എം.ജി.ശശി: ജയപ്രകാശ് നാരായന്റെ രാഷ്ട്രീയ പരിപാടി, ‘സമ്പൂർണ്ണ വിപ്ലവം’ എന്ന പദ്ധതി വളരെ വ്യാപകമായി ജനകീയമായി ഇന്ത്യയിലാകെ മുന്നോട്ടു പോകുമ്പോൾ, അതിനോട് ബന്ധപ്പെട്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സ്വീകരിച്ച നിലപാടിെൻ്റ അടിസ്ഥാനത്തിൽ ഇ.എം.എസ്സിനെ ഇന്ത്യൻ കൗട്സ്കി എന്ന് കേവി വിശേഷിപ്പിച്ചിട്ടുണ്ട്.
കെ.വേണു: 1971–ലെ ബംഗ്ലാദേശ് യുദ്ധത്തിൽ വലിയ വിജയം നേടിയതിനു ശേഷം 72–73 കാലത്ത് ഇന്ദിരാഗാന്ധിയുടെ അധികാരപ്രയോഗം ജനാധിപത്യവിരുദ്ധരൂപം കൈക്കൊള്ളുന്നുണ്ടായിരുന്നു. ഈ പ്രവണതയ്ക്കെതിരായി വിദ്യാർത്ഥികളുടെയും യുവാക്കളുടെയും മുൻകയ്യിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും മറ്റും നടത്തിക്കൊണ്ടുള്ള വ്യാപകമായ പ്രതിഷേധാന്തരീക്ഷം സൃഷ്ടിക്കാൻ ജയപ്രകാശ് നാരായൻ പ്രോത്സാഹനം നൽകുകയുണ്ടായി. ഗുജറാത്തിൽ നിന്ന് തുടങ്ങിയ ഈ പ്രക്ഷോഭം അതിവേഗം ബീഹാർ വരെ വ്യാപിച്ചു. 1973–74 കാലത്ത് ജയപ്രകാശ് നാരായന്റെ നേതൃത്വത്തിലുള്ള ഈ കലാപാന്തരീക്ഷം വ്യാപിയ്ക്കുകയുണ്ടായത്. അഖിലേന്ത്യാ തലത്തിൽത്തന്നെ അതൊരു വലിയ പ്രക്ഷോഭമായി മാറും എന്നുള്ള സ്ഥിതിയായിരുന്നു. അത്തരമൊരു കലാപാന്തരീക്ഷം കേരളത്തിൽ വളരാത്തത് എന്തുകൊണ്ട് എന്ന ചർച്ച വ്യാപകമായി നടന്നു. കേരളത്തിൽ അങ്ങനെയൊരു അരാജക സമൂഹം ഇല്ല എന്നതുകൊണ്ടാണ് ഇവിടെ അത്തരം കലാപങ്ങൾ ഉണ്ടാകാത്തത് എന്നാണ് ഇ.എം.എസ് അഭിപ്രായപ്പെട്ടത്. അതിനോടു പ്രതികരിച്ചുകൊണ്ട് ജയിലിൽ നിന്നെഴുതിയ ഒരു ലേഖനത്തിൽ, ഇ.എം.എസ്സിനെ ‘ഇന്ത്യൻ കൗട്സ്കി’ എന്ന് ഞാൻ വിശേഷിപ്പിച്ചിട്ടുണ്ട്. ലെനിന്റെ നേതൃത്വത്തിൽ വിപ്ലവമുന്നേറ്റങ്ങൾ ആരംഭിയ്ക്കുന്നതിനു മുമ്പുള്ള ഘട്ടത്തിൽ വിപ്ലവ വിരുദ്ധ നിലപാടെടുത്ത റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രമുഖ സൈദ്ധാന്തികനായിരുന്നു കൗട്സ്കി. അങ്ങനെ ഇന്ത്യയിലും കേരളത്തിലും കൗട്സ്കിയുടെ സ്ഥാനമാണ് ഇ.എം.എസ്സിന് എന്ന സമീപനത്തിൽ നിന്നാണ് ‘ഇന്ത്യൻ കൗട്സ്കി’ എന്നു ഞാൻ വിശേഷിപ്പിച്ചത്.

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പോലുള്ള ഒരു ജനാധിപത്യ വിരുദ്ധ പ്രസ്ഥാനത്തിന് വലിയ സ്വാധീനമുള്ളതുകൊണ്ടാണ് ഗുജറാത്തിലേയും ബീഹാറിലേയും പോലെ, വടക്കേ ഇന്ത്യയിലാകെ രൂപംകൊണ്ടതു പോലെയുള്ള ഒരു ജനകീയ പ്രക്ഷോഭം കേരളത്തിൽ ഉയർന്നുവരാത്തത് എന്ന രീതിയിലാണ് ഞാനന്ന് ഇ.എം.എസ്സിന് മറുപടി നൽകിയത്.
നിശ്ശബ്ദമായ സി.പി.എം
ജയപ്രകാശ് നാരായന്റെ മുന്നേറ്റവുമായി ബന്ധപ്പെട്ടു കൂടിയാണല്ലോ ഇന്ത്യൻ രാഷ്ട്രീയത്തിൽ അതുവരെ കണ്ടിട്ടില്ലാത്ത അടിയന്തരാവസ്ഥ ഉണ്ടാകുന്നത്.
ജയപ്രകാശ് നാരായന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ തലത്തിൽ സജീവമായ പ്രസ്ഥാനം ശരിയ്ക്കുമൊരു ഭീഷണിയായി ഇന്ദിരാഗാന്ധിയ്ക്കു മുന്നിൽ ഉയർന്നുവന്നു. എളുപ്പം അടിച്ചമർത്താൻ പറ്റാത്ത, ഇന്ദിരാഗാന്ധിയുടെ അധികാരത്തെ കൃത്യമായി ചോദ്യം ചെയ്യുന്ന കലാപത്തിലേയ്ക്ക് ആ പ്രസ്ഥാനം മാറുമോ എന്നൊരു ആശങ്ക ഭരണാധികാരത്തിനുണ്ടായിരുന്നു. എന്താണ് സംഭവിയ്ക്കാൻ പോകുന്നത് എന്ന് ആർക്കും തന്നെ ഒരു ധാരണയും കിട്ടിയിരുന്നില്ല. പൗരാവകാശങ്ങളൊക്കെ എടുത്തുകളഞ്ഞു, പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെയൊക്കെ ഒറ്റ രാത്രികൊണ്ടു തന്നെ അറസ്റ്റു ചെയ്തു. വ്യാപകമായ ജനാധിപത്യവിരുദ്ധ ഫാഷിസ്റ്റ് നടപടികളിലേയ്ക്കാണ് ഇന്ദിരാഗാന്ധി നീങ്ങിയത്. അങ്ങനെയാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം വരുന്നത്.
സി.പി.ഐ ആദ്യം മുതൽ തന്നെ പൂർണ്ണമായും അടിയന്തരാവസ്ഥയെ അനുകൂലിച്ചു. അഭിപ്രായ വ്യത്യാസമുണ്ടായേയ്ക്കാവുന്ന, നേരിയ എതിർപ്പെങ്കിലും ഉന്നയിയ്ക്കാൻ സാദ്ധ്യതയുള്ള എല്ലാ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളേയും നിരോധിച്ചു. വിവിധ നക്സൽ ഗ്രൂപ്പുകൾ നിരോധിയ്ക്കപ്പെട്ടു. പക്ഷേ, സി.പി.എമ്മിനെ തൊട്ടില്ല. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയോടൊപ്പം സാധാരണ ജനങ്ങളെ സഹായിയ്ക്കാനെന്ന പേരിൽ ഒരു ഇരുപതിന പരിപാടി പ്രഖ്യാപിച്ചിരുന്നു. സി.പി.എം ആ പരിപാടിയ്ക്ക് പിന്തുണ നൽകുകയും അടിയന്തരാവസ്ഥയെക്കുറിച്ച് നിശ്ശബ്ദത പാലിയ്ക്കുകയും ചെയ്തു. നക്സൽ ഗ്രൂപ്പുകളും അടിയന്തരാവസ്ഥയ്ക്കെതിരെ ലഘുലേഖാ വിതരണവും ചെറുപ്രകടനങ്ങളും നടത്തുന്നുണ്ടായിരുന്നു. ഒന്നും ചെയ്യാതിരിയ്ക്കുന്നത് ദോഷം ചെയ്യുമെന്ന് കണ്ട് സി.പി.എം ചില പ്രതിഷേധ പ്രവർത്തനങ്ങൾ ആരംഭിച്ചു. അപ്പോൾ ഇന്ദിരാഗാന്ധി നടപടി തുടങ്ങി. എ.കെ.ജി, ഇ.എം.എസ് തുടങ്ങിയ നേതാക്കന്മാരെ ഒഴിവാക്കി എം.വി. രാഘവൻ, പിണറായി വിജയൻ തുടങ്ങിയ രണ്ടാം നിരക്കാരെ ജയിലിലടയ്ക്കുകയാണ് ചെയ്തത്. കോടതികൾക്കു പോലും ഒരു അധികാരവും ഇല്ലാത്ത സ്ഥിതി. പോലീസിന് പൂർണ്ണമായ –എല്ലാ വിധത്തിലുള്ള അധികാരവും നൽകി. ഇന്ത്യയിലെ ജനാധിപത്യം ഇനി ഏതു രീതിയിൽ മുന്നോട്ടുപോകുമെന്നതിനെക്കുറിച്ച് എല്ലാവർക്കും ആശങ്കയുണ്ടാക്കുന്ന ഒരു സാഹചര്യമാണ് തുടർന്നുണ്ടായത്. ഇന്ത്യൻ ജനാധിപത്യത്തിലെ കളങ്കം ഈ അടിയന്തരാവസ്ഥ തന്നെയായിരുന്നു.

ഇന്ദിരാഗാന്ധിയെ അനുകൂലിച്ചുകൊണ്ട് അവർക്കുവേണ്ടിത്തന്നെ മുന്നോട്ട് വെച്ച ചില മുദ്രാവാക്യങ്ങൾ അടിയന്തരാവസ്ഥക്കാലത്ത് ഉയർന്നുവന്നല്ലോ.
‘ഇന്ദിരയാണ് ഇന്ത്യ’ എന്ന മുദ്രാവാക്യം നോക്കൂ. അങ്ങേയറ്റം വ്യക്തികേന്ദ്രീകൃതമായി രാഷ്ട്രീയത്തെ മാറ്റിത്തീർക്കാനുള്ള തികച്ചും ജനാധിപത്യവിരുദ്ധമായ അന്തരീക്ഷമാണ് അതിലൂടെ സൃഷ്ടിയ്ക്കപ്പെട്ടത്. ‘നാവടക്കൂ, പണിയെടുക്കൂ’ എന്ന മുദ്രാവാക്യം കേരളത്തിൽ വ്യാപകമായി ന്യായീകരിയ്ക്കപ്പെട്ടിട്ടുണ്ട്. മൊത്തത്തിൽ സമൂഹത്തിൽ അച്ചടക്കം ഉണ്ടായിരിയ്ക്കുന്നു എന്ന പോലെ. ഓഫീസുകളൊക്കെ കൃത്യമായി പ്രവർത്തിയ്ക്കുന്നു, ട്രെയിനുകളൊക്കെ കൃത്യസമയത്ത് ഓടുന്നു എന്നൊക്കെപ്പറഞ്ഞ് ‘നാവടക്കൂ, പണിയെടുക്കൂ’ എന്ന മുദ്രാവാക്യം വളരെ മെച്ചപ്പെട്ട ഒന്നാണെന്നു വരെ വ്യാഖ്യാനിയ്ക്കപ്പെടുകയുണ്ടായി. അതുകൊണ്ടുതന്നെയാണ് അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിൽ ഇന്ത്യ മുഴുവൻ ഫാഷിസത്തിനെതിരായി നിലകൊണ്ടപ്പോൾ കേരളം ഇന്ദിരയുടെ രാഷ്ട്രീയത്തെ അനുകൂലിച്ചത്.
അന്ന് അന്തർദ്ദേശീയ തലത്തിൽ സോവിയറ്റ് ഭരണകൂടം അടിയന്തരാവസ്ഥയെ ശകതമായി അനുകൂലിക്കുകയാണല്ലോ ചെയ്തത്?
അടിയന്തരാവസ്ഥയെ പിന്തുണച്ച് ശകതമായ നിലപാടെടുത്തത് ബ്രഷ്നേവാണ്, സോവിയറ്റ് യൂണിയനാണ്. ബ്രഷ്നേവ് ഇവിടെ പാർലമെൻ്റിൽ വന്നിട്ട് അടിയന്തരാവസ്ഥയ്ക്ക് അനുകൂലമായി വലിയ പ്രഖ്യാപനം നടത്തി. സി.പി.ഐയ്ക്ക് സ്വാഭാവികമായും ഇന്ദിരയുടെ കൂടെ നിൽക്കേണ്ടി വന്നു. അങ്ങനെയാണ് അച്ച്യുതമേനോൻ എന്ന സി.പി.ഐ മുഖ്യമന്ത്രി ഇവിടെ അടിയന്തരാവസ്ഥ നടപ്പാക്കിയത്. കമ്മ്യൂണിസത്തിന്റെ പേരു പറഞ്ഞുകൊണ്ട് ജനാധിപത്യവിരുദ്ധതയിലേയ്ക്ക് അവർ നീങ്ങി. അങ്ങനെ ഇടതുപക്ഷ പ്രസ്ഥാനം മുഴുവൻ തന്നെ ഫലത്തിൽ അടിയന്തരാവസ്ഥയെ അനുകൂലിയ്ക്കുന്നിടത്തെത്തി. സ്വാഭാവികമായി കോൺഗ്രസും ഇടതുപക്ഷവും അടക്കമുള്ള കേരളീയ സമൂഹം അടിയന്തരാവസ്ഥയെ പിന്താങ്ങുന്നൊരു ദയനീയ ചിത്രമാണ് അന്ന് ഉണ്ടായത്. ഉയർന്ന ജനാധിപത്യ ബോധമുള്ളവരാണ് കേരളീയർ എന്ന ധാരണ തെറ്റാണെന്ന് അക്കാലം തെളിയിച്ചു.

ജനാധിപത്യത്തെ ബൂർഷ്വാ ജനാധിപത്യം എന്ന് വ്യാഖ്യാനിയ്ക്കുന്ന ഒരു രീതി കമ്മ്യൂണിസ്റ്റുകാർ ഉണ്ടാക്കിയിരുന്നു. ബൂർഷ്വാ ജനാധിപത്യം അല്ലാത്തൊരു ജനാധിപത്യമുണ്ടോ എന്ന് ഞാൻ പല ബുദ്ധിജീവികളോടും ചോദിയ്ക്കാറുണ്ട്. അങ്ങനെയൊന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾക്ക് അതിനെക്കുറിച്ച് വല്ല ധാരണയുമുണ്ടോ?’ ആർക്കും ഒരു മറുപടിയും ഇല്ല. ജനാധിപത്യത്തെപ്പറ്റി വളരെ നിഷേധാത്മകമായ ഒരു സമീപനമാണ് കേരളീയ സമൂഹത്തിൽ പൊതുവിൽ നിലനിൽക്കുന്നത് എന്നുള്ളതിന്റെ കൃത്യമായ പ്രതിഫലനമായിരുന്നു അടിയന്തരാവസ്ഥയും അതിനെത്തുടർന്നുള്ള തെരഞ്ഞെടുപ്പും.
മനസ്സാക്ഷിയ്ക്കനുസരിച്ച് പ്രവർത്തിയ്ക്കാനും സ്വന്തം തലച്ചോറ് ഉപയോഗിയ്ക്കാനും പോലീസുകാരോട് ആഹ്വാനം ചെയ്യുന്ന ജയപ്രകാശ് നാരായന്റെ മുദ്രാവാക്യങ്ങളും ഉയർന്നിരുന്നല്ലോ.
അധികാരം കയ്യാളുന്ന പ്രധാന ശക്തിയായി നിൽക്കുന്ന പോലീസിനെ സ്വയം പ്രചോദിതരായി ജനാധിപത്യത്തിന്റെ പക്ഷത്ത് നിൽക്കാൻ പ്രേരിപ്പിയ്ക്കുന്നതിനു വേണ്ടിയാണ് ജയപ്രകാശ് അത്തരം മുദ്രാവാക്യങ്ങൾ ഉയർത്തിയത്. ഇന്ദിരാഗാന്ധിയുടെ പ്രകോപനത്തിന് കാരണമാക്കിയത് അതുകൂടിയാണ്. കാരണം പോലീസിനേയും ഭരണസംവിധാനങ്ങളേയും ജനാധിപത്യവത്കരിയ്ക്കുക, അതുവഴി അധികാരത്തിന് വലിയൊരു ഭീഷണി ഉയർത്തുക എന്നുള്ള അന്തരീക്ഷം ഇന്ദിരാഗാന്ധിയെ വല്ലാതെ ഭയപ്പെടുത്തി. അതുകൊണ്ടുകൂടിയാണ് അവർ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലേയ്ക്ക് നീങ്ങിയത്.

രാജന്റെ രക്തസാക്ഷിത്വം
അടിയന്തരാവസ്ഥക്കാലത്തെ രാജന്റെ കൊലപാതകം, രക്തസാക്ഷിത്വം വലിയ രീതിയിൽ കേരളീയ സമൂഹത്തെ പിടിച്ചുലച്ച, ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്.
ഇപ്പോൾ മാവോയിസ്റ്റ് നേതാവെന്ന നിലയിൽ സജീവമായിട്ടുള്ള മുരളി കണ്ണമ്പിള്ളി അന്ന് കോഴിക്കോട് ആർ.ഇ.സിയിൽ നാലാം വർഷ വിദ്യാർത്ഥിയാണ്. പഠിത്തം ഉപേക്ഷിച്ചില്ലെങ്കിലും മുരളി അന്ന് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ആദർശങ്ങളോട് യോജിച്ചുകൊണ്ട് ഒരു സജീവ പ്രർത്തകനായി മാറിയിരുന്നു. മുരളിയുടെ സുഹൃത്തായിരുന്ന, മുരളിയുടെ പ്രേരണ കൊണ്ട് നക്സലൈറ്റ് രാഷ്ട്രീയത്തോട് താല്പര്യം പ്രകടിപ്പിച്ച വിദ്യാർത്ഥിയാണ് രാജൻ. മുരളിയുടെ കൂടെ ഞാൻ ആർ.ഇ.സിയിൽ പോകാറുണ്ട്, രാജനേയും കാണാറുണ്ട്.
ആർ.ഇ.സിയ്ക്ക് തൊട്ടടുത്തുള്ള ഒരു മുറി പാർട്ടി പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്നു. മുരളിയുടെ തന്നെ കൂട്ടുകാരനായിരുന്ന ചാലിയാണ് ആ മുറി വാടകയ്ക്ക് എടുത്തിരുന്നത്. അവിടെ ഞങ്ങൾ സൈക്ലോസ്റ്റൈൽ മെഷീനൊക്കെ വെച്ച് പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കിയിരുന്നു –ചില സർക്കുലറുകളും നോട്ടീസുകളുമൊക്കെ. മുരളി തന്നെ രൂപീകരിച്ച ഒരു സംഘമുണ്ടായിരുന്നു അവിടെ. മെസ് തൊഴിലാളികളും വിദ്യാർത്ഥികളുമൊക്കെ അടങ്ങിയ ഒരു ടീം. പഠന ഗ്രൂപ്പാണ് അത് –പാർട്ടി യൂണിറ്റായി മാറുന്നതിനു മുമ്പുള്ള പ്രാഥമിക ഘടകം. ആ സംഘത്തിൽ രാജനുമുണ്ടായിരുന്നു. കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണം നടക്കുന്ന സമയത്ത് പോലീസുകാർ ആർ.ഇ.സിയുമായി ബന്ധപ്പെട്ട് സജീവമായി ആരൊക്കെയോ ഉണ്ടെന്ന തരത്തിൽ അന്വേഷണം നടത്തിയിരുന്നു. അങ്ങനെയാണ് പോലീസ് രാജനിലേയ്ക്കെത്തുന്നത്.
കക്കയം ക്യാമ്പിലേയ്ക്കാണോ രാജനെ കൊണ്ടുപോയത്?
അതെ. പ്രിൻസിപ്പലിനോട് അനുവാദം വാങ്ങിയിട്ടാണ് രാജനെ പോലീസ് കൊണ്ടുപോയ തെന്നാണ് പറയുന്നത്. അത് പിന്നീട് ഹൈക്കോടതിയിൽ പ്രിൻസിപ്പൽ പറയുകയും ചെയ്തിരുന്നു. കരുണാകരനെതിരായി വിധി വരുന്നതിന്റെ പ്രധാന കാരണം പ്രിൻസിപ്പലിന്റെ ആ മൊഴിയാണ്. അതായത് പോലീസ് രാജനെ കൊണ്ടുപോയത് പ്രിൻസിപ്പലിനറിയാം എന്ന് കോടതിയ്ക്ക് ബോദ്ധ്യപ്പെട്ടു.

കക്കയം ക്യാമ്പിൽ വെച്ച് കൊന്നുകളഞ്ഞതാണ് അല്ലേ?
സോമശേഖരനും മുരളിയുമുൾപ്പടെ പല സഖാക്കളും രാജനെ കക്കയം ക്യാമ്പിൽ വെച്ച് കണ്ടിട്ടുണ്ട്. തൊട്ടടുത്ത മുറിയിൽ മർദ്ദനം നടക്കുന്നുണ്ടായിരുന്നു. കരച്ചിലൊക്കെ കേട്ടിരുന്നു. എവിടെയാണ് സംസ്കരിച്ചത്? ഡാമിൽ കൊണ്ടിട്ടോ? വേറെ എവിടെയെങ്കിലും കുഴിച്ചിട്ടോ? പെട്രോളിഴിച്ച് കത്തിച്ചോ? എങ്ങനെയാണ് തെളിവ് നശിപ്പിച്ചതെന്ന് ആർക്കും ഇപ്പോഴുമറിയില്ല.
പോലീസിന്റെ ഭാഗത്തുനിന്ന് രഹസ്യമായിട്ടെങ്കിലും –വ്യക്തിപരമായിട്ടെങ്കിലും പിന്നീട് വെളിപ്പെടുത്തലുകളൊന്നും ഉണ്ടായിട്ടില്ല അല്ലേ?
ഇല്ല. രാജന്റെ രക്തസാക്ഷിത്വം കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ചുകളഞ്ഞ ഒന്നായിരുന്നു. ഇപ്പോഴും ജനങ്ങൾക്കിടയിൽ അത് സജീവമായ ചർച്ചയാണ്.
കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണം
കേവി നേരിട്ട് പങ്കെടുത്ത, നേതൃത്വം കൊടുത്ത കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ സോമശേഖരനും വലിയ ഉത്തരവാദിത്തം ഉണ്ടായിരുന്നല്ലോ. പിന്നീട് നാടകകൃത്ത് എന്ന നിലയിൽ പ്രസിദ്ധനായ വി.കെ. പ്രഭാകരനെപ്പോലുള്ളവരും ആ ആക്ഷനിൽ പങ്കെടുത്തിരുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു ശേഷം രാഷ്ട്രീയ നിലപാടുകളിൽ മാറ്റം സംഭവിയ്ക്കുന്നുണ്ട്. ഫ്യൂഡലിസമാണ് പ്രധാന പ്രശ്നമെന്നും അതുകൊണ്ട് ജന്മി– കർഷക വൈരുദ്ധ്യമാണ് മുഖ്യ വൈരുദ്ധ്യം എന്നുമുള്ള നിലപാട് കേരളത്തിന് അനുയോജ്യമല്ലെന്ന ചർച്ച പാർട്ടിയിൽ സജീവമായിരുന്നു. ഇവിടെ ഭൂപരിഷ്കരണമൊക്കെ ഏറെക്കുറെ നടപ്പാക്കപ്പെട്ടിരുന്നു. മറ്റു സംസ്ഥാനങ്ങളിലൊക്കെ കാണുന്ന പോലുള്ള ജന്മിത്തവും ജന്മിമാരും ഇവിടെയില്ല എന്ന യാഥാർത്ഥ്യമുണ്ട്. അതുകൊണ്ട് ഉന്മൂലനസമരം പോലുള്ള രാഷ്ട്രീയ പരിപാടി നടപ്പിലാക്കുകയാണോ വേണ്ടതെന്ന ചോദ്യമുയർന്നു. അഖിലേന്ത്യാ തലത്തിൽ അങ്ങനെയൊരു പരിപാടി നിലനിൽക്കുന്നതുകൊണ്ട് കേരളത്തിൽ മാത്രമായി അത് വേണ്ടെന്നു വെയ്ക്കാൻ കഴിയില്ല എന്ന നിഗമനത്തിലാണ് അവസാനം എത്തിച്ചേർന്നത്. ഉന്മൂലനസമരം നടപ്പിലാക്കേണ്ടതുണ്ട് എന്നതിനാൽ ജനശത്രുക്കളെ കണ്ടെത്തുക. ജനേദ്രാഹികളായ ജനശത്രുക്കൾ എല്ലായിടത്തുമുണ്ടല്ലോ. ഫ്യൂഡലിസ്റ്റുകൾ അല്ലെങ്കിൽ ജന്മിമാർ എന്നൊന്നും പറയാനാകില്ലെങ്കിലും പ്രമാണിമാരായ ജനശത്രുക്കളെ കണ്ടെത്തി ഉന്മൂലനം ചെയ്യുക എന്നാണ് തീരുമാനിച്ചത്. ഇതിനോടൊപ്പം പുതിയൊരു സമീപനം കൂടി ഉയർന്നുവന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടുകൂടി ഭരണകൂടം മുഖ്യശത്രുവായി മാറി. ജന്മിത്വം മാത്രമല്ല പ്രധാനശത്രു എന്ന് വിലയിരുത്തപ്പെട്ടു. ഭരണകൂടത്തിന്റെ പ്രകടരൂപങ്ങളെ ആക്രമിയ്ക്കുക കൂടി വേണം. ഒരു വശത്ത് ജന്മിയെ അഥവാ ജനശത്രുവിനെ ഉന്മൂലനം ചെയ്യുക. മറുവശത്ത് ഭരണകൂടരൂപമായ പോലീസ് സ്റ്റേഷൻ ആക്രമിയ്ക്കുക. കേരളത്തിലെ പാർട്ടി സംസ്ഥാന കമ്മറ്റി അങ്ങനെയാണ് തീരുമാനമെടുത്തത്.

അങ്ങനെ ആദ്യത്തെ പോലീസ് സ്റ്റേഷൻ ആക്രമണത്തിന് തീരുമാനിയ്ക്കുന്നത് കൊടുങ്ങല്ലൂരാണ് –മതിലകത്ത്. അതുപോലെ എറണാകുളം ജില്ലയിലെ കുമ്പളത്ത്. ആ ദ്വീപിലെ ഒരു ജന്മിയെ കണ്ടെത്തി ഉന്മൂലനം നടത്തുക എന്നതായിരുന്നു തീരുമാനം. കുമ്പളത്തെ ആക്ഷൻ നടന്നു. പക്ഷേ, മതിലകത്തേത് തകർന്നുപോയി. മതിലകത്ത് പോലീസ് സ്റ്റേഷൻ ആക്രമിയ്ക്കാൻ പ്ലാനിട്ട് സഖാക്കൾ നല്ലൊരു സ്കോഡ് രൂപീകരിച്ചിരുന്നു. ആക്ഷന് തയ്യാറായി നിൽക്കുമ്പോൾ എസ്.ഐ ജീപ്പെടുത്ത് പുറത്തേയ്ക്ക് പോയി. ആ സമയത്ത് ആക്ഷൻ നടപ്പാക്കിയാൽ പെട്ടെന്നുതന്നെ എസ്.ഐ തിരിച്ചു വന്നെങ്കിലോ? അത് കൂടുതൽ പ്രശ്നമുണ്ടാക്കും. അങ്ങനെ കാത്തുകാത്തുനിന്ന് നേരം വെളുത്തു. പദ്ധതി പൊളിഞ്ഞെന്നു മാത്രമല്ല, പുറത്തുനിന്ന് സഖാക്കൾ മുറിച്ചുമാറ്റിയിരുന്ന സ്റ്റേഷനിലേയ്ക്കുള്ള ടെലിഫോൺ കമ്പി പോലീസ് കണ്ടെത്തുകയും ചെയ്തു. നക്സലേറ്റുകളായിരിയ്ക്കും അത് ചെയ്തതെന്ന് ഏതാണ്ടുറപ്പിച്ച പോലീസ് എല്ലാ സഖാക്കളേയും അറസ്റ്റു ചെയ്തു.
മതിലകം പോലീസ് സ്റ്റേഷൻ ആക്രമണം തകരുന്നു. അടിയന്തരാവസ്ഥ ഭീകരമായിത്തന്നെ മുന്നോട്ട് പോകുന്നു. വിജയകരമായി ഒരു പോലീസ് സ്റ്റേഷൻ ആക്രമണം നടത്തിയേ പറ്റൂ എന്ന ചിന്തയാണ് ഞാനുൾപ്പടെ പാർട്ടിയിൽ എല്ലാവർക്കും ഉണ്ടായിരുന്നത്. ഞാനന്ന് പ്രവർത്തിച്ചിരുന്നത് കോഴിക്കോടും വയനാടുമാണ്. കോഴിക്കോടാണെങ്കിൽ പാർട്ടി വളരെ ദുർബലമാണ്. എന്നാൽ, കോഴിക്കോട് ജില്ലയിൽത്തന്നെ ആക്ഷൻ നടത്താൻ ധൈര്യപൂർവ്വം ഞങ്ങൾ തീരുമാനിച്ചു. അങ്ങനെയാണ് സോമശേഖരൻ സംഘടിപ്പിച്ച സഖാക്കളും, മെഡിസിന് പഠിച്ചിരുന്ന വാസുവുമൊക്കെ തയ്യാറാകുന്നത്.
മുരളി കണ്ണമ്പിള്ളി കായണ്ണ ആക്ഷനിൽ പങ്കെടുത്തിരുന്നോ?
ആക്ഷനിൽ മുരളി നേരിട്ട് പങ്കെടുത്തിരുന്നില്ല. പക്ഷേ, പിന്നീട് അറസ്റ്റു ചെയ്യപ്പെട്ട് കക്കയം ക്യാമ്പിൽ എത്തുകയുണ്ടായി.
കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമിയ്ക്കാൻ തീരുമാനിയ്ക്കുകയും ഞാൻ തന്നെ അതിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. മടപ്പള്ളി കോളേജിൽ പഠിച്ചിരുന്ന സോമശേഖരനെയാണ് ഞാൻ മുഖ്യമായി ആശ്രയിയ്ക്കുന്നത്. സോമനാണ് കൂരാച്ചുണ്ടിലെ കായണ്ണ പോലീസ് സ്റ്റേഷൻ കണ്ടെത്തുകയും പങ്കെടുക്കാൻ തയ്യാറുള്ളവരുടെ സ്കോഡുണ്ടാക്കുകയും ചെയ്യുന്നത്. രാത്രിയിൽ കായണ്ണ സ്റ്റേഷനിൽ അധികം പോലീസുകാരൊന്നും ഉണ്ടാകില്ല. കറൻ്റില്ല. പെട്രോൾ മാക്സാണ് കത്തിച്ചുവെയ്ക്കുക. പറ്റിയ പോലീസ് സ്റ്റേഷനാണെന്നന്ന് അന്വേഷണത്തിൽ മനസ്സിലായി.

13 പേരാണ് ആക്ഷനിൽ പങ്കെടുത്തത്. മിക്കവാറും വടകര–പേരാമ്പ്ര ഭാഗത്തുനിന്നുള്ളവർ. സ്കോഡ് കമാൻ്ററായിട്ട് എന്നെ നിശ്ചയിച്ചു. ഫലപ്രദമായി ആക്ഷൻ നടപ്പാകണമെന്ന് ഞങ്ങൾ സഖാക്കൾക്ക് നല്ല വാശിയുണ്ടായിരുന്നു. വാളാട് കഷ്ണേട്ടനുണ്ട്. വടക്കാഞ്ചേരിക്കാരൻ ഭരതേട്ടനുണ്ട്. ആദ്യകാലത്ത് തലശ്ശേരി–പുല്പള്ളിയിൽ പങ്കെടുത്ത് കുന്നിക്കലിെൻ്റ കൂടെയുണ്ടായിരുന്ന ആളാണ് ഭരതേട്ടൻ. ആള് വയനാട്ടിൽ ഒളിവിൽ കഴിയുന്നതിനിടയിൽ ഞങ്ങളെ കാണുകയും പിന്നീട് ഞങ്ങളുടെ കൂടെ വരികയും ചെയ്തതാണ്.
ഞാൻ, സോമൻ, കൃഷ്ണേട്ടൻ, ഭരതേട്ടൻ, ദാമോദരൻ മാഷ്... വി.കെ.പ്രഭാകരൻ ഉൾപ്പടെയുള്ള സംഘാംഗങ്ങൾ കൂടെയുമുണ്ട്. ഞാനെന്നുമെടുക്കുന്ന ഒരു നിലപാടുണ്ട്. ദരിദ്ര- ഇടത്തരം വിഭാഗങ്ങളിൽ നിന്നു വരുന്ന സാധാരണക്കാരാണ് പോലീസുകാരിൽ ഭൂരിപക്ഷവും. അവരൊന്നും നമ്മുടെ വർഗ്ഗശത്രുക്കളല്ല. അവരെ ആക്രമിയ്ക്കാനോ ഉന്മൂലനം ചെയ്യാനോ പാടില്ല. പോലീസ് സ്റ്റേഷൻ ആക്രമണം കൊണ്ട് ഉദ്ദേശിയ്ക്കുന്നത് ഭരണകൂട സംവിധാനത്തെ വെല്ലുവിളിയ്ക്കുന്ന –നേരിടുന്ന ഒരു രാഷ്ട്രീയ പ്രതീതി സൃഷ്ടിയ്ക്കലാണ്. റൈഫിൾ പിടിച്ചെടുക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. പോലീസുകാരെ ആക്രമിയ്ക്കുകയല്ല വേണ്ടത്. അത് അവരോട് പറയുകയും വേണം.
രണ്ടോ മൂന്നോ പോലീസുകാരും ഒരു സെൻട്രിയും- അങ്ങനെ നാലുപേരാണ് സാധാരണയായി രാത്രിയിൽ കായണ്ണ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടാവുക. ഞങ്ങൾ പതിമൂന്നു പേരുണ്ടല്ലോ. പക്ഷേ ആയുധങ്ങളൊന്നും കയ്യിലില്ല എന്നുതന്നെ പറയാം. ഒരു പൊട്ട റിവോൾവറും, ഇരുമ്പു കമ്പിയും, മരത്തിന്റെ പട്ടികയുമൊക്കെയാണ് ആകെയുള്ളത്. പക്ഷേ, അന്നവിടെ ഒരു ഉത്സവം നടക്കുന്നുണ്ടായിരുന്നു. ഞങ്ങളത് നേരത്തേ അറിഞ്ഞിരുന്നില്ല. ഫസ്റ്റ് ഷോ സിനിമയ്ക്കുശേഷം ആക്ഷൻ നടത്താനുള്ള ഒരുക്കത്തിലായിരുന്നു. അന്ന് ഉത്സവം കാരണം രണ്ടാമതൊരു ഷോ കൂടി വെച്ചിരുന്നു. അങ്ങനെ ആ പ്രദേശത്താകെ പതിവിൽക്കൂടുതൽ ആൾക്കാരുണ്ട്. ഞങ്ങളുടെ കണക്കുകൂട്ടലൊക്കെ തെറ്റി. പക്ഷേ, പരിപാടി നടപ്പിലാക്കാതിരിയ്ക്കാൻ പറ്റില്ല. അവിടെ ഒരു പാടവും പാറക്കൂട്ടവുമൊക്കെയുണ്ട്. അവിടെപ്പോയിരുന്ന് എല്ലാരും കൂടി കുറച്ചുനേരം സംസാരിച്ച് രണ്ടു മണിയ്ക്കു ശേഷം ആക്ഷൻ നടത്താനുള്ള തീരുമാനത്തിലെത്തി.

ആവേശമൊട്ടും ചോർന്നുപോകാതെ പാറക്കൂട്ടത്തിലിരുന്ന് ചർച്ചയൊക്കെ നടത്തീട്ട് അല്ലേ... എഴുപതുകൾ വിമോചനത്തിന്റെ ദശകമാണെന്ന് ഉറപ്പിച്ചുകൊണ്ട്...
അതെ. നടന്നുചെല്ലണ കാലടി ശബ്ദം കേട്ട് പോലീസുകാരുണർന്നു. അടുത്തെത്തിയപ്പോഴേയ്ക്കും അവർക്ക് ഞങ്ങൾ നക്സലൈറ്റുകളാണെന്ന് മനസ്സിലായി. അവർ അലറി വിളിയ്ക്കാൻ തുടങ്ങി, ‘നക്സലേറ്റുകള് കൊല്ലാൻ വരുന്നേ’ന്ന് പറഞ്ഞിട്ട്.
ഉത്സവം കാരണം സ്റ്റേഷനടുത്തുള്ള ക്വാർട്ടേഴ്സിൽ നാലഞ്ച് പോലീസുകാർ കൂടുതലുണ്ടായിരുന്നു. അന്ന് സ്റ്റേഷനിൽ മണ്ണെണ്ണ റാന്തലാണ് കത്തിച്ചു വെച്ചിരുന്നത്. ശബ്ദം കേട്ടപ്പോൾ ഒരു പോലീസുകാരൻ ആ റാന്തലെടുത്ത് മുന്നോട്ട് വന്നു. പെട്ടെന്ന് ഞാനാ റാന്തൽ തട്ടി താഴെയിട്ടു. അതിലെ മണ്ണെണ്ണ കൂടി പുറത്തേയ്ക്ക് തെറിച്ച് തീ ആളിക്കത്തുകയാണ് ഉണ്ടായത്. അപ്പോൾ നല്ല വെളിച്ചം പരന്നു. അതു കെടുത്താൻ ശ്രമിച്ച് ഞാൻ കുനിഞ്ഞുനിന്നപ്പോൾ ഒരു പോലീസുകാരൻ എന്റെ തലയിൽ ഇരുമ്പുകമ്പി കൊണ്ട് ഒറ്റയടി. നെറ്റിയുടെ രണ്ടു വശത്തുകൂടിയും ചോര ഒലിച്ചിറങ്ങി.
അപ്പോഴേക്കും ബാക്കി സഖാക്കൾ മൂന്ന് റൈഫിളുകൾ പിടിച്ചെടുത്തിരുന്നു. അവരോട് വേഗം സ്ഥലം വിട്ടോളാൻ പറഞ്ഞു. അവരാ റൈഫിളുകളും കൊണ്ട് പിൻവാങ്ങി. ഞാനും സോമനും കൂടി തിരികെപ്പോകാൻ നിൽക്കുമ്പോൾ പെട്ടെന്ന് കൃഷ്ണേട്ടന്റെ വിളി. അന്നത്തെ പാർട്ടിപ്പേര് പറഞ്ഞിട്ടാ വിളിക്കുന്നത്. അവിടെ പൂന്തോട്ടം പോലെ ചെടികളൊക്കെ വെച്ചിട്ടുള്ള ഒരു സ്ഥലം ഉണ്ടായിരുന്നു. അതിനുള്ളിൽ ഒരു പോലീസുകാരനും കൃഷ്ണേട്ടനും കെട്ടിമറിഞ്ഞ് ഉരുളുകയാണ്. പോലീസുകാർ കള്ളനെ പിടിയ്ക്കണ ഒരു രീതിയുണ്ട്. കള്ളന്റെ വിരൽ കടിച്ചു പിടിച്ച് പല്ലിൽ കോർക്കും. പിന്നെ രക്ഷപ്പെടാൻ പറ്റില്ല. അങ്ങനെ കൃഷ്ണേട്ടന്റെ വിരൽ പോലീസുകാരൻ കടിച്ചു കോർത്തിരിയ്ക്കയാണ്. ഞാനും സോമനും കൂടി ചെന്ന് എന്റെ കയ്യിലെ കത്തി കാട്ടി, വിടടാന്ന് പറഞ്ഞു. അങ്ങനെ കൃഷ്ണേട്ടനെ രക്ഷിച്ചു. അപ്പോഴേയ്ക്കും വേറൊരു പോലീസുകാരൻ റൈഫിളെടുത്ത് വെടിവെയ്ക്കാൻ തുടങ്ങി. മൂന്നു നാല് വെടിയൊച്ചകൾ കേട്ടു. അതിനിടയിലൂടെയാണ് ഞങ്ങൾ ഓടിയത്. അപ്പോൾ വേറൊന്നിനും മാർഗ്ഗമില്ലല്ലോ. ബാക്കി സഖാക്കളൊക്കെ നേരത്തേ രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു.
സ്റ്റേഷൻ പരിസരത്തു നിന്ന് ഓടി രക്ഷപ്പെട്ടശേഷം, പിന്നെ, ഞാനും സോമശേഖരനും രണ്ടു രണ്ടര മണിക്കൂറെടുത്ത് കുറേ കിലോമീറ്ററുകൾ നടന്ന് അഞ്ചഞ്ചര മണിയ്ക്ക് ഒരു ചെറിയ ടൗണിലെത്തി. നേരം വെളുത്തു വരുന്നേയുള്ളൂ. പാർക്ക് ചെയ്ത ബസ്സുകളുടെ ബോർഡ് വായിച്ചു –കൂരാച്ചുണ്ട്. ശരിയ്ക്കും ഞെട്ടിപ്പോയി. പോലീസ് സ്റ്റേഷൻ ആക്രമണം നടന്ന അതേ സ്ഥലത്തുതന്നെയാണ് ഞങ്ങൾ ചുറ്റിവളഞ്ഞ് വീണ്ടും എത്തിയിരിയ്ക്കുന്നത്. (ചിരിയ്ക്കുന്നു.)
ജയറാം പടിക്കലൊക്കെ വിവരങ്ങൾ ഉടൻ അറിയും. ഒട്ടും വൈകാതെ വൻതോതിൽ പോലീസവിടെ ഇരച്ചെത്തും. നിമിഷനേരം കൊണ്ട് ഞങ്ങൾ ഓട്ടം തുടങ്ങി. റോഡിൽ കയറാതെ പാടത്തൂടേം തോട്ടുവരമ്പത്തൂടേം ഓടി, ആൾക്കാരെക്കണ്ടാൽ അസ്വാഭാവികതയില്ലാതെ വേഗത്തിൽ നടക്കും. രാവിലെ എട്ടു മണിയോടെ സോമന് പരിചയമുള്ള ഒരു സഖാവിന്റെ വീട്ടിലെത്തി. അവിടന്നാണ് ശരീരത്തിലും ഷർട്ടിലുമൊക്കെയുള്ള ചോര കഴുകിക്കളയണത്. കഞ്ഞി കുടിച്ച് പിന്നേം നടന്നു. ബസ്സിലൊന്നും കേറാൻ പറ്റില്ലല്ലോ ആ ദിവസം. കോഴിക്കോട് വരെ നടന്നിട്ട്ണ്ട് അന്ന്.

അങ്ങാടിപ്പുറം ബാലകൃഷ്ണൻ
കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണത്തിനു ശേഷം വളരെ ബുദ്ധിമുട്ടിയാണല്ലോ കേവി അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ അടുത്തെത്തെത്തിയത്. ബി. രാജീവൻ മാഷിന്റെ വീട്ടിലും അങ്ങാടിപ്പുറത്തും എത്തിയതിനെക്കുറിച്ച്... സഖാവ് ബാലകൃഷ്ണന്റെ രകതസാക്ഷിത്വത്തെക്കുറിച്ച്...
ഭരണകൂടത്തിന്റെ മർദ്ദനോപാധികളെ തകർക്കാനുള്ള ആത്മസമർപ്പണമായിരുന്നു, ബലിയായിരുന്നു അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ രക്തസാക്ഷിത്വം. ബാലകൃഷ്ണനുമായി നേരത്തേ ബന്ധമുണ്ട്. അവിടെ ബീഡിത്തൊഴിലാളികളുടെ ഒരു സഹകരണ സംഘത്തിൽ സഖാവ് സജീവമായി രുന്നു. രാഷ്ട്രീയമായി നമ്മളോട് ബന്ധപ്പെട്ടിരുന്ന ബാലകൃഷ്ണൻ സർവെയറായി തഹദിൽദാർ ഓഫീസില് ജോലി ചെയ്യുകയായിരുന്നു. നേരത്തേ പറഞ്ഞ പ്രഭാകരൻ മാഷ് വഴിയാണ് സഖാവ് വരുന്നത്. മാഷിന്റെ വീടിന് തൊട്ടടുത്താണ് ബീഡിക്കമ്പനി. ബാലകൃഷ്ണന്റെ വീടും അടുത്തു തന്നെയാണ്.
കായണ്ണ ആക്ഷൻ കഴിഞ്ഞ് ഞാൻ ആദ്യമെത്തുന്നത് രാജീവന്റെ വീട്ടിലാണ്. ബി. രാജീവൻ അന്ന് മലപ്പുറം കോളേജിൽ അദ്ധ്യാപകനാണ്. കോളേജിനടുത്തുള്ള ഒരുവാടകവീട്ടിൽ ഭാര്യ സാവിത്രിയുമൊത്ത് താമസിയ്ക്കുന്നു. കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിയ്ക്കണം. അഭ്യൂഹങ്ങളും പെരുപ്പിച്ച് കാട്ടലുകളും കള്ളവാർത്തകളും മാത്രമേ ജനങ്ങളിലെത്തുന്നുള്ളൂ. റീജിയണൽ എഞ്ചിനീയറിംഗ് കോളേജിനടുത്തുള്ള നമ്മുടെ മുറിയിൽ ഒരു സൈക്ലോസ്റ്റൈൽ മെഷീൻ ഉണ്ടായിരുന്നത് പറഞ്ഞിരുന്നല്ലോ. കോഴിക്കോട് റിപ്പയർ ചെയ്യാൻ കൊടുത്തിട്ടുള്ള ആ മെഷീൻ എടുക്കണം. അന്ന് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിയായിരുന്ന വാസു എന്തിനുമൊരുങ്ങി നിൽക്കുകയാണ്. പഠിത്തമൊക്കെ ഉപേക്ഷിച്ച് ഒളിവിൽ പ്രവർത്തിയ്ക്കുന്ന അയാളെ കോഴിക്കോട്ടേയ്ക്ക് അയയ്ക്കാം. തയ്യാറായി എത്തിയ വാസുവിന് ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുത്തു. പക്ഷേ, വാസു പിടിയ്ക്കപ്പെട്ടാലോ? സൈക്ലോസ്റ്റൈൽ മെഷീൻ കോഴിക്കോട്ടുള്ളത് സ്വാഭാവികമായി ആ സമയത്ത് പോലീസ് അറിഞ്ഞിട്ടുണ്ടാകും. പക്ഷേ, മെഷീൻ എടുക്കുക തന്നെ വേണം. കായണ്ണയുടെ രാഷ്ടീയം പുറത്തെത്തിയ്ക്കണം. ചിലപ്പോൾ വാസു അറസ്റ്റ് ചെയ്യപ്പെടാൻ സാദ്ധ്യതയുണ്ട്. അപ്പോൾ വിവരങ്ങളറിയാൻ കൂടെ ഒരാളെ വിടണം; വാസു അറിയാതെ, വാസുവിനെ നേരിട്ട് ബന്ധപ്പെടുത്താതെ... അങ്ങനെ അച്ചു എന്നൊരു വിദ്യാർത്ഥിയെയാണ് വാസു കോഴിക്കോട്ടേയ്ക്ക് പോകുന്ന ബസ്സിൽ കൂടെ കയറ്റിവിട്ടത്.

കാലങ്ങളായി വിദേശത്ത് ബിസിനസ്സു ചെയ്യുന്ന, കേരളത്തിലെ സാംസ്കാരികരംഗത്ത് സജീവമായ ഉള്ളാട്ടിൽ അച്ചു അല്ലേ...
അതെ. അച്ചുവിനെ അന്ന് എനിയ്ക്ക് പരിചയമില്ല. രാജീവന്റെ സ്റ്റുഡൻ്റാണ്. എസ്.എഫ്.ഐയിൽ പ്രവർത്തിയ്ക്കുന്നുണ്ട്. രാജീവനാണ് അച്ചുവിനെ നിർദ്ദേശിയ്ക്കുന്നത്. കോഴിക്കോട് എത്തുന്നതിനു മുമ്പുതന്നെ വാസുവിനെ പോലീസ് പിടിച്ചു. നേരത്തേ തീരുമാനിച്ചതിനനുസരിച്ച് വാസു മുദ്രാവാക്യം വിളിയ്ക്കാൻ തുടങ്ങി. അതിനിടയിൽ അച്ചു പോലീസിന്റെ കണ്ണിൽപ്പെടാതെ ആദ്യ ബസ്സിനു തന്നെ തിരിച്ചുകയറി രാജീവന്റെ വീട്ടിലെത്തി വിവരമറിയിച്ചു. പിടിയ്ക്കപ്പെട്ടാലും ഞാൻ രാജീവന്റെ വീട്ടിലുണ്ട് എന്നത് വാസു പെട്ടെന്ന് പറയില്ല എന്നാണ് വിചാരിച്ചത്. അതുകൊണ്ട് രാജീവന്റെ വീട്ടിൽ നിന്നു പേരാൻ ഞാൻ തിരക്കുകൂട്ടുന്നില്ല. പെട്ടെന്ന് ഇറങ്ങുകയാണ് വേണ്ടത്. പക്ഷേ, രണ്ടുമൂന്നു മണിക്കൂറൊക്കെ രാജീവനുമായി സംസാരിച്ചുകൊണ്ട് ഞാനിരുന്നു.
വാസു പിടിയ്ക്കപ്പെട്ടു എന്നറിഞ്ഞാൽ പിന്നെ രാജീവൻ മാഷിന്റെ വീട്ടിൽ സമയം കളയാൻ പാടില്ലായിരുന്നു അല്ലേ...
അതെ. പക്ഷേ, വാസു ഉടനെ തന്നെ വിവരങ്ങളൊക്കെ പോലീസിനോട് പറയുമെന്ന് കരുതിയതേയില്ലല്ലോ. വാസു അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തിൽ തുടർന്ന് എന്താണ് ചെയ്യേണ്ടത് എന്നൊക്കെ രാജീവനോട് ചർച്ച ചെയ്ത്, സാവിത്രിയെ സമയമെടുത്ത് ബോദ്ധ്യപ്പെടുത്തിയിട്ടാണ് ഞാൻ അവിടന്ന് പോരുന്നത്. എന്നിട്ടാണ് അങ്ങാടിപ്പുറത്ത് ബീഡിക്കമ്പനിയിൽ എത്തിയത്. ‘സഖാവ് ഇരിയ്ക്ക്. ഈ കണക്കൊന്നു ശരിയാക്കട്ടെ’യെന്നു പറഞ്ഞ ബാലകൃഷ്ണനേയും കൂട്ടി പിന്നെയും ഒരു മണിക്കൂർ കഴിഞ്ഞ് വൈകീട്ട് ആറര- ഏഴ് മണി ആയിട്ടുണ്ടാകും, അവിടന്ന് ഇറങ്ങിയപ്പോൾ.
ബാലകൃഷ്ണന്റെ വീട്ടിലേയ്ക്ക് രണ്ട് വഴികളുണ്ട്. കുളത്തിന്റെ സൈഡിൽ കൂടിയുള്ള വഴിയിലൂടെയാണ് സാധാരണ പോകാറുള്ളത്. ഇന്ന് മറ്റേ വഴി പോകാംന്ന് ഞാൻ പറഞ്ഞു. എന്തോ അങ്ങനെ തോന്നി. ചുറ്റിവളഞ്ഞ് വീടിനടുത്തുള്ള പാടത്ത് മറുകരയിൽ എത്തിയപ്പോൾ ബാലകൃഷ്ണന്റെ വീട്ടിലാകെ സെർച്ച് ലൈറ്റ്. സാധാരണ പോകുന്ന വഴിയ്ക്കായിരുന്നെങ്കിൽ അപ്പഴേ രണ്ടു പേരും പിടിയ്ക്കപ്പെട്ടേനെ.

‘ഇനി ഒരു കാരണവശാലും കുറച്ചുദിവസം വീട്ടിൽ പോകരുത്. പിന്നീട് എന്തു ചെയ്യണമെന്ന് നമുക്കാലോചിയ്ക്കാം, തീരുമാനിയ്ക്കാം’ എന്ന് ബാലകൃഷ്ണനോട് കർശനമായിത്തന്നെ ഞാൻ പറഞ്ഞു. ‘രണ്ടു ദിവസം കഴിഞ്ഞിട്ട് ഞാൻ വരാം’ എന്നും പറഞ്ഞു, സമയം തീരുമാനിച്ചു. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ കാണാമെന്ന് നിശ്ചയിച്ചു. അങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് തിരുമാനിച്ച പ്രകാരം ഞാനെത്തി. കുറേ നേരം കാത്തുനിന്നിട്ടും ബാലകൃഷ്ണനെ കാണാനില്ല. പിന്നീടാണ് കാര്യങ്ങൾ അറിഞ്ഞത്.
വീട്ടിൽ പോകരുത് എന്ന് പറഞ്ഞിരുന്നെങ്കിലും ബാലകൃഷ്ണൻ പിറ്റേന്നുതന്നെ പോയി, പോലീസിന്റെ പിടിയിലാവുകയും ചെയ്തു. അവിടത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഒരു ദിവസം ചോദ്യം ചെയ്ത് രണ്ടാം ദിവസമാണ് കക്കയത്തേയ്ക്ക് കൊണ്ടുപോകുന്നത്. പ്രഭാകരൻ മാഷുമുണ്ട് ജീപ്പില്. ആ യാത്രയിലാണ് ചേളാരി വെച്ച്… മാഷ് പറഞ്ഞിട്ടുള്ള കഥയാണ് പിന്നീട് അറിയുന്നത്. ബാലകൃഷ്ണൻ ബീഡി കത്തിയ്ക്കാൻ പോലീസുകാരന്റെ കയ്യിൽ നിന്ന് തീപ്പെട്ടി വാങ്ങി. ബീഡി കത്തിയ്ക്കുന്നതിനൊപ്പം ജീപ്പിലുണ്ടായിരുന്ന ഡീസൽ ടിൻ കാലുകൊണ്ട് മറിച്ചിട്ട് തീയിട്ടു. മുന്നിലിരുന്ന ഡി.വൈ.എസ്.പിയെ, ആമം വെച്ച കൈ പിന്നിൽ നിന്ന് അയാളുടെ തലയിലൂടെയിട്ട്, ചാടിപ്പോകാൻ അനുവദിയ്ക്കാത്ത വിധം വരിഞ്ഞുമുറുക്കി ഇരുന്നു. തീ പടർന്നപ്പൊ മറ്റുള്ളവരൊക്കെ ചാടി. പോലീസ് ഉദ്യോഗസ്ഥനും ബാലകൃഷ്ണനും മാത്രം ജീപ്പിൽ. രണ്ടു പേരും മരിച്ചു, വെന്തുമരിച്ചു. സ്വയം വരിച്ച, സമാനതകളില്ലാത്ത രകതസാക്ഷിത്വമായിരുന്നു ബാലകൃഷ്ണന്റേത്.
പിന്നീട്, വർഷങ്ങൾക്കുശേഷം എനിയ്ക്കൊരു ഫോൺ വന്നു. തൃശൂർ ജില്ലാ കളക്ടറാണ് വിളിച്ചത്. നിങ്ങടെ അങ്ങാടിപ്പുറം ബാലകൃഷ്ണന്റെ കൂടെ വെന്തുമരിച്ച ഡി.വൈ.എസ്.പിയുടെ മകനാണ് ഞാൻ എന്നാണ് കളക്ടർ പറഞ്ഞത്. എന്താ പറയേണ്ടത് എന്നറിയാതെ ഞാൻ ഫോൺ വെച്ചു.
ബി. രാജീവൻ വീട്ടുതടങ്കലിൽ
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ കാത്തു നിന്നിട്ട്, ബാലകൃഷ്ണനെ കാണാനാവാതെ പിന്നെ എന്താണ് ചെയ്തത്?
പിന്നീട് വീണ്ടും രാജീവന്റെ വാടകവീട്ടിലേയ്ക്കാണ് പോകുന്നത്. രാജീവൻ അറസ്റ്റ് ചെയ്യപ്പെട്ടോ എന്നറിയണം. നക്സലൈറ്റുകളെക്കുറിച്ചുള്ള എന്തെങ്കിലും വാർത്തയുണ്ടോ എന്നറിയാനായി ഒരു ഇന്ത്യൻ എക്സ്പ്രസ് പത്രം വാങ്ങി. ഒന്ന് കണ്ണോടിച്ചു നോക്കി. പിന്നെ മടക്കി കയ്യിൽ വെച്ചു. രാജീവന്റെ വീട്ടിലേയ്ക്ക് മെയിൻ റോഡിൽ നിന്ന് പോകുന്ന ഒരു വഴിയുണ്ട്. ആ വഴിയിൽ പോലീസ് ഉണ്ടാകുമെന്ന സംശയം കാരണം മറ്റൊരു വളഞ്ഞ വഴിയിലൂടെ അയാളുടെ വീട്ടിലെത്തി. ഒതുക്കുകൾ കയറിച്ചെന്നാൽ ഒരു പൂമുഖമൊക്കെയുള്ള പഴയ വീടാണ്. ഞാൻ ചുറ്റി വളഞ്ഞ് ചെല്ലുന്നത് അകത്തുനിന്ന് സാവിത്രി കാണുന്നുണ്ട്. പക്ഷേ, സാവിത്രി പെട്ടെന്ന് അപ്രത്യക്ഷയായി. എനിയ്ക്കാകെ സംശയം തോന്നി. ഞാൻ ഒതുക്കുകൾ കയറിച്ചെല്ലുമ്പോൾ പൂമുഖത്തൊരു പരിചയമില്ലാത്ത ആളിരിക്കുന്നു. കാഴ്ചയിൽത്തന്നെ മനസ്സിലാകും ആളൊരു പോലീസുകാരനാണെന്ന്. മറ്റൊരാള് അവിടെ ഒരു ബഞ്ചിൽ കിടന്നുറങ്ങുന്നുണ്ട്. രാജീവൻ വീടിനകത്തു തന്നെ ഉണ്ടാകും. എന്തുചെയ്യും? ‘രാജീവൻ ഇവിടെയില്ലേ’ എന്ന് ഒട്ടും അസ്വാഭാവികതയില്ലാതെ ഞാൻ ചോദിച്ചു. പോലീസുകാരൻ എന്നെ ചുഴിഞ്ഞു നോക്കിയിരുപ്പാണ്. രാജീവൻ വീട്ടുതടങ്കലിലാണെന്ന് ഉടൻ തന്നെ മനസ്സിലായി. ഞാനൊന്ന് വെറുതെ ചിരിച്ചുകൊണ്ട് തിരിച്ചുനടന്നു, കൂടുതലൊന്നും പറയാതെ, ഒട്ടും ധൃതി കാണിയ്ക്കാതെ. കുറച്ചു ദൂരം നടന്നു, അവരുടെ ദൃഷ്ടിയിൽനിന്ന് മറഞ്ഞപ്പോൾ ഓടി രക്ഷപ്പെട്ടു. ബസ്റ്റാൻഡിലെത്തുന്ന മലപ്പുറം കയറ്റം ഉണ്ട് അവിടെ. ഏതൊക്കെയോ ഈടുവഴിയിലൂടെ അവിടെയെത്തി കിട്ടിയ ബസ്സിൽ കയറി. തിരൂർക്കുള്ള ബസ്സാണ്. സോമശേഖരൻ പോയിട്ടുള്ള കല്പകഞ്ചേരി ആ വഴിയ്ക്കാണ്. അവിടെ ഇറങ്ങി സോമനെ അന്വേഷിയ്ക്കാമെന്ന് തോന്നി. കല്പകഞ്ചേരിയിൽ ഇറങ്ങി. അവിടെ പാർട്ടിയുമായി ബന്ധമുള്ള ആളുടെ വീട്ടിൽ ഞാൻ പോയിട്ടുണ്ട്. അങ്ങോട്ടുള്ള വഴിയിലെ ചായപ്പീടികയിൽ കയറി. ചായയ്ക്ക് പറഞ്ഞ് കാത്തിരിയ്ക്കുമ്പോൾ അപ്പുറത്ത് ഒരാൾ എന്നെത്തന്നെ നോക്കിയിരിയ്ക്കുന്നു. ചായ വാങ്ങിക്കുടിച്ചു. ചായ വീത്തണ ആൾക്കടുത്തു ചെന്ന് ‘സഖാവ് ഇങ്ങോട്ട് വന്നില്ലേ’ന്ന് ഞാൻ ചോദിച്ചു. ചായക്കാരന്റെ മുഖം വല്ലാതെയായി. അയാൾ എന്നെ നോക്കിക്കൊണ്ടിരുന്ന ആളെ പാളി നോക്കി. ചായക്കടയ്ക്കു മുന്നിലുള്ള റോഡിന്റെ നേരെ മുന്നിൽ പോലീസ് സ്റ്റേഷനാണ്. ഞാൻ റോഡിലിറങ്ങി സ്പീഡിൽ നടന്നു.

ഒട്ടും വൈകിയില്ല, പുറകിൽ പോലീസ് ജീപ്പ് വരുന്നു. ചായക്കടയിൽ എന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ആൾ മുൻസീറ്റിൽ ഇരിയ്ക്കുന്നുണ്ട്. ജീപ്പ് എന്നെക്കടന്ന് കുറച്ച് മുന്നിൽ നീക്കി നിർത്തി. ഞാൻ പിന്തിരിഞ്ഞ് സൈഡിൽ കണ്ട ചെറിയൊരു വഴിയിലേയ്ക്ക്, ഒരു മണ്ണു റോഡിലേയ്ക്ക് കയറി ഓടി. ‘നിക്കടാ നിക്കടാ’ എന്നു പറഞ്ഞ് പോലീസുകാർ ഒരു പത്തിരുപതു മീറ്റർ പുറകിൽ. കുറച്ചു മുന്നിൽ മുള്ള് വേലി കെട്ടി ചെരിഞ്ഞുകിടക്കുന്ന ഒരു കുന്നിൻ ചെരിവാണ്, തെങ്ങിൻ പറമ്പുകളാണ് താഴെ. കയ്യിലിരുന്ന പത്രം ചുരുട്ടി ഞാൻ പോലീസുകാരുടെ നേരെ വലിച്ചെറിഞ്ഞു. വേലി എടുത്തു ചാടി. വേലീടെ ഒരു ഭാഗം എന്റെ കൂടെയങ്ങ് പോന്നു. ഞാൻ താഴേയ്ക്കോടി.
ചുരുട്ടി എറിഞ്ഞത് ബോംബാണെന്ന് പോലീസുകാര് വിചാരിച്ചിട്ടുണ്ടാവും...
അതെ. അവര് പേടിച്ചു പോയി. അതിരുകെട്ടി വേർതിരിയ്ക്കാത്ത വീടുകൾക്കിടയിലൂടെ ഞാൻ ഓടുമ്പോൾ കൊറേ സ്ത്രീകൾ നോക്കിനിൽക്കുന്നു. എന്നെപ്പോലെ ഒരാളിങ്ങനെ ഓടണ കണ്ടിട്ട് അവരാകെ അന്തം വിട്ടു നിന്നു. ദൂരെ പോലീസുകാര് നിൽക്കുന്നത് കാണാം. പിന്നെ കുറെ കുണ്ടനിടവഴികൾ. ഏതൊക്ക്യോ വഴികളിലൂടെ നടന്ന്... ഓടി... കുറ്റിപ്പുറത്തെത്തി.
പ്രൊഫസർ അരവിന്ദാക്ഷൻ
തൃശൂരിൽ അരവന്ദാക്ഷൻ മാഷ് ഷെൽട്ടർ തന്നിരുന്നല്ലോ അല്ലേ...
കുറ്റിപ്പുറത്തു നിന്ന് പിന്നെ തൃശൂരിൽ എത്തീട്ടാണ് സി.പി.എം നേതാവ് പ്രൊഫസർ അരവിന്ദാക്ഷന്റെ വീട്ടിലേയ്ക്ക് ചെല്ലുന്നത്. മാഷടെ വീടെനിയ്ക്ക് കൃത്യായിട്ട് അറിയുമായിരുന്നില്ല. തൃശൂര് റൗണ്ടിലെ ഒരു പെട്രോൾ പമ്പുണ്ട്. അവടെ ജോലി ചെയ്യണ ജോസ് യുക്തിവാദി സംഘത്തിന്റെ നേതാവാണ്. എനിയ്ക്ക് നല്ല പരിചയോം അടുപ്പവുമുള്ള ആളാണ്. എന്നെ വല്യേ കാര്യാണ്. ഞാൻ ജോസിൻ്റടുത്ത് എത്തി. അയാളെന്നെ കണ്ടപ്പൊൾ ആകെ പേടിച്ചുപോയി. കായണ്ണ ആക്ഷൻ കഴിഞ്ഞിരിയ്ക്കയല്ലേ... പോരാത്തതിന് അടിയന്തരാവസ്ഥയും.
‘എടോ, താനെന്നെ ഒന്ന് സഹായിയ്ക്കണം. ഒരു സ്ഥലം സംഘടിപ്പിച്ചുതരണം’ എന്ന് ജോസിനോട് ഞാൻ ആവശ്യപ്പെട്ടു. ‘അരവിന്ദാക്ഷൻ മാഷടെ വീട്ടില് വേണെങ്കി കൊണ്ടാക്കിത്തരാം’ എന്ന് ജോസിന്റെ മറുപടി. അരവിന്ദാക്ഷൻ മാഷ് വളരെ മാന്യമായിട്ടാണ് പെരുമാറീത്. കുശലാന്വേഷണങ്ങൾക്കു ശേഷം ഭക്ഷണത്തിന് ക്ഷണിച്ചു. പക്ഷേ, ഞാൻ കഴിച്ചിരുന്നു. കിടക്കാൻ സ്ഥലം തന്നു. ‘രാവിലെ അഞ്ചു മണിയ്ക്ക് എണീറ്റ് പൊയ്ക്കോളാം’ എന്ന് മാഷോട് ഞാൻ പറഞ്ഞു.
എതിർ രാഷ്ട്രീയ നിലപാടുകളെ സഹിഷ്ണുതയോടെ മനസ്സിലാക്കുന്ന വലിയ മനസ്സായിരുന്നു പ്രൊഫസർ അരവിന്ദാക്ഷന്റേത്. അരവിന്ദാക്ഷൻ മാഷുടെ വീട്ടിൽ നിന്ന് പോന്ന ശേഷമാണ് പിന്നീട് തിരുവനന്തപുരത്തേയ്ക്ക് പോകുന്നത്. റെയിൽവേ സ്റ്റേഷനിൽ കാലത്ത് ചെന്നിറങ്ങി പി.ഗോവിന്ദപ്പിള്ളേടെ സുഭാഷ് നഗറിലെ വീട്ടിലേയ്ക്കെത്തി.
പാർട്ടി നൽകിയ ശിക്ഷ
ചിക്കൻ പോക്സ് തുണയായ –ഷെൽട്ടർ തന്ന അവസരവുമുണ്ടായല്ലോ...
അതുണ്ടായിരുന്നു. രാവിലെ ആറ്–ആറേകാലായിട്ടുണ്ടാവും ഞാൻ ഗോവിന്ദപ്പിള്ളേടെ വീട്ടിലെത്തുമ്പൊ. ഗേറ്റ് തുറക്കുമ്പഴേയ്ക്കും പത്രങ്ങൾ എടുക്കാനായിട്ട് പി.ജി പുറത്തേയ്ക്ക് വന്നു. ‘വേണൂ, വാ... വാ. നല്ല സമയത്താ വന്നേ’ എന്ന് വലിയ സന്തോഷത്തിൽ ചേട്ടൻ എന്നെ അകത്തേയ്ക്ക് വിളിച്ചു. പീജിയ്ക്ക് ചിക്കൻ പോക്സ് വന്ന് മാറീട്ട് രാജമ്മച്ചേച്ചിയ്ക്ക് തൊടങ്ങീരിക്കുണൂ. അതു കാരണം പാർട്ടിക്കാര് അങ്ങോട്ട് കടക്കില്ല. പോലീസും അന്വേഷിച്ച് വിരില്ല. അതാണ് നല്ല സമയമാണെന്ന് ചേട്ടൻ പറഞ്ഞത്. അടുത്ത യാത്രയ്ക്ക് തയ്യാറാകുന്നതുവരെ നാലഞ്ചു ദിവസം സുരക്ഷിതമായി അവിടെ താമസിയ്ക്കാം. പി.ജിയുടെ നല്ലൊരു ലൈബ്രറിയുണ്ട് മുകളിലത്തെ നിലയിൽ. കുറേ വായിയ്ക്കാം. ‘ഇന്നൊരു മീറ്റിംഗുണ്ട്. എന്തെങ്കിലും തമാശ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.’ ചേട്ടൻ പറഞ്ഞു.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മീറ്റിംഗ് കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ഗേറ്റ് തുറന്ന പി.ജിയ്ക്ക് ചിരി നിർത്താനാകുന്നില്ല –ചിരി അടക്കാനാകുന്നില്ല. അടിയന്തരാവസ്ഥ ആയതുകൊണ്ട് പത്രത്തിൽ ഒന്നും പ്രസിദ്ധീകരിയ്ക്കാൻ അനുവദിക്കുന്നില്ല എന്ന് പത്രാധിപന്മാർ പരാതി കൊടുത്തിരുന്നു. അന്തരീക്ഷം എന്താണെന്ന് അവർക്ക് വിശദീകരണം നൽകാൻ ആഭ്യന്തര മന്ത്രി വിളിച്ചു കൂട്ടിയ മീറ്റിംഗാണ് നടന്നത്. ‘കെ. വേണുവിനെ അറസ്റ്റ് ചെയ്തോ’യെന്ന് ആരോ ചോദിച്ചപ്പൊ കരുണാകരൻ സംശയമേ ഇല്ലാതെ ഉടൻ തന്നെ മറുപടി പറഞ്ഞു, ‘വേണുവിനെ അറസ്റ്റ് ചെയ്തു. ഞങ്ങടെ കസ്റ്റഡിയിലുണ്ട്.’ പി.ജീടെ വീട്ടിലുള്ള ഞാൻ കരുണാകരന്റെ കസ്റ്റഡീലാണെന്ന്. (പുഞ്ചിരിയ്ക്കുന്നു)
പിന്നീട് പാർട്ടിയ്ക്കകത്തും പി.ഗോവിന്ദപ്പിള്ള ഏറെ പ്രശ്നങ്ങള് നേരിടേണ്ടിവന്നില്ലേ?
ഞാനവിടന്ന് പോന്ന ശേഷം ദേശാഭിമാനിയിൽ ഒരു വാർത്ത വന്നിരുന്നു, പത്രാധിപർ പി. ഗോവിന്ദപ്പിള്ള ലീവിലാണെന്ന്. അപ്പൊ എനിയ്ക്ക് സംശയമായി. പി.ജിയുടെ അടുത്തേയ്ക്ക്, എറണാകുളത്തെ ദേശാഭിമാനിയിലേയ്ക്ക് ഒരു സഖാവിന്റെ കയ്യില് കത്തു കൊടുത്തു വിട്ടു. പി.ജി ടൈപ്പ് ചെയ്ത ഒരു മറുപടിയാണ് കൊടുത്തയച്ചത്. ‘സൂക്ഷിക്കണം’ എന്ന് പറഞ്ഞു കൊണ്ടാണ് തുടങ്ങുന്നത്. പി.ജി അറസ്റ്റ് ചെയ്യപ്പെടാൻ ഇടയുണ്ട് എന്ന അർത്ഥത്തിൽ. യഥാർത്ഥത്തിൽ അതു തന്നെയാണ് സംഭവിച്ചത്. സാധാരണ പോലുള്ള അറസ്റ്റല്ല. പി. ഗോവിന്ദപ്പിള്ളയെപ്പോലുള്ള ഒരാളല്ലേ. ജയറാം പടിക്കൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയാണ്. രാവിലെ മുതൽ രാത്രി വരെ മൂന്നു ദിവസം തുടർച്ചയായി പടിക്കലിന്റെ കസ്റ്റഡിയിൽ ഇരുത്തി. അതിനെത്തുടർന്നാണ് പാർട്ടി പി.ജിയെ കർണാടകയിലൊരു ഗവേഷണത്തിന് എന്നു പറഞ്ഞുകൊണ്ട്, നിർബന്ധിത ലീവെടുപ്പിച്ച് പറഞ്ഞയയ്ക്കുന്നത്.
ഒരു ശിക്ഷ തന്നെ ആയിരുന്നു അല്ലേ?
തീർച്ചയായും ശിക്ഷയായിരുന്നു. പാർട്ടി നൽകിയ ശിക്ഷ.
