നടൻ ശ്രീനിവാസൻ വായിക്കുവാൻ ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട ശ്രീനിവാസൻ,

നമുക്ക് പരസ്പരം അറിയില്ല. അത് അത്ര പ്രധാനവുമല്ല. 1976 ൽ പി എ ബക്കറിന്റെ "മണിമുഴക്ക'വും 1979 ൽ "സംഘഗാന'വും തൊട്ട് താങ്കളെ കണ്ടുപോരുന്ന മലയാളിയാണ് ഞാൻ. കുഞ്ചൻ നമ്പ്യാർ, നിരവധി ചാക്യാർ കൂത്തുകൾ, സഞ്ജയൻ, കാർട്ടൂണിസ്റ്റ് ശങ്കർ, VKN തുടങ്ങിയ, ചിരിയിലൂടെ ചിന്തിപ്പിക്കുന്ന ഒരു കേരളപാരമ്പര്യത്തിൽ താങ്കളെ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മലയാളിയായി എന്നെ കണക്കാക്കിയാൽ മതി. വലിയ അഭിപ്രായവ്യത്യാസങ്ങൾ ഉള്ളപ്പോഴും താങ്കളോടൊത്ത് ചിരിച്ചയാളാണ് ഞാൻ. എന്നാൽ ഇപ്പോൾ താങ്കളെ കാണുമ്പോൾ താങ്കളുടെ കൂടെ ഗുരുനാഥനായ ചാർളി ചാപ്ലിൻ പറഞ്ഞ ഒരു വാചകമാണ് മനസ്സിൽ വരുന്നത് : "അടുത്തറിയുമ്പോൾ ഒരു ദുരന്തവും അകലേ കാണുമ്പോൾ ഫലിതവും'.

തൻപോരിമ എന്ന വാക്കിന് സ്വന്തം ശ്രേഷ്ഠത എന്ന അർത്ഥമുണ്ട്, സ്വന്തം ബോധ്യങ്ങളെക്കുറിച്ച് അതിരുകവിഞ്ഞ ആത്മവിശ്വാസം എന്ന അർത്ഥവുമുണ്ട്. താങ്കൾ സ്വയം മറന്ന് ഒരു നാടോടിക്കാറ്റിൽ രണ്ടാമതു പറഞ്ഞ അർത്ഥപാളയത്തിൽ വീണുകിടക്കുകയാണ്. താങ്കളുടെ സർഗ്ഗജീവിതത്തിലെ ഏറ്റവും വലിയ മുതൽക്കൂട്ടായിരുന്ന ഫലിതബോധം, വസന്തം ചെടിയെ ഉപേക്ഷിക്കും പോലെ , താങ്കളെ ഉപേക്ഷിച്ചു പോയത് താങ്കൾക്കു തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നത് ശ്രീനിവാസൻ എന്ന ജീവിതത്തിലെ ദുരന്താധ്യായമാണ്.

അത് താങ്കളോട് പറയേണ്ടത് എന്റെ ഒരു കടമയാണ്, കാരണം ഞാൻ ജീവിതത്തിൽ പൊട്ടിച്ചിരിച്ച സന്ദർഭങ്ങളിൽ ചിലതെങ്കിലും താങ്കൾ ഉണ്ടാക്കിയതാണ്. അറിവ് എന്ന ധാരണയിൽ പെരിയ അജ്ഞതയാൽ താങ്കൾ ഇപ്പോൾ പറയുന്ന കാര്യങ്ങളിൽ പകയോ, ദേഷ്യമോ, നോവിപ്പിക്കുന്ന മുനകളോ മാത്രമേയുള്ളു. അതിന്റെ അവസാനത്തെ ഇരകളാണ് പാവം അംഗൻവാടി അധ്യാപകർ.

'മനുഷ്യന്റെ പതനം' - വില്യം ബ്ലേക്ക്

പ്രീയപ്പെട്ട ശ്രീനിവാസൻ,
ഒറ്റ അഭ്യർഥനയേ ഉള്ളൂ.
പാതിവെന്ത അറിവുകൾ വിളമ്പാൻ നിൽക്കാതെ സ്വക്ഷേത്രബലത്തിലേക്ക് തിരിച്ചുപോകാൻ ആവശ്യമായ മനനം ചെയ്യുക. അതിന് താങ്കളെ പിടികൂടിയിരിക്കുന്ന "ഞാൻ -ശരി' എന്ന അഹംബോധം സമ്മതിക്കുന്നില്ല എങ്കിൽ ഈ ചിത്രത്തിലെ പോലെ താഴേക്കു വീണുകൊള്ളുക. ഈ ചിത്രം പതിനെട്ടാം നൂറ്റാണ്ടിലെ കവിയും ചിത്രകാരനുമായിരുന്ന വില്യം ബ്ലേക്ക് വരച്ച "മനുഷ്യന്റെ പതനം' ആണ്.
സ്‌നേഹത്തോടെ

എസ് . ഗോപാലകൃഷ്ണൻ

Comments