ഷഫീഖ് താമരശ്ശേരി

ജേർണലിസ്റ്റിനെ

''പൊലീസ് സംവിധാനത്തിന്റെ ജനാധിപത്യവിരുദ്ധതയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ചെയ്യാറുണ്ട് എന്നതുകൊണ്ട് പൊലീസിന്റെ നിരീക്ഷണം ഇപ്പോഴും ഉണ്ടാകും എന്ന് ഞാൻ കരുതിയിരുന്നു. എങ്കിലും സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടികയിൽ ഇടം പിടിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല''

ഗുണ്ടാ ലിസ്റ്റിൽ പെടുത്തുന്ന കേരള പൊലീസ്

മനില സി മോഹൻ : കഴിഞ്ഞ ദിവസം ഷഫീഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടിരുന്നു. ഗുണ്ടകളേയും ക്വട്ടേഷൻ സംഘങ്ങളെയും മയക്ക് മരുന്ന് മാഫിയകളെയും നിയന്ത്രിക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച ഓപ്പറേഷൻ കാവൽ പദ്ധതിയുടെ ഭാഗമായുള്ള വെരിഫിക്കേഷനെ സംബന്ധിച്ചായിരുന്നു അത്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? എന്താണ് ഇതിനു പിന്നിലെ ലക്ഷ്യം എന്നാണ് തോന്നുന്നത്?

ഷഫീഖ് താമരശ്ശേരി : ഡിസംബർ 28 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്നും എനിക്കൊരു കോൾ വരുന്നത്. എസ്.ഐ. ആണെന്ന് പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥൻ എന്റെ പൂർണ മേൽവിലാസം നൽകാൻ ആവശ്യപ്പെട്ടു. എന്തിനാണെന്ന് തിരക്കിയപ്പോൾ ലഭിച്ച മറുപടി ഓപ്പറേഷൻ കാവലിന്റെ ഭാഗമായ വെരിഫിക്കേഷൻ ആണെന്നായിരുന്നു. സംസ്ഥാനത്തെ ഗുണ്ടകളെയും ക്വട്ടേഷൻ സംഘങ്ങളെയും മയക്കുമരുന്ന് മാഫിയകളെയും നിയന്ത്രിക്കുന്നതിനും പിടികൂടുന്നതിനുമായി ആഭ്യന്തരവകുപ്പ് ആവിഷ്‌കരിച്ച 'ഓപ്പറേഷൻ കാവൽ' പദ്ധതിയുടെ ഭാഗമായ ലിസ്റ്റിൽ എന്റെ പേര് എങ്ങിനെ കടന്നുവന്നു എന്നതിൽ എനിക്ക് ആശ്ചര്യം തോന്നി. നിങ്ങൾക്ക് ആളുമാറിയാതാകാം എന്ന് പൊലീസുകാരനോട് പറഞ്ഞപ്പോൾ അദ്ദേഹം തിരികെ ചോദിച്ചത് നിങ്ങൾ പ്ലാച്ചിമട സമരത്തിൽ ഉണ്ടായിരുന്നില്ലേ, യൂത്ത് ഡയലോഗ് എന്ന കൂട്ടായ്മയുടെ ഭാഗമായിരുന്നില്ലേ എന്നൊക്കെയാണ്.

നേരത്തെ ഞാൻ വിദ്യാർത്ഥി ആയിരുന്ന സമയത്തും തുടർന്നുമൊക്കെ കേരളത്തിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് ഇടപെടുകയും ബദൽ സാമൂഹിക മുന്നേറ്റങ്ങളുടെ ഭാഗമായി പ്രവർത്തിക്കുകയുമൊക്കെ ചെയ്തിരുന്നു. അക്കാലങ്ങളിലൊക്കെ പല തരത്തിലുള്ള പൊലീസ് അന്വേഷണങ്ങളും മാവോയിസ്റ്റ് ആരോപണങ്ങളുമൊക്കെ നേരിടേണ്ടിയും വന്നിരുന്നു. അവയുടെ തുടർച്ചയാവാം ഈ വെരിഫിക്കേഷൻ എന്ന് തോന്നിയെങ്കിലും രാഷ്ട്രീയ സാമൂഹിക വിഷയങ്ങളുമായി ഇടപെട്ട് പ്രവർത്തിച്ചവരെ സാമൂഹ്യ വിരുദ്ധരും ഗുണ്ടകളുമായി കണക്കാക്കുന്ന രീതിയോട് സഹകരിക്കാനാകില്ല എന്നതുകൊണ്ട് മേൽവിലാസം നൽകാനാകില്ല എന്ന് തന്നെയാണ് പൊലീസ് ഉദ്യോഗസ്ഥന് മറുപടി നൽകിയത്. "എങ്കിൽ നിന്നെ വന്ന് പൊക്കിക്കോളാം...' എന്ന് പറഞ്ഞ് അദ്ദേഹം ഫോൺ കട്ട് ചെയ്യുകയും ചെയ്തു.

വ്യക്തിപരമായി ഞാൻ പൊലീസ് അന്വേഷണം നേരിടുന്നത് ഇതാദ്യമല്ല. കോളേജിൽ ഞാൻ എസ്.എഫ്.ഐ പ്രവർത്തകനായിരുന്നുവെങ്കിലും അവസാന വർഷത്തോടെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പല പരിമിതികളും മനസ്സിലാക്കി അക്കാലത്ത് കേരളത്തിൽ ഉയർന്നുവന്ന ബദൽ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ഭാഗമാവുകയും ജനകീയ സമരങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുകയുമൊക്കെ ചെയ്തിരുന്നു. ആ സമയങ്ങളിലൊക്കെ പല തവണ പൊലീസ് എന്റെ വിവരങ്ങളന്വേഷിച്ച് വീട്ടിലും നാട്ടിലുമൊക്കെ എത്തുകയും എന്നെക്കുറിച്ചുള്ള ഒരു വ്യാജ ചിത്രം പ്രദേശങ്ങളിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഫോൺ ചോർത്തൽ അടക്കമുള്ള പൊലീസിന്റെ കർശന നിരീക്ഷണങ്ങൾക്ക് പല തവണ വിധേയനാകേണ്ടി വന്ന അനുഭവവുമുണ്ട്.

എന്നാൽ കഴിഞ്ഞ നാല് വർഷത്തോളമായി ഞാൻ ഡൂൾന്യൂസിൽ മാധ്യമപ്രവർത്തകനായി ജോലി ചെയ്തുവരികയാണ്. മെച്ചപ്പെട്ട രീതിയിൽ മാധ്യമപ്രവർത്തനം നടത്തുക എന്നതല്ലാതെ മറ്റൊന്നും മുന്നിലില്ല. മനുഷ്യാവകാശ വിഷയങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ, പൊലീസ് ഭീകരത തുടങ്ങിയ വിഷയങ്ങൾക്കെല്ലാം ഞാൻ സവിശേഷമായ ഊന്നൽ നൽകാറുണ്ട് എന്നതുകൊണ്ടും പൊലീസ് സംവിധാനത്തിന്റെ ജനാധിപത്യവിരുദ്ധതയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ചെയ്യാറുണ്ട് എന്നതുകൊണ്ടും പൊലീസിന്റെ നിരീക്ഷണം ഇപ്പോഴും ഉണ്ടാകും എന്ന് ഞാൻ കരുതിയിരുന്നു. എങ്കിലും സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടികയിൽ ഇടം പിടിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിച്ചിരുന്നില്ല.

കേരളത്തിലെ ജനകീയ സമരങ്ങളുടെ ഭാഗമായി പ്രവർത്തിച്ചുവന്ന യുവജനങ്ങളെ പൊലീസ് വ്യാപകമായി പിന്തുടർന്ന് വേട്ടയാടിയിരുന്നത് നേരത്തെ ചർച്ചയായിരുന്നു. എന്നാൽ പിന്നീട് പ്രത്യക്ഷത്തിലുള്ള സമരങ്ങളുടെ എണ്ണം കുറയുകയും കൊവിഡിന്റെ കടന്നുവരവോടെ സജീവ സമരങ്ങളില്ലാതാവുകയും ചെയ്തു. ഇപ്പോൾ വീണ്ടും കെ റെയിലുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം പ്രതിഷേധങ്ങൾ ഉയരുകയും സമരങ്ങൾ വ്യാപകമാവുകയും ചെയ്യുന്നുണ്ട്. ഇത്തരമൊരു ഘട്ടത്തിൽ കേരളത്തിന്റെ പ്രതിഷേധ സമരധാരയെ ഒരിക്കൽ കൂടി ഭയപ്പെടുത്തുക എന്ന ഉദ്ദേശം ഇതിന് പിന്നിലുണ്ട് എന്ന് കരുതുന്നുണ്ടോ?

തീർച്ചയായും അങ്ങനെ നാം സംശയിക്കേണ്ടി വരും. കാരണം നിലവിൽ പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ ഇടം പിടിച്ച അനുഭവങ്ങൾ തുറന്നുപറഞ്ഞ് രംഗത്ത് വന്ന ആളുകൾക്കെല്ലാം സമാനമായ സവിശേഷതകളുണ്ട്. ഏതെങ്കിലും വിധത്തിൽ അബദ്ധവശാൽ ഈ ലിസ്റ്റിൽ കടന്നുകൂടിയവരല്ല അവർ. മൂലമ്പിള്ളി, പ്ലാച്ചിമട, ചെങ്ങറ, എൻഡോസൾഫാൻ, സർഫാസി, വാളയാർ, സി.എ.എ-എൻ.ആർ.സി തുടങ്ങി വ്യത്യസ്ത കാലങ്ങളിൽ കേരളത്തിന്റെ പലമേഖലകളിൽ നടന്ന വിവിധങ്ങളായ സമരങ്ങളുടെ ഭാഗമായി നിലകൊണ്ട ആളുകൾക്ക് നേരെയാണ് ഇപ്പോൾ ഓപ്പറേഷൻ കാവലിന്റെ ഭാഗമായ അന്വേഷണം ഉണ്ടായിരിക്കുന്നത്. നിലവിൽ അന്വേഷണം നേരിട്ടവരിൽ മാധ്യമപ്രവർത്തകരും ഗവേഷകരും സാമൂഹ്യപ്രവർത്തകരും അധ്യാപകരും സർക്കാർ ജീവനക്കാരും തുടങ്ങി സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉള്ള ആൾ വരെ ഉണ്ട്.

കെ - റെയിലിന്റെ പശ്ചാത്തലത്തിൽ കുടിയൊഴിപ്പിക്കലിനെതിരെ ഒരു പ്രക്ഷോഭം സംസ്ഥാനത്ത് നടക്കുകയാണെങ്കിൽ ആ സമരത്തിന് സഹായം നൽകുമെന്ന് പൊലീസ് കരുതുന്ന തരത്തിലുള്ള സാമൂഹിക രാഷ്ട്രീയ ബോധം കൈക്കൊള്ളുന്നവർ തന്നെയാണ് ഈ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളത്. പാർലമെന്ററി പ്രതിപക്ഷത്തിന് പുറമേ കേരളത്തിലെപ്പോഴും ഒരു രാഷ്ട്രീയ പ്രതിപക്ഷം കൂടിയുണ്ടാകാറുണ്ട്. അധികാരവുമായി ബന്ധപ്പെട്ട വിലപേശലുകൾക്കും കൊടുക്കൽ വാങ്ങലുകൾക്കും പുറത്ത് അടിസ്ഥാന ജനതയുടെ ജീവൽ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിലകൊള്ളുന്ന ഒരു സമരപക്ഷം. കേരളത്തിലെ - ദളിത് ആദിവാസി - പരിസ്ഥിതി - സ്ത്രീപക്ഷ - മനുഷ്യാവകാശ മുന്നേറ്റങ്ങളെല്ലാം ഈ സമരപക്ഷത്തിന്റെ രാഷ്ട്രീയ വിശാലതയിൽ പരസ്പരം കൈ കോർക്കുന്നവരാണ്. ഇത്തരം സമാന്തര രാഷ്ട്രീയ ധാരകളുടെ ഐക്യത്തെയും കെട്ടുറപ്പിനെയും ഇല്ലാതാക്കാനും അവയുടെ നേതൃത്വത്തെ വേട്ടയാടി ഇത്തരം മുന്നേറ്റങ്ങളെ ശിഥിലീകരിക്കാനും ഭരണകൂടം എല്ലാ കാലത്തും ശ്രമിക്കാറുണ്ട്. കെ റെയിലിന്റെ അടക്കം പശ്ചാത്തലത്തിൽ നടക്കുന്ന അത്തരമൊരു ശ്രമം തന്നെയാകാം ഇപ്പോൾ നടക്കുന്നതും.▮​


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments