ബലാത്സംഗക്കേസിൽ മുകേഷിനും
ഇടവേള ബാബുവിനും ജാമ്യം

പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ​ചെയ്യണമെന്ന്, മുൻകൂർ ജാമ്യഹർജികളെ എതിർത്ത് പ്രോസിക്യൂഷൻ വാദിച്ചു.

News Desk

  • ലാത്സംഗക്കേസിൽ നടനും എം.എൽ.എയുമായ മുകേഷ്, ഇടവേള ബാബു എന്നിവർക്ക് മുൻകൂർ ജാമ്യം.

  • കോൺഗ്രസ് അഭിഭാഷക സംഘടനാ നേതാവായിരുന്ന അഡ്വ. വി.എസ്. ചന്ദ്രശേഖരന്റെ മുൻകൂർ ജാമ്യഹർജിയിൽ വീണ്ടും വാദം കേൾക്കും, വിധി പിന്നീട്.

  • എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് ജാമ്യം അനുവദിച്ചത്.

  • പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ​ചെയ്യണമെന്ന്, മുൻകൂർ ജാമ്യഹർജികളെ എതിർത്ത് പ്രോസിക്യൂഷൻ വാദിച്ചു.

  • ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മൂന്നുപേർക്കുമെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തത്.

  • പരാതികൾ അടിസ്ഥാനരഹിതമാണ് എന്നായിരുന്നു പ്രതികളുടെ വാദം. 15 വർഷങ്ങൾക്കുശേഷം പരാതിയുമായി വന്നതിനുപുറകിൽ മറ്റ് ലക്ഷ്യങ്ങളുണ്ടെന്നും പരാതിക്കാരി തന്നോട് പണം ആവശ്യപ്പെട്ടുവെന്നും ബ്ലാക്ക് മെയിൽ ചെയ്തുവെന്നും മുകേഷ് വാദിച്ചു.

  • താരസംഘടനയായ A.M.M.A-യിൽ അംഗത്വം നൽകാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി.

  • രണ്ടു ദിവസം അടച്ചിട്ട കോടതിയിലായിരുന്നു കേസിന്റെ വാദം.

  • ലൈംഗിക പീഡന ആരോപണങ്ങളിൽ പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. മുകേഷ് അടക്കമുള്ളവരെ ചോദ്യം ചെയ്യാനിരിക്കേയാണ് പ്രതികൾ മുൻകൂർ ജാമ്യഹർജി നൽകിയത്.

  • പരാതിക്കാർ രഹസ്യമൊഴിയടക്കം നൽകിയ സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകിയാൽ അത് സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം തടസപ്പെടുത്താനും സാധ്യതയുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. അതുകൊണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്ത് വിചാരണ ചെയ്യണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

  • മുകേഷിനെതിരെ മരട് പൊലീസും ഇടവേള ബാബുവി​നെതിരെ എറണാകുളം നോർത്ത് പൊലീസുമാണ് കേസ് രജിസ്റ്റർ ചെയ്തത്.

  • മുകേഷ്, ജയസൂര്യ, മണിയൻ പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടർ വിച്ചു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ എന്നിവർ​ക്കെതിരെയായിരുന്നു നടിയുടെ പരാതി. ഈ പരാതികളിലെല്ലാം പൊലീസ് കേസെടുത്തിട്ടുണ്ട്.

  • മണിയൻ പിള്ള രാജുവിനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത് എന്നതിനാൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി. മണിയൻ പിള്ള രാജുവിന് സ്റ്റേഷനിൽ ഹാജരായി ജാമ്യം തേടാം എന്നും കോടതി ഉത്തരവിട്ടിരുന്നു.

  • സെക്രട്ടറിയേറ്റിലെ സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയെന്നായിരുന്നു ജയസൂര്യക്കെതിരായ പരാതി. ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

  • അതിനിടെ, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നശേഷമുള്ള പരാതികളിലെ ജാമ്യാപേക്ഷകളും തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളും പരിഗണിക്കാൻ ഹൈക്കോടതിയിൽ വനിതാ ജഡ്ജി അടങ്ങുന്ന പ്രത്യേക ബഞ്ചിനെ നിയോഗിച്ചു. ഡിവിഷൻ ബഞ്ചിൽ ജസ്റ്റിസ് സി.എസ്. സുധയും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരുമാണുള്ളത്. ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അടങ്ങിയ ഡിവിഷൻ ബഞ്ചാണ് പുതിയ ബഞ്ച് രൂപീകരിക്കാൻ തീരുമാനിച്ചത്.

  • ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരായ തന്റെ ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നിര്‍മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജി പരിഗണിക്കവേയാണ് ഡിവിഷൻ ബഞ്ച് ഇക്കാര്യം അറിയിച്ചത്.

Comments