ന്യൂനപക്ഷങ്ങളെയും കർഷകരെയും കൊലയ്​ക്കുകൊടുക്കുന്ന സഭയുടെ റബർ രാഷ്​ട്രീയം

1947-ലെ റബർ ആക്ട് റദ്ദ് ചെയ്തതും റബർ ഉൾപ്പെടെയുള്ള തോട്ടവിളകൾക്കുള്ള കമ്മോഡിറ്റി ബോർഡുകളെ നിശ്ചലമാക്കിയതും ബി.ജെ.പി സർക്കാരാണ്. അതിന്റെ തുടർച്ചയിലാണ് റബർ വിലയിടിഞ്ഞത്​. ഇക്കാര്യങ്ങളൊന്നും ഓർക്കാതെ നസ്രയേത്തിൽ നിന്ന്​ നന്മ പ്രതീക്ഷിക്കാമെന്ന് പ്രസംഗിച്ച് നടക്കുന്ന വൈദികേശ്രഷ്ഠരുടെ രാഷ്ട്രീയം ന്യൂനപക്ഷങ്ങളെയും റബർ കർഷകരെയും കൊലയ്ക്ക് കൊടുക്കുന്നതാണെന്ന് പറയാതിരിക്കാൻ വയ്യ.

ലശ്ശേരി ആർച്ച് ബിഷപ്പ് കുടിയാൻ മലയിലെ ഒരു കർഷകറാലിയെ അഭിസംബോധന ചെയ്​ത്,​ റബ്ബർവില 300 രൂപയാക്കാമെങ്കിൽ ബി.ജെ.പിക്ക് കേരളത്തിൽ ഒരു എം.പിയില്ലാത്ത വിഷമം തീർത്തുതരാമെന്ന രീതിയിൽ നടത്തിയ പ്രസ്താവന വിവാദപരമായി ചർച്ച ചെയ്യപ്പെടുകയാണല്ലോ. രാജ്യമെമ്പാടും ക്രിസ്ത്യൻ മതവിശ്വാസികൾ ഉൾപ്പെടെ ന്യൂനപക്ഷ സമൂഹങ്ങൾക്കെതിരായി ഹിന്ദുത്വവാദികൾ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ പ്രസ്താവന പ്രകോപനപരവും അങ്ങേയറ്റം അപലപനീയവുമായി തീർന്നിരിക്കുന്നത്.

ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രഗ്രസ്​തമായ വിചാരധാരയുടെ 12-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്നത്, മുസ്​ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും ഉന്മൂലനം ചെയ്യപ്പെടേണ്ട ആഭ്യന്തര ശത്രുക്കളാണെന്നാണ്.
യു.പി.എ സർക്കാരിനെ തുടർന്ന് അധികാരത്തിലെത്തിയ ​നരേന്ദ്ര മോദി സർക്കാർ ഉദാരവൽക്കരണനയം തീവ്രമാക്കിക്കൊണ്ട് എല്ലാവിധ കാർഷിക ഉൽപന്നങ്ങളുടെയും വിലയിടിക്കുകയും കൃഷിയെ കോർപറേറ്റ്​വൽക്കരിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. 1947-ലെ റബർ ആക്ട് റദ്ദ് ചെയ്തതും റബർ ഉൾപ്പെടെയുള്ള തോട്ടവിളകൾക്കുള്ള കമ്മോഡിറ്റി ബോർഡുകളെ നിശ്ചലമാക്കിയതും ബി.ജെ.പി സർക്കാരാണ്. അതിന്റെ തുടർച്ചയിലാണ് റബർ വിലയിടിവ് ഇന്നത്തെ പരിതാപകരമായ അവസ്ഥയിലേക്കെത്തിയത്. ഇക്കാര്യങ്ങളൊന്നും ഓർക്കാതെ നസ്രയേത്തിൽ നിന്ന്​ നന്മ പ്രതീക്ഷിക്കാമെന്ന് പ്രസംഗിച്ച് നടക്കുന്ന വൈദികേശ്രഷ്ഠരുടെ രാഷ്ട്രീയം ന്യൂനപക്ഷങ്ങളെയും റബർ കർഷകരെയും കൊലയ്ക്ക് കൊടുക്കുന്നതാണെന്ന് പറയാതിരിക്കാൻ വയ്യ.

തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

1998-ലെ ഗുജറാത്തിലെ ക്രിസ്ത്യൻവിരുദ്ധ കലാപം തൊട്ട് വളരെ സംഘടിതവും ആസൂത്രിതവുമായ വേട്ടയാടലുകളാണ് ക്രിസ്ത്യൻ മതവിശ്വാസികൾക്കുനേരെ നടന്നിട്ടുള്ളത്. 1999-ൽ ഗ്രഹാം സ്‌റ്റൈൻസിനെയും മക്കളായ ഫിലിപ്പിനെയും തിമോത്തിയെയും വിശ്വഹിന്ദുപരിഷത്തുകാർ ചുട്ടുകൊല്ലുകയായിരുന്നു. അതിന് നേതൃത്വം കൊടുത്ത ധാരാസിംഗുമാരുടെ പ്രസ്ഥാനമാണ് ബി.ജെ.പിയും ആർ.എസ്.എസുമെന്ന് എം.പിയില്ലാത്ത അവരുടെ സങ്കടം തീർക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന വൈദികപ്രമുഖർ മറന്നുപോകരുത്. 2008-ൽ ഒഡീഷയിലെ കന്ധമാലിൽ നടന്ന ക്രിസ്ത്യൻ വിരുദ്ധ കലാപത്തിൽ ആർ.എസ്.എസുകാർ 38 നിരപരാധികളായ മനുഷ്യരെയാണ് കൊല ചെയ്തത്​. 40-ലേറെ സ്ത്രീകളാണ് അവിടെ റേപ്പിനിരയായത്​. 300-ലധികം പള്ളികളാണ് അവിടെ തകർക്കപ്പെട്ടത്. 60000-ഓളം ക്രിസ്ത്യൻ മതവിശ്വാസികളാണ് കന്ധമാലിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നത്. ഇതേ കാലഘട്ടത്തിൽതന്നെയാണ് ശ്രീരാമസേനയും ബജ്‌റംഗദളും കർണാടകയിൽ ക്രിസ്ത്യൻ മതവിശ്വാസികൾക്കിടയിൽ സംഘടിത കലാപങ്ങൾ നടത്തിയത്.

ഒഡിഷയിലെ ക്രിസ്ത്യൻ വേട്ടയ്‌ക്കെതിരെ പ്രാർത്ഥനായോഗം നടത്തി പ്രതിഷേധിച്ചതിനാണ് മംഗലാപുരം ഉൾപ്പെടെയുള്ള നഗരങ്ങളിൽ ക്രിസ്ത്യൻ വേട്ട നടന്നത്. 2014-നുശേഷം വ്യാപകമായതോതിൽ ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കും വിശ്വാസികൾക്കുമെതിരെ ആക്രമണം നടന്നു. പല പ്രദേശങ്ങളിൽ നിന്നും കുടിയൊഴിപ്പിച്ചു. മതപരിവർത്തനമാരോപിച്ച് സുവിശേഷകരെയും കന്യാസ്ത്രീകളെയും തുടർച്ചയായി ആക്രമിച്ചു. 2015-ലാണ് ഡൽഹിയിൽ ക്രിസ്ത്യൻ ദേവാലയങ്ങൾക്കുനേരെ ആക്രമണങ്ങളാരംഭിച്ചത്. ഡൽഹി ദിൽഷാദ് ഗാർഡനിലെ സെൻറ്​ സെബാസ്റ്റ്യൻ ചർച്ച്, വസന്ത്കുഞ്ചിലെ സെൻറ്​ അൽഫോൺസ ചർച്ച്, ഔട്ടർ ഡൽഹിയിലെ ഔവർ ലേഡി ഓഫ്‌ ഗ്രേസസ്​ ചർച്ച് തുടങ്ങി എത്രയെത്ര പള്ളികൾക്കുനേരെയാണ് ആക്രമണങ്ങൾ നടന്നത്.

Photo: Gauri Lankesh News

2021 മാർച്ചിലാണ്​ ഡൽഹിയിൽ നിന്ന് ഒഡിഷയിലേക്ക് യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീകളെ ട്രെയിനിൽവെച്ചും പിന്നീട് ഝാൻസി റെയിൽവെസ്റ്റേഷനിൽ വെച്ചും ആക്രമിച്ചത്. ആ അക്രമി സംഘത്തിൽ ഒരു മലയാളിയും ഉണ്ടായിരുന്നുവെന്ന കാര്യം കേരളത്തിൽ ബി.ജെ.പിക്ക് എം.പിയില്ലെന്ന സങ്കടം തീർക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന വൈദികർ ഓർക്കുന്നത് നന്ന്. 2022-ൽ ഉത്തരാഖണ്ഡിലെ റൂർക്കിയിൽ 300-ഓളം വരുന്ന സംഘപരിവാർ ക്രിമിനലുകൾ കൂട്ടത്തോടെ വന്നാണ് ക്രിസ്ത്യൻ പള്ളികൾ ആക്രമിച്ച് പൊളിച്ചത്. 2021 ഡിസംബറിലാണ് മധ്യപ്രദേശിലെ ഗെഞ്ച്ബസോഡ കാമ്പസിലുള്ള സെൻറ്​ ജോസഫ് സ്കൂൾ ആക്രമിച്ചത്. കർണാടകയിലെ ബേലൂരിൽ ക്രിസ്ത്യൻ പ്രാർത്ഥനായോഗങ്ങൾകൂടി നടത്താൻ ബജ്‌റംഗദളുകാർ അനുവദിക്കുന്നില്ല. കർണാടകയിലെ ഹുബ്ബള്ളിയിൽ പള്ളി കയ്യേറിയാണ് ആർ.എസ്.എസുകാർ ഭജന നടത്തിയത്. ഹസൻജില്ലയിലും ബെലഗാവിയിലും എത്രയെത്ര പള്ളികളാണ് അക്രമത്തിനിരയായത്.

ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിൽ മതനിരോധനനിയമം കൊണ്ടുവന്നിരിക്കുകയാണ്. ക്രിസ്തുമസ് ആഘോഷം പോലും നടത്താൻ ആർ.എസ്.എസുകാർ അനുവദിക്കുന്നില്ല. ഏറ്റവുമൊടുവിൽ ഛത്തീസ്ഗഡിലെ നാരായൺപൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന്​ ക്രിസ്ത്യൻ മതവിശ്വാസികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുകയും അടിച്ചിറക്കുകയുമാണ് ചെയ്തത്. ഇതൊന്നും മനസ്സിലാക്കാതെ ക്രിസ്ത്യൻ മതവിശ്വാസികളെക്കൊണ്ട് ബി.ജെ.പിക്ക് വോട്ട് ചെയ്യിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്ന വൈദിക ശ്രേഷ്ഠർ എന്തായാലും ക്രിസ്തുവിന്റെ സുവിശേഷപാതയിൽ ചരിക്കുന്നവരാണെന്ന് പറയാനാവില്ല. നാസി ജർമ്മനിയിൽ ഹിറ്റ്​ലറെ സ്തുതിക്കുകയും നാസികളുടെ ജൂതവിരോധം പങ്കിടുകയും ചെയ്ത സഭാ നിലപാടുകൾ എത്രത്തോളം കുറ്റകരമായിരുന്നുവെന്ന് പിൽക്കാലത്ത് സഭ തന്നെ ഏറ്റുപറഞ്ഞിട്ടുണ്ടെന്നകാര്യം ബി.ജെ.പിക്ക് സീറ്റുണ്ടാക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന വൈദിക ശ്രേഷ്ഠർ ഓർമ്മിക്കുന്നത് നന്ന്.

ആർ.എസ്.എസ് പ്രവർത്തകരുടെ റാലി / Photo: Wikipedia

ഇന്ത്യയൊട്ടാകെ വിഭജനവും വിദ്വേഷവും സൃഷ്ടിക്കുന്ന ആർ.എസ്.എസ് രാഷ്ട്രീയത്തെ ഇഞ്ചോടിഞ്ച് പ്രതിരോധിച്ച് മുന്നോട്ടുപോകുന്ന മതനിരപേക്ഷ സമൂഹമാണ് കേരളം. ആ ഒരു തിരിച്ചറിവ് മനുഷ്യരുടെ സമാധാനവും സാഹോദര്യപൂർവ്വവുമായ ജീവിതവും ആഗ്രഹിക്കുന്ന എല്ലാവർക്കുമുണ്ടാകണം. ഭൂമിയിൽ സന്മനസ്സുള്ളവർക്കേ സമാധാനമുണ്ടാകൂ എന്ന ബൈബിൾ വചനത്തിന്റെ അർത്ഥം മനുഷ്യരുടെ സമാധാനം തകർക്കുന്ന ദുരധികാരശക്തികൾക്കെതിരായ പോരാട്ടത്തിനുള്ള സന്നദ്ധതയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ആർ.എസ്.എസിന്റെ കേരള അജണ്ട എന്ത് എന്ന് മനസ്സിലാക്കുമ്പോഴേ അവരുടെ സോഷ്യൽ എഞ്ചിനീയറിംഗിന്റെ വലക്കണ്ണികൾ വീഴാതിരിക്കാനുള്ള സാമൂഹ്യരാഷ്ട്രീയ ജാഗ്രത സൂക്ഷിക്കാൻ കഴിയൂ.
കമ്യൂണിസത്തെ ഈ ഭൂമുഖത്തുനിന്ന്​ തുടച്ചുനീക്കണമെന്നാഗ്രഹിക്കുന്ന ആഗോള ഫൈനാൻസ് മൂലധനത്തിന്റെ അക്രമോത്സുകമായ ഇന്ത്യൻ പ്രത്യയശാസ്ത്രമായി ഹിന്ദുരാഷ്ട്രവാദം മാറിയിരിക്കുകയാണ്. ഇന്ത്യൻ സമൂഹത്തിലെ ജാതി- മത- ഗോത്ര- വർണാധികാര വ്യവസ്ഥയിലധിഷ്ഠിതമായ ജന്മി നാടുവാഴിത്ത ഘടനയെ പരിരക്ഷിച്ച്​ തങ്ങളുടെ അധീശത്വം തുടരാനായി കൊളോണിയൽ മൂലധനശകതികൾ ജന്മം നൽകി വളർത്തിയെടുത്തതാണ് ഹിന്ദുരാഷ്ട്രവാദത്തെയും ആർ.എസ്.എസിനെയും. നാം ഒന്നാമതായി ഹിന്ദുക്കളാണെന്നും നമ്മുടെ ദേശീയത ഹിന്ദുരാജ്യാഭിമാനമാണെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് ഹിന്ദുമഹാസഭയും ആർ.എസ്.എസും പ്രവർത്തനമാരംഭിച്ചത്. ചരിത്രത്തെയും വേദേതിഹാസങ്ങളെയും ദുർവ്യാഖ്യാനം നടത്തിക്കൊണ്ടാണ് ദേശദ്രോഹത്തിന്റെ ഈ പ്രത്യയശാസ്ത്ര പദ്ധതി ആവിഷ്‌കൃതമായത്.

ഇന്ത്യൻ നാടുവാഴിത്ത രാജഭരണത്തെയും ഫ്യൂഡൽ മതാത്മകതയെയും ദേശീയതയായും ദേശസ്നേഹമായും ഇക്കൂട്ടർ നിർവചിക്കുന്നു. കൊളോണിയൽ ഭരണത്തിന്റെ അഴുക്കുചാലുകളിൽ നിന്നാണ് രാജ്യേദ്രാഹത്തിന്റെ ഈ കൂത്താടികൾ പെറ്റുപെരുകിയതെന്ന കാര്യം പലരും വിസ്മരിച്ചുകളയുകയാണ്. വിചാരധാരയിലെ ‘ആന്തരിക ഭീഷണികൾ' എന്ന ലേഖനത്തിലെ മൂന്ന് ഉപശീർഷകങ്ങൾ അവരുടെ രാഷ്ട്രീയ അജണ്ട എന്താണെന്ന് മറയില്ലാതെ വ്യകതമാക്കിത്തരുന്നതാണ്. മുസ്​ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളും ഹിന്ദുരാജ്യാഭിമാനികൾക്ക് കുഴിച്ചുമൂടേണ്ട ആഭ്യന്തര ശത്രുക്കളായിട്ടാണ് ഗോൾവാൾക്കർ അക്കമിട്ട് പറഞ്ഞിട്ടുള്ളത്.

1940-ലാണ് എം.എസ്. ഗോൾവാൾക്കർ ആർ.എസ്.എസിന്റെ സർസംഘ്ചാലക് ആയി ചുമതലയേൽക്കുന്നത്. ആർ.എസ്.എസ് സ്ഥാപകനായ ഹെഡ്‌ഗേവാറും ഹിന്ദുരാഷ്ട്രവാദത്തിന്റെ പിതാവായ സവർക്കറുമെല്ലാം ദേശീയതയെ ഹിന്ദുത്വമായി നിർവചിക്കുകയും മുസ്​ലിം ജനസമൂഹങ്ങളുടെ അപരവൽക്കരണത്തിലൂടെ സങ്കുചിതമായ ഹിന്ദു വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. ഹിന്ദു- മുസ്​ലിം മൈത്രിയെയും ഗാന്ധിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് വിരുദ്ധ ദേശീയ സ്വാതന്ത്ര്യ സമരത്തെയുമാണ് പ്രധാനമായും സവർക്കറും ഹെഡ്‌ഗേവാറും എതിർത്തുപോന്നത്. എന്നാൽ ഗോൾവാൾക്കറുടെ കാലമാകുമ്പോഴേക്കും മുതലാളിത്തത്തിന് ബദലായി വളർന്നുവന്ന സോഷ്യലിസവും കമ്യൂണിസവുമെല്ലാം ആർ.എസ്.എസിന്റെ ഉന്മൂലന ലക്ഷ്യമായി മാറിക്കഴിഞ്ഞിരുന്നു. മാത്രമല്ല, ഫാഷിസത്തെ ഈ ഭൂമുഖത്ത് കുഴിച്ചുമൂടിയ സോവിയറ്റ് യൂണിയനും ചെമ്പടയും ഹിറ്റ്ലറുടെ ഇന്ത്യൻ അനുയായികളെ അസ്വസ്ഥരാക്കിയിരുന്നു. അവരെ അങ്ങേയറ്റം പ്രകോപിതരാക്കിയിരുന്നു.

എം.എസ്. ഗോൾവാൾക്കർ / Photo: Wikipedia

ഗോൾവാൾക്കറുടെ നേതൃത്വത്തിലാണ് ആർ.എസ്.എസ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇല്ലാതാക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തെ പ്രധാനമായി മുന്നോട്ടുവെച്ചത്. ആർ.എസ്.എസിന്റെ കേരള അജണ്ട രൂപപ്പെടുത്തിയതും ഈയൊരു ദിശയിലാണ്. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളെ ദേശീയരാഷ്ട്രീയത്തിൽ ഏറ്റവും ശകതമായി ഉയർത്തിക്കൊണ്ടുവന്നത് കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് കക്ഷികളായിരുന്നല്ലോ. 1919-ലെ മൊണ്ടേഗു-ചെംസ്ഫോർഡ് ഭരണപരിഷ്‌കാര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവൺമെൻറ്​ ഓഫ് ഇന്ത്യ ആക്ട് പാസ്സാക്കപ്പെടുകയും പ്രൊവിൻഷ്യൻ കൗൺസിൽ പോലുള്ള തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭകൾ നിലവിൽ വരുകയും ചെയ്തതോടെ ഇന്ത്യയിലെ മതരാഷ്ട്രവാദികൾ അങ്ങേയറ്റം പ്രകോപിതരായി.

ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം കഴിഞ്ഞ് മൂന്നുവർഷത്തിനകം ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഥമഘടകം രൂപീകരിക്കപ്പെടുന്നുണ്ടല്ലോ. 1920 ഒക്ടോബർ 17-നാണ് സോവിയറ്റ് സംസ്ഥാനമായ ഉസ്ബെക്കിസ്ഥാനിലെ താഷ്‌കെൻറ്​ നഗരത്തിൽ ‘കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ' രൂപം കൊള്ളുന്നത്. ലോകത്തിന്റെ പലഭാഗങ്ങളിലൂടെ റഷ്യയിലെത്തിച്ചേർന്ന ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികളും ബ്രിട്ടീഷ് അടിച്ചമർത്തൽ മൂലം പഞ്ചാബ് പ്രവിശ്യയിൽ നിന്ന്​ പാലായനം ചെയ്ത് അവിടെയെത്തിയ ഗദർ പാർട്ടി വിപ്ലവകാരികളും ചേർന്നാണ് കമ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം കൊടുത്തത്. പ്രഥമ ഘടകത്തിന്റെ സെക്രട്ടറി മുഹമ്മദ്‌ ഷെഫീഖ് ആയിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണവിവരം ബ്രിട്ടീഷ് ഭരണകൂടത്തെയും അവരുടെ കയ്യിൽകളിക്കുന്ന ഹിന്ദു- മുസ്​ലിം വർഗീയവാദികളെയും ഒരുപോലെ പരിഭ്രാന്തരാക്കി.

ഒക്ടോബർ വിപ്ലവത്തിൽ നിന്ന് / Photo: Wikipedia

പെഷവാർ, കാൺപൂർ, മീററ്റ് ഗൂഢാലോചന കേസുകളിലൂടെ ബ്രിട്ടീഷ് ഭരണകൂടം കമ്യൂണിസ്റ്റ് വേട്ട ആരംഭിച്ചു. മതരാഷ്ട്രവാദത്തെയും ബ്രിട്ടീഷുകാരുടെ ‘ഭിന്നിപ്പിക്കുക ഭരിക്കുക' എന്ന തന്ത്രത്തെയും മതനിരപേക്ഷമായ ജനകീയ ഐക്യം കൊണ്ട് നേരിടാനാണ് കമ്യൂണിസ്റ്റ് പാർട്ടി ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിനകത്ത് ശക്തമായി വാദിച്ചത്.
1920 ജൂലായ്- ആഗസ്ത് മാസങ്ങളിൽ മോസ്കോവിൽ നടന്ന കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ രണ്ടാം സമ്മേളനം കൊളോണിയൽ തിസീസിന് രൂപം കൊടുത്തു. ഇന്ത്യയെപ്പോലുള്ള കോളനിരാജ്യങ്ങളിലെ ജനങ്ങൾക്കും തൊഴിലാളിവർഗ പാർട്ടികൾക്കും സാമ്രാജ്യത്വത്തിനെതിരായ ദേശീയ വിമോചനത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ വ്യക്തമായ മാർഗനിർദ്ദേശമായിരുന്നു കൊളോണിയൽ തിസീസ്. കോളനിരാജ്യങ്ങളിലെ സ്വാതന്ത്ര്യപ്രസ്ഥാനത്തിനുള്ള സൈദ്ധാന്തിക രാഷ്ട്രീയ ദിശാബോധവും മാർഗരേഖയുമാണ് കൊളോണിയൽ തിസീസിലൂടെ മുന്നോട്ടുവെക്കപ്പെട്ടത്. സാർവദേശീയതലത്തിൽ തന്നെ ഒക്ടോബർ വിപ്ലവം കോളനിരാജ്യങ്ങളിലെ വിപ്ലവ പ്രസ്ഥാനങ്ങൾക്ക് ശക്തി പകർന്നിരുന്നു.

ഇന്ത്യയിലെ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം മിതവാദപരവും അനുരഞ്ജനപരവുമായ നിലപാടുകളിൽ നിന്ന് പൂർണസ്വരാജിന്റെ മുദ്രാവാക്യം സ്വീകരിക്കുന്നതിലേക്ക് ഈയൊരു ചരിത്രസാഹചര്യത്തിലാണ് നിർബന്ധിതമാകുന്നത്. ഭാവി ഇന്ത്യയെക്കുറിച്ചും ആധുനിക ദേശരാഷ്ട്രത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് 1921-ലെ എ.ഐ.സി.സി സമ്മേളനം തുടക്കമിട്ടു. ഇന്ത്യൻ കമ്യൂണിസ്റ്റുപാർട്ടിക്കുവേണ്ടി സഖാക്കൾ എം.എൻ.റോയിയും അബനിമുഖർജിയും പേരുവെച്ച് പ്രസിദ്ധീകരിച്ച ‘ഇന്ത്യൻ നാഷണൽ കോൺഗ്രസിനൊരു മാനിഫെസ്റ്റോ' എന്ന രേഖ പൂർണസ്വാതന്ത്ര്യത്തെയും മതനിരപേക്ഷ ജനാധിപത്യരാഷ്ട്രത്തെയും ഭൂപരിഷ്‌ക്കരണത്തെയും ഫെഡറലിസത്തെയുമെല്ലാം സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടു.

എ.ഐ.സി.സി പ്രതിനിധികളോട് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ അഭ്യർത്ഥനയായിരുന്നു ഈ മാനിഫെസ്റ്റോ. പൂർണ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാനും അതിനായി ഇന്ത്യയിലെ ബഹുജന വിഭാഗങ്ങളെയെല്ലാം സംഘടിതമാക്കാനുമുള്ള നയസമീപനവുമായിരുന്നു മാനിഫെസ്റ്റോവിൽ മുന്നോട്ടുവെച്ചത്. സ്വാതന്ത്ര്യസമരത്തെയും കമ്യൂണിസ്റ്റുകാരുടെ പങ്കിനെയുമെല്ലാം കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നവർ ചരിത്രത്തിന്റെ ഈ അസന്ദിഗ്ധമായ വസ്തുതകളെ കുറിച്ച് വാസ്തവത്തിൽ അജ്ഞത നടിക്കുകയാണ്. മാനിഫെസ്റ്റോ ദേശീയപ്രസ്ഥാനത്തോട് ആവശ്യപ്പെട്ടത് സാമ്രാജ്യത്വവുമായുള്ള എല്ലാബന്ധങ്ങളും അറുത്തുമാറ്റണമെന്നും വണിക്കുകളുടെയും വ്യാപാരികളുടെയും അദൃശ്യഹസ്തത്താൽ കോൺഗ്രസ് നിയന്ത്രിക്കപ്പെടരുതെന്നും തൊഴിലാളികർഷക സമരങ്ങൾക്ക് പിന്തുണ നൽകണമെന്നുമാണ്.

മാനിഫെസ്റ്റോ പറയുന്നത്; ‘ഇന്ത്യയെ അടിത്തറ മുതൽ കുലുക്കുന്ന വിപ്ലവത്തിന് കോൺഗ്രസാണ് നേതൃത്വം നൽകുന്നതെങ്കിൽ അത് കേവലമായ പ്രകടനങ്ങളിലും താത്കാലികമായ അത്യാവേശങ്ങളിലും മാത്രം വിശ്വാസം അർപ്പിക്കരുത്. ട്രേഡ്​ യൂണിയനുകളുടെ അടിയന്തിരാവശ്യങ്ങൾ അത് സ്വന്തം ആവശ്യങ്ങളാക്കട്ടെ. കിസാൻ സഭയുടെ പരിപാടികൾ സ്വന്തം പരിപാടികളാക്കട്ടെ.’

1921-ലെ എ.ഐ.സി.സി സമ്മേളനത്തിൽ പൂർണസ്വാതന്ത്ര്യപ്രമേയം അവതരിപ്പിച്ചത് കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഹസ്രത്​ മൊഹാനിയായിരുന്നു. സ്വാമി കുമാരാനന്ദ പ്രമേയത്തെ പിന്താങ്ങുകയും ചെയ്തു. സ്വരാജ് എന്നാൽ വിദേശാധിപത്യത്തിൽ നിന്നുള്ള പൂർണ സ്വാതന്ത്ര്യമാണെന്ന നിലപാടാണ് പ്രമേയം മുന്നോട്ടുവെച്ചത്. ഇന്ത്യയിൽ മറ്റാരേക്കാളും മുമ്പ് പൂർണ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ചത് കമ്യൂണിസ്റ്റുകാരായതുകൊണ്ടുതന്നെയാണ് ബ്രിട്ടീഷ് ഭരണകൂടം ഗൂഢാലോചനകേസുകളും അടിച്ചമർത്തൽ നടപടികളും വഴി കമ്യൂണിസ്റ്റുകാരെ വേട്ടയാടിയത്. ദേശീയ സ്വാതന്ത്ര്യസമരത്തെ ഒരു ബഹുജന പ്രസ്ഥാനമായി വളർത്തിയെടുത്ത് മതരാഷ്ട്രവാദികളെ ഒറ്റപ്പെടുത്താനായിരുന്നു കമ്യൂണിസ്റ്റ് പാർട്ടി മുൻകൈ എടുത്തത്. അതുകൊണ്ടുതന്നെയാണ് ഹിന്ദുരാഷ്ട്രവാദികളുടെ ശക്തമായ എതിർപ്പ് കമ്യൂണിസ്റ്റ് പാർട്ടി ആരംഭകാലം മുതൽ ഏറ്റുവാങ്ങേണ്ടിവന്നതും.

ഹസ്രത്​ മൊഹാനി അംബോദ്കറോടൊപ്പം / Photo: Wikipedia

ഭൂപരിഷ്‌കരണത്തെയും സാമൂഹ്യനീതിയെയും മതനിരപേക്ഷതയെയും ഇന്ത്യയിലെ സവർണ- ജന്മി- നാടുവാഴിത്ത സാമൂഹ്യ അടിസ്ഥാനങ്ങളിൽ നിന്നും ഉയർന്നുവന്ന കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ അങ്ങേയറ്റത്തെ അസഹിഷ്ണുതയോടെയാണ് കണ്ടത്. ഹിന്ദുത്വവാദികൾ ഈയൊരു സാഹചര്യത്തിലാണ് മതനിരപേക്ഷ ജനാധിപത്യ സങ്കൽപങ്ങൾക്കെതിരെ ഹിന്ദുരാഷ്ട്രവാദം ശകതമായി ഉയർത്തിക്കൊണ്ടുവന്നത്. 1934-ൽ എം.എൻ. റോയി ഭരണഘടനാ അസംബ്ലി രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിയതും ദേശീയ പ്രസ്ഥാനം അത് രാജ്യവ്യാപകമായി ഏറ്റെടുത്തതും ഫ്യൂഡൽ നാടുവാഴിത്ത രാജാധികാരത്തിന്റെ ഉപാസകരായ ആർ.എസ്.എസുകാരെ പരിഭ്രാന്തരാക്കി. മതനിരപേക്ഷ ജനാധിപത്യ ദേശീയത മതരാഷ്ട്രവാദങ്ങളെ നിരാകരിച്ച്​ സ്വാതന്ത്ര്യസമരമുഖങ്ങളിൽ ജ്വലിച്ചുയരുന്നത് ഹിന്ദുത്വവാദികൾക്ക് സഹിക്കാവുന്നതായിരുന്നില്ല. കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനങ്ങളെ വിട്ടുവീഴ്ചയില്ലാതെ സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകാരും എതിർക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ഹിന്ദുത്വവാദികളെ അങ്ങേയറ്റം പ്രകോപിതരാക്കിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കമ്യൂണിസ്റ്റുകാർ കോൺഗ്രസിനകത്തും കോൺഗ്രസ് സോഷ്യലിസ്റ്റുകൾ എന്ന നിലയ്ക്കുമാണ് പുറത്ത് പ്രവർത്തിച്ചിരുന്നത്. പെഷവാർ, കാൺപൂർ, മീററ്റ് ഗൂഢാലോചനകേസുകളുടെ വിചാരണ രാജ്യത്താകമാനം പുരോഗമനവാദികളുടെ ശ്രദ്ധ പിടിച്ചുപറ്റി. പ്രതികൾ കോടതിയിൽ ചെയ്ത പ്രസ്താവന ഇന്ത്യൻ കമ്യൂണിസ്റ്റുകാരുടെ ആശയാദർശങ്ങളുടെ പ്രഖ്യാപനമായിരുന്നു. ഗൂഢാലോചന കേസിൽ ശിക്ഷിക്കപ്പെട്ടവർ ജയിൽ മോചിതരായതോടെയാണ് 1933-ൽ കേന്ദ്രകമ്മിറ്റി രൂപീകരിച്ച്​ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏകീകരണ പ്രവർത്തനങ്ങൾ സജീവമായി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പുനരുജ്ജീവനത്തിന്റെ അപകടം മണത്തറിഞ്ഞ ബ്രിട്ടീഷുകാർ 1934-ൽ കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചു. നിരോധനത്തെ നേരിട്ടുകൊണ്ട് രഹസ്യപ്രവർത്തനങ്ങളിലൂടെ രാജ്യമാസകലം പാർട്ടി കെട്ടിപ്പടുക്കാനും തൊഴിലാളി കർഷകസമരങ്ങൾക്ക് നേതൃത്വം നൽകാനും കമ്യൂണിസ്റ്റുകാർക്ക് കഴിഞ്ഞു.

ദേശീയ പ്രസ്ഥാനത്തിന് വിട്ടുവീഴ്ചയില്ലാത്ത സാമ്രാജ്യത്വവിരുദ്ധ ദിശാബോധം നൽകുന്നത് കമ്യൂണിസ്റ്റുകാരാണ്. ദക്ഷിണേന്ത്യയിൽ പാർട്ടി കെട്ടിപ്പടുക്കാനുള്ള ഉത്തരവാദിത്വം സഖാക്കൾ സുന്ദരയ്യക്കും എസ്.വി.ഖാട്ടെയ്ക്കുമായിരുന്നു. കേരളത്തിലെ കോൺഗ്രസ് സോഷ്യലിസ്റ്റു പാർട്ടി നേതൃത്വം കമ്യൂണിസ്റ്റുകാർക്കായിരുന്നു. കൃഷ്ണപിള്ളയും ഇ.എം.എസും കെ. ദാമോദരനും എൻ.സി. ശേഖറും ഈയൊരു ദൗത്യമാണ് നിർവ്വഹിച്ചത്. സി.എസ്.പിക്കകത്ത് നടന്ന ആശയസമരങ്ങളുടെ തുടർച്ചയിലാണ് 1937-ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഥമ ഘടകം രൂപംകൊള്ളുന്നത്.

ഹെഡ്‌ഗേവാർ

കൗതുകകരമായ വസ്തുത, കമ്യൂണിസ്റ്റ് പാർട്ടിയുടെ ജന്മഗൃഹമായ കോഴിക്കോട് തന്നെയാണ് ആർ.എസ്.എസിന്റെ ആദ്യ ശാഖ പ്രവർത്തനമാരംഭിച്ചത് എന്നതാണ്. സാമ്രാജ്യത്വവിരുദ്ധസമരം കത്തിജ്വലിച്ചുനിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് 1942-ൽ അതിനെതിരായ ആസൂത്രിത ലക്ഷ്യങ്ങളോടെ കേരളത്തിൽ ആർ.എസ്.എസ് പ്രവർത്തനമാരംഭിക്കുന്നത്. കമ്യൂണിസ്റ്റ് വിരുദ്ധ അജണ്ടയുടെ പരീക്ഷണഭൂമി കൂടിയായിട്ടാണ് ഇടതുപക്ഷ സ്വാധീനമുള്ള കേരളത്തിലെ ആർ.എസ്.എസ് പ്രവർത്തനങ്ങളെ ഗോൾവാൾക്കർ കണ്ടത്. 1921-ലെ മലബാർ കലാപകാലത്ത് ഹിന്ദുമഹാസഭയുടെ മെഡിക്കൽമിഷനിലെ അംഗമായി ഹെഡ്‌ഗേവാർ കോഴിക്കോട് വന്നിരുന്നു. കോൺഗ്രസ് ഖിലാഫത്ത് മുന്നേറ്റങ്ങൾക്കെതിരെ ഒരു ഹിന്ദുസേനാദളത്തെ രൂപീകരിക്കുന്നതിനെക്കുറിച്ച് മലബാറിലെ സന്ദർശനകാലത്ത് ഹെഡ്‌ഗേവാർ അഭിപ്രായപ്പെട്ടതായി പലരും സൂചിപ്പിക്കുന്നുണ്ട്. ഗോൾവാൾക്കറാകട്ടെ കുഞ്ഞാലിമരക്കാരെയും ടിപ്പുവിനെയും ദേശാഭിമാനികളായി കാണുന്ന കേരളചരിത്രത്തെ അങ്ങേയറ്റം അസഹിഷ്ണുതയോടെയാണ് നേരിട്ടിട്ടുള്ളത്. വിചാരധാരയിൽ ഗോൾവാൾക്കർ ഈ അസഹിഷ്ണുത ചരിത്രവിരുദ്ധമായ വിലകുറഞ്ഞ അധിക്ഷേപങ്ങളായി എഴുതിയിട്ടുണ്ട്: ‘തന്റെ ഹിന്ദു രാജാവിനെ തടവിലിട്ട് സിംഹാസനം പിടിച്ചുപറ്റിയ ഹൈദർക്കും അനവധിപേരെ ഇസ്​ലാമിലേക്ക് മതപരിവർത്തനം ചെയ്യുകയും നിരവധി ക്ഷേത്രങ്ങൾ നശിപ്പിക്കുകയും അനേകം സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്ത പുത്രനായ ടിപ്പുവിനും നാം പ്രതിമകൾ നിർമ്മിച്ചുയർത്തണമെന്ന് പറയുന്നവരുണ്ട്. ഇത്രത്തോളം വങ്കത്തം ഇപ്പോഴും അവശേഷിക്കുന്നു.’ (വിചാരധാര, പേജ് 276).

ബ്രിട്ടീഷ് വിരുദ്ധ സൈനിക മുഖങ്ങളിൽ ജ്വലിച്ചുനിന്ന മൈസൂർ രാജാക്കന്മാരെ ഗോൾവാൾക്കർ എതിർക്കുന്നത് എന്തിന്റെ പേരിലാണ്? രാജഭക്തനായ ഗോൾവാൾക്കർ സാമ്രാജ്യത്വവിരുദ്ധ ദേശാഭിമാനികളായ രാജാക്കന്മാരെ അവർ മുസ്​ലിം നാമധാരികൾ കൂടി ആയതുകൊണ്ടാണ് ആക്ഷേപിക്കുന്നതെന്നകാര്യം എന്താണ് കാണിക്കുന്നത്? ഹിന്ദുരാജ്യാഭിമാനം എന്നത്​ തരംതാണ വർഗീയവിരോധമല്ലാതെ മറ്റൊന്നുമല്ല. ടിപ്പുവിന്റെ ബ്രിട്ടീഷ് വിരുദ്ധ പടനീക്കത്തെയും ജന്മി ബ്രാഹ്​മണാധികാരത്തിനെതിരായ റവന്യൂ പരിഷ്‌കാരങ്ങളെയുമാണ് ഫ്യൂഡൽ രാജഭക്തനായ ഗോൾവാൾക്കറെ പ്രകോപിപ്പിച്ചത്.

Photo: Wikipedia

കൊളോണിയൽ അധിനിവേശത്തിന്റെ കഥ തുടങ്ങുന്നത് കോഴിക്കോട് കാപ്പാട് കടപ്പുറത്ത് വാസ്കോഡിഗാമ കപ്പലിറങ്ങിയതോടെയാണല്ലോ. അതോടൊപ്പം തന്നെയാണ് സാമ്രാജ്യത്വ ആധിപത്യത്തിനെതിരായി ചരിത്രത്തിന് ധീരദേശാഭിമാനി കുഞ്ഞാലിമരക്കാർ പോരാട്ടങ്ങളിലൂടെ നാന്ദി കുറിക്കുന്നതും. ഗോൾവാൾക്കറുടെ വിചാരഗതിയനുസരിച്ച് ഹിന്ദുരാഷ്ട്രാഭിമാനത്തിന്റെ യഥാർത്ഥ പ്രതിനിധികളാണല്ലോ സാമൂതിരിയും കൊച്ചി തമ്പുരാനും തിരുവിതാംകൂർ രാജാവുമെല്ലാം. ഇവർ തമ്മിലുള്ള കിടമത്സരത്തിന്റെ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തിയാണ് പോർച്ചുഗീസുകാരും ഫ്രഞ്ചുകാരും തുടർന്ന് ബ്രിട്ടീഷുകാരും ഇന്ത്യയെ കോളനിയാക്കിയതെന്ന കാര്യം ഗോൾവാൾക്കറിസ്റ്റുകൾ സൗകര്യപൂർവം മറന്നുകളയുകയാണ്. ഇവരുടെ വഞ്ചനയുടെയും കൂട്ടിക്കൊടുപ്പിന്റെയും നീചമായ ചരിത്രവഴികളിലാണ് കൊളോണിയൽ അധികാരം നമ്മുടെ നാടിനെ അടിമയാക്കിയത്.
ഗോൾവാൾക്കർ ആവേശപൂർവം പുണരുന്ന ഹിന്ദുനാടുവാഴികളുടെ കൊട്ടാരവഴികളിലൂടെയാണ് കേരളത്തിലും ഇന്ത്യയിലും സാമ്രാജ്യത്വം കടന്നുവന്നത്. രാജ്യത്തെതന്നെ ശ്രീപത്മനാഭന് അടിയറവെച്ച തിരുവിതാംകൂർ രാജാക്കന്മാർ തന്നെയാണ് പത്മനാഭനുമേൽ റസിഡൻറ്​ സായിപ്പിനെ വാഴിച്ചത്.

പ്ലാസിയിലെ ചതുപ്പ് നിലങ്ങളിൽ സിറാജ് ദൗളയുടെ തലവെട്ടിയിട്ട് ബ്രിട്ടീഷ് അധികാരത്തിന് തുടക്കം കുറിക്കാൻ ഒറ്റുകാരായി നിന്നത് ഹിന്ദുരാഷ്ട്രാഭിമാനികളുടെ ആദർശപ്രതീകങ്ങൾ തന്നെയാണല്ലോ. ഏകപക്ഷീയമായ ചരിത്രവ്യാഖ്യാനങ്ങളിലൂടെ ദേശീയവഞ്ചനയുടെ ചരിത്രം മറച്ചുപിടിച്ചുകൊണ്ടാണ് ഹിന്ദുരാഷ്ട്രാഭിമാനത്തിന്റെ മായാരാക്ഷസന്മാർ ഇന്ന് അഴിഞ്ഞാടുന്നത്. ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും എതിർദിശയിൽ സഞ്ചരിച്ചവർ ഇന്ന് അതിദേശീയത ഇളക്കിവിട്ട് ന്യൂനപക്ഷങ്ങളെയും ദലിതരെയും കമ്യൂണിസ്റ്റുകാരെയും രാജ്യവിരുദ്ധരാക്കി വേട്ടയാടുകയാണ്.

Comments