രാഹുൽ ഗാന്ധി

ഇടതുപക്ഷമല്ലാത്ത സി.പി.എം,
ഇടതുപക്ഷ നേതാവായ രാഹുൽ ഗാന്ധി

ഒരു പകർപ്പവകാശം അല്ലെങ്കിൽ ട്രേഡ് മാർക്ക് / ബ്രാൻഡ് എന്ന നിലയിൽ ഇടതുപക്ഷം എന്നത് സി പി എം കുത്തകയായി വെച്ചിട്ടുണ്ടെങ്കിലും പ്രയോഗതലത്തിലോ ആശയത്തിലോ ഇടതുപക്ഷ നോർമേറ്റീവിനോടു പോലും തെല്ലു യോജിച്ചു പോകുന്നില്ല, സി പി എം ഭരണം- ദാമോദർ പ്രസാദ് എഴുതുന്നു.

‘‘We are fighting for the distinction between sacrifice and mysticism, between energy and violence, between strength and cruelty, for that even finer distinction between the true and the false, between the man of the future and the cowardly gods you revere’’.
- Albert Camus, Letters to a German Friend.

ഒന്ന്

രാഹുൽ ഗാന്ധി സവിശേഷമായൊരു ഇടത്തെയാണ് ഡിഫൻഡ് ചെയ്യാൻ ശ്രമിച്ചത് എന്നാണ് എനിക്ക് തോന്നിയത്. ഇടം എന്നാൽ സ്‌പേസ്. ഒ.വി. വിജയന്റെ ഭാഷയിൽ സ്ഥലി എന്നു പറഞ്ഞാലും കുഴപ്പമില്ല. അതൊരു തിയറ്ററിക്കൽ സ്‌പേസാണ്. പെർഫോമൻസ് ആവശ്യപ്പെടുന്നത്. വാസ്തുശിൽപരമായ ഒന്നുമാണത്. ഹന്നാ ആരെന്റ് പറയുന്നതു പോലെ, (ദൃശ്യ)സാന്നിധ്യത്തിന്റെ ഇടമെന്ന (space of appearance) എന്ന നിലയിലും രാഹുൽ ഗാന്ധി പുതിയൊരു കളക്റ്റിവിറ്റി സാധ്യമാക്കിയിരിക്കുന്നു.

ഇന്ത്യ എന്ന ആശയം എന്നു പറയുന്നതുപോലെ ഇടത്തെ ഐഡിയ അല്ലെങ്കിൽ ആശയമെന്നൊക്കെ പറഞ്ഞ് മെറ്റാഫിസിക്കലാക്കേണ്ടതല്ല. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശ്യമുണ്ടായിരുന്നു, തീർച്ചയായും. എന്നാൽ അതിനേക്കാളുപരി രണ്ട് ഭാരത് ജോഡോ യാത്രകളും ലെഫ്റ്റ് -ലിബറൽ സ്ഥലത്തിന്റെ വീണ്ടെടുക്കലായിരുന്നു. റാഡിക്കൽ വീക്ഷണത്തിൽ ലെഫ്റ്റ് -ലിബറൽ എന്നത് കാല്പനികവും അർത്ഥശൂന്യമായും തോന്നാം. എന്നാൽ മോദിയുടെ സ്വേച്ഛാധികാരക്രമത്തിൽ അതീവ ദുർബലമാക്കപ്പെട്ട ഒരു ഇടമാണ് വീണ്ടെടുക്കപ്പെട്ടത്. ഇടതിനും ലിബറലിനും വിമതനും ഗാന്ധിയനും അംബേദ്കറൈറ്റിനും പൂർവ നക്സലൈറ്റുകൾക്കും ഇടമുള്ള ഒരിടം.

ജേണലിസ്റ്റും ആക്ടിവിസ്റ്റുമായ സത്യാ സാഗർ (Fear and Hope for Post the Fourth June, Counter Currents) എഴുതിയ ലേഖനത്തിൽ വികാരവായ്‌പോടെ, ഇടതുപക്ഷബോധമുള്ള രാഹുൽ ഗാന്ധിയെ പോലെ ഒരു നേതാവിനെ ലഭിച്ചതാണ് ‘ഇന്ത്യ’ മുന്നണിയുടെ യഥാർത്ഥ സംഭാവന എന്നാണ് നീരിക്ഷിക്കുന്നത്. നമ്മളിൽ ഏറെ വിശ്വാസവും കൗതുകവുമുണർത്തുന്ന വിധത്തിലാണ് സത്യാ സാഗർ രാഹുൽ ഗാന്ധിയെ പറ്റി ഇപ്രകാരം നീരിക്ഷിക്കുന്നത്: "ഇന്ത്യൻ ഇടതുപക്ഷം ഒരു മഹത്തായ പുനരുജ്ജീവനത്തിലേക്കാണ്. ഞാൻ ഇവിടെ വ്യവസ്ഥാപിത ഇടതുപക്ഷ പാർട്ടികളെക്കുറിച്ചല്ല സംസാരിക്കുന്നത്. ഇന്ത്യൻ രാഷ്ട്രീയ പരിസരത്തിൽ പതിറ്റാണ്ടുകൾക്കുശേഷം ഉയർന്നുവന്ന ഏറ്റവും വലിയ ഇടതുപക്ഷ ചിന്തകനും നേതാവും മറ്റാരുമല്ല, കോൺഗ്രസ് പാർട്ടിയുടെ ആവേശഭരിതനായ (feisty) നേതാവ് രാഹുൽ ഗാന്ധിയാണ്’’.

ഹന്നാ ആരെന്റ്
ഹന്നാ ആരെന്റ്

ഒരുപക്ഷെ സി പി എമ്മിന്റെ കേരള ഘടകത്തിന് ഇത് മനസ്സിലാകണമെന്നില്ല. ഒരു പകർപ്പവകാശം അല്ലെങ്കിൽ ട്രേഡ് മാർക്ക് / ബ്രാൻഡ് എന്ന നിലയിൽ ഇടതുപക്ഷം എന്നത് സി പി എം കുത്തകയായി വെച്ചിട്ടുണ്ടെങ്കിലും പ്രയോഗതലത്തിലോ ആശയത്തിലോ ഇടതുപക്ഷ നോർമേറ്റീവിനോടു (normative) പോലും തെല്ലു യോജിച്ചു പോകുന്നില്ല സി പി എം ഭരണം. ഇടതുപക്ഷമെന്നത് സാമൂഹിക -രാഷ്ട്രീയ മണ്ഡലത്തിൽ മനുഷ്യ നിർമിത അനീതിക്കെതിരെ നിലകൊള്ളുന്ന സംഘടിത ആക്ഷനാണ്. Man Made Injustice, വാച്യമായും വ്യംഗ്യാർത്ഥത്തിലും ആൺ അനീതി എന്നു പറയാം.

സമ്പത്തിന്റെ കുന്നുകൂട്ടലും അപഹരിക്കലും സാമൂഹികമായ മർദ്ദനവും അടിച്ചമർത്തലും സാമൂഹിക വിഭജനങ്ങളും വ്യത്യസ്തതകളുടെ നിർമ്മാർജ്ജനവും -എല്ലാം തന്നെ ആൺ നിർമിത അനീതികളിൽപ്പെടും. ക്ഷേമപ്രവർത്തനം പോലും നടത്താൻ കെല്പില്ലാതെ, അതേസമയം സർക്കാർ പരിപാടികളുടെ ധൂർത്തിലൂടെയുമൊക്കെ അടിസ്ഥാന ആശയത്തിൽ നിന്ന് എത്രയോ അകലത്തായി വ്യവസ്ഥാപിത ഇടതുപക്ഷം. ചില അധികാര തർക്കങ്ങളുടെ പേരിലല്ലാതെ ഇടതുപക്ഷ ആശയത്തിന്റെയും പ്രയോഗത്തിന്റെയും പേരിൽ സി പി എമ്മിനെ ഇന്ത്യ ഭരിക്കുന്ന ഹിന്ദുത്വ വലതുപക്ഷം ആക്രമിക്കാറില്ല. അവരിൽ പോലും ഇടതുപക്ഷപ്രതീതി സൃഷ്ടിക്കാൻ പറ്റാത്തതിനാലാകണം.

ഇടതുപക്ഷം ആക്രമിച്ചതൊക്കെ രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെയായിരുന്നു. കോൺഗ്രസ് മാനിഫെസ്റ്റോയെ നരേന്ദ്ര മോദി ഒരു പ്രചാരണ പരിപാടിയിൽ വിശേഷിപ്പിച്ചത് 'മുസ്‍ലിം ലീഗ്- ലെഫ്റ്റിസ്റ്റ് ഐഡിയോളജി' എന്നാണ്. രാഹുൽ ഗാന്ധിയെ എത്രയോ തവണ അർബൻ നക്സൽ എന്ന് ആക്രമിച്ചിട്ടുണ്ട്. ഭരണഘടനാധിഷ്ഠിത ലിബറൽ ആശയത്തെയാണ് രാഹുൽ ഗാന്ധി യഥാർത്ഥത്തിൽ പ്രതിനിധാനം ചെയ്യുന്നത്. മുതലാളിത്ത വിരുദ്ധമല്ല ഈ സമീപനം. രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്യുന്നത് പരിഷ്‌ക്കരിച്ച മുതലാളിത്തത്തെയാണ്.

രണ്ട് ഭാരത് ജോഡോ യാത്രകളും ലെഫ്റ്റ് -ലിബറൽ സ്ഥലത്തിന്റെ വീണ്ടെടുക്കലായിരുന്നു. Photo : inc.in
രണ്ട് ഭാരത് ജോഡോ യാത്രകളും ലെഫ്റ്റ് -ലിബറൽ സ്ഥലത്തിന്റെ വീണ്ടെടുക്കലായിരുന്നു. Photo : inc.in

രഘുറാം രാജനെ പോലുള്ളവർ പരിഷ്കൃത മുതലാളിത്തത്തിന്റെ സ്വഭാവത്തെ സിദ്ധാന്തവൽക്കരിച്ചിട്ടുണ്ട്. ജോസെഫ് സ്റൈഗ്ലിറ്റ്‌സ്, തോമസ് പിക്കെറ്റി എന്നിവർ പിന്തുടരുന്ന സമീപനമാണിത്. ഉത്തര മുതലാളിത്തം എന്നും വിശേഷിപ്പിക്കാം. പക്ഷെ അതിനുമപ്പുറം രാഹുൽ ഗാന്ധി വീണ്ടെടുക്കാനും പ്രതിരോധിക്കാനും ശ്രമിച്ച സ്‌പേസിൽ ഇടതുപക്ഷവുമുണ്ട്. ആയതിനാൽ, വിവരഗുണമുള്ള സമ്മതിദായകരെ സംബന്ധിച്ച് ‘ഇടതില്ലാതെ എന്ത് ഇന്ത്യ’ എന്ന പ്രമാണവാക്യത്തിന് കാതലായ പ്രസക്തിയൊന്നുമില്ല. സി പി എമ്മിന് പ്രസ്തുത പ്രമാണവാക്യത്തിലൂടെ ഒരു പ്രതീതിയും സൃഷ്ടിക്കാനാവുകയുമില്ല.

കാരണം, നേരത്തെ സൂചിപ്പിച്ച രാഹുൽ ഗാന്ധി രണ്ടു യാത്രകളിലൂടെയും മണിപ്പുരിലെ സ്നേഹസന്ദർശനത്തിലൂടെയും അനേകം വാർത്താ സമ്മേളനങ്ങളിലൂടെയും ആവിഷ്‌ക്കരിച്ച രാഷ്ട്രീയത്തിൽ ഹന്ന ആരെന്റിന്റെ 'സ്‌പേസ് ഓഫ് അപ്പിയറൻസ്' അഥവാ ദൃശ്യാത്മകസാന്നിധ്യം എന്ന സങ്കൽപനത്തിൽ ഇടതുപക്ഷവുമുണ്ടായിരുന്നു. സി പി എമ്മിന്റെ ബ്രാൻഡ് മുദ്രയടിച്ച ഇടതായിരുന്നില്ല ഇത്. ഈ ഇടത് യഥാർത്ഥമായിരുന്നു. യഥാർത്ഥമായിരിക്കെ ബഹുസ്വരമായ സാധ്യതയുമായിരുന്നു.

രഘുറാം രാജൻ
രഘുറാം രാജൻ

സി പി എമ്മിനാണ് ‘ഇന്ത്യ’ മുന്നണിയിലാണോ അല്ലയോ എന്ന സംശയമുണ്ടായിരുന്നത്. സി പി എമ്മിന്റെ കേന്ദ്ര നേതൃത്വവും ബംഗാൾ ഘടകവും ‘ഇന്ത്യ’ മുന്നണി ഫാഷിസ്റ്റ് വിരുദ്ധ പ്ലാറ്റ്‌ഫോമാണെന്നു തിരിച്ചറിഞ്ഞപ്പോഴും അതിൽ പൂർണമായും ഐക്യപ്പെടാതെ അകന്നുനിൽക്കാൻ നിർബന്ധിതമായത് കേരളത്തിലെ സി പി എമ്മിന്റെ പ്രായോഗിക രാഷ്ട്രീയ കർക്കശ്യങ്ങളാണ്.

രണ്ട്

ബൂർഷ്വാ സാമൂഹിക വ്യവസ്ഥയിൽ അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്നുദ്ദേശ്യത്തോടെ നടപ്പാക്കിയതാണ് ക്ഷേമപെൻഷനുകൾ. ഇടതുപക്ഷത്തിന്റെ സാമ്പത്തിക നീതിയുടെയും ദുർബല ജനവിഭാഗങ്ങളുടെ സാമ്പത്തിക ശാക്തീകരണ നയങ്ങളുടെയും ദൃഷ്ടാന്തമാണ് ക്ഷേമപ്രവർത്തനങ്ങൾ. ഇടതുപക്ഷമാണ് ഇതിന് മാതൃക കാട്ടിയവർ. ദ്രാവിഡ പ്രസ്ഥാനങ്ങളുടെയും പ്രധാന നയമായിരുന്നു ഇത്. ക്ഷേമ പ്രവർത്തനങ്ങൾ ഇന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി വലതുപക്ഷവും നടപ്പാക്കിവരുന്നു.

കോൺഗ്രസ് നേതൃത്വത്തിലുള്ള യു പി എ സർക്കാരുകളും ക്ഷേമപ്രവർത്തനത്തിന് ഏറെ പ്രാമുഖ്യം നൽകിയിരുന്നു. ആദ്യ യു പി എ സർക്കാരിൽ ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികൾക്കുണ്ടായിരുന്ന സ്വാധീനത്തിന്റെ ഫലമാണിതെന്നു മനസ്സിലാക്കുന്നതിൽ തെറ്റില്ല. പുതിയ തിരിച്ചറിവുകളോടെ രാഹുൽ ഗാന്ധിയുടെയും ഖാർഗെയുടെയും നേതൃത്വത്തിലുള്ള കോൺഗ്രസ് സാമ്പത്തിക നീതിയുടെ രാഷ്ട്രീയത്തിനപ്പുറം കടന്ന്, സാമൂഹിക നീതിയുടെ രാഷ്ട്രീയവും അവരുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാക്കി. സാമൂഹികനീതി സർവേ നടപ്പാക്കുമെന്ന പ്രഖ്യാപനം ഇതിനുള്ള തെളിവാണ്.

ഇടതുപക്ഷം, അധഃസ്ഥിതരുടെയും അടിസ്ഥാന വർഗ്ഗക്കാരുടെയും കർഷക തൊഴിലാളിയുടെയും ചെറുകിട കച്ചവടക്കാരുടെയും ഇടത്തരക്കാരുടെയും ഉന്നമനത്തിനായുള്ള അഭിലാഷങ്ങളെ സാധ്യമാക്കുന്ന രാഷ്ട്രീയം എന്ന നിലയിലാണ് പ്രസക്തമാകുന്നത്
ഇടതുപക്ഷം, അധഃസ്ഥിതരുടെയും അടിസ്ഥാന വർഗ്ഗക്കാരുടെയും കർഷക തൊഴിലാളിയുടെയും ചെറുകിട കച്ചവടക്കാരുടെയും ഇടത്തരക്കാരുടെയും ഉന്നമനത്തിനായുള്ള അഭിലാഷങ്ങളെ സാധ്യമാക്കുന്ന രാഷ്ട്രീയം എന്ന നിലയിലാണ് പ്രസക്തമാകുന്നത്

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കുള്ള സോഷ്യൽ ഡെമോക്രാറ്റിക്‌ രാഷ്ട്രീയത്തിന്റെ പുതിയൊരു സാധ്യതയാണ് രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ തുറന്നിട്ടത്. സാമൂഹിക സമത്വത്തിന്റെ രാഷ്ട്രീയവും ഇതിനു പ്രേരകമാകുന്നു. കോർപറേറ്റുകൾ നടത്തുന്ന പൊതുസമ്പത്തിന്റെ കൊള്ളയ്‌ക്കെതിരെ സ്ഥിരമായി സംസാരിക്കുന്ന ദേശീയതലത്തിലെ ഒരു രാഷ്ട്രീയ നേതാവ് രാഹുൽ ഗാന്ധിയാണ്. മാത്രമല്ല, അദാനി കോർപറേഷന് നരേന്ദ്ര മോദിയുമായുള്ള സൗഹൃദവും ഇതുവഴി അദാനി കോർപറേറ്റിന് ലഭിക്കുന്ന വഴിവിട്ട പിന്തുണയും ദേശീയ ചർച്ച വിഷയമാക്കിയതും രാഹുലാണ്.
കോൺഗ്രസ് നിലപാടുകളെ തന്നെ അതിവർത്തിക്കുന്ന സമീപനമാണിത്. രാഹുൽ ഗാന്ധിയുടെ നിരന്തര വിമർശനത്തിന്റെ ഫലമായാണ്, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അദാനി കോർപറേഷന്റെ പേരുദ്ധരിച്ച് കോൺഗ്രസിന് അദാനി ട്രക്ക് കണക്കിന് പണം നൽകുന്നുവെന്ന് നരേന്ദ്ര മോദിക്ക് ആരോപിക്കേണ്ടിവന്നത്. അതിനുള്ള മറുപടി അപ്പോൾ തന്നെ രാഹുൽ ഗാന്ധി നല്കുകയുമുണ്ടായി. മതേതരത്വത്തിന്റെ കാര്യത്തിൽ കോൺഗ്രസിന് കൈമോശം വന്ന നെഹ്രുവിയൻ നിലപാടുകൾ തിരിച്ചുപിടിക്കാനും രാഹുലിന് സാധിച്ചു.

മതവും ജാതിയും തിരിച്ച് ജനം എങ്ങനെ വോട്ടു ചെയ്ത്, സി പി എമ്മിനെ പരാജയത്തിലേക്കെത്തിച്ചുവെന്നാണ് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ വിശദീകരിക്കാൻ ശ്രമിച്ചത്. മാർക്സിസ്റ്റ് എന്ന് അവകാശപ്പെടുന്ന നേതാവിൽ ഒരു വർഗവിശകലനവുമില്ല.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രാഷ്ട്രീയത്തിനു പ്രചോദനകരമാകുംവിധം ഇടതുപക്ഷത്തെ പുനർനിർമിക്കുന്നത് (reinvent) രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയമാണ്. സവർക്കറുടെ ദേശീയതക്കെതിരെ രാഷ്ട്രീയ വിമർശനം ഉന്നയിക്കുന്നതും പ്രധാനമായും രാഹുൽ ഗാന്ധിയാണ്. പരമ്പരാഗത രീതികൾ ഉപേക്ഷിച്ച് പരിവർത്തനത്തിന്റേതായ രാഷ്ട്രീയത്തിനാണ് മുൻഗണന നൽകപ്പെടുന്നത്. കോൺഗ്രസിന്റെ പാരമ്പരാഗതശൈലിയിൽ നിന്ന് ഏറെ വ്യതിരിക്തമാണ് രാഹുൽ പ്രവർത്തനക്ഷമമാക്കിയിരിക്കുന്ന രാഷ്ട്രീയം.

2024-ലെ തിരഞ്ഞെടുപ്പുവിധിക്കുശേഷം രാഹുൽ ഗാന്ധി നടത്തിയ രണ്ടു വാർത്താസമ്മേളങ്ങളും ഈ വേളയിൽ പരാമർശിക്കപ്പെടേണ്ടതുണ്ട്. എക്സിറ്റ് പോൾ വൻകിട കോർപറേറ്റുകൾക്ക് പണം സ്വരൂപിക്കാനുള്ള ആസൂത്രിത ഇടപാടായിരുന്നുവെന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. ചെറുകിട നിക്ഷേപകർക്ക് വലിയ തോതിൽ പണം നഷ്ടപ്പെടാനും ഇത് ഇടയാക്കി എന്നാണ് രാഹുൽ വിമർശിച്ചത്. അതിന് ജെ പി സി അന്വേഷണമാണ് ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് വിധിയുടെ പിറ്റേന്നു തന്നെയാണ് രാഹുൽ ഗാന്ധി വാർത്താസമ്മേളനം വിളിച്ചത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രാഷ്ട്രീയത്തിനു പ്രചോദനകരമാകുംവിധം ഇടതുപക്ഷത്തെ പുനർനിർമിക്കുന്നത്  രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയമാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രാഷ്ട്രീയത്തിനു പ്രചോദനകരമാകുംവിധം ഇടതുപക്ഷത്തെ പുനർനിർമിക്കുന്നത് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയമാണ്.

നീറ്റ്- നെറ്റ് പരീക്ഷാ ക്രമക്കേടിലെ പ്രശ്നങ്ങൾ ഉന്നയിക്കാൻ രാഹുൽ ഗാന്ധി വിളിച്ചുചേർത്ത മാധ്യമ സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധിയുടെ സവിശേഷ കാരണമായി ചൂണ്ടിക്കാണിച്ചത്, ഉന്നത നിയമനങ്ങളിൽ പ്രത്യയശാസ്ത്ര വിധേയരെ നിയോഗിക്കുന്നതാണ്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ തുറന്ന നിലയിൽ അഭിമുഖീകരിക്കാൻ ഭയക്കുന്ന പ്രധാനമന്ത്രിയിൽ നിന്ന് വ്യത്യസ്തമായി, മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് വളരെ കൂളായി മറുപടി പറയുന്ന രാഹുൽ ഗാന്ധിയെയാണ് ജനം കാണുന്നത്. സാമൂഹ്യ ജനാധിപത്യ രാഷ്ട്രീയത്തിന് പ്രചോദനകരമാണ് ഈ സമീപനം.

ഇത്രേം കൂടി…

ടതുപക്ഷം, അത് വ്യവസ്ഥാപിതമാകട്ടെ വ്യവസ്ഥാവിരുദ്ധമാകട്ടെ, അധഃസ്ഥിതരുടെയും അടിസ്ഥാന വർഗ്ഗക്കാരുടെയും കർഷക തൊഴിലാളിയുടെയും ചെറുകിട കച്ചവടക്കാരുടെയും ഇടത്തരക്കാരുടെയും ഉന്നമനത്തിനായുള്ള അഭിലാഷങ്ങളെ സാധ്യമാക്കുന്ന രാഷ്ട്രീയം എന്ന നിലയിലാണ് പ്രസക്തമാകുന്നത്. പുതിയ സാമ്പത്തിക ടെർമിനോളജിയിലും ഈ ജനവിഭാഗങ്ങളാണ് ശരിയായ ആസ്പിരേഷണൽ ക്ലാസ് (aspirational class).

എന്നാൽ, പിണറായി വിജയന്റെ എൽ ഡി എഫ് സർക്കാർ ഈ വിഭാഗത്തെ കേവലം അടിത്തറയായി കണ്ട് അതിനുമേൽ കെട്ടിപ്പൊക്കിയത് പൗരപ്രമുഖർ എന്ന ഒരു നൂതന ഗണം വരേണ്യരെയുടെയും നവ സവർണ്ണരെയുടെയും ഉന്നതേച്ഛയുള്ള നിക്ഷിപ്‌ത താല്പര്യങ്ങളാണ്. ഇവരുടെ ആസ്പിരേഷൻ മുഖ്യമായും ഗൾഫും അമേരിക്കയുമുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലാണ്. വിശ്വാസങ്ങളുടെ പേരിൽ ആത്മീയ ചൂഷണം നടത്തുന്ന ഒന്നാന്തരം മാഫിയാ സംഘങ്ങൾ വരെ ഉൾപ്പെടും ഈ നവവരേണ്യരിൽ. ഇവരെപ്പറ്റിനിൽക്കുമ്പോൾ എന്ത് ആത്മീയാനുഭൂതിയാണ് കമ്യൂണിസ്റ്റ് എന്ന് ഇപ്പോഴും സ്വയം വിളിക്കുന്ന നേതാക്കൾക്കുണ്ടാകുന്നതെന്നത് ദുരൂഹതയാണ്. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടുമായി ഇതിനൊരു ബന്ധവുമില്ല.

ചില അധികാര തർക്കങ്ങളുടെ പേരിലല്ലാതെ ഇടതുപക്ഷ ആശയത്തിന്റെയും പ്രയോഗത്തിന്റെയും പേരിൽ സി പി എമ്മിനെ ഇന്ത്യ ഭരിക്കുന്ന ഹിന്ദുത്വ വലതുപക്ഷം ആക്രമിക്കാറില്ല.
ചില അധികാര തർക്കങ്ങളുടെ പേരിലല്ലാതെ ഇടതുപക്ഷ ആശയത്തിന്റെയും പ്രയോഗത്തിന്റെയും പേരിൽ സി പി എമ്മിനെ ഇന്ത്യ ഭരിക്കുന്ന ഹിന്ദുത്വ വലതുപക്ഷം ആക്രമിക്കാറില്ല.

2024- ലെ ലോക്സഭാ തിരഞ്ഞെടുപ്പുവിധി പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന സർക്കാരിനോട് ഈ അടിസ്ഥാന ജനവിഭാഗങ്ങൾ നൽകുന്ന കൃത്യമായ സന്ദേശമാണ്: Don't take us for granted എന്നാണത്. എന്നാൽ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് സി പി എം പരാജയപ്പെട്ടു എന്നു വിലയിരുത്താൻ കൂടിയ സംസ്ഥാന നേതൃയോഗത്തിനുശേഷം വിളിച്ച വാർത്താസമ്മേളനത്തിൽ, മതവും ജാതിയും തിരിച്ച് ജനം എങ്ങനെ വോട്ടു ചെയ്ത്, സി പി എമ്മിനെ പരാജയത്തിലേക്കെത്തിച്ചുവെന്നാണ് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ വിശദീകരിക്കാൻ ശ്രമിച്ചത്. മാർക്സിസ്റ്റ് എന്ന് അവകാശപ്പെടുന്ന നേതാവിൽ ഒരു വർഗവിശകലനവുമില്ല. ജാതിയും മതവും തിരിച്ചുള്ള വോട്ടിങ് പാറ്റേൺ അവതരിപ്പിച്ചതിനുശേഷം സ്വത്വവാദത്തിനെതിരെ മുറുമുറുപ്പും. വർഗരാഷ്ട്രീയത്തിന്റെ സമീപ കാലചിത്രമാണിത്.

ആനന്ദ്
ആനന്ദ്

ആനന്ദ് ‘സാന്ധ്യ ശോഭകൾ’ എന്ന ലേഖനത്തിൽ നീരിക്ഷിക്കുന്ന ഒരു കാര്യം ഇവിടെ പ്രസക്തമാണ്. (‘കണ്ണാടി ലോകം’ എന്ന സമാഹാരത്തിലുള്ള, 1987 -ൽ എഴുതിയ ഈ ലേഖനം വായിക്കുമ്പോൾ സമീപകാല അനുഭവത്തിൽ നിന്ന് മറ്റൊരു ചിത്രം തെളിഞ്ഞുവരും. മാധ്യമ പ്രവർത്തകരും ന്യായീകരണിസ്റ്റുകളും വായിക്കേണ്ടതാണിത്). വ്യവസ്ഥാപിത ഇടതുപക്ഷത്തിനായി ന്യായീകരണങ്ങൾ ചമയ്ക്കുന്നവരുടെ യഥാത്ഥ ചിത്രം ആനനന്ദിന്റെ ഈ പഴയ ലേഖനത്തിലെ നീരീക്ഷണങ്ങളിലുണ്ട്. ഉപഭോഗാലസരും ആത്മാഭിമാനമില്ലാത്തവരും അന്ധരാജഭക്തിയാൽ നയിക്കപ്പെടുന്നവരുമായ വിഭാഗമാണ് സി പി എം അണിനിരത്തുന്ന പൗരപ്രമുഖാവലി. സാമ്പത്തികമായും സാമൂഹികമായും എലീറ്റ് എന്നു വിളിക്കാവുന്നവർ. ജനാധിപത്യം എന്നാശയം ഇവർക്ക് അന്യമാണ്.

ഒരു പഴയ പ്രൈമറി സ്കൂൾ മലയാളം പാഠവലിയിലെ ആദ്യ പാഠത്തിൽ നിന്നുമുള്ള രണ്ടു വരിയും ആനന്ദ് ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെയാണ്:
"രാജാവെന്നാൽ ആരമ്മേ?" രാജാവീശ്വരനെന്മകനെ".
ഇന്നത്തെ പാഠപുസ്തകങ്ങളിൽ ഇതുണ്ടാകില്ല. എന്നാലും ആനന്ദ് പറയുന്നതുപോലെ, ഇന്നത്തെ ഭരണവംശത്തോടും (ഭരണാധികാരികളോടും) ഇതേ ഭാവന ഉള്ളിൽക്കൊണ്ടുനടക്കുന്ന മാധ്യമ പ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരും മാധ്യമതുറകളിൽ ഏകാധിപത്യ പ്രവണതയുള്ള ഭരണാധിപന്മാരുടെ സത്പ്രജാവേഷം നന്നായി കെട്ടിയാടിക്കൊണ്ടിരിക്കുന്നു. ഈ വേഷംകെട്ടലുകാരെയും സമ്മതിദാനാവകാശമുള്ള ജനം തിരസ്ക്കരിച്ചിരിക്കുന്നു.

Comments