തുറന്നു പറച്ചിലുകൾ തുടരുന്നു, രാജിയിലും ഒളിക്കാനാവാതെ സിനിമാലോകം

സിദ്ദിഖിന്റെയും രഞ്ജിത്തിന്റെയും രാജിയ്ക്ക് പിന്നാലെയും ആരോപണങ്ങളും തുറന്നു പറച്ചിലും സിനിമാലോകത്ത് ഉയരുകയാണ്. കൂടുതൽ പേർ ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ എ.എം.എം.എ കടുത്ത പ്രതിരോധത്തിലായി.

News Desk

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുണ്ടായ ആരോപണങ്ങൾ സിദ്ദിഖിന്റെയും രഞ്ജിത്തിന്റെയും രാജിയ്ക്ക് കാരണമായതിന് ശേഷവും സിനിമാ മേഖലയിൽ കൂടുതൽ തുറന്നുപറച്ചിലുകളാണ് ഉണ്ടാവുന്നത്. ആരോപണവുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും, എ.എം.എം.എ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖും ഇന്ന് രാവിലെ രാജി വച്ചിരുന്നു. കഴിഞ്ഞ ദിവസം ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്ത് എത്തിയതോടെയാണ് രഞ്ജിത്ത് രാജിവയ്ക്കണമെന്ന് വലിയതോതിൽ ആവശ്യമുയർന്നിരുന്നു. തന്നെ ശാരീരികമായി പീഡിപ്പിച്ചെന്ന യുവനടിയുടെ ആരോപണത്തിന് പിന്നാലെയായിരുന്നു സിദ്ദിഖിന്റെ രാജി. സിദ്ദിഖിനെതിരെ തെളിവുകളുണ്ട്, രാജി മാത്രമല്ല സിദ്ദിഖിനെ ബാൻ ചെയ്യണമെന്നും, സർക്കാർ കൂടെ നിന്നാൽ കേസുമായി മുന്നോട്ട് പോവുമെന്നും അവർ പറഞ്ഞു. സിദ്ദിഖിനെതിരെ പോക്സോ ചുമത്തണം എന്ന ആവശ്യവുമായി കൊച്ചി പോലീസ് കമ്മീഷണർക്ക് വെറ്റില സ്വദേശി പരാതി നൽകിയിട്ടുണ്ട്.

ആരോപണവുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും, എ.എം.എം.എ  ജനറൽ സെക്രട്ടറി നടൻ സിദ്ദിഖും ഇന്ന് രാവിലെ രാജി വച്ചിരുന്നു.
ആരോപണവുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തും, എ.എം.എം.എ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖും ഇന്ന് രാവിലെ രാജി വച്ചിരുന്നു.


ആരോപണങ്ങളിൽ നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സർക്കാരിന് ആരേയും സംരക്ഷിക്കാനില്ല. ആരെയും സംരക്ഷിക്കേണ്ട ആവശ്യവുമില്ലെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. രാജിയ്ക്കുശേഷം മലയാള സിനിമയിലെ പല വ്യക്തികൾക്കും നേരെയും ആരോപണങ്ങളുയരുകയാണ്. നടൻ റിയാസ് ഖാൻ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞെന്ന് വെളിപ്പെടുത്തി യുവനടി രംഗത്തെത്തി.

റിയാസ് ഖാൻ
റിയാസ് ഖാൻ

നടനും എം. എൽ.എയുമായ മുകേഷിനെതിരെ സോഷ്യൽ മീഡിയ വഴി മീ ടൂ ആരോപണം ഉയർത്തിരിക്കുകയാണ് കാസ്റ്റിംഗ് ഡയറക്ടറായയ ടെസ് ജോസഫ്. എന്നാൽ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് മുകേഷ് പ്രതികരിച്ചത്.
‘Let’s Just Not Forget, All of this started coz one woman actually had the gumption to fight’ എന്ന് മഞ്ജു വാര്യർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
“ഈ ലോകം, ഇവിടെ ജനിച്ച എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ആത്മാഭിമാനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടേയും ഔദാര്യമല്ല എന്നും അത് നമ്മുടെ ഓരോരുത്തരുടെയും അവകാശമാണ് എന്നും സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന എന്റെ പ്രിയ സുഹൃത്തിൽ നിന്നാണ് ഇതിന്റെ തുടക്കം. സത്യം പറഞ്ഞാൽ വിപ്ലവമാണ്" - എന്ന് രമ്യ നമ്പീശൻ സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

മുകേഷ്
മുകേഷ്


നടിയുടെ വെളിപ്പെടുത്തൽ മനോവിഷമമുണ്ടാക്കിയെന്നും അങ്ങനെയൊരാൾ സ്ഥാനത്ത് തുടരരുതെന്നും നടൻ അനൂപ് മേനോൻ വ്യക്തമാക്കി. ജനറൽ സെക്രട്ടറി രാജി വച്ചിട്ടും എ. എം. എം. എ യുടെ പ്രസിഡന്റ് മോഹൻലാൽ പ്രതികരിക്കാത്തതിൽ വൻ പ്രതിഷേധം ഉയർത്തി ഷമ്മി തിലകൻ രംഗത്തെത്തി. ഇതിനെല്ലാം പിന്നിൽ പൊരുതണമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയം എന്നാണ് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് പ്രതികരിച്ചത്. രഞ്ജിത്തിന്റെയും സിദ്ദിഖിന്റെയും രാജി അനിവാര്യമാണെന്നും സാങ്കേതികത്വം പറഞ്ഞ് കേസെടുക്കാതിരിക്കരുതെന്നും ആഷിക് അബു പ്രതികരിച്ചു. രഞ്ജിത്തിന്റെ രാജി അഭികാമ്യമാണെന്ന് അദ്ദേഹത്തിന് തോന്നിയത് കൊണ്ടാണ് രാജി വെച്ചത്. കുറ്റാരോപിതരെ മാറ്റിനിർത്താൻ ആവില്ലെന്നും പരിശോധിച്ച് വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൃത്യമായ നിയമ നടപടികൾ എടുക്കാൻ ഇവിടെ ഒരു ഭരണകൂടമുണ്ടെന്നും രഞ്ജി പണിക്കർ പറഞ്ഞു. സിദ്ദിഖ് രാജി വച്ചത്തോടെ ബാബുരാജ് എ. എം. എം. എയുടെ താല്കാലിക ജനറൽ സെക്രട്ടറി ചുമതല ഏറ്റെടുക്കും.

Comments