പാണ്ടിക്കാട്ട് ചിന്തിയ ചോരയിൽ തുടിക്കുന്ന കർഷക വിപ്ലവ സ്മരണ

സാമ്രാജ്യത്വ മർദ്ദനവാഴ്ചക്കെതിരായ അത്യുജ്ജ്വലമായ കടന്നാക്രമണമായിരുന്നു 1921 നവംബർ 14-ലെ ഗൂർഖാ സൈനിക ക്യാമ്പിനെതിരായ പോരാട്ടം. രണ്ടായിരത്തോളം വരുന്ന കോൺഗ്രസ്- ഖിലാഫത്ത് പ്രവർത്തകരാണ് അതിന് നേതൃത്വം നൽകിയത്. മലബാറിലെ മാപ്പിളകർഷകരുടെ സാമ്രാജ്യത്വ- ജന്മിത്വ വിരുദ്ധ സായുധ ഉയർത്തെഴുന്നേൽപ്പുകളിലെ രണോത്സുകമായൊരു അധ്യായമാണ്, നവംബർ 14-ന് നടന്ന പാണ്ടിക്കാട് യുദ്ധം- കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

1921-ൽ മലബാറിലെ മാപ്പിള കർഷകരുടെ ഐതിഹാസികമായ സാമ്രാജ്യത്വ- ജന്മിത്വ വിരുദ്ധ സായുധ ഉയർത്തെഴുന്നേൽപ്പുകളിലെ രണോത്സുകമായൊരു അധ്യായമാണ്, നവംബർ 14-ന് നടന്ന പാണ്ടിക്കാട് യുദ്ധം. ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമരചരിത്രത്തിലെ സാഹസികവും ത്യാഗപൂർണവുമായ പോരാട്ടങ്ങളാണ് മലബാർ സമരത്തിന്റെ ഭാഗമായി നടന്ന പൂക്കോട്ടൂർ യുദ്ധവും പാണ്ടിക്കാട് യുദ്ധവും.

മലബാർ കർഷകസമരത്തെ അടിച്ചമർത്താൻ പാണ്ടിക്കാട് ചന്തപ്പുരയിൽ സ്ഥാപിച്ച ഗൂർഖാ സൈനിക ക്യാമ്പിനെതിരായ സാഹസികമായ കടന്നാക്രമണമായിരുന്നു ദേശീയ സ്വാതന്ത്ര്യസമര സേനാനികൾ 1921 നവംബർ 14-ന് നടത്തിയത്. മലബാർ കലാപത്തെ മാപ്പിള ലഹളയായും ഹിന്ദുക്കൾക്കെതിരായ വംശീയാക്രമണങ്ങളായും ചിത്രീകരിച്ച കൊളോണിയൽ- ഫ്യൂഡൽ ബ്രാഹ്മണ്യ വ്യാഖ്യാനങ്ങളെ ഏറ്റുപിടിച്ച് സംഘപരിവാർ സംഘടനകൾ ക്ഷുദ്രപ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ പാണ്ടിക്കാട്‌ യുദ്ധത്തിന്റെ സാമാജ്യത്വവിരുദ്ധതയും ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കോൺഗ്രസ്-ഖിലാഫത്ത് സമരങ്ങളുടെ മതനിരപേക്ഷതയും ചർച്ചചെയ്യപ്പെടേണ്ടതുണ്ട്.

മൊയ്തുണ്ണിപ്പാടം സാമ്രാജ്യത്വത്തിനും അവരുടെ സഹകാരികളായ മർദ്ദകശക്തികൾക്കുമെതിരായ ഇനിയും തുടരേണ്ട പോരാട്ടത്തിന്റെയും സഹനങ്ങളുടെയും നാളുകളിലേക്ക് വിരൽചൂണ്ടി നിൽക്കുന്നു.
മൊയ്തുണ്ണിപ്പാടം സാമ്രാജ്യത്വത്തിനും അവരുടെ സഹകാരികളായ മർദ്ദകശക്തികൾക്കുമെതിരായ ഇനിയും തുടരേണ്ട പോരാട്ടത്തിന്റെയും സഹനങ്ങളുടെയും നാളുകളിലേക്ക് വിരൽചൂണ്ടി നിൽക്കുന്നു.

ചന്തപ്പുര യുദ്ധം എന്നും പാണ്ടിക്കാട്‌ യുദ്ധമെന്നും വിളിക്കപ്പെട്ട മലബാറിലെ ദേശീയ സ്വാതന്ത്ര്യസമരസേനാനികളുടെ സാമ്രാജ്യത്വ മർദ്ദനവാഴ്ചക്കെതിരായ അത്യുജ്ജ്വലമായ കടന്നാക്രമണമായിരുന്നു 1921 നവംബർ 14-ലെ ഗൂർഖാ സൈനിക ക്യാമ്പിനെതിരായ പോരാട്ടം. സ്വാതന്ത്ര്യത്തിനും സ്വയംനിർണയത്തിനും ഭൂമിക്കും വേണ്ടി മലബാറിലെ വിപ്ലവകാരികൾ നടത്തിയ മരണത്തെ കീഴ്‌പ്പെടുത്തിയ പോരാട്ടമായിരുന്നു പാണ്ടിക്കാട് യുദ്ധം.

കോൺഗ്രസ്- ഖിലാഫത്ത്- കുടിയാൻസമിതി നേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞമ്മദ്ഹാജിയും ചെമ്പ്രശേരി തങ്ങളും പൂക്കുന്നുമ്മൽ ആലിഹാജിയും പാണ്ടിയാട് നാരായണൻ നമ്പീശനും ഉണ്ണികൃഷ്ണൻ നമ്പീശനും പയ്യനാട് മോയിനും ആക്കപ്പറമ്പൻ മൂസയും പൂന്താനം രാമൻ നമ്പൂതിരിയും കാപ്പാട്ട് കൃഷ്ണൻ നായരും മഞ്ചി അയമൂട്ടിയും നേതൃത്വം കൊടുത്ത പാണ്ടിക്കാട്ടെ ഖിലാഫത്ത് കമ്മറ്റിയായിരുന്നു ഗൂർഖാ ക്യാമ്പിനുനേരെ നടന്ന സായുധ ആക്രമണത്തിന് മുന്നിലും പിന്നിലും.

1921 നവംബർ 14-ന് പുലർച്ചെ ഗൂർഖാ ക്യാമ്പ് രണ്ടായിരത്തോളം വരുന്ന കോൺഗ്രസ്- ഖിലാഫത്ത് പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. എട്ടാം ഗൂർഖാ റൈഫിൾസിലെ രണ്ടാം ബറ്റാലിയൻ ക്യാമ്പായിരുന്നു ഇത്. ഇന്നത്തെ മഞ്ചേരി റോഡിലെ പഞ്ചായത്ത് ഓഫീസ് കെട്ടിടം നിലനിൽക്കുന്ന ഇടവും പരിസരങ്ങളുമായിരുന്നു ചന്തപ്പുര ഗൂർഖാക്യാമ്പ്. മുക്രി അയമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചന്തപ്പുരയുടെ മതിൽപൊളിച്ച് ക്യാമ്പിനകത്തേക്ക് കയറിയത്. രണ്ട് മണിക്കൂറിലേറെ നീണ്ട ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ രണോത്സുക ഏറ്റുമുട്ടലിനാണ് പാണ്ടിക്കാട് അന്ന് സാക്ഷിയായത്.

പാണ്ടിക്കാട്​​ ചന്തപ്പുര യുദ്ധത്തിൽ രക്തസാക്ഷികളായ ഖിലാഫത്ത്​ സമരക്കാരെ കൂട്ടിയിട്ട് കത്തിച്ച പ്രദേശം
പാണ്ടിക്കാട്​​ ചന്തപ്പുര യുദ്ധത്തിൽ രക്തസാക്ഷികളായ ഖിലാഫത്ത്​ സമരക്കാരെ കൂട്ടിയിട്ട് കത്തിച്ച പ്രദേശം

മലബാർ കലാപത്തെ ബ്രിട്ടീഷ്‌ സേനയുടെ എല്ലാ റെജിമെന്റുകളെയും ഇറക്കി അടിച്ചമർത്താനുള്ള നീക്കം പ്രതിരോധിക്കാനാണ് കർഷക വിപ്ലവകാരികൾ ഗൂർഖാ പട്ടാളക്യാമ്പിനുനേരെ ആക്രമണം ആസൂത്രണം ചെയ്തത്. കുക്രി എന്ന ഒരു പ്രത്യേകതരം ആയുധമുപയോഗിച്ച് യുദ്ധം ചെയ്യുന്ന ഗൂർഖകളെ നേരിടുകയെന്നത് വിഷമകരമായിരുന്നു. പാട്ടിക്കാട്ടെ ആ ഏറ്റുമുട്ടലിൽ ധീരന്മാരായ കർഷക- ഖിലാഫത്ത് വിപ്ലവകാരികൾ ഗൂർഖാ റൈഫിൾസ് ക്യാപ്റ്റൻ ജോൺ എറിക്ആവ്‌റെൽ അടക്കമുള്ള നിരവധി ബ്രിട്ടീഷ് മിലിട്ടറി ഉദ്യോഗസ്ഥരെ വധിച്ചു.

കരിവാരക്കുണ്ട്, കീഴാറ്റൂർ, നെന്മേനി, ആനക്കയം, പന്തല്ലൂർ, നെല്ലിക്കുത്ത്, പോരൂർ, വണ്ടൂർ തുടങ്ങിയ സ്ഥലങ്ങളിലെ കോൺഗ്രസ്- ഖിലാഫത്ത് പ്രവർത്തകരാണ് ഗൂർഖാ ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തവരിൽ അധികവും. രണ്ട് മണിക്കൂറിലേറെ നീണ്ടു നിന്ന ഗൂർഖാ പട്ടാളവുമായുള്ള ഏറ്റുമുട്ടലിൽ 250-ലേറെ സ്വാതന്ത്ര്യസമര പോരാളികൾ മരിച്ചുവീണു. ഈ രക്തസാക്ഷികളുടെ മൃതദേഹങ്ങൾ ചന്തപ്പുരക്കടുത്ത മൊയ്തുണ്ണിപ്പാടത്ത് കുളക്കരയിൽ കുഴിവെട്ടി കൂമ്പാരമാക്കി പെട്രോളൊഴിച്ച് കത്തിച്ചുകളയുകയായിരുന്നു. സാമ്രാജ്യത്വ നൃശംസനീയതയുടെയും സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിമരിച്ച ധീരരുടെയും സ്മരണകളുണർത്തി മൊയ്തുണ്ണിപ്പാടം 103 വർഷങ്ങൾക്കുശേഷവും അങ്ങനെതന്നെ നിലനിൽക്കുന്നു.

ബ്രിട്ടീഷുകാരുടെ നിർബന്ധത്തിനുവഴങ്ങി സ്വാതന്ത്ര്യസമരസേനാനികളുടെ മൃതദേഹങ്ങൾ കത്തിക്കുന്നതിന് സഹായിക്കേണ്ടിവന്ന മേലേപ്പാടത്ത് മെയ്തുണ്ണിയുടെ മകൻ കുഞ്ഞഹമ്മദിന് ഈ കൃത്യം ചെയ്യുന്നതിനിടയിൽ 90% ലേറെ പൊള്ളലേൽക്കേണ്ടിവന്നു. പാണ്ടിക്കാട് രക്തസാക്ഷികളുടെ സ്മരണ കടന്നുപോകുമ്പോൾ മൊയ്തുണ്ണിപ്പാടവും ഈ ബ്രിട്ടീഷ് നിഷ്ഠൂരതയ്ക്ക് സാക്ഷ്യംവഹിച്ച അവിടുത്തെ ആൽമരവും മണ്ണുമൂടി നശിച്ച കുളവും ബ്രിട്ടീഷ് ഭീകരതയുടെ മൂകസാക്ഷിയായി ഇന്നും അങ്ങനെതന്നെ കിടക്കുന്നു. രക്തസാക്ഷികളുറങ്ങുന്ന മൊയ്തുണ്ണിപ്പാടം സാമ്രാജ്യത്വത്തിനും അവരുടെ സഹകാരികളായ മർദ്ദകശക്തികൾക്കുമെതിരായ ഇനിയും തുടരേണ്ട പോരാട്ടത്തിന്റെയും സഹനങ്ങളുടെയും നാളുകളിലേക്ക് വിരൽചൂണ്ടി നിൽക്കുന്നു.

 കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാര്‍, എം.പി.നാരായണമേനോന്‍
കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാര്‍, എം.പി.നാരായണമേനോന്‍

മലബാർ സമരത്തിന്റെ ചോരവാർന്ന അധ്യായങ്ങളാണ് പൂക്കോട്ടൂരും പാണ്ടിക്കാടും. മലബാറിലെ ദേശീയപ്രസ്ഥാനത്തിൽ പിടിമുറുക്കിയ ഫ്യൂഡൽ പ്രമാണിവർഗത്തിന്റെയും ധനാഢ്യരുടെയും സ്വാധീനവലയങ്ങളെ ഭേദിച്ചവരാണ് കുടിയാൻ പ്രസ്ഥാനത്തിനും ഖിലാഫത്ത് സമരങ്ങൾക്കും ആവേശം പകർന്നത്. കോൺഗ്രസിന്റെ മഞ്ചേരി സമ്മേളനം സാമ്രാജ്യത്വവിരുദ്ധമെന്നതുപോലെ ജന്മിത്വവിരുദ്ധമായ നിലപാടുകൾ സ്വീകരിക്കാനുള്ള വേദിയായി. മലബാറിലെ കോൺഗ്രസിൻ സ്വാധീനമുറപ്പിച്ച പ്രമാണികളുടെ വർഗപരമായ പരിമിതികളും ദൗർബല്യങ്ങളും മറികടക്കാനും യഥാർത്ഥ സാമ്രാജ്യത്വവിരുദ്ധവും ജനാധിപത്യപരവുമായ ബഹുജനപ്രസ്ഥാനമായി കോൺഗ്രസിനെ മാറ്റാനുമുള്ള നീക്കങ്ങളിൽ പ്രധാനമായിരുന്നു മഞ്ചേരി സമ്മേളനം.

ജന്മി കുടിയാൻ സൗഹൃദമെന്ന കോൺഗ്രസിന്റെ മുദ്രാവാക്യത്തിന്റെ പരിമിതികളെ മറികടക്കുന്നവിധം കുടിയാൻ കർഷകരുടെ സജീവമായ ഇടപെടൽ ദേശീയപ്രസ്ഥാനത്തിൽ ഉണ്ടാക്കിയെടുക്കാനാണ് എം.പി.നാരായണമേനോനും കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാരും ശ്രദ്ധിച്ചത്. ഇവരുടെ പ്രവർത്തനങ്ങളാണ് മുസ്ലീങ്ങളെയും കീഴാള ജാതിക്കാരെയുമെല്ലാം കോൺഗ്രസിലേക്ക് അടുപ്പിച്ചത്. 1920-ൽ മലബാർ കുടിയാൻ സംഘം സ്ഥാപിതമായതോടെയാണ് ഒറ്റപ്പെട്ട കലാപങ്ങൾക്ക് പകരം സംഘടിതമായ കർഷകസമരങ്ങൾ തുടങ്ങിയത്. ഇ.എം.എസ് ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് വിശദമായി എഴുതിയിരുന്നു.

Comments