കേരളത്തിന്റെ സമ്പദ്ഘടനയുടെ പ്രധാന സോഴ്സുകളിലൊന്നാണ്പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണം, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പണം. കോവിഡ്-19 പ്രതിസന്ധിക്കുശേഷം കേരളത്തിലേക്കുള്ള പ്രവാസി പണത്തിന്റെ വരവിൽ വൻതോതിൽ കുറവാണുണ്ടായിരിക്കുന്നത്. കേരളം, തമിഴ്‌നാട്, കർണാടകം എന്നീ സംസ്ഥാനങ്ങളിലേക്കാണ് പ്രവാസികൾ ഏറ്റവും കൂടുതൽ പണം അയച്ചിരുന്നത്. ഇപ്പോൾ ഈ മൂന്നു സംസ്ഥാനങ്ങളുടെയും ചേർന്നുള്ള വിഹിതം ഇന്ത്യയിലേക്കുള്ള ആകെ പ്രവാസിപ്പണത്തിന്റെ 25.1 ശതമാനം മാത്രമാണ്. 2016-17 ൽ 42 ശതമാനമായിരുന്നതിൽ നിന്നാണ് ഈ ഇടിവ്.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന പണം പകുതിയായി കുറഞ്ഞതായാണ് റിസർവ് ബാങ്കിന്റെ ഗവേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ആകെ പ്രവാസി പണത്തിന്റെ 53.5 ശതമാനവും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളതാണ്. ഇന്ത്യയിലേക്കുള്ള ഗൾഫ് പണത്തിന്റെ ഏറ്റവും വലിയ വിഹിതം കേരളത്തിലേക്കായിരുന്നു വന്നിരുന്നത്. 2016-17 കാലത്ത് രാജ്യത്തെത്തുന്ന പ്രവാസി പണത്തിന്റെ 19 ശതമാനം കേരളത്തിലേക്കായിരുന്നു. 2020-21 ൽ ഇത് 10.2 ശതമാനമായി കുറഞ്ഞു. അതേസമയം, മഹാരാഷ്ട്രയുടെ വിഹിതം 2016-17 ലെ 16.7 ശതമാനത്തിൽ നിന്ന് 2020-21 ൽ 35.2 ശതമാനമായി ഉയർന്നു. ഇതോടെ മഹാരാഷ്ട്ര കേരളത്തെ പിന്തള്ളി ഒന്നാമതെത്തുകയും ചെയ്തു.
തൊഴിലിനായി ഗൾഫ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയുന്നതാണ് പ്രവാസികൾ അയക്കുന്ന പണത്തിന്റെ കുറവിനും കാരണമായത്. ജി.സി.സി. രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ., കുവൈറ്റ്, ഒമാൻ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിൽ കോവിഡിനുശേഷം വലിയ കുറവുണ്ടായി. 2015-ൽ ജി.സി.സി. രാജ്യങ്ങളിലേക്ക് പോയ ഇന്ത്യക്കാരുടെ എണ്ണം 7.6 ലക്ഷമായിരുന്നു. 2020-ൽ അത് 90,000 ആയി കുറഞ്ഞു. അതേസമയം, അമേരിക്ക, ബ്രിട്ടൻ, സിംഗപ്പുർ, കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വർധിക്കുകയും ചെയ്തു.
കാലങ്ങളായി കേരളം, തമിഴ്‌നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് ഗൾഫ് കുടിയേറ്റത്തിൽ മുന്നിൽ. എന്നാൽ ഇപ്പോൾ ഉത്തർപ്രദേശ്, ബിഹാർ, ഒഡിഷ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ ആളുകൾ ജി.സി.സി. രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്നത്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും ഗൾഫ് രാജ്യങ്ങളിലെ തൊഴിൽരംഗത്തെ മാറ്റങ്ങളുമാണ് കുടിയേറ്റം കുറയാൻ കാരണം. 2020-ൽ കോവിഡ് വ്യാപനത്തെ തുടർന്ന് എല്ലാ ജി.സി.സി. രാജ്യങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും മറ്റനേകം രാജ്യങ്ങളും ലോക്ക്ഡൗണിലായിരുന്നു. 2020 മാർച്ച് മുതൽ നീണ്ടകാലം അതിർത്തികൾ അടഞ്ഞുകിടക്കുകയും അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെക്കുകയും ചെയ്തു.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ആഗോളതലത്തിൽ ഇന്ധന ആവശ്യം കുറയുകയും ഇന്ധന വില ഇടിയുകയും ചെയ്തത് സമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചു. വൻതോതിൽ തൊഴിൽനഷ്ടമുണ്ടാകുകയും ജി.സി.സി. രാജ്യങ്ങളിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്കുള്ള പണമൊഴുക്ക് ചുരുങ്ങുകയും ചെയ്തു. യാത്രാവിലക്കും തൊഴിൽനഷ്ടവും ഗൾഫ് രാജ്യങ്ങളിലെ കുടിയേറ്റക്കാർ വൻതോതിൽ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനിടയാക്കി.
കോവിഡ് കാലത്ത് വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള ‘വന്ദേ ഭാരത് മിഷനി’ലൂടെ 2021 ഏപ്രിൽ 30 വരെ 55 ലക്ഷത്തിലേറെ പേരാണ് മടങ്ങിയെത്തിയത്. ഇതിൽ 71.9 ശതമാനം ആളുകൾ (40.24 ലക്ഷം) ജി.സി.സി. രാജ്യങ്ങളിൽ നിന്നാണ്. മടങ്ങിയെത്തിയ ഇന്ത്യക്കാരിൽ 14.10 ലക്ഷം ആളുകൾ (25.2 %) കേരളത്തിലേക്കുള്ളവരായിരുന്നു. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ മലയാളികളിൽ വലിയൊരു വിഭാഗം തൊഴിൽ നഷ്ടപ്പെട്ട് വന്നവരുമുണ്ടായിരുന്നു. അവരിൽ പലർക്കും പിന്നീട് തിരിച്ചുപോകാൻ സാധിച്ചില്ല. ഇത് ഗൾഫ് പണത്തിന്റെ വരവ് കുറയുന്നതിന് കാരണമായി. ഇത് കേരളത്തിലെ പല വീടുകളെയും പ്രതിസന്ധിയിലാക്കി.
പ്രവാസി പണം പകുതിയും ഗൾഫിൽനിന്ന്
1970-കളുടെ മധ്യത്തിൽ തുടങ്ങിയ ഗൾഫ് ബൂമിന്റെ ഭാഗമായാണ് കേരളത്തിൽ നിന്ന്, പ്രത്യേകിച്ച് മലബാറിൽ നിന്ന് നിരവധിയാളുകൾ തൊഴിൽ തേടി ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറാൻ തുടങ്ങിയത്. ഇത് കേരളത്തിന്റെ സമ്പദ്ഘടനയിൽ വലിയ തോതിലുള്ള മാറ്റങ്ങളാണുണ്ടാക്കിയത്. കേരളത്തിലെ തൊഴിൽ വിപണിയെയും നിക്ഷേപങ്ങളെയും ഉപഭോഗ സംസ്‌കാരത്തെയുമൊക്കെ സ്വാധീനിച്ച ഗൾഫ് പണം കേരളത്തിന്റെ സാമ്പത്തികരംഗത്തിന്റെ കുതിപ്പിനിടയാക്കി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിർത്തുന്ന മുഖ്യ ഘടകമായി പ്രവാസി പണം മാറി. കേരളത്തിലെ തൊഴിലില്ലായ്മ കുറയ്ക്കുന്നതിനും ദാരിദ്ര്യലഘൂകരണത്തിനും കേരളത്തിന്റെ സമഗ്ര വികസനത്തിനും ഗൾഫ് പണം സഹായകമായി.
ഐക്യരാഷ്ട്ര സംഘടനയുടെ പോപ്പുലേഷൻ ഡിവിഷൻ പ്രസിദ്ധീകരിച്ച വേൾഡ് മൈഗ്രേഷൻ റിപ്പോർട്ടിന്റെ (World Migration Report 2022) അടിസ്ഥാനത്തിൽ 2020-ൽ ലോകത്ത് ആകെ 2805.9 ലക്ഷം അന്താരാഷ്ട്ര കുടിയേറ്റക്കാരാണുള്ളത്. ആഗോള കുടിയേറ്റക്കാരിൽ 6.4 ശതമാനം ഇന്ത്യക്കാരാണ്. അതായത് ഏകദേശം 178.6 ലക്ഷം ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുള്ളത്. 2020-ലെ കണക്കനുസരിച്ച് ലോകത്തെ ആകെ പ്രവാസി പണം (global remittance) 702 ബില്യൺ യു.എസ്. ഡോളറാണ്. ഇതിൽ 83.15 ബില്യൺ ഡോളറാണ് ഇന്ത്യയിലേക്ക് വരുന്നത്. ഇന്ത്യക്കാരായ കുടിയേറ്റക്കാരിൽ 53.5 ശതമാനം (95.6 ലക്ഷം) ജി.സി.സി. രാജ്യങ്ങളിലാണുള്ളത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തിൽ തുടർച്ചയായ വളർച്ചയാണുണ്ടായിട്ടുള്ളത്. 2000-2010 കാലഘട്ടത്തിലാണ് അത് ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയിൽ നിന്നുള്ള ഗൾഫ് കുടിയേറ്റത്തെ കാര്യമായി ബാധിച്ചിരുന്നില്ലെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
ജി.സി.സി. രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ എണ്ണം 2000-ൽ 27,39,088 ആയിരുന്നെങ്കിൽ 2010-ൽ 64,42,475 ആയി. 2015-ൽ 82,52,572 ആയും 2020-ൽ 95,68,590 ആയും ഉയർന്നു. 2020 മധ്യത്തിലെ കണക്കനുസരിച്ച് ആര് ജി.സി.സി. രാജ്യങ്ങളാലിയ 308.1 ലക്ഷം ഇന്ത്യക്കാരാണുണ്ടായിരുന്നത്. ജി.സി.സി.യിലെ ആകെ കുടിയേറ്റക്കാരിൽ 31.1 ശതമാനം ഇന്ത്യക്കാരാണ്. യു.എ.ഇയിലെ 39.8 ശതമാനം (34,71,300 പേർ) കുടിയേറ്റക്കാരും ഇന്ത്യയിൽ നിന്നുള്ളവരാണ്. കുവൈറ്റ്-37% (11,52,175), ഖത്തർ -31.5% (7,02,013) , ബഹ്‌റൈൻ - 39% (3,65,098), ഒമാൻ - 58% (13,75,667), സൗദി അറേബ്യ - 18.6% (25,02,337) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്ക്.
കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ തൊഴിലിനായി കുടിയേറിയ ജി.സി.സി. രാജ്യം യു.എ.ഇ.യാണ്. 2013-ലെ കേരള സർക്കാരിന്റെ മൈഗ്രേഷൻ സർവേ പ്രകാരം 20.7 ലക്ഷം മലയാളികളാണ് ഗൾഫ് രാജ്യങ്ങളിലുള്ളത്. 2018-ൽ 18.94 ലക്ഷമായി കുറഞ്ഞതായി സെന്റർ ഫോർ ഡെവലപ്‌മെൻറ് സ്റ്റഡീസ് (CDS) നടത്തിയ സർവേയിൽ വ്യക്തമാക്കുന്നു. യു.എസ്., കാനഡ, യു.കെ., സിംഗപുർ, മലേഷ്യ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ് ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽ കേരളത്തിൽ നിന്ന് 24 ലക്ഷം പേരായിരുന്നു 2013-ൽ ഉണ്ടായിരുന്നത്. 2018-ൽ 21.22 ലക്ഷമായി ഉയർന്നു.
ഐക്യരാഷ്ട്രസംഘടനയുടെ ഇക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ് വിഭാഗത്തിന്റെ (United Nation's Department of Economic and Social Affairs) കണക്കനുസരിച്ച് 2020 മധ്യത്തിൽ ജി.സി.സി. രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ എണ്ണം 95.7 ലക്ഷമാണ്. അതനുസരിച്ച് നോർക്കയിൽ നിന്നു ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ 2020-ൽ ഗൾഫിലുള്ള കേരളത്തിൽ നിന്നുള്ളവരുടെ എണ്ണം 23.9 ലക്ഷത്തിനും 28.7 ലക്ഷത്തിനും ഇടയിലായിരിക്കും.
റിസർവ് ബാങ്കിന്റെ 2016-2017 ലെ ഇൻവാഡ് റമിറ്റൻസ് സർവേ (Inward Remittance Survey) പ്രകാരം ജി.സി.സി. രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നത് 69 ബില്യൺ യു.എസ്. ഡോളറാണ്. ഇതിൽ 19 ശതമാനം (13.11 ബില്യൺ ഡോളർ) കേരളത്തിലേക്കാണ്. അതായത്, 2016-2017 ൽ കേരളത്തിലേക്ക് ഗൾഫ് പ്രവാസികളിലൂടെ എത്തിയത് 85.092 കോടി രൂപയാണ്. ഇത് ബാങ്കുകളിലൂടെയും എക്‌സ്‌ചേഞ്ചുകളിലൂടെയും വരുന്ന പണത്തിന്റെ കണക്കാണ്. ഇതുകൂടാതെ മറ്റുപല രീതിയിലും ഗൾഫ് പണം ഇവിടെയെത്തുന്നുണ്ട്. നാട്ടിലേക്ക് വരുന്നവർ ഉപഭോഗവസ്തുക്കളും സ്വർണവുമടക്കമുള്ള സാധനങ്ങൾ കൊണ്ടുവരുന്നുണ്ട്. ബന്ധുക്കൾ വഴിയും സുഹൃത്തുക്കൾ വഴിയും സാധനങ്ങൾ കൊടുത്തുവിടുന്നുണ്ട്. കേരളത്തിലെത്തുന്ന പ്രവാസിപ്പണത്തിന്റെ 80 ശതമാനവും ഇത്തരം അനൗദ്യോഗിക മാർഗങ്ങളിലൂടെയാണ്. അതുകൂടി കണക്കാക്കിയാൽ 2017-ൽ കേരളത്തിലെത്തിയ പ്രവാസി പണം 1,02,110 കോടി രൂപയായിരിക്കും. കേരള സർക്കാരിന്റെ ആകെ ചെലവിന്റെ ഏതാണ്ട് അടുത്തെത്തുമിത്. 2017-2018 സാമ്പത്തികവർഷം കേരള സർക്കാരിന്റെ ആകെ ചെലവ് 1,10,238 കോടി രൂപയായിരുന്നു.
ഇന്ത്യയുടെ ആകെ പ്രവാസി പണത്തിൽ 53 ശതമാനം ആറ് ജി.സി.സി. രാജ്യങ്ങളിൽ നിന്നാണ്. പ്രവാസി പണത്തിന്റെ 59.2 ശതമാനവും കുടുംബപരിപാലനത്തിനായാണ് ഉപയോഗിക്കുന്നതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സർവേ സൂചിപ്പിക്കുന്നു. 20 ശതമാനം ബാങ്കുകളിൽ നിക്ഷേപിക്കുന്നു, 8.3 ശതമാനം മറ്റു നിക്ഷേപങ്ങളായും 12.6 ശതമാനം മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.
തൊഴിൽ നഷ്ടപ്പെട്ടവർ 71%
നോർക്കയുടെ കണക്കനുസരിച്ച് കോവിഡ് പ്രതിസന്ധിയെ തുടർന്ന് 2020 മാർച്ച് മുതൽ 2021 ജൂൺ 22 വരെ ജി.സി.സി. രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചുവന്നത് 14.7 ലക്ഷം ആളുകളാണ്. ഇതിൽ 59 ശതമാനം (8,72,303) പേരും വന്നത് യു.എ.ഇ.യിൽ നിന്നാണ്. 11.7 ശതമാനം (1,72,016) സൗദി അറേബ്യയിൽ നിന്നും 9.7 ശതമാനം (1,42,458) ഖത്തറിൽ നിന്നും 9.1 ശതമാനം (1,34,087) ഒമാനിൽ നിന്നും 3.5 % (51,170) കുവൈറ്റിൽ നിന്നും 2.9 % (43,194) ബഹ്‌റെയിനിൽ നിന്നുമാണ്. മറ്റു രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവർ 3.8 ശതമാനമാണ്. അതായത് 56,209 പേർ.
തൊഴിൽ നഷ്ടപ്പെട്ടോ വിസ കാലാവധി അവസാനിച്ചിട്ടോ ആണ് 91 ശതമാനം പേരും വന്നത്. കോവിഡ് പ്രതിസന്ധി അയഞ്ഞതിനുശേഷം ഇവരിൽ എത്രപേർ തിരിച്ചുപോയി എന്നതിന്റെ കൃത്യമായ കണക്ക് ലഭ്യമല്ല. നോർക്കയുടെ കണക്ക് പ്രകാരം ജി.സി.സി. രാജ്യങ്ങളിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിലേക്ക് മടങ്ങിയെത്തിയവരുടെ എണ്ണം 10,51,272 ആണ്. മടങ്ങിവന്നവരിൽ 71.4 ശതമാനം. വിസ കാലാവധി നഷ്ടപ്പെട്ടതടക്കമുള്ള സാങ്കേതിക കാരണങ്ങളാൽ വന്നവർ 19.8 ശതമാനമാണ് (2,91,581 പേർ). 10 വയസ്സിൽ താഴെയുള്ള 81,883 കുട്ടികളാണ് കോവിഡ് പ്രതിസന്ധിയിൽ കേരളത്തിലേക്ക് മടങ്ങിയത്. 30,341 മുതിർന്ന പൗരൻമാരും 13,501 ഗർഭിണികളും മടങ്ങിയെത്തി. പങ്കാളി ഗർഭിണിയായതിനെ തുടർന്ന് 2859 പേരും വന്നു.
ജില്ലകൾ തിരിച്ച് നോക്കിയാൽ മലപ്പുറത്തേക്കാണ് ഏറ്റവും കൂടുതൽ പ്രവാസികൾ തിരിച്ചെത്തിയത്. മടങ്ങിയെത്തിയവരിൽ 17.9 ശതമാനവും മലപ്പുറം ജില്ലയിലുള്ളവരാണ്. ആകെ തിരിച്ചെത്തിയ 14,71,437 പേരിൽ 2,62,678 പേർ മലപ്പുറം ജില്ലക്കാരാണ്. 1,72,112 പേർ തിരിച്ചെത്തിയ കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കണ്ണൂർ (1,64,024), തൃശൂർ (1,18,503), തിരുവനന്തപുരം (1,16,531), കൊല്ലം (1,01,125) ജില്ലകളിലേക്കും ഒരുലക്ഷത്തിലേറെ പ്രവാസികളെത്തി. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലാണ്. 9,828 പേർ.
മടങ്ങിയെത്തിയ പ്രവാസികളെല്ലാം ജി.സി.സി. രാജ്യങ്ങളിൽ കരാർ തൊഴിലിലേർപ്പെട്ടവരും ശമ്പളത്തിനുപുറമെ വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്തവരുമായിരുന്നുവെന്ന് സെന്റർ ഫോർ ഡെവലപ്‌മെൻറ് സ്റ്റഡീസ് (CDS) നടത്തിയ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരിൽ നിന്ന് തെരഞ്ഞെടുത്ത 404 പേരെയാണ് സർവേയിൽ ഉൾപ്പെടുത്തിയിരുന്നത്. സൗദി അറേബ്യയിൽ നിന്നുള്ള 200 പേർ (49.5%), യു.എ.ഇ.യിൽ നിന്നുള്ള 76, ഒമാനിൽ നിന്നുള്ള 29, കുവൈറ്റിൽ നിന്ന് 25, ഖത്തറിൽ നിന്ന് 45, ബഹ്‌റെയിനിൽ നിന്ന് 27, അഫ്ഗാനിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നുമായി രണ്ട് എന്നിങ്ങനെയാണ് സർവേയിൽ പങ്കെടുത്തവരുടെ കണക്ക്. സർവേയിൽ പങ്കെടുത്തവർ നൽകിയ വിവരമനുസരിച്ച്, കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ പേർക്ക് ജോലി നഷ്ടമായത് വ്യാപാര, റിപ്പെയർ മേഖലയിലാണ്. ഗതാഗതം, നിർമാണം, വ്യവസായം എന്നീ മേഖലകളാണ് തൊട്ടുപിന്നിൽ. ഹോട്ടലുകൾ, ഡോമെസ്റ്റിക് സർവീസ്, ബിസിനസ് സർവീസ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ തുടങ്ങിയവയാണ് കൂടുതൽ തൊഴിൽ നൽകിയിരുന്ന മറ്റു മേഖലകൾ.
കേരളത്തിലുള്ള കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് കൃത്യമായി പണം അയക്കുന്നവരാണെന്നാണ് സർവേയിൽ പങ്കെടുത്തവർ പറഞ്ഞതെന്ന് സി.ഡി.എസ് പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു. സർവേയിൽ പങ്കെടുത്തവരിൽ 30 ശതമാനം പേർ 12,000 രൂപയിൽ കുറവാണ് ഒരു മാസം നാട്ടിലേക്കയക്കുന്നത്. 48 ശതമാനം പ്രതിമാസം 12,000-നും 20,000-നുമിടയിൽ അയക്കുന്നു. 22 ശതമാനം പേർ 20,000 രൂപയിൽ കൂടുതൽ എല്ലാ മാസവും വീട്ടിലേക്കയക്കുന്നവരാണ്. സർവേയിൽ പങ്കെടുത്ത ഏതാണ്ട് എല്ലാവരും പറഞ്ഞത്, അവർക്ക് വീട്ടിലെ ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള പണം കൃത്യമായി അയക്കാൻ കഴിഞ്ഞിരുന്നു എന്നാണ്. അവരുടെയെല്ലാം കുടുംബങ്ങൾക്ക് സാമ്പത്തികസ്ഥിരതയുമുണ്ടായിരുന്നു. ഈ സാമ്പത്തികസ്ഥിരതയെയാണ് പ്രവാസികളുടെ മടങ്ങിവരവ് തകിടംമറിച്ചത്. സർവേയിൽ നിന്ന് ലഭിച്ച ഡേറ്റയുടെ അടിസ്ഥാനത്തിൽ, ഒരു പ്രവാസിയുടെ കുടുംബത്തിന് ഒരു വർഷം ശരാശരി 1.47 - 2.32 ലക്ഷം രൂപയാണ് വരുമാനം.
ദീർഘകാലമായി പ്രവാസജീവിതം നയിച്ച് കുടുംബം പുലർത്തുന്നവർക്കാണ് കോവിഡിൽ നാട്ടിലേക്ക് മടങ്ങേണ്ടിവന്നത്. സി.ഡി.എസ്. സർവേയിൽ പങ്കെടുത്തവരിൽ 52.5 ശതമാനം ആളുകൾ 10 വർഷത്തിലേറെക്കാലം ഗൾഫിൽ ജോലി ചെയ്തവരാണ്. സൗദി അറേബ്യയിൽ നിന്ന് വന്നവരിൽ 57.5 ശതമാനവും കുവൈറ്റിൽ നിന്നുള്ളവരിൽ 46.7 ശതമാനവും ഒമാനിൽ നിന്നുള്ളവരിൽ 41.4 ശതമാനവും യു.എ.ഇ.യിൽ നിന്നുള്ളവരിൽ 39.5 ശതമാനവും പത്തുവർഷത്തിലേറെ ആ രാജ്യങ്ങളിൽ ജോലി ചെയ്തവരാണ്.
മാറുന്ന ഗൾഫ് തൊഴിൽമേഖല
കോവിഡ്-19 വ്യാപനത്തെ തുടർന്നുള്ള അടച്ചിടലാണ് പ്രവാസികളുടെ മടങ്ങിവരവിന്റെ ഏറ്റവും പ്രധാന കാരണം. കോവിഡിനെ തുടർന്ന് ജോലി ചെയ്തിരുന്ന സ്ഥാപനം അടച്ചതിനാലാണ് മൂന്നിലൊന്നാളുകളും കേരളത്തിലേക്ക് മടങ്ങിയത്. ശമ്പളം വെട്ടിക്കുറച്ചതും, വർക്ക് പെർമിറ്റ് പുതുക്കാത്തതുമാണ് മറ്റു പ്രധാന കാരണങ്ങൾ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജി.സി.സി. രാജ്യങ്ങളിലെ നിർമാണ, സേവന മേഖലകൾ ഉത്പാദനം കുറയ്ക്കാൻ നിർബന്ധിതരാവുകയും കനത്ത നഷ്ടത്തിലാവുകയും ചെയ്തു. നഷ്ടത്തിലായ സ്ഥാപനങ്ങൾ ജോലിക്കാരുടെ എണ്ണവും ശമ്പളവും വെട്ടിക്കുറച്ചു. ശമ്പളം അഞ്ച് ശതമാനം കുറച്ചത് ജീവിതം ബുദ്ധിമുട്ടിലാക്കിയതായി യു.എ.ഇ.യിൽ നിന്ന് വന്നവർ പറയുന്നു.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മിക്ക ജി.സി.സി. രാജ്യങ്ങളും വിദേശികളുടെ വർക്ക് പെർമിറ്റ് പുതുക്കേണ്ടതില്ലെന്ന തീരുമാനമെടുത്തു. ഇതേത്തുടർന്ന് നിരവധിയാളുകൾക്ക് നാട്ടിലേക്ക് പോകേണ്ടിവന്നു.
അവധിക്ക് നാട്ടിൽ വന്ന്, കോവിഡ് കാരണം തിരിച്ചുപോകാൻ കഴിയാതെ കേരളത്തിൽ കുടുങ്ങിപ്പോയ പ്രവാസികളുമുണ്ട്. വിമാന സർവീസ് ഇല്ലാത്തതിനാലും ജോലി ചെയ്തിരുന്ന സ്ഥാപനം അടച്ചതിനാലും പലർക്കും മടങ്ങിപ്പോകാനായില്ല. ഇന്ത്യയിലെയും ജി.സി.സി. രാജ്യങ്ങളിലെയും വാക്‌സിൻ നയത്തിലെ വ്യത്യാസങ്ങളും പലരുടെയും ഗൾഫിലേക്കുള്ള തിരിച്ചുപോക്കിന് തടസമായി. ഇന്ത്യയിൽ നിന്നുള്ള നിരവധിയാളുകൾക്ക് തിരിച്ചുപോകാൻ സാധിക്കാതായപ്പോൾ വന്ന ഒഴിവുകളിലേക്ക് മിക്ക കമ്പനികളും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരെ നിയമിച്ചു. ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ബംഗ്ലാദേശ്, നേപ്പാൾ, ഈജിപ്റ്റ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രതിസന്ധി കാലത്ത് സ്വന്തം രാജ്യത്തേക്ക് പോകാൻ സാധിച്ചിരുന്നില്ല. അതിനാൽ അവർക്ക് ഗൾഫ് രാജ്യങ്ങളിലെ പുതിയ ഒഴിവുകളിൽ ജോലി നേടാനായി.
സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വർക്ക് പെർമിറ്റ് (ഇഖാമ) പുതുക്കുന്നതിനുള്ള ഫീസ് വൻതോതിൽ വർധിപ്പിച്ചതും പലരെ ബുദ്ധിമുട്ടിലാക്കി. സൗദിയിൽ ഇഖാമ പുതുക്കാനുള്ള തുക 12000 സൗദി റിയാൽ (ഏകദേശം 2.40 ലക്ഷം ഇന്ത്യൻ രൂപ) ആണ്. വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നിതാഖത് പ്രോഗ്രാമിന്റെ ഭാഗമായാണ് സൗദി സർക്കാർ ഫീസ് നിരക്ക് വർധിപ്പിച്ചതെന്നാണ് റിപ്പോർട്ട്. സൗദി അറേബ്യയിലെ തൊഴിൽ നിയമമനുസരിച്ച് കുടിയേറ്റ തൊഴിലാളികൾ നിർബന്ധമായും ആരോഗ്യ ഇൻഷുറൻസ് എടുക്കണം. എന്നാൽ 35-നും മുകളിലും പ്രായമുള്ള കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസ് പുതുക്കി നൽകാൻ സൗദിയിലെ ഇൻഷുറൻസ് കമ്പനികൾ തയ്യാറാകുന്നില്ലെന്നും റിപ്പോർട്ടുണ്ട്.
നോർക്കയിൽ നിന്നുള്ള ഡേറ്റയുടെയും സാമ്പിൾ സർവേയിൽ ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ സി.ഡി.എസ്. തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്, മടങ്ങിയെത്തിയ പ്രവാസികളിൽ 77 ശതമാനവും ഗൾഫ് രാജ്യങ്ങളിലേക്ക് തിരിച്ചുപോയതായാണ്. 23 ശതമാനം പ്രവാസികളാണ് തിരിച്ചുപോകാതെ കേരളത്തിൽ തുടരുന്നത്. തിരിച്ചുപോകാത്തവരിൽ കൂടുതൽ സൗദി അറേബ്യയിൽ നിന്ന് വന്നവരാണ്. സൗദി അറേബ്യയിൽ നിന്ന് വന്നവരിൽ 80 ശതമാനവും തിരിച്ചുപോയിട്ടില്ല. ഖത്തറിൽ നിന്ന് വന്നവരിൽ 40 ശതമാനവും ബഹ്‌റൈനിൽ നിന്ന് വന്നവരിൽ 20 ശതമാനവും ഒമാനിൽ നിന്ന് വന്നവരിൽ 20 ശതമാനവും യു.എ.ഇ.യിൽ നിന്ന് വന്നവരിൽ 10 ശതമാനവും തിരിച്ചുപോയിട്ടില്ല. ജി.സി.സി. രാജ്യങ്ങളിൽ നിന്ന് കോവിഡ് പ്രതിസന്ധികാലത്ത് മടങ്ങിയെത്തിയ 14.71 ലക്ഷം കേരളീയരിൽ 3.32 ലക്ഷം ആളുകളാണ് തിരിച്ചുപോകാതെ കേരളത്തിൽ തുടരുന്നത്.
കോവിഡ്-19 വ്യാപനവും ലോക്ക്ഡൗണും കുടിയേറ്റ തൊഴിലാളികളിൽ നിന്നുള്ള പണം വരവില്ലാതായതും പ്രാദേശക വിപണികളിലും വലിയ പ്രതിസന്ധികളുണ്ടാക്കിയിട്ടുണ്ട്. തൊഴിൽ നഷ്ടവും തൊഴിലില്ലായ്മയും രൂക്ഷമായി. മടങ്ങിയെത്തിയ പ്രവാസികൾ കേരളത്തിൽ തൊഴിൽ കണ്ടെത്താൻ ശ്രമിച്ചതോടെ ഇവിടത്തെ വർക്ക് ഫോഴ്‌സ് വലുതായി. ഇതോടെ എല്ലാ വിഭാഗങ്ങളിലും ലഭ്യമായ തൊഴിലാളികളുടെ എണ്ണം വർധിച്ചു. ഇത് തൊഴിൽ ലഭിക്കാനുള്ള സാധ്യത കുറയ്ക്കുകയും തൊഴിലില്ലായ്മ നിരക്ക് വർധിക്കുകയും ചെയ്തു.
അഭയമൊരുക്കണം, കേരളം
കോവിഡ്-19 പ്രതിസന്ധിയിൽ നാട്ടിലേക്ക് മടങ്ങി, കേരളത്തിൽ തുടരുന്ന പ്രവാസികൾ പലരും തൊഴിലില്ലായ്മയുടെ പ്രശ്‌നം നേരിടുകയാണ്. ഗൾഫിൽ നിന്ന് അയച്ചിരുന്ന പണം ഉപയോഗിച്ച് നല്ല രീതിയിൽ ജീവിച്ചിരുന്ന അവരുടെ കുടുംബങ്ങൾ സാമ്പത്തികമായി തകർന്നു. കോവിഡിൽ തൊഴിൽ നഷ്ടപ്പെട്ടവർ ഏറെയുണ്ട് കേരളത്തിൽ. അവർക്കൊപ്പം പ്രവാസികൾ കൂടി ചേർന്നതോടെ ഇവിടെ തൊഴിലില്ലായ്മ അതിരൂക്ഷമായി. കേരളത്തിൽ സ്ഥിരതയുള്ള, നല്ല വരുമാനമുള്ള ജോലി കിട്ടുമെന്ന പ്രതീക്ഷയില്ലാത്ത പ്രവാസികളിൽ ഭൂരിഭാഗവും തിരിച്ചുപോകണമെന്നും കുടുംബത്തിന്റെ സാമ്പത്തികസ്ഥിരത വീണ്ടെടുക്കണമെന്നും ആഗ്രഹിക്കുന്നവരാണ്. കടുത്ത സാമ്പത്തിക തകർച്ച നേരിടുന്ന മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ കുടുംബത്തെ രക്ഷിക്കുന്നതിനായി തിരിച്ചുപോകാനുള്ള സാമ്പത്തികസഹായം ലഭ്യമാക്കുകയോ അല്ലെങ്കിൽ ഇവിടെ ജോലി ലഭ്യമാക്കുകയോ ചെയ്യണമെന്ന് സി.ഡി.എസ്. റിപ്പോർട്ടിൽ നിർദേശിക്കുന്നു. ഗ്ലോബൽ നോളജ് പാർട്ണർഷിപ്പ് ഓൺ മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റിന്റെ (KNOMAD) നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സി.ഡി.എസ്. കേരളത്തിന് അനുയോജ്യമായ പരിഹാര നയങ്ങൾ മുന്നോട്ടുവെക്കുന്നത്.
ഗൾഫിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപ വരെ വായ്പ അനുവദിക്കുകയും ഒരുവർഷത്തേക്ക് പലിശ ഇളവ് നൽകുകയും വേണം. കേരളത്തിൽ തുടരാനാഗ്രഹിക്കുന്നവർക്ക് സ്വയം തൊഴിലിനും ചെറുകിട വ്യവസായങ്ങളും കൃഷിയും നടത്തുന്നതിനും വാഹനങ്ങൾ വാങ്ങുന്നതിനും സാമ്പത്തിക സഹായം നൽകണം. ഒരു ഷത്തേക്ക് പലിശ ഇളവ് നൽകി അഞ്ച് ലക്ഷം വരെ വായ്പ നൽകാൻ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തയ്യാറാകണം. അഞ്ചുലക്ഷത്തിലധികം രൂപയുടെ വായ്പയെടുത്തവർക്ക് നോർക്കയുടെ നിലവില വായ്പാപദ്ധതി തുടരണം.
എ.പി.എൽ. റേഷൻ കാർഡുള്ളവർ കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ടെങ്കിൽ അവരുടെ കാർഡ് ബി.പി.എൽ. ആക്കണം. ബി.പി.എൽ. കുടുംബങ്ങൾക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും അവർക്ക് ലഭ്യമാക്കണം. ഏറ്റവും കൂടുതൽ ആളുകൾ മടങ്ങിയെത്തിയ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്ക് മേൽപറഞ്ഞ കാര്യങ്ങളിൽ മുൻഗണന നൽകണം. ഗൾഫുകാരുടെ മടങ്ങിവരവ് ഏറ്റവുമധികം ബാധിച്ച ഈ മൂന്ന് ജില്ലകൾക്കും പ്രത്യേകമായി ‘ആൻറി റിസഷൻ പാക്കേജ്’ നടപ്പാക്കണം. അതിനായി സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുൻകൈയെടുക്കണം.
മൂന്നുവർഷത്തിലധികം വിദേശത്ത് ജോലി ചെയ്തശേഷം അപകടം കാരണമോ കാൻസർ, സ്‌ട്രോക്ക്, ഹൃദയാഘാതം, വൃക്ക തകരാർ തുടങ്ങിയ കടുത്ത രോഗങ്ങൾ കാരണമോ മടങ്ങിവന്നവർക്ക് പ്രതിമാസം 1500 രൂപ പെൻഷൻ നൽകാൻ സർക്കാർ തയ്യാറാകണം. സർക്കാരിനുകീഴിലുള്ള മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കണം ഇത് അനുവദിക്കേണ്ടത്.
കേരളത്തിലെ ചെറുകിട വ്യവസായങ്ങളിൽ പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കണം. തിരിച്ചെത്തിയ പ്രവാസികൾ വ്യവസായം തുടങ്ങുന്നതും പ്രോത്സാഹിപ്പിക്കണം. കുടുംബത്തിന്റെ അഭിവൃദ്ധിക്കായി കൃത്യമായ വരുമാനമുള്ള ജോലി തേടിയാണ് എല്ലാവരും ഗൾഫിലേക്ക് പോകുന്നത്. ഗൾഫ് രാജ്യങ്ങൾ സ്വദേശിവത്കരണം കൂടുതൽ നടപ്പാക്കിക്കൊണ്ടിരിക്കുമ്പോൾ, തൊഴിൽ നഷ്ടപ്പെട്ട് വരുന്ന പ്രവാസികൾക്ക് കേരളത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം.