വേടൻ പാടട്ടെ,
പക്ഷെ…

വേടൻ ചെയ്ത കുറ്റകൃത്യം, അദ്ദേഹം നേരിടുന്ന സാമൂഹിക വിചാരണകൾ, ആ പാട്ടിനും രാഷ്ട്രീയത്തിനുമെതിരായ തീവ്രവാദങ്ങൾ, ഒപ്പം, അദ്ദേഹത്തിനുവേണ്ടി ചമയ്ക്കപ്പെടുന്ന ന്യായവാദങ്ങളിലെ ഗുരുതരമായ തമസ്കരണങ്ങൾ- ഇതെല്ലാം കൃത്യമായ പരിശോധന അർഹിക്കുന്നവയാണ്.

ചുരുങ്ങിയ കാലം കൊണ്ട് വൻ ഹിറ്റായ റാപ്പ് ഗായകനാണ് ‘വേടൻ' എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി. മാലയിൽ കോർത്ത പുലിപ്പല്ലിന്റെ പേരിൽ വനം വകുപ്പെടുത്ത കേസിൽ അദ്ദേഹത്തിന് ഇന്നലെ കോടതി ജാമ്യം നൽകി. വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കില്ല, യഥാർഥ പുലിപ്പല്ലാണോ എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല എന്ന് ജാമ്യ ഉത്തരവിൽ പറയുന്നു. കസ്റ്റഡിയിൽനിന്ന് പുറത്തുവന്ന വേടൻ പറഞ്ഞത്: ‘പുകവലിയും മദ്യപാനവും ഒരു ബാഡ് ഇൻഫ്‌ളൂവൻസാണ് എന്ന് എനിക്കറിയാം, ചേട്ടനോട് ക്ഷമിക്കണം'.

വേടനെതിരായ കഞ്ചാവ്- പുലിപ്പല്ല് കേസുകളും അതിനെതുടർന്ന് അദ്ദേഹത്തിനെതിരെ പൊതുസമൂഹത്തിൽനിന്നുണ്ടായ കാമ്പയിൻ സ്വഭാവത്തിലുള്ള സംഘടിത ആക്രമണങ്ങളും വലിയ വാദപ്രതിവാദങ്ങൾക്കിടയാക്കി. പാട്ടിലൂടെയും പറച്ചിലിലൂടെയും വേടൻ പ്രകടമായി തന്നെ പറയുന്ന, സാമൂഹികനീതിയുടെയും ജാതി- സവർണ വിരുദ്ധതയുടെയും രാഷ്ട്രീയമാണ് വേട്ടയാടലിന്റെ അടിസ്ഥാന കാരണമെന്ന വാദമായിരുന്നു ഇതിൽ പ്രധാനം.

‘ഞാൻ പാണനല്ല പുലയനല്ല
നീ തമ്പുരാനുമല്ല
ആണേൽ ഒരു മൈരുമില്ല’,

‘കാടുകട്ടവന്റെ നാട്ടിൽ
ചോറു കട്ടവൻ മരിക്കും’,

‘വിയർപ്പ് തുന്നിയിട്ട കുപ്പായം
അതിൽ നിറങ്ങൾ മങ്ങുകില്ല കട്ടായം’,

‘നീർനിലങ്ങളിൽ അടിമയാരുടമയാര്?’

തുടങ്ങിയ വരികൾ നിർഭയമായി രാഷ്ട്രീയം പറയുന്നവയാണ്. മാത്രമല്ല, പാട്ടിനൊപ്പം സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയവും ജാതിവിരുദ്ധരാഷ്ട്രീയവും പറയും. ​മുൻ തലമുറയെ വിമർശിക്കും. തന്റെ പാട്ട് കേൾക്കാനെത്തുന്ന ആൾക്കൂട്ടം നിയന്ത്രണം വിട്ടാൽ ഇടപെടും, അവരെ ശാന്തരാക്കിയശേഷമേ പാട്ട് തുടരൂ. ചുറ്റുമുള്ളവരോട് സഹാനുഭൂതി പ്രകടനം നടത്തും. ജനകീയമായ ഒരു പൊളിറ്റിക്കൽ സ്റ്റേജ് രൂപപ്പെടുത്താനുള്ള ശ്രമമായി വേടന്റെ ഷോകളെ കാണാം. ഈയൊരു ഇടപെടലാണ് വേടനെതിരായ നടപടികളെ പ്രശ്നവൽക്കരിക്കുന്നത്.

ജനകീയമായ ഒരു പൊളിറ്റിക്കൽ സ്റ്റേജ് രൂപപ്പെടുത്താനുള്ള ശ്രമമായി വേടന്റെ ഷോകളെ കാണാം. ഈയൊരു ഇടപെടലാണ് വേടനെതിരായ നടപടികളെ പ്രശ്നവൽക്കരിക്കുന്നത്. Photo/ Vedanwithword
ജനകീയമായ ഒരു പൊളിറ്റിക്കൽ സ്റ്റേജ് രൂപപ്പെടുത്താനുള്ള ശ്രമമായി വേടന്റെ ഷോകളെ കാണാം. ഈയൊരു ഇടപെടലാണ് വേടനെതിരായ നടപടികളെ പ്രശ്നവൽക്കരിക്കുന്നത്. Photo/ Vedanwithword

വേടനെതിരായ പൊലീസിന്റെയും വനംവകുപ്പിന്റെ നടപടികളെ അനുകൂലിച്ചും എതിർത്തുമുള്ള വാദപ്രതിവാദങ്ങളിൽ ദലിത് ആക്റ്റിവിസ്റ്റുകൾ, പാട്ടുകാർ, സാംസ്‌കാരിക പ്രവർത്തകർ, മലങ്കര യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനം മുൻ മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസ് തുടങ്ങി വിവിധ തലങ്ങളിലുള്ളവർ ‘വേടൻ വേട്ടയാടപ്പെടുന്നു’ എന്ന വാദവുമായി എത്തി. വേടനെതിരെ നടപടിയെടുത്ത സർക്കാറിന് നേതൃത്വം നൽകുന്ന സി.പി.എം പക്ഷത്തുള്ള സാംസ്‌കാരിക പ്രവർത്തകരും സോഷ്യൽ മീഡിയ ഹാൻഡിലുകളും വേടന്റെ കലയ്ക്കും അതിന്റെ രാഷ്ട്രീയത്തിനും എതിരായ കടന്നാക്രമണമാണ് എന്ന വിമർശനമുന്നയിച്ചു.

വേടന് അനുകൂലമായി ഉയർന്ന വാദം ഇതായിരുന്നു:
ഹൈബ്രിഡ് കഞ്ചാവിന്റെയും പുലിപ്പല്ലിന്റെയും കാര്യത്തിൽ വേടൻ ചെയ്ത നിസ്സാരമായ കുറ്റകൃത്യത്തെ പർവതീകരിക്കുന്നു. സമാന കുറ്റകൃത്യം ചെയ്തവർ ഇപ്പോഴും സംവിധാനത്തിന്റെ സംരക്ഷണത്തിൽ കഴിയുമ്പോൾ വേടനെ വലിയ കുറ്റവാളിയായി പ്രദർശിപ്പിക്കുന്നത് വംശീയമായ വേട്ടയാടലാണ്. സ്‌റ്റേഷൻ ജാമ്യം കിട്ടിയ കുറ്റകൃത്യത്തിന്റെ പേരിൽ വേടനെതിരെ പൊതുസമൂഹത്തിൽ നടക്കുന്ന കാമ്പയിൻ ഇതിന് തെളിവാണ്. ഈ കാമ്പയിൻ പ്രത്യക്ഷമായും സാംസ്‌കാരിക ശുദ്ധിവാദമാണ്. കേരളത്തിലെ സവർണ കേന്ദ്രിതമായ കേൾവിയിൽ വേടന്റെ കീഴാളപക്ഷ രാഷ്ട്രീയമുണ്ടാക്കിയ പിളർപ്പ് വലിയ പ്രകോപനമുണ്ടാക്കിയിട്ടുണ്ട്. സാംസ്‌കാരികമായി വേട്ടയാടപ്പെടുന്ന ജനതയുടെ പക്ഷത്തിനുവേണ്ടി പൊതുവേദി സൃഷ്ടിച്ച് പാടുന്ന മഹാഗായകനെ ആറു ഗ്രാം കഞ്ചാവിന്റെ പേരിലും പുലിപ്പല്ലിന്റെ പേരിലും കലയിൽനിന്ന് പുറന്തള്ളാനാണ് ശ്രമം. അതുകൊണ്ടാണ് 'കഞ്ചാവ് തുന്നിയിട്ട കുപ്പായം' എന്ന സ്ക്രോൾ ഹെഡിംഗിലൂടെ ആ രാഷ്ട്രീയത്തെ റദ്ദാക്കാൻ സവർണ പൊതുബോധം ശ്രമിക്കുന്നത്.

എന്നാൽ, വേടനെപ്പോലൊരാൾ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കുന്നതിലൂടെ നൽകുന്ന സന്ദേശം, അതീവ ഗുരുതരമാണെന്നും അതുകൊണ്ടുതന്നെ ശിക്ഷിക്കപ്പെടണമെന്നുമായിരുന്നു മറുവാദം. തീവ്ര വൈകാരിക സ്വത്വവാദമുയർത്തുന്നത്, ഫലത്തിൽ മറ്റൊരുതരം ജാതീയതയാണ്, ജാതിയെ ഇവിടെ ഒരു സമ്മർദഘടകമായി ദുരുപയോഗിക്കുകയാണ്, ദലിത് സാന്നിധ്യത്തെ പാർശ്വവൽക്കരിച്ചുനിർത്തുന്ന സവർണവാദത്തിന്റെ ​അതേ യുക്തിയിലകപ്പെടുകയാണ് ഇത്തരം വൈകാരിക സ്വത്വവാദം, ലഹരി വൻ വിപത്തായി മാറിയ സമകാലിക സാഹചര്യത്തിൽ വേടൻ കുറ്റകൃത്യത്തിൽനിന്ന് രക്ഷപ്പെടുന്നത് സമൂഹത്തിൽ വിപരീത ഫലമുണ്ടാക്കും- ഇങ്ങനെ പോകുന്നു വേടനെതിരായ വാദങ്ങൾ.

തന്റെ പാട്ടിനെതിരായ ആക്രമണങ്ങളെയെല്ലാം പ്രതിരോധിക്കാൻ ശേഷിയുള്ള കലാകാരനാണ് അദ്ദേഹം. ഏതു പൗരർക്കും അർഹമായ തുല്യനീതിയ്ക്ക് വേടനും അർഹനാണ്. അതോടൊപ്പം, താൻ പ്രതിനിധീകരിക്കുന്ന പ്രതിരോധത്തിന്റെ രാഷ്ട്രീയം സ്വയം റദ്ദാക്കിക്കളയുന്ന വ്യാജ ബിംബമായി വേടൻ മാറുന്നുണ്ടോ എന്ന ചോദ്യം അദ്ദേഹവും ഒപ്പമുള്ളവരും ആരാധകസമൂഹവും ചോദിച്ചുകൊണ്ടേയിരിക്കണം.

വേടൻ ചെയ്ത കുറ്റകൃത്യം, അദ്ദേഹം നേരിടുന്ന സാമൂഹിക വിചാരണകൾ, ആ പാട്ടിനും രാഷ്ട്രീയത്തിനുമെതിരായ തീവ്രവാദങ്ങൾ, ഒപ്പം, അദ്ദേഹത്തിനുവേണ്ടി ചമയ്ക്കപ്പെടുന്ന ന്യായവാദങ്ങളിലെ ഗുരുതരമായ തമസ്കരണങ്ങൾ- ഇതെല്ലാം കൃത്യമായ പരിശോധന അർഹിക്കുന്നവയാണ്.

വേടനും മ്യൂസിക് ബാൻഡ് ടീമും താമസിച്ചിരുന്ന തൃപ്പുണിത്തുറയിലെ ഫ്ലാറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന വിവരത്തെതുടർന്ന് നടത്തിയ തെരച്ചിലിലാണ് വേടനും മറ്റ് എട്ടുപേരും പൊലീസ് പിടിയിലായത്. ഫ്ലാറ്റിലെ മേശപ്പുറത്തുനിന്ന് ആറു ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തതായി ഹിൽപാലസ് പൊലീസ് അറിയിച്ചു. വേടനും സുഹൃത്തുക്കളും ലഹരി ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പരിശോധനാ സമയത്ത് ഫ്ലാറ്റിലുണ്ടായിരുന്ന 9.5 ലക്ഷം രൂപയും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. പരിപാടി ബുക്ക് ചെയ്തതിന് ലഭിച്ച തുകയാണെന്നാണ് വേടൻ പറഞ്ഞത്. ദിവസങ്ങളായി വേടൻ നിരീക്ഷണത്തിലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. പിടിച്ചെടുത്ത കഞ്ചാവിന്റെ അളവ് കുറവായിരുന്നതിനാൽ വേടനെയും എട്ടു പേരെയും സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു.

രാസലഹരിക്കെതിരായ വേടന്റെ പരാമർശങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു. തൃശ്ശൂർ കഴിമ്പ്രം ബീച്ച് ഫെസ്റ്റിവലിനിടെയായിരുന്നു വേടൻ പറഞ്ഞു: ''ഞാൻ അനുഭവം കൊണ്ട് പറയുകയാണ് മക്കളേ, സിന്തറ്റിക് ഡ്രഗ് പത്തുപേർ അടിച്ചുകഴിഞ്ഞാൽ രണ്ടുപേർ ചത്തുപോകും. അത് ചെകുത്താനാണ്. അവനെ ഒഴിവാക്കുക, ദയവു ചെയ്ത്... പ്ലീസ്. എത്ര അമ്മയും അപ്പനുമാണ് എന്റെയടുത്തുവന്ന് കാലുപിടിക്കുന്നത്, മക്കളെ ഇതൊന്ന് പറഞ്ഞ് മനസ്സിലാക്ക് എന്ന്. എനിക്കതിത് പറയേണ്ട ആവശ്യമില്ല. പക്ഷെ, ഞാൻ നിങ്ങളുടെ ചേട്ടനാണല്ലോ’’.

രാസലഹരിക്കെതിരെ പ്രത്യക്ഷ നിലപാട് സ്വീകരിച്ച വേടനെപ്പോലെ, യുവതലമുറയിൽ ഏറെ സ്വാധീനമുള്ള ഒരു സെലിബ്രിറ്റി ലഹരി ഉപയോഗത്തിന് പിടിക്കപ്പെടുന്നത്, താൻ ഇത് ഉപയോഗിക്കാറുണ്ട് എന്ന അദ്ദേഹത്തിന്റെ സമ്മതം, ഇതെല്ലാം തീർച്ചയായും ലഹരിക്കെതിരായി രൂപപ്പെടേണ്ട പൊതുമനോഭാവത്തെ ദുർബലമാക്കിയേക്കാം.
രാസലഹരിക്കെതിരെ പ്രത്യക്ഷ നിലപാട് സ്വീകരിച്ച വേടനെപ്പോലെ, യുവതലമുറയിൽ ഏറെ സ്വാധീനമുള്ള ഒരു സെലിബ്രിറ്റി ലഹരി ഉപയോഗത്തിന് പിടിക്കപ്പെടുന്നത്, താൻ ഇത് ഉപയോഗിക്കാറുണ്ട് എന്ന അദ്ദേഹത്തിന്റെ സമ്മതം, ഇതെല്ലാം തീർച്ചയായും ലഹരിക്കെതിരായി രൂപപ്പെടേണ്ട പൊതുമനോഭാവത്തെ ദുർബലമാക്കിയേക്കാം.

ലഹരിക്കെതിരെ സർക്കാർ കാമ്പയിൻ ശക്തമാക്കിയ സന്ദർഭത്തിൽ വേടനെപ്പോലെ, യുവാക്കളെ വൻതോതിൽ ആകർഷിക്കുന്ന ഒരു സെലിബ്രിറ്റി ലഹരിവിരുദ്ധ കാമ്പയിനിൽ കൂടി പങ്കാളിയാകുന്നത് കണ്ടാണ് സർക്കാർ പരിപാടികളിൽ വേടന് കൂടതലായി അവസരം ലഭിച്ചുതുടങ്ങിയത്. ബുധനാഴ്ച ഇടുക്കിയിൽ സർക്കാറിന്റെ വാർഷികാഘോഷത്തിന് വേടന്റെ പരിപാടി തീരുമാനിച്ചിരുന്നു. അത് കേസിനെതുടർന്ന് റദ്ദാക്കി. ഒരാഴ്ച മുമ്പ് തിരുവനന്തപുരത്ത് നിശാഗന്ധിയിൽ നടന്ന സഹകരണ എക്‌സ്‌പോയിൽ വേടന്റെ സംഗീതപരിപാടിയുണ്ടായിരുന്നു. നിശാഗന്ധി ഓപ്പൺ എയർ ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞാണ് ശ്രോതാക്കളെത്തിയത്.
ഫ്‌ളാറ്റിൽനിന്ന് ആറു ഗ്രാം കഞ്ചാവ് കണ്ടെത്തിയത് നിസ്സാര കേസാണെങ്കിലും, ഇങ്ങനെയൊരു നിലപാടെടുത്ത ഒരാൾ തന്നെ ഇത്തരമൊരു കേസിലുൾപ്പെട്ടതിനാലാണ് വേടനെതിരായ കേസ് ഗൗരവത്തിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്.

കഞ്ചാവ് കണ്ടെത്തിയ കേസിന്റെ ചോദ്യം ചെയ്യലിനിടെയാണ് വേടന്റെ മാലയിലുള്ളത് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതും വനം വകുപ്പ് അറസ്റ്റു ചെയ്തതും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതും. ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത്. വന്യമൃഗങ്ങളെ വേട്ടയാടുന്നതുമായി ബന്ധപ്പെട്ട വകുപ്പും വനവിഭവം അനധികൃതമായി കൈവശം വച്ചതിന് എതിരായ വകുപ്പും ചുമത്തി. അറിഞ്ഞോ അറിയാതെയോ ഇത്തരം സാധനങ്ങൾ കൈവശം വെക്കുന്നത് കുറ്റകരമാണെന്ന് വനം വകുപ്പ് പറയുന്നു.
അഞ്ചു വയസ്സായ പുലിയുടെ പല്ലാണ് എന്ന് വനംവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. പുലിപ്പല്ല് തമിഴ്‌നാട്ടിലുള്ള രഞ്ജിത്ത് എന്ന ആരാധകൻ സമ്മാനമായി നൽകിയതാണെന്നും അത് യഥാർത്ഥ പുലിപ്പല്ലാണ് എന്നറിയില്ല എന്നുമാണ് വേടൻ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ശ്രീലങ്കയിലേക്കുപോയി അവിടെനിന്ന് യു.കെയിലേക്കോ ഫ്രാൻസിലേക്കോ കുടിയേറിയ രഞ്ജിത്ത് എന്നയാളാണ് വേടന് പുലിപ്പല്ല് നൽകിയത് എന്നാണ് വനം വകുപ്പിന് ലഭിച്ച വിവരം. ശ്രീലങ്കൻ തമിഴ് വംശജയാണ് വേടന്റെ അമ്മ. 'ഈയൊരു കണക്ഷൻ ഈ കേസിലുണ്ട്' എന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയ കേസിലും പുലിപ്പല്ല് കേസിലും പൊലീസ് ആക്റ്റിവിസം സംഭവിച്ചിട്ടുണ്ടോ?

ആറു ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്, നിസ്സാര കേസായതിനാൽ ആരോപിതർക്ക് സ്‌റ്റേഷൻജാമ്യം ലഭിച്ചു. ഇതോടൊപ്പം പരിഗണിക്കേണ്ട ഒരു സാഹചര്യമുണ്ട്. രാസലഹരിയുടെ ഉപയോഗം വിദ്യാർത്ഥികളടക്കമുള്ള യുവതലമുറയിൽ വ്യാപകമാണിന്ന്. ഇതിനെതിരെ വിവിധ തലങ്ങളിൽ കാമ്പയിനും നടക്കുന്നുണ്ട്. രാസലഹരിക്കെതിരെ പ്രത്യക്ഷ നിലപാട് സ്വീകരിച്ച വേടനെപ്പോലെ, യുവതലമുറയിൽ ഏറെ സ്വാധീനമുള്ള ഒരു സെലിബ്രിറ്റി ലഹരി ഉപയോഗത്തിന് പിടിക്കപ്പെടുന്നത്, താൻ ഇത് ഉപയോഗിക്കാറുണ്ട് എന്ന അദ്ദേഹത്തിന്റെ സമ്മതം, ഇതെല്ലാം തീർച്ചയായും ലഹരിക്കെതിരായി രൂപപ്പെടേണ്ട പൊതുമനോഭാവത്തെ ദുർബലമാക്കിയേക്കാം. അതുകൊണ്ടുതന്നെ, വേടന്റെ കഞ്ചാവ് ഉപയോഗം നിയമപരമായി തന്നെ നേരിടേണ്ടതുണ്ട് എന്നതിൽ തർക്കമില്ല.

ഇന്ന് നിസ്സാരമായ കുറ്റകൃത്യങ്ങളുടെ പേരിൽ കൊടും കുറ്റവാളിയാക്കപ്പെട്ട് വേട്ടയാടപ്പെടുന്ന ഒരു വേടനെക്കുറിച്ച് പറയുന്നവർ ഇതേ വേടൻ വേട്ടക്കാരനായ, ഗൗരവകരമായ കുറ്റകൃത്യം വിചാരണ ചെയ്യപ്പെടാതെ നിലനിൽക്കുന്നുണ്ട് എന്ന കാര്യം സമർഥമായി മറച്ചുപിടിക്കുന്നു.

എന്നാൽ, വേടന്റെ കാര്യത്തിൽ പൊലീസ് കാണിച്ച ജാഗ്രത സംശയകരമാണ് എന്ന് തോന്നുന്നത് എന്തുകൊണ്ടാണ്?. ഹൈബ്രിഡ് കഞ്ചാവ് അടക്കമുള്ള ലഹരികളുടെ കടത്തും വിൽപ്പനയും അവയെ നിയന്ത്രിക്കുന്ന മാഫിയയെയും കാര്യമായി പരിക്കേൽപ്പിക്കാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഏതാനും സെലിബ്രിറ്റികളുടെ ഫ്‌ളാറ്റ് പരിശോധനകളിലും അവരുടെ അറസ്റ്റിലും പരിമിതപ്പെട്ടുകിടക്കുകയാണ് 'ലഹരിവേട്ട'. ഇവയെ പൊലീസും മാധ്യമങ്ങളും വലിയ ആഘോഷങ്ങളാക്കി മാറ്റുന്നുമുണ്ട്. എന്നാൽ ഇത്ര കോളിളക്കങ്ങളുണ്ടായിട്ടും ലഹരിമാഫിയയുടെ ഒരു പ്രധാന കണ്ണിയെ പോലും സമീപകാല സംഭവങ്ങളിൽപിടികൂടാനായിട്ടില്ല. ആഘോഷങ്ങൾ ഈ കഴിവുകേട് മറച്ചുവെക്കാനുള്ള ഒരു ഉപായം കൂടിയായി മാറ്റുന്നുണ്ട് പൊലീസ്.

പുലിപ്പല്ല് കേസ് ഇതിലും വിചിത്രമായാണ് വനംവകുപ്പ് കൈകാര്യം ചെയ്തത്. പ്രഥമദൃഷ്ട്യാ നിലനിൽക്കാത്ത, മൃഗവേട്ട അടക്കമുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയത്. മാത്രമല്ല, ‘ശ്രീലങ്കൻ വംശജയായ വേടന്റെ അമ്മയുടെ കണക്ഷന് ഈ കേസുമായി ബന്ധമുണ്ട്’ എന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്റെ സ്ഥിരീകരണം, പ്രത്യക്ഷത്തിൽ ആ കുടുംബത്തെയാകെ വംശീയമായ രീതിയിൽ കുറ്റവാളിമുദ്ര കുത്തുന്നതിന് സമമാണ്. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ വേടൻ പറഞ്ഞത്, ആരാധകർ സമ്മാനിച്ചതാണെന്നും യഥാർത്ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ്. ജാമ്യ ഉത്തരവിലെ കോടതി പരാമർശങ്ങൾ, വേടന്റെ വാദത്തെ സ്ഥിരീകരിക്കുന്നതാണ്.

കഞ്ചാവ് കണ്ടെത്തിയ കേസിന്റെ ചോദ്യം ചെയ്യലിനിടെയാണ് വേടന്റെ മാലയിലുള്ളത് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതും വനം വകുപ്പ് അറസ്റ്റു ചെയ്തതും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതും. ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത്. Photo/ Vedanwithword
കഞ്ചാവ് കണ്ടെത്തിയ കേസിന്റെ ചോദ്യം ചെയ്യലിനിടെയാണ് വേടന്റെ മാലയിലുള്ളത് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതും വനം വകുപ്പ് അറസ്റ്റു ചെയ്തതും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതും. ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത്. Photo/ Vedanwithword

ഇതേ വനംവകുപ്പ്, സമാന കേസുകളിൽ സ്വീകരിച്ച നടപടികൾ എന്താണ് എന്ന പരിശോധന തീർച്ചയായും പ്രസക്തമാകുന്നു. ആനക്കൊമ്പുകൾ കൈവശം വച്ചതിന് മോഹൻലാൽ ഒന്നാം പ്രതിയായ കേസാണ് ഇതിൽ പ്രധാനം.

മോഹൻലാലിന്റെ തേവരയിലുള്ള വീട്ടിൽ ആദായനികുതി വകുപ്പാണ് 2011 ആഗസ്റ്റിൽ നാല് ആനക്കൊമ്പുകൾ കണ്ടെത്തിയത്. ആനക്കൊമ്പ് സൂക്ഷിക്കാനുള്ള ഒരു രേഖയും ലാലിന്റെ കൈയിലുണ്ടായിരുന്നില്ല. എന്നിട്ടും, 2012-ലാണ് മനസ്സില്ലാമനത്തോടെ മോഹൻലാലിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. എന്നിട്ടും തൊണ്ടിമുതൽപ്രതിയുടെ വീട്ടിൽ സുരക്ഷിതമായി ഉറപ്പിച്ചുവക്കാൻ അനുവദിച്ചു. കേസിൽ മൊഴിയെടുക്കാനും ഒന്നാം പ്രതിയെ ഒരു ഉദ്യോഗസ്ഥനും വിളിപ്പിച്ചില്ല, പകരം, ഉദ്യോഗസ്ഥർ, ലാലിന്റെ സൗകര്യമനുസരിച്ച്, അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. സുഹൃത്തുക്കൾ സൂക്ഷിക്കാൻ ഏൽപ്പിച്ചതാണ് ആനക്കൊമ്പുകൾ എന്നാണ് മോഹൻലാൽ പറഞ്ഞത്. അങ്ങനെ കിട്ടിയാലും ആനക്കൊമ്പ് കൈവശം വെക്കുന്നത് കുറ്റകരമാണെന്നിരിക്കേ ഒരു നടപടിയുമുണ്ടായില്ല. ഇതിനിടെ, ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് മോഹൻലാൽ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇക്കാര്യം പരിശോധിക്കാൻ സംസ്ഥാന സർക്കാറിനോട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിർദ്ദേശിച്ചു. 'രോഗി ഇച്ഛിച്ചതും പാൽ' എന്ന കണക്കേ, 2015-ൽ വനംവകുപ്പ് ലാലിന് ഉടമസ്ഥാവകാശം അനുവദിച്ചുകൊടുത്തു. സുഹൃത്തും ആനകളുള്ള തറവാട്ടുകാരനും അന്ന് വനംമന്ത്രിയുമായിരുന്ന ഗണേഷ്‌കുമാറാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചതെന്ന ആരോപണവുമുണ്ട്. ഇത് ചോദ്യം ചെയ്ത് വീണ്ടും പരാതി വന്നപ്പോൾ, ആനുകൾ കാട്ടാനയുടേതല്ല, നാട്ടാനയുടേതാണ് എന്നാണ് വനംവകുപ്പ് കോടതിയിൽ വാദിച്ചത്.

ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം ലാലിന് തിരിച്ചുനൽകിയതിനെതിരായ ഹർജികൾ ഇപ്പോഴുമുണ്ട്, ഹൈക്കോടതിയിൽ. ഇതിനിടെ, വനംവകുപ്പ് പെരുമ്പാവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രം റദ്ദാക്കണമെന്ന ലാലിന്റെ ആവശ്യം കോടതി തള്ളി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് സ്‌റ്റേ വാങ്ങിയിരിക്കുകയാണ് ലാൽ.

ആനക്കൊമ്പ് കൈവശം വെച്ച കേസിൽ, മോഹൻലാൽ നിയമലംഘനം നടത്തിയിട്ടില്ല എന്ന് സർക്കാർ ഒരു തവണ വാദിച്ചപ്പോൾ, മോഹൻലാലിന് കിട്ടുന്ന ഇളവുകൾ ഒരു സാധാരണക്കാരന് കിട്ടുമോ എന്നാണ് കോടതി ചോദിച്ചത്.
ആനക്കൊമ്പ് കൈവശം വെച്ച കേസിൽ, മോഹൻലാൽ നിയമലംഘനം നടത്തിയിട്ടില്ല എന്ന് സർക്കാർ ഒരു തവണ വാദിച്ചപ്പോൾ, മോഹൻലാലിന് കിട്ടുന്ന ഇളവുകൾ ഒരു സാധാരണക്കാരന് കിട്ടുമോ എന്നാണ് കോടതി ചോദിച്ചത്.

ഈ കേസിൽ മോഹൻലാലിനെ രക്ഷിച്ചെടുക്കാനുള്ള സംസ്ഥാന സർക്കാറുകളുടെ ശ്രമങ്ങളെ ഹൈക്കോടതി വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. മോഹൻലാൽ നിയമലംഘനം നടത്തിയിട്ടില്ല എന്ന് സർക്കാർ ഒരു തവണ വാദിച്ചപ്പോൾ, മോഹൻലാലിന് കിട്ടുന്ന ഇളവുകൾ ഒരു സാധാരണക്കാരന് കിട്ടുമോ എന്നാണ് കോടതി ചോദിച്ചത്. മോഹൻലാലിന്റെ സ്ഥാനത്ത് ഒരു സാധാരണക്കാരനായിരുന്നുവെങ്കിൽ ഇപ്പോൾ ജയിലിലാകുമായിരുന്നുവെന്നും അന്ന് കോടതി പറഞ്ഞു.

വേടൻ ധരിച്ച പുലിപ്പല്ലും മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പും നിയമത്തിനുമുന്നിൽ ഒരേതരം കുറ്റകൃത്യമായിട്ടും മോഹൻലാലിനുവേണ്ടി അണിനിരന്ന അതേ ഭരണകൂട- ഉദ്യോഗസ്ഥ സംവിധാനങ്ങൾ വേടനെതിരായി നിലകൊണ്ടതിനുപുറകിലെ താൽപര്യം എന്താണ്? മോഹൻലാലിന്റെ മുന്നിൽ വർഷങ്ങളോളമാണ് കേസ് മുട്ടിലിഴഞ്ഞത്. അതേ കേസിന് വേടന്റെ കാര്യത്തിൽ മണിക്കൂറുകൾ മാത്രമാണെടുത്തത്. വേടനെ ആക്രമിക്കാനൊരുമ്പെട്ട പൊതുസമൂഹം മോഹൻലാലിനെ വെറുതെവിട്ടത് എന്തുകൊണ്ടാണ്? ജാതി മുതൽ സമ്പത്തും പദവിയും സാമൂഹികാംഗീകാരവും നൽകുന്ന അധികാരത്തിന്റെ പ്രിവിലേജ് അല്ലാതെ മറ്റെന്താണ്?

ഇതോടൊപ്പം, കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി കഴുത്തിൽ പുലിപ്പല്ല് കെട്ടിയ മാല ധരിച്ചു എന്നാരോപിച്ച് ഐ.എൻ.ടി.യു.സി യുവജനവിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. മുഹമ്മദ് ഹാഷിം ഡി.ജി.പിക്ക് നൽകിയ പരാതി എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നുവെന്ന് കാണുകയും ചെയ്യാം.

ഇത്രയും കാര്യങ്ങൾ വേടന് അനുകൂലമാണെങ്കിൽ, വേടൻ വിചാരണ ചെയ്യപ്പെടേണ്ട ചില യാഥാർത്ഥ്യങ്ങളുണ്ട്. വേടനുവേണ്ടി അണിനിരന്നിട്ടുള്ള സംരക്ഷണവാദികൾ സമർത്ഥമായി മറച്ചുപിടിക്കുന്ന കുറ്റകൃത്യങ്ങൾ കൂടിയാണവ.

ഇപ്പോൾ, കഞ്ചാവ്, പുലിപ്പല്ല് കേസുകളിൽ വേടനുവേണ്ടി അണിനിരത്തപ്പെട്ട ആയുധങ്ങൾ, അന്ന്, ലൈംഗികാതിക്രമ ആരോപണങ്ങളുടെ സമയത്ത്, അതിജീവിതകളായ സ്ത്രീകൾക്കെതിരായാണ് തിരിച്ചുവച്ചിരുന്നത് എന്നത് മറന്നുകൂടാ.

Women Against Sexual Harassment എന്ന കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജിൽ, 2021 ജൂൺ രണ്ടിന് ഒരു പോസ്റ്റ് വന്നു. ഏതാനും സ്​ത്രീകൾ വേടനിൽനിന്നുണ്ടായ, ലൈംഗികാതിക്രമം അടക്കമുള്ള കാര്യങ്ങൾ സൂചിപ്പിക്കുന്നതായിരുന്നു ആ പോസ്റ്റ്. സംവിധായകൻ മുഹ്‌സിൻ പരാരിയുടെ 'ഫ്രം എ നേറ്റീവ് ഡോട്ടർ' എന്ന സംഗീത ആൽബത്തിൽ പ്രവർത്തിക്കുന്ന സമയത്തായിരുന്നു ഈ ആരോപണങ്ങൾ. ഒരു ദലിത് പെൺകുട്ടിയടക്കമുള്ളവരായിരുന്നു ആരോപണമുന്നയിച്ചത്. ഇതേതുടർന്ന് ആൽബത്തിന്റെ പ്രവർത്തനം നിർത്തിവെക്കുന്നതായി മുഹ്‌സിൻ പരാരി പറഞ്ഞിരുന്നു. ആരോപണങ്ങൾക്കുപുറകേ വേടൻ തന്റെ ഫാൻ പ്രിവിലേജ് ഉപയോഗിച്ച്, ആരോപണമുന്നയിച്ചവരെ പരിഹസിച്ചും താൻ വേട്ടയാടപ്പെടുന്നു എന്ന വ്യാജവാദമുയർത്തിയും രംഗത്തെത്തി. പിന്നീട് ഈ ആരോപണങ്ങൾക്ക് പൊതുശ്രദ്ധ കിട്ടിത്തുടങ്ങിയതോടെ, വേടൻ ഫേസ്ബുക്കിൽ മാപ്പ് പറഞ്ഞു. ഇപ്പോൾ, ജാമ്യം കിട്ടി പുറത്തുവന്നപ്പോൾ പറഞ്ഞതുപോലെത്തന്നെ:

''തെറ്റ് തിരുത്താനുള്ള ആത്മാർത്ഥമായ ആഗ്രഹത്തോടെയാണ് ഈ പോസ്റ്റ് ഇടുന്നത്. എന്നെ സ്‌നേഹത്തോടെയും സൗഹാർദ്ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തിൽ സംഭവിച്ച പിഴവുകളിൽ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്. ആഴത്തിൽ കാര്യങ്ങൾ മനസ്സിലാക്കാതെ പ്രതികരണപോസ്റ്റുകൾ പ്രസിദ്ധീകരിച്ചപ്പോൾ, സ്ത്രീകൾക്കത് മോശം അനുഭവങ്ങളുടെ തുടർച്ചയായതിലും ഇന്ന് ഞാൻ ഒരുപാട് ഖേദിക്കുന്നു. എന്റെ നേർക്കുള്ള നിങ്ങളുടെയെല്ലാം വിമർശനങ്ങളും ഞാൻ താഴ്മയോടെ ഉൾക്കൊള്ളുകയും നിലവിൽ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിർവ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നു. വരുംകാലങ്ങളിൽ ഇത്തരത്തിലുള്ള വിഷമതകൾ അറിഞ്ഞോ അറിയാതെയോ എന്നിൽനിന്ന് മറ്റൊരാൾക്കുനേരെയും ഉണ്ടാകാതിരിക്കാൻ പൂർണമായും ഞാൻ ബാധ്യസ്ഥനാണ്. അത്തരം ഒരു മാറ്റം എന്നിൽ ഉണ്ടാകണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു''.

ഈ മാപ്പ് അന്ന് വൻതോതിൽ ആഘോഷിക്കപ്പെട്ടു. വേടൻ കുറ്റമുക്തനാക്കപ്പെട്ടു എന്നും ഇനിയും അയാളെ വേട്ടയാടണോ എന്നും ഇന്നത്തെപ്പോലെ അന്നും സംരക്ഷണന്യായങ്ങളുണ്ടായി. ആരോപണങ്ങളെതുടർന്ന് പൊതുവേദിയിൽനിന്ന് അപ്രത്യക്ഷനായ വേടൻ സമീപകാലത്താണ് വീണ്ടും രംഗത്തെത്തിയതും വൻ ആരാധകശ്രദ്ധ നേടാൻ തുടങ്ങുന്നതും.

കലയുടെ രാഷ്ട്രീയശരി കലാകാരർക്കും വേണ്ടതല്ലേ എന്ന ചർച്ച ലോകത്ത് ഇന്ന് സജീവമാണ്. അതിനോട് എത്രതന്നെ യോജിച്ചാലും വിയോജിച്ചാലും, കലയെപ്പോലെ ​തന്നെ കലാകാരരും ഓഡിറ്റ് ചെയ്യപ്പെടുക തന്നെ ചെയ്യും. ഇനിയുള്ള കാലം അത് ആവശ്യപ്പെടുന്നുമുണ്ട്. Photo/ Vedanwithword
കലയുടെ രാഷ്ട്രീയശരി കലാകാരർക്കും വേണ്ടതല്ലേ എന്ന ചർച്ച ലോകത്ത് ഇന്ന് സജീവമാണ്. അതിനോട് എത്രതന്നെ യോജിച്ചാലും വിയോജിച്ചാലും, കലയെപ്പോലെ ​തന്നെ കലാകാരരും ഓഡിറ്റ് ചെയ്യപ്പെടുക തന്നെ ചെയ്യും. ഇനിയുള്ള കാലം അത് ആവശ്യപ്പെടുന്നുമുണ്ട്. Photo/ Vedanwithword

ഇപ്പോൾ, കഞ്ചാവ്, പുലിപ്പല്ല് കേസുകളിൽ വേടനുവേണ്ടി അണിനിരത്തപ്പെട്ട ആയുധങ്ങൾ, അന്ന്, ലൈംഗികാതിക്രമ ആരോപണങ്ങളുടെ സമയത്ത്, അതിജീവിതകളായ സ്ത്രീകൾക്കെതിരായാണ് തിരിച്ചുവച്ചിരുന്നത് എന്നത് മറന്നുകൂടാ. അന്നും ജാതിയുടെ തന്നെ പേരിലുള്ള ഇരവാദമാണ് വേടനുവേണ്ടി ഉയർന്നത്. ഇന്ന് നിസ്സാരമായ കുറ്റകൃത്യങ്ങളുടെ പേരിൽ കൊടും കുറ്റവാളിയാക്കപ്പെട്ട് വേട്ടയാടപ്പെടുന്ന ഒരു വേടനെക്കുറിച്ച് പറയുന്നവർ ഇതേ വേടൻ വേട്ടക്കാരനായ, ഗൗരവകരമായ കുറ്റകൃത്യം വിചാരണ ചെയ്യപ്പെടാതെ നിലനിൽക്കുന്നുണ്ട് എന്ന കാര്യം സമർഥമായി മറച്ചുപിടിക്കുന്നു. ആ സ്ത്രീകൾ നേരിട്ടുകൊണ്ടിരിക്കുന്ന നീതിനിഷേധമെന്ന വേട്ടയാടലിനെ, വേടനുവേണ്ടി ഇപ്പോൾ ഉയരുന്ന ന്യായവാദങ്ങൾ കൊണ്ട് മറച്ചുപിടിക്കാനാകില്ല. ആരോപണവിധേയന്റെ കുറ്റസമ്മതവും മാപ്പുമല്ല, ആക്രമിക്കപ്പെട്ടവർക്ക് എന്ത് നീതിയാണ് ലഭിച്ചത് എന്ന ചോദ്യമാണ്, നീതിയുടെ അടിസ്ഥാനമാകേണ്ടത്. ആ ചോദ്യത്തിന് ഇന്നും മറുപടി കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ, നാലു വർഷം കഴിഞ്ഞാലും അവരുടെ ആരോപണങ്ങൾ ഇല്ലാതാകുന്നില്ല, വേടന് ജാമ്യം കിട്ടാത്ത ‘കേസായി’ തന്നെ അവ ഇപ്പോഴും നിലനിൽക്കുന്നു.

ആരോപണവിധേയന്റെ കുറ്റസമ്മതവും മാപ്പുമല്ല, ആക്രമിക്കപ്പെട്ടവർക്ക് എന്ത് നീതിയാണ് ലഭിച്ചത് എന്ന ചോദ്യമാണ്, നീതിയുടെ അടിസ്ഥാനമാകേണ്ടത്. ആ ചോദ്യത്തിന് ഇന്നും മറുപടി കിട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ, നാലു വർഷം കഴിഞ്ഞാലും അവരുടെ ആരോപണങ്ങൾ ഇല്ലാതാകുന്നില്ല, വേടന് ജാമ്യം കിട്ടാത്ത ‘കേസായി’ തന്നെ അവ ഇപ്പോഴും നിലനിൽക്കുന്നു.

വേടൻ ഇനിയും പാടുകയും പറയുകയും ചെയ്യട്ടെ. വനംവകുപ്പിന്റെ കസ്റ്റഡിയിൽ തുടരുന്നതിനിടെ 'മോണ ലോവ' എന്ന പുതിയ പാട്ട്, ‘എന്റെ ആദ്യത്തെ പ്രേമപ്പാട്ടാണിത്’ എന്ന വിശേഷണത്തോടെ പുറത്തിറക്കിയതുപോലെ, അദ്ദേഹം പാടിക്കൊണ്ടിരിക്കട്ടെ. തന്റെ പാട്ടിനെതിരായ ആക്രമണങ്ങളെയെല്ലാം പ്രതിരോധിക്കാൻ ശേഷിയുള്ള കലാകാരനാണ് അദ്ദേഹം. ഏതു പൗരർക്കും അർഹമായ തുല്യനീതിയ്ക്ക് വേടനും അർഹനാണ്.

ജാമ്യം കിട്ടി പുറത്തിറങ്ങിയ വേടൻ പറഞ്ഞ ചില കാര്യങ്ങൾ പ്രധാനമാണ്: ‘‘വേടന്‍ എന്ന വ്യക്തി, കലാകാരൻ പൊതുസ്വത്താണ്. ഒരു കലകാരന്‍ രാഷ്ട്രീയത്തെക്കുറിച്ചും അയാളുടെ ചുറ്റുപാടുകളെക്കുറിച്ചും സംസാരിക്കേണ്ടത് ഒരു ജോലി തന്നെയാണ്. അത് ഞാന്‍ മര്യാദയ്ക്ക് ചെയ്യുന്നുണ്ട്. അത് ഞാന്‍ മരിക്കുന്നതുവരെ വൃത്തിയില്‍ ചെയ്തിരിക്കും’’.

അതുകൊണ്ട്, വേടൻ തീർച്ചയായും പാടിക്കൊണ്ടിരിക്കട്ടെ. അതോടൊപ്പം, താൻ പ്രതിനിധീകരിക്കുന്ന പ്രതിരോധത്തിന്റെ രാഷ്ട്രീയം സ്വയം റദ്ദാക്കിക്കളയുന്ന വ്യാജ ബിംബമായി വേടൻ മാറുന്നുണ്ടോ എന്ന ചോദ്യം അദ്ദേഹവും ഒപ്പമുള്ളവരും ആരാധകസമൂഹവും ചോദിച്ചുകൊണ്ടേയിരിക്കണം. കാരണം, കലയുടെ രാഷ്ട്രീയശരി കലാകാരർക്കും ബാധകമല്ലേ എന്ന ചർച്ച ലോകത്ത് ഇന്ന് സജീവമാണ്. അതിനോട് എത്ര തന്നെ യോജിച്ചാലും വിയോജിച്ചാലും, കലയെപ്പോലെ ​തന്നെ കലാകാരരും ഓഡിറ്റ് ചെയ്യപ്പെടുക തന്നെ ചെയ്യും. ഇനിയുള്ള കാലത്ത് കലയുടെ രാഷ്ട്രീയശരി നിരുപാധികമായ ഒന്നായിരിക്കുകയില്ല.

Comments