ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി ആഗ്രഹിക്കുന്നത് 400 സീറ്റുനേടിക്കൊണ്ടുള്ള ഒരു തിരിച്ചുവരവാണ്. (പാർലമെൻ്റിൽ ഇപ്പോൾ അവർക്ക് 340 സീറ്റുകളാണുള്ളത്). അത് ലക്ഷ്യം വച്ചുള്ള ശക്തമായ പ്രവർത്തനങ്ങൾക്ക് ബി.ജെ.പി തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. ഈ എണ്ണം അവർക്ക് ഏറെ പ്രധാനമാണ്. ഹിന്ദുത്വ അജണ്ടയിൽ ബാക്കിയുള്ള പലതും പൂർത്തിയാക്കാൻ പാർലമെൻ്റിൽ വലിയ ഭൂരിപക്ഷം ആവശ്യമുണ്ട്.
രാജ്യം ഭരിക്കുക എന്നതല്ല; രാജ്യത്തെ സംവിധാനങ്ങളെ അപ്പാടെ മാറ്റിമറിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. തുടർന്നങ്ങോട്ട് എന്താണ് സംഭവിക്കുക എന്നത് ഭയപ്പാടോടെ ഊഹിച്ചെടുക്കാനേ നമുക്കൊക്കെ ഇപ്പോൾ സാധിക്കൂ.
അത്രയും അപകടകരവും അസംബന്ധ ജടിലവുമായ മാറ്റങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അതിനാൽ ഈ തെരഞ്ഞെടുപ്പ് നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ജീവന്മരണ പോരാട്ടമാണ്.
ഇന്ത്യയുടെ ചരിത്രത്തിലിതുവരെ നടന്ന 17 ദേശീയ തെരഞ്ഞെടുപ്പുകളേക്കാളം പ്രധാനപ്പെട്ട ഒന്നായി വേണം 2024 ലെ തെരഞ്ഞെടുപ്പിനെ നോക്കിക്കാണാൻ. നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെയും ഭരണഘടനയുടെയും നിലനിൽപ്പുമായി ബന്ധപ്പെട്ട ഒന്നാണ് ഈ തെരഞ്ഞെടുപ്പ്.
ആ തിരിച്ചറിവോടെ വേണം മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളും പാർട്ടികളും 2024 -ലെ പാർലമെൻററി തെരഞ്ഞെടുപ്പിനെ നേരിടാൻ. ( പ്രതിപക്ഷത്തെ ‘ഇന്ത്യ’ ബ്ലോക്കിന് നിലവിൽ 121 സീറ്റുണ്ട്.) ഏതുവിധേനയും ബി.ജെ.പി. മുന്നണിയെ ഇത്തവണ തോൽപ്പിച്ചേ മതിയാവൂ. അത് അസാധ്യമെന്ന് കരുതുക വയ്യ. ഇന്ത്യയിലെ ജനങ്ങൾക്ക് അതിനൊക്കെയുള്ള കരുത്തുണ്ട്.
ചില കണക്കുകൾ നോക്കുക: 37.36 ശതമാനം വോട്ടു മാത്രമാണ് ബി.ജെ.പിക്ക് 2019- ൽ നേടാൻ കഴിഞ്ഞത്. അവരുടെ മുന്നണിക്ക് 45 ശതമാനം വോട്ടും. 1984-ൽ 49.10 ശതമാനം വോട്ട് ഒറ്റയ്ക്ക് നേടിയാണ് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയത്. നാളിതുവരെ ഒരു മുന്നണിക്കും 50 ശതമാനം വോട്ട് നേടാൻ കഴിഞ്ഞിട്ടുമില്ല. കൂട്ടായ്മയിലൂടെ 40 % ലേറെ വോട്ടും ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റും പ്രതിപക്ഷ കൂട്ടായ്മയ്ക്കും നേടിയെടുക്കാവുന്നതാണ്.
ഇത് അതിരുകവിഞ്ഞ ആത്മവിശ്വാസത്തിൽ നിന്നോ ആഗ്രഹത്തിൽ നിന്നോ ഉണ്ടായ തെറ്റായ വിശകലനമാണെന്നും വരാം. മോദിയെ തോൽപ്പിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ കോൺഗ്രസ് ചെയ്തിട്ടില്ല എന്ന യാഥാർത്ഥ്യം നമ്മുടെ മുന്നിലുണ്ട്.
ഇനി ഇത്തവണയും മോദിയെയും സംഘത്തെയും തോൽപ്പിക്കാൻ കഴിയുന്നില്ലെന്നു വന്നാൽ അവരുടെ ഭൂരിപക്ഷം പരമാവധി കുറയ്ക്കുവാനെങ്കിലും പ്രതിപക്ഷത്തിനു സാധിക്കണം.
അതുവഴി പാർലമെൻറിൽ അവരുടെ തോന്ന്യാസങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിയണം. ഇത് രാജ്യത്തിൻ്റെ നിലനില്പിന് അനിവാര്യമാണ്. ജനാധിപത്യത്തിൻ്റെ തുടർച്ചയ്ക്കും ആവശ്യമാണ്.
ഈ പശ്ചാത്തലത്തിൽ ചിന്തിച്ചാൽ അത്തരമൊരു പാർലമെൻ്റിൽ ഒരു മുഖ്യ പ്രതിപക്ഷകക്ഷി ഉണ്ടായേ മതിയാവൂ. അതുകൊണ്ടുതന്നെ കോൺഗ്രസിന് പരമാവധി സീറ്റുകിട്ടുക എന്നത് ഈ തെരഞ്ഞെടുപ്പിൽ പ്രധാനമാണ്. ഇന്നത്തെ നിലയിൽ കോൺഗ്രസ് തന്നെയാണ് പ്രതിപക്ഷ കക്ഷിയാവാൻ അർഹതയും സാധ്യതയുള്ള ഒരേയൊരു പാർട്ടി.
കോൺഗ്രസിന് പകരം വെക്കാനായി മറ്റൊരു പാർട്ടിയും ദേശീയ തലത്തിൽ ഇതുവരെയും ഉയർന്നുവന്നിട്ടില്ല. അങ്ങനെ വരുമ്പോൾ കൂടുതൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിക്കേണ്ടതുണ്ട്. പ്രധാന കോൺഗ്രസ് നേതാക്കളുടെ വിജയം ഉറപ്പു വരുത്തേണ്ടതുമുണ്ട്.
അതിൽ നിശ്ചയമായും ഉണ്ടായിരിക്കേണ്ട രണ്ടു പേരുകളാണ് രാഹുൽ ഗാന്ധിയുടെതും ശശി തരൂരിൻ്റെതും. തെരഞ്ഞെടുപ്പിനുശേഷം ഉരുത്തിരിഞ്ഞു വന്നേക്കാവുന്ന ഒരു രാഷ്ട്രീയചിത്രത്തെ മുൻകൂട്ടി കണ്ടറിഞ്ഞ് ഉറപ്പു വരുത്തേണ്ട രണ്ടു വിജയങ്ങളാണ് ഇവരുടേത് എന്നർഥം.
രണ്ടു പേരും കേരളത്തിൽ മത്സരിക്കുന്ന സ്ഥിതിയ്ക്ക് അവരുടെ വിജയം നമ്മുടെ ഉത്തരവാദിത്തമാണ്. ഇരുവരും നിലവിൽ കേരളത്തിൽ നിന്നുള്ള എം.പിമാരാണ്. ഈ ഉത്തരവാദിത്തം ഇടതുപക്ഷത്തിൻ്റെ ഉത്തരവാദിത്തം കൂടിയാണ്. മോദിയുടെ ശക്തമായ തുടർഭരണം ഇടതുപക്ഷത്തിൻ്റെ നിലനിൽപ്പിനെപ്പോലും അപകടത്തിലാക്കിയേക്കാം എന്ന് ഓർക്കണം.
അത്തരമൊരു സാഹചര്യത്തിൽ സങ്കുചിതമായ ചിന്തകളോടെ പ്രധാനികളായ സ്വന്തം നേതാക്കളെ ഇവർക്കെതിരെ നിർത്തി ജയിപ്പിക്കാൻ ശ്രമിക്കുന്നത് ദേശീയ കാഴ്ചപ്പാടിനും, ‘ഇന്ത്യ’ മുന്നണിയുടെ അന്തഃസത്തയ്ക്കും യോജിച്ചതല്ല. അത് ജനങ്ങളിൽ അവ്യക്തതയുണ്ടാക്കുകയും ചെയ്യും. ഒരുവേള ഹിന്ദുത്വ രാഷ്ടീയത്തിൻ്റെ വാദങ്ങൾക്ക് ശക്തി പകർന്നെന്നും വരാം.
ഇപ്പോൾ എല്ലാവരുടെയും മുന്നിൽ രാജ്യതാല്പര്യത്തിനായിരിക്കണം മുൻഗണന. തൻ പ്രമാണിത്ത രാഷ്ടീയം കളിക്കാനുള്ള അവസരമല്ല മുന്നിലുള്ളത്.
നിർഭാഗ്യവശാൽ സി.പി.ഐയുടെ മുതിർന്ന രണ്ടു നേതാക്കളാണ് തരൂരിനെയും രാഹുലിനെയും നേരിടാനായി രംഗത്തുള്ളത്. കടുത്ത മത്സരം സൃഷ്ടിക്കുക എന്നതുവഴി തെറ്റായ സന്ദേശമാണ് വോട്ടർമാർക്ക് സി.പി.ഐ നൽകുന്നത്. അത് ഒരു തെറ്റായ രാഷ്ടീയ തീരുമാനമായി എന്നു പറയാതെ വയ്യ.
സഖാവ് ആനി രാജയുടെ ശബ്ദവും നിശ്ചയമായും പാർലമെൻ്റിലുണ്ടാവേണ്ടതാണ്. അത് സഖ്യകക്ഷിയിലെ നേതാവിനോട് ഏറ്റുമുട്ടി പരാജയപ്പെടേണ്ട ഒന്നല്ല എന്ന തിരിച്ചറിവ് പാർട്ടിക്കുണ്ടായില്ല. വയനാട്ടിൽ എന്തിന് രാഹുൽ എന്ന മറുചോദ്യം കൊണ്ട് തൃപ്തിയടയുകയായിരുന്നില്ല വേണ്ടത്.
ദേശീയ തെരഞ്ഞെടുപ്പിനെ ദേശീയമായ ഉൾക്കാഴ്ചയോടെ നേരിടുക എന്നതുമാത്രമാണ് ഇപ്പോൾ എല്ലാവർക്കും ചെയ്യാനുള്ളത്. തെരഞ്ഞെടുപ്പിനുശേഷം പരസ്പരം ചെളിവാരി എറിഞ്ഞിട്ട് കാര്യമില്ല. ഉത്തരവാദിത്തബോധത്തോടെ, കാലത്തിൻ്റെ ചുമരെഴുത്തുകളെ വായിച്ചെടുത്തില്ലെങ്കിൽ മോദി തന്നെയായിരിക്കും ജയിക്കുക. ഹിന്ദുത്വം കൂടുതൽ പിടിമുറുക്കും. ഫാഷിസം ശക്തിപ്പെടും. അത് തുടർന്നങ്ങോട്ട് മറ്റുള്ളവർക്ക് സ്ഥാനാർത്ഥികളെ നിർത്തുവാനുള്ള അവസരങ്ങളെപ്പോലും റദ്ദുചെയ്യുന്ന അവസ്ഥയിലേക്കെത്തിക്കും. തെരഞ്ഞെടുപ്പുകൾ ഇല്ലാതായെന്നും വരാം. ഇതൊക്കെ പറഞ്ഞാണ് പ്രതിപക്ഷം ഇത്തവണ ജനങ്ങളിലേക്കെത്തുന്നതും.
പറഞ്ഞാൽ മാത്രം പോര. പ്രവർത്തിയിലൂടെ ശക്തമായ പ്രതിരോധം സൃഷ്ടിക്കണം. അതിനാൽ ബി.ജെ.പി എം.പി.മാരുടെ എണ്ണം ആവുന്നത്ര കുറയ്ക്കുക; കോൺഗ്രസിൻ്റെയും മറ്റ് പ്രതിപക്ഷ കക്ഷികളുടെയും സീറ്റ് പരമാവധി വർദ്ധിപ്പിക്കുക. ഭരണത്തിലേറാനായില്ലെങ്കിലും ശക്തമായ ഒരു പ്രതിപക്ഷ നിര കെട്ടിപ്പടുക്കുക. കൂട്ടത്തിൽ കരുത്തുള്ള ഒരു ദേശീയപാർട്ടി എന്ന നിലയിൽ കോൺഗ്രസ് നിലനിൽക്കുകയും വേണം. എന്തൊക്കെ പറഞ്ഞാലും നെഹ്റുവിൻ്റെ ജനാധിപത്യബോധം കൊണ്ടാണ് ഇടതുപക്ഷത്തിന് പോലും ഇവിടെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിച്ചത്.
അതുകൊണ്ടു മാത്രമാണ് ഇന്ത്യ 1947- ൽ തന്നെ ഒരു ഹിന്ദു രാഷ്ട്രമായി മാറാതിരുന്നത്. ചരിത്രത്തോട് നീതി പുലർത്തി ഇന്ത്യയെ ഒരു ജനാധിപത്യ - മതേതര രാഷ്ട്രമായി നിലനിർത്താൻ ശ്രമിക്കുക. അതിനുലഭിച്ച അവസാനത്തെ അവസരമായി 2024- ലെ തെരഞ്ഞെടുപ്പിനെ നോക്കിക്കണ്ട് ബുദ്ധിപൂർവ്വം മുന്നേറുക. മറ്റു വിജയങ്ങളും സ്വകാര്യ ലാഭങ്ങളും മതേതര- ജനാധിപത്യ ഇന്ത്യ നിലനിന്നാൽ തുടർന്നും സാധ്യമാണ്. സങ്കുചിതമായ രാഷ്ട്രീയലാഭങ്ങൾ നേടാനുള്ള അവസരമല്ല ഇപ്പോൾ നമ്മുടെ മുന്നിലുള്ളത്. ഇത് ജീവന്മരണ പോരാട്ടമാണ്. ജനാധിപത്യവും മതേതരത്വവും അവയാൽ നിർമ്മിക്കപ്പെട്ട ആധുനിക ഇന്ത്യയും ആസന്നമരണം കാത്തു കഴിയുകയാണ്. രാജ്യത്തെ പിടികൂടിയിരിക്കുന്ന മാരകമായ രോഗത്തെ നമ്മൾ കുറച്ചു കാണരുത്. എന്തു വില കൊടുത്തും നമുക്കതിനെ വീണ്ടെടുക്കേണ്ടതുണ്ട്, രക്ഷിക്കേണ്ടതുണ്ട്.
ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ വേരുകൾ പിഴുതെറിയാതെ ഇന്ത്യയിലിനി സുഗമമായ രാഷ്ട്രീയ പ്രവർത്തനം അസാധ്യമാണ്. വിചിത്രമായ ഒരു സ്ഥിതിവിശേഷമാണ് നമുക്ക് മുന്നിലുള്ളത്. ദേശീയ ധാരണയുടെ ബലം പ്രതിപക്ഷം ഉയർത്തിക്കാട്ടിയില്ലെങ്കിൽ അപകടം നിശ്ചയമാണ്. കൂട്ടു രാഷ്ട്രീയത്തിൻ്റെ ശക്തിയിലൂടെ മാത്രമെ രാജ്യത്തെ വീണ്ടെടുക്കാനാവൂ. അത് തിരിച്ചറിഞ്ഞ് ഹ്രസ്വകാലനേട്ടങ്ങളുടെ പ്രലോഭനത്തിൽ നിന്ന് ഇടതുപക്ഷ കക്ഷികളുൾപ്പടെ മാറിനിൽക്കണം. ചരിത്രത്തിൻ്റെ നിലവിളി ഇത്തവണയെങ്കിലും കേൾക്കാതെ പോകരുത്.