പ്രൊഫ. എം.വി. നാരായണനെ പുറത്താക്കിയത് രാഷ്ട്രീയ പ്രേരിതം: അക്കാദമിക് വിദഗ്ധർ

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുക എന്നതാണ് യൂണിയൻ സർക്കാർ അജണ്ടയെന്നും അതിന്റെ ഭാഗമാണ് പ്രൊഫ. എം.വി. നാരായണന്റെ പിരിച്ചുവിടലെന്നും 117 പ്രമുഖർ ഒപ്പിട്ട പ്രസ്താവനയിൽ പറയുന്നു.

Think

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ എം.വി. നാരായണനെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ അപലപിച്ച് വിവിധ സർവകലാശാലകളിലെ അധ്യാപകരും അക്കാദമിക് വിദഗ്ധരും. ഗവർണറുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും പ്രസ്താവനയിൽ ആരോപിച്ചു.

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുക എന്നതാണ് കേന്ദ്ര അജണ്ടയെന്നും അതിന്റെ ഭാഗമാണ് പ്രൊഫ. എം.വി. നാരായണന്റെ പിരിച്ചുവിടലെന്നും പ്രസ്താവനയിൽ പറയുന്നു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങങ്ങളെല്ലാം യൂണിയൻ സർക്കാറിന്റെ രാഷ്ട്രീയ അജണ്ടയുടെ ടാർഗറ്റായി മാറിയിട്ടുണ്ട്. സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളുമടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇടപെടലുകളും സർവൈലൻസും സ്വതന്ത്ര ഗവേഷണത്തെ തടസപ്പെടുത്തുമെന്നും ഭരണഘടനാ മൂല്യങ്ങളിൽ അടിസ്ഥാനമായ വിമർശനാത്മക ചിന്തയെ തകർക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലൂന്നിയ ഇന്ത്യൻ രാഷ്ട്രീയ കാലാവസ്ഥ അടിച്ചേൽപ്പിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നു. ഈ പ്രവണത മതേതരവും ബഹുസ്വരവുമായ ഇന്ത്യ എന്ന രാജ്യത്തെ മതാധിഷ്ഠിതമായ ഏകശിലാരൂപത്തിലേക്ക് മാറ്റുന്നതിന് വഴിവെക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

ശ്യാം മേനോൻ കമീഷൻ അംഗമെന്ന നിലയിൽ പ്രൊഫ. നാരായണൻ, വിപണിവൽകൃത ദേശീയ വിദ്യാഭ്യാസ നയത്തെ വിമർശനാത്മകമായി പുനഃപരിശോധിക്കാനും കേരളത്തിനുവേണ്ടി, സാമൂഹികമായി ഇൻക്ലൂസീവായ ഒരു ബദൽ മുന്നോട്ടുവക്കാനും നേതൃത്വം നൽകിയ ആളാണ്. ഈ റിപ്പോർട്ട് നടപ്പാക്കുന്നതിലൂടെ ഒരു പാരഡൈം ഷിഫ്റ്റ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമേഖലയിലുണ്ടാകും. അത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അനുകൂലമായ നവീകരണത്തിനിടയാക്കും. ഇത് യൂണിയൻ സർക്കാറിന്റെയും കേരളത്തിലെ അതിന്റെ പ്രതിനിധിയായ ഗവർണർ ആരിഫ് മുഖമ്മദ് ഖാന്റെയും ഹിന്ദുത്വ അജണ്ടക്ക് എതിരാണ്. ഈയൊരു രാഷ്ട്രീയ ലക്ഷ്യത്തിൽനിന്നാണ് പ്രൊഫ. നാരായണനെ പിരിച്ചുവിടാനുള്ള നിയമവിരുദ്ധ നീക്കമുണ്ടായതെന്ന് പ്രസ്താവനയിൽ ആരോപിച്ചു.

പ്രൊഫ. ഷെൽഡൻ പൊള്ളോക്ക് (കൊളംബിയ സർവകലാശാല), ഡോ.എ.കെ. ജയശ്രീ, ഡോ. സി.ജെ. ജോർജ്, ഡോ. സജിത മഠത്തിൽ, പ്രൊഫ. പി.കെ. മൈക്കിൾ തരകൻ, ജെ.എൻ.യുവിലെ റിട്ട. പ്രൊഫസർ റസ്തം ബറൂച്ച, പ്രൊഫ. കെ.എൻ. ഗണേഷ്, പ്രൊഫ. കേശവൻ വെളുത്താട്ട്, ഡോ. കെ. രവി രാമൻ, പ്രൊഫ. എ.കെ. രാണകൃഷ്ണൻ, പ്രൊഫ. ഉദയകുമാർ, ഡോ. ജെ. ദേവിക, ഡോ. അമീത് പരമേശ്വരൻ, പ്രൊഫ. അനുരാധ കപൂർ, പ്രൊഫ. ഊർമിള സർക്കാർ, പ്രൊഫ. സനൽ മോഹൻ, പ്രൊഫ. എം.ടി. അൻസാരി, ഡോ. കെ.എൻ. ഹരിലാൽ, ഡോ. സി.ജെ. ജോർജ്, ഡോ. രേഖ രാജ് തുടങ്ങി 117 പ്രമുഖരാണ് പ്രസ്താവനയിൽ ഒപ്പു വച്ചത്.

മാർച്ച് ഏഴിനാണ് ഡോ. എം.വി. നാരായണനെ സർവകലാശാല ചാൻസലർ കൂടിയായ ഗവർണർ പുറത്താക്കിയത്. യു.ജി.സി നിയമങ്ങളും നിയമനം സംബന്ധിച്ച മറ്റ് ചട്ടങ്ങളും പാലിക്കാതെയാണ് നിയമനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പുറത്താക്കൽ സംബന്ധിച്ച കേസിൽ ഹിയറിങ് നടത്തി തീരുമാനമെടുക്കുന്നതിന് കോടതി തീരുമാനിച്ച ആറാഴ്ച കഴിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഗവർണർ ഇടപെട്ടത്. സ്ഥാനത്തുനിന്ന് നീക്കിയ ചാൻസലറുടെ ഉത്തരവ് റദ്ദാക്കണമെന്ന ഹർജിയിൽ വാദം കേട്ട ഹൈകോടതി സിംഗിൾ ബഞ്ച്, തിങ്കളാഴ്ച വരെ സ്ഥാനത്ത് തുടരാൻ അനുമതി നൽകിയിരുന്നു.

സംസ്‌കൃത സർവകലാശാല വി.സി നിയമനത്തിന് സമർപ്പിച്ച പട്ടികയിൽ നാരായാണന്റെ പേര് മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നും ചാൻസലർ പറയുന്നു. എം.വി. നാരായണനോടൊപ്പം കാലിക്കറ്റ് സർവകലാശാല വി.സി എം.കെ. ജയരാജനെതിരെയും ഗവർണർ നടപടിയെടുത്തിട്ടുണ്ട്. കൂടാതെ സാങ്കേതിക സർവകലാശാല വി.സി. ഡോ.എം.എസ്. രാജശ്രീയും ഫിഷറീസ് സർവകലാശാല വി.സി ഡോ.റിജി ജോണും ഇതേകാരണത്താൽ കോടതിവിധിയിലൂടെ പുറത്തായി. ഗവർണർ നോട്ടീസ് നൽകിയ 11 പേരിൽ നിലവിൽ നാലു പേർ മാത്രമാണ് വി.സിയായി തുടരുന്നത്.

Comments