യു.ഡി.എഫ് കോട്ടയായി കാസർഗോഡ്, ഉണ്ണിത്താന് രണ്ടാമൂഴം

2004 മുതൽ 2019 വരെ എംപിയായിരുന്ന പി. കരുണാകരനെ അപേക്ഷിച്ച് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് മണ്ഡലത്തിൽ സജീവ സാന്നിധ്യമെന്ന തോന്നലുണ്ടാക്കാൻ ഉണ്ണിത്താൻ സാധിച്ചിരുന്നു. നിലവിലെ എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് പാർട്ടി വോട്ടുകൾക്കപ്പുറത്തേക്ക് നിഷ്പക്ഷ - യൂത്ത് വോട്ടിനെ ആകർഷിക്കാൻ കഴിയാതിരുന്നതും യു ഡി എഫ് വിജയം എളുപ്പമാക്കി.

Think

സി പി എമ്മിന്റെ എക്കാലത്തേയും ഉറച്ച കോട്ടയായി അറിയപ്പെട്ടിരുന്ന കാസർഗോഡ് ഇത്തവണയും കോൺഗ്രസിലെ രാജ്‌മോഹൻ ഉണ്ണിത്താന് വിജയത്തിലേക്ക്. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനെതിരെ വിജയം ഉറപ്പിച്ച് ഉണ്ണിത്താൻ. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ എൽഡിഎഫ് ചെറിയ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് ഉണ്ണിത്താൻ കയറി വരുന്ന കാഴ്ചയായിരുന്നു. ബി.ജെ.പിയുടെ എം.എൽ. അശ്വിനി മൂന്നാമതാണ്.

2004 മുതൽ 2019 വരെ എംപിയായിരുന്ന പി. കരുണാകരനെ അപേക്ഷിച്ച് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് മണ്ഡലത്തിൽ സജീവ സാന്നിധ്യമെന്ന തോന്നലുണ്ടാക്കാൻ ഉണ്ണിത്താൻ സാധിച്ചിരുന്നു. നിലവിലെ എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് പാർട്ടി വോട്ടുകൾക്കപ്പുറത്തേക്ക് നിഷ്പക്ഷ - യൂത്ത് വോട്ടിനെ ആകർഷിക്കാൻ കഴിയാതിരുന്നതും യു ഡി എഫ് വിജയം എളുപ്പമാക്കി. എൽ.ഡി.എഫിന് അനുകൂലമായ ഒരു ഘടകവും ഇത്തവണ മണ്ഡലത്തിലുണ്ടായിരുന്നില്ല.

35 വർഷം അടിയുറച്ചുനിന്ന ഇടതുകോട്ടയെ അട്ടിമറി ജയത്തിലൂടെ കോൺഗ്രസ് പിടിച്ചെടുക്കുന്നത് 2019- ലാണ്. 2009- ൽ ഷാഹിദ കമാലും 2014- ൽ ടി. സിദ്ധിഖും തോറ്റിടത്ത് 2019- ൽ ഉണ്ണിത്താൻ കാസർഗോഡ് എം.പിയായി. 2019- ൽ ഉണ്ണിത്താൻ നേരിട്ടത് സി പി എം ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രനെ. പെരിയയിലെ ഇരട്ടക്കൊലപാതകം, ശബരിമല, രാഹുൽ ഗാന്ധി തരംഗം എല്ലാ നിലയ്ക്കും കോൺഗ്രസിന് അനുകൂലമായ സാഹചര്യം. 43 ശതമാനം വോട്ടോടെ 40,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഒരു പഞ്ചായത്ത് മെമ്പർ പോലും ആവാതിരുന്ന ഉണ്ണിത്താൻ അങ്ങനെ 65-ാം വയസിൽ കാസർഗോഡിന്റെ എം.പിയായി. ഇപ്പോഴിതാ വീണ്ടും, സംസ്ഥാനത്തെ യു.ഡി.എഫ് തരംഗത്തിലൂടെ ഇടതുകോട്ടയിൽ രണ്ടാം ജയം സ്വന്തമാക്കിയിരിക്കുന്നു ഉണ്ണിത്താൻ.

കോൺഗ്രസ് രാജ്‌മോഹൻ ഉണ്ണിത്താനെ അഴിച്ചുവിട്ടത് കൊമ്പന്മാരെ തളക്കാനായിരുന്നു. തലശ്ശേരിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ് ണനെയും കുണ്ടറയിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയെയുമായിരുന്നു നേരിട്ടത്. രണ്ടിടത്തും കാര്യമായ ചലനമൊന്നും ഉണ്ടാക്കാതെ തോറ്റു. പാർട്ടി നേതാക്കൾക്കെതിരെ നിരന്തരം സംസാരിച്ച രാജ്‌മോഹൻ ചാനൽ ചർച്ചയിൽ പാർട്ടി വക്താവായി തുടർന്നു. അങ്ങനെയാണ് അപ്രതീക്ഷിത കോൺഗ്രസ് സ്ഥാനാർത്ഥിയായി കാസർഗോട്ടേക്ക് വണ്ടി കയറിയത്.

കാസർഗോഡിന്റെ ലോക്സഭാ മണ്ഡല ചരിത്രം തുടങ്ങുന്നത് എ കെ ജിയിൽ നിന്നാണ്. സ്വതന്ത്രനായി മത്സരിച്ച ബി. അച്യുതഷേണായിയെ 5,145 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് എ.കെ.ജി. കാസർഗോഡിന്റെ ആദ്യ എം.പിയാവുന്നത്. 1962- ലും സി പി ഐ സ്ഥാനാർത്ഥിയായി എ.കെ.ജി തന്നെ മത്സരിച്ചു. 83,363 വോട്ടിലേക്ക് ലീഡ് ഉയർത്തി എ.കെ.ജി വീണ്ടും കാസർഗോഡിന്റെ എം.പിയായി.

കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന ശേഷം നടന്ന 1967 ലെ പൊതുതെരഞ്ഞെടുപ്പിലും എ.കെ.ജി തന്നെ കാസർഗോഡ് ഇടതിന്റെ സ്ഥാനാർത്ഥി. സി പി എമ്മിന് അതൊരു അഭിമാന പോരാട്ടമായിരുന്നു. സി പി എം ടിക്കറ്റിൽ മത്സരിച്ച എ.കെ.ജിക്ക് ഒരു ലക്ഷത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷം നൽകി കാസർഗോഡ് ഒരു കമ്യൂണിസ്റ്റ് കോട്ടയാണെന്ന് ഉറപ്പിച്ചു. മണ്ഡല ചരിത്രത്തിൽ ഇന്നേവരെ തകർക്കാനാവാത്ത ഭൂരിപക്ഷമായിരുന്നു അത്. 1957 മുതൽ 1971 വരെ കാസർഗോഡിനെ ആർക്കും തകർക്കാനാവാത്ത ചെങ്കോട്ടയാക്കി എ.കെ.ജി.

1972 ൽ പക്ഷെ ആ കമ്യൂണിസ്റ്റ് കോട്ട ഒരു കെ.എസ്.യുക്കാരൻ പൊളിച്ചു, കോൺഗ്രസ് എസ് നേതാവും ഇപ്പോൾ മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി. അന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്നു കടന്നപ്പള്ളി. എ.കെ.ജി മാറിയ ഒഴിവിലേക്ക് അന്ന് ഇടതു സ്ഥാനാർത്ഥിയായി മത്സരിച്ച ഇ.കെ. നായനാരെ തോൽപ്പിച്ചാണ് രാമചന്ദ്രൻ കടന്നപ്പള്ളി എന്ന ചെറുപ്പക്കാരൻ ഇടതുകോട്ട തകർത്തത്. 28,404 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കടന്നപ്പള്ളിയുടെ കന്നി ജയം.

ജനങ്ങൾക്കൊപ്പം എ.കെ. ഗോപാലൻ
ജനങ്ങൾക്കൊപ്പം എ.കെ. ഗോപാലൻ

1977- ലെ പൊതുതെരഞ്ഞെടുപ്പിലും കടന്നപ്പള്ളി തന്നെ കോൺഗ്രസ് സ്ഥാനാർത്ഥിയായി. സി പി എമ്മിന്റെ എം. രാമണ്ണ റൈയെ ആയിരുന്നു കടന്നപ്പള്ളി തോൽപ്പിച്ചത്. 1980- ലും സി പി എം എം.രാമണ്ണ റൈയിലൂടെ സീറ്റ് നിലനിർത്തി.

1984ൽ ഇന്ദിരാഗാന്ധി വധത്തെതുടർന്ന് ആഞ്ഞുവിശീയ സഹതാപ തരംഗത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഇച്ചിലമ്പാടി രാമ റായ് എന്ന ഐ. രാമ റായി 11,369 വോട്ടിന് സി.പി.എമ്മിലെ ഇ. ബാലാനന്ദനെ തോൽപ്പിച്ചു. 1989-ൽ. രാമണ്ണ റായ് മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീടിങ്ങോട്ട് ഇടതുതരംഗമായിരുന്നു. 1991-ലെ തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി വധത്തെതുടർന്നുണ്ടായ സഹതാപ തരംഗത്തിലും കാസർഗോഡ് ചുവന്നു. കോൺഗ്രസിന്റെ കെ.സി. വേണുഗോപാലിനെ തോൽപ്പിച്ച് രാമണ്ണ റായ് വീണ്ടും എം.പിയായി.

1996- ൽ 74,730 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി പി എമ്മിന്റെ ടി. ഗോവിന്ദൻ കാസർഗോഡിനെ വീണ്ടും ചുവപ്പിച്ചു. ഐ രാമ റായ് ആയിരുന്നു എതിരാളി. 1998- ലും ടി. ഗോവിന്ദൻ വിജയം ആവർത്തിച്ചു. 1999- ലും വിജയിച്ച് ടി ഗോവിന്ദൻ ഹാട്രിക്ക് അടിച്ചു.

2004-ൽ സി.പി.എമ്മിന്റെ പി. കരുണാകരൻ ജയിച്ചു. 2009 ലും 2014 ലും ആ ജയം കരുണാകരൻ ആവർത്തിച്ചു. എന്നാൽ, 2019-ൽ കാസർഗോഡിന്റെ പാർട്ടി കോട്ട കൊല്ലത്തുകാരനായ രാജ് മോഹൻ ഉണ്ണിത്താൻ എന്ന കോൺഗ്രസുകാരൻ തകർത്തു. ഇടതിനൊപ്പം 35 വർഷം അടിയുറച്ച് നിന്ന കാസർകോട്ടെ ഒരു അട്ടിമറി ജയം. 2024-ലും ജയം ആവർത്തിക്കുന്നു ഉണ്ണിത്താൻ.

Comments