കെ. കണ്ണൻ:ഇന്ത്യയിൽ സംഘ്പരിവാറിന്റെ ഏറ്റവും വലിയ ആക്രമണലക്ഷ്യങ്ങളിലൊന്ന് ക്രിസ്ത്യൻ സമുദായമാണ്. അതിക്രൂരമായ ഹിംസകളാണ് അവർ ക്രിസ്ത്യാനിറ്റിയെ ലക്ഷ്യം വച്ച് ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ, 2014ൽ നരേന്ദ്രമോദി അധികാരത്തിലെത്തിയതോടെ ക്രിസ്ത്യൻ സഭ അതിന്റെ സഖ്യകക്ഷിയായി സംഘ്പരിവാറിനെ സമീപിക്കുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാണ്. സഭയുടെ രാഷ്ട്രീയ- അധികാര താൽപര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന മട്ടിലുള്ള പ്രയോഗങ്ങൾ സംഘ്പരിവാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. സംഘ്പരിവാറുമായുള്ള ക്രിസ്ത്യൻ സഭയുടെ സഖ്യം കേരളത്തിന്റെ പുരോഗമനപരമായ സാമുദായിക ഫാബ്രിക്കിന് എന്തുമാത്രം അപകടമാണ് ചെയ്യാൻ പോകുന്നത്? മുഖ്യധാരാ രാഷ്ട്രീയവും പൊതുസമൂഹവും അർഥഗർഭമായ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്?
ബെന്യാമിൻ: വടക്കേ ഇന്ത്യയിൽ സംഘപരിവാർ ശക്തികൾ വലിയ തോതിൽ ക്രിസ്യാനിറ്റിക്ക് നേരെ ആക്രമണങ്ങൾ അഴിച്ചു വിടുന്നുണ്ടെന്ന് ഇവിടുത്തെ സഭാനേതാക്കൾക്കെല്ലാം ബോധ്യമുള്ള കാര്യമാണ്. എന്നാൽ എക്കാലത്തും ഭരണത്തിനോടൊപ്പം ഒട്ടി നിന്ന് ആനുകൂല്യങ്ങൾ പറ്റുന്ന ഒരു സ്വഭാവമാണ് ഈ സഭകൾക്ക് ഒക്കെയുള്ളതെന്ന് ചരിത്രം പരിശോധിച്ചാൽ നമുക്ക് മനസിലാവും. ഇനി എന്തായാലും കുറച്ചു കാലത്തേക്ക് ബി.ജെ.പി ആവും ഇന്ത്യ ഭരിക്കാൻ പോകുന്നത് എന്ന വിശ്വാസം ഇവർക്കുണ്ട്. അപ്പോൾ അവരോടൊപ്പം ഒട്ടി നിൽക്കുക, ആനുകൂല്യങ്ങൾ പറ്റുക, അതിനുവേണ്ടി മറ്റ് ആക്രമണങ്ങൾ മറന്നുകളയുക എന്ന തന്ത്രം അവർ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു.
മറ്റൊന്ന് ഹിന്ദുത്വം ഇവിടെ ശക്തി പ്രാപിക്കുകയാണെന്നും അതിനോട് എതിർത്തു നിന്ന് ഇവിടെ തുടർന്നു പോകുവാൻ സാധ്യമല്ലെന്നും അതുകൊണ്ട് അതിനോട് ഒട്ടി നിന്ന് സമുദായത്തെ അപകടരഹിതമായി മുന്നോട്ട് കൊണ്ടുപോകണം എന്നും മുസ്ലിംകൾക്ക് സംഭവിച്ചതുപോലെ ഒരു അപരവത്കരണത്തിനു നിന്നു കൊടുക്കേണ്ടതില്ലെന്നും ഒരു ആശയധാര പ്രബലപ്പെട്ട് വരുന്നുണ്ട്.
മൂന്നാമതായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇരു മുന്നണികളും തങ്ങൾക്ക് വേണ്ടത്ര ആനുകൂല്യങ്ങൾ നൽകിയിട്ടില്ല എന്ന പിണക്കം. ഇതെല്ലാമാണ് ബി.ജെ.പിയോട് അടുക്കാൻ ഈ സഭകളെ പ്രേരിപ്പിക്കുന്നത്.
ഇനി ന്യൂനപക്ഷങ്ങളുടെ പിന്തുണ ഇല്ലാതെ കേരളത്തിൽ ഒരു ചുവട് പോലും മുന്നോട്ട് വയ്ക്കാൻ ആവില്ല എന്ന് തിരിച്ചറിഞ്ഞിട്ടുള്ള ബി.ജെ.പി ആവുന്നത്ര സഹായങ്ങൾ ചെയ്ത് ഈ വിശ്വാസം ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പഴയ ഹിന്ദുമതത്തിന്റെ ഭാഗമായിരുന്നു എന്നു വിശ്വസിക്കുന്ന ഇപ്പോഴും പലതരത്തിൽ ഹിന്ദുമത ആചാരങ്ങൾ പിന്തുടരുന്ന സഭകളെ ആ ഭാഗത്തേക്ക് വലിച്ചടുപ്പിക്കുവാൻ പ്രയാസവുമില്ല. ഇക്കാര്യത്തിൽ ഇടപെട്ട് ഉള്ള ബന്ധവും വോട്ടും നഷ്ടപ്പെടുത്താൻ ഇവിടുത്തെ മുന്നണികൾ ഒന്നും തയ്യാറല്ല. തുച്ഛമായ വോട്ട് ശതമാനത്തിൽ വിജയിച്ചുകൊണ്ടിരിക്കുന്ന ഈ മുന്നണികൾക്ക് ആരേയും പിണക്കാൻ ആവാത്ത അവസ്ഥയാണ് ഉള്ളത്. അതാണ് ഈ മൗനത്തിനു കാരണം.
കേരളത്തിൽ ക്രിസ്ത്യൻ സഭകളിലെ ചില കോണുകളിൽനിന്ന്, മറ്റു സമുദായങ്ങളെ ലക്ഷ്യം വെച്ചോ, സാമുദായികമായ സഹവർത്തിത്തം തകർക്കുന്ന രീതിയിലോ മുമ്പില്ലാത്ത വിധം പരസ്യമായി വിദ്വേഷ ആഹ്വാനങ്ങളുണ്ടാകുന്നു. സഭകൾക്കകത്തെ പരസ്പരമുള്ള തർക്കങ്ങളുടെ സംഘർഷചരിത്രം മാത്രമാണ് ഇതുവരെ കേരളം അഭിമുഖീകരിച്ചിരുന്നത്. എന്നാൽ, സമീപകാലത്ത് സഭയുടെ ഔദ്യോഗിക പ്രതിനിധികളിൽനിന്നുതന്നെ വിശ്വാസികളെ മുന്നിൽനിർത്തി ഒരു "ശത്രു'വിനെ ചൂണ്ടി അവരിൽനിന്ന് സ്വന്തം കുടുംബങ്ങളെയും മക്കളെയും സംരക്ഷിക്കുക എന്ന മട്ടിലാണ് ഈ ആഹ്വാനങ്ങൾ. പാലാ ബിഷപ്പിന്റെ വിദ്വേഷപ്രസംഗം മാത്രമല്ല, മുമ്പും സോഷ്യൽ മീഡിയയും മറ്റു മാധ്യമങ്ങളുമെല്ലാം ചില തീവ്ര സംഘങ്ങൾ ഇത്തരം പ്രചാരണങ്ങളുടെ ഉപകരണങ്ങളാക്കിയിട്ടുണ്ട്. ഈ വിദ്വേഷ കാമ്പയിനുപുറകിൽ പ്രവർത്തിക്കുന്നത് മത താൽപര്യങ്ങളാണോ അതോ മത ബാഹ്യമായ ഘടകങ്ങളാണോ?
രണ്ടും ഉണ്ടെന്ന് നമുക്ക് നിരീക്ഷിക്കേണ്ടി വരും. ഒന്ന് സഭയുടെയും സമുദായത്തിന്റെയും സാമ്പത്തിക താത്പര്യങ്ങളാണ്. ന്യൂനപക്ഷം എന്ന നിലയിൽ മുസ്ലിം സമൂഹം ആവശ്യത്തിലധികം ആനുകൂല്യങ്ങൾ പങ്കു പറ്റുന്നു എന്നും ഒരു കാലത്ത് ക്രിസ്ത്യാനികളുടെ പിടിയിലായിരുന്ന പല ബിസിനസ് മേഖലകളും മുസ്ലിം വിഭാഗങ്ങൾ സംഘടിതമായ ശ്രമത്തിലൂടെ കവർന്നു കൊണ്ടുപോയി എന്നും മദ്ധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികൾ വ്യാപകമായി വിശ്വസിക്കുന്നുണ്ട്. ആ അസഹ്ണുതയാണ് പല രൂപത്തിൽ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഈ പ്രചാരണത്തിനു ഒക്കെ മുന്നിൽ നിൽക്കുന്നത് സീറോ മലബാർ സഭ മാത്രമാണ്. കേരളത്തിലെ പ്രബലമായ മറ്റൊരു സഭയും ഇത് ഏറ്റുപിടിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതിനു കാരണം ആ സഭ ആഭ്യന്തരമായ വലിയ പ്രശ്നത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അത് വിശ്വാസപരമാണ്. ജനത്തിന് അഭിമുഖമായി നിന്ന് വേണമോ കിഴക്കോട്ട് തിരിഞ്ഞു നിന്ന് വേണമോ കുർബ്ബാന അർപ്പിക്കാൻ എന്നത് ദീർഘകാലമായി അതിനുള്ളിലെ രണ്ട് വിശ്വാസ ധാരകൾ തമ്മിലുള്ള തർക്കം ആയിരുന്നു. അത് രൂപതകളും തമ്മിലും ബിഷപ്പുമാർ തമ്മിലും ഉള്ള സംഘർഷമായി മാറിക്കഴിഞ്ഞിരുന്നു. അതിനു തീർപ്പു കല്പിച്ചുകൊണ്ട് വത്തിക്കാൻ പുറപ്പെടുവിച്ച മാർഗ്ഗരേഖ സ്വീകരിക്കാനോ കുർബ്ബാന അർപ്പണം സംബന്ധിച്ച ഇടയ ലേഖനം വായിക്കാനോ പല പള്ളികളും പുരോഹിതന്മാരും തയ്യാറായിട്ടില്ല. ഇത് സഭയ്ക്കുള്ളിൽ വലിയ സംഘർഷത്തിനു കാരണമായിട്ടുണ്ട്. ഇതൊക്കെ മറച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിക്കൂടിയാണ് ഇതരസമൂഹങ്ങൾക്കുനേരെ ഉണ്ടയില്ലാത്ത വെടി പൊട്ടിച്ചുകൊണ്ടിരിക്കുന്നത്. അതിലൂടെ സഭയിൽ ഉരുത്തിരിഞ്ഞിരിക്കുന്ന ആഭ്യന്തര സംഘർഷത്തെ ഒതുക്കാം എന്നാണ് അവർ വിചാരിക്കുന്നത്.
താത്ക്കാലിക ലാഭത്തിനു വേണ്ടിയുള്ള ഈ തീക്കളി ഈ സമൂഹത്തെ ദൂരവ്യാപകമായ പ്രശ്‌നങ്ങളിൽ കൊണ്ടുചെന്നെത്തിക്കും എന്ന് ഇവർ ആലോചിക്കുന്നതേയില്ല.
(ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 42-ൽ പ്രസിദ്ധീകരിച്ച രണ്ട് ചോദ്യങ്ങൾ എന്ന പംക്തിയുടെ എഡിറ്റഡ് വേഷൻ)