പ്രബുദ്ധതയുടെ
പത്രികകൾക്കായി
ഒരു നിവേദനം

‘‘കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള ഒരു ഉദാത്തമായ രാഷ്ട്രീയജാഗ്രത ആവശ്യപ്പെടുന്ന കാലമാണിത്. അത് കുറഞ്ഞാൽ അടിപടലം ഒഴുകിപ്പോകാവുന്നതാണ് നമ്മുടെ ഇന്നത്തെ ജീവിതം. രാഷ്ട്രീയവത്കരിക്കാതെ രാഷ്ട്രീയം പറയാനറിയുന്ന നേതാക്കന്മാർ രാഷ്ട്രീയരംഗത്തും സാംസ്കാരികരംഗത്തും കുറഞ്ഞുവരുന്നു എന്നത് ഭയപ്പെടുത്തുന്ന അവസ്ഥയാണ്’’- എസ്. ശാരദക്കുട്ടി എഴുതുന്നു.

‘‘The best argument against democracy is a five minute conversation with the average voter”.
- Winston Churchill.

സാമൂഹികാരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് രാഷ്ട്രീയബോധം. അത് സാമൂഹികമായൊരു അച്ചടക്കം മനുഷ്യന് നൽകുന്നു. ചിന്തകളിലൂടെയും പ്രവൃത്തികളിലൂടെയും അതവരെ കഠിനാദ്ധ്വാനികളാക്കുന്നു. മുഷിച്ചിൽ മാത്രം നൽകുന്ന നിഷ്ക്രിയത്വം, ശരിയായ രാഷ്ട്രീയ ബോധമുള്ള ഒരാളെ ബാധിക്കുന്നില്ല. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലുള്ള നിരന്തര ഇടപെടൽ ആരോഗ്യപരമായ ഒരു അനിവാര്യതയാണ്. സംസർഗ്ഗശീലത്തിലേക്കുള്ള ഒരു വിശാലപാത കൂടിയാണത്.

തെരഞ്ഞെടുപ്പുകാലം സമൂഹത്തിൽ താനെന്ന വ്യക്തി എത്ര പ്രധാനിയാണ് എന്ന് ഓരോരുത്തരെയും ഓർമ്മപ്പെടുത്തുന്നു. സമൂഹത്തിലെ ഓരോ പ്രശ്നവും തന്നെ എങ്ങനെ ബാധിച്ചു, എങ്ങനെ ബാധിക്കുന്നു, ഇനിയെങ്ങനെ ബാധിക്കും എന്നൊക്കെ അവർ ആത്മവിശകലനം നടത്തുന്ന സമയം കൂടിയാണത്. മൊത്തത്തിൽ തങ്ങളുടെ വിലയിരുത്തലുകളുടെ പ്രാധാന്യത്തെ കുറിച്ച് വ്യക്തികളെ ജാഗരൂകരാക്കുന്ന സമയം.

ഓരോ നേതാവിനെയും അവർ കാണുകയും കേൾക്കുകയും വിലിയിരുത്തുകയും അവരുടെ മുൻ ചെയ്തികളുമായി കൂട്ടിവായിക്കുകയും നിഗമനങ്ങളിലെത്തുകയും ചെയ്യുന്നു. പൊതുപരിപാടികളിൽ സംസാരിക്കുമ്പോൾ അവർക്കുണ്ടാകുന്ന സൂക്ഷ്മതക്കുറവുകളിൽനിന്ന് ജനം അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ പിടിച്ചെടുക്കുന്നു. പൊതുവിൽ സമൂഹത്തിന്റെ ഉണർച്ചയുടെ കാലമാണ് തെഞ്ഞെടുപ്പുകാലം.

നിരീക്ഷണം, അപഗ്രഥനം, വിശകലനം എന്നീ സംഗതികൾ നമ്മുടെ സാഹിത്യത്തിലും ജീവിതത്തിലും രാഷ്ട്രീയത്തിലും ഒരളവുവരെ ഇല്ലാതായിട്ടുണ്ട്. സൂക്ഷ്മതകളിൽനിന്ന് വഴിമാറിയാണ് ഇന്നത്തെ നമ്മുടെ ജീവിതം. അന്തസ്സാരമില്ലാത്ത, ഉപരിതലത്തിൽ മാത്രമുള്ള ജീവിതം.

എന്നാൽ, മറ്റൊരു തരത്തിൽ തീർത്തും ആന്റി- ഇൻലക്ച്വലായ ലോകത്താണ് നാമിന്നു ജീവിക്കുന്നത്. ഏതാണ്ട് ഒരു നൂറ്റാണ്ടുമുൻപ്, മാക്സ് വെബർ''സയൻസ് ആസ് വൊക്കേഷൻ'' എന്ന തന്റെ പ്രഭാഷണത്തിൽ പറയുന്നതുപോലെ ഉദാത്തത, പാരമ്യം, ആത്യന്തികത തുടങ്ങിയ മൂല്യങ്ങളെല്ലാം പൊതുജീവിതത്തിൽ നിന്നും ഏതാണ്ട് പിൻവാങ്ങിക്കഴിഞ്ഞു. ''ലോകത്തിന്റെ മോഹഭംഗം'' എന്നാണ് വെബർ ഈ അവസ്ഥയെ വിശേഷിപ്പിച്ചത്‌. താത്വികമായൊരു അടിസ്ഥാനം നമുക്ക് നഷ്ടമായിക്കഴിഞ്ഞു. രാഷ്ട്രീയരംഗത്തായാലും സാംസ്കാരികരംഗത്തായാലും

നാമിന്നു കൈവരിച്ചിട്ടുള്ളത് ബുദ്ധിപരമായ അപര്യാപ്തത മാത്രമാണ് എന്നുകൂടി പറയേണ്ടിവരും. ബോധത്തിനും വിജ്ഞാനത്തിനും വിവേകത്തിനും നമ്മുടെ സാമൂഹ്യമണ്ഡലത്തിൽ ഇന്ന് വിലയില്ലാതായിക്കഴിഞ്ഞു. നിരീക്ഷണം, അപഗ്രഥനം, വിശകലനം എന്നീ സംഗതികൾ നമ്മുടെ സാഹിത്യത്തിലും ജീവിതത്തിലും രാഷ്ട്രീയത്തിലും ഒരളവുവരെ ഇല്ലാതായിട്ടുണ്ട്. സൂക്ഷ്മതകളിൽനിന്ന് വഴിമാറിയാണ് ഇന്നത്തെ നമ്മുടെ ജീവിതം. അന്തസ്സാരമില്ലാത്ത, ഉപരിതലത്തിൽ മാത്രമുള്ള ജീവിതം. ഒരൊഴുക്കിൽ അങ്ങനെ ഒഴുകുകയാണ് നമ്മുടെ രാഷ്ട്രീയവും സാഹിത്യവും ജീവിതവും ഇന്ന്. കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള ഒരു ഉദാത്തമായ രാഷ്ട്രീയജാഗ്രത ആവശ്യപ്പെടുന്ന കാലമാണിത്. അത് കുറഞ്ഞാൽ അടിപടലം ഒഴുകിപ്പോകാവുന്നതാണ് നമ്മുടെ ഇന്നത്തെ ജീവിതം. രാഷ്ട്രീയവത്കരിക്കാതെ രാഷ്ട്രീയം പറയാനറിയുന്ന നേതാക്കന്മാർ രാഷ്ട്രീയരംഗത്തും സാംസ്കാരികരംഗത്തും കുറഞ്ഞുവരുന്നു എന്നത് ഭയപ്പെടുത്തുന്ന അവസ്ഥയാണ്. പ്രതിബദ്ധതയില്ലാത്ത പെർഫോർമർമാരായി അവർ മാറുകയാണ്. ആൾക്കൂട്ടക്കയ്യടിക്കുവേണ്ടി അവർ സൂക്ഷ്മതയെ കൈവിടുന്നു. വീണ്ടുവിചാരമുള്ള സൂക്ഷ്മ ജാഗ്രതതയുടെ അഭാവമാണ് പലരെയും കോമാളികളാക്കുന്നത്.

സമൂഹത്തിലെ ഓരോ പ്രശ്നവും തന്നെ എങ്ങനെ ബാധിച്ചു, എങ്ങനെ ബാധിക്കുന്നു, ഇനിയെങ്ങനെ ബാധിക്കും എന്നൊക്കെ അവർ ആത്മവിശകലനം നടത്തുന്ന സമയം കൂടിയാണത്.
സമൂഹത്തിലെ ഓരോ പ്രശ്നവും തന്നെ എങ്ങനെ ബാധിച്ചു, എങ്ങനെ ബാധിക്കുന്നു, ഇനിയെങ്ങനെ ബാധിക്കും എന്നൊക്കെ അവർ ആത്മവിശകലനം നടത്തുന്ന സമയം കൂടിയാണത്.

‘ഒരു രാഷ്ട്രീയകക്ഷിക്ക് പല സമരമുഖങ്ങളിലൊന്നു മാത്രമാണ് സാംസ്‌കാരികരംഗം. ഒരു സാംസ്‌കാരികസംഘടനക്കാകട്ടെ പല സമരമുഖങ്ങളിലൊന്നു മാത്രമാണ് രാഷ്ട്രീയരംഗം’ എന്ന് എംപി. പോൾ പറഞ്ഞത്, പരസ്പര പൂരകങ്ങളായി നിന്ന് പരസ്പരം ശക്തിപ്പെടുത്തേണ്ട രണ്ടിടങ്ങളുടെ ഉത്തരവാദിത്തങ്ങളെ ഓർമ്മിപ്പിക്കുവാൻ കൂടിയാണ്.

മതകാര്യങ്ങളിലെ രാഷ്ട്രീയപ്പാർട്ടികളുടെ ആശ്രയത്വം ഉപദ്രവകാരവും അപമാനകരവും ആണ്. തെരഞ്ഞെടുപ്പു സമയങ്ങളിലാണ് അത് ഭീകരമുഖം പ്രകടമാക്കുന്നത്. മറ്റുള്ളവരുടെ നിയന്ത്രണം കൂടാതെ സ്വന്തം ബുദ്ധിയെ ഉപയോഗിക്കുന്നതിനുള്ള കഴിവില്ലായ്മയാണ് ഈ ആശ്രയത്വം. ബുദ്ധിയുടെ കുറവല്ല, മറ്റുള്ളവരുടെ നിയന്ത്രണം കൂടാതെ അതിനെ ഉപയോഗിക്കുന്നതിനുള്ള ധൈര്യത്തിന്റെ കുറവാണ് ഈ ആശ്രയത്വത്തിനു കാരണം. അത് രാഷ്ട്രീയപ്പാർട്ടികളുടെ ആത്മീയമായ ബലഹീനതക്ക് തെളിവാണ്. അതുകൊണ്ട്, ബുദ്ധിയെ ഉപയോഗിക്കാൻ ധൈര്യം കണ്ടെത്തുക എന്ന ഇമ്മാനുവൽ കാൻ്റിന്റെ അഭിപ്രായം തെരഞ്ഞെടുപ്പു കാലത്ത് വളരെയധികം പ്രസക്തമാകുന്നുണ്ട്. സ്വന്തം കുറ്റംകൊണ്ടുണ്ടാക്കുന്ന ആശ്രയത്വത്തിൽ നിന്ന് അഥവാ രക്ഷാകർതൃസ്ഥാനീയരുടെ ആവശ്യത്തിൽനിന്നുള്ള മോചനമാണ് പ്രബുദ്ധത. നമ്മുടെ ഇന്നത്തെ അവസ്ഥയ്ക്ക് ഒരു കാരണം നേരത്തെ സൂചിപ്പിച്ച ആന്റി- ഇന്റലക്ച്വലിസം തന്നെയാണ്. രാഷ്ട്രീയത്തിലെ ആൻ്റി ഇൻ്റലക്ച്വലിസം അതിന്റെ എല്ലാ ഭീഷണമുഖങ്ങളും പ്രകടമാക്കുന്ന കാലത്താണ് നാം പുതിയൊരു തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രബുദ്ധതയുടെ-അല്ലെങ്കിൽ ജാഗ്രതയുടെ- അഭാവവും സൂക്ഷ്മതകളിൽ ശ്രദ്ധിക്കാതെയുള്ള ഇടപെടലുകളുമാണ് ഇതിനുകാരണം. രാഷ്ട്രീയമായ ജാഗ്രതയുടെ മാത്രം അഭാവമല്ല, ഏസ്തെറ്റിക്ക് ആയ ഒരു ജാഗ്രതയുടെ കൂടി അഭാവമുണ്ട്. അത് ഒന്നിന്റെയും ആഴത്തിലേക്ക് പോകാനുള്ള നമ്മുടെ അലസതയാണ്.

സാംസ്കാരിക പ്രവർത്തകരുടെ രാഷ്ട്രീയപ്രബുദ്ധതയ്ക്ക് ആവശ്യമായ ഏകസംഗതി സ്വാതന്ത്ര്യമാണ്. അതും സ്വാതന്ത്ര്യം എന്ന പേരർഹിക്കുന്നതിൽ ഏറ്റവും നിരുപദ്രവകരമായ രൂപത്തിൽ.

കൂടാതെ, മതകാര്യങ്ങളിലെ ആശ്രയത്വം ''ഉപദ്രവകാരവും അപമാനകരവും'' ആണ്. സാംസ്കാരിക പ്രവർത്തകരുടെ പ്രാധാന്യം ഇവിടെയാണ്. സാംസ്കാരിക പ്രവർത്തകരുടെ രാഷ്ട്രീയപ്രബുദ്ധതയ്ക്ക് ആവശ്യമായ ഏകസംഗതി സ്വാതന്ത്ര്യമാണ്. അതും സ്വാതന്ത്ര്യം എന്ന പേരർഹിക്കുന്നതിൽ ഏറ്റവും നിരുപദ്രവകരമായ രൂപത്തിൽ. അതായത് ബുദ്ധിയെ പരസ്യമായി എല്ലാ വിധത്തിലും പ്രയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യം. അങ്ങനെയുള്ളവരാണ് യഥാർഥ രാഷ്ട്രീയവിമർശകർ. അവർക്കുമാത്രമേ ഈ സ്വാതന്ത്ര്യബോധം സമൂഹത്തിൽ ഉണർത്താൻ കഴിയൂ. ഈ ധൈര്യം എല്ലാവർക്കും തനിച്ചു കണ്ടെത്താൻ കഴിഞ്ഞെന്നുവരില്ല.

ഈ കാലഘട്ടത്തിൽ കേട്ട ഏറ്റവും രാഷ്ട്രീയ ജാഗ്രതയുള്ള വാക്കുകളാണ് കവി കെ.ജി. ശങ്കരപ്പിള്ള പറഞ്ഞത്. വലിയ ഒരു താക്കീതാണത്.

"ഇരുട്ട് വെളിച്ചത്തിന്റെ വേഷം കെട്ടിവരുന്ന കാലമാണിത്. ഏറ്റവും വലിയ ഏകാധിപത്യം ഏറ്റവും വലിയ ജനാധിപത്യത്തിന്റെ ഭാഷ സംസാരിക്കുന്നു. ഏറ്റവും വലിയ ഹിംസ ഏറ്റവും വലിയ അഹിംസയുടെ മന്ത്രങ്ങൾ ഉരുവിട്ടുവരുന്നു. എന്നത്തെക്കാളുമേറെ അധികാരം അതിന്റെ വഞ്ചനാത്മകതയെ വിപുലപ്പെടുത്തുകയും സൂക്ഷ്മീകരിക്കുകയും ആധുനികമായ സകല മാദ്ധ്യമങ്ങളിലൂടെയും പുതിയ പ്രലോഭനങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു… നിലനില്പുതന്നെ നിന്ദിക്കപ്പെടുന്ന കാലം. കേന്ദ്രീകൃതമായ അധികാരം നിന്ദയുടേതായ അനവധി രൂപങ്ങൾ ആവിഷ്ക്കരിച്ചു കൊണ്ടാണ് മുന്നോട്ടു പോകുന്നത്. അങ്ങനെ വരുമ്പോൾ നമുക്ക് ഇന്നലത്തെ സാമൂഹ്യബോധമോ ചരിത്രബോധമോ മതിയാവില്ല ഇന്ന്. അതിനെക്കാൾ മൂർച്ചയേറിയ ഒരു നൈതികവിശകലന പദ്ധതിയിലൂടെ മാത്രമേ ഒരു ദിവസത്തെ, അല്ലെങ്കിൽ ഒരു നിമിഷത്തെപ്പോലും, കടത്തിവിടാനാവൂ. പുറമേനിന്ന് നമുക്ക് ധൈര്യം കിട്ടാനില്ല. നമ്മുടെ ധൈര്യം നമ്മുടെ അടുപ്പിൽത്തന്നെ വേവിച്ചെടുക്കേണ്ടതുണ്ട്. ദർശനം ഇരുണ്ടതായിപ്പോകാതിരിക്കാനും പ്രത്യാശ നിലനിർത്താനുമുള്ള വെളിച്ചം നമ്മൾ നമ്മളിലേക്കു തന്നെ വിക്ഷേപിക്കേണ്ടതുണ്ട്’’.

മതകാര്യങ്ങളിലെ രാഷ്ട്രീയപ്പാർട്ടികളുടെ ആശ്രയത്വം ഉപദ്രവകാരവും അപമാനകരവും ആണ്. തെരഞ്ഞെടുപ്പു സമയങ്ങളിലാണ് അത് ഭീകരമുഖം പ്രകടമാക്കുന്നത്. മറ്റുള്ളവരുടെ നിയന്ത്രണം കൂടാതെ സ്വന്തം ബുദ്ധിയെ ഉപയോഗിക്കുന്നതിനുള്ള കഴിവില്ലായ്മയാണ് ഈ ആശ്രയത്വം.
മതകാര്യങ്ങളിലെ രാഷ്ട്രീയപ്പാർട്ടികളുടെ ആശ്രയത്വം ഉപദ്രവകാരവും അപമാനകരവും ആണ്. തെരഞ്ഞെടുപ്പു സമയങ്ങളിലാണ് അത് ഭീകരമുഖം പ്രകടമാക്കുന്നത്. മറ്റുള്ളവരുടെ നിയന്ത്രണം കൂടാതെ സ്വന്തം ബുദ്ധിയെ ഉപയോഗിക്കുന്നതിനുള്ള കഴിവില്ലായ്മയാണ് ഈ ആശ്രയത്വം.

നിയമം നിർമ്മിക്കുന്നതിനുള്ള ഭരണകൂടത്തിന്റെ അധികാരം സ്വന്തം ഇച്ഛയും പൊതുജനങ്ങളുടെ ഇച്ഛയും ഏകീകരിക്കുന്നതിൽ നിന്ന് സിദ്ധമാകുന്നതാണ്. ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങൾ പാലിക്കേണ്ടതായ നിയമങ്ങളെ കുറിച്ച് അവരെ ബോധവത്കരിക്കുകയും ജാഗരൂകരാക്കുകയും ചെയ്യേണ്ട കടമ ഭരണകൂടത്തിനാണ്.

താൻ അറിയേണ്ട കാര്യങ്ങളിൽ ജാഗ്രതയെ നീട്ടി നീട്ടിക്കൊണ്ടുപോയാൽ അതുകൊണ്ടുണ്ടാകുന്ന അപകടം ചെറുതല്ല. തന്റെ ഭരണകാലത്ത് ജനതയെ നിയമവ്യവസ്ഥകളെ കുറിച്ച് പ്രബുദ്ധരാക്കാൻ കഴിയാത്ത ഭരണാധികാരികൾ വരുംതലമുറയുടെ മാത്രമല്ല, മനുഷ്യരാശിയുടെ തന്നെ പാവനമായ അവകാശങ്ങളെ ഹനിക്കുകയും ചവിട്ടിത്തേയ്ക്കുകയുമാണ് ചെയ്യുന്നത്.

പ്രകടനപത്രികയിൽ വാരിക്കോരി വാഗ്ദാനങ്ങൾ നൽകുമ്പോൾ അത് നടപ്പാക്കാനുള്ള പണത്തിന്റെ സോഴ്സ് കൂടി പ്രകടനപത്രികയിൽ ഉൾപ്പെടുത്തണം.

ഒരു വിൽപ്പത്രം തയ്യാറാക്കുന്ന ജാഗ്രതയോടെ വേണം തെരഞ്ഞെടുപ്പുകാലത്ത് പ്രകടനപത്രിക തയ്യാറാക്കുവാൻ. തെരഞ്ഞെടുപ്പുകാലത്ത് ധൃതഗതിയിൽ തയ്യാറാക്കുന്ന ഒരു പ്രകടനപത്രികയിലൂടെ ജനാധിപത്യസംവിധാനങ്ങളിലവശ്യമായ സാമാന്യമര്യാദ പാലിക്കപ്പെടുമെന്ന് എങ്ങനെ ഉറപ്പാക്കാനാകും? അതൊരു രാഷ്ട്രീയ പദ്ധതിയുടെയും സംസകാരശീലത്തിന്റെയും ഭാഗമായി ഉരുവമെടുത്തുവരേണ്ട ഒന്നാണ്. നിലപാടുകളിലെ സത്യസന്ധത, ആത്മാർഥത, സുതാര്യത ഇവ പ്രകടനപത്രികയിൽ തെളിഞ്ഞു കാണണം. വാഗ്ദാനങ്ങളിലല്ല കാര്യം.

വേഗത്തിൽ സംസാരിക്കുന്നവൻ പെട്ടെന്ന് വീഴുകയോ വഴുതിപ്പോകുകയോ ചെയ്യുമെന്നതിന് തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളോളം മികച്ച ഉദാഹരണങ്ങളില്ല. വോട്ട്, എന്നാൽ തിരഞ്ഞെടുപ്പടുക്കുന്ന സമയത്ത് വിലയുള്ള നോട്ട് എന്ന് പരിഹസിക്കുന്ന ഗാനം ഓർക്കുക. പഴയ സ്ഥാനാർഥി സാറാമ്മ എന്ന ചിത്രത്തിലെ ഗാനവും തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളെ കണക്കിന് പരിഹസിക്കുന്നുണ്ട്.

"തോട്ടുംകരയിൽ വിമാനമിറങ്ങാൻ
താവളമുണ്ടാക്കും
കൃഷിക്കാർക്കു കൃഷിഭൂമി
പണക്കാർക്കു മരുഭൂമി..
എൻ.ജി.ഒമാർക്കെല്ലാം
ഇന്നത്തെ ശമ്പളം നാല് നാലിരട്ടി,
എൻ.ജി.ഒമാർക്കെല്ലാം
ഇന്നത്തെ ശമ്പളം
നാളെ നാലിരട്ടി"

വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പു സമയത്തിറക്കുന്ന വെറും ശീട്ടുകൾ മാത്രമാണെന്ന പരിഹാസത്തിലും തീരെ കഴമ്പില്ലെന്ന് പറയാനാവില്ല. പ്രകടനപത്രികയിൽ വാരിക്കോരി വാഗ്ദാനങ്ങൾ നൽകുമ്പോൾ അത് നടപ്പാക്കാനുള്ള പണത്തിന്റെ സോഴ്സ് കൂടി പ്രകടനപത്രികയിൽ ഉൾപ്പെടുത്തണം. സത്യസന്ധമായാണ്, ആത്മാർഥമായാണ് തങ്ങൾ വാക്കു നൽകുന്നതെന്ന വിശ്വാസം ജനങ്ങൾക്കുണ്ടാകണം.

തെരഞ്ഞെടുപ്പുകാലത്ത് ധൃതഗതിയിൽ തയ്യാറാക്കുന്ന ഒരു പ്രകടനപത്രികയിലൂടെ ജനാധിപത്യസംവിധാനങ്ങളിലവശ്യമായ സാമാന്യമര്യാദ പാലിക്കപ്പെടുമെന്ന്  എങ്ങനെ ഉറപ്പാക്കാനാകും?
തെരഞ്ഞെടുപ്പുകാലത്ത് ധൃതഗതിയിൽ തയ്യാറാക്കുന്ന ഒരു പ്രകടനപത്രികയിലൂടെ ജനാധിപത്യസംവിധാനങ്ങളിലവശ്യമായ സാമാന്യമര്യാദ പാലിക്കപ്പെടുമെന്ന് എങ്ങനെ ഉറപ്പാക്കാനാകും?

ഇനി ഭൗതികസൗകര്യങ്ങളുടെ കാര്യത്തിലേക്ക് വന്നാൽ, എന്റെ പരിഗണനയിൽ വരുന്ന പ്രധാന പ്രശ്നങ്ങൾ ഇവയാണ്.

  • 1. കേരളത്തിൽ റോഡ് സുരക്ഷയാണ് ഏറ്റവുമാദ്യം പരിഗണിക്കപ്പെടേണ്ട വിഷയം. റോഡപകടവും അപകടമരണങ്ങളും പരമാവധി കുറച്ച് റോഡ് ഗതാഗതം സുരക്ഷിതമാക്കാനുള്ള കർശന നടപടികളുണ്ടാകണം. മോട്ടോർ വാഹന വകുപ്പും മറ്റു നിയമവകുപ്പുകളും അടിയന്തിര ഇടപെടലുകൾ നടത്തി റോഡ് നിയമങ്ങൾ കർശനമായി പാലിക്കാനുള്ള സംവിധാനമുണ്ടാക്കണം.
    റോഡിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്ന സമയത്ത് വാട്ടർ അതോറിറ്റി, ഇലക്ട്രിസിറ്റി, ടെലികമ്യൂണിക്കേഷൻ വകുപ്പുകളുമായി ഏകോപനമില്ലാത്തത് യാത്രക്കാർക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. മാർച്ച്, ഏപ്രിൽ മാസമാകുമ്പോൾ കേടുപാടില്ലാത്ത റോഡുകൾ പോലും വർഷാവർഷച്ചടങ്ങായ കരാർ പണിക്കായി കുത്തിപ്പൊളിച്ച് ടാറിടുന്നത് കാണാറുണ്ട്. നാട്ടുകാർ റോഡ് നിയമം കയ്യിലെടുത്ത്, വിധി നിർണ്ണയിച്ച്, ശിക്ഷ നടപ്പാക്കുന്നത് അവസാനിപ്പിക്കണം. കോടതിയും പോലീസും ഭരണകൂടവും ജാഗ്രത പുലർത്തിയില്ലെങ്കിൽ തെരുവുപട്ടിയുടെ വില പോലും മനുഷ്യജീവന് കിട്ടില്ല.
    കർക്കശമായ നിയമങ്ങളില്ലാത്തതുകൊണ്ടും കർശനമായ ശിക്ഷയില്ലാത്തതു കൊണ്ടും നമ്മുടെ നാട്ടിൽ റോഡ് നിയമങ്ങൾ പാലിക്കപ്പെടുന്നില്ല.
    നിയമങ്ങളെ പലർക്കും ഭയമില്ല. speed limit മറികടന്നാൽ വൻതുക പിഴയുണ്ട് വിദേശ രാജ്യങ്ങളിൽ. നമ്മുടെ നാട്ടിലേതുപോലെ ഒത്തുകളികൾ ഒന്നും അവിടെ നടപ്പില്ല. കേരളത്തിലെ റോഡിലിറങ്ങിയാൽ ജീവനോടെ തിരികെ വീട്ടിലെത്തിയാൽ അതൊരു ഭാഗ്യം മാത്രമാണ്. ഈയവസ്ഥക്ക് ശാശ്വതമായ പരിഹാരം ഉറപ്പുതരാനാകുമോ?

  • 2. ശുദ്ധജലം എല്ലാവർക്കും എപ്പോഴും ലഭ്യമാക്കുക സർക്കാരിന്റെ പ്രധാന പരിപാടിയാകണം. ശുദ്ധജല ലഭ്യതക്കായി ആഴ്ചയിലൊന്ന് കോർപറേഷന്റെ കാരുണ്യത്തിന് കാത്തു നിൽക്കേണ്ട അവസ്ഥ ഉണ്ടാകരുത്.

  • 3. ദുരന്തനിവാരണവും അതിന്റെ പിന്നീടുണ്ടാകുന്ന റീബിൽഡിങും കുറെക്കൂടി വേഗതയിലും കാര്യക്ഷമതയോടെയും ആകണം. ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം. ദുരന്തങ്ങൾ മുൻകൂട്ടി അറിയാനും പ്രത്യാഘാതങ്ങളെ കാര്യക്ഷമമായി നേരിടാനുമുള്ള സംവിധാനമുണ്ടാകണം

  • 4. കക്ഷി ഭേദമില്ലാതെ പറയപ്പെടുന്ന ഒരു വാക്ക് എന്നല്ലാതെ 'സ്ത്രീപക്ഷ'മെന്നൊന്ന് രാഷ്ട്രീയത്തിൽ തീരെ കാണുന്നില്ല. സെക്ടേറിയനാണ് നിലപാടുകൾ. ഇടതുപക്ഷ സ്ത്രീപക്ഷം, വലതുപക്ഷ സ്ത്രീപക്ഷം, തീവ്രവലതു സ്ത്രീപക്ഷം, ദലിത് സ്ത്രീപക്ഷം ഇങ്ങനെ ഉള്ള സെക്ടേറിയൻ നിലപാടുകൾ നിലനിൽക്കുന്നിടത്തോളം സ്ത്രീപക്ഷം എന്നൊരു കോമൺ അജണ്ട മുന്നോട്ടു വെക്കുന്നതിൽ അർഥമില്ല. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പോലും ഈ സെക്ടേറിയൻ നിലപാടുകൾ തെളിഞ്ഞു കാണാനാകുന്നുണ്ട്. സ്ത്രീപക്ഷം എന്നത് സാർഥകമായ ഒരു വാക്കായി കാണാൻ കഴിയുന്ന ഒരു സംവിധാനം നടപ്പാക്കുമെന്ന് പ്രകടനപത്രിക ഉറപ്പു തരണം.
    ലിംഗനീതി എന്നും എപ്പോഴും മറ്റെല്ലാ പരിഗണനകൾക്കും പിറകിലേ നിർത്തിക്കണ്ടിട്ടുള്ളൂ. മതം, രാഷ്ട്രീയം, സ്വത്ത്, കുടുംബം, സ്ഥാപനം, ഭരണകൂടം എന്ന് വേണ്ട സകലതും സുരക്ഷിതമാക്കിയ ശേഷം മാത്രം വേണമെങ്കിൽ ആലോചിക്കാവുന്ന ഒരു വിഷയം.
    നമ്മുടെ സ്ത്രീകൾ കുഞ്ഞുങ്ങളുമായി ആത്മഹത്യ ചെയ്യുന്നു. യാദൃച്ഛികതകളെന്നോ ആകസ്മികമായുണ്ടാകുന്ന വികാരവിക്ഷോഭങ്ങളെന്നോ വിലയിരുത്തി നിസ്സംഗരാകാൻ കഴിയാത്ത വിധം അത്തരം സംഭവങ്ങളുടെ എണ്ണം വർദ്ധിക്കുന്നു. അത്രമേൽ ജീവിക്കാൻ കഴിയാത്തപ്പോൾ മാത്രം എടുക്കുന്ന തീരുമാനമാണത്. അത്തരം ഒരു തീരുമാനം എടുക്കേണ്ട വരുന്നതിന് കാരണം സമൂഹവും അത് പിന്തുടർന്നു വരുന്ന അപരിഷ്കൃതമായ സ്ത്രീവിരുദ്ധതയും കാരണമാകുന്നുണ്ട്.
    ഗാർഹികപീഡന നിയമങ്ങളുടെ സാങ്കേതികതകളും കാലതാമസവും പോലീസ് സ്റ്റേഷനുകളിലും കോടതികളിലും നേരിടേണ്ടി വരുന്ന പരിഹാസവും അപമാനവും സ്ത്രീകളെ നിയമവഴി തേടുന്നതിൽ നിന്ന് അകറ്റി നിർത്തുന്നു. ഗാർഹിക പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് സുരക്ഷിതമായും അന്തസ്സോടെയും താമസിക്കാനുള്ള പകരം ഏർപ്പാടുകൾ(സർക്കാർ /സ്വകാര്യ )തീർത്തും അപര്യാപ്തമാണ് ഉള്ളതിനെക്കുറിച്ച് സാധാരണക്കാർക്ക് അറിയുകയുമില്ല. ഇപ്പോഴും അടുത്ത വീട്ടിൽ നടക്കുന്ന വയലൻസ് നമുക്ക് അവരുടെ കാര്യമാണ്. ഇടപെടാൻ ആരും തയ്യാറാവില്ല. അങ്ങനെ ഇടപെടേണ്ട ജാഗ്രതാസമിതികൾ അത്തരം ജാഗ്രതയിലേക്ക് ഉയരുന്നില്ല. ഏതു സർക്കാർ വന്നാലാണ് ഈയവസ്ഥകൾക്ക് മാറ്റമുണ്ടാവുക?

  • 5. തൊഴിലിടങ്ങൾ വ്യക്തിക്ക് ഏറ്റവും സുരക്ഷിതമായിരിക്കണമെന്നല്ലാതെ ആഹ്ലാദപ്രദമായിരിക്കണം, കംഫർട്ടബ്ൾ ആയിരിക്കണമെന്ന ഒരാശയത്തിലേക്ക് നമ്മുടെ ചിന്തകൾ ഇനിയും കടന്നുചെന്നിട്ടില്ല. അവിടെ നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടണം, ലൈംഗിക ചൂഷണമുണ്ടായിക്കൂടാ, അവിടെ പരാതിപരിഹാര സെൽ ഉണ്ടായിരിക്കണം, പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യമുണ്ടാകണം എന്നൊക്കെയല്ലാതെ തൊഴിലിടത്തിലെ ആനന്ദത്തെ കുറിച്ച് നമ്മൾ എന്നാണ് ചിന്തിച്ചു തുടങ്ങുക?
    ഉദാഹരണത്തിന് കേരളത്തിലെ പെൺപോരാട്ടങ്ങളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഇരിപ്പുസമരവും, മൂത്രപ്പുര സമരവും, രാപ്പകൽ സമരവും ഉൾപ്പെടെ സ്ത്രീപൗരാവകാശ തുല്യതകൾക്കു വേണ്ടി നടത്തപ്പെട്ട ഒട്ടേറെ സമരങ്ങൾ നടത്തി വിജയിച്ചതായി പ്രഖ്യാപിച്ച സംഭവം നമുക്കോർമ്മയുണ്ട്.
    പക്ഷേ, ഏതെങ്കിലും ഒരു തുണിക്കടയിൽ ഇരുന്നു ജോലി ചെയ്യാനുള്ള സൗകര്യമുള്ളതായി ഇന്നും കാണുന്നില്ല. രാവിലെ 8 മണി മുതൽ വൈകീട്ട് 8 മണി വരെ പണിയെടുക്കുന്ന മനുഷ്യർക്ക് കസേര നൽകാതിരിക്കുക എന്ന മനുഷ്യവിരുദ്ധത നമ്മുടെ നാടിന്റെ തൊഴിൽ സംസ്കാരത്തിന്റെ ജീർണ്ണമുഖത്തെയാണ് കാണിക്കുന്നത്.
    ഒരു വികസ്വര രാഷ്ട്രത്തിന്റെ തൊഴിലവസ്ഥകളെ വികസിത രാഷ്ട്രങ്ങളുടേതുമായി താരതമ്യം ചെയ്യുന്നത് അയുക്തികമാണെന്നറിയാം. എങ്കിലും വിദേശമാതൃകകൾ പഠിക്കാനായി തുടരെത്തുടരെ പുറംലോകങ്ങളിലേക്ക് സഞ്ചരിക്കുന്നവർക്ക് വിദേശരാഷ്ട്രങ്ങൾ അവിടെ പിന്തുടരുന്ന തൊഴിൽ സംസ്കാരമെന്തെന്ന് മനസ്സിലാക്കാനും അതിലേക്ക് നമ്മുടെ നാടിനെ നയിക്കാൻ എന്തൊക്കെ ചെയ്യാനാകുമെന്നും പരിശോധിക്കാവുന്നതാണ്. തൊഴിൽ ചെയ്യുന്നവരുടെ പ്രാഥമികാവശ്യങ്ങൾ മാത്രമല്ല അവിടെ പരിഗണന. വിദ്യാസമ്പന്നരായ യുവാക്കൾ കേരളത്തിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് കുത്തിയൊഴുകി പോകുന്നതിന്റെ പ്രധാന കാരണം തൊഴിലിടങ്ങളിലെ മാന്യതയും അന്തസ്സും സുരക്ഷയും വരുമാനവും അവിടെ കൂടുതലാണ് എന്നത് തന്നെയാണ്. അതിലുപരിയായി അവരെ അവിടെ തുടരാൻ പ്രേരിപ്പിക്കുന്ന സംഗതികൾ നിരവധിയാണ്. ഒരു പക്ഷേ ആ സൗകര്യങ്ങൾ നമ്മുടെ നാട്ടിൽ പിന്തുടരണമെന്ന് ആവശ്യപ്പെട്ടാൽ ആർഭാടമെന്നോ ലക്ഷ്വറി എന്നോ ആക്ഷേപിക്കപ്പെട്ടേക്കാം.
    വീട്ടിൽ രാത്രിയോ വെളുപ്പിനെയോ തയ്യാറാക്കുന്ന ഭക്ഷണം പൊതിഞ്ഞുവെച്ച് ഓഫീസിൽ കൊണ്ടുപോയി ഉച്ചയാകുമ്പോൾ ആ തണുത്ത ഭക്ഷണം കഴിക്കുന്ന രീതിയാണ് നമ്മുടെ നാട്ടിൽ ഒരുവിധം എല്ലാ നിലയിലുള്ള ഉദ്യോഗസ്ഥരും പിന്തുടരുന്നത്. ഒരു തൊഴിലാളിക്ക് സ്വന്തം തൊഴിലിടത്തിൽ സ്വന്തം കാബിനിൽ ഫ്രിഡ്ജും ഇലക്ട്രിക് അവനും ഉണ്ടായിരിക്കുകയും ഭക്ഷണസമയത്ത് അത് ചൂടാക്കി കഴിക്കാനുമുള്ള സൗകര്യം ഉണ്ടാവുകയും ചെയ്യുന്നതിനെ കുറിച്ച് നമ്മുടെ യുവാക്കൾ തങ്ങളുടെ വിദേശാനുഭവം പറയുന്നത് കേൾക്കുമ്പോൾ നമ്മുടെ നാട്ടിൽ തൊഴിലിടങ്ങൾ labourer friendly ആകുന്നതിനെ കുറിച്ച് എന്നാണിനി ചിന്തിച്ചു തുടങ്ങുക എന്ന് ആലോചിക്കാറുണ്ട്. നമ്മുടെ നാട്ടിലെ ഏറ്റവും ഉയർന്ന നിലയിലുള്ള ഉദ്യോഗസ്ഥർക്കു പോലും ഇത്തരം സൗകര്യങ്ങൾ ലഭ്യമാണോ? വിദേശ രാജ്യങ്ങളിൽ ലോൺട്രികളിലും ക്ലിനിക്കുകളിലും സൂപ്പർമാർക്കറ്റുകളിലും പോലും കാപ്പിയും ചായയും ഉണ്ടാക്കാനുള്ള സൗകര്യങ്ങളും ഭക്ഷണം ചൂടാക്കി കഴിക്കാനുള്ള സംവിധാനങ്ങളുമുണ്ട്. അതൊരാർഭാടമല്ല, സംതൃപ്തമായ മാനസികാവസ്ഥ തൊഴിലാളികളിൽ സൃഷ്ടിക്കുകയും അതുവഴി അവരെ കൂടുതൽ ഊർജ്ജസ്വലരാക്കി നിലനിർത്തുകയും ചെയ്യുക എന്നത് അവിടെ പ്രധാന പരിഗണന തന്നെയാണ്. ആർത്തവ കാലത്ത് ഒരു hot Water bag കയ്യിലുണ്ടെങ്കിൽ ചൂടുവെള്ളം കിട്ടാനുള്ള സൗകര്യം സ്ത്രീകൾക്ക് നമ്മുടെ ഏതെങ്കിലും സ്ഥാപനത്തിൽ ഉണ്ടെന്നു തോന്നുന്നില്ല. ആർത്തവം എന്നു പൊതുവിടങ്ങളിൽ പറയാൻ പോലും മടിവിട്ടിട്ടില്ലാത്ത നാടാണ് ഇന്നും നമ്മുടേത് എന്ന് ഓർക്കുക. ആർത്തവകാലം ഒരു ദുരിതകാലമാണെന്നും ശാരീരികവും മാനസികവുമായ പല തരം അസ്വസ്ഥതകൾ അനുഭവിക്കുന്ന സഹോദരിമാർക്ക് തൊഴിലിടങ്ങൾ എത്രമാത്രം സൗഹാർദ്ദപരമാണ് എന്ന് ഇനിയും ചിന്തിച്ചു തുടങ്ങാത്ത നാടാണ് നമ്മുടേത്. ആർത്തവ- ഗർഭകാലങ്ങൾ വൃത്തിയുള്ള ശുചിമുറികളും വൃത്തിയും ചൂടുമുള്ള ഭക്ഷണവും തൊഴിലാളികൾക്ക് ലഭിക്കണം. നമ്മുടെ നാട്ടിൽ നിന്ന് വിദേശത്തെത്തുന്ന യുവാക്കൾ ഇനിയൊരിക്കൽ നമ്മുടെ നാട്ടിൽ വന്ന് തൊഴിൽ ചെയ്യുന്ന ഒരു സാഹചര്യത്തെ കുറിച്ച് ചിന്തിക്കാൻ കൂടി തയ്യാറാകുന്നില്ല. പ്രകടനപത്രികകളിലോ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലോ ഈ വിഷയങ്ങളൊന്നും വരാറില്ല.


യന്ത്രങ്ങളെക്കാൾ വളരെയധികം ഉയർന്നവരായ മനുഷ്യരോട് അവരുടെ ആത്മാഭിമാനത്തിനു അനുയോജ്യമായവിധം പെരുമാറുന്നത് സ്വന്തം താല്പര്യത്തിനുതന്നെ ഉത്തമമെന്ന് ഭരണകൂടങ്ങൾ തിരിച്ചറിയണം.

പ്രബുദ്ധതയെ പ്രാപിക്കുക, നിഴലുകളെ ഭയപ്പെടാതെ ജീവിക്കുക…


Summary: S Saradakutty writes on the context of Kerala Assembly Elections 2026. Also Discussed about Election Manifesto.


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments