സമര- സംഘടനാ
പ്രവർത്തനം രൂപപ്പെടുത്തിയ
വി.എസ് എന്ന കമ്യൂണിസ്റ്റ്

വി. എസിന്റെ ജീവിതാന്ത്യത്തെതുടർന്ന് വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്ന ദുർവ്യാഖ്യാനങ്ങൾ ഗൗരവത്തോടെ കാണണം. 'വി.എസ് എല്ലാ നന്മകളുടെയും പ്രതീകമാണ്, കമ്മ്യൂണിസ്റ്റ്‌ പാർട്ടി മോശമാണ്' എന്ന നിലയിൽ അവ പ്രചാരണം നടത്തുന്നതായി കാണാം- പി. ജയരാജൻ എഴുതുന്നു.

1923- ൽ ഒരു ദരിദ്രകുടുംബത്തിൽ ജനിക്കുകയും ചെറുപ്പത്തിലേ അമ്മയും അച്ഛനും നഷ്ടപ്പെടുകയും ഏഴാം ക്ലാസ്സിൽ പഠനം നിർത്തേണ്ടിവരികയും തുന്നൽക്കടയിൽ ജോലി ചെയ്യേണ്ടിവരികയും ചെയ്ത ഒരാൾക്ക്, അക്കാലത്തെ രാഷ്ട്രീയ ചലനങ്ങളിൽ ഏതു പക്ഷത്തായിരിക്കണം എന്ന ചോദ്യം വന്നപ്പോൾ തെല്ലും സംശയമുണ്ടായില്ല; കമ്മ്യൂണിസ്റ്റ്‌ പക്ഷം തന്നെ. ഇങ്ങനെ 17ാം വയസ്സിൽ പാർട്ടി അംഗമായി, രാജ്യത്തിലെ തന്നെ കമ്മ്യൂണിസ്റ്റ്‌ നേതാവായി. അദ്ദേഹമാണ് 102-ാം വയസ്സിൽ നമ്മെ വിട്ടുപിരിഞ്ഞ വി.എസ്. അച്യുതാനന്ദൻ.

ലോകത്തും ഇന്ത്യയിലും നടക്കുന്ന രാഷ്ട്രീയ ചലനങ്ങൾ അക്കാദമിക വിദ്യഭ്യാസമില്ലാത്ത വി. എസ് ഹൃദിസ്ഥമാക്കി. അത് യഥാർത്ഥത്തിൽ ഒരു കൊടുക്കലും വാങ്ങലുമായിരുന്നു. കമ്മ്യൂണിസ്റ്റ്‌ പാർട്ടി കൊടുത്തു, വി. എസിനെ പോലെയുള്ള ആയിരങ്ങൾ സ്കൂളിൽ പോയില്ലെങ്കിലും ലോക സംഭവവികാസങ്ങളടക്കം പഠിച്ചു. പഠിച്ചത് മനസ്സിൽ സൂക്ഷിക്കാൻ മാത്രമുള്ളതായിരുന്നില്ല. അത്തരം അറിവുകൾ പ്രായോഗിക പ്രവർത്തനത്തിനുള്ള വഴികാട്ടിയാണ്. ആ അറിവുകൾ വി.എസ് കുട്ടനാട്ടിലെ കർഷക തൊഴിലാളികളിലേക്കും ആലപ്പുഴയിലെ അധ്വാനിക്കുന്ന ഇതര വിഭാഗങ്ങളിലേക്കും പകർന്നുകൊടുത്തു.

അടിമസമാനമായ ജീവിതം നയിച്ച അക്കാലത്തെ പാവപ്പെട്ടവർക്ക് അത് വലിയ പഠനപരിപാടിയായിരുന്നു. ഈ പഠനപരിപാടിയും തങ്ങളുടെ പരിതാപകരമായ ജീവിതാവസ്‌ഥയിൽ മാറ്റമുണ്ടാക്കാനുള്ള പ്രചോദനമായി. അങ്ങനെയാണ് അവരിൽ അവകാശബോധം ഉണർന്നത്. അതോടെ ഗവണ്മെന്റ് തിട്ടൂരങ്ങളെ 'റാൻ' മൂളി അനുസരിച്ചവർ അനീതികളെ ചോദ്യം ചെയ്യാനാരംഭിച്ചു. മറ്റു പലയിടത്തും കാണാത്തതു പോലെ ആലപ്പുഴയിലെ തൊഴിലാളിവർഗ്ഗം അനീതിയും അക്രമവും അരങ്ങുതകർത്ത ദിവാൻ ഭരണത്തിനെതിരെ വാരിക്കുന്തമെടുത്ത് പോരാടിയത് ഇത്തരമൊരു പാശ്ചാത്തലത്തിലാണ്.

ഈ സമരസന്നദ്ധതയ്ക്ക് കമ്മ്യൂണിസ്റ്റ്‌ നേതാക്കന്മാർ ഊർജം നൽകി. അങ്ങനെ പുന്നപ്ര വയലാർ സമരം ജനകീയ പോരാട്ടചരിത്രത്തിൽ പ്രധാന സ്ഥാനം നേടി. വി.എസ് ഉൾപ്പെടെയുള്ള അക്കാലത്തെ നേതാക്കൾ ഈ പോരാട്ടത്തിന്റെ ഉത്പന്നങ്ങളാണ്. ത്യാഗപൂർണ്ണമായ ഒട്ടേറെ അനുഭവങ്ങൾക്കുടമകളുമാണ്. വി.എസിന്റെ ജീവിതത്തിൽ അക്കാലത്തെ കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ അനുഭവിച്ച ത്യാഗത്തിന്റെ ഒട്ടേറെ അധ്യായങ്ങൾ കാണാം. ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവ് ഉയർന്നുവരുന്നത് ഒരു ദിവസം കൊണ്ടല്ല, മേൽപറഞ്ഞ സമര- സംഘടനാ പ്രവർത്തനങ്ങളിലൂടെ രൂപപ്പെടുന്നതാണ്.

ലോകത്തും ഇന്ത്യയിലും നടക്കുന്ന രാഷ്ട്രീയ ചലനങ്ങൾ അക്കാദമിക വിദ്യഭ്യാസമില്ലാത്ത വി. എസ് ഹൃദിസ്ഥമാക്കി. അത് യഥാർത്ഥത്തിൽ ഒരു കൊടുക്കലും വാങ്ങലുമായിരുന്നു. Photo credit/ AJ JOJI
ലോകത്തും ഇന്ത്യയിലും നടക്കുന്ന രാഷ്ട്രീയ ചലനങ്ങൾ അക്കാദമിക വിദ്യഭ്യാസമില്ലാത്ത വി. എസ് ഹൃദിസ്ഥമാക്കി. അത് യഥാർത്ഥത്തിൽ ഒരു കൊടുക്കലും വാങ്ങലുമായിരുന്നു. Photo credit/ AJ JOJI

വി. എസിന്റെ ജീവിതാന്ത്യത്തെതുടർന്ന് വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്ന ദുർവ്യാഖ്യാനങ്ങൾ ഗൗരവത്തോടെ കാണണം. 'വി.എസ് എല്ലാ നന്മകളുടെയും പ്രതീകമാണ്, കമ്മ്യൂണിസ്റ്റ്‌ പാർട്ടി മോശമാണ്' എന്ന നിലയിൽ അവ പ്രചാരണം നടത്തുന്നതായി കാണാം. എന്നാൽ ഒരു കമ്മ്യൂണിസ്റ്റ്‌നേതാവ് രൂപപ്പെടുന്നത് തുടക്കത്തിൽ പറഞ്ഞതു പോലെ കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നതിലൂടെയാണ്. ഓരോ കമ്മ്യൂണിസ്റ്റുകാരനും പാർട്ടിയുടെ നിർദ്ദേശമനുസരിച്ചു പ്രവർത്തിക്കുക, ഓരോ പ്രവർത്തകനും തന്റെ പ്രവർത്തനാനുഭവങ്ങൾ പാർട്ടിക്ക് നൽകുക. ഈ രണ്ട് കാര്യങ്ങളെ കുറിച്ചും പാർട്ടിയിൽ വിമർശനത്തിന്റെയും സ്വയം വിമർശനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുക. അതിൽ പോരായ്മകളുണ്ടെങ്കിൽ തിരുത്തലിനു വിധേയമാവുക.

വി.എസിന്റെ 80- ലധികം വർഷത്തെ ത്യാഗനിർഭരമായ പൊതുജീവിതം രൂപപ്പെട്ടത് ഇങ്ങനെയാണ്. ലക്ഷക്കണക്കിന് വരുന്ന നാനാവിഭാഗം ജനങ്ങളുടെ മനസ്സിൽ വി.എസ് ഇടം നേടിയത് അങ്ങനെയാണ്. ഒരു സാധാരണ തൊഴിലാളിയിൽ നിന്ന് അവകാശപോരാട്ടങ്ങളുടെ നേതൃസ്ഥാനത്തേക്കും ജനപ്രതിനിധിയായും ഭരണാധികാരിയായും മാറുകയും മറ്റെല്ലാ കമ്മ്യൂണിസ്റ്റ്‌ നേതാക്കളെയും പോലെ സഖാവ് വി.എസ് രൂപപ്പെട്ടതും മേൽപറഞ്ഞ പ്രക്രിയയിൽ കൂടിയാണ്. ഇതിൽനിന്ന് ഒരു ഭാഗം മാത്രം അടർത്തി വി.എസിനെ ചിത്രീകരിക്കുന്നത് ചരിത്രവിരുദ്ധം കൂടിയാണ്.

കമ്മ്യൂണിസ്റ്റ്‌ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചതുകൊണ്ടാണ് വി.എസ് പൊതുജീവിതത്തിലുടനീളം പോരാട്ടം നടത്തിയത്. തന്റെ ബോധം നഷ്ടപ്പെടുന്നതുവരെ പാർട്ടിക്കുവേണ്ടി അദ്ദേഹം ഉറച്ച നിലപാടുകൾ കൈക്കൊണ്ടു.
കമ്മ്യൂണിസ്റ്റ്‌ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചതുകൊണ്ടാണ് വി.എസ് പൊതുജീവിതത്തിലുടനീളം പോരാട്ടം നടത്തിയത്. തന്റെ ബോധം നഷ്ടപ്പെടുന്നതുവരെ പാർട്ടിക്കുവേണ്ടി അദ്ദേഹം ഉറച്ച നിലപാടുകൾ കൈക്കൊണ്ടു.

കമ്മ്യൂണിസ്റ്റ്‌ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചതുകൊണ്ടാണ് വി.എസ് പൊതുജീവിതത്തിലുടനീളം പോരാട്ടം നടത്തിയത്. തന്റെ ബോധം നഷ്ടപ്പെടുന്നതുവരെ പാർട്ടിക്കുവേണ്ടി അദ്ദേഹം ഉറച്ച നിലപാടുകൾ കൈക്കൊണ്ടു. അനീതിയും അഴിമതിയും എവിടെയുണ്ടായാലും അവിടെയെല്ലാം അദ്ദേഹം പ്രതിരോധമുയർത്തി. അനീതിയുടെയും അഴിമതിയുടെയും വക്താക്കൾ അദ്ദേഹത്തെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിച്ചു. എതിർപ്പുകൾക്ക് മുൻപിൽ അദ്ദേഹം കിഴടങ്ങിയില്ല. നിർഭയമായി അവയെ എതിരിട്ടു. അഴിമതിക്കെതിരെ സുപ്രീം കോടതിവരെ നിയമയുദ്ധം നടത്തി. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിന് ഉറച്ച നിലപാട് കൈക്കൊണ്ടപ്പോൾ ‘വെട്ടിനിരത്തൽ’ എന്നാക്ഷേപിച്ച ചില മാധ്യമങ്ങൾ ഇന്ന് അദ്ദേഹത്തെ പരിസ്ഥിതി സംരക്ഷകൻ എന്ന് വിളിക്കുന്നത് കൗതുകകരമാണ്

വി.എസ് എന്ന കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ ജീവിതം സമൂഹത്തിന് നൽകിയ സന്ദേശം വളരെ പ്രസക്തമാണ്- സാമൂഹിക നീതിക്കുവേണ്ടി പൊരുതുക, പാവപ്പെട്ടവരുടെ താല്പര്യങ്ങൾക്കു വേണ്ടി അടരാടുക.


Summary: Right-wing media are wrongly portraying V. S.'s death, pushing the idea that 'V. S. was all good and the Communist Party is bad,' says P. Jayarajan.


പി. ജയരാജൻ

സി.പി.എം സംസ്ഥാന സമിതി അംഗം. ‘കേരളം: മുസ്‍ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‍ലാം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments