എം.വി. നികേഷ് കുമാർ

ദിലീപ് ​കേസ്​: കോടതിയെ
എന്തുകൊണ്ട്​ സംശയിക്കണം?

വിചാരണാകോടതി ജഡ്ജിയെ സ്വാധീനിക്കാൻ കഴിയുമോയെന്നും വിചാരണാകോടതി ജഡ്ജി സ്വാധീനിക്കപ്പെടുമോ എന്നൊന്നും നമുക്കറിയില്ല. പക്ഷെ വിചാരണാകോടതി ജഡ്ജിയെ സ്വാധീനിക്കാൻ ദിലീപിന്റെ ക്യാമ്പ് ശ്രമം നടത്തിയിട്ടുണ്ട്​ എന്നതിന്​ തെളിവുണ്ട്​

ടി.എം. ഹർഷൻ: നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാനുള്ള ശ്രമം ഏതെല്ലാം തലത്തിൽ നടക്കുന്നു എന്നാണ് കേസിനെ നിരന്തരം പിന്തുടരുന്ന മാധ്യമ പ്രവർത്തകൻ എന്ന നിലയ്ക്ക് തോന്നുന്നത്?

എം.വി. നികേഷ് കുമാർ: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അനധികൃതമായി ആക്സസ് ചെയ്തു എന്ന്​, എഫ്.എസ് എൽ. പരിശോധനയിൽ കണ്ടെത്തിയ കാര്യത്തിൽ വിശദ പരിശോധന വേണം എന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണാകോടതി തള്ളി. 18.2.2017 ന് പ്രതികളിൽ നിന്ന് ലഭിച്ച മെമ്മറി കാർഡ്​ 13 .12 .2018 ന് അവസാനമായി അനധികൃതമായി ആക്സസ് ചെയ്തു എന്നാണ് തിരുവനന്തപുരം എഫ്.എസ്.എൽ കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ പറയുന്നത്.

13.12.2018 ന് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അവസാനമായി ആക്സസ് ചെയ്തു എന്ന് മാത്രമാണ് ഇപ്പോൾ അന്വേഷണ സംഘത്തിന് അറിയാവുന്നത്. എന്നാൽ ഈ മെമ്മറി കാർഡ് പ്രതികളുടെതാണ്. അതിൽ വേറെയും ഫയലുകളുണ്ട്. അവ ഓരോന്നും പരിശോധിച്ചാൽ മാത്രമേ എത്ര തവണ മെമ്മറി കാർഡ് ആകെ ആക്സസ് ചെയ്തിട്ടുണ്ട് എന്നറിയാൻ കഴിയൂ. മാത്രമല്ല, വെറുതെ അങ്ങ് മെമ്മറി കാർഡ് ആക്സസ് ചെയ്യാന് പാടില്ല. എഫ്.എസ്.എൽ. വിദഗ്ധർ മെമ്മറി കാർഡ് അവരുടെ ടൂളുപയോഗിച്ചാണ് സാധാരണ ഗതിയിൽ ആക്സസ് ചെയ്യുക. മെമ്മറി കാർഡ്, കാർഡ് ഹോൾഡറിൽ ഘടിപ്പിച്ചാണല്ലോ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നത്. കോടതിയിൽ സൂക്ഷിച്ച തെളിവയതിനാൽ ഇതൊരു നടപടിക്രമം ആണ്. ഈ നടപടി ക്രമങ്ങൾ ഒന്നും ഇല്ലാതെ ആരാണ് 13.12.2018 ന് ആക്സസ് ചെയ്തത്? 18.2.2017 നും 13.12.2018 നും ഇടയിൽ എത്ര തവണ ആക്സസ് ചെയ്തിട്ടുണ്ട്? ഇതൊരു അന്വേഷണ വിഷയമാണ്. അതിന് കോടതി തടസം നില്ക്കുന്നത് എന്തിന്?

വിചാരണാകോടതി ജഡ്ജി ഹണി എം. വർഗീസ് ചെയ്തത്
എന്താണെന്ന്​ നോക്കാം. മെമ്മറി കാർഡ് പരിശോധിക്കണം എന്ന ആവശ്യം വിചാരണാകോടതി തള്ളി എന്ന് പ്രോസിക്യൂഷൻ അറിയുന്നത് ഇപ്പോഴാണ്​. മെയ്​ 31നാണ്​ അന്വേഷണ സമയം അവസാനിക്കുന്നത്. രേഖാമൂലം ഈ മാസം ഒൻപതിനാണ് ഹണി എം.വർഗീസ് വിധി പുറപ്പെടുവിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട എല്ലാ വിധികളും പ്രോസിക്യൂഷന് നേരിട്ട് നല്കിയ വിചാരണ കോടതി ഈ വിധി പക്ഷെ സാധാരണ പോസ്റ്റിലാണ് അയക്കുന്നത്. ഒമ്പതിന്​ എഴുതി എന്നുപറയുന്ന വിധി 19ന്​ സാധാരണ പോസ്റ്റിൽ അയക്കുന്നത് നെടുമ്പാശ്ശേരി എസ്.എച്ച്.ഒക്ക്​. ഈ കേസ് ക്രൈം ബ്രാഞ്ചിന് വിട്ട കാര്യം വിചാരണാ കോടതി ജഡ്ജിക്ക് അറിയാം. ബൈജു കെ. പൗലോസ് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ എന്നും അറിയാം. രേഖകൾ ചോർന്ന വിഷയത്തിൽ നെടുമ്പാശ്ശേരി എസ്. എച്ച്. ഒയെ അല്ല ഈ ജഡ്​ജി കോടതിയിൽ വിളിച്ചുവരുത്തിയത്, ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയെയാണ്. ചുരുക്കത്തിൽ, കേസന്വേഷണം തീരുന്ന 31നു മുമ്പ്​ദൃശ്യങ്ങൾ ചോർന്ന വിഷയത്തിലെ വിധി അന്വേഷണ ഉദ്യോഗസ്ഥന് അറിയില്ല.
കോടതിയിൽ നിന്ന് പ്രോസിക്യൂഷനെ നിരായുധമാക്കുന്ന വേറെയും ചില കാര്യങ്ങളുണ്ട്. അതും ഇനി പറഞ്ഞു തന്നെ പോകണം.

കോടതിയുടെ പെരുമാറ്റത്തിൽ മാത്രം പ്രതിഷേധിച്ച് രണ്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവെച്ചുപോകുകയെന്നത് അടുത്തകാലത്തൊന്നും സംഭവിച്ചിട്ടില്ലാത്ത കാര്യമാണല്ലോ.

വിചാരണാ കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടറെ അസിസ്റ്റ് ചെയ്യുന്നത് വനിതാ പോലീസുകാരിയായിരുന്നു. കഴിഞ്ഞ ദിവസം സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ സഹായിച്ച വനിതാ പോലീസുകാരിയെ ഇനി അനുവദിക്കാനാകില്ല എന്ന് ജഡ്​ജി പറയുന്നു. നിലവിലുള്ള എ.പി.പി മാത്രമാണ് പ്രോസിക്യൂഷന്റെ ഭാഗത്തുള്ള ഏക അഭിഭാഷകൻ. അദ്ദേഹത്തിന് അസിസ്റ്റൻറുമാർ വേണം. അതുമല്ല പ്രശ്നം. ഇനി പുതിയ പബ്ലിക് പ്രോസിക്യൂട്ടർ വന്നാൽ, ലക്ഷക്കണക്കിന് പേജ് വരുന്ന മൊഴികളും കോടതിരേഖകളും പഠിക്കുക മനുഷ്യസാധ്യമല്ല. പുതിയ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് അസിസ്റ്റൻസ് കിട്ടരുത്. പ്രോസിക്യൂഷനെ നിരായുധമാക്കാനാണോ ഇത്?

വിചാരണാ കോടതിയുടെയും സർക്കാറിന്റെയും നിലപാട്​ കേസിനെ അട്ടിമറിക്കുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടോ?

കോടതി ജഡ്ജിയെ സ്വാധീനിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ കഴിയില്ല. എന്നാൽ പ്രോസിക്യൂഷൻ ഹൈക്കോടതിയിലും വിചാരണാകോടതിയിലും കൊടുത്തിട്ടുള്ള രണ്ട് ഓഡിയോ ടേപ്പുണ്ട്. അതിനകത്ത് ഏറ്റവുമൊടുവിൽ ദിലീപിന്റെ ജാമ്യം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ആർഗ്യുമെൻറ്​ നോട്ടിൽ ഈ ഓഡിയോ ടേപ്പ് ഹാജരാക്കിയിട്ടുണ്ട്. ദിലീപിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയ ഒരു ഓഡിയോ ടേപ്പാണത്. അതിൽ പറയുന്നത്, തേടിയ വള്ളി കാലിൽ ചുറ്റി, ആത്മബന്ധമുണ്ടാക്കാൻ പറ്റിയിട്ടുണ്ട് എന്നാണ്. ദിലീപിന്റെ ഫോണിൽ ദിലീപിന്റെ ഒരു സുഹൃത്ത് ചേട്ടാ എന്നുവിളിച്ച്​ അയച്ച ഒരു ഓഡിയോ ടേപ്പാണത്.

ദൃശ്യങ്ങൾ അനധികൃതമായി ആക്സസ് ചെയ്തു എന്നു പറഞ്ഞുകൊണ്ടുള്ള കോൺഫിഡൻഷ്യൽ റിപ്പോർട്ടിനുമേൽ അവർ അടയിരുന്നു. പിന്നെ 2022-ൽ, ഇത് കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ബൈജു കെ. പൗലോസ് സെക്ഷൻ 91 പ്രകാരം കോൺഫിഡൻഷ്യൽ റിപ്പോർട്ട് പിടിച്ചെടുക്കുകയാണ് ചെയ്തത്.

വിചാരണാകോടതി ജഡ്ജിയെ സ്വാധീനിക്കാൻ കഴിയുമോയെന്നും വിചാരണാകോടതി ജഡ്ജി സ്വാധീനിക്കപ്പെടുമോ എന്നൊന്നും നമുക്കറിയില്ല. പക്ഷെ വിചാരണാകോടതി ജഡ്ജിയെ സ്വാധീനിക്കാൻ ദിലീപിന്റെ ക്യാമ്പ് ശ്രമം നടത്തിയിട്ടുണ്ട്​ എന്നതിന്റെ തെളിവാണ് ഈ ടേപ്പ്. അത് റിപ്പോർട്ടർ ടി.വി.യാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ പ്രോസിക്യൂഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ദിലീപും രാമൻപിള്ള അസോസിയേറ്റ്സിലെ അഡ്വ. സുജേഷ് മേനോനും തമ്മിലുള്ള ഒരു സംഭാഷണം നേരത്തെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹാജരാക്കിട്ടുണ്ട്. അതിനകത്തും ജഡ്ജിയെ എങ്ങനെ വശത്താക്കാം തുടങ്ങിയ കാര്യങ്ങളാണ്. ആ നിലയിലുള്ള ശ്രമം നേരത്തെ ആരംഭിച്ചിട്ടുണ്ട്. പിന്നെ ഈ പറയുന്ന ജഡ്ജിയുടെ പെരുമാറ്റം. പൊതുവെ പ്രോസിക്യൂഷനെ കാണുന്നത് തന്നെ ചതുർഥിയാണ്. കോടതിയുടെ പെരുമാറ്റത്തിൽ മാത്രം പ്രതിഷേധിച്ച് രണ്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാർ രാജിവെച്ചുപോകുകയെന്നത് അടുത്തകാലത്തൊന്നും സംഭവിച്ചിട്ടില്ലാത്ത കാര്യമാണല്ലോ.

പിണറായി വിജയൻ

2020-ൽ വന്ന കോൺഫിഡൻഷ്യൽ റിപ്പോർട്ട് രജിസ്റ്ററിൽപോലും രേഖപ്പെടുത്തിയില്ല, കോടതി ക്ലർക്കിനോടുപോലും പറഞ്ഞില്ല. അങ്ങനെയൊരു സാധനത്തെക്കുറിച്ച് ആർക്കും അറിയില്ലായിരുന്നു. ദൃശ്യങ്ങൾ അനധികൃതമായി ആക്സസ് ചെയ്തു എന്നു പറഞ്ഞുകൊണ്ടുള്ള കോൺഫിഡൻഷ്യൽ റിപ്പോർട്ടിനുമേൽ അവർ അടയിരുന്നു. പിന്നെ 2022-ൽ, ഇത് കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ബൈജു കെ. പൗലോസ് സെക്ഷൻ 91 പ്രകാരം കോൺഫിഡൻഷ്യൽ റിപ്പോർട്ട് പിടിച്ചെടുക്കുകയാണ് ചെയ്തത്. എന്നിട്ട് എഫ്.എസ്.എൽ. ഡയറക്ടറുടെ മൊഴിയെടുക്കുകയാണ് ചെയ്തത്. 2020 മുതൽ 2022 വരെ പ്രോസിക്യൂഷനെയോ അതിജീവിതയെയോ പരാതിക്കാരെയോ അറിയിക്കാതെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് സൂക്ഷിച്ചു. ആ കോൺഫിഡൻഷ്യൽ റിപ്പോർട്ട് തിരുവനന്തപുരം എഫ്.എസ്.എല്ലിൽ വിശദപരിശോധനയ്ക്ക് അയക്കണമെന്ന് പറഞ്ഞുകൊണ്ടുള്ള ഹർജി വിധി പറയാതെ വച്ചു. പിന്നീട് അതിജീവിത അതിന്റെ മുകളിൽ ഹൈക്കോടതിയിൽ പോകുമെന്ന് മനസ്സിലാക്കിയ സമയത്ത് രഹസ്യമായി, ഒമ്പതാം തീയതി ഒരു വിധിയെഴുതിയതായി പറഞ്ഞ് 19-ാം തീയതി അത് സാധാരണ പോസ്റ്റ് വഴി അയച്ച് 31-ാം തീയതിയ്ക്കുള്ളിൽ അന്വേഷണം തീരുന്നതിനുമുമ്പ് അത് കിട്ടാത്തവിധത്തിൽ ബൈജു കെ. പൗലോസിന് അയക്കാതെ നെടുമ്പാശ്ശേരി എസ്.എച്ച്.ഒ.യുടെ പേരിലയച്ചു. ഒരു ജുഡീഷ്യൽ ഓഫീസർ ചെയ്ത കാര്യങ്ങളാണിത്. അതിനകത്ത് എന്തെങ്കിലുമൊക്കെ ഒളിക്കാനുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. അല്ലെങ്കിൽ നേരായ വഴിയിലല്ല ആ കാര്യം ഒരു ജുഡീഷ്യൽ ഓഫീസർ കൈകാര്യം ചെയ്തിട്ടുള്ളത്.

രണ്ടാമത്തെ കാര്യം ആ പൊലീസുകാരിയെ അതിനകത്തുനിന്ന് മാറ്റിയത്. ഞാൻ ഒന്നരവർഷം മുമ്പോ മറ്റോ ആണെന്ന് തോന്നുന്നു ഒരു മൊഴി കൊടുക്കാൻ പോകുന്നത്. സുരേശനാണ് അന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. ആ മൊഴി കൊടുക്കാൻ സമയത്തുപോലും ആ പൊലീസുകാരിയുടെ അസിസ്റ്റൻസുണ്ട്. എന്നുവച്ചാൽ ഡോക്യുമെൻറ്​സ്​ എടുത്തുകൊടുക്കുക, അത്രയേയുള്ളൂ. അതുപോലും പറ്റില്ലെന്നാണ് ഇപ്പോൾ അവർ പറയുന്നത്. അതുമാത്രമല്ല, ഇനി വരാൻ പോകുന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ സംബന്ധിച്ച്​ ഹെൽപ്പ് ഇല്ലാതെ അസാധ്യമാണ്. അപ്പോൾ ആ സഹായം ഒഴിവാക്കണം. ചീപ്പാണ് ഇത്. തട്ടിപ്പ് പരിപാടിയാണ്. ഈ നിലയിലുള്ള കാര്യങ്ങളുണ്ടാകുമ്പോൾ നമുക്ക് സ്വാഭാവികമായും സംശയം തോന്നും.

അടുത്തത് സർക്കാരിന്റെ കാര്യം. പിണറായി വിജയൻ സർക്കാർ കേസ് അട്ടിമറിക്കാനുള്ള രാഷ്ട്രീയമായ ഇടപെടൽ നടത്തുമെന്ന് ഞാൻ വിചാരിക്കുന്നില്ല. പൊളിറ്റിക്കലായി അന്വേഷണം നിർത്തിവെക്കണമെന്ന് പറഞ്ഞതായി തെളിയിക്കുന്ന എന്തെങ്കിലും നമ്മുടെ മുന്നിലില്ല. പക്ഷെ ദർവേസ് സാഹബ് എന്നുപറയുന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.യായി വന്ന സമയത്ത് ഇതിനകത്ത് ചില കളികൾ നടന്നിട്ടുണ്ട്. അഭിഭാഷകരുടെ അടുത്തേക്ക് അന്വേഷണം പോയ സമയത്ത്, പിൽക്കാലത്ത് അഭിഭാഷകർക്കെതിരെ വാദിയോ പ്രതിയോ പരാതിപ്പെട്ടാൽ അഭിഭാഷകരെ ചോദ്യംചെയ്യുക, അഭിഭാഷകരെ പ്രതിയാക്കുക എന്ന നിലയിലേക്ക് ഇതൊരു കീഴ് വഴക്കമാകുമോ എന്നതു സംബന്ധിച്ച് സർക്കാരിന്റെ ഭാഗത്തുനിന്ന് ചില ചോദ്യങ്ങളുണ്ടായിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിന്റെ മറവിൽ ദർവേഷ് സാഹബ് ഈ അന്വേഷണം ഇത്രയൊക്കെ മതിയെന്ന് തീരുമാനിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരുടെ കൈ കെട്ടിയിടുകയും ചെയ്തിട്ടുണ്ടെന്നാണ്.

അവസാനഘട്ടത്തിൽ പക്ഷെ അഭിഭാഷകരുടെ വിഷയം വന്നപ്പോൾ അത് കീഴ്​വഴക്കമാകുമോ എന്ന ആശങ്ക സർക്കാരിൽ ഏതോ ഒരു തലത്തിലുണ്ടായിട്ടുണ്ടെന്ന് തോന്നുന്നു. അതുകൊണ്ട് ആ സമയത്ത് മന്ദഗതിയിലായിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരോടോ അല്ലെങ്കിൽ അന്വേഷണ സംഘത്തിനോടാകെയോ സർക്കാർ എന്തെങ്കിലും നിർദേശം കൊടുത്തിട്ടുള്ളതായിട്ട് എനിക്കറിയില്ല. ഇതിന്റെ എല്ലാ കാര്യങ്ങളും പരിശോധിച്ച ഒരാളെന്ന നിലയിൽ അങ്ങനെയുണ്ടായിട്ടില്ല എന്നാണ് എനിക്ക് മനസ്സിലാകുന്നത്. പക്ഷെ, ദർവേഷ് സാഹബിന് അങ്ങനെയൊരു ഇന്റൻഷനുണ്ടായിരുന്നു. അഭിഭാഷകർക്കെതിരെ അറസ്റ്റോ നടപടിയോ ഉണ്ടാകുന്നതിന് നിയന്ത്രണം വേണം എന്ന നിർദേശത്തിന്റെ മറവിൽ ഇതങ്ങ് അവസാനിപ്പിച്ചുകളയാം എന്ന തരത്തിൽ ദർവേഷ് സാഹബിന്റെ ഒരു ആക്ഷൻ അവിടെ കാണുന്നുണ്ട്. അതല്ലാതെ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത് അട്ടിമറിക്കണമെന്ന് ആരും പറഞ്ഞതായി അറിയില്ല.

മാത്രമല്ല, പിണറായി വിജയൻ സർക്കാരായതുകൊണ്ടുതന്നെയാണ് ഈ കേസ് ഇത്രയധികം മുന്നോട്ടുപോയിട്ടുള്ളത്​. പ്രത്യേകിച്ച് ദിലീപിനെ പ്രതിയാക്കിയതും ജയിലിലിട്ടതും. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനുശേഷം തുടരന്വേഷണം വന്ന സമയത്ത് കേസിന് ആക്കം കൂടിയത് ഒക്കെ പിണറായി വിജയൻ മുഖ്യമന്ത്രിയായതുകൊണ്ടു തന്നെയാണ്. അവസാനഘട്ടത്തിൽ പക്ഷെ അഭിഭാഷകരുടെ വിഷയം വന്നപ്പോൾ അത് കീഴ്​വഴക്കമാകുമോ എന്ന ആശങ്ക സർക്കാരിൽ ഏതോ ഒരു തലത്തിലുണ്ടായിട്ടുണ്ടെന്ന് തോന്നുന്നു. അതുകൊണ്ട് ആ സമയത്ത് മന്ദഗതിയിലായിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതല്ലാതെ വേറെ ഏതെങ്കിലും തരത്തിൽ ഈ അന്വേഷണത്തെ തടയാനോ നിയന്ത്രിക്കാനോ സർക്കാർ ശ്രമിച്ചതായി ഞാൻ വിശ്വസിക്കുന്നില്ല. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments