താരം അനിൽ അല്ല, എ.കെ. ആൻറണി തന്നെയാണ്​

മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന, രാഹുൽ ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും അടുത്ത അടുപ്പം കാത്തുസൂക്ഷിക്കുന്ന ആന്റണിയെപ്പോലൊരു നേതാവിന്റെ മകനെ പോലും ആകർഷിക്കാൻ ബി.ജെ.പിക്ക് കഴിയുന്നു എന്ന രാഷ്ട്രീയ കൗശലം കൂടി ഇതിനുപുറകിലുണ്ട്​. അതുകൊണ്ട്​ അനിൽ അല്ല താരം, എ.കെ ആന്റണി തന്നെയാണ്.

നിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നതോടെ കോൺഗ്രസുകാർ ബി.ജെ.പിയിൽ ചേരാൻ നിൽക്കുന്നവരാണെന്ന ആഖ്യാനത്തിന് ആക്കം കൂടിയിട്ടുണ്ട്​. മക്കൾ ചെയ്യുന്ന കാര്യത്തിന് അച്ഛന്മാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നത്​ യാഥാർഥ്യമാണ്​. എങ്കിലും, രാഷ്ട്രീയ ഉൾക്കാഴ്ച, മതേതര നിലപാട്, ജനാധിപത്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്​ എന്നീ മൂല്യങ്ങൾ പകരുന്നതിൽ എ.കെ. ആൻറണിയെപ്പോലെ ഒരു രാഷ്ട്രീയ നേതാവ്​ പരാജയപ്പെട്ടു പോകുന്നത്​ ആലോചനയ്ക്ക് വിധേയമാക്കേണ്ട കാര്യമാണ്. അതിന്റെ വേരുകൾ, ശരിയായ രാഷ്ട്രീയ- പ്രത്യയശാസ്ത്ര അടിത്തറയില്ലാത്ത കോൺഗ്രസിന്റെ ഗ്രൂപ്പ് പ്രവർത്തനത്തിലൂടെ നേതാവായി വന്ന ആന്റണിയോളം എത്തുന്ന ഒന്നാണ്​.

എ.കെ. ആൻറണിക്കൊപ്പം അനിൽ ആന്റണി

കേരളത്തിന്റെ കോൺഗ്രസ്​ പശ്ചാത്തലത്തിൽ വളർന്ന അനിൽ ആന്റണി ഉപരിപഠനശേഷം എ.കെ. ആൻറണിക്കൊപ്പം ഡൽഹിയിൽ താമസിക്കുമ്പോൾ സജീവമായ സംഘടനാ പ്രവർത്തനം ഇല്ലാത്ത ഒരാളായിരുന്നു. അത്തരമൊരു സാഹചര്യത്തിൽനിന്നുള്ള സ്വഭാവിക വലതുപക്ഷ പരിണാമം കൂടിയാണിത്​. സ്വന്തം മകനെ കോൺഗ്രസ്​ രാഷ്ട്രീയത്തിലേക്ക് നയിക്കുന്നില്ലെങ്കിലും താൻ പിന്തുടരുന്ന രാഷ്ട്രീയ ആശയം ഇന്ത്യയോടും ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തോടും എങ്ങനെ ഉൾച്ചേർന്നിരിക്കുന്നു എന്നതിന്റെ ബാലപാഠം അനിൽ ആന്റണിക്ക് ലഭിച്ചിട്ടില്ല എന്നതാണ് വളരെ എളുപ്പം അദ്ദേഹത്തെ ബി.ജെ.പിയിൽ ചേരാൻ കഴിയുന്ന മാനസിക നിലയിലേക്ക് എത്തിച്ചത്.

മൃദു ഹിന്ദുത്വ അടയാളമുള്ളയാളും ഗാന്ധി കുടുംബത്തിന്റെ നേതൃത്വം പൂർണമായും ഉൾക്കൊള്ളാൻ കഴിയാത്ത വ്യക്തിയുമായ ശശി തരൂരിന്റെ ആരാധകനാണ് അനിൽ ആന്റണി. ഉന്നത വിദ്യാഭ്യാസം, അന്തർദേശീയ അംഗീകാരം, പുതിയ ഇന്ത്യയിൽ യുവാക്കളുടെ പങ്ക് എന്നിങ്ങനെയുള്ള നവ രാഷ്ട്രീയമണ്ഡലത്തിലേക്ക്​ അനിലിനെ പ്രലേഭിപ്പിക്കുന്നതിൽ ശശി തരൂരിനും സ്വാധീനമുണ്ട്. മോഹഭംഗം, ഉയർന്നുപോകാനുള്ള ആഗ്രഹം എന്നിവയാണ് അനിലിനെ നയിക്കുന്നതെങ്കിൽ അത് പിതാവിന്റെ പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ മൂലധനം ‘വിറ്റ് കാശാക്കുന്ന’തിലെ രാഷ്ട്രീയ അധാർമികതയാണ് അനിലിനെതിരെ തിരിയാൻ പലരേയും പ്രേരിപ്പിക്കുന്നത്.

ശശി തരൂരിനോടൊപ്പം അനിൽ ആന്റണി / Photo: Anil Antony FB Page

‘‘കേരളത്തിലെ മുസ്​ലിം ന്യൂനപക്ഷങ്ങൾ അമിതമായി ഭരണത്തിൽ സ്വാധീനം ചെലുത്തുന്നു’’, ‘‘ഹിന്ദുക്കൾ കൈയിൽ ചരടും നെറ്റിയിൽ ചന്ദനവും കെട്ടുന്നത് പ്രശ്‌നമായി കാണരുത്’’ എന്നീ വിവാദ പ്രസ്​താവനകളിലൂടെയും കരുണാകര വിരുദ്ധ നിലപാടിലൂടെയും കേരള രാഷ്ട്രീയത്തിൽ ‘ശ്രദ്ധ’ നേടിയ നേതാവായി കൂടി ആൻറണിയുടെ രാഷ്ടീയ മനസ്സിനെ വായിച്ചെടുക്കാറുണ്ട്​.

ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ബി.ജെ.പിയെ സ്വന്തം അടിത്തറ വിപുലമാക്കാൻ പലവഴികളിലൂടെ ശ്രമിച്ചുപോരുന്നുണ്ട്​. ദീർഘകാല പാരമ്പര്യമുള്ള ഒരു കോൺഗ്രസ്​ നേതാവിന്റെ മകനെ ബി.ജെ.പിയാക്കുന്നതുവഴി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമാറ്റം ഉണ്ടാവുമെന്നൊന്നും ബി.ജെ.പി ആലോചിക്കുന്നുണ്ടാകില്ല. എന്നാൽ ഏതു കോൺഗ്രസ്​ നേതാവിന്റെയും മകനോ ബന്ധുക്കൾക്കോ ബി.ജെ.പിയിൽ ചേരുന്നതിന് തൊട്ടുകൂടായ്മയില്ല എന്ന പ്രഖ്യാപനമാണ്, അനിൽ ആൻറണിയിലൂടെ ബി.ജെ.പി നടത്തുന്നത്. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന, രാഹുൽ ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും അടുത്ത അടുപ്പം കാത്തുസൂക്ഷിക്കുന്ന ആന്റണിയെപ്പോലൊരു നേതാവിന്റെ മകനെ പോലും ആകർഷിക്കാൻ ബി.ജെ.പിക്ക് കഴിയുന്നു എന്ന രാഷ്ട്രീയ കൗശലം കൂടി ഇതിനുപുറകിലുണ്ട്​. അതുകൊണ്ട്​ അനിൽ അല്ല താരം, എ.കെ ആന്റണി തന്നെയാണ്.

Comments