അപർണക്ക്​ ഗുരുതര ആരോഗ്യപ്രശ്​നം, വിദ്യാർഥികൾക്ക്​​ ഇപ്പോഴും ലഹരി മാഫിയ ഭീഷണി

വയനാട്ടിലെ മേപ്പാടി പോളിടെക്‌നിക് കോളേജിൽ വെച്ച് ലഹരിസംഘത്തിന്റെ ക്രൂരമർദനമേറ്റ എസ്.എഫ്.ഐ ജില്ല വൈസ് പ്രസിഡൻറ്​ അപർണ ഗൗരിയുടെ കാഴ്​ചക്ക്​ മങ്ങലേൽക്കുകയും ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. ലഹരി മാഫിയയുടെ പിടിയിൽ നിന്ന് പുറത്തുവന്ന വിദ്യാർഥികൾക്കുനേരെ വധഭീഷണിയടക്കമുള്ള സാഹചര്യത്തിൽ അവർ ടി.സി വാങ്ങി പോകാൻ നിർബന്ധിക്കപ്പെടുകയുമാണ്​.

യനാട്ടിലെ മേപ്പാടി പോളിടെക്‌നിക് കോളേജിൽ വെച്ച് ലഹരിസംഘത്തിന്റെ ക്രൂരമർദനമേറ്റ് ചികിത്സയിലായിരുന്ന എസ്.എഫ്.ഐ വയനാട് ജില്ല വൈസ് പ്രസിഡൻറ്​ അപർണ ഗൗരി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളാണ് നേരിടുന്നത്. ആക്രമണത്തിനിടെ തലക്കേറ്റ ക്ഷതം മൂലം കാഴ്​ചക്ക്​ മങ്ങലേൽക്കുകയും നെഞ്ചിൽ ചവിട്ടേറ്റ പരിക്കുമൂലം ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. ആവശ്യത്തിന്​ ഭക്ഷണം കഴിക്കാനാകുന്നില്ലെന്നും ലൈറ്റും ശബ്ദവും ബുദ്ധിമുട്ടായതിനെതുടർന്ന്​​ ആശുപത്രിയിൽനിന്ന്​ ഡിസ്ചാർജ് ചോദിച്ചുവാങ്ങുകയായിരുന്നുവെന്നും അപർണ ഗൗരി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

അപർണ ആക്രമണത്തിനിരയായ സംഭവത്തിൽ യു.ഡി.എസ്.എഫ് പ്രവർത്തകരുൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. അപർണയെ മർദിച്ച സംഘത്തിൽ മുപ്പതോളം പേരുണ്ടായിരുന്നു. അപർണയെയും കൂടെയുണ്ടായിരുന്ന മറ്റ് എസ്.എഫ്.ഐ പ്രവർത്തകരെയും, കെ.എസ്.യു - എം.എസ്.എഫ് സഖ്യത്തിന്റെ പിന്തുണയോടെ ‘ട്രാബിയൊക്' എന്നറിയപ്പെടുന്ന ലഹരി സംഘമാണ് ക്രൂരമായി ആക്രമിച്ചതെന്നാണ് എസ്.എഫ്.ഐ ആരോപണം.

അപർണ ഗൗരി

"പോലീസിനെ സ്വാധീനിക്കാൻ പ്രതികൾ ശ്രമിക്കുന്നു'

പൊലീസിന്റെ ഭാഗത്തുനിന്ന്​ തുടക്കത്തിലുണ്ടായിരുന്ന ഇടപെടൽ ഇപ്പോഴില്ലെന്ന്​ അപർണ പറയുന്നു:‘‘ഡിസംബർ 16 ന് ഹോസ്പിറ്റലിൽ നിന്ന് വന്ന ശേഷം ഫോളോഅപ്പിനായി പൊലീസ് വിളിച്ചിരുന്നില്ല. അങ്ങോട്ട് വിളിച്ചാണ് പ്രതികളുടെ വിവരങ്ങൾ നൽകിയത്. ചികിത്സയിലായിരുന്നതിനാൽ പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞ് പൊലീസിന് ലിസ്റ്റ് നൽകുന്നതിൽ കുറച്ച് താമസമുണ്ടായി. ഡിസ്ചാർജായശേഷം ഫോട്ടോയെല്ലാം പരിശോധിച്ച് മർദിച്ചവരെ തിരിച്ചറിഞ്ഞശേഷമാണ് പൊലീസിന് ലിസ്റ്റ് നൽകിയത്. അതിനുശേഷം മൂന്നാല് ദിവസങ്ങൾ കഴിഞ്ഞിട്ടും മറ്റ് അപ്‌ഡേറ്റുകളൊന്നുമുണ്ടായിട്ടില്ല. നോക്കാം എന്നു മാത്രമാണ് പൊലീസിന്റെ മറുപടി.’’

ലിസ്റ്റിലുള്ള പ്രതികൾ ഒളിവിലാണെങ്കിലും പലരും ഓൺലൈനിൽ ആക്റ്റീവാണെന്നും ചിലരെ പലയിടങ്ങളിലും വീടുകളിൽ കണ്ടതായി പറഞ്ഞവരുണ്ടെന്നും അത് പോലീസിൽ റിപ്പോർട്ട് ചെയ്തിട്ടും അവരെ അറസ്റ്റ് ചെയ്യാൻ തയ്യാറായിട്ടില്ലെന്നും അപർണ പറയുന്നു. ദിവസങ്ങൾക്കുമുമ്പ് എക്‌സൈസ് വകുപ്പ് അപർണയുടെ മൊഴിയെടുത്തെങ്കിലും തുടർനടപടിയുണ്ടായിട്ടില്ല.

അപർണ ഗൗരിയെ എസ്.എഫ്.ഐ സംസ്ഥാന നേതാക്കൾ ആശുപത്രിയിൽ സന്ദർശിക്കുന്നു

‘‘പ്രതിപ്പട്ടികയിൽ പേരുള്ള ഒരു വിദ്യാർഥി കാമ്പസിൽ വന്നിരുന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടും ടി. സിദ്ദിഖ് എം.എൽ.എയുടെ ഓഫീസിൽ സംരക്ഷിച്ച് നിർത്തുന്ന സ്ഥിതിയായിരുന്നു’’- അപർണ പറഞ്ഞു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. ഇതിനുമുമ്പ് എസ്.എഫ്.ഐക്കെതിരെ വന്ന പല കേസുകളിലും നടപടിയെടുക്കാൻ പൊലീസ് കാണിച്ച താൽപര്യം ഈ സംഭവത്തിൽ കാണിക്കുന്നില്ലെന്നും അപർണ കൂട്ടിച്ചേർത്തു. പൊലീസ് ഒരു അപ്‌ഡേറ്റും നൽകാത്ത സാഹചര്യത്തിൽ യു.ഡി.എസ്.എഫ് പൊലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടാകാം എന്നാണ് കരുതുന്നതെന്നും അപർണ പറയുന്നു. അറസ്റ്റ് ചെയ്തവരെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യാത്തതിനാൽ അവർക്കെതിരെ കോളേജ് നടപടി സ്വീകരിച്ചിട്ടില്ല.

മുഖ്യധാരാ മാധ്യമങ്ങൾ ഇപ്പോഴും ഈ വിഷയത്തിൽ കാര്യമായി ഇടപെട്ടിട്ടില്ലെന്ന് അപർണ പറയുന്നു: ‘‘ഞാൻ ആക്രമിക്കപ്പെട്ട വീഡിയോ പുറത്തുവന്നശേഷം പോലും ഇതിനെ കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യധാര മാധ്യമങ്ങൾ തയ്യാറായിട്ടില്ല. പിന്നീട് ഒരു പ്രതിക്ക് എന്തോ സംഭവിച്ചു എന്ന് പറഞ്ഞപ്പോൾ മാത്രമാണ് വാർത്ത കൊടുക്കാൻ അവർ നിർബന്ധിതരായത്. ഇപ്പോഴും പ്രതികൾക്കെന്തങ്കിലും സംഭവിക്കുമ്പോൾ അത് എടുത്തു കാണിക്കുന്നു എന്നതല്ലാതെ എനിക്ക് സംഭവിച്ചതിനെ കുറിച്ച് ചർച്ച ചെയ്യാൻ പല മുഖ്യധാരാ മാധ്യമങ്ങളും മടിക്കുകയാണ്​.''.

രക്ഷപ്പെട്ടവർക്കുനേരെ ആക്രമണ ഭീക്ഷണി

കുറച്ചുകാലങ്ങളായി മേപ്പാടി പോളി ടെക്​നിക്​ കോളേജിലെ വിദ്യാർഥികൾക്കിടയിൽ "ട്രാബിയൊക്' എന്ന ലഹരി സംഘം വളർന്നുവരുന്നുണ്ട്. കാമ്പസിൽ ലഹരിയുടെ സ്രോതസ്സുകളെ സുലഭമായി നിലനിർത്തിയും പുതുതായി വരുന്ന വിദ്യാർഥികളെ കെണിയിൽ പെടുത്തിയുമാണ് ഇവ മുന്നോട്ടുപോകുന്നത്. ഇവരുടെ കെണിയിൽനിന്ന്​ പുറത്തുവന്ന വിദ്യാർഥികൾ അനുഭവം പങ്കുവെച്ചതിലൂടെയാണ് ഈ സംഘങ്ങളുണ്ടാക്കുന്ന അപകടങ്ങളുടെ ഗൗരവം വിദ്യാർഥികൾ തിരിച്ചറിഞ്ഞത്. ഇവർ എസ്.എഫ്.ഐക്ക് തെളിവുകൾ കൈമാറിയിരുന്നതായി എസ്.എഫ്.ഐ പ്രവർത്തകയായ അനുശ്രീ ട്രൂകോപ്പി തിങ്കിനോട് മുൻപ് പറഞ്ഞിരുന്നു. ഈ സംഘങ്ങൾക്കെതിരെ ശക്തമായ നീക്കങ്ങളുമായി എസ്.എഫ്.ഐ മുന്നോട്ടുപോയതിന്റെ പ്രതികാര നടപടിയായിരുന്നു അപർണക്കും മറ്റ് എസ്.എഫ്.ഐ പ്രവർത്തകർക്കുമെതിരായ ആക്രമണം.

മേപ്പാടി ഗവ: പോളിടെക്‌നിക് കോളേജ്

അതേസമയം, ലഹരി മാഫിയയിൽ നിന്ന് പുറത്തുവന്ന വിദ്യാർഥികളെ കാമ്പസിൽ പ്രവേശിക്കാൻ അനിവദിക്കുന്നില്ലെന്നും പ്രവേശിച്ചാൽ കൊല്ലപ്പെടുമെന്നതടക്കമുള്ള ഭീഷണി നേരിടുന്നതായും അപർണ പറഞ്ഞു. ഇവിടെ ഇവർക്ക് തുടർന്ന് പഠിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ടി. സി വാങ്ങി പോകേണ്ട അവസ്ഥയാണെന്നും അപർണ പറയുന്നു:""യു.ഡി.എസ്.എഫിലെ മുഴുവൻ വിദ്യാർഥികളും ലഹരിക്കടിമയാണെന്നോ ‘ട്രാബിയൊക്കി’ന്റെ ഭാഗമാണെന്നോ പറയാൻ കഴിയില്ല. എന്നാൽ ‘ട്രാബിയൊക്കി’ൽ വരുന്ന ഒട്ടുമിക്ക പേരും ലഹരി ഉപയോഗിക്കുന്നവരും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരുമാണ്. യു.ഡി.എസ്.എഫ് എന്ന് പറയുന്ന സംഘടന ഇലക്ഷൻ കാലത്ത്​ അവരെ ഉപയോഗിച്ചു. അവർക്ക് ലഹരി നൽകി സഹായിച്ചിട്ടുമുണ്ട്.''

പ്രതികൾക്കെതിരെ ശക്തമായ നടപടിക്കായി നിയമപരമായി മുന്നോട്ടുപോകുമെന്ന്​ അപർണ കൂട്ടിചേർത്തു.

Comments