മറക്കാതിരിക്കാം, ഇസ്രായേൽ- ഇന്ത്യ ബാന്ധവത്തിനുള്ള
ഗ്രീൻറൂം ചർച്ചകളിലെ ‘വിശ്വപൗര’നായിരുന്നു തരൂർ

1992- ലാണ് നരസിംഹറാവു സർക്കാർ ഇസ്രായേലുമായി ബന്ധമുണ്ടാക്കുന്നത്. ന്യൂയോർക്കിലും ടെൽഅവീവിലും ന്യൂദൽഹിയിലുമായി നടന്ന യു.എസ്- ഇസ്രായേൽ- ഇന്ത്യ ബാന്ധവത്തിനുവേണ്ടിയുള്ള ഗ്രീൻറൂം ചർച്ചകളിൽ ചെറുതല്ലാത്ത പങ്കുവഹിച്ച വിശ്വപൗരനാണ് ഇപ്പോഴത്തെ കോൺഗ്രസ് നേതാവായ ശശിതരൂരെന്ന കാര്യവും ഈ സന്ദർഭത്തിൽ ഓർക്കേണ്ടതാണ്. അതിന്റെ തുടർച്ചയായ പ്രതികരണമാണ് കോഴിക്കോട്ട് നടന്ന മുസ്‍ലിം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ, തരൂർ നടത്തിയത്.

ക്ടോബർ 26-ന് കോഴിക്കോട് കടപ്പുറത്ത് നടന്ന മുസ്‍ലിം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുഖ്യപ്രഭാഷകനായി എത്തിയ, നമ്മുടെ മാധ്യമങ്ങൾ വിശ്വപൗരനായി കൊണ്ടാടുന്ന, ശശിതരൂർ തന്റെ പ്രസംഗത്തിൽ, കഴിഞ്ഞ 75 വർഷക്കാലമായി ഇസ്രായേൽ ഭരണകൂടത്തിന്റെ നിർദ്ദയമായ കടന്നാക്രമണങ്ങൾക്കിരയാകുന്ന പലസ്തീൻ ജനതയുടെ പ്രതിരോധങ്ങളെ ഭീകരാക്രമണമായി വിശദീകരിച്ച് നടത്തിയ പരാമർശം വിവാദമായിരിക്കുകയാണ്. തങ്ങളുടെ അധിനിവേശ യുദ്ധങ്ങളുടെ ഇരകളെ ഭീകരവാദികളായി മുദ്രകുത്തി വേട്ടയാടുന്ന യു.എസ് സയണിസ്റ്റ് യുക്തിയിൽ നിന്നാണ് തരൂർ ഒക്ടോബർ 7-ന്റെ ഹമാസിന്റെ പ്രത്യാക്രമണത്തെ വിശദീകരിച്ചത്.

1980-കൾക്കുശേഷം അമേരിക്കൻ ലിബറിലസത്തിന്റെ ആരാധകരായ തരൂരിനെപോലുള്ള ഒരുപാട് ‘വിശ്വപൗര’ന്മാർ സയണിസ്റ്റ് അനുകൂലികളായി മാറിയിട്ടുണ്ടെന്നതും ഒരു രാഷ്ട്രമായി ജീവിക്കാനുള്ള പലസ്തീനികളുടെ അവകാശത്തിനുനേരെ ഇസ്രായേൽ നടത്തുന്ന കടന്നാക്രമണങ്ങളെ കുറിച്ച് ബോധപൂർവ്വം അജ്ഞത സൃഷ്ടിക്കാൻ അവർ പല തലങ്ങളിലും ശ്രമം നടത്തിയിട്ടുള്ളതെന്നും ലോകകാര്യങ്ങൾ ശ്രദ്ധിക്കുന്ന ഏവർക്കും അറിയാം. അവരുടെ നിലപാട് രക്തദാഹിയായ നെതന്യാഹുവിന്റെ ഹിംസാത്മക യുക്തിയിൽനിന്നുള്ളതാണ്.

ബെഞ്ചമിന്‍ നെതന്യാഹു

പലസ്തീൻകാർക്കും അറബികൾക്കും സമാധാനമാകാം, എന്നാൽ ഇസ്രായേൽ അതിന്റെ അധിനിവേശ പ്രദേശങ്ങൾ വിട്ടുകൊടുക്കില്ല എന്ന നിലപാടാണ് തീവ്രവലതുപക്ഷക്കാരനായ നെതന്യാഹു എക്കാലവും സ്വീകരിച്ചിട്ടുള്ളത്. ഈയൊരു സയണിസ്റ്റ് നിലപാടിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രചാരകരാണ് തരൂരിനെപോലുള്ളവർ. അവർക്ക് കിട്ടാവുന്ന എല്ലാ വേദികളിലും അവസരങ്ങളിലും അവർ ഇസ്രായേൽ അനുകൂല പൊതുബോധം സൃഷ്ടിക്കാനാണ് എല്ലാ കാലത്തും ശ്രദ്ധിച്ചിട്ടുള്ളത്. അമേരിക്കൻ പ്രസിഡണ്ട് ക്ലിന്റനും ഇസ്രായേലിലെ ലേബർപാർട്ടി പ്രധാനമന്ത്രിയായിരുന്ന ഇസ്ഹാക്ക് റാബിനുമെല്ലാം ഒസ്ലോ ഉടമ്പടിയുടെ നിലപാടിൽനിന്ന് ഇസ്രായേലിനൊപ്പം പലസ്തീൻ രാഷ്ട്രവും നിലവിൽ വരണമെന്ന് വാദിച്ചവരാണ്.

പ്രസിഡണ്ട് ജിമ്മി കാർട്ടറുടെ കാലത്ത് ഇസ്രായേലും സിറിയയും പലസ്തീൻ നേതാവ് യാസർ അറഫാത്തും അമേരിക്കയുടെ കാർമ്മികത്വത്തിലുണ്ടാക്കിയ കരാർ ഗോലാൻകുന്നുകളും ജെറുസലേമും പലസ്തീന് വിട്ടുകൊടുക്കണമെന്നും സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപീകരിക്കണമെന്നുമുള്ളതാണ്. എന്നാൽ ഈ കരാറിനെ ലികുഡ് പാർട്ടിയോ അതിന്റെ നേതാവായ നെതന്യാഹുവോ അംഗീകരിച്ചിരുന്നില്ല. നെതന്യൂഹു അധികാരത്തിലെത്തിയ ഉടനെ അമേരിക്കയുടെ കാർമ്മികത്വത്തിലുണ്ടായ കരാറുകൾ ലംഘിക്കുകയും കിഴക്കൻ ജെറുസലേം തലസ്ഥാനമായുള്ള പലസ്തീൻ രാഷ്ട്രത്തെ അനുവദിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.

മാത്രമല്ല, ഇപ്പോൾ പലസ്തീൻ സ്വയംഭരണമേഖലയായ വെസ്റ്റ് ബാങ്ക്, ഗാസ പ്രദേശത്തുള്ള ജൂത കുടിയേറ്റ മേഖലകൾ അവിടെതന്നെ നിലനിർത്തുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു, നെതന്യാഹു ഭരണകൂടം. ഈ വ്യവസ്ഥകളിലാണ് പലസ്തീനും അറബികൾക്കും സമാധാനമുണ്ടാക്കാമെന്ന് വാദിച്ചത്. ഈയൊരു വാദം തന്നെയാണ് ശശി തരൂരിനെപോലുള്ളവർ കൊണ്ടുനടക്കുന്നത് എന്ന കാര്യമറിയാതെയാവാം ലീഗ് നേതാക്കൾ അയാളെ ക്ഷണിച്ചുകൊണ്ടുവന്നത്. പലസ്തീൻ പ്രശ്‌നത്തെയും ഇപ്പോൾ ഗാസയിൽ നടക്കുന്ന കൂട്ടക്കൊലകളെയും അതിന്റെ ചരിത്രപരതയിൽനിന്ന് അടർത്തിയെടുത്ത്, ഹമാസ് ഒക്ടോബർ 7-ന് നടത്തിയ ആക്രമണമാണ് ഇസ്രായേൽ യുദ്ധത്തിന് കാരണമായത് എന്ന് വരുത്തി ഗാസയിലെ കൂട്ടക്കൊലകൾക്ക് ന്യായം തേടുകയാണ് ശശി തരൂരിനെപോലുള്ളവർ ചെയ്തുകൊണ്ടിരിക്കുന്നത്.

കോഴിക്കോട് നടന്ന മുസ്‌ലിം ലീഗിന്‍റെ പലസ്തീൻ ഐക്യദാർഢ്യ മഹാ റാലിയില്‍ നിന്ന്

അന്താരാഷ്ട്രധാരണകളനുസരിച്ച് യു.എൻ പ്രമേയം അനുശാസിക്കുന്ന രീതിയിൽ പലസ്തീൻ രാഷ്ട്രം അനുവദിക്കില്ലെന്നും അവശിഷ്ട പലസ്തീനിൽ ജൂത കുടിയേറ്റം തുടരുമെന്നുമുള്ള കടന്നാക്രണപരമായ സമീപനമാണ് 1990-കളുടെ പകുതി മുതൽ നെതന്യാഹു ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ഇതിനായിട്ടുള്ള അന്താരാഷ്ട്ര അഭിപ്രായ രൂപീകരണത്തിനുവേണ്ടിയുള്ള ഇടപെടലുകൾ യു.എസ്- ജൂയിഷ് കൗൺസിലുകൾ വ്യാപകമായി ആരംഭിക്കുകയും ചെയ്തു. ഈയൊരു ആഗോള സാഹചര്യമാണ് ഇന്ത്യ- ഇസ്രായേൽ ബാന്ധവത്തിന് ആരംഭമിട്ടത്. 1948 മുതൽ ഇസ്രായേലുമായി നയതന്ത്രപരമായ ബന്ധം പുലർത്താത്ത രാജ്യമായിരുന്നു ഇന്ത്യ. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും നിലപാടുകൾ ഉപേക്ഷിച്ച് സയണിസ്റ്റ് ബാന്ധവത്തിലേക്ക് രാജ്യത്തെ എത്തിച്ച ഒരു പാർട്ടിയുടെ പ്രതിനിധി കൂടിയാണ് ശശി തരൂരെന്ന കാര്യം ലീഗുകാർ ഓർക്കേണ്ടതായിരുന്നു.

1992- ലാണ് നരസിംഹറാവു സർക്കാർ ഇസ്രായേലുമായി ബന്ധമുണ്ടാക്കുന്നത്. ന്യൂയോർക്കിലും ടെൽഅവീവിലും ന്യൂദൽഹിയിലുമായി നടന്ന യു.എസ്- ഇസ്രായേൽ- ഇന്ത്യ ബാന്ധവത്തിനുവേണ്ടിയുള്ള ഗ്രീൻറൂം ചർച്ചകളിൽ ചെറുതല്ലാത്ത പങ്കുവഹിച്ച വിശ്വപൗരനാണ് ഇപ്പോഴത്തെ കോൺഗ്രസ് നേതാവായ ശശിതരൂരെന്ന കാര്യവും ഈ സന്ദർഭത്തിൽ ഓർക്കേണ്ടതാണ്. 1993-ൽ അന്നത്തെ ഇസ്രായേൽ വിദേശകാര്യമന്ത്രിയെ ഇന്ത്യയിലെത്തിച്ചത് ഇങ്ങനെയൊക്കെ നടന്ന നയതന്ത്ര ആലോചനകളുടെ തുടർച്ചയിലാണെന്നും ആ ദിശയിലുള്ള ഉപജാപക- ഉപശാലവൃത്തങ്ങളിൽപ്പെട്ട വിശ്വപൗരനാണ് ശശിതരൂർ എന്നും മനസ്സിലാക്കേണ്ടതുണ്ട്.

കർസേവകർ ബാബരിമസ്ജിദ് തകർക്കുന്നു./ ഫോട്ടോ: പ്രവീൺ ജയിൻ/ ദി പ്രിൻറ്

ഇന്ത്യ- ഇസ്രായേൽ- യു.എസ് വിധ്വംസക സഖ്യത്തിനുള്ള തുടക്കമായിരുന്നു അത്. അന്ന് ദൽഹി പാലം വിമാനത്താവളത്തിൽ ഷിമോൺ പെരസിനെ സ്വീകരിച്ചത് റാവു സർക്കാരിലെ വിദേശകാര്യമന്ത്രിക്കൊപ്പം സുഷമ സ്വരാജിനെപോലുള്ള ബി.ജെ.പി നേതാക്കളും ചേർന്നായിരുന്നു. മണിശങ്കർ അയ്യർ സമീപകാലത്ത് പ്രസ്താവിച്ചതുപോലെ ഇന്ത്യയിലെ ആദ്യത്തെ ബി.ജെ.പി പ്രധാനമന്ത്രി നരസിംഹറാവു ആയിരുന്നു. 1992-ൽ ബാബ്‌റി മസ്ജിദ് ധ്വംസനം നടക്കുന്ന അതേ കാലയളവിലാണ് സയണിസ്റ്റ് ഭീകരരാഷ്ട്രവുമായി റാവുസർക്കാർ ബാന്ധവം ഉണ്ടാക്കിയതെന്ന കാര്യം മറന്നുകളയരുത്. ശശി തരൂരിനെപോലുള്ള ആളുകൾ പശ്ചിമേഷ്യയിലുടനീളം കുഴപ്പങ്ങൾ കുത്തിപ്പൊക്കുന്ന അമേരിക്കക്കും അവരുടെ ശിങ്കിടി രാജ്യമായ ഇസ്രായേലിനും കുഴലൂത്തുനടത്തുന്നവരാണ്.

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സമൃദ്ധമായ എണ്ണയും വാണിജ്യമേഖലകളും തങ്ങളുടെ നിയന്ത്രണത്തിലാക്കാനാണ് അമേരിക്കയും ബ്രിട്ടനും ഇസ്രായേലിനെ സൃഷ്ടിച്ചത്. ഇന്നും ഇസ്രായേലിനെ നിലനിർത്തുന്നത്, തങ്ങളുടെ പശ്ചിമേഷ്യൻ ഗുണ്ടയായി അടിമുടി ആയുധമണിയിച്ച് നിർത്തുന്നത് അമേരിക്കയാണ്. സയണിസ്റ്റ് ഭീകരരെ അറബ് രാജ്യങ്ങൾക്കും പലസ്തീൻ ജനതയ്ക്കുംനേരെ കയറൂരിവിടുന്നതിൽ അമേരിക്കക്കുള്ള പങ്ക് ആർക്കും നിഷേധിക്കാവുന്നതുമല്ല. നോബൽ സമ്മാന ജേതാവായ ജോസഫ് സ്റ്റിഗ്ലിസ് ഓരോ വർഷവും അമേരിക്ക ഇസ്രായേലിന് ഒരുക്കിക്കൊടുക്കുന്ന ബില്യൻ കണക്കിന് ഡോളറുകളുടെ ഞെട്ടിപ്പിക്കുന്ന കണക്ക് അനാവരണം ചെയ്തിട്ടുണ്ട്.

ജോസഫ് സ്റ്റിഗ്ലിസ്

1995-ൽ യു.എൻ അതിന്റെ 50-ാം വാർഷികം ആചരിച്ചപ്പോൾ ഔദ്യോഗികമായി ക്ഷണിക്കപ്പെട്ടിട്ടും ന്യൂയോർക്ക് മേയർ ഒരുക്കിയ ഒരു സംഗീതവിരുന്നിൽനിന്ന് യാസർ അറഫാത്തിനെ ഇറക്കിവിട്ട് അപമാനിച്ചതടക്കമുള്ള സംഭവങ്ങൾ അമേരിക്കൻ ഭരണകൂടത്തിലും ഐക്യരാഷ്ട്രസഭയിലുമെല്ലാം സയണിസ്റ്റുകൾക്കുള്ള സ്വാധീനത്തെയാണ് കാണിക്കുന്നത്. ലോകമെമ്പാടുമുള്ള വിമോചന പോരാളികളുടെ അഭിമാനമായ ഇന്ത്യ സ്വന്തം സഹോദരനായി സ്വീകരിച്ചിട്ടുള്ള യാസർ അറഫാത്തിനെ അപമാനിച്ചപ്പോൾ ഇന്ത്യയിൽ നിന്നുള്ള യു.എൻ ഉദ്യോഗസ്ഥനായ ശശി തരൂരിനെപോലുള്ള വിശ്വപൗരന്മാർ മൗനം പാലിക്കുകയായിരുന്നു.

ഒക്ടോബർ 7-ന്റെ ഭീകരാക്രമണമാണ് ഇസ്രായേൽ യുദ്ധത്തിന് കാരണമായത് എന്നു പറയുന്ന ശശി തരൂർ പലസ്തീനികൾക്കുനേരെ നടക്കുന്ന ചരിത്രത്തിലെ ഏറ്റവും നീചവും ക്രൂരവുമായ അധിനിവേശത്തെയും കൂട്ടക്കൊലകളെയും സംബന്ധിച്ച് കൗശലപൂർവ്വം അജ്ഞത പടർത്തുകയാണ്. ഇരകളെ കുറ്റവാളികളാക്കുന്ന, എല്ലാ ആക്രമണങ്ങൾക്കും കാരണം ഇരകളാണെന്ന് വരുത്തിതീർക്കുന്ന (Blaiming Victims) സയണിസ്റ്റുകളുടെ അധിനിവേശയുക്തിയാണ് ശശി തരൂരിന്റെ പ്രസംഗത്തിലൂടെ പുറത്തുവന്നത്. ലോകത്തിലെ വംശീയ ഭീകരരാഷ്ട്രമായി ഇസ്രായേലല്ല അവരുടെ ഭീകരാക്രമണങ്ങളിൽ സഹികെട്ട് പ്രത്യാക്രമണം നടത്തിയ ഗാസയിലെ ഹമാസാണ് യുദ്ധത്തിന് കാരണമെന്നുവരുത്തി ഇസ്രായേലിനെ വെള്ളപൂശുകയാണ് ശശി തരൂരുമാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഹമാസിന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിപ്പ് സൂക്ഷിക്കുമ്പോഴും അവർ ഗാസ ഭരിക്കുന്ന കക്ഷിയാണെന്ന കാര്യം കണക്കിലെടുത്തുകൊണ്ടാവണം ഇസ്രായേലിനെതിരായ അവരുടെ പ്രതിരോധത്തെ കാണേണ്ടത്.

യാസർ അറഫാത്ത്

പലസ്തീൻ ജനതക്ക് മനുഷ്യരായി ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ഗാസയിലെയും വെസ്റ്റ്ബാങ്കിലെയും ജനം പൊരുതുന്നത്. തങ്ങൾക്ക് ഒരു രാഷ്ട്രം വേണമെന്നും സ്വയംഭരണം വേണമെന്നുമുള്ള അവരുടെ നേതാക്കളുടെ ആവശ്യത്തെ എങ്ങനെയാണ് ലോകനേതാക്കൾക്ക് തള്ളിക്കളയാനാവുക, ലോകരാഷ്ട്രങ്ങൾക്ക് തള്ളിക്കളയാനാവുക, സുദീർഘമായ കോളനിവിരുദ്ധ വിമോചന ചരിത്രമുള്ള ഇന്ത്യപോലുള്ള രാജ്യത്തിന് തള്ളിക്കളയാനാവുക.

ഗാസയിലെ ജനങ്ങളുടെ ജീവിതത്തെയാണ് യുദ്ധവും ദശകങ്ങളായി തുടരുന്ന ഉപരോധവും തകർത്തിരിക്കുന്നത്. 2007 മുതൽ തുടരുന്ന ഇസ്രായേലിന്റെ മനുഷ്യത്വരഹിതമായ ഉപരോധത്തിനെതിരായാണ് ഗാസയിലെ ജനങ്ങൾ പോരാട്ടമാരംഭിച്ചത്. 2017-നുശേഷം തീവ്രഗതിയിലായ ജറുസലേമിലേക്കുള്ള ബലംപ്രയോഗിച്ചുള്ള കുടിയേറ്റങ്ങളെയും അതിനെ പ്രതിരോധിക്കുന്ന പലസ്തീനികളെ കൊന്നുകൂട്ടുന്നതിനും എതിരായ പ്രതിഷേധമാണ് ഒക്ടോബർ 7-ന്റെ പ്രത്യാക്രമണത്തിന് വഴിതെളിച്ചത്. യു.എൻ ജനറൽസെക്രട്ടറി ആന്റോണിയോ ഗുട്ടറസ് പറഞ്ഞതുപോലെ, ശൂന്യതയിൽ നിന്നല്ല ഒക്ടോബർ 7-ലെ ഹമാസിന്റെ ആക്രമണമുണ്ടായത്.

വർഷങ്ങളായി നിലനിൽക്കുന്ന ഉപരോധം സൃഷ്ടിച്ച നരകതുല്യമായ ജീവിതാവസ്ഥയാണ് പലസ്തീനികളെ ഹമാസിന്റെ പ്രതിരോധാക്രമണങ്ങളുടെ കൂടെ അണിനിരത്തുന്നതെന്ന് കാണണം. അന്യായവും മനുഷ്യത്വവിരുദ്ധവുമായ ഉപരോധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര സമ്മർദ്ദമാണ് ഇസ്രായേൽ ഭരണകൂടത്തിനെതിരായി ലോകനേതാക്കൾ വളർത്തിയെടുക്കേണ്ടത്. അല്ലാതെ ഇസ്രായേലിനെ അനുനയിപ്പിച്ചും ഗാസ ഭരണത്തെ ദുർബലമാക്കിയും ഗാസയിൽ സമാധാനമുണ്ടാക്കാനുള്ള ഇന്റലിജന്റസ് നയതന്ത്രം സയണിസ്റ്റ് അധിനിവേശതാല്പര്യങ്ങളെ മാത്രമാണ് സഹായിക്കുക. ശശി തരൂർ ഉൾപ്പെടെയുള്ള ആളുകൾ ഇസ്രായേൽ പ്രോക്തമായ ഇന്റലിജൻസ് നയതന്ത്രത്തിന്റെ ബൗദ്ധിക പ്രചാരകരാണെന്ന് കാണണം.

പശ്ചിമേഷ്യൻ മേഖലയിലെ സമാധാനത്തിനു തടസ്സം നിൽക്കുന്നത് ഇസ്രായേലാണെന്ന കാര്യം അന്താരാഷ്ട്ര സമൂഹം ചിരകാലമായി ഉന്നയിക്കുന്നതാണ്. ഗാസയും വെസ്റ്റ് ബാങ്കും ഒന്നും ഇസ്രായേലിന്റേതല്ല. സ്വന്തം മണ്ണിനെ കീഴടക്കുന്ന അധിനിവേശ ശക്തികൾക്കെതിരെ ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാൻ ഗാസയിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്ന കാര്യമാണ് ഇസ്രായേൽ ഭരണകൂടം നിരന്തരമായി നിഷേധിക്കുന്നത്. ഹമാസ് ഭീകരവാദപാർട്ടിയാണെന്ന ഇസ്രായേലിന്റെ വാദം സ്വന്തം ആക്രമണങ്ങളെയും നരഹത്യകളെയും മറച്ചുപിടിക്കാനുള്ള കുറുന്യായം മാത്രമാണ്. ചരിത്രത്തിൽ സമാനതകളില്ലാത്ത പാതകങ്ങളുടെ ആസൂത്രകരും പ്രയോക്താക്കളുമാണ് സയണിസ്റ്റുകൾ. അവരാണ് ലോകം കണ്ട ഏറ്റവും വലിയ ഭീകരവാദികെളന്ന കാര്യം അന്താരാഷ്ട്ര സമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞതാണ്.

1982-ലെ സാബ്രാ- ഷാറ്റില കൂട്ടക്കൊല മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ചതാണ്. ഈ പ്രദേശങ്ങളിലെ അഭയാർത്ഥിക്യാമ്പുകളിലെ അനാഥരാണ് ഹിസ്ബുള്ള പോലുള്ള ലെബനൻ പോരാളികളുടെ സംഘടനകൾക്ക് രൂപം നൽകിയത്. ഇസ്രായേൽ ഭീകരതയാണ് തീവ്രവാദപരമായ നിലപാടുകൾ സ്വീകരിച്ച പലസ്തീൻ യുവാക്കളെ ഹമാസ് അണികളാക്കിത്തീർത്തത്. 1987-ൽ രൂപംകൊണ്ട ഹമാസ് എന്ന ഇസ്‍ലാമിക ചെറുത്തുനിൽപ്പ് ഗ്രൂപ്പ് ആഗോള രാഷ്ട്രീയ ഇസ്ലാമിസത്തെ പിൻപറ്റുന്നവരാണെന്നത് ശരിയായിരിക്കുമ്പോൾതന്നെ ആരംഭകാലത്തെ നിലപാടുകളിൽ നിന്ന് അവരിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയും പരിഗണിക്കേണ്ടതുണ്ട്.

ഇസ്രായേലിനെതിരെ അനുരഞ്ജനരഹിതമായ പോരാട്ടമാണ് ഗാസാ സർക്കാർ ലക്ഷ്യമായെടുത്തിരിക്കുന്നത്. യു.എസ്- ഇസ്രായേൽ ഭീകരതക്കെതിരായ ഹമാസിന്റെ പ്രതിരോധങ്ങളെയാണ് സയണിസ്റ്റുകളും സാമ്രാജ്യത്വശക്തികളും ഭീകരപ്രവർത്തനമായി ചിത്രീകരിക്കുന്നത്. മുസ്‍ലിം ബ്രദർഹുഡിന്റെ മതാധിഷ്ഠിത ദർശനങ്ങൾ ഹമാസിനെ സ്വാധീനിക്കുമ്പോഴും പോരാട്ടത്തിന്റെ പ്രയാണഗതിയിൽ മതനിരപേക്ഷവും ജനാധിപത്യപരവുമായ നിലപാടുകൾ ഹമാസിലൊരു വിഭാഗം സ്വാംശീകരിച്ചിട്ടുണ്ടെന്നാണ് പല പശ്ചിമേഷ്യൻ വിദഗ്ധന്മാരും ചൂണ്ടിക്കാട്ടുന്നത്. പലസ്തീനിലെ അഗതികളും ദുർബലരുമായവരെ സഹായിക്കുന്ന വിപുലമായ ജീവകാരുണ്യപ്രവർത്തനങ്ങളും അഴിമതി ഉൾപ്പെടെയുള്ള സാമൂഹ്യ അപചയങ്ങൾക്കെതിരായ ഇടപെടലുകളുമാണ് ഹമാസിന്റെ ബഹുജനപിന്തുണക്ക് കാരണമായിട്ടുണ്ടെന്നും കാണണം.

ഖാലിദ് മിശ്ഹാൽ

ഫത്താ കക്ഷിയും ഹമാസുമെല്ലാം പശ്ചിമേഷ്യൻ മേഖലയിൽ അറബ് ദേശീയതയിലധിഷ്ഠിതമായ പലസ്തീനിന്റെ ദേശീയ സ്വത്വത്തിനുവേണ്ടിയാണ് പോരാടുന്നത്. ഹമാസ് നേതാവ് ഖാലിദ്മിശ്ഹാൽ ലോസ് ഏഞ്ചലസ് ടൈംസിലും ഗാർഡിയൻ പത്രത്തിലും നേരത്തെ എഴുതിയ ലേഖനങ്ങളുദ്ധരിച്ച് പല പശ്ചിമേഷ്യൻ വിദഗ്ധന്മാരും ഹമാസിന്റെ നിലപാടുകളിൽ വരുന്ന മാറ്റങ്ങളെ സൂചിപ്പിക്കുന്നുണ്ട്. പി.എൽ.ഒയുടെ സാമ്രാജ്യത്വവിരുദ്ധ- മതനിരപേക്ഷ ദേശീയതയെ സ്വാംശീകരിക്കുന്ന ഒരു പ്രക്രിയയിലൂടെയാണ് ഹമാസ് കടന്നുപോകുന്നത്. അതിനകത്തുതന്നെ കടുത്ത ഇസ്‍ലാമികവൽക്കരണം ആവശ്യപ്പെടുന്ന ഒരുവിഭാഗം പിടിമുറുക്കാൻ ശ്രമിക്കുന്നുണ്ടെന്നതും യാഥാർത്ഥ്യമാണ്. ഹമാസിന്റെ വിട്ടുവീഴ്ചയില്ലാത്ത ഇസ്രായേൽ വിരുദ്ധ നിലപാടുകളാണ് സാമ്രാജ്യത്വശക്തികളെ പ്രകോപിതരാക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ പ്രമേയവും അന്താരാഷ്ട്ര ധാരണകളുമനുസരിച്ചുള്ള പലസ്തീനിനോടൊപ്പം ഇസ്രായെലുമെന്ന നിലപാടിനെ ഇപ്പോൾ ഹമാസ് തള്ളിക്കളയുന്നില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

ലെബനനിലെ ഹിസ്ബുള്ളയെ പോലെ ഗാസയിൽ ഹമാസിനെ നിയമാനുസൃതമായ രാഷ്ട്രീയപാർട്ടിയായി അംഗീകരിക്കണമെന്ന ആവശ്യം സാർവ്വദേശീയ തലത്തിൽ സജീവമായി ഉയർന്നുവന്നിട്ടുണ്ട്. ഇതിന്റെ പ്രതിഫലനമാണ് മുൻ അമേരിക്കൻ പ്രസിഡണ്ട് ജിമ്മി കാർട്ടറിന്റെ അമേരിക്കൻ ഗവൺമെന്റിനോടുള്ള ആഹ്വാനം. ഹമാസ് ഒരു ഭികരവാദപാർട്ടിയല്ലെന്നാണ് മുൻ ഐറീഷ് പ്രസിഡന്റ് മേരി റോബിൻസണുമായി ചേർന്ന് ഫോറിൻ പോളിസി മാസികയിൽ കാർട്ടർ എഴുതിയ ലേഖനം പറയുന്നത്. ഒരു സ്വതന്ത്ര രാഷ്ട്രീയശക്തി എന്നനിലക്ക് ഹമാസിനെ തള്ളിക്കളയാനാവില്ലെന്നാണ് യു.എസിലെയും യൂറോപ്പിലെയും ഭരണാധികാരികളെ ഈ ലേഖനത്തിലൂടെ ഓർമ്മിപ്പിക്കുന്നത്. ഇസ്രായേൽ പ്രതിരോധസേന ഗാസയിൽ നടത്തുന്ന അക്രമണങ്ങൾക്ക് മനുഷ്യത്വപരമോ നിയമപരമോ ആയ ഒരു ന്യായീകരണവുമില്ലെന്നും ഹമാസിന്റെ അസ്ഥിത്വത്തെ ഇത്തരം അക്രമങ്ങളിലൂടെ ഇല്ലാതാക്കാൻ കഴിയുകയില്ലെന്നുമാണ് ലേഖനം തുറന്നുപറയുന്നത്.

പലസ്തീൻ ജനതയിൽ വലിയൊരു വിഭാഗത്തിന്റെ പിന്തുണയുള്ള ഹമാസിനെ നിയമാനുസൃത രാഷ്ട്രീയപാർട്ടിയായി അംഗീകരിച്ച് പലസ്തീനിലെ ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് പല ലോകനേതാക്കളും പ്രകടിപ്പിക്കുന്നത്. പലസ്തീൻ ജനതയുടെ വിധി നിർണയിക്കാൻ അവിടുത്തെ ജനങ്ങളെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയകക്ഷികൾക്ക് അധികാരമുണ്ടെന്ന കാര്യം നിഷേധിക്കാൻ പാടില്ലെന്ന് ബൊളീവിയ, ചിലി, പെറു തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികൾ ഇസ്രായേൽ ഭരണാധികാരികളെ താക്കീത് ചെയ്യുകയുണ്ടായി.

ഇസ്രായേൽ കമ്യൂണിസ്റ്റു പാർടി ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്, ഹമാസിനോടുള്ള വിമർശനവും വിയോജിപ്പും സയണിസ്റ്റ് അധിനിവേശത്തിനുള്ള സമ്മതമായി മാറാൻ പാടില്ലെന്നാണ്. പശ്ചിമേഷ്യയെ വംശീയവൽക്കരിച്ചതും സംഘർഷഭരിതമാക്കിയതും സാമ്രാജ്യത്വ ഭരണകൂടങ്ങളുടെ കയ്യിൽ കളിച്ച സയണിസ്റ്റ് നേതാക്കളാണ്. പലസ്തീൻ ബുദ്ധിജീവിയും വെസ്റ്റ്ബാങ്കിലെ രാമല്ല സർവ്വകലാശാല അധ്യാപികയുമായ ലിസാ തരാക്കി, ഗാസയെയും വെസ്റ്റ്ബാങ്കിനെയും കീഴടക്കി ഇസ്രായേൽ സൃഷ്ടിച്ച അധിനിവേശ ഭീകരതയാണ് ഹമാസ് പോലുള്ള ഗ്രൂപ്പുകൾക്ക് വളരാൻ സാഹചര്യമൊരുക്കിയതെന്നും അവർ അധിനിവേശ ഭീകരതയെ പ്രതിരോധിക്കയുമാണെന്നുമാണ് 'ജേർണൽ ഓഫ് പലസ്തീൻ സ്റ്റഡീസിൽ' എഴുതിയ ലേഖനത്തിൽ സൂചിപ്പിക്കുന്നത്.

ലിസാ തരാക്കി

ഹമാസിന്റെ മതാത്മകമായ കാഴ്ചപ്പാടുകളെ വിമർശിക്കുമ്പോഴും നിസ്സഹായമായ ഒരു ജനതയുടെ പ്രതിരോധത്തെ കുറ്റപ്പെടുത്താനാവില്ലെന്നാണ് ഗാസയിലെയും വെസ്റ്റ്ബാങ്കിലെയും അധിനിവേശ വിരുദ്ധപേരാട്ടങ്ങളെ വിശകലനം ചെയ്ത് ലിസ എഴുതുന്നത്. 2009-ൽ കോഴിക്കോട്ട് പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അവർ ഗാസയിൽ ഇസ്രായേൽ ഉപരോധം സൃഷ്ടിച്ച നരകതുല്യമായ മനുഷ്യജീവിതങ്ങളെക്കുറിച്ച് വിവരിക്കുകയുണ്ടായി. ഭൂരിപക്ഷ പലസ്തീനികളും ഭക്ഷണം, വസ്ത്രം തുടങ്ങി അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റാനുള്ള വരുമാനമോ തൊഴിലോ ഇല്ലാത്തവരാണ്. 50%ത്തിലേറെ യുവാക്കൾ തൊഴിൽരഹിതരാണ്. ഗാസയിലെ ജനങ്ങളുടെ നികുതിപണം പോലും ഇസ്രായേൽ ഗവൺമെന്റ് പിടിച്ചെടുക്കുകയാണ്. അറബ് രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായത്തെ ആശ്രയിച്ചാണ് 80% ജനങ്ങളും ജീവൻ നിലനിർത്തിപ്പോകുന്നത്. കൃഷിയിറക്കാനോ മത്സ്യബന്ധനം നടത്താനോ പലസ്തീനികളെ ഇസ്രായേൽ അനുവദിക്കുന്നില്ല. ഉപരോധം ഉപജീവനത്തിന്റെ വഴികളിൽ നിന്നും സാധ്യതകളിൽ നിന്നും ഭൂരിപക്ഷം പലസ്തീനികളെ പറിച്ചെറിയുകയാണ്. ആരോഗ്യചികിത്സാരംഗം പൂർണമായി തകർന്നിരിക്കുന്നു. വൈദ്യസേവനം ബഹുഭൂരിപക്ഷത്തിനും അപ്രാപ്യമാണ്. ഉപരോധം മൂലം മരുന്നുകളും പലസ്തീനിൽ ലഭ്യമല്ല. 16 മണിക്കൂർ വൈദ്യുതികട്ട് മൂലം പരിക്കേൽക്കുന്നവർക്ക് സർജറി ഉൾപ്പെടെയുള്ള ചികിത്സാസൗകര്യം നൽകാനാവാത്ത സാഹചര്യമാണ്. ഗാസയിലെ പ്രധാന പവര്‍‌ സ്റ്റേഷനുകളെല്ലാം ഇസ്രായേൽ തകർത്തുകളഞ്ഞു. വെളിച്ചവും വെള്ളവും ഭക്ഷണവുമില്ല. ഒക്ടോബർ 7-നുശേഷം ഗാസ ചോരയിൽ മുങ്ങിമരിക്കുകയാണ്. വ്യോമാക്രമണങ്ങളും ഉപരോധങ്ങളും കൂട്ടക്കൊലകളും പട്ടിണിയും സൃഷ്ടിക്കുന്നു. എല്ലാ അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമായി ആശുപത്രികളും അഭയാർത്ഥി ക്യാമ്പുകളും പലായനം ചെയ്യുന്ന ജനക്കൂട്ടങ്ങൾക്കും നേരെയും ബോംബുവർഷം തുടരുന്നു.

Comments