മന്ത്രി സജി ചെറിയാൻ മാപ്പ് പറയണം, രാജി വെക്കണം

ന്ത്യൻ ഭരണഘടനയെ പരിഹസിച്ചു കൊണ്ട് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗം ഭരണഘടനാ വിരുദ്ധമാണ്, സത്യപ്രതിജ്ഞാ ലംഘനമാണ്, വിവരക്കേടും അധാർമ്മികവുമാണ്. ചരിത്രബോധമോ രാഷ്ട്രീയ ബോധമോ ഇല്ലാത്ത ഒരു ജനപ്രതിനിധിയുടെ അഹങ്കാരം. സജി ചെറിയാൻ മാപ്പു പറയുകയും രാജി വെയ്ക്കുകയുമാണ് ചെയ്യേണ്ടത്.

ഇന്ത്യൻ ഭരണഘടന കുന്തവും കൊടച്ചക്രവുമല്ല. ബ്രിട്ടീഷുകാർ പറഞ്ഞ് എഴുതിച്ചതുമല്ല. അതിന്റെ മുക്കിലും മൂലയിലുമെല്ലാം നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം സോഷ്യലിസം എന്നെല്ലാം എഴുതി വെച്ചിരിക്കുന്നതുമല്ല. യു.പി.സ്കൂൾ കുട്ടികളുടെ സാമൂഹിക പാഠം പുസ്തകമെങ്കിലും വായിച്ചു നോക്കണം സാംസ്കാരിക മന്ത്രിയായ സജി ചെറിയാൻ.

ഇടതുപക്ഷത്തിരുന്നു കൊണ്ട്, സംഘരിവാറിന്റെ ഭാഷയിലും സംഘ പരിവാറിന്റെ ആശയത്തിലും താങ്കൾ നടത്തിയ പരിഹാസങ്ങൾ ഒരു തരത്തിലും ന്യായീകരിക്കപ്പെടേണ്ടതല്ല. ഭരണഘടനയെയല്ല വിമർശിച്ചതെന്നും ഭരണകൂടത്തിന്റെ നടപടികളെയാണ് വിമർശിച്ചതെന്നുമുള്ള താങ്കളുടെ മുഖ്യമന്ത്രിയോടുള്ള വിശദീകരണം നിലനിൽക്കുന്നതല്ല. വിവാദവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ ഭരണഘടനയെ വിമർശിച്ചു എന്ന രീതിയിൽ വരുന്ന വാർത്തകൾ വളച്ചൊടിക്കപ്പെട്ടതാണ് എന്ന് സജി ചെറിയാൻ പറയുന്നു. ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. അതും നിലനിൽക്കുന്നതല്ല. പബ്ലിക് ഡൊമൈനിൽ ലഭ്യമായ പ്രസംഗം കേട്ട ഇന്ത്യക്കാർക്ക് അർത്ഥം മനസ്സിലാക്കാൻ താങ്കളുടെ വിശദീകരണക്കുറിപ്പിന്റെ ആവശ്യമൊന്നുമില്ല. ഇന്ത്യയെന്ന സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കിന്റെ ആധാരശിലയായ, മനോഹരവും ജൈവികവും തുറന്നതുമായ ഭരണഘടനയെയാണ് താങ്കൾ നിരുത്തരവാദപരമായി ആക്രമിച്ചിരിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളാണ് ജനാധിപത്യവും മതേതരത്വവും. ആ ആശയങ്ങളുടെ ബലത്തിലാണ് ഇന്ത്യയെന്ന വൈവിധ്യങ്ങളുടെ രാഷ്ട്രം വൈവിധ്യത്തോടെ നിലനിൽക്കുന്നത്. കേരളത്തിലെ സാംസ്കാരിക മന്ത്രിയുടെ വിടുവായത്തത്തിന് മറുപടി പറയാനായി ഏഴാം ക്ലാസിലെ സാമൂഹിക പാഠപുസ്തകം ഉദ്ധരിക്കേണ്ടി വരുന്നത് നാണക്കേടാണ്.

ഭരണഘടന വിമർശനാതീതമല്ല എന്ന വാദങ്ങൾ കൊണ്ട് ന്യായീകരിക്കപ്പെടേണ്ടതല്ല സജി ചെറിയാൻ നടത്തിയ പരിഹാസങ്ങൾ. ഭരണഘടനയോട് നിർവ്യാജമായ കൂറുപുലർത്തിക്കൊണ്ട് സത്യപ്രതിജ്ഞ ചെയ്തു എന്നതുകൊണ്ടു മാത്രമല്ല സജി ചെറിയാന്റെ പരിഹാസം വിമർശിക്കപ്പെടേണ്ടത്. കാലത്തിനും രാഷ്ട്രീയത്തിനും സത്യത്തിനും നിരക്കാത്ത പരിഹാസങ്ങളാണ് മന്ത്രി നടത്തിയത്. ഭരണഘടനയുടെ അന്തഃസത്തയോട്, ഭരണഘടനയെന്ന ആശയത്തോട് തന്നെ എല്ലാ കാലത്തും പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും എതിരിടുന്നവരാണ് സംഘപരിവാർ. ആ രാഷ്ട്രീയം ഏറ്റെടുത്ത് പറയാൻ കേരളത്തിലെ ഒരു സി.പി.എം മന്ത്രിയ്ക്ക് ആശയപരമായി സാധിക്കുന്നു എന്നത് ഭയപ്പെടേണ്ട വസ്തുതയാണ്. അത് തിരുത്തേണ്ട ബാധ്യത മുഖ്യമന്ത്രിയ്ക്കും ഭരണ സംവിധാനത്തിനുമാണ്.

സാമ്രാജ്യം കത്തിയെരിയുമ്പോൾ തൊഴിലാളി വർഗ്ഗത്തിന്റെ ചെലവിൽ സൈദ്ധാന്തികതയുടെ വികല സംഗീതം വായിക്കുന്നവരായി മാറുന്ന സി.പി.എം. നേതാക്കൾ അത്തരം പാടലുകൾ നിർത്തിവെയ്ക്കണം., സജി ചെറിയാൻ രാജി വെയ്ക്കണം.

Comments