കെ-റെയിൽ എം.ഡി. വി. അജിത് കുമാർ

കല്ലിടൽ : ഭൂമി കൈമാറ്റത്തിനോ

പദ്ധതിയുമായി ബന്ധപ്പെട്ട നിയസഭയിലും പുറത്തും ഉന്നയിക്കപ്പെട്ട എല്ലാ സംശയങ്ങൾക്കും മറുപടി നൽകിയിട്ടുണ്ട്. ഡി.പി.ആറിൽ പറയുന്നത് ശുപാർശകൾ മാത്രമാണ്. അന്തിമ തീരുമാനം സർക്കാരിന്റേതു തന്നെയായിരിക്കും.

ബാങ്ക് വായ്പയ്‌ക്കോ തടസ്സമുണ്ടാകില്ല

കെ.കണ്ണൻ : സിൽവർ ലൈൻ പദ്ധതിക്കായുള്ള കല്ലിടൽ, ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതിന് പ്രധാന കാരണം, ജനങ്ങളുടെ ഭാഗത്തുനിന്നുള്ള അടിസ്ഥാന സംശയങ്ങൾക്കുപോലും അധികൃതരുടെയും സർക്കാറിന്റെയും ഭാഗത്തുനിന്നുള്ള പരസ്പരവിരുദ്ധമായ മറുപടികളാണ്. ഉദാഹരണത്തിന്, ബഫർസോണിന്റെ കാര്യം. ബഫർ സോൺ ഇല്ലെന്ന് ആദ്യം പറഞ്ഞ മന്ത്രി സജി ചെറിയാൻ ഇപ്പോൾ പറയുന്നത്, ബഫർ സോണല്ല, അഞ്ചു മീറ്റർ സേഫ്റ്റി സോൺ ആണെന്നാണ്. എന്നാൽ, ബഫർ സോൺ ഉണ്ടെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നു. ഇരുവശത്തേക്കും പത്തുമീറ്റർ വീതമാണ് ബഫർ സോൺ എന്ന് താങ്കളും വിശദീകരിക്കുന്നു. ഡി.പി.ആർ ആണല്ലോ, ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നമുക്കുമുന്നിലുള്ള അടിസ്ഥാന രേഖ. അതിന്റെ അടിസ്ഥാനത്തിലായിരിക്കണം, ബഫർ സോൺ അടക്കമുള്ളവയിൽ വിശദീകരണം നൽകേണ്ടത്. ഡി.പി.ആർ വച്ചുകൊണ്ട്, ഇക്കാര്യങ്ങൾ ജനങ്ങൾക്കുമുന്നിൽ കൃത്യമായി വിശദീകരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്? മറിച്ച്, ഡി.പി.ആറിലെ ശുപാർശകളല്ല, സർക്കാർ തീരുമാനങ്ങളായിരിക്കും അന്തിമം എന്നു വരുമോ?

വി അജിത് കുമാർ : സാധാരണ റെയിൽവേ ലൈനുകൾക്ക് ഭാവി വികസന പ്രവർത്തനങ്ങൾ മുൻനിർത്തി ഇരു വശത്തും 30 മീറ്റർ ബഫർ സോൺ ഏർപ്പെടുത്താറുണ്ട്. ഈ പ്രദേശത്ത് കെട്ടിട നിർമാണം പോലുള്ള കാര്യങ്ങൾക്ക് റെയിൽവേയുടെ അനുമതി വാങ്ങണം. സിൽവർലൈനിന്റെ ബഫർ സോൺ 10 മീറ്റർ മാത്രമാണ്. അലൈൻമെന്റിന്റെ അതിർത്തിയിൽനിന്ന് ഇരുവശത്തേക്കും പത്ത് മീറ്റർവീതമാണ് ബഫർ സോൺ. ഈ പത്ത് മീറ്ററിൽ ആദ്യത്തെ 5 മീറ്ററിൽ മാത്രമേ നിർമാണ പ്രവർത്തനങ്ങൾക്ക് വിലിക്കുള്ളൂ. ബാക്കിയുള്ള അഞ്ച് മീറ്ററിൽ മുൻകൂർ അനുമതി വാങ്ങി നിർമാണ പ്രവർത്തനങ്ങൾ നടത്താവുന്നതാണ്. തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്ന ചില തല്പര കക്ഷികളും കെ-റെയിൽ വിരുദ്ധ പ്രചാരകരുമാണ് തെറ്റിദ്ധാരണ പരത്തുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട നിയസഭയിലും പുറത്തും ഉന്നയിക്കപ്പെട്ട എല്ലാ സംശയങ്ങൾക്കും മറുപടി നൽകിയിട്ടുണ്ട്. ഡി.പി.ആറിൽ പറയുന്നത് ശുപാർശകൾ മാത്രമാണ്. അന്തിമ തീരുമാനം സർക്കാരിന്റേതു തന്നെയായിരിക്കും.

സിൽവർലൈൻ അലൈൻമെനൻറ്
സിൽവർലൈൻ അലൈൻമെനൻറ്

പദ്ധതിക്കായി കേന്ദ്രം നൽകിയെന്നു പറയുന്ന പ്രാഥമിക അനുമതിയുടെയും സർവേക്ക് കോടതി നൽകിയ അനുമതിയുടെയും അടിസ്ഥാനത്തിലാണല്ലോ ഇപ്പോഴത്തെ കല്ലിടൽ അടക്കമുള്ളവ പുരോഗമിക്കുന്നത്. ജനങ്ങളോട് കാര്യങ്ങൾ കൃത്യമായി വിശദീകരിച്ച് ഇക്കാര്യങ്ങൾ ചെയ്യാൻ കഴിയാതെ പോയത് എന്തുകൊണ്ടാണ്? ഇത്ര വിപുലമായ ആഘാതമുണ്ടാക്കുന്ന ഒരു പദ്ധതിയെക്കുറിച്ചുയരുന്ന ആശങ്കകൾക്ക് അടിസ്ഥാനമുണ്ട് എന്നല്ലേ, ഇതുവരെയുള്ള സംഘർഷാത്മകമായ നടപടികൾ തെളിയിക്കുന്നത്?

ഇപ്പോൾ നടക്കുന്നത് ഭൂമി ഏറ്റെടുക്കലിനു മുന്നോടിയായുള്ള സാമൂഹിക ആഘാത പഠനം ഉൾപ്പെടെയുള്ള പ്രാരംഭ നടപടികൾ മാത്രമാണ്. സാമൂഹിക ആഘാത പഠനം നടത്തണമെങ്കിൽ ബാധിക്കപ്പെടുന്നവരെ കണ്ടെത്തണം. ബാധിക്കുന്നവരെ കണ്ടെത്തിയാലേ സാമൂഹികാഘാത പഠനം നടത്താൻ കഴിയൂ. ബാധിക്കപ്പെടുന്നവരെ കണ്ടെത്തണമെങ്കിൽ അലൈൻമെന്റിന് അതിരടയാളം സ്ഥാപിക്കേണ്ടതുണ്ട്. റെയിൽവേ ബോർഡിന്റെ അന്തിമാനുമതി കിട്ടിയ ശേഷം മാത്രമേ സിൽവർലൈൻ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്ന നടപടികളിലേയ്ക്ക് കടക്കുകയുള്ളു. ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ട പരിഹാരം ഉൾപ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ നടപടി ക്രമങ്ങളും പാലിക്കും.. അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നതു കൊണ്ട് ഭൂമി കൈമാറ്റം ചെയ്യുന്നതിനോ ബാങ്ക് വായ്പ എടുക്കുന്നതിനോ നിയമപരമായി തടസ്സമുണ്ടാകില്ല. ഇക്കാര്യങ്ങളൊക്കെ ജനങ്ങൾക്കു മുമ്പാകെ വിശദീകരിക്കുന്നുണ്ട്. ഇവിടെയും കെ-റെയിൽ വിരുദ്ധരും ചില തല്പര കക്ഷികളും തെറ്റിദ്ധാരണ പരത്തുന്നത്. ▮​


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം

Comments