ഖേദത്തിൽ പ്രശ്‌നം തീരില്ല ഹരിഹരനെതിരെ ആർ.എം.പി നടപടിയെടുക്കണം

കേന്ദ്ര കമ്മറ്റിയംഗം കെ.എസ്. ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ എന്തു കൊണ്ടാണ് റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി നടപടിയെടുക്കാത്തത്? ഖേദ പ്രകടനത്തിലും മാപ്പു പറച്ചിലിലും തീരുന്നതല്ല ഹരിഹരൻ്റെ അശ്ലീല പരാമർശ പ്രശ്നം. ഹരിഹരനെതിരെ പാർട്ടി നടപടിയുണ്ടാവേണ്ടതുണ്ട്. സി. പി.എം നേതാവും വടകര ലോക്സഭാ സ്ഥാനാർത്ഥിയും മുൻമന്ത്രിയുമായ കെ.കെ. ഷൈലജ ടീച്ചറെയും അഭിനേതാവ് മഞ്ജു വാര്യരെയും കുറിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു നേതാവ് നടത്തിയ പരാമർശങ്ങൾ നാക്കുപിഴയുടെ ആനുകൂല്യം നൽകി വിട്ടുകളയാവുന്ന വിഷയമല്ല.

മറിച്ച് ഇൻ്റേണേലൈസ് ചെയ്യപ്പെട്ട പുരുഷാധികാരത്തിൻ്റെ സ്വാഭാവികമായ വഷളൻ ചിരിയുടെ അകമ്പടിയോടെ പുറത്തുവന്ന ബോധ്യമാണ്. ആർ.എം.പി. നേതാവ് ഹരിഹരൻ അത് പൊതുവേദിയിൽ വെച്ച് പറയുമ്പോൾ, അതിന് വേദിയിൽ ആർപ്പുവിളിയും കയ്യടിയും കിട്ടുമ്പോൾ ആ അശ്ലീല രാഷ്ട്രീയത്തിൻ്റെ വ്യാപ്തി കൂടുന്നുണ്ട്. കാരണം സമീപകാല രാഷ്ട്രീയ പൊതുമണ്ഡലത്തിൽ അതേ പാർട്ടിയുടെ നേതാവ് കെ. കെ രമ നേരിട്ട ലൈംഗികമായ അധിക്ഷേപങ്ങൾ, ആക്രമണങ്ങൾ എല്ലാം സമാനതകളില്ലാത്തതാണ്. സ്വന്തം പാർട്ടിയുടെ, സ്ത്രീയായ നേതാവ് നിരന്തരം ലൈംഗികമായി ആക്ഷേപങ്ങൾ നേരിടുന്ന അവസ്ഥയിലും മറ്റൊരു സ്ത്രീ നേതാവിനെ ഒരു അഭിനേതാവിനെ അതേ ലൈംഗികാധിക്ഷേപ മനോഭാവത്തോടെ ആർ.എം. പി. നേതാവ് പൊതുവേദിയിൽ അപമാനിച്ചിട്ടുണ്ടെങ്കിൽ ഇവരൊക്കെ സൈദ്ധാന്തികമായും രാഷ്ട്രീയമായും ചിന്തകളിൽ കൊണ്ടുനടക്കുന്ന ബോധവും വിശകലന ബോധവും എന്തായിരിക്കും?

ഖേദപ്രകടനം നടത്തിക്കൊണ്ട് ഹരിഹരൻ ഇട്ട ആദ്യ ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശം മറ്റുള്ളവർ ചൂണ്ടിക്കാണിച്ചു എന്നും അനുചിതമായി എന്നുമൊക്കെയാണ് പറയുന്നത്. നിങ്ങളുടെ രാഷ്ട്രീയ ചിന്തയുടെ വൈകല്യമാണ് അത്. നിങ്ങളിത്രയും കാലം പൊതുമണ്ഡലത്തിൽ പറഞ്ഞ എല്ലാ രാഷ്ട്രീയത്തേയും റദ്ദാക്കുന്ന ചിന്തയും പറച്ചിലുമാണത്. തിരുത്തേണ്ടത് അനുചിതമായ വാക്കല്ല, നവീകരിക്കേണ്ടത് നിങ്ങളുടെ രാഷ്ട്രീയ ചിന്തയാണ്.

ഹരിഹരൻ ആ തെറ്റു മനസ്സിലാക്കി മാപ്പു പറഞ്ഞ സ്ഥിതിയ്ക്ക് ഇനി വിവാദത്തിന് പ്രസക്തിയില്ല എന്ന് ആർ.എം. പി. നേതാവ് കെ.കെ.രമ പറയുന്നുണ്ട്. അങ്ങനെയല്ല, വിവാദത്തിന് തീർച്ചയായും പ്രസക്തിയുണ്ട്. മാപ്പു പറയുമ്പോൾ അത് വ്യക്തിയാണ് പറയുന്നത്. പരാമർശത്തെ കെ.കെ. രമ നിശിതമായി വിമർശിക്കുകയും തള്ളിക്കളയുകയും ചെയ്തിട്ടുമുണ്ട്. പക്ഷേ ഹരിഹരൻ്റെ പരാമർശം പാർട്ടിയുടെ ശിക്ഷാ നടപടിയിലൂടെ വേണം പരിഹരിക്കാൻ. അത് മാതൃകാപരമാവേണ്ടതുണ്ട്. അല്ലെങ്കിൽ കെ.കെ. രമയും കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളിലെ സ്ത്രീകളായ നേതാക്കളും പൊതുരംഗത്തുള്ളവരും മാധ്യമപ്രവർത്തകരുമൊക്കെ ലൈംഗികാധിക്ഷേപങ്ങൾ നേരിട്ട സമയത്ത്, അധിക്ഷേപം നടത്തിയവരെ അവരുൾപ്പെട്ട പാർട്ടിസംവിധാനങ്ങൾ, സംഘടനാ സംവിധാനങ്ങൾ, സംഘടിത ആൺ ബോധ ചട്ടക്കുടുകൾ എങ്ങനെയാണോ പെരുമാറിയത്, അതു തന്നെ ആവർത്തിക്കലാവും. കെ.കെ. രമ എന്ന രാഷ്ട്രീയ നേതാവ് ആർ.എം.പി യെ ആ ബോധത്തിലേക്ക് രാഷ്ട്രീയമായി സജ്ജമാക്കും എന്ന് കരുതാം.

കെ.എസ്. ഹരിഹരൻ ഒരു സൂചകമാണ്. ഇടതുപക്ഷത്തു നിൽക്കുമ്പോഴും വലതുപക്ഷത്തു നിൽക്കുമ്പോഴും എതിർ പക്ഷത്ത് നിൽക്കുന്നത് സ്ത്രീയാണെങ്കിൽ അവരെ ലൈംഗികമായി മാത്രം കാണാൻ ശീലിച്ച അരാഷ്ട്രീയ ബോധത്തിൻ്റെ സൂചകം. അത്രയും സ്വാഭാവികമായാണാ സ്ത്രീവിരുദ്ധത ചിന്തയിലും നാവിലും വരിക. മൈക്കിനു മുന്നിൽ നിന്ന ഹരിഹരൻ്റെ ചിന്ത നാട്ടുകാർ ഉറക്കെ കാണുകയും കേൾക്കുകയും ചെയ്തു എന്ന് മാത്രം. ഹരിഹരൻ്റെ സ്ത്രീവിരുദ്ധതയെ അതിമാരകമായ സ്ത്രീവിരുദ്ധത കൊണ്ട് നേരിടുന്ന മനുഷ്യരാണ് ചുറ്റിലുമുള്ളത്. ആരോഗ്യ മന്ത്രിയായിരുന്ന, സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ, ഒരാളെപ്പോലും തകർക്കാൻ ശരീരത്തെ കേന്ദ്രീകരിച്ച് ലൈംഗികമായ അശ്ലീലമായ അധിക്ഷേപം നടത്തിയാൽ മതി എന്നതാണ് പാർട്ടി ഭേദമെന്യേയുള്ള സാമാന്യ ബോധം. അത് എല്ലാ പാർട്ടികളുടേയും ഉന്നതാധികാര സമിതികളിലെ നേതാക്കളുടേതു മുതൽ ഈ വീഡിയോയുടെ താഴെ വരുന്ന കമൻ്റുകളിൽ പോലും കാണാം. വാക്കുകളിലേ വ്യത്യാസമുണ്ടാവുകയുള്ളൂ, ചിന്തയിലും ഇൻ്റൻഷനിലും ഒരു വ്യത്യാസവും കാണില്ല. ഇതിനു മുൻപ് എതിർപക്ഷത്തെ സ്ത്രീകളോട് ലൈംഗികാധിക്ഷേപം നടത്തിയിട്ടുള്ള നേതാക്കളുൾപ്പെടെയുള്ള ആളുകളുടെ എണ്ണമെടുക്കാനോ അവരെന്ത് പറഞ്ഞു എന്ന് വിശകലനം നടത്താനോ ആ പ്രവർത്തികൾക്ക് അവരുടെ മാതൃ സംഘടനകൾ, സ്ഥാപനങ്ങൾ എന്ത് നടപടിയെടുത്തു എന്നതിൻ്റെ ഫാക്റ്റ് ചെക്ക് നടത്താനോ ഇപ്പോൾ ശ്രമിക്കുന്നില്ല. എല്ലാം പബ്ലിക് ഡൊമൈനിൽ ഉണ്ട്. അതിനിവിടെ പ്രത്യേകമായ പ്രസക്തിയില്ല. പുതുമയും ഇല്ല. മാത്രമല്ല ആ ചരിത്രം പറഞ്ഞ് കൊണ്ട് ഹരിഹരൻ്റെ അധിക്ഷേപത്തെ ന്യായീകരിക്കുകയാണല്ലേ സാമാന്യവൽക്കരിക്കുകയാണല്ലേ വെളുപ്പിക്കുകയാണല്ലേ ഡാഷ് ഡാഷ് ഡാഷ് മോളേ എന്ന് ഇവിടെത്തന്നെ കാണുകയും ചെയ്യും.

കെ.എസ്. ഹരിഹരൻ എന്ന റവല്യൂഷണറി മാർക്സ്സിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മറ്റിയംഗത്തിനെതിരെ നടപടിയെടുക്കാനുള്ള വിവേകവും നീതിബോധവും ആർ.എം.പി കാണിക്കണം. അല്ലെങ്കിൽ അവർ ഇതുവരെ പറഞ്ഞു കൊണ്ടിരുന്ന സ്ത്രീപക്ഷ രാഷ്ട്രീയം വെറുതെയാണെന്നും പൊള്ളയാണെന്നും കരുതേണ്ടിവരും. കെ.കെ. ഷൈലജയെന്ന കേരളത്തിലെ കരുത്തയായ രാഷ്ട്രീയ നേതാവിനെയും മഞ്ജു വാര്യർ എന്ന കരുത്തയായ അഭിനേത്രിയേയും കെ.എസ്. ഹരിഹരൻ്റേതെന്നല്ല, ഒരു ഹരിഹരൻ്റേയും ഒരു പരാമർശവും ബാധിക്കാൻ പോകുന്നില്ല. പക്ഷേ ആർ.എം.പി, കെ.എസ്. ഹരിഹരനെതിരെയെടുക്കുന്ന നടപടി ഒരു മികച്ച രാഷ്ട്രീയത്തുടക്കമായിരിക്കും

Comments