കാസർ​കോ​ട്ടെ പേരുമാറ്റ പ്രചാരണത്തിനു പിന്നിൽ പഴയ പ്രാദേശിക വാദ ശക്​തികൾ

മഞ്ചേശ്വരം, കുമ്പള, ഹൊസ്ദുർഗ്, മധൂർ തുടങ്ങിയ സ്ഥലങ്ങളുടെ പേരുകൾ മാറ്റാൻ ശ്രമം നടക്കുന്നതായും ഇത്​ കന്നഡ ഭാഷയ്‌ക്കെതിരെയുള്ള നീക്കമാണെന്നും പ്രചാരണം. ഇതേതുടർന്ന് സോഷ്യൽ മീഡിയയിലടക്കം കേരളത്തിനെതിരെ വ്യാപക വിദ്വേഷ പ്രചാരണമാണ് സംഘപരിവാർ അനുകൂലികൾ അഴിച്ചുവിട്ടത്. പഴയ പ്രാദേശിക വാദം ഉയർത്തിക്കൊണ്ടുവരാനുള്ള ഗൂഢശ്രമമാണ് ഈ വ്യാജപ്രചാരണത്തിനുപിന്നിലെന്ന്​ വാദമുയരുന്നു.

ർണാടക അതിർത്തിയോടു ചേർന്ന കേരളത്തിലെ സ്ഥലങ്ങളുടെ നാമങ്ങൾ കേരളം മാറ്റാൻ ശ്രമിക്കുന്നുവെന്ന് കർണാട സർക്കാറിന്റെയും ബി.ജെ.പിയുടെയും വ്യാജ പ്രചാരണം. മഞ്ചേശ്വരം, കുമ്പള, ഹൊസ്ദുർഗ്, മധൂർ തുടങ്ങി പത്തോളം സ്ഥലങ്ങളുടെ പേരുകൾ മാറ്റാൻ ശ്രമം നടക്കുന്നതായും ഇതു കന്നഡ ഭാഷയ്‌ക്കെതിരെയുള്ള നീക്കമാണെന്നുമാണ് പ്രചാരണം. കേരള സർക്കാറും കാസർകോട് ജില്ലാ ഭരണകൂടവും ഇത്തരത്തിൽ ഒരു നീക്കവും നടത്തിയിട്ടില്ലെന്ന് അറിയിച്ചിട്ടുണ്ട്. കാസർകോട്ടെ സ്ഥലനാമങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ട്​ യാതൊരു ചർച്ചയും ഉണ്ടായിട്ടില്ലെന്നും അങ്ങനെ ഒരു ഫയലും നിലവിലില്ലെന്നുമാണ് കാസർകോട് കലക്ടർ ഡി.സജിത്ത് ബാബു അറിയിച്ചത്. കലക്ടർ അറിയാതെ സ്ഥലനാമം മാറ്റുന്നതിനുള്ള നടപടി ഉണ്ടാവില്ലെന്നിരിക്കെ ആരൊക്കെയോ ചേർന്ന് അനാവശ്യ വിവാദം സൃഷ്ടിക്കുകയാണ്. വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്നും സജിത്ത് ബാബു പറഞ്ഞു.

കർണാടക ബോർഡർ ഏരിയ ഡവലപ്‌മെൻറ്​ അതോറിറ്റി സെക്രട്ടറി പ്രകാശ് മട്ടിഹള്ളി മംഗളൂരുവിൽ പുറത്തിറക്കിയ പ്രസ് റീലിസിലൂടെയാണ്​വിവാദങ്ങൾക്കു തുടക്കം. പിന്നീട് കന്നഡ വികസന സമിതി അധ്യക്ഷൻ ടി.എസ്.നാഗാഭരണ മുതൽ ജെ.ഡി.യു നേതാവ് എച്ച്.ഡി.കുമാരസാമിയും മൈസുരുവിൽ നിന്നുള്ള ബി.ജെ.പി എം.പി പ്രതാപ് സിംഹയും തുടങ്ങി കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ വരെ ഇതേ ആരോപണവുമായി മുന്നോട്ട് വന്നു. കാസർഗോഡ് കർണാടക അതിർത്തി പ്രദേശങ്ങളുടെ പേര് മാറ്റുന്ന നടപടിയിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് കത്തയച്ചതായി കർണാടക വികസന ബോർഡ് അതോറിറ്റി ചെയർമാൻ ഡോ സിസി സോമശേഖർ പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. എന്നാൽ അങ്ങനൊരു കത്ത് കിട്ടിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസും അറിയിച്ചു.

എം വി ഗോവിന്ദൻ
എം വി ഗോവിന്ദൻ

മഞ്ചേശ്വരം, കുമ്പള, ഹൊസ്ദുർഗ്, മധൂർ തുടങ്ങിയ സ്ഥലങ്ങളുടെ പേരുകൾ മാറ്റാൻ ശ്രമം നടക്കുന്നതായും ഇത്​ കന്നഡ ഭാഷയ്‌ക്കെതിരെയുള്ള നീക്കമാണെന്നുമാണ് വാദം. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലടക്കം കേരളത്തിനെതിരെ വ്യാപക വിദ്വേഷ പ്രചാരണമാണ് സംഘപരിവാർ അനുകൂലികൾ അഴിച്ചുവിട്ടത്. സ്ഥലനാമങ്ങൾ മാറ്റാനുള്ള നീക്കത്തിൽ നിന്നു സർക്കാർ പിന്മാറണമെന്നു ബി.ജെ.പി കാസർകോട് ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു.

ഇങ്ങനെയൊരു നീക്കമില്ലെന്ന്​ തദ്ദേശ സ്വയംവരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ ‘തിങ്കി’നോട് പറഞ്ഞു. ബി.ജെ.പിക്ക് ചർച്ച ചെയ്യാൻ ഒരു വിഷയം വേണം. അത്രേയുള്ളു ഇതെന്നും അദ്ദേഹം പറഞ്ഞു.

സ്ഥലനാമങ്ങൾ മലയാളീകരിക്കുന്നുവെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് എ.കെ.എം. അഷ്റഫ് എം.എൽ.എ പറയുന്നു: ‘‘ഇതു സംബന്ധിച്ച് കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയും നടത്തിയ പ്രസ്താവനകൾ നിരാശാജനകമാണ്. കേരള മുഖ്യമന്ത്രിയുടെ ഓഫീസുമായും ജില്ലാ കലക്ടറേറ്റുമായും ബന്ധപ്പെട്ട് വിവരങ്ങളന്വേഷിച്ചപ്പോൾ സ്ഥലപ്പേര് മാറ്റവുമായി ബന്ധപ്പെട്ട ഉത്തരവുകളൊന്നും ഇറക്കിയിട്ടില്ലെന്നാണ് മനസ്സിലായത്. ചില കോണുകളിൽ നിന്ന് വ്യാജപ്രചാരണങ്ങളുണ്ടാകുന്നതും അതിനെ എരി തീയിൽ എണ്ണയൊഴിക്കാൻ ചിലർ ശ്രമിക്കുന്നതും ജില്ലയിലെ വ്യത്യസ്ത ഭാഷാ സ്നേഹികളുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഢാലോചനയാണോ എന്ന് സംശയിക്കുന്നു.’’

എ.കെ.എം. അഷ്റഫ്
എ.കെ.എം. അഷ്റഫ്

മംഗലാപുരം എം.എൽ.എയും കർണാടക കോൺഗ്രസ് നേതാവുമായ യു.ടി ഖാദർ പറയുന്നു: ‘‘കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകർ ചോദിക്കുമ്പോഴാണ് ഈ വിഷയം ഞാൻ അറിയുന്നത്. നിലവിൽ അങ്ങനെ ഒരു നടപടിയും ഇല്ല എന്ന് കേരളം വ്യക്തമാക്കിയതോടെ വിഷയം തീർന്നതാണ്. എന്നാൽ ഈ സ്ഥലങ്ങളുടെ പേര് മാറ്റുന്നതിനെ കുറിച്ച് സംസാരിക്കാൻ ആർ.എസ്.എസിനോ ബി.ജെ.പിക്കോ ഒരു അവകാശവും ഇല്ല. ഈ രാജ്യത്ത് പണ്ടു മുതലേ ഉണ്ടായിരുന്ന എത്രയെത്ര പേരുകളാണ് ബി.ജെ.പി വന്നശേഷം മാറ്റിയത്. രാഷ്ട്രീയ താൽപര്യത്തോടെ സ്ഥലളുടെ പേര് മാറ്റി പുതിയ പേരിടുന്ന പരിപാടി ബി.ജെ.പിയുടേതാണ്. എവിടെയൊക്കെ അധികാരമുണ്ടോ അവിടെയൊക്കെ അവർ അത് ചെയ്തിട്ടുണ്ട്. അവരാണ് ഇപ്പോൾ പേര് മാറ്റുന്നതിനെ കുറിച്ച് സംസാരിക്കുന്നത്.’’

‘‘കേരളവും കർണാകടവും തമ്മിൽ സംസ്‌ക്കാരികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും വൈകാരികമായും കച്ചവടപരമായും കൊടുക്കൽ വാങ്ങലുകളുണ്ട്. കാസർകോടും മാംഗ്ലൂരും പണ്ടുമുതലേ ചേർന്നുനിൽക്കുന്ന പ്രദേശങ്ങളാണ്. അതിൽ ചില പ്രശ്‌നക്കാരും പ്രത്യേക താൽപ്പര്യക്കാരും ഉണ്ടാകും. ഒരു ജനാധിപത്യ രാജ്യത്ത് അതൊക്കെ സ്വാഭാവികമാണ്. പക്ഷെ സംശയങ്ങൾക്കും പ്രശ്‌നങ്ങൾക്കുമൊക്കെ ക്ലാരിറ്റി വരുത്തേണ്ടത് സർക്കാറാണ്. അത് കേരളം ഇപ്പോൾ ചെയ്തിട്ടുണ്ട്.’’

യു.ടി. ഖാദർ
യു.ടി. ഖാദർ

കാസർകോട്ടെ അധ്യാപകനും മലയാളം ഐക്യവേദി അംഗവുമായ പത്മനാഭൻ ബ്ലാത്തൂർ പറയുന്നു: ‘‘കർണാടക സർക്കാർ കർണാടകയോട് ചേർന്നുകിടക്കുന്ന ചില അതിർത്തി ഗ്രാമങ്ങളിൽ കന്നഡ സംസ്‌കാരവും കന്നഡ ഭാഷയും പോഷിപ്പിക്കാൻ ക്യാബിനറ്റ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ നിയമിച്ചുകൊണ്ട് ഒരു സമിതിയെ വെച്ചിട്ടുണ്ട്. നേരത്തെ സിദ്ധരാമയ്യ എന്നൊരാളായിരുന്നു അതിന്റെ പ്രസിഡൻറ്​. മന്ത്രിമാരുടെ ഓഫീസ് വർക്കു ചെയ്യുന്ന അതേ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഗഡിനാട് കന്നഡികർ എന്നു പറഞ്ഞാൽ അതിർത്തി ദേശത്തുള്ള കന്നഡിഗർക്കുവേണ്ടിയെന്നർഥം.
കാസർകോട് ജില്ലയിൽ, നേരത്തെ ചെയ്തുകൊണ്ടിരിക്കുന്ന വേറൊരു പണിയുണ്ട്. കന്നഡ ഊരുകളിൽ കർണാടക ഗവൺമെൻറ്​ ഫണ്ട് ചെയ്ത് മന്ദാദീപ പോലുള്ള പരിപാടികൾ നടത്തും. ശരിക്കുപറഞ്ഞാൽ അതൊരു കുത്തിത്തിരിപ്പാണത്. ഭാഷയുടെ പേരിൽ കേരളത്തിന്റെ മേലുള്ള ഒരു കടന്നുകയറ്റം. കർണാടകത്തിലേക്ക് കാസർകോടിനെ ചേർക്കണം എന്ന വാദം മുമ്പ് സജീവമായിരുന്നല്ലോ. അതിനെ ഉയർത്തിക്കൊണ്ടുവരാൻ, ആ വിഷയത്തിന് കുറച്ചുകൂടി വൈകാരികത കൊടുക്കാനാണ് സംസ്‌കാരത്തിന്റെ മേലുള്ള കടന്നുകയറ്റമെന്നൊക്കെ പറയുന്നത്, സ്ഥലങ്ങളുടെ പേരുമാറ്റാൻ ശ്രമിക്കുന്നുവെന്ന് പറയുന്നത്. കർണാടക സർക്കാറിന്റെ ഒത്താശ കൂടി ഇപ്പോഴവർക്കുണ്ട്. അതിന്റെ ഭാഗമാണ് നിലവിലുണ്ടായ വിവാദം.
കാസർകോട് കന്നഡക്കാർക്ക് പ്രാധാന്യമുള്ള ഒരു പ്രദേശമായിരുന്നല്ലോ. ഇങ്ങനെയൊരു വിഷയമുണ്ടാക്കിയെടുത്തിട്ട് കർണാടകത്തിൽ ചേർക്കണമെന്ന വാദം ഉയർത്തിക്കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. സംസ്ഥാനങ്ങൾ ഭാഷാ അടിസ്ഥാനത്തിൽ വിഭജിച്ചല്ലോ. അങ്ങനെയാണെങ്കിൽ കാസർകോട്, അതായത് ചന്ദ്രഗിരിക്ക് വടക്കുള്ള പ്രദേശങ്ങൾ, കർണാടകത്തിൽ ചേരേണ്ടതും കന്യാകുമാരി വരെയുള്ള പ്രദേശങ്ങൾ കേരളത്തിൽ വരേണ്ടതുമായിരുന്നു. എന്നാൽ മലയാളം സംസാരിക്കുന്ന കന്യാകുമാരി തമിഴ്നാട്ടിൽ പോയി. കന്നഡ സംസാരിക്കുന്ന കാസർകോടിന്റെ വടക്കുപ്രദേശങ്ങൾ കേരളത്തിലും വന്നു. ഇത് അന്നേ അവർ ആവശ്യപ്പെടുന്നുണ്ട്, കാസർകോടിനെ കർണാടകത്തിൽ ചേർക്കണമെന്ന്. പഴയ പ്രാദേശിക വാദം ഉയർത്തിക്കൊണ്ടുവരാൻ ഗൂഢശ്രമം വീണ്ടും നടക്കുന്നു. ഒരു സാംസ്‌ക്കാരിക വിഷയത്തെ രാഷ്ട്രീയ വിഷയമാക്കി മാറ്റുന്നതിന് പിന്നിൽ വേറെ താൽപര്യങ്ങളുണ്ട്.

സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കോഴ ആരോപണവുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ ബി.ജെ.പി പ്രവർത്തകർക്കിടയിലുണ്ടായ അമർഷം തണുപ്പിക്കാൻ ബി.ജെ.പി കൊണ്ടു വന്ന പൊളിറ്റിക്കൽ ഗെയിം ആണ് ഈ സ്ഥലങ്ങളുടെ പേര് മാറ്റൽ വിവാദം എന്ന്​ സി.പി.എം കാസർകോട് ജില്ല കമ്മിറ്റി അംഗം വി.പി.പി മുസ്തഫ പറഞ്ഞു: ‘‘ബി.ജെ.പി നേതൃത്വത്തിനുനേരെ ചോദ്യങ്ങൾ വരാതിരിക്കാൻ അറ്റൻഷൻ മാറ്റണം. അതിന്​ ഉണ്ടാക്കിയെടുത്ത തീർത്തും വ്യാജമായ വാർത്തയാണിത്. കാസർകോട്ടെ ബി.ജെ.പിയെ നിയന്ത്രിക്കുന്നത് മംഗലാപുരത്തെ ആർ.എസ്.എസായതുകൊണ്ടുതന്നെ അവർക്കത് എളുപ്പം സാധിച്ചു.

നേരത്തെ എൻമകജെ പഞ്ചായത്തിൽ മൈരെ എന്ന പോസ്റ്റ് ഓഫീസ് ഉണ്ടായിരുന്നു. തുളുവിലുള്ള ആ പേര് മലയാളത്തിൽ ഒരു തെറിയായതുകൊണ്ടാണ് അത് മാറ്റിയത്. അന്ന് ആരും അതിനെ എതിർത്തിട്ടില്ല. ഇന്ന് പ്രശ്‌നം ഉണ്ടാക്കുന്ന എല്ലാവർക്കും സ്വീകര്യമായിരുന്നു.

പത്മനാഭൻ ബ്ലാത്തൂർ
പത്മനാഭൻ ബ്ലാത്തൂർ

കാസർകോട്ടെ ഭാഷാ ന്യൂനപക്ഷത്തിനൊപ്പമാണ് കേരളവും സർക്കാറും നിന്നിട്ടുള്ളത്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ പിണറായി സർക്കാറിന്റെ കാലത്ത് തുളു അക്കാദമി മഞ്ചേശ്വരത്ത് മീഞ്ച എന്നിടത്ത് സ്ഥാപിച്ചത്. നിലവിൽ കാസർകോട് താമസിക്കുന്ന കന്നട സംസാരിക്കുന്ന ആളുകൾക്ക് കർണാടകയിൽ ചേരണമെന്ന താൽപര്യമേ ഇല്ല. ഭാഷാ ന്യൂനപക്ഷം എന്ന പരിഗണനയിൽ അവർക്ക് കൂടുതൽ ആനുകൂല്യം ലഭിക്കുക കേരളത്തോട് ചേർന്ന് നിൽക്കുമ്പോഴാണ്. അത് കൊണ്ട് തന്നെ ഇപ്പോൾ ഈ വിഷയം പൊങ്ങിവരാനുള്ള കാരണം സുരേന്ദ്രനും ബി.ജെ.പിയും അകപ്പെട്ട പ്രതിസന്ധി മറികടക്കാൻ വേണ്ടി മാത്രമാണ്. സർക്കാർ ഇടപെടലിലൂടെ ഒരു സ്ഥലപ്പേരും ഇവിടെ മാറ്റാൻ ശ്രമിച്ചിട്ടില്ല.''

കാസർകോട്ടെ പല സ്ഥലത്തിന്റെയും പേര് മാറ്റിത്തുടങ്ങിയത് അതത് പ്രദേശത്തെ ജനങ്ങൾ അവിടെ പുതിയ പുതിയ കോളനികൾ ഉണ്ടാക്കിത്തുടങ്ങിയപ്പോഴാണെന്ന് പത്മനാഭൻ ബ്ലാത്തൂർ പറയുന്നു. ""ഹൗസിങ് കോളനികൾ വരുമ്പോൾ, അതിനുമുമ്പ് ചെറിയ പേരായിരിക്കും, ആ പേര് ഒരുപക്ഷേ അത്ര സുഖമുള്ള പേരായിരിക്കില്ല. അപ്പോൾ ഇവർ അവർക്കിഷ്ടമുള്ള പേരാക്കി അതിനെ മാറ്റുകയാണ് ചെയ്യുക. ഞങ്ങളുടെ കുമ്പളയിൽ തന്നെ രാംനഗർ, ശിവനഗർ, ഭാസ്‌കർ നഗർ എന്നു പറഞ്ഞ് പല ഏരിയകളുമുണ്ട്. രക്തസാക്ഷി ഭാസ്‌കരന്റെ ഓർമയിലാണ് ഭാസ്‌കർ നഗറിന് പേരിട്ടത്. ഇപ്പോൾ ആ സ്ഥലത്തിന്റെ പേര് ഭാസ്‌കർ നഗർ തന്നെയാണ്. ശാന്തിപ്പള്ളത്തനടുത്ത് നേരത്തെ മറ്റെന്തോ ഒരു പേരായിരുന്നുവുണ്ടായിരുന്നത്. ആ പേര് മാറിയപ്പോൾ അത് ഭാസ്‌കർ നഗർ ആയി. അതുപോലെ കുമ്പളയിൽ കൃഷ്ണനഗർ, ശിവനഗർ, രാംനഗർ എന്നീ പേരുകളിൽ ഇപ്പോൾ സ്ഥലങ്ങളുണ്ട്. ഈ സ്ഥളങ്ങൾക്കെല്ലാം നേരത്തെ കൊയ്യക്കണ്ടം, കൊട്ടടുക്ക തുടങ്ങിയ പേരാണുണ്ടായിരുന്നത്. പ്രാദേശികമായ പേരുകളെ ആ പേരിന് ഭംഗിയില്ലയെന്നു തോന്നി അവിടെ താമസിക്കുന്നയാൾക്കാർ പേരുമാറ്റുന്ന രീതി ഇവിടെയിപ്പോൾ നിലവിലുണ്ട്. പക്ഷേ അതിന് വേറെ വലിയ ബുദ്ധിമുട്ടില്ല. ഹിന്ദു ഭൂരിപക്ഷമുള്ളതുകൊണ്ടാണ് ഈ കൃഷ്ണനഗർ, രാം നഗർ ഒക്കെ വരുന്നത്. അതുപോലെ സിദ്ദിഖ് നഗർ എന്നതൊക്കെ പോലെ ആ രീതിയിൽ വേറെ പേരുകളും വരുന്നുണ്ട്. ആ പ്രദേശത്തെ താമസക്കാർ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് മാറ്റുന്ന രീതിയാണ് പൊതുവെ നമ്മൾ കാണുന്നത്.’’

കാസർകോടിന്റെ ചരിത്രത്തിൽ വലിയൊരു പേരുമാറ്റമുണ്ടായിരുന്നു. കാസർകോട് ഗവൺമെൻറ്​ കോളേജ് നിൽക്കുന്ന സ്ഥലം വിദ്യാനഗർ എന്നാണറിയപ്പെട്ടിരുന്നത്​. വിദ്യാനഗർ നേരത്തെ കുഞ്ഞുമാവിന്റടി ആയിരുന്നു. കോളേജ്​ ഉദ്ഘാടനത്തിനുവന്ന മന്ത്രി സി.എച്ച്. മുഹമ്മദ്​ കോയ ആണോ മുണ്ടശ്ശേരിയാണോ എന്നറിയില്ല, ആ പേര് മാറ്റിയത്.
മൈരേ എന്നുപറയുന്നൊരു സ്ഥലത്തിന്റെ പേര് നേരത്തെ മാറ്റിയിരുന്നു. മൈരേ എന്നാൽ തുളുവിൽ മയിലുകൾ ആടുന്ന സ്ഥലം എന്നാണ്. അത്രയും മനോഹരമായ ഒരു സ്ഥലപ്പേരാണത്. ആ പേര് തെക്കുനിന്ന്​ വന്നയാളുകൾക്ക് തെറിപ്പേരായി തോന്നിയതുകൊണ്ടാണ് മാറ്റിയത്​. ഇത്തരം പേരുമാറ്റങ്ങളല്ലാതെ, മറ്റുതരത്തിലുള്ള പേരുമാറ്റങ്ങൾ ഇവിടെയുണ്ടായിട്ടില്ല.


Summary: മഞ്ചേശ്വരം, കുമ്പള, ഹൊസ്ദുർഗ്, മധൂർ തുടങ്ങിയ സ്ഥലങ്ങളുടെ പേരുകൾ മാറ്റാൻ ശ്രമം നടക്കുന്നതായും ഇത്​ കന്നഡ ഭാഷയ്‌ക്കെതിരെയുള്ള നീക്കമാണെന്നും പ്രചാരണം. ഇതേതുടർന്ന് സോഷ്യൽ മീഡിയയിലടക്കം കേരളത്തിനെതിരെ വ്യാപക വിദ്വേഷ പ്രചാരണമാണ് സംഘപരിവാർ അനുകൂലികൾ അഴിച്ചുവിട്ടത്. പഴയ പ്രാദേശിക വാദം ഉയർത്തിക്കൊണ്ടുവരാനുള്ള ഗൂഢശ്രമമാണ് ഈ വ്യാജപ്രചാരണത്തിനുപിന്നിലെന്ന്​ വാദമുയരുന്നു.


അലി ഹൈദർ

ചീഫ് സബ് എഡിറ്റര്‍

Comments