പി. രാജീവ് / Photo: P. Rajeev, Fb

കേരളത്തിൽ വ്യവസായം വാഴില്ലേ?
വ്യവസായ മന്ത്രിയുടെ മറുപടി

സങ്കുചിത ലക്ഷ്യങ്ങളുമായി, തങ്ങളുടെ സാമ്പത്തിക, വാണിജ്യ, വ്യവസായ, രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി നടത്തുന്ന പ്രചാര വേലകളെ പ്രതിരോധിക്കേണ്ടത് കേരളത്തിന്റെ പൊതുവായ ആവശ്യമാണ്

ടി.എം. ഹർഷൻ: ഒരു കോർപ്പറേറ്റ് കമ്പനിയായ കിറ്റെക്​സ്​ അരാഷ്ട്രീയ സംഘടന ഉണ്ടാക്കി രാഷ്ടീയത്തിൽ ഇടപെടുകയാണ് ചെയ്തത്.
സമാനതകളില്ലാത്ത ഈ സാഹചര്യത്തെ നേരിടാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാവുക സ്വാഭാവികം. ഇത്തരമൊരു സാഹചര്യത്തിൽ, ശത്രുതാപരമായ ഇടപെടൽ സർക്കാരും പ്രതിപക്ഷവും കിറ്റെക്സിനോട് സ്വീകരിച്ചിട്ടുണ്ടോ?

പി. രാജീവ്: ട്വന്റി ട്വന്റിയുടെ രാഷ്ട്രീയം സർക്കാറിന്റെ നിലപാടുകളെയോ സമീപനങ്ങളെയോ സ്വാധീനിക്കുന്നില്ല. ഇത്തരം രാഷ്ട്രീയ സംവിധാനങ്ങളോട് രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ ഒരോ പാർട്ടികൾക്കും അവരവരുടെ നയങ്ങളും സമീപനങ്ങളും ഉണ്ടായിരിക്കും. എന്നാൽ ഗവർമെന്റിന്റെ നിലപാടുകളിൽ അത്തരം ഒരു സമീപനം പ്രതിഫലിപ്പിക്കില്ല. ജനാധിപത്യ സംവിധാനത്തിനകത്ത് തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ എല്ലാവരുടേതുമാണ്. ഇവിടെ സംരഭകരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് സർക്കാർ ശ്രമിക്കുന്നത്. കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു. അത്തരം ശ്രമങ്ങൾ നല്ല രീതിയിൽ ആരംഭിക്കാൻ കഴിഞ്ഞ സർക്കാറിന് സാധിച്ചിരുന്നു. ആ അഞ്ചു വർഷങ്ങളുടെ അടിത്തറയിൽ നിന്ന്​ മുന്നോട്ടു പോകാനാണ് ഈ ഗവർമെൻറ്​ ശ്രമിക്കുന്നത്. ഒരു തുടർച്ചയാണ് ഈ ഗവർമെൻറ്​ എന്നതാണ് അതിന് ഞങ്ങൾക്കുള്ള ഒരു സൗകര്യം. ഒരേ നയത്തിന്റെ തുടർച്ചയായി പോകുന്നു, അതിവേഗത്തിൽ വ്യവസായവൽക്കരണത്തിന് ശ്രമിക്കുന്നു. അതോടൊപ്പം വ്യവസായങ്ങൾ നിയമാനുസൃതമായി പ്രവർത്തിക്കുക എന്നത് പ്രധാനമാണ്.

ട്വന്റി ട്വന്റിയുടെ കാര്യത്തിൽ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്, അത് തെറ്റാണെന്ന് ഞങ്ങൾ പറയുന്നത്, ഈ അന്തരീക്ഷത്തെ ദുർബലപ്പെടുത്താനും തെറ്റായ രീതിയിൽ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നതു കൊണ്ടാണ്.

അതേസമയം നിയമങ്ങളിൽ കാലഹരണപ്പെട്ടതുണ്ടെങ്കിൽ അത് ഒഴിവാക്കാനുള്ള ശ്രമങ്ങൾ ഗവൺമെൻറ്​ ആരംഭിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ പരാതികൾ പരിഹരിക്കുന്നതിനു വേണ്ടിയുള്ള ശ്രമം കുറെക്കൂടി ശാസ്ത്രീയമായി തന്നെ രൂപപ്പെടുത്തിയിരിക്കുന്നു. ആദ്യത്തെ കാബിനറ്റ് മുതൽ തന്നെ അത്തരം പ്രവർത്തനങ്ങളിലാണ് വകുപ്പും ഗവർമെന്റും കേന്ദ്രീകരിച്ചിരിക്കുന്നത്. അതിൽ പ്രധാനപ്പെട്ടത്, ഇത്തരം പരിശോധനകളെല്ലാം തന്നെ സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കിയുള്ള സെൻട്രലൈസ്ട് സംവിധാനത്തിലേക്ക് കൊണ്ടു വരാൻ തീരുമാനിച്ചതാണ്. ഒരു ഡിപ്പാർട്ടുമെൻറിനു പുറകെ മറ്റൊരു ഡിപ്പാർട്ടുമെൻറ്​പരിശോധിക്കുന്ന രീതി ഒഴിവാക്കാനാകും. അതോടു കൂടി ഇത്തരത്തിലുള്ള എല്ലാ പരാതികൾക്കും അവസാനമാകും എന്നു കരുതുന്നു.

ഇതല്ലാതെ , പരാതികൾ പരിഹരിക്കാനുള്ള സംവിധാനം ഗവർമെൻറ്​ കൊണ്ടു വരുന്നുണ്ട്. ഓരോ വകുപ്പിലും ഉയർന്ന തലത്തിലുള്ള ഒരുദ്യോഗസ്ഥനെ നിയമിച്ച്, അദ്ദേഹത്തിന്റെ പരിശോധനയുടേയും തീരുമാനത്തിന്റേയും അടിസ്ഥാനത്തിൽ മാത്രമേ കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ പാടുള്ളു എന്നതാണത്. ആദ്യത്തെ ക്യാബിനറ്റ് എടുത്ത മറ്റൊരു പ്രധാന തീരുമാനമായിരുന്നു സ്റ്റാറ്റ്യൂട്ടറി ഗ്രീവൻസ് അഡ്രസ് മെക്കാനിസം നടപ്പിലാക്കുക എന്നത്. വകുപ്പുകൾക്കകത്ത് വരുന്ന പ്രശ്‌നങ്ങൾക്ക് അതാത് വകുപ്പുകൾക്ക് മാത്രമാണ് നിലവിൽ തീരുമാനമെടുക്കാൻ അധികാരം. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വരുന്ന പരാതികൾ പരിശോധിച്ച് അന്തിമ തീർപ്പ് കൽപ്പിക്കാൻ നിയമപരമായി പിൻബലമുള്ള ഒരു സംവിധാനമായിരിക്കുമത്. ഈ രൂപത്തിലാണ് ഗവർമെൻറിന്റെ പ്രവർത്തനം.

അപ്പോഴും ട്വന്റി ട്വന്റിയുടെ കാര്യത്തിൽ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്, അത് തെറ്റാണെന്ന് ഞങ്ങൾ പറയുന്നത്, ഈ അന്തരീക്ഷത്തെ ദുർബലപ്പെടുത്താനും തെറ്റായ രീതിയിൽ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നതു കൊണ്ടാണ്. കേരളം അതിവേഗത്തിൽ മുന്നേറുന്നു. കോവിഡാനന്തര കാലഘട്ടത്തിലെ പുതിയ സാധ്യതകളെ സമർത്ഥമായി വിനിയോഗിക്കാൻ ശ്രമിക്കുന്നു. ഒരു വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്ക് പോകാൻ ശ്രമിക്കുന്നു, അതിന് പറ്റുന്ന ഒരടിത്തറ ഒരുക്കാൻ നോക്കുമ്പോൾ അതിനെതിരെയുള്ള പ്രചാരവേലയക്ക് ശ്രമിക്കുക എന്നത് രാഷ്ട്രീയമാണ്. ആ രാഷ്ട്രീയമാണ് ഞങ്ങൾ തുറന്നു കാണിക്കുന്നത്. അത്​ ആ സമീപനത്തോടുള്ള പ്രതികരണമാണ്. എന്നാൽ ഇവരോടു പോലും, ഇങ്ങനൊരു സമീപനം സ്വീകരിച്ചല്ലോ എന്ന നിലയിലുള്ള ഒരു നിലപാട് സർക്കാർ സ്വീകരിക്കുകയും ചെയ്യുന്നില്ല.

കേരളം വ്യവസായ സൗഹൃദ സംസ്​ഥാനമല്ല എന്നത്​ ഇടതുപക്ഷത്തെ കൂടി പ്രതിക്കൂട്ടിലാക്കി, സൃഷ്​ടിച്ചെടുത്ത ഒരു കാമ്പയിനാണ്​. ഈ കാമ്പയിന്റെ ഏറ്റവും പുതിയ വേർഷനാണ്​ കിറ്റെക്​സ്​ ഉയർത്തുന്നത്. തങ്ങളെ ചവുട്ടിപ്പുറത്താക്കുകയാണ്​ ചെയ്​തത്​ എന്ന കിറ്റെക്​സ്​ മാനേജുമെൻറിന്റെ ആരോപണം കേരളത്തെ എങ്ങനെയാണ്​ ബാധിക്കുക? ​അതിനെ മറികടക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കുക.?

തീർച്ചയായും, അവരുടെ നടപടികൾ കേരളത്തെ പ്രതികൂലമായി ബാധിക്കുന്നതിന് ലക്ഷ്യം വെച്ചുള്ളതാണ്. എന്നാൽ നമ്മുടെ നാട്ടിലെ ജനങ്ങൾ, വ്യവസായികൾ, സംരഭകർ ഈ മാറ്റങ്ങൾ നേരിട്ടനുഭവിക്കുന്നവരാണ്. കേരളത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പ് സന്ദർഭത്തിൽ എത്രമാത്രം ചില്ലറ, ചെറുകിട വ്യവസായങ്ങൾ ഇവിടെ ആരംഭിച്ചു എന്ന് ഞങ്ങൾ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇപ്പോൾ അതിനെക്കാളും മുന്നോട്ടു പോകാൻ കഴിഞ്ഞിരിക്കുന്നു. 70,000-ലധികം MSME-കൾ കഴിഞ്ഞ ഗവൺമെൻറ്​ മുതൽ ഈ കാലഘട്ടം വരെ ആരംഭിച്ചിരിക്കുന്നു. ഈ പ്രതിസന്ധിയിൽ അവർക്കു മുന്നേറാനുള്ള പദ്ധതികൾ ഗവൺമെൻറ്​ആവിഷ്‌കരിക്കുന്നു. ‘ഒരു ജില്ല ഒരു ഉൽപന്നം’ എന്ന പദ്ധതി നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. ബംഗളൂരു -കൊച്ചി ഇടനാഴി ഭൂമി ഏറ്റെടുക്കൽ അതിവേഗത്തിലാണ് മുന്നോട്ടു പോകുന്നത്. അതോടൊപ്പം MSME- കളുടെ ആവശ്യം കൂടെ പരിഗണിച്ചു കൊണ്ട് ഒരു ട്രേഡ്, എക്‌സിബിഷൻ സെന്റർ കാക്കനാട് വരികയാണ്. എല്ലാ തലങ്ങളിലും ഗവൺമെൻറ്​ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.

ശമ്പള കുടിശ്ശിക നൽകാത്തതിന്റെ പേരിൽ ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന ഐഫോൺ നിർമാണ കമ്പനിയായ വിസ്ട്രോണിൽ നടന്ന ആക്രമണം (2020, ഡിസംബർ 12)

‘സിംഗിൾ വിന്റോ സിസ്റ്റ’ത്തിന് നിലവിൽ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ബോർഡുകളുണ്ട്. ഇതു കൂടാതെ കെ.എസ്.ഐ.ഡി.സി. പോലുള്ള പാർക്കുകളിൽ പ്രത്യേകമായ ‘സിംഗിൾ വിന്റോ’ സംവിധാനം വരികയാണ്. അതോടു കൂടി പ്ലഗിൻ എന്ന രൂപത്തിൽ, വരുന്ന കമ്പനികൾക്ക് അവിടെ പ്രവർത്തനം ആരംഭിക്കാൻ കഴിയാവുന്ന രൂപത്തിലേക്ക് ആ പാർക്കുകൾ മാറും. ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റുകൾ പഴയ രീതിയിലുള്ളവയാണ്. ആധുനിക കാലത്തിനനുസരിച്ച് അവ പുതുക്കിപ്പണിയാൻ തീരുമാനിച്ചു. കെ.എസ്.ഐ.ഡി.സി, ഇൻഫ്ര, വ്യവസായ ഡയറക്​ടറേറ്റ്​, സിറ്റ്‌കോ തുടങ്ങി ഇവയുടെയെല്ലാം കീഴിലുള്ള ഭൂമിയെക്കുറിച്ച് സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കി. അതിൽ കുറച്ചു ഭൂമി ലിറ്റിഗേഷനിലാണ്. ലിറ്റിഗേഷൻ നടപടികൾ വേഗത്തിലാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിരിക്കുന്നു. ഇങ്ങനെയാണ് കേരളം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. അഗ്രോ ബേസ്ഡ് ഇൻഡട്രികൾ, ഇലക്ട്രോണിക്‌സ്, ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ എക്യുപ്‌മെന്റ് തുടങ്ങിയ മേഖകൾ കേന്ദ്രീകരിച്ചു കൊണ്ട് പ്രവർത്തനങ്ങൾ വരുന്നു. ഒപ്പം തന്നെ പൊതുമേഖലയെ നവീകരിക്കുന്നതിനുള്ള മാസ്റ്റർ പ്ലാനുകൾ തയ്യാറാകുന്നു. കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ ഇതൊക്കെയാണെന്ന ഇവിടത്തെ ജനങ്ങൾക്ക് നന്നായറിയാവുന്നതാണ്.

മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന പല കാര്യങ്ങളും നമ്മൾ കാണുന്നുണ്ട്. എന്നാൽ അത്തരം സംഭവങ്ങൾ കേരളത്തിൽ ഒരു വ്യവസായശാലക്കു നേരെയും ഉണ്ടാകുന്നില്ല.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് കേരളം. മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന പല കാര്യങ്ങളും നമ്മൾ കാണുന്നുണ്ട്. എന്നാൽ അത്തരം സംഭവങ്ങൾ കേരളത്തിൽ ഒരു വ്യവസായശാലക്കു നേരെയും ഉണ്ടാകുന്നില്ല. ‘ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സി’ൽ അതിവേഗത്തിൽ ഈ വർഷം തന്നെ പത്താം സ്ഥാനത്തേക്ക് എത്തുന്നതിനാണ് ഈ ഗവൺമെൻറ്​ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇത് നന്നായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും ഞങ്ങൾ ശ്രമിക്കുന്നുണ്ട്. സങ്കുചിതമായ ലക്ഷ്യങ്ങളുമായി, തങ്ങളുടെ സാമ്പത്തിക, വാണിജ്യ, വ്യവസായ, രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി നടത്തുന്ന പ്രചാര വേലകളെ പ്രതിരോധിക്കേണ്ടത് കേരളത്തിന്റെ പൊതുവായ ആവശ്യമാണ്. ▮

Comments