ക്ലിഫ് ഹൗസിൽ മാത്രം മതിയോ നല്ല പശുവിൻ പാല് ?

മലയാളിക്ക് പാലു കുടിക്കാൻ പൊതുമേഖലയുടെ മാതൃകയും വിശ്വാസവും അഭിമാനവുമായ മിൽമ ഉൾപ്പെടെയുള്ള സംരംഭങ്ങൾ നിലവിലുണ്ടായിട്ടും മുഖ്യമന്ത്രിക്കുവേണ്ടി ക്ലിഫ് ഹൗസിൽ ഒരു പശുത്തൊഴുത്തുണ്ടാകാൻ എന്താകും കാരണം? 42 ലക്ഷം രൂപ മുടക്കി പശുത്തൊഴുത്തു നവീകരിക്കുന്നു എന്ന വാർത്തയിലേക്കു മാത്രം കുന്തമുന കൂർപ്പിക്കാതെ മലയാളികൾ കുടിക്കുന്ന പാലിനെ പറ്റിയുള്ള വീണ്ടുവിചാരത്തിലേക്കും, അതിലുപരി നിലവിലെ പാലുല്പാദനത്തിന്റെയും വിതരണത്തിന്റെയും ചില പരിമിതികളിലേക്കും ചർച്ച തിരിക്കുകയാണ് വേണ്ടത്.

കേരളം കണി കണ്ടുണരുന്ന നന്മയായ മിൽമയിൽ അഭിമാനിക്കുന്നവരാണല്ലോ മലയാളികളേറെയും. പശുവിനെ വളർത്തി അതിന്റെ പാല് അടുത്തുള്ള പാൽ സൊസൈറ്റിയിൽ കൊടുത്തു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന അനേകം ക്ഷീര കർഷകർക്ക് അത്താണിയാണ് മിൽമയുടെ പാൽ സംഭരണ ശൃംഖല. മാത്രമല്ല ഇത്തരം സൊസൈറ്റികളും (ആകെ എണ്ണം 3071) മിൽമാ ഫാക്ടറിയും എല്ലാം, സ്ഥിരവരുമാനം ഉറപ്പാക്കുന്ന പൊതുമേഖലാ സർക്കാർ സംവിധാനം എന്ന കേരളാ മോഡലിന് ഉത്തമ ദൃഷ്ടാന്തവുമാണ്. മിൽമാ ജീവനക്കാർ, പാൽ സൊസൈറ്റി ജോലിക്കാർ, 15.2 ലക്ഷം വരുന്ന ക്ഷീര കർഷകർ, മിൽമയുടെ കാലിത്തീറ്റ ഫാക്ടറിയിലെ ജീവനക്കാർ എന്നിവരെല്ലാം ഈ പൊതുമേഖലാ മാതൃകയുടെ തൊഴിൽ സ്ഥിരവരുമാനത്തിന്റെ ഗുണഭോക്തൃ സമൂഹമാണ്.

മറുവശത്ത് നഗരത്തിലായാലും നാട്ടിൻപുറത്തായാലും ഉപഭോക്താക്കൾക്കിടയിൽ പാക്കറ്റ് പാലിൽ താരതമ്യേന വിശ്വാസത്തിന്റെ പര്യായമാണ് മിൽമ പാൽ. ഇതേ പാലാണ് നമ്മുടെ വിദ്യാലയങ്ങളിലും അംഗനവാടികളിലും കുട്ടികൾക്ക് വിതരണം ചെയ്യുന്നത്. അതായത് 13.37 ലക്ഷം ലിറ്റർ മിൽമ പാലാണ് മലയാളികൾ, ആബാലവൃദ്ധം ജനങ്ങൾ ദിവസവും കുടിക്കുന്നത്. ഒരു ദിവസം 12.5 ലക്ഷം ലിറ്റർ പാല് ക്ഷീരകർഷകരിൽ നിന്നും പാൽ സൊസൈറ്റികൾ വഴി മിൽമ സംഭരിക്കുന്നു. ബാക്കി വേണ്ട പാല് അടുത്ത സംസ്ഥാനങ്ങളിൽ നിന്നും വാങ്ങുകയും ചെയ്യുന്നു.

ഇതോടൊപ്പം പല പേരുകളിൽ നിരവധി പാക്കറ്റ് പാലുകളും നാട്ടിൽ സുലഭമാണ്. ഹോട്ടലുകളും മറ്റും മിക്കവാറും ഇത്തരം, കുറച്ചു കൂടി വില കുറഞ്ഞ പാക്കറ്റുകളെയാണ് അശ്രയിക്കുന്നത്. (ഇവയിലേറെയും ഭക്ഷ്യ സുരക്ഷാ വകുപ്പ് പലപ്പോഴും നിരോധിക്കുകയും അവ പുതിയ പേരിൽ വീണ്ടും വരുകയും ചെയ്യുന്നുണ്ട്). ഇതും കൂടാതെ പഴയ മട്ടിൽ, അയൽപക്കങ്ങളിൽ നേരിട്ട് പാല് വിറ്റ് അതുവഴി തൊഴിൽ കണ്ടെത്തുന്ന നിരവധി പാലുല്പാദന ചെറുകിട സംഭരങ്ങളും /കുടുംബങ്ങളും കേരളത്തിൽ ഇപ്പോൾ കൂടിയിട്ടുണ്ട്.

പണ്ട് പശുവളർത്തൽ വഴി, പാല് വീട്ടാവശ്യത്തിനും ബാക്കി അയൽ വീടുകളിലേക്കും എന്ന നിലയിലായിരുന്നെങ്കിൽ ഇന്നാ സ്ഥിതി തന്നെ മാറിയിരിക്കുന്നു. കാരണം അന്നൊക്കെ കുറച്ചു പാലു കിട്ടുന്ന നാടൻ ജനുസുകളേ ഉണ്ടായിരുന്നുള്ളൂ. ഇന്നതല്ല പാല് വിറ്റ് ഉപജീവനം കണ്ടെത്താൻ പറ്റിയവിധം, നിരവധി പ്രതിസന്ധികൾ ഉണ്ടെങ്കിലും, ക്ഷീര കർഷകർ എന്ന വിഭാഗം കേരളത്തിൽ ഒരു വാർഡിൽ കുറച്ചു കുടുംബങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്. സങ്കരയിനം, വിദേശയിനം എന്നിങ്ങനെ അത്യുല്പാദനം പാലിൽ നേടിത്തരുന്ന കാലികളിലെ ധവളവിപ്ലവത്തിന്റെ പരിണത ഫലമാണ് കേരളത്തിലെ ഈ ക്ഷീര കർഷക സമൂഹം.

മലയാളിക്ക് പാലു കുടിയ്ക്കാൻ പൊതുമേഖലയുടെ മാതൃകയും വിശ്വാസവും അഭിമാനവുമായ മിൽമ ഉൾപ്പെടെ മേൽക്കാണിച്ച ത്രിവിധ സംരംഭങ്ങൾ നിലവിലുണ്ടായിട്ടും, അതിലൊന്നു പോലും ആശ്രയിക്കാതെ മുഖ്യമന്ത്രിക്കുവേണ്ടി ക്ലിഫ് ഹൗസിൽ ഒരു പശുത്തൊഴുത്തുണ്ടാകാൻ എന്താകും കാരണം? മറ്റു ജീവികളെ വളർത്തുന്നതു പോലെ ഒരു വിനോദം മാത്രമായിരിക്കില്ല അതിനു പിന്നിലുള്ളത്. ക്ലിഫ് ഹൗസിൽ ആവശ്യത്തിനു വേണ്ട പാലിൽ സ്വാശ്രയത്വം വേണമെന്ന ആലോചനയിൽ നിന്നാകണം അവിടെ ഗോശാല സ്ഥാപിതമാകുന്നത്. ജേഴ്സി, ഹോൾസ്റ്റീൻ എന്നീ അത്യുല്പാദന ഇനങ്ങളെ കൂടാതെ വെച്ചൂർ പശു എന്ന കേരളത്തിന്റെ തനതു ജനുസുകൂടി അവിടെ വളരുന്നു എന്നറിയുന്നു. നിലവിൽ മലയാളികൾ മിൽമ വഴിയായാലും അതിനപ്പുറത്തു നിന്നായാലും വാങ്ങി കുടിക്കുന്ന പാലിനോടുള്ള വിശ്വാസമില്ലായ്മയാകണം ഗുണ നിലവാരമുള്ള പാലിനായി പശുത്തൊഴുത്തുണ്ടാക്കുന്നതിനുള്ള കാരണം. അതുകൊണ്ട് മുഖ്യമന്ത്രി 42 ലക്ഷം രൂപ മുടക്കി പശുത്തൊഴുത്തു നവീകരിക്കുന്നു എന്ന വാർത്തയിലേക്കു മാത്രം കുന്തമുന കൂർപ്പിക്കാതെ മലയാളികൾ കുടിയ്ക്കുന്ന പാലിനെ പറ്റിയുള്ള വീണ്ടുവിചാരത്തിലേക്കും, അതിലുപരി നിലവിലെ പാലുല്പാദനത്തിന്റെയും വിതരണത്തിന്റെയും ചില പരിമിതികളിലേക്കും ചർച്ച ആരംഭിക്കുകയാണ് വേണ്ടത്.

ക്ലിഫ് ഹൗസ് തൊഴുത്ത് തരുന്ന ഉപഭോക്തൃ പാഠം ഇതാണ്: സുരക്ഷിതവും പോഷകദായകവും വിശ്വസനീയവുമായ പാല് തരുന്നതിൽ നിലവിലുള്ള ക്ഷീരോല്പാദന ഘടന അപര്യാപ്തമാണ്. അതിനാൽ പറ്റാവുന്നവരൊക്കെ അവരവർക്കു വേണ്ട പാല്, അതും നാടൻ പശുവിന്റേതാകാമെങ്കിൽ അത്രയും നന്ന്, സ്വയം ഉല്പാദിപ്പിക്കുക. പശുവിനു കൊടുക്കുന്ന കാലിത്തീറ്റ, അതിന്റെ ജനുസ് എന്നിങ്ങനെ തുടങ്ങി ഇന്ന് അനുവർത്തിക്കുന്ന ഉല്പാദന സംഭരണ വിപണന ഉപഭോഗ സമ്പ്രദായങ്ങളെയെല്ലാം സൂക്ഷ്മ പരിശോധനക്കു വിധേയമാക്കാൻ പ്രേരിപ്പിക്കുന്നതാണ് ക്ലിഫ് ഹൗസിന്റെ പാല് സ്വാശ്രയ മാതൃക. കുറേക്കൂടി വിപുലമായും ആഴത്തിലും പരിശോധിച്ചാൽ ക്ഷീരോല്പാദനം ഉൾപ്പെടെയുള്ള ഇന്നത്തെ എല്ലാ ഭക്ഷ്യോല്പാദന വ്യവസ്ഥയേയും (ഇന്നത്തെ ക്ലിഫ് ഹൗസിൽ പച്ചക്കറി ഉല്പാദനവും സജീവമാണ്) അടിമുടി അഴിച്ചു പണിയേണ്ടതിന്റെ ആവശ്യകതയിലേയ്ക്കാണ് മുഖ്യമന്ത്രിയുടെ പശുത്തൊഴുത്തിലൂടെ നാം ചെന്നെത്തുന്നത്.

കഴിഞ്ഞ കുറെ കാലങ്ങളായി ലോകത്തെങ്ങും പ്രത്യേകിച്ച് മധ്യവർഗ്ഗ വിഭാഗങ്ങളിൽ, അവർ കഴിക്കുന്ന ഭക്ഷണത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ആശങ്ക എവിടെയും നിരവധി സ്വാശ്രിത കാർഷികോല്പാദന / ഉപഭോഗ വ്യവസ്ഥയിലേക്ക് കൂടു മാറ്റം സംഭവിപ്പിച്ചതിന്റെ ചരിത്ര പശ്ചാത്തലത്തിൽ കൂടി വേണം മുഖ്യമന്ത്രിയുടെ ഭക്ഷ്യ സ്വാശ്രിത മാതൃകയെ വിലയിരുത്തേണ്ടത്. നിലവിൽ നാം അനുവർത്തിക്കുന്ന കേന്ദ്രീകൃതവും വ്യവസായാധിഷ്ഠിതവുമായ ഭക്ഷ്യോല്പാദന വ്യവസ്ഥ അതുണ്ടാക്കുന്ന പാരിസ്ഥിതികവും സാമൂഹികവുമായ ആഘാതങ്ങളേക്കാൾ, സമൂഹത്തെ ഒരുപക്ഷേ ഭയാകുലരാക്കുന്നത് ആ ഭക്ഷ്യ വ്യവസ്ഥ വരുത്തിത്തീർക്കുന്ന ആരോഗ്യപരമായ തകരാറുകളാണ്. അതിൽ നിന്നും രക്ഷപ്പെടുന്നതിനുള്ള വഴി അല്പമെങ്കിലും തുറന്നിരിക്കുന്നതാകട്ടെ സാമ്പത്തികമായി കൂടുതൽ സ്വതന്ത്രരും ആരോഗ്യകാര്യങ്ങളിൽ ജാഗരൂകരുമായ മധ്യ / ഉപരിവർഗ്ഗ വിഭാഗങ്ങൾക്കു മാത്രവും. അങ്ങനെയാണ് ലോകത്തെങ്ങും വിഷവിമുക്തമായ സുരക്ഷിത ഭക്ഷണത്തിന്റെ കാർഷിക ചെറുകിട സ്വാശ്രിത ഉല്പാദന ഉപഭോക്തൃ ഘടനകൾ സജീവമാകുന്നത്. നിലവിലെ ഭക്ഷ്യോല്പാദന വ്യവസ്ഥ തീർക്കുന്ന നാനാവിധ ആഘാതങ്ങളോടുള്ള പ്രതിരോധമാണ് ഇവയുടെ ഊർജ്ജം. എന്നാൽ ഇവയുടെ സമകാലിക പരിമിതിയെന്തെന്നാൽ അത്തരം ബദൽ ഉല്പാദനവ്യവസ്ഥയിലേക്കും ഉപഭോഗത്തിലേക്കും മാറാൻ മധ്യവർഗ്ഗസമൂഹങ്ങൾ മുതലങ്ങോട്ടേ സാധിക്കൂ എന്നതാണ്. രാജ്യാന്തര തലത്തിൽ ഈ വിടവ് കുറേക്കൂടി പ്രകടമായിട്ടു നമുക്കു ബോധ്യപ്പെടുകയും ചെയ്യും. അതായത് സമ്പന്ന രാജ്യങ്ങളെല്ലാം തന്നെ വിഷവിമുക്തമായ സുരക്ഷിത ഭക്ഷണം തങ്ങളുടെ പൗരസമൂഹത്തിൽ ഒരു വിഭാഗത്തിനെങ്കിലും നൽകാൻ ബദ്ധശ്രദ്ധരായി വരുന്നു. ഇന്ത്യയിൽ നിന്നും കയറ്റി അയക്കുന്ന പല ഭക്ഷ്യവിഭവങ്ങളും കീടനാശിനി സാന്നിധ്യം ചൂണ്ടിക്കാട്ടി പലതവണ യൂറോപ്യൻ യൂണിയനും മറ്റും തിരിച്ചയക്കുന്നത് കൂടി വരുന്നതു ഇക്കാരണത്താലാണ്. 2030 ഓടെ തങ്ങളുടെ കൃഷിയിൽ 30% സ്ഥലം ജൈവകൃഷിയിലേക്കു മാറ്റാൻ യൂറോപ്യൻ യൂണിയൻ തീരുമാനിക്കുന്നത് വിഷരഹിത ഭക്ഷണം മധ്യവർഗ്ഗത്തിനും ഭരണ വിഭാഗങ്ങൾക്കെങ്കിലും അടിയന്തിരാവശ്യമായി തോന്നിയതിനാലുമാകണം. ഇന്ത്യ മാതിരിയുള്ള ഭക്ഷ്യക്കയറ്റുമതി രാഷ്ട്രങ്ങളിൽ നിന്നും തങ്ങൾക്കു വേണ്ട സുരക്ഷിത ഭക്ഷണം സമ്പന്ന രാഷ്ട്രങ്ങൾ ആവശ്യപ്പെടുന്നതിന്റെ ശക്തമായ പ്രതിഫലനമെന്നോണം ഇന്ത്യാ ഗവൺമെന്റ് സമ്പന്ന രാഷ്ട്രങ്ങളുടെ മാനദണ്ഡം പാലിക്കുന്ന വിഷരഹിതമായ ഭക്ഷ്യോല്പാദനത്തിന് ഇപ്പോൾ വലിയ പ്രോത്സാഹനം നൽകിത്തുടങ്ങിയിരിക്കുന്നു.

അതായത് സുരക്ഷിത ഭക്ഷണം ലോകസമൂഹത്തിൽ ഒരു ന്യൂനപക്ഷത്തിനു മാത്രം പ്രാപ്യമായ സൗഭാഗ്യമായി മാറുകയാണിന്ന്. ജനകോടികൾക്കാകട്ടെ നിലവിലെ കേന്ദ്രീകൃതമായ (അത് പൊതുമേഖലയിലായാലും സ്വകാര്യ മേഖലയിലായാലും ) ആരോഗ്യ സുരക്ഷയെ പാടെ അവഗണിക്കുന്ന ഭക്ഷ്യോല്പാദന വ്യവസ്ഥയുടെ ആശ്രിതരാകാതെ നിർവ്വാഹവുമില്ല. എന്നാൽ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തും പച്ചക്കറി കൃഷിയും ഭരണ സമൂഹങ്ങളിൽ യഥാവിധി തിരിച്ചറിഞ്ഞു വരുന്ന ആരോഗ്യ ജാഗ്രതയുടെ സൂചകമാണ്. രോഗചികിത്സയുടെ പരിമിതികളെ മറികടക്കാൻ രോഗപ്രതിരോധത്തിൽ ഊന്നിയ സുരക്ഷിത ഭക്ഷണ പരിസ്ഥിതിയുടെ പ്രാധാന്യം ഭരണ സമൂഹത്തിൽ നല്ലൊരു വിഭാഗമെങ്കിലും ബോധ്യപ്പെട്ടു വന്നിരിക്കുന്നു. ചൈനയിൽ അവിടുത്തെ ഭരണാധികാരികൾക്കു വേണ്ടി അതീവ രഹസ്യമായി വിഷ സ്പർശമേശാത്ത വിഭവങ്ങൾ കൃഷി ചെയ്യുന്നതിന്റെ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. അമേരിക്കയിലാകട്ടെ 45% ജനങ്ങളും വിഷരഹിത ഭക്ഷണം ആവശ്യപ്പെടുന്നതായി സർവ്വേകളുണ്ട്.

ജനസമൂഹത്തിനാകെ സുരക്ഷിതമായ പോഷക ഭക്ഷണം ആരോഗ്യത്തിന്റെ അടിസ്ഥാനോപാധിയെന്ന നിലയിൽ പ്രാപ്യമാകണമെങ്കിൽ കേന്ദ്രീകൃതമായ കാർഷിക-ഭക്ഷ്യോല്പാദന ശൈലിയെ വികേന്ദ്രീകരിച്ച് അവയെ ആകാവുന്നത്ര സ്വാശ്രയാധിഷ്ഠിതമാക്കണമെന്നാണ് ലോകം മനസ്സിലാക്കി വരുന്നത്. എന്നാൽ നിലവിലെ ഭക്ഷ്യോല്പാദന വ്യവസ്ഥയുടെ യഥാർത്ഥ ഗുണഭോക്താക്കൾ കോർപ്പറേറ്റുകളും അവരെ താങ്ങി നിർത്തുന്ന ഉദ്യോഗസ്ഥ ഭരണനയങ്ങളുമായതിനാൽ ( ഈയിടെ ജി.എം. കടുക് കൃഷി ചെയ്യാൻ കേന്ദ്രം അനുമതി കൊടുത്തത് ഓർക്കുക) അവയെ പിണക്കുക അത്രയെളുപ്പമല്ലാത്തതിനാൽ, അവരവരുടെ ആരോഗ്യ രക്ഷക്കു മുൻതൂക്കം നൽകുന്നതിനേ അപകടം അറിയുന്നവർക്ക് സാധ്യമാകൂ. അത്തരക്കാരാകട്ടെ തങ്ങളുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി വിഷവിമുക്തവും പോഷക ദായകവുമായ ഭക്ഷണം ഉല്പാദിപ്പിക്കുന്ന സ്വാശ്രയ മാതൃക സ്വയം നടപ്പിലാക്കുന്നു. അതാണ് ക്ലിഫ് ഹൗസിലെ പശുത്തൊഴുത്തെന്ന പ്രതീകം.

Comments