അഖിൽ കുന്നത്ത്

ബലിപീഠത്തിലെ
മലയാളി

കുടുംബവും സമുദായവും വ്യക്തിയിൽ കുത്തിവക്കുന്ന കപട വിശ്വാസങ്ങൾക്കും സദാചാര ബോധത്തിനും എതിരായി നവോത്ഥാന മൂല്യങ്ങളെ ഉൾചേർത്ത് ശാസ്ത്രീയമായ ഒരു എതിർ ധാർമ്മികതയും പൊതുബോധവും സൃഷ്ടിക്കുകയെന്നതാണ് അന്ധവിശ്വാസങ്ങളെ നേരിടാൻ അടിസ്ഥാനപരമായി ചെയ്യേണ്ടതെന്ന് അഖിൽ കുന്നത്ത്.

നുഷ്യൻ പരിപൂർണ്ണ യുക്തിജീവിയായി ജനിക്കുന്നുവെന്ന ക്ലാസിക്കൽ സൈദ്ധാന്തികവാദത്തെ തീർത്തും തള്ളിക്കളയാനുതകുന്ന ധാരാളം സംഭവങ്ങൾ കഴിഞ്ഞ ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിലായി കേരളത്തിലുണ്ടായി. അന്ധവിശ്വാസവും ദുരാചാരങ്ങളും അതിൻ്റെ ഭാഗമായ കൊലപാതകങ്ങളും കേരളത്തെ സംബന്ധിച്ച് പുതിയതല്ല. അത് മധ്യകാല കേരളത്തിൽ വളരെ സ്വാഭാവികമായും, ഇന്ന് പ്രബുദ്ധ മലയാളിക്ക് ‘ഒരത്ഭുത’മായും തുടർന്നുപോവുന്നു. ഭരണസംവിധാനങ്ങളുടെയും ആധുനിക രാഷ്ട്രീയമൂല്യങ്ങളുടെയും മൂക്കിൻ തുമ്പിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ചേർന്ന് തികച്ചും മനുഷത്വവിരുദ്ധമായ പ്രഹേളിക സൃഷ്ടിക്കുന്നു. ഈ പ്രതിസന്ധിയെ അതിൻ്റെ സാമൂഹികവും രാഷ്ട്രീയവും മനഃശ്ശാസ്ത്രപരമായ തലങ്ങളിൽ നിന്ന് പരിശോധിക്കേണ്ടതുണ്ട്.

അറിവിൻ്റെ നീതിയുക്തമായ വിതരണമെന്നത് ഒറ്റനോട്ടത്തിൽ വിദ്യാഭ്യാസത്തിൻ്റെ ജനാധിപത്യവത്കരണമെന്ന തരത്തിൽ വായിക്കാമെങ്കിലും അതിൻ്റെ പ്രാവർത്തികതയെന്നത് ഒരു മുതലാളിത്ത ജനാധിപത്യ വ്യവസ്ഥയിൽ തികച്ചും ബുദ്ധിമുട്ടേറിയ കാര്യമാണ്.

ഇവിടെ വിശ്വാസവും അന്ധവിശ്വാസവും എന്തെന്നത് പ്രത്യേകം നിർവ്വചിക്കുന്നത് അല്പം ശ്രമകരമാണ്. ഒറ്റനോട്ടത്തിൽ ഇവ രണ്ടും ഒന്നാണെന്ന മിഥ്യാധാരണയുണ്ടാവാം, എന്നാൽ വിശ്വാസം എന്നത് തീർത്തും സാമൂഹികവും (വ്യക്തിപരവും), മാനുഷിക ബന്ധങ്ങളെ നിലനിർത്തുന്നതും, നിയമസംവിധാനത്തിനു കീഴിൽ നിലകൊള്ളുന്നതുമായിരിക്കണം. തത്വത്തിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എല്ലാ മതങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം ഭരണഘടന മുന്നോട്ടുവക്കുന്ന നീതിയുക്തമായ ധാർമ്മികതയെ (legal morality) അംഗീകരിക്കുന്നവയോ ഭരണഘടനാ ധാർമ്മികതയാൽ മെരുക്കപ്പെട്ടവയോ ആണ്. ഇതിനെ ആരോഗ്യകരമായ വിശ്വാസം, ആചാരം എന്നിങ്ങനെയെല്ലാം അടയാളപ്പെടുത്താം. എന്നാൽ പ്രത്യക്ഷത്തിൽ മതവും വിശ്വാസങ്ങളും ‘മാനുഷിക മൂല്യം,’ എന്നതിനപ്പുറം മുരടിച്ചുപോയ ആചാരങ്ങളും സ്ഥലകാലബന്ധമില്ലാത്ത അന്ധവിശ്വാസങ്ങളുമായി മാറുന്നു. തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ ഇതിന് മറ്റു ചില യുക്തികളുമുണ്ട്. സാമൂഹിക പുരോഗതിയോടും ആധുനിക പൗരസംവിധാനത്തിൻ്റെ രാഷ്ട്രീയ പരിണാമങ്ങളോടും ഐക്യപ്പെടാത്ത എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളാണെന്ന് നിസ്സംശയം പറയാം. സമൂഹത്തിൽ ഭൗതിക ശക്തിയായിത്തന്നെ നിലകൊള്ളുന്ന ഇത്തരം അന്ധവിശ്വാസങ്ങൾ പൗരരുടെ കേവലമായ അന്തസ്സിനെപ്പോലും നിഷേധിക്കുന്നു.

വിശ്വാസവും അന്ധവിശ്വാസവും എന്തെന്നത് പ്രത്യേകം നിർവ്വചിക്കുന്നത് അല്പം ശ്രമകരമാണ്.
വിശ്വാസവും അന്ധവിശ്വാസവും എന്തെന്നത് പ്രത്യേകം നിർവ്വചിക്കുന്നത് അല്പം ശ്രമകരമാണ്.

മനസും യുക്തിയും

വിശ്വാസവും അന്ധവിശ്വാസവും മനുഷ്യരുടെ മാനസിക വ്യവഹാരങ്ങളിൽ എങ്ങനെയെല്ലാം ഉൾചേർന്നിരിക്കുന്നുവെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു മനുഷ്യജീവിയും പൂർണ്ണ യുക്തിയോടെ ജനിക്കുകയോ ജീവിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല. സാമൂഹികജീവി എന്ന നിലയിൽ മനുഷ്യൻ്റെ നിലനിൽപ്പ് സാമൂഹ്യബന്ധങ്ങളിലധിഷ്ഠിതമാണ്. മതവും വിശ്വാസങ്ങളും മിത്തും യുക്തിയുമെല്ലാം സാമൂഹിക നിർമ്മിതിയാണ്. എന്നാൽ ആചാരങ്ങൾക്കും കേവല വിശ്വാസങ്ങൾക്കുമപ്പുറം സാർവ്വത്രികമായ ഉദാഹരണങ്ങളെ കാണിച്ചുതരുവാൻ കഴിയുന്നുവെന്നത് ശാസ്ത്രത്തിൻ്റെ മാത്രം പ്രത്യേകതയാണ്. ശാസ്ത്രവും കേവല വിശ്വാസവും പരസ്പരം വേറിട്ടുനിൽക്കുന്നതും ഇവിടെയാണ്. എന്നാൽ നിമിഷം പ്രതി വികസിച്ചു വളരുന്ന ശാസ്ത്രജ്ഞാനത്തെപ്പോലും വളച്ചൊടിച്ച് അതിഭൗതികതയെയും അമൂർത്തതയെയും ശക്തിപ്പെടുത്താൻ മനുഷ്യനുപയോഗിക്കുമെന്നത് ഒരു അപ്രിയ സത്യമാണ്.

അന്ധവിശ്വാസങ്ങളും സാമൂഹിക ധാർമികതയും എങ്ങനെയൊക്കെ വ്യക്തിസ്വാതന്ത്ര്യത്തെയും ജനാധിപത്യ പ്രവണതകളെയും വ്യതിചലിപ്പിക്കുന്നുവെന്നത് വർത്തമാനകാല കേരളത്തിലെ രാഷ്ടീയ-സാമുദായിക സംഘടനകളുടെ അഭിപ്രായപ്രകടനങ്ങളിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാം.

മനുഷ്യമസ്തിഷ്കം ഒരു തരത്തിലുള്ള ക്രമരാഹിത്യങ്ങളെയും ഇഷ്ടപ്പടുന്നില്ല, അതിനാൽ, എത്ര കടുത്ത അന്ധവിശ്വാസത്തെയും ഏതെങ്കിലും തരത്തിൽ യുക്തിവത്കരിക്കുവാൻ മസ്തിഷ്കം നിരന്തരം പ്രയത്നിച്ചുകൊണ്ടേയിരിക്കും. യുക്തിപരമായിരിക്കുമ്പോൾ തന്നെ നാം വികാര ജീവി കൂടിയാണ്. തങ്ങളുടെ വികാരങ്ങളെ യുക്തിസഹമാക്കാനുള്ള എല്ലാ സാധ്യതളെയും മനുഷ്യർ നിരന്തരം തേടിക്കൊണ്ടിരിക്കുന്നു. മതവും ദൈവവും (അന്ധ) വിശ്വാസങ്ങളുമെല്ലാം ഇതിൻ്റെ പരിണിത ഫലങ്ങളാണ്. തികച്ചും ഭൗതികമായ പരിസ്ഥിതികളിൽ പോലും അതിഭൗതികതയെ നിലനിർത്തുകയെന്നത് മനുഷ്യമനസിൻ്റെ ഒരു സാധാരണ സ്വഭാവമാണ്. നിത്യജീവിതത്തിലെ സാമ്പത്തിക പ്രശ്നങ്ങൾക്കുപോലും അതിഭൗതികതയുടെ നിറം നൽകുകയെന്നതും ഇതിനുദാഹരണമാണ്.

പറഞ്ഞുവരുന്നത് പ്രകൃതിയും മനുഷ്യനും തമ്മിലും, വ്യക്തിയും സമൂഹവും തമ്മിലുമുള്ള ബന്ധങ്ങളിലെല്ലാം തന്നെ നാം ഒരേസമയം അധീശത്വവും വിധേയത്വവും പ്രകടമാക്കുന്നുവെന്നതാണ്. ചരിത്രപരമായി നോക്കുമ്പോൾ എല്ലാതരം വിശ്വാസരീതികളുടെയും അന്ധവിശ്വാസങ്ങളുടേയും അടിസ്ഥാനം മേൽ പറഞ്ഞതു കൂടിയാണ്. എല്ലാ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പിന്നിൽ ശക്തമായ മനുഷ്യസങ്കൽപ്പങ്ങളും ആഗ്രഹങ്ങളുമുണ്ട്. കേരളത്തിലെ അന്ധവിശ്വാസങ്ങളെയും അതുമായി ബന്ധപ്പെട്ട ക്രൂരതകളെയും നരബലികളെയും ഈയൊരർത്ഥത്തിൽക്കൂടി വായിച്ചെടുക്കേണ്ടതുണ്ട്.

എല്ലാ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പിന്നിൽ ശക്തമായ മനുഷ്യസങ്കൽപ്പങ്ങളും ആഗ്രഹങ്ങളുമുണ്ട്. കേരളത്തിലെ അന്ധവിശ്വാസങ്ങളെയും അതുമായി ബന്ധപ്പെട്ട ക്രൂരതകളെയും നരബലികളെയും ഈയൊരർത്ഥത്തിൽക്കൂടി വായിച്ചെടുക്കേണ്ടതുണ്ട്.
എല്ലാ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പിന്നിൽ ശക്തമായ മനുഷ്യസങ്കൽപ്പങ്ങളും ആഗ്രഹങ്ങളുമുണ്ട്. കേരളത്തിലെ അന്ധവിശ്വാസങ്ങളെയും അതുമായി ബന്ധപ്പെട്ട ക്രൂരതകളെയും നരബലികളെയും ഈയൊരർത്ഥത്തിൽക്കൂടി വായിച്ചെടുക്കേണ്ടതുണ്ട്.

കുടുംബം, ജനാധിപത്യം, വിശ്വാസം

കുടുംബം ഒരു സാമൂഹികസ്ഥാപനം എന്ന നിലയിൽ എല്ലായിടത്തെയും പോലെ മലയാളിയുടെ ജീവിതത്തിലും പ്രസക്തമാണ്. പൗരരെയും വ്യക്തികളെയും നിർമ്മിച്ചെടുക്കുന്നതിനോടൊപ്പം (അന്ധ)വിശ്വാസങ്ങളെയും മിത്തുകളെയും അതിൻ്റെ പ്രയോഗത്തെയും സ്വാഭാവികവൽക്കരിക്കുകയെന്നത് (normalise) കുടുംബത്തിൻ്റെ പ്രവർത്തന മണ്ഡലത്തിൽപ്പെടുന്നതാണ്. മനുഷ്യൻ്റെ ജൈവിക ബന്ധങ്ങൾക്ക് അതിഭൗതികഭാവം നൽകുന്നതിൽ കുടുംബത്തിൻ്റെ പങ്ക് വളരെ വലുതാണ്. കുടുംബം ഒരു വൈകാരിക അധികാരകേന്ദ്രം എന്ന നിലയിലാകട്ടെ നിയമവ്യവസ്ഥക്ക് സമാന്തരമായ ഒരു അലിഖിത ധാർമിക സംഹിത മുന്നോട്ട് വക്കുന്നു . പുരുഷ കേന്ദ്രീത കുടുംബ വ്യവസ്ഥക്കുള്ളിലെ ധാർമികതയെന്നത് സ്വാഭാവികമായും സ്ത്രീവിരുദ്ധവും പുരുഷ ‘കാമനകളോട്’ ഐക്യപ്പെടുന്നവയുമായിരിക്കും. അത് വ്യക്തികളെ ജനനം മുതൽ മരണം വരെയുള്ള വിശ്വാസ-ആചാര രൂപങ്ങളിൽ ബന്ധിക്കുന്നു; ലിംഗം, ശരീരം, വസ്ത്രധാരണം തുടങ്ങിയ കാര്യങ്ങളിൽ ധാർമികമായ ഉത്തരവുകൾ കൽപ്പിക്കുന്നു.

വർത്തമാന കേരളത്തിൽ ഇടതുപക്ഷത്തിന് പ്രത്യക്ഷ രാഷ്ട്രീയത്തിൽ അതിശക്തമായ സംഘടനാശേഷിയുണ്ടെങ്കിലും കുടുംബം എന്നസ്ഥാപനത്തിനകത്ത് അതിൻ്റെ നിലനിൽപ്പ് തീർത്തും ദയനീയമാണ്.

ഈയർത്ഥത്തിൻ മനുഷ്യമനസിൽ യുക്തിയും വിശ്വാസവും അന്ധവിശ്വാസവും വളർത്തുവാൻ കുടുംബത്തിന് കഴിയും. പ്രാചീനമായ ഇത്തരം വൈകൃതങ്ങളെ ധാർമ്മികതയുടെ (Morality) രൂപത്തിൽ പൊതുസമൂഹത്തിൽ പ്രയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് ചില രാഷ്ട്രീയ ലക്ഷ്യങ്ങളും ഉണ്ടാവാം. അന്ധവിശ്വാസങ്ങളും സാമൂഹിക ധാർമികതയും എങ്ങനെയൊക്കെ വ്യക്തിസ്വാതന്ത്ര്യത്തെയും ജനാധിപത്യ പ്രവണതകളെയും വ്യതിചലിപ്പിക്കുന്നുവെന്നത് വർത്തമാനകാല കേരളത്തിലെ രാഷ്ടീയ-സാമുദായിക സംഘടനകളുടെ അഭിപ്രായപ്രകടനങ്ങളിൽ നിന്ന് വ്യക്തമായി മനസ്സിലാക്കാം. സ്ത്രീകളെ അപരവത്കരിക്കുന്ന അഭിപ്രായപ്രകടനങ്ങൾ, സ്ത്രീയുടെ വസ്ത്രധാരണത്തിനും പൊതുസമൂഹത്തിലെ പങ്കാളിത്തത്തിനും മത- സാമുദായിക സംഘടനകൾ ചെലുത്തുന്ന നിയന്ത്രണങ്ങൾ തുടങ്ങിയ കാര്യങ്ങൾക്ക് മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികൾ നൽകുന്ന പിന്തുണ കേരളത്തിൻ്റെ സാംസ്കാരിക മൂല്യച്യുതിയെ തുറന്നുകാണിക്കുന്നവയാണ്.

നെയ്യാറ്റിൻകരയിലെ വയോധികൻ്റെ മരണത്തെ ‘സമാധി ’യാക്കി മാറ്റാനുള്ള താൽപര്യവും അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള തീവ്രവലതുയുക്തികളും കേരളത്തിലെ അന്ധവിശ്വാസ അന്തരീക്ഷത്തിന് മുതൽക്കൂട്ടാണ്. ഇത്തരം പൊതുബോധത്തെ ഉപരിതലത്തിൽ എതിർക്കുവാൻ ഇടതുപക്ഷ ആശയങ്ങൾക്ക് കഴിയുമെങ്കിലും ഒളിഞ്ഞും പതുങ്ങിയും ഇത്തരം രോഗാതുരതയെ സ്വീകരിക്കാൻ കുടുംബവും സമൂഹവും ഒരുപോലെ വ്യക്തികളെ നിർബന്ധിക്കുന്നുവെന്നത് നിരാശാജനകമാണ്.

നെയ്യാറ്റിൻകരയിലെ വയോധികൻ്റെ മരണത്തെ ‘സമാധി ’യാക്കി മാറ്റാനുള്ള താൽപര്യവും അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള തീവ്ര വലതുയുക്തികളും കേരളത്തിലെ അന്ധവിശ്വാസ അന്തരീക്ഷത്തിന് മുതൽക്കൂട്ടാണ്.
നെയ്യാറ്റിൻകരയിലെ വയോധികൻ്റെ മരണത്തെ ‘സമാധി ’യാക്കി മാറ്റാനുള്ള താൽപര്യവും അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള തീവ്ര വലതുയുക്തികളും കേരളത്തിലെ അന്ധവിശ്വാസ അന്തരീക്ഷത്തിന് മുതൽക്കൂട്ടാണ്.

ഇങ്ങനെ നോക്കുമ്പോൾ വ്യക്തി എന്ന നിലയിൽ ഒരാൾ കൈവരിക്കുന്ന യുക്തിബോധവും അന്ധവിശ്വാസങ്ങളുമെല്ലാം കുടുംബം എന്ന പ്രഥമിക വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ ഉത്പന്നം കൂടിയാണ്. ആധുനിക മൂല്യങ്ങളെ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും ശാസ്ത്രീയമായ യുക്തിബോധത്തിനും വിപരീതമായി പ്രാചീനമായി തന്നെ ഉറഞ്ഞുകൂടിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും മുറുകെ പിടിക്കുവാൻ കുടുംബവ്യവസ്ഥ പലപ്പോഴും വ്യക്തികളെ നിർബന്ധിക്കാറുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ആധുനിക മൂല്യങ്ങളെന്ന് പറയപ്പെടുന്ന യുക്തിചിന്ത , വ്യക്തിത്വം, സമത്വം എന്നിവ ആശയപരമായി തന്നെ കുടുംബവ്യവസ്ഥക്ക് അകത്ത് പ്രവേശിക്കാതെ വരികയും കുടുംബം എന്നത് എല്ലാ അന്ധവിശ്വാസങ്ങളും പ്രാകൃത വൈകൃതങ്ങളും പേറുന്ന ഫ്യൂഡൽ വ്യവസ്ഥിതിയായി തുടരുകയു ചെയ്യുന്നു.

ശാസ്ത്രവും വിദ്യയും കേവലം വ്യക്തികളുടെ സാമ്പത്തിക സാക്ഷാത്കാര ഉപാധിയായി മാറ്റുന്നതിനപ്പുറം അതിനെ വ്യക്തിയുടെയും കുടുംബത്തിൻ്റെയും ആന്തരിക വ്യവഹാരങ്ങളിലേക്ക് പ്രയോഗിക്കേണ്ടതുണ്ട്.

ശാസ്ത്രവും
സാമൂഹിക പ്രതിരോധവും

ശാസ്ത്രത്തിൻ്റെയും സാങ്കേതിക വിദ്യാഭ്യാസത്തിൻ്റെയും കേവലമായ നിലനിൽപ്പ് സാമൂഹിക അനാചാരങ്ങളെ ഇല്ലാതാക്കണമെന്നില്ല. അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരെയുള്ള സാമൂഹിക പ്രതിരോധത്തിന് രണ്ടു കാര്യങ്ങൾ അത്യാവശ്യമാണ്:

1. അറിവിൻ്റെ നീതിയുക്തമായ വിതരണം.
2. ശാസ്ത്രത്തിൻ്റെ സാമൂഹിക പ്രയോഗം

അറിവിൻ്റെ നീതിയുക്തമായ വിതരണമെന്നത് ഒറ്റനോട്ടത്തിൽ വിദ്യാഭ്യാസത്തിൻ്റെ ജനാധിപത്യവത്കരണമെന്ന തരത്തിൽ വായിക്കാമെങ്കിലും അതിൻ്റെ പ്രാവർത്തികതയെന്നത് ഒരു മുതലാളിത്ത ജനാധിപത്യ വ്യവസ്ഥയിൽ തികച്ചും ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിൻ്റെ കാര്യക്ഷമമായ നടത്തിപ്പിന് ശക്തമായ ഇടതുപക്ഷ രാഷ്ട്രീയാടിത്തറ അത്യന്താപേക്ഷികമാണുതാനും. അന്ധവിശ്വാസങ്ങളെയും സാമൂഹിക തിന്മകളെയും ശാസ്ത്രീയ യുക്തികൊണ്ട് മറികടക്കുകയെന്നത് ആധുനിക വിദ്യാഭ്യാസത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യമായി പറയപ്പെടുന്നുണ്ടെങ്കിലും വിദ്യാഭ്യാസത്തിൻ്റെ ചരക്കുവത്കരണം ഇതിനൊരു വെല്ലുവിളിയായിത്തുടരുന്നു. വിദ്യാഭ്യാസത്തെ വലതു വത്കരിക്കുകയും മതബോധത്തെയും മതമൂല്യങ്ങളെയും വിദ്യാഭ്യാസത്തോട് കൂട്ടിച്ചേർക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യം കൂടി പൂർത്തീകരിക്കുകയും ചെയ്യുന്നതോടെ ശാസ്ത്രവും കപടശാസ്ത്രവും തമ്മിലുള്ള വ്യത്യാസം ഇല്ലാതാവുന്നു.

നവോത്ഥാന മൂല്യങ്ങളെ പിന്തുടർന്ന് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയവും സാംസ്കാരിക സംഘടനകളും നടത്തിയ ശാസ്ത്രത്തിൻ്റെ സാമൂഹിക പ്രയോഗങ്ങൾ വളരെ പ്രധാനപ്പെട്ടവയാണ്. ‘ശാസ്ത്രം സാമൂഹിക വിപ്ലവത്തിന്’ എന്ന മുദ്രാവാക്യവുമായി ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള സാംസ്കാരിക സംഘടനകൾ നടത്തിയ മുന്നേറ്റങ്ങൾ ഇന്ന് സംഘടനാപരമായി ക്ഷയിച്ചു തുടങ്ങിയ മട്ടിലാണ്. എങ്കിലും ശാസ്ത്രത്തെ സാമൂഹിക ആയുധമായി ഉപയോഗിക്കുക എന്ന രീതി വളരെ പ്രധാനപ്പെട്ടതാണ്. ശാസ്ത്രവും വിദ്യയും കേവലം വ്യക്തികളുടെ സാമ്പത്തിക സാക്ഷാത്കാര ഉപാധിയായി മാറ്റുന്നതിനപ്പുറം അതിനെ വ്യക്തിയുടെയും കുടുംബത്തിൻ്റെയും ആന്തരിക വ്യവഹാരങ്ങളിലേക്ക് പ്രയോഗിക്കേണ്ടതുണ്ട്. ഇതിനായി നേരിട്ടുള്ള രാഷ്ട്രീയവും നിയമപരവുമായ രീതികൾക്കപ്പുറം കുടുംബങ്ങൾക്കകത്തേക്ക് പ്രവേശിക്കാവുന്ന സാംസ്കാരിക ഇടപെടലുകൾക്കാണ് സാധ്യത കൂടുതൽ. അല്ലാത്തപക്ഷം ആധുനിക ലോകത്തെ വ്യക്തി കുടുംബത്തിൻ്റെ ഫ്യൂഡൽ സദാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും അടിമയായി തുടരും. കേരളത്തിലെ സാംസ്കാരിക ഇടതുപക്ഷം ഈ മൂല്യങ്ങളെ സമുദായത്തിനും കുടുംബത്തിനുമകത്ത് പ്രയോഗവൽക്കരിക്കേണ്ടതുണ്ട്.

 ‘ശാസ്ത്രം സാമൂഹിക വിപ്ലവത്തിന്’ എന്ന മുദ്രാവാക്യവുമായി ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള സാംസ്കാരിക സംഘടനകൾ നടത്തിയ മുന്നേറ്റങ്ങൾ ഇന്ന് സംഘടനാപരമായി ക്ഷയിച്ചു തുടങ്ങിയ മട്ടിലാണ്.
‘ശാസ്ത്രം സാമൂഹിക വിപ്ലവത്തിന്’ എന്ന മുദ്രാവാക്യവുമായി ശാസ്ത്രസാഹിത്യ പരിഷത്ത് അടക്കമുള്ള സാംസ്കാരിക സംഘടനകൾ നടത്തിയ മുന്നേറ്റങ്ങൾ ഇന്ന് സംഘടനാപരമായി ക്ഷയിച്ചു തുടങ്ങിയ മട്ടിലാണ്.

വർത്തമാന കേരളത്തിൽ ഇടതുപക്ഷത്തിന് പ്രത്യക്ഷ രാഷ്ട്രീയത്തിൽ അതിശക്തമായ സംഘടനാശേഷിയുണ്ടെങ്കിലും കുടുംബം എന്നസ്ഥാപനത്തിനകത്ത് അതിൻ്റെ നിലനിൽപ്പ് തീർത്തും ദയനീയമാണ്. കുടുംബവും സമുദായവും വ്യക്തിയിൽ കുത്തിവക്കുന്ന കപട വിശ്വാസങ്ങൾക്കും സദാചാര ബോധത്തിനും എതിരായി നവോത്ഥാന മൂല്യങ്ങളെ ഉൾചേർത്ത് ശാസ്ത്രീയമായ ഒരു എതിർ ധാർമ്മികതയും പൊതുബോധവും സൃഷ്ടിക്കുകയെന്നതാണ് അടിസ്ഥാനപരമായി ചെയ്യേണ്ടത്. മനുഷ്യൻ ദൈവത്തിൻ്റെ അപരനായി മാറുന്നതിനുപകരം ദൈവികതയെന്നത് മനുഷ്യത്വത്തിൻ്റെ പൂർണ്ണതയാണെന്ന നവോത്ഥാന പാഠത്തെ മലയാളിയുടെ സ്വകാര്യ ജീവിതത്തിലും കുടുംബ ബന്ധങ്ങൾക്കകത്തും ആവർത്തിച്ചുറപ്പിക്കേണ്ടതുണ്ട്.

എന്നാൽ വിദ്യാഭ്യാസമേഖലയുടെ കമ്പോളവത്കരണവും അതുവഴി സമൂഹത്തിലടിച്ചേൽപ്പിക്കപ്പെട്ട മത്സര പ്രവണതയും ശാസ്ത്രത്തിൻ്റെ സാമൂഹിക പ്രയോഗത്തിന് വിലങ്ങുതടിയാണ്. അറിവിൻ്റെ സാർവ്വത്രികത നഷ്ടപ്പെടുന്നതിലൂടെ ആധുനിക മൂല്യങ്ങളുടെ ജനാധിപത്യവത്കരണവും വികേന്ദ്രീകരണവും അസാധ്യമാവുന്നു.

നവോത്ഥാന മൂല്യങ്ങളുടെയും ശാസ്ത്രത്തിൻ്റെയും സാമൂഹിക പ്രയോഗത്തിനും അതിൻ്റെ തുടർച്ചക്കും മലയാളിയുടെ ബോധമണ്ഡലത്തിലും കേരളത്തിൻ്റെ സാംസ്കാരിക മേഖലയിലും എങ്ങനെയൊക്കെ പ്രവർത്തിക്കണമെന്നതിനെക്കുറിച്ച് ഇടതുപക്ഷ സംഘടനകളും ഭരണകൂടവുമെല്ലാം തെരഞ്ഞെടുപ്പു പ്രതിസന്ധികൾക്കപ്പുറത്തു നിന്നുകൊണ്ടുതന്നെ പുനർവിചിന്തനം നടത്തേണ്ടതുണ്ട്.


Summary: Religion and Family plays a crucial role to spread superstitions, how civil society should address the issue, Akhil Kunnath writes


അഖിൽ കുന്നത്ത്

ചരിത്രസംബന്ധമായ വിഷയങ്ങളിൽ അന്വേഷണം നടത്തുന്നു. 2023 ലെ 42-ാം ദക്ഷിണേന്ത്യൻ ചരിത്ര കോൺഗ്രസിൽ ‘Interpreting the theory of self in Buddhist Anatta and Marxian Dialectics’ എന്ന പ്രബന്ധം പ്രസിദ്ധീകരിച്ചു.

Comments