ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിൽ സംവിധായകൻ രഞ്ജിത്തിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ നേതാവ് ആനി രാജ. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയ ശേഷം അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ സ്ഥാനം തിരികെ നൽകണം. കള്ളപ്പരാതിയാണെങ്കിൽ നടപടിയെടുക്കാനുള്ള നിയമവും രാജ്യത്ത് ഉണ്ടല്ലോയെന്നും ആനി രാജ ചോദിച്ചു.
പരാതിയെ പരസ്യമായി ആരോപണ വിധേയൻ തള്ളിയെന്നു പറഞ്ഞ് ഒഴിയാനാണെങ്കിൽ രാജ്യത്ത് നിയമത്തിന്റെ ആവശ്യമില്ലല്ലോയെന്നും ആനി രാജ ചോദിച്ചു. ശ്രീലേഖയുടെ വെളിപ്പെടുത്തൽ കേരളത്തിനുതന്നെ അവമതിപ്പുണ്ടാക്കുന്നതാണ്. നടപടി എടുക്കാൻ കടുംപിടുത്തതിന്റെ ആവശ്യമില്ലെന്നും ആനിരാജ അഭിപ്രായപ്പെട്ടു.
'പാലേരി മാണിക്യം' സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ രഞ്ജിത്ത് മോശമായി പെരുമാറിയെന്നും ഒരു രാത്രി മുഴുവൻ ഹോട്ടലിൽ പേടിച്ച് കഴിയേണ്ടിവന്നെന്നുമുള്ള ശ്രീലേഖയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു ആനി രാജ.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കാൻ ആരുടെയും പരാതിയുടെ ആവശ്യമില്ലെന്ന് ആനി രാജ പറഞ്ഞു. സമയബന്ധിതമായ നടപടി സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം. റിപ്പോർട്ട് വൈകിയത് പോലെ നടപടി വൈകരുത്. ഒരു കേസുമില്ലാതെ പരിഹരിക്കേണ്ട കാര്യങ്ങളുണ്ടെന്നും ആനി രാജ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ റിപ്പോർട്ട് പൊതുസമൂഹത്തിന് മുന്നിലുണ്ട്. ആ റിപ്പോർട്ടിൽ നടപടി വൈകരുത്. എങ്കിൽ മാത്രമേ ഭാവിയിലും സ്ത്രീകൾക്ക് ഭയരഹിതരായി കടന്നുവരാൻ കഴിയൂ. ജോലിസ്ഥലത്തെ സൗകര്യങ്ങൾ ഉൾപ്പെടെ ഒരു കേസുമില്ലാതെ പരിഹരിക്കേണ്ട കാര്യങ്ങളുണ്ട്. കോൺക്ലൈവ് വിളിച്ച് വേട്ടക്കാരെയും അതിജീവിതകളെയും ഒരുമിച്ചിരുത്തി ചർച്ച ചെയ്യേണ്ട കാര്യമല്ല. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരാണ് തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത്. കോൺക്ലേവ് എന്നത് സാമാന്യബുദ്ധിക്ക് മനസ്സിലാകുന്ന കാര്യമല്ലെന്നും ആനി രാജ വ്യക്തമാക്കി.
രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനത്തുനിന്ന്
പുറത്താക്കണം, ഇല്ലെങ്കിൽ സത്യഗ്രഹം- സ്ത്രീപക്ഷ പ്രവർത്തകർ