കേരളപ്പിറവിദിനമായ നവംബർ ഒന്നിന്, കേരളം അതിദാരിദ്ര്യമുക്തമായ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറുന്നു. രൂപീകരണ സമയത്ത് ഇന്ത്യയിലെ തന്നെ ദരിദ്ര സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം. ജനകീയ സംഘാടനങ്ങൾ, കൂട്ടായ പരിശ്രമങ്ങൾ, സാമൂഹിക മുന്നേറ്റങ്ങൾ എന്നിവയുടെ ശക്തിയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ദരിദ്രരുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഉൾക്കൊള്ളുന്ന ഉന്നമനത്തിനുമായി വിവിധ സംസ്ഥാന സർക്കാരുകളും പ്രാദേശിക ഭരണകൂടങ്ങളും കുടുംബശ്രീ പോലുള്ള പദ്ധതികളും നടപ്പാക്കിയ ദാരിദ്ര്യ നിർമാർജന പദ്ധതികൾ ഈ ലക്ഷ്യത്തിലേക്ക് കേരളത്തെ നയിച്ചുവെങ്കിലും, യഥാർത്ഥ നാഴികക്കല്ലായി മാറിയത് 2021-ൽ സംസ്ഥാന സർക്കാർ ആരംഭിച്ച അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള ജനകീയ യത്നമായിരുന്നു.
'ആശ്രയ' (Asraya), 2017-ൽ ആരംഭിച്ച 'അഗതിരഹിത കേരളം' (Destitute Free Kerala) എന്നീ പദ്ധതികളുടെ തുടർച്ചയായാണ് സർക്കാർ അതിദാരിദ്ര്യ നിർമാർജന പരിപാടിയെ വിഭാവനം ചെയ്തത്. സംസ്ഥാനത്തെ അതിദാരിദ്ര്യം കുറയ്ക്കുന്നതിൽ ഈ ഇടപെടലുകൾ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. 2013-14 മുതൽ 2022-23 വരെയുള്ള കാലയളവിൽ കേരളത്തിൽ 2.72 ലക്ഷം ആളുകൾ ദാരിദ്ര്യത്തിൽനിന്ന് മോചിതരായി (നിതി ആയോഗ്, 2024). അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങളുടെ തുടർച്ചയായാണ് അതിദാരിദ്ര്യ നിർമ്മാർജ്ജന പരിപാടി (Extreme Poverty Eradication Process - EPEP) ആവിഷ്കരിച്ചത്. എന്നാൽ, മുൻകാല സമീപനങ്ങളിലൂടെ തിരിച്ചറിയപ്പെടാതെ പോയ അതിദരിദ്രരെ കൂടി ഉൾക്കൊള്ളാൻ പ്രാപ്തമായ ഒരു സമീപനമാണ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്.
ദാരിദ്ര്യവുമായി ബന്ധപ്പെട്ട അഗ്രിഗേറ്റഡ് ഡാറ്റകളെ ആശ്രയിക്കുന്നതിനു പകരം, അതിദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങളെ മൂന്ന് ഘടകങ്ങളിലായി വിഭജിച്ച്, 38 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ, ജനകീയ പങ്കാളിത്തത്തോടെയാണ് കണ്ടെത്താൻ സാധിച്ചത്. അക്കാദമിക വിദഗ്ധർ, ജനകീയാസൂത്രണ പ്രവർത്തകർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരുമായി കൂടിയാലോചിച്ചാണ് ഈ മാനദണ്ഡങ്ങൾ വികസിപ്പിച്ചത്. കൂടിയാലോചനകളിൽ ദാരിദ്ര്യത്തിന്റെ നിർവചനം സംബന്ധിച്ച ചർച്ചകൾ പ്രധാനമായും ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചികയിലെ (MPI) സംസ്ഥാനത്തിന്റെ സ്ഥാനം, വിവിധ സൂചികകളിലെ പ്രകടനം, 'ആശ്രയ' പദ്ധതി നടപ്പിലാക്കിയതിലെ അനുഭവങ്ങളും അതിന്റെ സൂചികകളും എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു. കേരളത്തിലെ വിവിധ അക്കാദമിക സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധർ ഇതിൽ പങ്കാളികളായി.

ഇങ്ങനെ വികസിപ്പിച്ച രീതിശാസ്ത്രം വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായി മൂന്ന് ഘട്ടങ്ങളിലായുള്ള പരിശോധനകൾക്കു വിധേയമാക്കി. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ അഞ്ച് വ്യത്യസ്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ (LSGs) അതിദരിദ്ര വിഭാഗങ്ങളെ മാപ്പ് ചെയ്യുന്നതിനുള്ള പ്രായോഗിക പരിശ്രമങ്ങൾ നടത്തി. ഇതിലൂടെ വിദഗ്ധരുടെ വിലയിരുത്തലിനൊപ്പം, താഴ്ന്ന തലങ്ങളിൽ നിന്നുള്ള വിവരശേഖരണത്തിലൂടെ അതിദരിദ്രരായി കണക്കാക്കാവുന്ന വിവിധ സാമൂഹിക വിഭാഗങ്ങളെ തിരിച്ചറിയാനുള്ള ശ്രമങ്ങളും അതിദാരിദ്ര്യകണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി നടന്നു. അവയിൽ രണ്ടെണ്ണം വയനാട്, മലപ്പുറം ജില്ലകളിലെ ഗ്രാമീണമേഖകളിലും രണ്ടെണ്ണം കോട്ടയം, എറണാകുളം ജില്ലകളിലെ നഗരമേഖലകളിലും, ഒരെണ്ണം പാലക്കാട് ജില്ലയിലെ ആദിവാസി മേഖലയിലുമായിരുന്നു.
അടുത്ത ഘട്ടത്തിൽ ചോദ്യാവലിയുടെ പരിഷ്കരിച്ച കരടുപതിപ്പ് എല്ലാ ജില്ലകളിലും പരിശോധിച്ചു. ഗ്രാമീണമേഖലകൾ, നഗരപ്രദേശങ്ങൾ, തീരദേശ മേഖല, ആദിവാസി മേഖല എന്നിവ ഈ പരിശോധനയിൽ ഉൾപ്പെട്ടിട്ടുണ്ട്. തുടർന്ന് ഇത് നടപ്പിലാക്കുന്ന രീതി (implementation process) മൂന്ന് തദ്ദേശ സ്ഥാപനങ്ങളിൽ പരിശോധിച്ചു. ഇതിൽ തിരുവനന്തപുരം ജില്ലയുടെ തീരദേശ മേഖലയായ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്, തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി നഗരസഭ, വയനാട് ജില്ലയിലെ ആദിവാസി മേഖലയായ തിരുനെല്ലി ഗ്രാമപഞ്ചായത്ത് എന്നിവ ഉൾപ്പെടുന്നു. എല്ലാ ഘട്ടങ്ങളിലും സാമ്പത്തിക വിദഗ്ദർ, വികസന പഠിതാക്കൾ, കമ്യൂണിറ്റി മെഡിസിൻ പ്രവർത്തകർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുൾപ്പെട്ട സംസ്ഥാന തല അക്കാദമിക സമിതി ഈ ഉപാധിയുടെ രീതിശാസ്ത്രപരമായ കൃത്യത (methodological rigour) പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു.
വകുപ്പുതല വിഭജനങ്ങൾക്കപ്പുറം സമൂഹത്തിന്റെയും സർക്കാരിന്റെയും പൊതു ലക്ഷ്യങ്ങൾക്കുവേണ്ടി എല്ലാ സർക്കാർ സംവിധാനങ്ങളും ഏകോപിപ്പിച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കും എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു EPEP-യ്ക്കായി നടന്ന പ്രക്രിയ.
ശാരീരിക- മാനസിക പരിമിതികൾ, വാർദ്ധക്യം, അല്ലെങ്കിൽ വിട്ടുമാറാത്ത രോഗങ്ങൾ എന്നിവ നിമിത്തം വരുമാനം കണ്ടെത്താനും ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാനും സാധിക്കാത്ത വ്യക്തികൾക്കിടയിലാണ് കേരളത്തിൽ ദാരിദ്ര്യത്തിന്റെ തുരുത്തുകൾ നിലനിൽക്കുന്നത് (Elamon et al., 2021a). പ്രതികൂല സാഹചര്യങ്ങളുടെ ഈ സഞ്ചിതസ്വഭാവം മൂലം, അതിദരിദ്രർ ഭൂമിശാസ്ത്രപരമായി വേറിട്ടുനിൽക്കാനും, സാമൂഹികമായി ഒറ്റപ്പെടാനും, രാജ്യത്തിന്റെ സാംസ്കാരിക- രാഷ്ട്രീയ- പൗരജീവിതത്തിൽ നിന്ന് വിച്ഛേദിക്കപ്പെടാനും സാധ്യതയുണ്ട് (Wresinski, 1987). അതിനാൽ, കേരളത്തിലെ അതിദരിദ്രർ നിലവിലുള്ള (സഹായ) സംവിധാനങ്ങളിലും പദ്ധതികളിലും ഉൾപ്പെടാതെ പോകുന്നവരാണ്. തന്മൂലം സംസ്ഥാനത്തെ അതിദാരിദ്ര്യത്തെ, 'ദാരിദ്ര്യത്തിനുപുറമേ, വളരെ പരിമിതമായ ഉൽപ്പന്നങ്ങളുടെ (Goods and services) ലഭ്യതയും, ദീർഘകാലം ദാരിദ്ര്യം അനുഭവിക്കേണ്ടിവരുന്നതുമായ ഒരുതരം കടുത്ത ഇല്ലായ്മ' എന്ന് നിർവചിച്ചു. ഈ നിർവചനം (Elamon et al. 2021a, 13) ഭക്ഷണം, പോഷകാഹാരം എന്നിവയുടെ ലഭ്യത, ആരോഗ്യപരമായ വെല്ലുവിളികൾ, ജോലി ചെയ്ത് വരുമാനം നേടാനുള്ള ശേഷി, ഭവനം എന്നിവയുമായി ബന്ധപ്പെട്ട ക്ലേശകരമായ ഘടകങ്ങളുടെയും (distress factors) അതിക്ലേശകരമായ ഘടകങ്ങളുടെയും (extreme distress factors) സംയോജനത്താൽ ഉണ്ടാകുന്ന ബഹുമുഖ പ്രതിഭാസമായാണ് അതിദാരിദ്ര്യത്തെ ഉൾക്കൊള്ളുന്നത്. പട്ടികജാതി (SC)- പട്ടികവർഗ്ഗ (ST)- തീരദേശ സമൂഹങ്ങൾ, നഗരങ്ങളിലെ ദരിദ്രർ എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്ക്, ചരിത്രപരമോ തലമുറകളിലൂടെ കൈമാറിവരുന്നതോ ആയ ദുർബലാവസ്ഥയെ പ്രതിനിധീകരിക്കുന്ന ക്ലേശ ഘടകങ്ങളും ഈ നിർവചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. HIV ബാധിതർ, LGBTQIA+ വിഭാഗത്തിൽപ്പെട്ടവർ, അനാഥരായ കുട്ടികൾ എന്നിവർ അനുഭവിക്കുന്ന സാമൂഹിക ബഹിഷ്കരണം (social exclusion) മൂലമുണ്ടാകുന്ന ക്ലേശങ്ങളെയും ഈ ചട്ടക്കൂട് അടയാളപ്പെടുത്തുന്നു.

അന്താരാഷ്ട്ര തലത്തിൽ ഉപയോഗിക്കുന്ന വിവിധ ദാരിദ്ര്യസൂചകങ്ങൾ, നിതി ആയോഗിന്റെ ബഹുമുഖ ദാരിദ്ര്യ സൂചികകൾ എന്നിവയോടൊപ്പം കേരളത്തിന്റെ സവിശേഷ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് അതിദാരിദ്ര്യ കണ്ടെത്തൽ പ്രക്രിയയുടെ സൂചകങ്ങൾ രൂപീകരിച്ചത്. അങ്ങനെയാണ് തൊഴിലെടുക്കാൻ ശേഷിയില്ലാത്തവർ, ആരോഗ്യാവസ്ഥ, ഗുരുതര രോഗം തുടങ്ങിയവ മൂലം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവർ, അനാഥരായ കുട്ടികളെ വളർത്തുന്ന കുടുംബങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തുന്നതിനുള്ള പ്രത്യേക സൂചകങ്ങൾ ഇതിലുൾപ്പെട്ടത്.
EPEP നിർവചനം അനുസരിച്ച് നിർവചിക്കപ്പെട്ട അതിദാരിദ്ര്യത്തിന്റെ മാനങ്ങളും ക്ലേശഘടകങ്ങളും പട്ടിക ഒന്നിൽ നൽകിയിരിക്കുന്നു.
പട്ടിക 1: അതിദാരിദ്ര്യത്തിന്റെ സൂചകങ്ങളും വിശദീകരണവും

അതിദരിദ്രരെ കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ 1,034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 19,498 വാർഡുകളിലും വാർഡുതല സമിതികൾ രൂപീകരിച്ചു. ഈ സമിതികൾ ഓരോ വാർഡിനുള്ളിലും മൂന്ന് ഘട്ടങ്ങളിലായി നടത്തിയ ഫോക്കസ് ഗ്രൂപ്പ് ചർച്ചകളിലൂടെയാണ് (FGDs) അതിദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളുടെ സമഗ്ര പട്ടിക തയാറാക്കിയത്. ഈ പട്ടിക വാർഡ് അല്ലെങ്കിൽ ഗ്രാമസഭകളിൽ സ്ഥിരീകരണത്തിനായി (verification) ചർച്ച ചെയ്യുകയും, തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലുള്ള ജനകീയ സമിതികൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു.
ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ ഫലപ്രദമല്ലാത്തിടത്ത് കുടുംബശ്രീയുടെ സാമൂഹിക ശൃംഖലയെ വിന്യസിച്ചു. ശേഖരിച്ച വിവരങ്ങൾ പുനഃപരിശോധിക്കുന്നതിനും സാധൂകരിക്കുന്നതിനുമായി കുടുംബശ്രീയുടെ CDS (കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി), ADS (ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി) എന്നിവ കൃത്യമായ ഇടവേളകളിൽ യോഗം ചേർന്നു. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ് /ചെയർപേഴ്‌സൺ അധ്യക്ഷനായുള്ള LSG തല ജനകീയ സമിതികൾ, ഡാറ്റാ കണക്കെടുപ്പിന്റെ കൃത്യതയും പ്രായോഗികതയും ഉറപ്പുവരുത്തി. കൂടാതെ ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നുള്ള പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ, ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും പട്ടികപ്പെടുത്തിയ 20% കുടുംബങ്ങളെ പുനഃപരിശോധിച്ച് 'സൂപ്പർ-ചെക്കുകൾ' നടത്തി. ദാരിദ്ര്യ സൂചകങ്ങളുടെയും ദാരിദ്രാവസ്ഥയുടെയും പരസ്പരബന്ധം (intersectionality) പരിഗണിച്ച്, ഏറ്റവും കൂടുതൽ സൂചകങ്ങളിൽ ഉൾപ്പെടുന്ന കുടുംബങ്ങളെ മുൻഗണനാനുസൃതമായി നിരത്തുന്ന ക്യുമുലേറ്റീവ് (Cumulative) സമീപനമാണ് അതിദാരിദ്ര്യ കണ്ടെത്തൽ പ്രക്രിയയിൽ സ്വീകരിച്ചിരിക്കുന്നത്. ഇങ്ങനെ വിവിധ ഘട്ടങ്ങളിലായി പരിശോധിച്ചാണ് 64,006 കുടുംബങ്ങളുടെ അന്തിമ പട്ടിക തയാറാക്കിയിട്ടുള്ളത്. ഇതിന്റെ വിവിധ ഘട്ടങ്ങൾ Economic review 2024- ൽ ലഭ്യമാണ്.
മൂന്നു ലക്ഷത്തോളം ജനങ്ങളെ പരിശീലിപ്പിച്ചും പത്ത് ലക്ഷത്തിലധികം പേരിൽ നിന്ന് ചർച്ചകളിലൂടെ വിവരങ്ങൾ ശേഖരിച്ചുമാണ് അതിദരിദ്രരെ കണ്ടെത്താനുള്ള പ്രചാരണ പ്രവർത്തനം സംസ്ഥാന വ്യാപകമായി മുന്നോട്ട് കൊണ്ടുപോയത്.
ജില്ലാതല സമിതികൾ, അതിദാരിദ്ര്യ നിർമ്മാർജ്ജന പരിപാടിയുടെ (EPEP) ഡാറ്റാ ശേഖരണം, സൂപ്പർ-ചെക്കിംഗ്, മൂല്യനിർണ്ണയം, തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലെ പുരോഗതി നിരീക്ഷിക്കൽ എന്നിവയുൾപ്പെടെയുള്ള ജില്ലാതല പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ഗ്രാമവികസന അഡീഷണൽ കമ്മീഷണർ (ACRD) സംസ്ഥാന നോഡൽ ഓഫീസറായിട്ടുള്ള സംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റി അതിദാരിദ്ര്യ നിർമ്മാർജ്ജന പരിപാടി (EPEP) ഏകോപിപ്പിക്കുകയും ചെയ്തു. ദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് വിവിധ വകുപ്പുകളും (line departments) ഏജൻസികളും തമ്മിലുള്ള ഏകോപനം അനിവാര്യമാണെന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് കോർഡിനേഷൻ കമ്മിറ്റി സ്ഥാപിച്ചത്. അതനുസരിച്ച്, സൂചികാ ചട്ടക്കൂടുകൾക്ക് അംഗീകാരം നൽകുന്നതിനും പ്രക്രിയയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ വകുപ്പുകളും ഏജൻസികളും തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനും ഉത്തരവാദിത്തമുള്ള ഒരു നയരൂപീകരണ സംവിധാനമായി ഈ സമിതി പ്രവർത്തിച്ചു.
എങ്കിലും, അതിദാരിദ്ര്യ നിർമ്മാർജ്ജന പരിപാടിയുടെ (EPEP) നടത്തിപ്പിന് നേതൃത്വം നൽകാനുള്ള പ്രാഥമിക ഉത്തരവാദിത്തം 'അതിദാരിദ്ര്യ സെല്ലി'നായിരുന്നു (Extreme Poverty Cell). അക്കാദമിക് സമൂഹത്തിന്റെ പിന്തുണയോടെ സൂചികാ ചട്ടക്കൂടുകൾ വികസിപ്പിക്കുന്നതിനും, ബന്ധപ്പെട്ടവർക്ക് (stakeholders) പരിശീലനം നൽകുന്നതിനും, ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ ഏകോപിപ്പിക്കുന്നതിനും, ഫീൽഡ് സർവേകൾക്ക് മേൽനോട്ടം വഹിക്കുന്നതിനും ഈ സെൽ നേതൃത്വം നൽകി. ഈ പ്രക്രിയയിൽ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (KILA), അക്കാദമിക് ചട്ടക്കൂട് (Academic framework) വികസിപ്പിക്കുകയും സംരംഭത്തിന്റെ മൊത്തത്തിലുള്ള അക്കാദമിക മേൽനോട്ടത്തിൽ ഏർപ്പെടുകയും ചെയ്തു. മൂന്നു ലക്ഷത്തോളം ജനങ്ങളെ പരിശീലിപ്പിച്ചും പത്ത് ലക്ഷത്തിലധികം പേരിൽ നിന്ന് ചർച്ചകളിലൂടെ വിവരങ്ങൾ ശേഖരിച്ചുമാണ് ഈ പ്രചാരണ പ്രവർത്തനം സംസ്ഥാന വ്യാപകമായി മുന്നോട്ട് കൊണ്ടുപോയത്.

സംസ്ഥാന തല റിസോഴ്സ് പേഴ്സൺമാർ മുതൽ ഫോക്കസ് ഗ്രൂപ്പ് ഡിസ്കഷനുകൾക്ക് നേതൃത്വം നൽകേണ്ടുന്ന വാർഡ് കമ്മിറ്റികൾക്കുവരെ പരിശീലനം നൽകി, അധികാര വികേന്ദ്രീകരണ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ വിദ്യാഭ്യാസ പരിപാടിയായിരുന്നു അതിദാരിദ്ര്യ കണ്ടെത്തൽ - നിർമ്മാർജന പ്രക്രിയ. ഇതുവഴി ദാരിദ്യത്തെ ഒരു സാമൂഹിക അജണ്ടയാക്കി മാറ്റാൻ സാധിച്ചു. പൊതുവിൽ സർക്കാരുകൾ സ്വീകരിക്കുന്ന എകമാന സ്വഭാവമുള്ള (unidimensional) ദാരിദ്ര്യ രേഖകളേയും, സാമ്പിൾ സർവേകളെ അവലംബിച്ചുള്ള പഠനങ്ങളെയും താരതമ്യം ചെയ്യുമ്പോൾ സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള ഗൗരവത്തോടെയുള്ള ഇടപെടലാണ് അതിദാരിദ്ര്യ നിർമാർജ്ജനത്തിനായി സംസ്ഥാന സർക്കാർ നടത്തിയതെന്നു കാണാൻ സാധിക്കും.
ഇങ്ങനെ കണ്ടെത്തിയ കുടുംബങ്ങളുടെ ആവശ്യങ്ങളെ വിവിധ വകുപ്പുകളുടെ ആക്ഷൻ പ്ലാനുകളിലേക്ക് മാപ്പ് ചെയ്താണ് ഓരോ കുടുംബത്തിനും വേണ്ടുന്ന മൈക്രോ പ്ലാനുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രൂപപ്പെടുത്തിയത്. അവരിൽ അഗതികളുണ്ട്, അഗതികളല്ലാത്തവരുമുണ്ട്. തൊഴിലെടുക്കനാകാത്തവരും തൊഴിലെടുക്കാൻ സാഹചര്യമില്ലാത്തവരുമുണ്ട്. സ്വയം തിരിച്ചറിയാനാകാത്തവരും തിരിച്ചറിയൽ രേഖകൾ ഇല്ലാത്തവരുമുണ്ട്. രോഗത്തിന് മരുന്നെന്നപോലെ ഓരോരുത്തരുടെയും ദാരിദ്ര്യത്തിന്റെ സ്വഭാവവും തീവ്രതയും അനുസരിച്ച് ഹ്രസ്വകാല, ദീർഘകാല പിന്തുണാ സംവിധാനങ്ങൾ സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തിവരുകയാണ്.
നിരന്തര സാമൂഹിക ഓഡിറ്റിംഗിലൂടെ മാത്രമേ, അതിദരിദ്രർക്കായുള്ള പിന്തുണാസംവിധാനങ്ങളിൽ ഉണ്ടാകാവുന്ന പരിമിതികളെ തിരിച്ചറിയുകയും അവ പരിഹരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ കേരളത്തിന് സമൂഹമെന്ന നിലയിൽ സ്ഥിരതയുള്ള പുരോഗതി കൈവരിക്കാൻ സാധിക്കൂ.
പരമ്പരാഗത ദാരിദ്ര്യ അളവുകോലുകളിൽ ഉൾപ്പെടാതെ പോകുന്നവരും സാമൂഹികമായോ ഭരണതലത്തിലോ യാതൊരു പിന്തുണാ സംവിധാനങ്ങളും ലഭ്യമല്ലാത്തവരുമായ, സമൂഹത്തിലെ ഏറ്റവും കഷ്ടത അനുഭവിക്കുന്ന 64,006 കുടുംബങ്ങളെ, ബ്രഹത്തായതും ജനകീയമായതുമായ ഒരു കണ്ടെത്തൽ പ്രക്രിയയിലൂടെ (Extreme Poverty Identification Process - EPIP) തിരിച്ചറിയുകയും അവർക്കാവശ്യമായ പിന്തുണാസംവിധാനങ്ങൾ ഒരുക്കാൻ സാധിച്ചതുമാണ് കേരളത്തിന്റെ യഥാർത്ഥ നേട്ടം.
വകുപ്പുതല വിഭജനങ്ങൾക്കപ്പുറം സമൂഹത്തിന്റെയും സർക്കാരിന്റെയും പൊതു ലക്ഷ്യങ്ങൾക്കുവേണ്ടി എല്ലാ സർക്കാർ സംവിധാനങ്ങളും ഏകോപിപ്പിച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കും എന്നതിന്റെ ദൃഷ്ടാന്തമാണ് ഈ പ്രക്രിയ. സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുമ്പോൾ ഈ പിന്തുണാ സംവിധാനങ്ങളെല്ലാം അവസാനിപ്പിക്കുകയല്ല ചെയ്യുന്നത്. മറിച്ച്, അവർക്കാവശ്യമുണ്ട് എന്ന് കണ്ടെത്തിയ കാലത്തോളം ഈ സംവിധാനങ്ങൾ നിലനിൽക്കും എന്നുറപ്പുവരുത്തുകയാണ്. അതിനാൽ, ഇവയ്ക്കു പുറമേ നിലവിൽ വിവിധ വിഭാഗങ്ങൾക്ക് കേന്ദ്ര- സംസ്ഥാന പദ്ധതികളിലായി ലഭ്യമാകുന്ന സംവിധാനങ്ങൾ തുടരുകയും പുതുതായി തിരിച്ചറിയൽ രേഖകൾ നേടിയവർക്ക് ലഭ്യമാകുന്നതിനുമുള്ള സംവിധാനം ഉറപ്പുവരുത്തുകയുമാണ് അതിദാരിദ്ര്യ നിർമ്മാർജ്ജന പരിപാടി സാധ്യമാക്കിയത്.
സംസ്ഥാനവും തദ്ദേശ സ്വയംഭരണ ഭരണസ്ഥാപനങ്ങളും നടത്തുന്ന മേൽനോട്ടത്തിനൊപ്പം, ജനങ്ങളുടെയും സിവിൽ സൊസൈറ്റിയുടെയും സജീവ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന നിരന്തര സാമൂഹിക ഓഡിറ്റിംഗിലൂടെ അതിദരിദ്രർക്കായുള്ള പിന്തുണാസംവിധാനങ്ങളിൽ ഉണ്ടാകാവുന്ന പരിമിതികളെ തിരിച്ചറിയുകയും അവ പരിഹരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ കേരളത്തിന് സമൂഹമെന്ന നിലയിൽ സ്ഥിരതയുള്ള പുരോഗതി കൈവരിക്കാൻ സാധിക്കൂ. അതിദാരിദ്ര്യ നിർമ്മാർജനത്തിലൂടെയും മനുഷ്യവിഭവശേഷി വികസനത്തിലൂടെയും കേരളം സാമൂഹിക പുരോഗതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ നിലവിലുള്ള സംവിധാനങ്ങളുടെ തുടർച്ചയും സ്ഥാപനപരമായ സ്ഥിരതയും ഉറപ്പാക്കുന്നു എന്നതാണതിന്റെ കാതൽ.

▮
റഫറൻസ്:
● NITI Aayog. (2024). Multidimensional poverty index: A progress review 2022–23. https://www.niti.gov.in/sites/default/files/2024-01/MPI-22_NITI-Aayog202
54.pdf
●Elamon, J., Jose, M., & Rajesh, K. (Eds.). (2021a). Athidaridhryare kandethal prakriya
[Handbook]. Kerala Institute of Local Administration. https://dspace.kila.ac.in/handle/123456789/589
●Wresinski, J. (1987). Wresinski report: Chronic poverty and lack of basic security. Economic and Social Council of France. https://www.joseph-wresinski.org/wp-content/uploads/sites/3/2016/09/Wres_JO87en.pdf
●Government of Kerala. (2025). Economic review 2024. Kerala State Planning Board.
