എൻ.ഐ.എ ഉദ്യോഗസ്ഥർ രാത്രി പത്തരമണിക്ക് വീട്ടിൽ വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു - സബിത ശേഖർ

Think

2021 സെപ്തംബർ ഒന്നാം തിയതി രാത്രി പത്തരമണിക്ക് എൻ.ഐ.എയിലെയും ക്രൈംബ്രാഞ്ചിലേയും ഉദ്യോഗസ്ഥർ വീട്ടിലേക്ക് വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് യു.എ.പി.എ ചുമത്തപ്പെട്ട് അറസ്റ്റിലായ അലന്റെ അമ്മ സബിത ശേഖർ. സുപ്രീം കോടതിയുടെ ഒരു നോട്ടീസ് തരാൻ രാത്രി പത്തരമണിക്ക് വരേണ്ട എന്ത് ആവശ്യമുണ്ടായിരുന്നു എന്നും സബിത ശേഖർ. ട്രൂകോപ്പി തിങ്കിന് നൽകിയ അഭിമുഖത്തിലാണ് സബിത ശേഖറിന്റെ വെളിപ്പെടുത്തൽ.

ഞങ്ങളെ സംബന്ധിച്ച് ഭരണകൂട ഭീകരതയും ഫാസിസവുമൊക്കെ വന്ന് കഴിഞ്ഞെന്നും ഇതിനെതിരെ ഒരു പരാതി കൊടുക്കാൻ പോലും തോന്നാത്തത് കേരളാ പൊലീസിന്റെ പൊലീസ് സ്റ്റേഷനിൽ പോയി വേണമല്ലോ പരാതി കൊടുക്കേണ്ടത് എന്നത് കൊണ്ടാണെന്നും അവർ കൂട്ടിച്ചേർത്തു.

""ഞങ്ങളെ സംബന്ധിച്ച് ഭരണകൂട ഭീകരതയും ഫാസിസവുമൊക്കെ വന്ന് കഴിഞ്ഞു. അതിന്റെ ഏറ്റവും വലിയ തെളിവ് 2021 സെപ്തംബർ ഒന്നാം തിയതി രാത്രി പത്തരമണിക്ക് എൻ.ഐ.എയിലെയും ക്രൈംബ്രാഞ്ചിലേയും ഉദ്യോഗസ്ഥർ വീട്ടിലേക്ക് വന്നു. സുപ്രീം കോടതിയുടെ നോട്ടീസ് നേരിട്ട് തരാൻ വേണ്ടിയാണ് രാത്രി പത്തരമണിക്ക് വന്നത്. ഞാൻ ചോദിച്ചു എന്താ നിങ്ങൾ ഈ സമയത്ത് വന്നത്. ട്രാവൽ ചെയ്ത് ലേറ്റ് ആയതാണെന്നാണ് അവർ പറഞ്ഞത്. എന്നെ വിളിച്ചു പറയാനോ കൊച്ചി ഓഫീസിലേക്ക് വിളിപ്പിക്കാനോ പിറ്റേന്ന് രാവിലെ വരാനോ ശ്രമിക്കാതെ രാത്രി വരേണ്ട ആവശ്യം എന്തായിരുന്നു? അന്ന് അറസ്റ്റ് ചെയ്യാൻ വന്നപ്പോൾ ഒരു പ്രശ്‌നവും നമ്മൾ പറഞ്ഞിട്ടില്ല, എന്നാൽ ഇനി അത് നടക്കില്ല. ഒരു നോട്ടീസ് തരാൻ പത്തരമണിക്ക് വരേണ്ട ആവശ്യമില്ല. രണ്ട് ദിവസം കഴിഞ്ഞ് സുപ്രിം കോടതി ആ നോട്ടീസ് അയച്ചു തന്നു. അവർ വന്നത് ഒരു നാടകത്തിലൂടെ ഒരു ഭീകരാന്തരീക്ഷം സൃഷ്ടിക്കാനായിരുന്നു. അവർ പോയതിന് ശേഷം അലൻ എന്നെ കെട്ടിപ്പിടിച്ചിരുന്നു. ഇതിൽ നമുക്ക് ഒരു പരാതി കൊടുക്കാൻ പോലും തോന്നാത്തത് കേരളാ പൊലീസിന്റെ പൊലീസ് സ്റ്റേഷനിൽ പോയിവേണമല്ലോ എന്നത് കൊണ്ടാണ്. ഇതൊന്നും ആരോടും പറഞ്ഞിട്ടുമില്ല. ''

അഭിമുഖത്തിന്റെ പൂർണ്ണ രൂപം രാത്രി എട്ടു മണിക്ക് പ്രസിദ്ധീകരിക്കും

Comments