വയനാട്ടിൽ രാഹുൽ

ദേശീയ രാഷ്ട്രീയത്തിൽ രാഹുലിന്റെ പ്രാധാന്യം മുന്നിൽ കണ്ടായിരിക്കാം വയനാടിന്റെ ജനവിധിയെന്ന് സൂചിപ്പിക്കുന്നതാണ് ഫലം.

Election Desk

‘ഇന്ത്യ’ സഖ്യത്തിന്റെ പ്രധാന രണ്ട് നേതാക്കൾ തമ്മിൽ മത്സരിച്ച വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് ജയത്തിലേക്ക്. സി പി ഐ ദേശീയ നേതാവ് ആനി രാജയെ പരാജയപ്പെടുത്തി രാഹുൽ വീണ്ടും വയനാടിന്റെ എം.പിയാകുകയാണ്. ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിലും രാഹുൽ ഗാന്ധി മത്സരിച്ചിരുന്നു. ഇവിടെയും 3.7 ലക്ഷം വോട്ടിന്റെ ലീഡുമായി മുന്നേറുകയാണ്.

2019-ൽ 4,31,770 വോട്ടിന്റെ കേരളം കണ്ട ഏറ്റവും വലിയ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് രാഹുൽഗാന്ധിയെ ലോക്‌സഭയിലേക്കയച്ചത്.

2009- ൽ ലോക്സഭാ മണ്ഡലം രൂപീകരിച്ച കാലം തൊട്ട് യു.ഡി.എഫിനൊപ്പമാണ് വയനാട്. കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വയനാട് ഒരിക്കലും ശ്രദ്ധാകേന്ദ്രമായിരുന്നില്ല, 2019 ൽ രാഹുൽ ഗാന്ധി വരുന്നതുവരെ. രാഹുൽ ഗാന്ധിയുടെ വരവോടെ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ മണ്ഡലമായി വയനാട്ടിലേത്. ഇത്തവണ ആനി രാജ കൂടി മത്സരരംഗത്തേക്ക് വന്നതോടെ മത്സരം അതിശക്തമായി.

2019-നേക്കാൾ ശക്തനായ ദേശീയ നേതാവ് എന്ന നിലയിലാണ് രാഹുൽ ഇത്തവണ വയനാട്ടിൽനിന്ന് ജനവിധി തേടിയത്. ‘ഇന്ത്യ’ സഖ്യത്തി​നൊപ്പമുള്ള ഇടതുപക്ഷത്തിനെതിരെ രാഹുൽ മത്സരിക്കരുത് എന്ന നിലയ്ക്കുള്ള വ്യാഖ്യാനങ്ങൾ രാഹുലിന്റെ സ്ഥാനാർഥിത്വത്തിനെതിരെ ഇടതുപക്ഷം ഉയർത്തിയിരുന്നു. എന്നാൽ, സി.പി.ഐക്കും ഇതേ സമീപനം സ്വീകരിക്കാമായിരുന്നുവെന്ന് യു.ഡി.എഫും മറുപടി നൽകി. കൂടാതെ, വയനാട്ടിലെ പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ രാഹുൽ എന്ന എം.പി പരാജയമായിരുന്നുവെന്ന കാമ്പയിനുമുണ്ടായിരുന്നു. എന്നാൽ, ദേശീയ രാഷ്ട്രീയത്തിൽ രാഹുലിന്റെ പ്രാധാന്യം മുന്നിൽ കണ്ടായിരിക്കാം വയനാടിന്റെ ജനവിധിയെന്ന് സൂചിപ്പിക്കുന്നതാണ് ഫലം.

വയനാട്ടിലെ രാഹുലിന്റെ മത്സരം കഴിഞ്ഞ തവണ കേരളത്തിലെ മറ്റു മണ്ഡലങ്ങളിലും യു ഡി എഫിന്റെ ജയം എളുപ്പമാക്കിയിരുന്നു. ഇത്തവണ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ചോദ്യം ചെയ്തും വയനാടിനൊരു സ്ഥിരം എം.പി എന്ന കാമ്പയിനുമായി ശക്തമായ പ്രചാരണമാണ് എൽ ഡി എഫ് നടത്തിയതെങ്കിലും അതൊന്നും വോട്ടർമാരെ സ്വാധീനിച്ചില്ല. എന്നാൽ കഴിഞ്ഞ തവണത്തെ രാഹുലിന്റെ ഭൂരിപക്ഷം കുറക്കാനായി എന്ന് ആശ്വാസത്തിലാണ് എൽഡിഎഫ്.

2009-ലെ ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ എം.ഐ. ഷാനവാസ് സി.പി.ഐയിലെ എം. റഹ്‌മത്തുള്ളയെ 1,53,439 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചു വയനാടിന്റെ ആദ്യ എംപിയായി. എൻ.സി.പി സ്ഥാനാർഥിയായി മത്സരിച്ച കെ. മുരളീധരൻ 99,663 വോട്ട് നേടി. 2014-ൽ ഷാനവാസ് വിജയം ആവർത്തിച്ചു, സി.പി.ഐയുടെ സത്യൻ മൊകേരിയെ 20,870 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചു. ഷാനവാസിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയുകയും ചെയ്തു. 2019 ൽ രാഹുൽ ഗാന്ധിയുടെ വരവോടെ വയനാട് മണ്ഡലത്തിന്റെ ചരിത്രം മറ്റൊന്നായി.

മത്സരിച്ച രണ്ട് മണ്ഡലത്തിലും രാഹുൽ ഗാന്ധി വിജയിക്കുന്ന സാഹചര്യത്തിൽ ഏത് മണ്ഡലത്തിലെ എം.പി സ്ഥാനമാണ് രാജിവെക്കുകയെന്ന ചർച്ചയാണ് ഇപ്പോൾ ചൂടുപിടിക്കുന്നത്.

Comments