രാജുവിനെ തള്ളാനാകാതെ റാന്നി

ഏപ്രിൽ ആറിന്​ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മാറ്റുരയ്​ക്കുന്ന ​പോരാട്ടത്തിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു. സീറ്റുവിഭജന ചർച്ചകളും സ്ഥാനാർഥി നിർണയവും അന്തിമഘട്ടത്തിലാണ്​. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

സി.പി.എമ്മിന്റെ സിറ്റിങ് സീറ്റാണെങ്കിലും, പാർട്ടി ഇവിടെ ആശയക്കുഴപ്പത്തിലാണ്. സ്ഥാനാർഥിയെച്ചൊല്ലി മാത്രമല്ല, ജോസ് കെ. മാണിയുടെ കേരള കോൺഗ്രസ് റാന്നിയിൽ കണ്ണുവച്ചിരിക്കുകയാണ്. മണ്ഡലം ഒരുവിധത്തിലും വിട്ടുകൊടുക്കില്ല എന്ന തീരുമാനത്തിലാണ് സി.പി.എം പ്രാദേശിക നേതൃത്വം. പത്തനംതിട്ട ജില്ലയിൽ മൂന്ന് സീറ്റാണ് സി.പി.എമ്മിനുള്ളത്. റാന്നി വിട്ടുകൊടുത്താൽ അത് രണ്ടായി ചുരുങ്ങും.

1996, 2001, 2006, 2011, 2016 വർഷങ്ങളിൽ തുടർച്ചയായി രാജു എബ്രഹാമാണ് റാന്നി എം.എൽ.എ. അതുവരെ സി.പി.എം ജയിച്ചിട്ടില്ലാത്ത റാന്നിയിൽ 1996ൽ ഏരിയ സെക്രട്ടറിയായിരുന്ന 35 കാരൻ രാജു എബ്രഹാം ശരിക്കും ഒരു പരീക്ഷണമായിരുന്നു, പാർട്ടിക്ക് ഒന്നും നഷ്ടപ്പെടാനില്ലാത്ത പരീക്ഷണം.

എന്നാൽ, കോൺഗ്രസിലെ പീലിപ്പോസ് തോമസിനെ 3429 വോട്ടിന് തോൽപ്പിച്ച് ഒരു ചരിത്രത്തിന് തുടക്കമിട്ടു. തുടർന്ന് 25 വർഷം റാന്നി മറ്റാരെയും തെരഞ്ഞെടുത്തിട്ടില്ല. വിജയസാധ്യത പരിഗണിച്ച് രാജുവിന് ഒരുവട്ടം കൂടി നൽകണമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം, രാജുവിനോളം ജനകീയനായ മറ്റൊരു സ്ഥാനാർഥിയെ റാന്നിയിൽ കിട്ടാനില്ലെന്നാണ് പ്രാദേശിക നേതൃത്വം പറയുന്നത്.

രാജു എബ്രഹാം / വര: ദേവപ്രകാശ്
രാജു എബ്രഹാം / വര: ദേവപ്രകാശ്

ആറന്മുള്ളയിൽനിന്ന് വീണ ജോർജിനെ മാറ്റി റാന്നിയിൽ മൽസരിപ്പിക്കാമെന്ന നിർദേശവും സി.പി.എമ്മിനുമുന്നിലുണ്ട്. അങ്ങനെയാണെങ്കിൽ ആറന്മുള്ള കേരള കോൺഗ്രസിന് നൽകി തടി കേടാകാതെ നോക്കാം. അത്തരമൊരു സാഹചര്യത്തിൽ മാണി ഗ്രൂപ്പ് ജില്ല പ്രസിഡൻറ്​ എൻ.എം. രാജുവിന്റെ പേരാണ് കേരള കോൺഗ്രസ് പരിഗണിക്കുന്നത്. മധ്യതിരുവിതാംകൂറിൽ പാർട്ടിക്ക് സ്വാധീനമുള്ള ഒരു മണ്ഡലം നൽകാമെന്ന് സി.പി.എം ഉറപ്പുനൽകിയിരുന്നുവെന്നാണ് കേരള കോൺഗ്രസ് പറയുന്നത്.

രാജു എബ്രഹാം മാറുകയാണെങ്കിൽ യു.ഡി.എഫിൽനിന്ന് ജോസഫ് ഗ്രൂപ്പും റാന്നിയിൽ കണ്ണുവെക്കുന്നുണ്ട്. എന്നാൽ, കോൺഗ്രസിന് ഒരു എം.എൽ.എ പോലുമില്ലാത്ത ജില്ലകളുടെ കൂട്ടത്തിൽ പത്തനം തിട്ടയും ചേർന്നതോടെ, ഈ ദുരവസ്ഥ മറികടക്കാനുള്ള നീക്കത്തിലാണ് പാർട്ടി. രാജു എബ്രഹാം മാറിനിൽക്കുകയാണെങ്കിൽ പുതുമുഖത്തെ അവതരിപ്പിച്ച് മണ്ഡലം പിടിക്കാമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. എ.ഐ.സി.സി നിയോഗിച്ച ഏജൻസികളുടെ സർവേയിൽ കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്റെ പേരാണുള്ളത്.

അതിനിടെ, മലയോര മേഖലയിലെ കാർഷിക പ്രശ്‌നങ്ങൾ ഉയർത്തിപ്പിടിച്ച് റാന്നി അടക്കമുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്താൻ മേഖലയിലെ കർഷകരുടെ ഒരു ഓൺലൈൻ കൂട്ടായ്മ നീക്കം നടത്തുന്നുണ്ട്. 10,000- 15,000 വോട്ടുകൾ സമാഹരിക്കാനാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എൽ.ഡി.എഫിനായിരുന്നു മുന്നേറ്റം. റാന്നി ബ്ലോക്ക് പഞ്ചായത്ത്, പെരുനാട്, വടശ്ശേരിക്കര, എഴുമറ്റൂർ, കൊറ്റനാട്, അയിരൂർ, റാന്നി അങ്ങാടി പഞ്ചായത്തുകൾ എൽ.ഡി.എഫിനും വെച്ചൂച്ചിറ, നാറാണംമൂഴി, പഴവങ്ങാടി പഞ്ചായത്തുകൾ യു.ഡി.എഫിനും ലഭിച്ചു. ചെറുകോൽ പഞ്ചായത്ത് ബി.ജെ.പിക്കാണ്. 15 വർഷത്തിനുശേഷമാണ് ജില്ലാ പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് പിടിച്ചെടുക്കുന്നത്. റാന്നി പഞ്ചായത്തിൽ ബി.ജെ.പി പിന്തുണയോടെ പ്രസിഡന്റായ കേരള കോൺഗ്രസി (എം)ലെ ശോഭ ചാർളിയെ എൽ.ഡി.എഫ് പുറത്താക്കിയിരുന്നു. വോട്ടെടുപ്പിനുപുറകേ പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് സി.പി.എം തീരുമാനം നിരസിച്ചതിനെതുടർന്നായിരുന്നു നടപടി.

2016 നിയമസഭാ തെരഞ്ഞെടുപ്പിലെ മണ്ഡലത്തിന്റെ ഭൂപടം
2016 നിയമസഭാ തെരഞ്ഞെടുപ്പിലെ മണ്ഡലത്തിന്റെ ഭൂപടം

2016ൽ ബി.ഡി.ജെ.എസിലെ പത്മകുമാർ കെ. 28,201 വോട്ട് നേടി. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലായി ബി.ജെ.പി വോട്ട് വിഹിതം ഉയർത്തിക്കൊണ്ടുവരികയാണ്. കഴിഞ്ഞതവണ, വോട്ട് ഉയർത്തിവരികയാണ്. ശബരിമല ക്ഷേത്രം നിൽക്കുന്ന മണ്ഡലമാണിത്. ശബരിമല കാമ്പയിനിലൂടെ നടന്ന വർഗീയധ്രുവീകരണം വോട്ടാക്കിമാറ്റാമെന്ന പ്രതീക്ഷയിൽ ബി.ഡി.ജെ.എസിന് കോന്നി നൽകി റാന്നി ഏറ്റെടുക്കാനാണ് ബി.ജെ.പി നീക്കം. ബി.ഡി.ജെ.എസ് തന്നെയാണ് മത്സരിക്കുന്നതെങ്കിൽ കെ. പത്മകുമാർ തന്നെയായിരിക്കും സ്ഥാനാർഥി.

1957 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ ഇരുമുന്നണികൾക്കും ഇടം നൽകിയ മണ്ഡലം. ആദ്യ തെരഞ്ഞെടുപ്പിൽ റാന്നി കോൺഗ്രസിനായിരുന്നു. പ്രജ സോഷ്യലിസ്റ്റ് പാർട്ടി നേതാവായിരുന്ന വയലാ ഇടിക്കുളയാണ് കോൺഗ്രസിൽ ചേർന്ന് ആദ്യ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 1960ലും അദ്ദേഹം തന്നെ. രണ്ടുതവണയും ഇടിക്കുളയുടെ എതിർ സ്ഥാനാർഥിയായിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയിലെ ഇ.എം. തോമസ് കോൺഗ്രസിലേക്കുമാറുകയും 1965ൽ കോൺഗ്രസ് സ്ഥാനാർഥിയാകുകയും ചെയ്തു. വിജയിച്ചു, പക്ഷെ, ആ വർഷം ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ സഭ ചേർന്നില്ല. കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പിനുശേഷം 1967ൽ നടന്ന തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ എം.കെ. ദിവാകരനാണ് ജയിച്ചത്.

1970ൽ സി.പി.എം സ്വതന്ത്രൻ ജേക്കബ് സക്കറിയ കുന്നിരിക്കൽ. 1977ൽ കേരള കോൺഗ്രസിലെ പ്രൊഫ. കെ.എ. മാത്യു. 1980ൽ കോൺഗ്രസ് (യു) സ്ഥാനാർഥിയായി മത്സരിച്ച എം.സി. ചെറിയാൻ. 1982ൽ സണ്ണി പനവേലിയും 1986ൽ റേച്ചൽ സണ്ണി പനവേലിയും കോൺഗ്രസ് (എസ്) സ്ഥാനാർഥികളായി ജയിച്ചു.

1987ൽ കേരള കോൺഗ്രസ് (ജെ)യിലെ ഈപ്പൻ വർഗീസ്.
1991ൽ കോൺഗ്രസിലെ എം.സി. ചെറിയാൻ. 1996 മുതൽ രാജു എബ്രഹാം. 2016ൽ സി.പി.എമ്മിലെ രാജു എബ്രഹാം 14,596 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ മറിയാമ്മ ചെറിയാനെ തോൽപ്പിച്ചത്.
റാന്നി പെരുനാട്, വടശ്ശേരിക്കര, എഴുമറ്റൂർ, വെച്ചൂച്ചിറ, പഴവങ്ങാടി, റാന്നി അങ്ങാടി, റാന്നി, ചെറുകോൽ, അയിരൂർ, നാറാണംമുഴി, കൊറ്റനാട്, കോട്ടങ്ങാൾ പഞ്ചായത്തുകൾ ചേരുന്നതാണ് റാന്നി മണ്ഡലം.



Summary: ഏപ്രിൽ ആറിന്​ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മാറ്റുരയ്​ക്കുന്ന ​പോരാട്ടത്തിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു. സീറ്റുവിഭജന ചർച്ചകളും സ്ഥാനാർഥി നിർണയവും അന്തിമഘട്ടത്തിലാണ്​. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.


Comments