ഉണ്ടായിരുന്ന ആൾ എന്ന നിലയിൽ എന്ത് തോന്നുന്നു?

ആം ആദ്മിയുടെ മുൻ പ്രവർത്തകനെന്ന നിലയിൽ എനിക്ക് പറയാൻ കഴിയും, ട്വന്റി ട്വന്റിയുമായി ചേർന്നതോടെ ആം ആദ്മിയുടെ പ്രസക്തിയാണ് കേരളത്തിൽ നഷ്ടപ്പെട്ടത്. ഞാൻ ആം ആദ്​മിയിലായിരുന്നപ്പോഴും ട്വന്റി ട്വന്റിയുമായി സഖ്യം വേണമെന്ന് പറഞ്ഞവരുണ്ടായിരുന്നു. പക്ഷെ ഞാൻ, ട്വന്റി ട്വന്റിയുമായി ഒരു കാലത്തും യോജിക്കാൻ പാടില്ലെന്ന നിലപാടുകാരനായിരുന്നു. അത്രയധികം അരാഷ്ട്രീയമാണ് ട്വന്റി ട്വന്റി. ആം ആദ്മി അങ്ങനെയല്ല. ആം ആദ്മിക്ക് വേറെയൊരു രാഷ്ട്രീയമുണ്ട്. സി.എസ്.ആർ. ഫണ്ടു കൊണ്ട് ജനങ്ങൾക്ക് വെൽഫെയർ നടത്തുന്നതല്ല യഥാർഥ രാഷ്ട്രീയം. ആം ആദ്മി രാഷ്ട്രീയം അതല്ല, ഡൽഹിയിൽ സ്റ്റേറ്റ് ഫണ്ടാണ്, പൊതുഫണ്ടാണ് വിനിയോഗിക്കുന്നത്​. അതല്ലല്ലോ ട്വന്റി ട്വന്റിയുടെ രാഷ്ട്രീയം. ട്വന്റി ട്വന്റിയുടെ വോട്ട് എന്നു പറയാൻ ഒന്നും തൃക്കാക്കരയിൽ ഇല്ല. ഒരു പക്ഷെ, കിഴക്കമ്പലത്തുണ്ടാകും. കാരണം, അവർ കിറ്റ് കൊടുക്കുന്നുണ്ട്. തൃക്കാക്കരയിൽ ട്വന്റി ട്വന്റിക്കായാലും ആം ആദ്മിക്കായാലും റിബൽ വോട്ടുകളാണ് കിട്ടിയിട്ടുള്ളത്. ‘നോട്ട’യ്ക്ക് ചെയ്യുന്നതിനു പകരം ചെയ്തത്. അത് അരാഷ്​ട്രീയം എന്നൊന്നും ഞാൻ പറയുന്നില്ല. ‘നോട്ട’യ്ക്ക് ചെയ്യുന്നതിനുപോലും ഒരു രാഷ്ട്രീയമുണ്ട്.

എം. സ്വരാജ് / Photo: FB, M Swaraj

സ്വരാജ് പറഞ്ഞതിലെ മണ്ടത്തരം എന്താണെന്നുവെച്ചാൽ, ട്വന്റി ട്വന്റിയ്‌ക്കെതിരായി തന്നെയാണ് കഴിഞ്ഞതവണ ശ്രീനിജൻ അടക്കം മത്സരിച്ചത്. അന്ന് ഇവർ ട്വന്റി ട്വന്റിയെക്കുറിച്ച് പറഞ്ഞ കാര്യമാണോ ഇപ്പോൾ പറയുന്നത്. തൃക്കാക്കരയും കിഴക്കമ്പലവും തൊട്ടടുത്ത് കിടക്കുന്ന സ്ഥലങ്ങളാണ്. കണ്ണൂരും വട്ടിയൂർക്കാവും പോലെയല്ല. തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ അതിർത്തി കടന്നാൽ കിഴക്കമ്പലം പഞ്ചായത്താണ്. കിഴക്കമ്പലത്ത് ട്വന്റി ട്വന്റിക്കെതിരായി ആദ്യം സർവകക്ഷി പൊതുയോഗം നടക്കുമ്പോൾ അത് ഉദ്ഘാടനം ചെയ്തയാളാണ് ഞാൻ. അന്ന് സി.പി.എം. അടക്കം യോഗത്തിലുണ്ട്. ട്വന്റി ട്വന്റിയുടെ രാഷ്​ട്രീയം തെറ്റാണ് എന്നുപറഞ്ഞ് എല്ലാ രാഷ്ട്രീയപാർട്ടികളും കൃത്യമായ നിലപാടെടുത്തു. അപ്പോൾ എങ്ങനെയാണ് പെട്ടെന്നൊരു ദിവസം ട്വന്റി ട്വന്റിയ്ക്ക് ‘ഞങ്ങളുടെ രാഷ്ട്രീയമാണ്’​ എന്നുപറയുക? രണ്ടാമത്, ട്വന്റി ട്വന്റിയുടെയും ആം ആദ്മിയുടെയും രാഷ്ട്രീയം അഴിമതിവിരുദ്ധമാണെന്ന് എപ്പോഴാണ് സ്വരാജ് തീരുമാനിച്ചത്. സി.പി.എം. സ്റ്റേറ്റ് കമ്മിറ്റിക്ക് അങ്ങനെയൊരു അഭിപ്രായമുണ്ടോ, അല്ലെങ്കിൽ പൊളിറ്റ്ബ്യൂറോയ്ക്ക് അങ്ങനെ അഭിപ്രായമുണ്ടോ. ഉണ്ടെങ്കിൽ അത് പറയണമല്ലോ. പെട്ടെന്ന് കുറച്ച് വോട്ട് കിട്ടുമെന്നാണ് കരുതിയത്. അത് കിട്ടില്ലെന്ന് എനിക്കറിയാമായിരുന്നു. കാരണം, ട്വന്റി ട്വന്റിയോടുള്ള സ്‌നേഹം കൊണ്ടുള്ള വോട്ടൊന്നുമല്ല മുമ്പ് അവർക്ക് കിട്ടിയത്. ഒരുപക്ഷെ, ആളുകളോടുള്ള താത്പര്യമാകാം.

സ്വരാജിനെപ്പോലെ ഒരാൾ തെരഞ്ഞെടുപ്പ് ജയിക്കാൻ ഇത്രയും അരാഷ്ട്രീയമായ ഒരു പരാമർശം നടത്താൻ പാടില്ല. സ്വരാജ് മാത്രമല്ല, എൽ.ഡി.എഫ്. മൊത്തത്തിൽ ഒരു അരാഷ്ട്രീയ ലൈൻ സ്വീകരിച്ചു എന്നാണ് ഞാൻ കരുതുന്നത്.

അന്ന് സാമുദായിക ഇക്വേഷനൊക്കെയുണ്ടായിരുന്നു. പക്ഷെ ആ വോട്ട് ഇത്തവണ ഇവർക്ക് കിട്ടണമെങ്കിൽ പാടാണ്. കിഴക്കമ്പലത്തെ ദീപുവിന്റെ കൊലപാതകവും ശ്രീനിജന്റെ പ്രശ്‌നങ്ങളും കുന്നംകുളത്തിന്റെ മാപ്പ് ചോദിച്ചതും ഒക്കെ നമ്മൾ കണ്ടതാണ്. ഇതെല്ലാം കഴിഞ്ഞ് സ്വന്തം എം.എൽ.എക്കുപോലും എതിരായി സ്വരാജ് പറയുകയാണ്​, ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചെങ്കിലും അയാൾ ഇപ്പോഴും സി.പി.എം. എം.എൽ.എ.യാണ്. സ്വരാജിനെപ്പോലെ ഒരാൾ തെരഞ്ഞെടുപ്പ് ജയിക്കാൻ ഇത്രയും അരാഷ്ട്രീയമായ ഒരു പരാമർശം നടത്താൻ പാടില്ല. സ്വരാജ് മാത്രമല്ല, എൽ.ഡി.എഫ്. മൊത്തത്തിൽ ഒരു അരാഷ്ട്രീയ ലൈൻ സ്വീകരിച്ചു എന്നാണ് ഞാൻ കരുതുന്നത്. ജയിച്ചോ തോറ്റോ എന്നത് മറ്റൊരു വിഷയം. എൽ.ഡി.എഫ്. ഇവിടെ ജയിച്ചിരുന്നെങ്കിൽ പോലും ഗുണമുണ്ടാകില്ലായിരുന്നു. 100 തികയ്ക്കുക എന്നുപറയുമ്പോൾ ക്രിക്കറ്റിൽ സെഞ്ച്വറി തികയ്ക്കുന്ന പ്രാധാന്യമല്ലല്ലോ രാഷ്ട്രീയത്തിലുള്ളത്. ക്രിക്കറ്റിൽ ഒരാൾ 99-ൽ ഇങ്ങനെ നിന്നുപോവുക എന്നത് വലിയ പ്രശ്‌നമാണ്. അതല്ലല്ലോ രാഷ്ട്രീയം, അതല്ലല്ലോ കളി. സ്ട്രാറ്റജിക് എറർ എൽ.ഡ്.എഫിന് പറ്റി എന്ന് തന്നെയാണ് ഞാന് കരുതുന്നത്. മാത്രമല്ല, 99 ഉം നൂറും തമ്മിൽ വലിയ വ്യത്യാസമില്ലല്ലോ, വാസ്തവത്തിൽ. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

സി.ആർ. നീലകണ്​ഠൻ

ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. കെൽട്രോണിൽ ഡെപ്യൂട്ടി ജനറൽ മാനേജറായിരുന്നു. പരിസ്ഥിതിയും ആഗോളവത്കരണവും, പ്രകൃതിയുടെ നിലവിളികൾ, ലാവ്​ലിൻ രേഖകളിലൂടെ തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments