ആഭ്യന്തരമന്ത്രി കേൾക്കണം, വാളയാർ കുഞ്ഞുങ്ങൾ സംസാരിക്കുന്നു; അമ്മയിലൂടെയും അച്ഛനിലൂടെയും

കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്നും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ തിരുവനന്തപുരം സെക്രട്ടറിയേറ്റിനുമുന്നിൽ സമരം തുടങ്ങിയിരിക്കുകയാണ്. എറണാകുളത്ത് വി എം മാർസൻ എന്ന സാമൂഹ്യപ്രവർത്തകന്റെ വീട്ടിൽവെച്ച് അമ്മയോടും അച്ഛനോടും ട്രൂകോപ്പി തിങ്കിൻറെ പ്രിൻസിപ്പൽ കറസ്പോണ്ടൻറ് റിമ മാത്യു നടത്തിയ ദീർഘസംഭാഷണം.

വാളയാറിൽ പീഡനത്തിരയായി കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ അമ്മയും അച്ഛനും സഹോദരനും തുടർച്ചയായ നീതിനിഷേധങ്ങളുടേയും ഭീഷണികളുടേയും നടുവിലാണ്. കോവിഡുകാലത്ത് ഉപജീവനം പോലും ദുഷ്‌കരമായ സാഹചര്യത്തിലും പലകോണുകളിൽ നിന്നുയരുന്ന ഭീഷണികളിൽ ഭയന്ന് പത്ത് വയസ്സുള്ള മകനെ എറണാകുളത്ത് മാറ്റിനിർത്തിയിരിക്കുകയാണ് മാതാപിതാക്കൾ.

നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രിയുൾപ്പടെയുള്ളവർ നൽകിയ വാക്കിൽ വിശ്വസിച്ചാണ് ദീർഘകാലം ഇവർ മുന്നോട്ടുപോയത്. പിന്തുണയും വാഗ്ദാനങ്ങളും നൽകി കൂടെക്കൂടിയ ജാതിസംഘടനകളും രാഷ്ട്രീയക്കാരും വഞ്ചിക്കുകയായിരുന്നു എന്ന് ഇവർ ആരോപിക്കുന്നു. നീതിക്ക് വേണ്ടിയുള്ള ഇവരുടെ ദുരിതയാത്ര ഇപ്പോൾ വന്നുനിൽക്കുന്നത് കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നു എന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ എം.ജെ. സോജന് എസ്.പി. ആയി സ്ഥാനക്കയറ്റം നൽകിയതിനെതിരെ തെരുവിൽ പ്രതിഷേധിക്കേണ്ടിവന്ന സാഹചര്യത്തിലാണ്.

സാമൂഹ്യസാഹചര്യങ്ങളിലും വിദ്യാഭ്യാസത്തിലും സ്വാധീനങ്ങളിലും പിന്നാക്കം നിൽക്കുന്ന ഒരു ദളിത് കുടുംബത്തിന് സ്വാഭാവികമായി ലഭിക്കുന്ന ഒന്നല്ല ഇന്നും ഈ നാട്ടിൽ നീതി.

അടിസ്ഥാനജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട ഈ മനുഷ്യർ ബാല്യം മുതൽ നേരിടേണ്ടി വന്ന കയ്‌പേറിയ അനുഭവങ്ങൾ പങ്കുവെക്കുകയാണ്. കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും നേരെ നടക്കുന്ന ലൈംഗികവും അല്ലാത്തതുമായ വയലൻസ്, വയലൻസ് ആണ് എന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത തരത്തിലുള്ള സാമൂഹികമായ നിരക്ഷരതയും നിസ്സഹായാവസ്ഥയുമുള്ള ഒരു സമൂഹത്തിന്റെ യഥാർത്ഥ ചിത്രം ഈ സംഭാഷണത്തിലുണ്ട്. ഭരണകൂട സംവിധാനങ്ങൾ ഈ സമൂഹത്തിന്റെ ജീവനും ജീവിതത്തിനും ഒരു പരിഗണനയും ഒരു കാലത്തും നൽകിയിട്ടില്ല എന്നും കൊല്ലപ്പെട്ട കുഞ്ഞുങ്ങൾ അമ്മയുടേയും അച്ഛന്റേയും ശബ്ദത്തിൽ സമൂഹത്തോട് വിളിച്ച് പറയുകയാണ്.


Summary: കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്നും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ തിരുവനന്തപുരം സെക്രട്ടറിയേറ്റിനുമുന്നിൽ സമരം തുടങ്ങിയിരിക്കുകയാണ്. എറണാകുളത്ത് വി എം മാർസൻ എന്ന സാമൂഹ്യപ്രവർത്തകന്റെ വീട്ടിൽവെച്ച് അമ്മയോടും അച്ഛനോടും ട്രൂകോപ്പി തിങ്കിൻറെ പ്രിൻസിപ്പൽ കറസ്പോണ്ടൻറ് റിമ മാത്യു നടത്തിയ ദീർഘസംഭാഷണം.


റിമ മാത്യു

എഴുത്തുകാരി, മാധ്യമപ്രവർത്തക, ചലച്ചിത്രപ്രവർത്തക.

Comments