പിണറായി വിജയൻ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

പിണറായി വീട്ടിലെത്തി, സ്ത്രീകൾ സ്വതന്ത്ര വോട്ടർമാരായി

പ്രകൃതിദുരന്തങ്ങളിൽ നന്നായി നയിച്ച മുഖ്യമന്ത്രി എന്നതിനേക്കാൾ പ്രകൃതിദുരന്തങ്ങൾ ഇല്ലാതാക്കാൻ മുൻകൈയെടുത്ത മുഖ്യമന്ത്രി എന്ന പേരിൽ പിണറായി അറിയപ്പെട്ടിരുന്നെങ്കിൽ!

തത്തെ കൂട്ടുപിടിച്ച രാഷ്ട്രീയക്കാരോടും രാഷ്ട്രീയം കളിക്കാൻ വന്ന മതനേതാക്കളോടും കേരളം ഒരുപോലെ പറഞ്ഞു; കടക്ക് പുറത്ത്!
പാലക്കാട്ട് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ ബി.ജെ.പിയിലെ ഇ. ശ്രീധരനെ തോൽപ്പിച്ചപ്പോൾ കോൺഗ്രസുകാർക്കൊപ്പം സഖാക്കളും കയ്യടിച്ചെങ്കിൽ അത് മതേതര കേരളത്തിനു കൊടുക്കേണ്ട കൈയടി...
ചില മാധ്യമങ്ങൾ പലതരം തോന്യാസങ്ങളും മണ്ടത്തരങ്ങളും പറഞ്ഞിട്ടും പിണറായി ഇമ്മാതിരി ജയിച്ചെങ്കിൽ അത് ജനങ്ങളെ ഊശിയാക്കാമെന്നു കരുതിയ മാധ്യമങ്ങളുടെ നാണംകെട്ട പരാജയം. അത്തരം മാധ്യമങ്ങളെപ്പറ്റി പിണറായി, വിജയത്തിനുശേഷമുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞപ്പോൾ, "അത് മറ്റേതോ മാധ്യമങ്ങളെപ്പറ്റിയാണെന്നതുപോലെ' അതും breaking news ആയി കൊടുക്കേണ്ടിവന്നത് അവരുടെ ദുര്യോഗം. പിണറായി തരംഗത്തിലും വടകരയിൽ കെ.ക. രമ ജയിച്ചെങ്കിൽ അത് കേരളം ചിലതൊന്നും മറക്കില്ല എന്ന ഓർമപ്പെടുത്തൽ. കേരളം ലോകത്തിനൊപ്പം അതിജീവനത്തിനായുള്ള ഏറ്റവും വലിയ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്ത് വായീത്തോന്നീത് കോതക്കുപാട്ട് എന്നപോലെ പലപ്പോഴും അസഹ്യമാംവിധം ബഹളം ഉണ്ടാക്കിക്കൊണ്ടിരുന്നവർക്ക്, ഇനിയും ബഹളം വക്കുന്നതിനുമുമ്പ് ഒന്നാലോചിക്കേണ്ടിവരുമെന്നുള്ളത് ജനം പഠിപ്പിച്ച വലിയ പാഠം. പിന്നെ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പെങ്കിലും ജയിക്കാതെ കേന്ദ്രമന്ത്രിയായാൽ ഒരുകാലത്തും ജനങ്ങളുടെ മനസ്സ് മനസ്സിലാകില്ല എന്നത് വലിയ സത്യം.

കേരളം ഇതുവരെ കാണാത്ത അഞ്ചുവർഷങ്ങൾ, ആ അഞ്ചുവർഷങ്ങളിലും തളരാതെ മുന്നിൽനിന്നു നയിച്ച അമരക്കാരൻ, ഭക്ഷണക്കിറ്റ്... ഇങ്ങനെ പിണറായിയുടെ തകർപ്പൻ രണ്ടാം വരവിന് നമ്മൾ ചർച്ച ചെയ്തു പഴകിയ അനവധി കാരണങ്ങളുണ്ട്. ഒപ്പം, അറിയാതെയാണെങ്കിൽക്കൂടി പിണറായി വിജയൻ നിർവ്വഹിച്ച ചരിത്രപരമായൊരു ദൗത്യമുണ്ട്.

യു.ഡി.എഫ്​ സ്​ഥാനാർഥിയായി വടകരയിൽ നിന്ന്​ ജയിച്ച കെ. കെ. രമ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

ഇതുവരെയുള്ള ഇലക്ഷനുകളിലൊക്കെ നാം കണ്ടിട്ടുള്ളത് കേരളത്തിലെ സ്ത്രീകൾ, അവർ എത്ര വിദ്യാഭ്യാസമുള്ളവരാണെങ്കിലും ഭർത്താവിന്റെ അല്ലെങ്കിൽ കുടുംബത്തിന്റെ തീരുമാനം പിന്തുടർന്ന് വോട്ടുചെയ്യുന്നതായാണ്. ഇതാദ്യമായി സ്ത്രീകൾ സ്വന്തമായി വ്യക്തമായ കാരണങ്ങളുടെ അടിസ്ഥാനത്തിൽത്തന്നെ അവർക്കു താൽപര്യമുള്ള ഒരു രാഷ്ട്രീയനേതാവിനെ തെരഞ്ഞെടുക്കുന്ന അല്ലെങ്കിൽ മുന്നോട്ടുവക്കുന്ന കാഴ്ചയാണ് കണ്ടത്. കുടുംബങ്ങളിൽനിന്ന് മാറി സ്ത്രീകൾ സ്വതന്ത്ര വോട്ടർമാരായി മാറി. പിണറായിയുടെ രണ്ടാംവരവിൽ ഈ സ്വതന്ത്രവോട്ടർമാരുടെ പങ്ക് വളരെ വലുതാണ്.

അതുപോലെ, പിണറായിയുടെ വാർത്താസമ്മേളനങ്ങൾ സ്ത്രീകളെ കൂടുതലായി രാഷ്ട്രീയത്തിലേക്ക് അടുപ്പിച്ചു എന്നത് പ്രാധാന്യമുള്ള സംഗതിയാണ്. രാഷ്ട്രീയമെന്നത് തങ്ങൾക്കും മനസ്സിലാക്കാവുന്ന, ഇടപെടാവുന്ന ഒരു സാധാരണ സംഗതിയാണെന്ന് വീടുകൾക്കുള്ളിലേക്കുള്ള കയറിവരവിലൂടെ പിണറായി ദേശത്തെ സാധാരണക്കാരായ സ്ത്രീകളെ അറിയിച്ചു. മാത്രമല്ല, രാഷ്ട്രീയത്തിന് തങ്ങൾ കരുതിയിരുന്നപോലെ, ഒരു അറുബോറൻ മുഖം മാത്രമല്ല, മാനുഷികതയുടെ ഒരു മുഖം കൂടിയുണ്ടെന്ന് മലയാളി സ്ത്രീകൾ തിരിച്ചറിഞ്ഞു.

കൂട്ടുകുടുംബങ്ങളുടെ നൊസ്റ്റാൾജിയ മനസ്സിൽ സൂക്ഷിക്കുന്ന സാധാരണ സ്ത്രീകൾക്ക് കാർക്കശ്യവും ഒപ്പം അതിലേറെ കരുതലുമായി ഉമ്മറത്തിരിക്കുന്ന കാരണവരായി മാറി മുഖ്യമന്ത്രി! ഈ വരേണ്യ സങ്കൽപ്പം യാഥാർഥ്യത്തിലേക്ക് പ്രതിഷ്ഠിക്കപ്പെട്ടപ്പോൾ കാരണവരായി എത്തിയത് ചെത്തുകാരൻ കോരന്റെ മകനാണെന്നത് എത്ര മനോഹരമായ കാവ്യനീതി!

അഞ്ചുവർഷങ്ങൾക്കുശേഷം അവർക്കു തൃപ്തിയില്ലെങ്കിൽ അവർ തന്നെ പിണറായിയെ മാറ്റുകയും ചെയ്യും. ഏതോ ഒരു ന്യൂസ് ചാനലിലെ ഇലക്ഷൻ പരിപാടിയിൽ തന്റെ അടുക്കളയിൽ പാചകത്തിനിടെ വളരെ ഇൻവോൾവ്ഡ് ആയി രാഷ്ട്രീയം സംസാരിച്ച ഒരു സാധാരണ വീട്ടമ്മ ശബരിമല വിഷയത്തെപ്പറ്റി ചോദിക്കുമ്പോൾ; "വിശ്വാസം കൊണ്ടുപോയി പുഴുങ്ങിത്തിന്നാൻ പറ്റില്ലല്ലോ' എന്നുപറഞ്ഞത് ഓർക്കുന്നു. തന്റെ വിജയം ഇന്നാട്ടിലെ സാധാരണക്കാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും സമർപ്പിക്കുന്നു എന്ന പിണറായിയുടെ പ്രസ്താവന തന്നെ വലിയൊരു ജെസ്ച്ചർ ആണ്.

ലോക്ക്ഡൗണിന്റെ തുടക്കദിനങ്ങളിൽ "ആണുങ്ങൾ വീട്ടുജോലികളിൽ സ്ത്രീകളെ സഹായിക്കണം' എന്ന പിണറായിയുടെ പ്രസ്താവന സ്ത്രീകളെ ഒട്ടൊന്നുമല്ല സ്പർശിച്ചത്. ഇപ്പോഴും കൂട്ടുകുടുംബങ്ങളുടെ നൊസ്റ്റാൾജിയ മനസ്സിൽ സൂക്ഷിക്കുന്ന സാധാരണ സ്ത്രീകൾക്ക് കാർക്കശ്യവും ഒപ്പം അതിലേറെ കരുതലുമായി ഉമ്മറത്തിരിക്കുന്ന കാരണവരായി മാറി മുഖ്യമന്ത്രി! തികച്ചും വരേണ്യമായ ഈ സങ്കൽപ്പം യാഥാർത്ഥത്തിലേക്ക് പ്രതിഷ്ഠിക്കപ്പെട്ടപ്പോൾ കാരണവരായി എത്തിയത് ചെത്തുകാരൻ കോരന്റെ മകനാണെന്നത് എത്ര മനോഹരമായ കാവ്യനീതിയാണ്!

എൽ.ഡി.എഫ്​ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽനിന്ന്​

ലോക്ക്ഡൗണും അനുബന്ധ വർക്ക് ഫ്രം ഹോമും കഴിഞ്ഞ് ഓഫീസിലെത്തിയപ്പോൾ പിണറായി ഫാൻസായി മാറിയ പല വലതുപക്ഷ സ്ത്രീകളെയും ഓഫീസിലും പൊതുഇടങ്ങളിലും ഒക്കെയായി കാണുകയുണ്ടായി! "ആണുങ്ങൾ വീട്ടുജോലികളിൽ സ്ത്രീകളെ സഹായിക്കണം' എന്നപ്രസ്താവനയിൽനിന്ന് "വീട്ടുജോലികൾ ആണുങ്ങളും പെണ്ണുങ്ങളും ഒരുപോലെ പങ്കിട്ട് ചെയ്യണം' എന്ന പ്രസ്താവനയിലേക്ക് പിണറായി വിജയൻ വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം സ്ത്രീകൾക്ക് ഒരു സമൂഹമെന്ന രീതിയിൽ കൊടുക്കുന്ന പരിഗണന ഒറ്റക്കൊറ്റക്കും അവർക്ക് കൊടുക്കണമെന്നും വാളയാറിലെ അമ്മയെപ്പോലെ സ്ത്രീകൾ നീതിക്കായി അലയേണ്ടിവരരുതെന്നും ഓർമിപ്പിക്കുന്നു.

മീഡിയ വിചാരിക്കുന്നതുപോലെ, അല്ലെങ്കിൽ അവർ ഉണ്ടാക്കിവച്ചിരിക്കുന്ന ആ രാഷ്ട്രീയക്കാരൻ ഇമേജ് പോലെ ഒരു രാഷ്ട്രീയനേതാവ് ആവേണ്ടതില്ല എന്നും മലയാളി തീരുമാനിച്ചിരിക്കുന്നു. രാഷ്ട്രീയനേതാവ് എപ്പോഴും സൗമ്യമായി സംസാരിക്കുന്ന, പെരുമാറുന്ന ജനകീയൻ ആവേണ്ടതില്ല! "What you see is what you get' എന്ന അവസ്ഥ കാര്യങ്ങൾ വളരെ എളുപ്പമാക്കും. അതുപോലെ പിണറായിയുടെ വാർത്താസമ്മേളനങ്ങളോടെ ഈ മാധ്യമക്കാർ എന്ന കൂട്ടം തങ്ങളേപ്പോലെതന്നെ സാധാരണക്കാരാണെന്നും പലപ്പോഴും അവിശ്വസനീയമാംവിധം മണ്ടൻ ചോദ്യങ്ങൾ ചോദിക്കുന്നവരാണെന്നും മലയാളികൾക്ക് മനസ്സിലായി! ഒപ്പം മീഡിയ എന്ന ഇടനിലക്കാരില്ലാതെ, അവരുടെ വ്യാഖ്യാനങ്ങളില്ലാതെ തീരുമാനങ്ങൾ നേരിട്ടുകേൾക്കുമ്പോൾ, ഭരണനിർവഹണം നേരിട്ടറിയുമ്പോൾ കാര്യങ്ങൾ എത്രമാത്രം "less complicated' ആണ് എന്നും!

തീവ്രവർഗീയത വലിയൊരു വിപത്തായി മുന്നിൽ നിൽക്കുമ്പോൾ തൃണമൂലിന്റെ അഴിമതിയും അക്രമവാസനയും മമതയുടെ സ്വേഛാധിപത്യ പ്രവണതയുമൊക്കെ ക്ഷമിക്കാവുന്ന കാര്യങ്ങളായി മാറുന്നു!

പിണറായിയെ മലയാളികൾക്കിടയിൽ ഇത്രയും സ്വീകാര്യനാക്കിയ മറ്റൊരു സംഗതി മോദി-ഷാ വടവൃക്ഷത്തിൽനിന്ന് വീശിയടിക്കുന്ന വർഗീയ വിഷക്കാറ്റാണ്. കേരളം ഇപ്പോഴും കുറേയൊക്കെ ആ വിഷക്കാറ്റിൽനിന്ന് രക്ഷപ്പെട്ടുനിൽക്കുന്നുണ്ടെങ്കിലും അത് തൊട്ടടുത്തെത്തി എന്ന് നമുക്കൊക്കെ അറിയാം. സ്വാഭാവികമായും മോദിക്കെതിരേ കട്ടക്കുനിൽക്കുന്ന ഒരാളെ മതേതര മലയാളികൾ- സ്ത്രീവിരുദ്ധ നിലപാട്, കപട സദാചാരം തുടങ്ങിയ വൃത്തികേടുകൾ ഏറെയുണ്ടെങ്കിലും മലയാളിയുടെ മതേതരബോധത്തെക്കുറിച്ച് നമുക്കഭിമാനിക്കാം-അമരത്ത് പ്രതീക്ഷിക്കുന്നു. ഇത് കേരളമാണ് എന്ന് ഉറച്ച ശബ്ദത്തിൽ വർഗീയ ശക്തികളോട് പറയാൻ കഴിയുന്ന ഒരാളെ മലയാളിക്ക് ആവശ്യമുണ്ട്. പിണറായിയും മമതയും സ്റ്റാലിനും, കെജ്‌രിവാളും ഒക്കെ ചേർന്ന് ഇന്ത്യയുടെ പലഭാഗങ്ങളിൽ നിന്നായി കെട്ടിക്കൊണ്ടുവരുന്ന ആ മതിലിലാണ് ഇനിയുള്ള കാലം മതേതര ഇന്ത്യയുടെ പ്രതീക്ഷ.

പശ്​ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

സത്യത്തിൽ മനോഹരമാണ് ഈ പ്രാദേശികനേതാക്കളെല്ലാം അവിടവിടെയായി നിന്ന് പ്രതിരോധം തീർക്കുന്ന കാഴ്ച. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള മുഴുവൻ ബി.ജ.പി നേതാക്കളെയും (ദീദി ഓ ദീദി എന്ന മോദിയുടെ ആ ആലാപനം എത്രമാത്രം വൾഗർ ആയിരുന്നു! ഒരു പ്രധാനമന്ത്രി ഒരു മുഖ്യമന്ത്രിയെപ്പറ്റി പറയുന്നത് എന്നോർക്കണം!) മുഴുവൻ ബി.ജെ.പി മെഷീനറിയെയും അവരൊഴുക്കിയ പണത്തെയും തൂത്തെറിഞ്ഞ മമത വലിയൊരു പ്രതീക്ഷയാണുനൽകുന്നത്. തീവ്രവർഗീയത വലിയൊരു വിപത്തായി മുന്നിൽ നിൽക്കുമ്പോൾ തൃണമൂലിന്റെ അഴിമതിയും അക്രമവാസനയും മമതയുടെ സ്വേഛാധിപത്യ പ്രവണതയുമൊക്കെ ക്ഷമിക്കാവുന്ന കാര്യങ്ങളായി മാറുന്നു!

രാഹുൽ ഗാന്ധിയോടാണെങ്കിൽ ഒന്നും പറയാൻ തന്നെ തോന്നുന്നില്ല! ബിരിയാണി തിന്നും കടലിൽ ചാടിയും കരാട്ടേ കാണിച്ചും (അതുപോലെ എന്തോ ഒന്ന്!) ഇലക്ഷൻ ജയിക്കാനാവില്ല എന്ന് ആരേലും ഒന്ന് പറഞ്ഞുകൊടുക്കണം. ഗാന്ധിമാർ പ്രതിനിധാനം ചെയ്യുന്ന ആ ഇംഗ്ലീഷ് സ്പീക്കിംഗ് അർബൻ സങ്കൽപ്പത്തിൽനിന്ന് ഇന്ത്യൻ രാഷ്ട്രീയം ഏറെ മുന്നോട്ടുപോയിരിക്കുന്നു! മോദിയും മമതയും പിണറായിയും ഒക്കെ ഉൾപ്പെടെ കട്ട ലോക്കൽ കൾച്ചറുള്ള രാഷ്ടീയനേതാക്കളുടേതാണ് ഇപ്പോഴത്തെ ഇന്ത്യ. അവിടെ ചില്ലുമേടയിലിരുന്ന് കാഴ്ച കാണാനേ ഗാന്ധി കുടുംബത്തിന് കഴിയൂ.

എപ്പോൾ വേണമെങ്കിലും "ഹിന്ദുത്വ' ആകാൻ റെഡിയായിരിക്കുന്ന ഒരു പാർട്ടിയെ നാം എന്തുവിശ്വസിച്ച് ഹിന്ദുവത്ക്കരണത്തിനെതിരെയുള്ള യുദ്ധം ഏൽപ്പിക്കും? രാംജന്മഭൂമി പൂജാസമയത്തെ പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന പെട്ടെന്നു മറക്കാൻ പറ്റുന്നതല്ല.

ഇത്തരത്തിൽ കോൺഗ്രസ് അപ്രത്യക്ഷമാകുന്ന ഒരു സാഹചര്യത്തിലാണ് പിണറായിയെപ്പോലുള്ള പ്രാദേശിക നേതാക്കൾക്ക് പ്രാധാന്യമേറുന്നത്. എത്രയോ പതിറ്റാണ്ടുകളായി ഇന്ത്യയിലെ ദരിദ്രനാരായണന്മാരായ കോടിക്കണക്കിന് വോട്ടർമാർക്ക് പുല്ലുവില കൊടുത്ത് അവരെ "taken for granted' ആയി കണ്ടതിന്റെ അനിവാര്യമായ ഫലമാണ് ഈ അപ്രത്യക്ഷമാവൽ. മിക്കവാറും ഗാന്ധികുടുംബക്കാരൊക്കെ പ്രതിനിധീകരിച്ചിട്ടുള്ള അമേതിയുടെ ദാരിദ്ര്യാവസ്ഥ മാത്രം കണ്ടാൽമതി ഈയൊരു തൃണവൽക്കരണത്തിന്റെ ഞെട്ടിപ്പിക്കുന്ന തോതറിയാൻ! അളമുട്ടിയപ്പോൾ അമേതിക്കാരനും പ്രതികരിച്ചു, അത്രേയുള്ളൂ.

കഴിഞ്ഞ രാജസ്ഥാൻ നിയമസഭാ ഇലക്ഷൻ കാലത്ത് രാജസ്ഥാനിലെ ഗ്രാമപ്രദേശങ്ങളിലൂടെ സഞ്ചരിക്കുകയുണ്ടായി. മിക്കവരും പറഞ്ഞ ഒരു കാര്യമുണ്ട്, തങ്ങൾ സച്ചിൻ പൈലറ്റിനാണ് വോട്ടുചെയ്തത്. പക്ഷേ ലോക്സഭയിലേക്ക് മോദിക്കുതന്നെയേ വോട്ടുചെയ്യൂ. എന്തുകൊണ്ടെന്ന ചോദ്യത്തിന് അവർ നാഷണലിസവും ഹിന്ദുത്വവും ഒന്നുമല്ല കാരണമായി പറഞ്ഞത്. ഹംകോ ശൗചാലയ് മിലാ എന്ന തികച്ചും ലളിതമായ ഉത്തരം. സ്വാതന്ത്ര്യം കിട്ടി ഇത്രയധികം വർഷങ്ങൾ കഴിഞ്ഞിട്ടും സ്വന്തം പ്രൈവസിയിൽ അപ്പിയിടാൻ പോലും പറ്റാത്ത കോടിക്കണക്കിനു മനുഷ്യരുടെ തിരിച്ചടിയാണ് ആ അപ്രത്യക്ഷമാകൽ! അതുകൊണ്ട് കോൺഗ്രസിനെ മുൻനിർത്തി മോദിയെ തടയുക എന്നത് ഈയൊരു നേതൃത്വത്തിനുകീഴിൽ നടക്കാൻപോകുന്ന കാര്യമല്ല.

തമിഴ്‌നാട് സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി കുക്കിങ് വ്‌ളോഗിന്റെ ഭാഗമായപ്പോൾ

കോൺഗ്രസിനെ സംസ്ഥാനങ്ങളിൽ അധികാരത്തിലെത്തിച്ചതും ഗാന്ധി കുടുംബത്തിന്റെയോ രാഹുലിന്റേയോ പ്രഭാവമായിരുന്നില്ല. അവിടങ്ങളിലെ പ്രാദേശികനേതാക്കളുടെ മിടുക്കായിരുന്നു. പക്ഷേ അവരെ മിക്കപ്പോഴും അവഗണിക്കുകയായിരുന്നു നേതൃത്വം ചെയ്തത്. പലപ്പോഴും ഒരുമാതിരി നാരായണ നാരായണ-കൂരായണകൂരായണ ട്രീറ്റ്മെന്റ്! എന്നിട്ട് അരശ്ശുംമൂട്ടിൽ അപ്പുക്കുട്ടനെപ്പോലെ രാഹുൽ കാവിലെ മത്സരമെല്ലാം ജയിച്ചുവരുമെന്നുകരുതി സോണിയ കാത്തിരിക്കുന്നു! (അഞ്ചുവർഷം അമ്മാതിരി പണിയെടുത്താണ് പി.സി.സി പ്രസിഡന്റ് സച്ചിൻ കോൺഗ്രസിനെ ജയിപ്പിച്ചത്. വോട്ടുചെയ്ത ജനങ്ങളുടെ മനസ്സിലും മറ്റൊരു നേതാവുണ്ടായിരുന്നില്ല. പക്ഷേ; ജ്യോതിരാദിത്യ സിന്ധ്യ തന്റെ വല്യമ്മച്ചിയേയും വല്യമ്മമാരേയും പിന്തുടർന്ന് അനുസരണയുള്ള കിടാവിനെപ്പോലെ ഗോശാലയിൽത്തന്നെ എത്തി. സച്ചിൻ രാജേഷ് പൈലറ്റിന്റെ മകനായതുകൊണ്ട് ഇപ്പോഴും ബി.ജെ.പിയിൽ പോകാതെ കോൺഗ്രസ് പരിസരത്ത് തട്ടിമുട്ടിനിൽക്കുന്നു.)

സച്ചിൻ പൈലറ്റ്

അതുപോലെ എപ്പോൾ വേണമെങ്കിലും "ഹിന്ദുത്വ' ആകാൻ റെഡിയായിരിക്കുന്ന ഒരു പാർട്ടിയെ നാം എന്തുവിശ്വസിച്ച് ഹിന്ദുവത്ക്കരണത്തിനെതിരെയുള്ള യുദ്ധം ഏൽപ്പിക്കും? പ്രിയങ്ക ഗാന്ധിയുടെ രാംജന്മഭൂമി പൂജാസമയത്തെ പ്രസ്താവന പെട്ടെന്നു മറക്കാൻ പറ്റുന്നതല്ല. കേരളത്തിലാണെങ്കിൽ ശബരിമല വിഷയത്തിൽ ബി.ജെ.പിയേക്കാൾ വലിയ ആചാരസംരക്ഷകരായി മാറി കോൺഗ്രസ്! കഴിഞ്ഞ ലോക്സഭാ ഇലക്ഷനിൽ മോദിക്കെതിരേ കൂടുതൽ ഫലപ്രദമെന്ന വിചാരത്തിൽ ഏറ്റവും ബുദ്ധിപരമായിത്തന്നെ കോൺഗ്രസിന്റെ പത്തൊൻപത് സ്ഥാനാർത്ഥികളേയും ജയിപ്പിച്ചവരാണ് നമ്മൾ. പക്ഷേ ഇന്ത്യൻ പാർലമെന്റിൽ മോദിയെ പ്രതിരോധിക്കേണ്ട ഈ എം.പിമാരിൽ എത്രപേർ ഇന്ത്യ നേരിടുന്ന യഥാർഥ ഭീഷണിയെപ്പിറ്റി ബോധവാന്മാർ/ബോധവതികൾ ആണ്? തരൂരും രാഹുലും ഒഴിച്ച് എത്രപേർ ആ റോൾ അൽപ്പമെങ്കിലും നിർവ്വഹിക്കുന്നുണ്ട്? അത്ഭുതപ്പെടുത്തുംവിധം അവരുടെ ശത്രുതയും എതിർപ്പുമൊക്കെ പിണറായിക്കുചുറ്റും കിടന്ന് കറങ്ങിക്കൊണ്ടിരിക്കുന്നു! വാളയാറിൽ പഴക്കുലയുമായി കറങ്ങിനടക്കാനല്ല മലയാളികൾ അവരെ ഇത്ര കണക്കുകൂട്ടലോടെ തെരഞ്ഞെടുത്ത് ഡൽഹിക്കയച്ചത്!

ഒരു വർഷം പിന്നിട്ട കോവിഡ് യുദ്ധത്തിൽ രോഗബാധയും മരണവും പിടിച്ചുനിർത്താൻ- സ്വാഭാവികമായ എന്തെങ്കിലും കാരണങ്ങൾ കൊണ്ട് രോഗത്തിന്റെ സംക്രമണത്തോത് കുറഞ്ഞ ഇടങ്ങളിലൊഴിച്ച്- എത്രയൊക്കെ ശ്രമിച്ചിട്ടും അപൂർവ്വം ഭരണകൂടങ്ങൾക്കേ കഴിഞ്ഞുള്ളൂ.

ഇനി പിണറായിയുടെ കോവിഡ്കാല നേതൃത്വത്തെപ്പറ്റി അൽപം. ആദ്യഘട്ടകോവിഡ് കാലത്ത് ശ്രദ്ധ നേടിയ കുറച്ചധികം നേതാക്കളുണ്ട്. ഇതിൽ ഡൊണാൾഡ് ട്രംപ്, ജയിർ ബോൽസൊനാരോ എന്നിവരെ ഒരു വിഭാഗത്തിലും ജസീന്ത ആർഡൻ, സായ് ഇങ്ങ് വെൻ, ഏഞ്ചല മാർക്കൽ, ആൻഡ്രു കോമോ തുടങ്ങിയവരെ രണ്ടാം വിഭാഗത്തിലും പെടുത്താം. കൺമുന്നിലില്ലാത്ത ശത്രുവിനെ താൻപോരിമയോടെ വെല്ലുവിളിച്ച്, കുറച്ചുകണ്ട് തങ്ങളുടെ ജനതയെ തികച്ചും നിരുത്തരവാദപരമായ അല്ലെങ്കിൽ നെഗറ്റീവ് ഭരണനിർവ്വഹണം കൊണ്ട് കുരുതികൊടുത്തവരാണ് ആദ്യവിഭാഗം. താൻ ഇന്ന് ഒത്തിരിപ്പേർക്ക് ഹാൻഡ്ഷേക്ക് കൊടുത്തു എന്നു വീമ്പ് പറഞ്ഞ് ദിവസങ്ങൾക്കകം ഐ.സി.യുവിൽ മരണത്തോടുമല്ലിട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണേയും അഹങ്കാരത്തിന്റെ പേരിലല്ലെങ്കിലും മണ്ടത്തരത്തിന്റെ പേരിൽ ഈ ഗണത്തിൽ പെടുത്താം.

ആൻഡ്രു കോമോ

രണ്ടാമത്തെ വിഭാഗം, എങ്ങനെ നേരിടണമെന്ന് ഒരൂഹവുമില്ലാത്ത ഈ അജ്ഞാതശത്രുവിനെ ഗൗരവത്തോടെ കണ്ട് തങ്ങളുടെ ജനതക്ക് ക്രിയാത്മകമായ നേതൃത്വവും നിർദ്ദേശങ്ങളും നൽകി. പിണറായിയേയും ശൈലജ ടീച്ചറേയും മലയാളികൾ മാത്രമല്ല, ലോകവും ഈ ഗണത്തിൽ പെടുത്തി. രണ്ടാം കോവിഡ് തരംഗത്തിനിടയിൽ നിൽക്കുമ്പോൾ നാം പഠിച്ച പല പാഠങ്ങളുമുണ്ട്. ഒരു വർഷം പിന്നിട്ട കോവിഡ് യുദ്ധത്തിൽ രോഗബാധയും മരണവും പിടിച്ചുനിർത്താൻ- സ്വാഭാവികമായ എന്തെങ്കിലും കാരണങ്ങൾ കൊണ്ട് രോഗത്തിന്റെ സംക്രമണത്തോത് കുറഞ്ഞ ഇടങ്ങളിലൊഴിച്ച്- എത്രയൊക്കെ ശ്രമിച്ചിട്ടും അപൂർവ്വം ഭരണകൂടങ്ങൾക്കേ കഴിഞ്ഞുള്ളൂ.

ആദ്യം കോവിഡിനെ നന്നായി പിടിച്ചുനിർത്താൻ കഴിഞ്ഞ ജർമനിയിൽ പിന്നീട് രോഗബാധ രൂക്ഷമായി. രോഗബാധയും മരണനിരക്കും കൂടുന്നത് പലപ്പോഴും ഭരണകൂടങ്ങളുടെ പിടിപ്പുകേടുകൊണ്ടോ ആരോഗ്യസംവിധാനത്തിന്റെ പോരായ്മ കൊണ്ടോ അല്ലെന്ന തിരിച്ചറിവും പോകെപ്പോകെ നമുക്കുണ്ടായി. (ഇന്ത്യ ഇപ്പോൾ നേരിടുന്ന കോവിഡ് ദുരന്തം ഈ ഗണത്തിലുള്ളതല്ല. ആവശ്യത്തിനുമുന്നറിയിപ്പുകൾ കിട്ടിയിട്ടും തയ്യാറെടുക്കാൻ ഇഷ്ടംപോലെ സമയമുണ്ടായിട്ടും അതുതടയാൻ കഴിഞ്ഞില്ലെങ്കിൽ അത് man-made ദുരന്തമാണ്.) എങ്ങനെ ജീവിക്കണമെന്നും എങ്ങനെ ജീവിക്കാതിരിക്കണമെന്നും അറിയാതെ അമേരിക്കയിലായാലും യൂറോപ്പിലായാലും കേരളത്തിലായാലും ജനങ്ങൾ ഉഴറിയ സമയത്ത് എല്ലാഅർത്ഥത്തിലും ഒരു ലീഡർഷിപ്പാണ് അവർ ആഗ്രഹിച്ചത്.

സി.പി.എമ്മിനെ കുറച്ചുകൂടി സ്വയം തിരുത്തലുകൾക്ക് പ്രേരിപ്പിക്കാനും പിണറായിക്ക് കഴിഞ്ഞിരുന്നെങ്കിൽ! അറ്റം എത്തിനിൽക്കുന്ന ഒരു ജനതക്ക് നവീകരിക്കപ്പെട്ട, സ്വയംതിരുത്താൻ സന്നദ്ധമായ ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ആവശ്യമുണ്ട്.

നൂറുകണക്കിനാളുകൾ ദിവസേന മരിക്കുമ്പോഴും ന്യൂയോർക്കുകാർ ഗവർണർ ആൻഡ്രു കോമോയെ തങ്ങളുടെ രക്ഷകനായി കണ്ടത് അതുകൊണ്ടാണ്. (പിന്നീടുവന്ന ലൈംഗികാരോപണങ്ങളിലൂടെ കോമോ വില്ലനുമായി മാറി!) അക്കാലത്തെ കോമോയുടെ വാർത്താസമ്മേളനങ്ങളിൽനിന്നും കോവിഡിനെ എങ്ങനെ നേരിടണമെന്നതിനെപ്പറ്റി ന്യൂയോർക്കുകാർക്കു മാത്രമല്ല, ലോകത്തിനുതന്നെ ഒരു ഏകദേശ ധാരണ കിട്ടി. ഈയൊരു സുരക്ഷിതത്വ ബോധമാണ് പിണറായിയുടെ വാർത്താസമ്മേളനങ്ങൾ കോവിഡ് കാലത്ത് മലയാളിക്കു നൽകിയത്.

മാത്രമല്ല, കഴിഞ്ഞ കുറച്ചുവർഷങ്ങളിൽ ദേശീയ മാധ്യമങ്ങൾ കേരളത്തിലെ നേതാക്കൾക്ക് വളരെയധികം പ്രാധാന്യം നൽകിയത് മലയാളിക്ക് കുറച്ചൊന്നുമല്ല അഭിമാനിക്കാൻ ഇട നൽകിയത്. കേരളമെന്നൊരു സ്ഥലമുണ്ടെന്നുപോലും ദേശീയ ചാനലുകൾ മറക്കുന്ന ഒരവസ്ഥയിൽനിന്നായിരുന്നു ഇങ്ങനെയൊരു മാറ്റം. പിണറായിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ ദേശീയ മാധ്യമങ്ങൾ അനൗൺസ് ചെയ്തതുതന്നെ "the man who successfully fought covid pandemic' എന്ന രീതിയിലായിരുന്നു! പ്രതിസന്ധി ഘട്ടങ്ങളിൽ ഏറ്റവും നല്ല നേതാവ് എന്നതാണല്ലോ പിണറായിക്ക് സി.പി.എം ചാർത്തിക്കൊടുത്തിരിക്കുന്ന പട്ടം. പക്ഷേ എല്ലാവർഷങ്ങളും പ്രതിസന്ധി വർഷങ്ങളായിരിക്കില്ല! ആവാതിരിക്കട്ടെ. അഡ്രിനലിൻ റഷില്ലാത്ത പിണറായി ഭരണവും മികച്ചതാവട്ടെ!

വിഴിഞ്ഞം തുറമുഖ നിർമാണം

ഇനി പറയട്ടെ, ഇപ്പോഴത്തെ വികസനസങ്കൽപ്പങ്ങളിൽനിന്ന് പിണറായി മാറിച്ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇപ്പോഴും വാർത്താസമ്മേളനങ്ങളിൽ മുഖ്യമന്ത്രി പറയുന്നത് നിർമാണ ജോലികൾ തടസ്സമില്ലാതെ നടക്കണം എന്നാണ്. എന്താണ് നമ്മളീ നിർമിച്ചുകൂട്ടുന്നത്? അതുപോലെ നിക്ഷേപം കൊണ്ടുവരൽ. അദാനിയും അംബാനിയുമൊന്നും ഇനിയും കേരളത്തിലേക്ക് വരേണ്ടതില്ല എന്ന തീരുമാനമെടുക്കാവുന്ന മാനസികാവസ്ഥയിലേക്ക് പിണറായി എത്തണം. വൻ ബിൽഡിംഗുകളും പാലങ്ങളും പ്രോജക്ടുകളും മുന്നോട്ടുവച്ചുകൊണ്ടുള്ള വികസനം അവസാനിക്കണം. ഇനിയത്തെ കാലത്ത് പ്രകൃതിസംരക്ഷണമായിരിക്കണം കേരളത്തിന്റെ ഏറ്റവും വലിയ വികസനം.

വലിയൊരു അവസരമാണ് ഇപ്പോൾ പിണറായിയുടെ മുന്നിലുള്ളത്. കാരണം പിണറായി പറയുന്നത് ഇപ്പോൾ മലയാളി കേൾക്കും.

പിണറായി രാഷ്ടീയമായി വളർന്നതും നേതാവായി പരുവപ്പെട്ടുവന്നതുമൊക്കെ പരമ്പരാഗത പാർട്ടി സാഹചര്യങ്ങളിലൂടെയാണ്. അവിടെ പ്രകൃതി, സ്ത്രീ രാഷ്ട്രീയങ്ങൾക്ക് തീരെ വേരോട്ടമില്ല എന്ന് നമുക്കൊക്കെ അറിയാം. പരമ്പരാഗത വികസന സങ്കൽപ്പങ്ങൾക്കപ്പുറം പോകാൻ കെൽപ്പുള്ള നേതാവാണ് പിണറായി. പക്ഷേ അദ്ദേഹത്തെ അങ്ങോട്ടുനയിക്കാൻ പറ്റിയ ആരും ഉപദേശകവൃന്ദത്തിലില്ല. പ്രകൃതിദുരന്തങ്ങളിൽ നന്നായി നയിച്ച മുഖ്യമന്ത്രി എന്നതിനേക്കാൾ പ്രകൃതിദുരന്തങ്ങൾ ഇല്ലാതാക്കാൻ മുൻകൈയെടുത്ത മുഖ്യമന്ത്രി എന്ന പേരിൽ പിണറായി അറിയപ്പെട്ടിരുന്നെങ്കിൽ! വലിയൊരു അവസരമാണ് ഇപ്പോൾ പിണറായിയുടെ മുന്നിലുള്ളത്. കാരണം പിണറായി പറയുന്നത് ഇപ്പോൾ മലയാളി കേൾക്കും. ഇത്രയും വലിയ വീടുകൾ നമുക്കു താമസിക്കാൻ ആവശ്യമില്ലെന്നും നിലം മുഴുവൻ കോൺക്രീറ്റും ടൈലും കൊണ്ട് നിറക്കേണ്ടതില്ലെന്നും മലയാളിയോട് ആരെങ്കിലും ഉടനെ പറഞ്ഞേതീരൂ. അതിന് പക്ഷേ ബുള്ളറ്റ് ട്രെയിനും വിഴിഞ്ഞം തുറമുഖവും വിമാനത്താവളങ്ങളും അല്ല വികസനം എന്ന് പിണറായി ആദ്യം തിരിച്ചറിയേണ്ടതുണ്ട്.

ഒപ്പം, സി.പി.എമ്മിനെ കുറച്ചുകൂടി സ്വയം തിരുത്തലുകൾക്ക് പ്രേരിപ്പിക്കാനും പിണറായിക്ക് കഴിഞ്ഞിരുന്നെങ്കിൽ! അറ്റം എത്തിനിൽക്കുന്ന ഒരു ജനതക്ക് നവീകരിക്കപ്പെട്ട, സ്വയംതിരുത്താൻ സന്നദ്ധമായ ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ ആവശ്യമുണ്ട്.

(വാൽക്കഷണം: ജസീന്ത ആർഡന്റെ വിജയം അൽപ്പം ഓവർറേറ്റഡ് അല്ലേ എന്നുസംശയം. വെറും 51 ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു പരമാധികാര രാഷ്ട്രം...അതും ഒരു ദ്വീപ്...റിച്ചായ സർക്കാരും ജനങ്ങളും! ജനസാന്ദ്രത വെറും 19.0/km2. കേരളത്തിന്റെ ജനസാന്ദ്രത 860/km2 ആണെന്നോർക്കണം. ജസീന്ത ആർഡണേം നമ്മുടെ പാവം ശൈലജ ടീച്ചറേം കംപയർ ചെയ്യാൻ പോലും പറ്റുമോ!)


സന്ധ്യാ മേരി

കഥാകൃത്ത്​, നോവലിസ്​റ്റ്​. വർഷങ്ങളായി ദൃശ്യ- ശ്രവണ മാധ്യമരംഗത്ത്​ പ്രവർത്തിക്കുന്നു. ​​​​​​​ചിട്ടിക്കാരൻ യൂദാസ് ഭൂത വർത്തമാന കാലങ്ങൾക്കിടയിൽ (കഥ), മരിയ വെറും മരിയ (നോവൽ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments