കേരളത്തിൽ എൻ.ഡി.എ വോട്ടിൽ 3.6 ശതമാനം വർധന

Election Desk

ഹിന്ദി ഹൃദയഭൂമിയിലടക്കം എൻ.ഡി.എ തിരിച്ചടി നേരിട്ടപ്പോൾ കേരളത്തിലെ വോട്ടുവിഹിതത്തിൽ 3.6 ശതമാനം വർധന. 2019-ൽ 15.57 ശതമാനമായിരുന്ന എൻ.ഡി.എ വോട്ട് വിഹിതം ഇത്തവണ 19.24 ശതമാനമായി ഉയർന്നു. ആകെ 32,96,354 വോട്ടുകളാണ് ബി ജെ പിക്ക് ലഭിച്ചത്.

അതേസമയം. യു.ഡി.എഫിന്റെ വോട്ടുവിഹിതം 2019-ൽ 47.34 ശതമാനമായിരുന്നത് ഇത്തവണ 45.10 ശതമാനമായി കുറഞ്ഞു. എൽ.ഡി.എഫിന്റേത് 2019-ലെ 35.35 ശതമാനത്തിൽനിന്ന് ഇത്തവണ 31.94 ആയി കുറഞ്ഞു.

എൽ.ഡി.എഫിന്റെ 11 നിയമസഭാ മണ്ഡലങ്ങളാണ് ഇത്തവണ എൻ.ഡി.എ പിടിച്ചെടുത്തത്. കഴക്കൂട്ടം, വട്ടിയൂർക്കാവ്,
നേമം, ആറ്റിങ്ങൽ, കാട്ടാക്കട, മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങളാണ് എൻ.ഡി.എ പിടിച്ചെടുത്തത്.
കൂടാതെ തിരുവനന്തപുരം, കോവളം, കാസർഗോഡ്, നെയ്യാറ്റിൻകര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം എന്നിങ്ങനെ എട്ട് മണ്ഡലങ്ങളിൽ രണ്ടാംസ്ഥാനത്തും എത്താനായി.

ബി.ജെ.പി കേരളത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുന്നവർ
ബി.ജെ.പി കേരളത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുന്നവർ

മൂന്നിടങ്ങളിലൊഴികെ 17 ലോക്സഭാ മണ്ഡലങ്ങളിൽ വോട്ട് വിഹിതം വർധിപ്പിക്കാനും എൻ.ഡി.എക്ക് സാധിച്ചു. തൃശൂരിൽ സുരേഷ് ഗോപിയിലൂടെ അക്കൗണ്ട് തുറന്ന ബി.ജെ.പി തിരുവനന്തപുരത്തും പ്രതീക്ഷയർപ്പിച്ചിരുന്നു. തൃശൂരിൽ സുരേഷ് ഗോപി 4,12,338 വോട്ടും തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ 3.42,078 വോട്ടും ആറ്റിങ്ങലിൽ വി. മുരളധരൻ 3.11.779 വോട്ടും ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ 2,99,648 വോട്ടും നേടി. തിരുവനന്തപുരത്ത് ഒരു ഘട്ടത്തിൽ ശശി തരൂരിനോട് ശക്തമായ മത്സരത്തിലൂടെ വിജയപ്രതീക്ഷയുണ്ടാക്കാൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞിരുന്നു.

പത്തനംതിട്ട, മലപ്പുറം, ചാലക്കുടി തുടങ്ങിയ മണ്ഡലങ്ങളിൽ മാത്രമാണ് 2019-നെ അപേഷിച്ച് എൻ.ഡി.എയുടെ വോട്ട് വിഹിതം കുറഞ്ഞത്. പത്തനംതിട്ടയിൽ 2019-ൽ 28.97ശതമാനമായിരുന്നു വോട്ട് ശതമാനം. 2024-ൽ 25.29 എന്ന നിലയിലേക്ക് കുറഞ്ഞു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സ്ഥാനാർഥിയായിരുന്ന 2019-ലെ തെരഞ്ഞെടുപ്പിൽ ശബരിമല സ്ത്രീപ്രവേശനവിധിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ എൻ.ഡി.എയുടെ വോട്ട് വർധിപ്പിക്കുന്നതിൽ കാരണമായിട്ടുണ്ട്.

2019-ൽ 15.57 ശതമാനം വോട്ടുകളായിരുന്നു ചാലക്കുടിയിൽ എൻ.ഡി.എ നേടിയത്. ഇത്തവണ 11.18 ശതമാനമായി കുറഞ്ഞു. മലപ്പുറത്താകട്ടെ 0.09 ശതമാനത്തിന്റെ നേരിയ കുറവ് മാത്രമാണ് സംഭവിച്ചിട്ടുള്ളു.

നരേന്ദ്രമോദിയുടെ കേരളത്തിലെ റോഡ്ഷോ കാണാനെത്തിയ പ്രവർത്തകർ
നരേന്ദ്രമോദിയുടെ കേരളത്തിലെ റോഡ്ഷോ കാണാനെത്തിയ പ്രവർത്തകർ

ആലപ്പുഴയിലും ആലത്തൂരിലും 2019-നേക്കാൾ പത്ത് ശതമാനം വോട്ട് എൻ.ഡി.എ വർധിപ്പിച്ചു. 2019-ൽ ആലപ്പുഴയിൽ ബി ജെ പി സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണന് 1,87,729 വോട്ടുകളാണ് ലഭിച്ചത്. 2024-ൽ ശോഭ സുരേന്ദ്രൻ എത്തുമ്പോഴേക്കും വോട്ടുകളുടെ എണ്ണം വർധിച്ച് 2,99,648 വോട്ടുകൾ എന്ന നിലയിലേക്കെത്തി. അതായത്, 2019-ൽ 17.24% ആയിരുന്ന എൻ.ഡി.എ വോട്ടുകൾ ഇത്തവണ 28.3% എന്ന നിലയിലേക്ക് ഉയർന്നു. ഒരു ഘട്ടത്തിൽ ശോഭ സുരേന്ദ്രൻ ലീഡിലേക്ക് എത്തുകയും ചെയ്തിരുന്നു.

ആലത്തൂരിൽ എൽ.ഡി.എഫ് വിജയമുറപ്പിച്ചപ്പോഴും 2019-നെ അപേഷിച്ച് എൻ.ഡി.എയുടെ വോട്ട് ശതമാനം വലിയ തോതിൽ വർധിക്കുന്നത് കാണാൻ കഴിയും. 2019-ൽ 8.82 ശതമാനവും 2024ൽ 18.97 ശതമാനവുമാണ് ആലപ്പുഴയിലെ എൻ.ഡി.എയുടെ വോട്ട് ശതമാനം.

2019-നെ അപേക്ഷിച്ച് 9.60 ശതമാനം വോട്ടുകളുടെ വർധനയോടെയാണ് തൃശൂരിൽ എൻ.ഡി.എ സീറ്റ് നേടിയത്. 2019-ൽ 28.20 ശതമാനമായിരുന്ന എൻ.ഡി.എ വോട്ട് വിഹിതം ഇത്തവണ 37.8 ആണ്. എൽ.ഡി.എഫിന് 30.95 ശതമാനവും യു.ഡി.എഫിന് 30.08 ശതമാനവും വോട്ടുകളാണ് ലഭിച്ചത്. 2019-ൽ യു.ഡി.എഫിന് 39.83 ശതമാനമായിരുന്നു. അതായത് 9.75 ശതമാനത്തിന്റെ കുറവ്. എൽ.ഡി.എഫ് വോട്ടുകൾ 2019-നെ അപേഷിച്ച് നേരിയ വർധനവുമുണ്ടായിട്ടുണ്ട്.

എൻ.ഡി.എ രണ്ടാം സ്ഥാനത്തെത്തിയ തിരുവനന്തപുരത്തും വോട്ട് വിഹിതം ഉയർന്നിട്ടുണ്ട്. 2019-ൽ 31.30 ശതമാനം വോട്ടുകളാണ് കുമ്മനം രാജശേഖരൻ തിരുവന്തപുരത്ത് നേടിയത്. ഇത്തവണ രാജീവ് ചന്ദ്രശേഖരൻ 4.22 ശതമാനം വോട്ടുകൾ വർധിപ്പിച്ച് വോട്ട് ശതമാനം 35.52 എന്ന നിലയിലേക്കെത്തിച്ചു.

പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിൽ പ്രസംഗിക്കുന്ന നരേന്ദ്ര മോദി
പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിൽ പ്രസംഗിക്കുന്ന നരേന്ദ്ര മോദി

സംസ്ഥാനവ്യാപകമായി എൻ.ഡി.എയുടെ വോട്ടുകൾക്ക് വർധനവുണ്ടായിരിക്കുന്നതായി കാണാം. ബി ജെ പിക്ക് ഒരിക്കലും തൊടാൻ കഴിയാത്ത സംസ്ഥാനമാണ് കേരളമെന്ന ധാരണയെയാണ് ഈ കണക്കുകളും സുരേഷ് ഗോപിയുടെ വിജയവും ചോദ്യം ചെയ്യുന്നത്.

സംസ്ഥാനത്ത് കോൺഗ്രസ് 14 സീറ്റു നേടിയെങ്കിലും മൊത്തം വോട്ട് വിഹിതത്തിൽ രണ്ട് ശതമാനത്തിന്റെ കുറവ് സംഭവിച്ചിട്ടുണ്ട്. 69,27,111 വോട്ടാണ് കോൺഗ്രസിന് മാത്രമായി കേരളത്തിൽ നിന്നും ലഭിച്ചത്. 5,100,964 സി.പി.എമ്മിനും 1,212,197 വോട്ടുകൾ സി പി ഐക്കും ലഭിച്ചു. എന്നാൽ ഇവരുടെ വോട്ടുവിഹിതത്തിൽ കാര്യമായ ചോർച്ച സംഭവിച്ചിട്ടില്ല. 11,99,839 വോട്ടുകളാണ് മുസ്‍ലിം ലീഗിന് നേടാനായത്. ലീഗ് അര ശതമാനത്തിന്റെ വർധനവും നേടി.

Comments