സ്​ഥാനാർഥിത്വത്തിനു പുറകിൽ സംഭവിച്ചത്​- രജ്​ഞിത്ത്​ തുറന്നുപറയുന്നു

Think

നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട്​ നോർത്തിൽ എ. പ്രദീപ്​കുമാറിനുപകരം മത്സരിക്കാമോ എന്നു ചോദിച്ച്​ ഒരു സി.പി.എം നേതാവ്​ സമീപിച്ചിരുന്നുവെന്നും, ‘ആലോചിക്കാം’ എന്ന്​ മറുപടി നൽകിയതായും സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത്​. തന്റെ സ്​ഥാനാർഥിത്വവുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾക്കുപുറകിൽ സംഭവിച്ച കാര്യങ്ങൾ തുറന്നുപറയുകയാണ്​ ട്രൂകോപ്പി തിങ്ക് സി.ഒ.ഒയും അസോസിയേറ്റ് എഡിറ്ററുമായ ടി.എം. ഹർഷനുമായി നടത്തിയ സംഭാഷണത്തിൽ രഞ്ജിത്ത്.

"ഞാൻ ഒരിടത്തും പോയി സീറ്റ് ചോദിച്ചിട്ടില്ല, ചോദിക്കുകയുമില്ല. ഞാൻ അങ്ങനെ മുഴുവൻ പാർട്ടി പ്രവർത്തകർക്കും സമ്മതനായ ജീവിതത്തിന്റെ ഉടമയാണെന്ന മൂഢവിശ്വാസം എനിക്കില്ല. പാർട്ടി നേതാവ് എന്റെ വീട്ടിൽ വന്ന്​ പറഞ്ഞത്​ ഇങ്ങനെയാണ്​: കോഴിക്കോട് നോർത്തിൽ ഒരു ടെക്‌നിക്കൽ പ്രശ്‌നമുണ്ട്, മൂന്ന് ടേം പൂർത്തിയായ ഒരാൾ മത്സരിക്കണ്ട എന്നൊരു പ്രശ്‌നമുള്ളത് കൊണ്ട് പ്രദീപ്​കുമാർ ഇത്തവണ മത്സരരംഗത്തുണ്ടാവില്ല. അപ്പോൾ ഞാൻ ചോദിച്ചു; മറ്റു പലർക്കും കൊടുക്കുന്നതുപോലെ അദ്ദേഹത്തിനും ഒരു exemption കൊടുത്തൂടെ?
അപ്പോൾ അദ്ദേഹം പറഞ്ഞത്​; ‘ഇല്ല എന്നാണിപ്പോഴത്തെ അവസ്ഥ, ഞങ്ങളുടെ മനസിൽ നിങ്ങളുടെ പേരുണ്ട്’ എന്നാണ്. ആലോചിക്കാം എന്നായിരുന്നു തന്റെ മറുപടിയെന്ന്​ രഞ്ജിത്ത്​ പറഞ്ഞു.

വീട്ടിൽ വന്ന നേതാവിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഇതിന്റെ വിശദാംശങ്ങളോ, വേണ്ടവിധം പാർട്ടിയിൽ ആലോചിച്ചാണോ വന്നതെന്നോ ഒന്നും താൻ ​ചോദിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘നിങ്ങളുടെ അര സമ്മതം അറിയാനാണ് ഞാൻ വന്നതെന്നാണ്’ പാർട്ടി നേതാവ്​ പറഞ്ഞത്​. ഇതിനുശേഷമാണ്​ താൻ മത്സരിക്കാൻ പോകുന്നുവെന്ന്​ മാധ്യമങ്ങളിൽ വാർത്ത വന്നത്​. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളോ തന്റെ സ്ഥാനാർഥിത്വത്തിനെതിരെ പാർട്ടിയിലുള്ളവർ ഉയർത്തിയെന്നു പറയുന്ന എതിർ​പ്പോ തന്നെ ഒരുവിധത്തിലും ബാധിക്കില്ല.

ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ താൻ എസ്.എഫ്.ഐയുടെ ക്ലാസ് ലീഡർ സ്ഥാനാർത്ഥിയാണ്. അത് കഴിഞ്ഞ് ചേളന്നൂർ കൊളേജിൽ പഠിക്കുമ്പോഴും എസ്.എഫ്.ഐ ആണ്. 1979 പുനലൂരിൽ എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം നടക്കുമ്പോൾ താൻ കോഴിക്കോട് ജില്ലയുടെ പ്രതിനിധി ആയിരുന്നു. താരതമ്യേന ജൂനിയറായൊരു പയ്യനാണ് താൻ. പിന്നെ ജീവിതം സ്‌കൂൾ ഓഫ് ഡ്രാമയിലേക്ക് എത്തി. പിന്നെ രാഷ്ട്രീയത്തിലെ സജീവമായ ബന്ധം വിട്ടു. പിന്നീട് സിനിമയിലെത്തി. അപ്പോഴൊക്കെയും രാഷ്ട്രീയത്തെ നിരീക്ഷിക്കുന്നുണ്ട്, കാണുന്നുണ്ട്, അറിയുന്നുണ്ട്. ഈ പ്രസൻറ്​ ടൈമിലേക്ക് വരികയാണെങ്കിൽ കഴിഞ്ഞ അഞ്ച് വർഷത്തെ പിണറായി വിജയൻ ഗവൺമെന്റിനോട് മതിപ്പുള്ള ആളാണ്​ താനെന്നും രജ്​ഞിത്ത്​ പറഞ്ഞു.

Comments