വീണ്ടും നിപ്പ, വീണ്ടും… കോവിഡ്…പത്രത്താളുകളിൽ അച്ചടിച്ചു വരുമ്പോൾ ആദ്യമായി നാം ഓർക്കുന്നത് ആശാ വർക്കേഴ്സിനെ കുറിച്ചാണ്. മഹാമാരിയിലും, പ്രകൃതി ദുരന്തത്തിലും സ്വജീവൻ പോലും പരിഗണിക്കാതെ ആരോഗ്യ പരിപാലനത്തിനായി നമുക്കിടയിൽ ഓടിവരുന്ന ആശമാർ ഇന്ന് തെരുവിൽ അതിജീവനത്തിനു വേണ്ടി പോരാടുകയാണ്. ജനാധിപത്യത്തിൻറെ നിർണ്ണയാധികാരം ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിനു മുന്നിൽ വേതന വർദ്ധനവിനായി പല തവണ കേണപേക്ഷിച്ചിട്ടും പുറംകയ്യോടെ തട്ടിക്കളഞ്ഞപ്പഴാണ് അവർ സമര രംഗത്തേക്ക് കടക്കുന്നത്. ഈ പെൺസമരം നാല് മസം പിന്നിടുമ്പോൾ കേരളീയ മനസ്സാക്ഷിക്കു മുന്നിൽ സാമൂഹികമായും, സാംസ്ക്കാരികമായും ഏറെ ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്. വിദ്യാഭ്യാസപരമായും, ആരോഗ്യപരമായും ഏറെ മുന്നിലാണെന്നഭിമാനിക്കുന്ന നാം ഇപ്പൾ എവിടെയാണെത്തി നിൽക്കുന്നത്? മഹാമാരിക്കാലത്തും പ്രളയകാലത്തും ഉണ്ടായ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം നമ്മുടെ വാതിൽപ്പടി കടന്നുവന്ന് നമ്മെ ചേർത്തുപിടിച്ചാശ്വസിപ്പിച്ച ആശമാരെ ഇനിയും തെരുവിലലയാൻ വിടേണ്ടതുണ്ടോ എന്ന് നാമോരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. എവിടെയാണ് പിഴച്ചത്? എന്തായിരുന്നു ആശമാരുടെ ഡിമാൻെറന്ന് പരിശോധിക്കപ്പെടേണ്ടതാണ്.
മുൻകാലങ്ങളിൽ ഗർഭിണികളെയും രോഗികളെയും അവരുടെ വീടുകളിൽ സന്ദർശിക്കാനും അവർക്ക് വേണ്ട നിർദ്ദേശങ്ങളും മറ്റ് സഹായങ്ങൾ നൽകാനുമായി ‘ജൂനിയർ റൂറൽ ഹെൽത്ത് നഴ്സുമാരെ’ (JPHN) നിയമിച്ചിട്ടുണ്ടായിരുന്നു. 2005-ൽ കേന്ദ്ര ഗവണ്മെൻറ് നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (NRHM) പ്രഖ്യാപനം നടത്തിയെങ്കിലും പ്രവർത്തനങ്ങളൊന്നും തന്നെ നടന്നില്ല. പിന്നീട് 2007-ലാണ് സംസ്ഥാന ഗവൺമെൻറ് ആശമാരെ J.P.H.N നടത്തി വന്ന ഗൃഹസന്ദർശനങ്ങളും മറ്റുമുള്ള പ്രവർത്തനത്തിനായി സന്നദ്ധപ്രവർത്തകരായി നിയോഗിക്കുന്നത്. കൃത്യമായ ട്രെയിനിങ്ങും മറ്റും നൽകിയാണ് ആശമാരെ നിയോഗിച്ചതെങ്കിലും വളരെ തുച്ഛമായ വേതനമായിരുന്നു അവർക്ക് ലഭിച്ചിരുന്നത്. പിന്നീട് റൂറൽ ഹെൽത്ത് മിഷൻ നാഷനൽ ഹെൽത്ത് മിഷൻ ആയി (NHM) ഉയർത്തപ്പെട്ടു. ആദ്യകാലങ്ങളിൽ ആഴ്ച്ചയിൽ മൂന്ന് ദിവസങ്ങളിൽ മാത്രമെ അവർക്ക് ജോലി ചെയ്യേണ്ടതുള്ളു. തുച്ഛമായ വേതനത്തിൽ അവർ ഒഴുകി നടന്നു. NHM ആയത് മുതൽ പതിയെ പതിയെ ജോലിഭാരം കൂടുകയും കഠിനാദ്ധ്വാനം ചെയ്യേണ്ട തരത്തിലേക്ക് മാറ്റിയെടുക്കപ്പെടുകയും ചെയ്തു. അപ്പോഴും വേതന വർദ്ധനവുണ്ടായില്ല. പ്രതിഫലമില്ലാത്ത തൊഴിലാളികളായി അവർ മാറി. വർഷങ്ങളായി ആരോഗ്യമേഖലയിൽ പ്രവർത്തിക്കുമ്പോഴും സന്നദ്ധപ്രവർത്തകരാണെന്ന കാരണം പറഞ്ഞ് വേതന വർദ്ധനവുണ്ടായില്ല. വേതന വർദ്ധനവിനായി പല തവണ ഗവൺമെൻറിനെ സമീപിച്ചെങ്കിലും അനുകൂലമായ ഒരു പ്രതികരണവും ഉണ്ടായില്ല. കേന്ദ്ര സംസ്ഥാന ഗവൺമെൻറുകൾ പരസ്പരം പഴിചാരി കയ്യൊഴിയുമ്പോൾ സമരം ചെയ്യുക എന്ന ഒരൊറ്റ മർഗ്ഗമേ അവർക്ക് മുന്നിലുണ്ടായിരുന്നുള്ളൂ. എന്തിനു വേണ്ടിയാണവർ സമരം ചെയ്യുന്നത് ? ആഡംബര ജീവിതത്തിനു വേണ്ടിയാണോ? മണിമാളിക പണിയാൻ വേണ്ടിയാണോ? അല്ലേ… അല്ല. അതിജീവനത്തിനും കുടുംബം പുലർത്താനും സ്ത്രീകളുടെ അനിഷേധ്യമായ അവകാശമായ അന്തസ്സോടും ആത്മാഭിമാനത്തോടും ജീവിക്കാൻ വേണ്ടിയാണ് അവർ സമരം ചെയ്യുന്നത്.

ആർക്കാണതിനെ തള്ളിപ്പറയാനാവുക? അപമാനിക്കപ്പെടുമ്പോഴെല്ലാം അവർ കൂടുതൽ ശക്തിയാർജ്ജിക്കുകയാണ്. ആണധികാര രാഷ്ട്രീയത്തിൻറെ ചട്ടക്കൂട്ടിനുള്ളിൽ നിശ്ശബ്ദരാക്കപ്പെട്ട ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ജനാധിപത്യത്തിൻറെ നിർണ്ണായകാധികാരം ഉപയോഗിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ അടിത്തട്ടിൽ ജീവിക്കുന്നവരുടെ ദൈനംദിന ജീവിത പരിസരങ്ങളിൽ അവരുടെ അവകാശങ്ങൾ പരിപാലിക്കപ്പെടാതിരിക്കുമ്പോൾ സഹിഷ്ണുതയുടെ അതിരുകൾ ലംഘിക്കപ്പെടുക തന്നെ ചെയ്യും. അങ്ങിനെ വരുമ്പോഴാണ് നിശ്ശബ്ദത മറനീക്കി പുറത്ത് വരുന്നത്.
ജനങ്ങളുടെ പേരിൽ സംസാരിക്കുന്ന സർക്കാരുകൾ നാലുമാസത്തിലേറെയായി ആശമാർ തെരുവിൽ പ്രതിഷേധിക്കുമ്പോൾ എന്ത് കൊണ്ടാണ് ഇവരുടെ പ്രശ്നങ്ങൾ കേൾക്കാതെ പോകുന്നത്? ആശമാർ ഈ രാജ്യത്തെ ജനങ്ങളിൽപ്പെട്ടവരല്ലെ? ഭരണഘടനയിലെ സ്ത്രീ അവകാശങ്ങൾക്കും, തൊഴിലവകാശങ്ങൾക്കും അവർ അർഹരല്ലെ? തുച്ഛമായ വേതനം കൂട്ടി നൽകാനും വാർദ്ധക്യത്തിൽ പെൻഷൻ അനുവദിച്ചു കിട്ടാനുമുള്ള ഈ പെൺസമരം ഇന്ന് ആഗോളതലത്തിൽ തന്നെ ചർച്ച യായിക്കഴിഞ്ഞു. സാമൂഹികനീതി യാഥാർത്ഥ്യമാവണമെങ്കിൽ അടിത്തട്ടിൽ ജീവിക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം.
