‘വിചാരധാര’ തുറന്നുകാട്ടുമ്പോൾ വിറയ്​ക്കുന്ന വി. മുരളീധരനും കെ. സുരേന്ദ്രനും

മുസ്​ലിം- ക്രിസ്ത്യൻ ജനവിഭാഗങ്ങളുടെ ചോരയിൽ കുതിർന്ന തങ്ങളുടെ ദംഷ്ട്രകൾ മറച്ചുവെച്ച് ക്രിസ്ത്യൻ ഭവനങ്ങളിൽ ഈസ്റ്റർ സ്നേഹസന്ദേശം പകരാൻ ഇറങ്ങിപ്പുറപ്പെട്ട ബി.ജെ.പിക്കാർ ആട്ടിൻതോലിട്ട ചെന്നായ്ക്കളാണെന്ന വസ്തുത തുറന്നുപറഞ്ഞതിനാലാണ് കമ്യൂണിസ്റ്റുകാർക്കെതിരായി നുണപ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത്.

ക്രിസ്ത്യാനികളെ തേടി ഈസ്റ്റർ സ്നേഹസന്ദേശം നൽകാനിറങ്ങിത്തിരിച്ച സംഘ്​പരിവാറുകാരുടെ ക്രൈസ്തവവിരുദ്ധതയിലധിഷ്ഠിതമായ പ്രത്യയശാസ്ത്രവും പ്രയോഗ പരിപാടികളും തുറന്നുകാട്ടപ്പെട്ടതിലുള്ള പ്രകോപനമാണ്, കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റും മന്ത്രി മുഹമ്മദ് റിയാസിനെ പോപ്പുലർഫ്രണ്ടുകാരനാണെന്ന് ആരോപിച്ചുകൊണ്ടുള്ള കെ.സുരേന്ദ്രന്റെ പരിഹാസ്യമായ പ്രസ്താവനയും. ബി.ജെ.പിക്കാരുടെ കാപട്യവും അവരുടെ താത്വികഗ്രന്ഥമായ വിചാരധാര മുന്നോട്ടുവെക്കുന്ന ന്യൂനപക്ഷ വിരുദ്ധതയും തുറന്നുകാട്ടപ്പെട്ടതിലുള്ള ജാള്യത മറയ്ക്കാനാണ് കേന്ദ്രമന്ത്രി മുരളീധരൻ നുണയുടെ കാർപ്പറ്റ് ബോംബുമായി ഇറങ്ങിയത്.

തങ്ങളെ തുറന്നുകാണിക്കുന്ന കമ്യൂണിസ്റ്റുകാരുടെ പ്രത്യയശാസ്ത്ര സമരങ്ങളെ നുണബോംബെറിഞ്ഞ് തകർത്തുകളയാമെന്നാണ് നാസികളുടെ ഇന്ത്യൻ സന്താനങ്ങൾ വിചാരിക്കുന്നത്.

കമ്യൂണിസ്റ്റുകാർ ക്രൈസ്തവ ഘാതകരാണെന്ന നുണ തട്ടിവിടാൻ അന്തവും കുന്തവുമില്ലാത്ത ഒരു ‘കൊടും സംഘി’ക്കേ കഴിയൂ. കമ്യൂണിസ്റ്റുകാരെ ആക്ഷേപിക്കുന്ന സി.ഐ.എ സാഹിത്യങ്ങളുടെ പ്രസിദ്ധീകരണങ്ങൾപോലും കമ്യൂണിസ്റ്റ് അതിക്രമങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും ക്രൈസ്തവ മതവിശ്വാസികളെ കൂട്ടക്കൊല നടത്തിയതായി ഒരാരോപണം ഉന്നയിച്ചതായി അറിയില്ല. മുരളീധരനൊക്കെ സി.ഐ.എയുടെ മുത്തപ്പന്മാരിൽ നിന്നാകാം ചരിത്രം പഠിച്ചത്.

കമ്യൂണിസ്റ്റുകാർ മതനിഷേധികളും ഈശ്വരനിഷേധികളുമാണെന്ന പ്രചരണം മാനിഫെസ്റ്റോവിന്റെ കാലം മുതൽ ആരംഭിച്ചതാണ്. റഷ്യൻ വിപ്ലവത്തിനുശേഷം സോവിയറ്റ് യൂണിയനെ തകർക്കാൻ മതരാഷ്ട്രീയം വളർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണ് അമേരിക്കൻ പ്രസിഡണ്ട് വുഡ്രോ വിൽസൺ തന്റെ കൗണ്ടർ ഇന്റലിജൻസ് പ്രോഗ്രാമിന് രൂപം നൽകിയത്. വിൽസണിസത്തിന്റെ സ്വാധീനത്തിലാണ് നാസിസവും സയണിസവും രാഷ്ട്രീയ ഇസ്​ലാമിസവും ഹിന്ദുത്വവുമെല്ലാം പ്രതിലോമപരമായ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളായി വളർന്നുവന്നത്. 1930 കളിൽ ഹിറ്റ്​ലറെ പിന്തുണച്ച ജർമനിയിലെ ഓർത്തഡോക്സ് സഭാ മേധാവികൾ പിൽക്കാലത്ത് നാസി ഭീകരത കണ്ട് ഞെട്ടിത്തരിച്ചുപോയിട്ടുണ്ട്. തങ്ങൾക്ക് പറ്റിപ്പോയ അബദ്ധങ്ങൾ അവർ ഏറ്റുപറഞ്ഞിട്ടുണ്ട്.

കമ്യൂണിസ്റ്റ് സർക്കാരുകളുടെ ക്രൈസ്തവ കൂട്ടക്കൊലകളെക്കുറിച്ച് നുണക്കഥകളുമായി ഇറങ്ങിയിരിക്കുന്ന കേന്ദ്രമന്ത്രി വി.മുരളീധരൻ നാസികളും അമേരിക്കൻ സി.ഐ.എയും പടച്ചുവിടുന്ന കമ്യൂണിസ്റ്റ് വിരുദ്ധ സാഹിത്യങ്ങൾ വേദവാക്യമാക്കിയതാവാം. സോവിയറ്റ് യൂണിയനിൽ 50 ലക്ഷം ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു എന്നൊക്കെയുള്ള തള്ളലുകൾ സി.ഐ.എയുടെ തന്നെ നുണക്കഥകളെ കടത്തിവെട്ടുന്ന വിടുവായത്തമാണെന്നല്ലാതെ മറ്റെന്തുപറയാൻ? വലിയ നുണകൾ പറഞ്ഞ് സത്യമാണെന്ന് ജനങ്ങളെക്കൊണ്ട് വിശ്വസിപ്പിക്കാമെന്ന് കരുതുന്ന ഫാഷിസ്റ്റ് പ്രചാരകർ ഇതിലും വലിയ നുണകൾ തട്ടിവിട്ടെന്നുവരാം.

വിചാരധാരയിലൂടെ ആർ.എസ്.എസും ബി.ജെ.പിയും മുന്നോട്ടുവെക്കുന്ന വെറുപ്പിന്റെയും ന്യൂനപക്ഷ വിരുദ്ധതയുടെയും പ്രത്യയശാസ്ത്ര നിലപാടുകൾ തുറന്നുകാട്ടപ്പെട്ടതാണല്ലോ മുരളീധരനെ പ്രകോപിതനാക്കിയിരിക്കുന്നത്. മുസ്​ലിം- ക്രിസ്ത്യൻ ജനവിഭാഗങ്ങളുടെ ചോരയിൽ കുതിർന്ന തങ്ങളുടെ ദംഷ്ട്രകൾ മറച്ചുവെച്ച് ക്രിസ്ത്യൻ ഭവനങ്ങളിൽ ഈസ്റ്റർ സ്നേഹസന്ദേശം പകരാൻ ഇറങ്ങിപ്പുറപ്പെട്ട ബി.ജെ.പിക്കാർ ആട്ടിൻതോലിട്ട ചെന്നായ്ക്കളാണെന്ന വസ്തുത തുറന്നുപറഞ്ഞതിനാലാണ് കമ്യൂണിസ്റ്റുകാർക്കെതിരായി നുണപ്രചരണവുമായി ഇറങ്ങിയിരിക്കുന്നത്.

ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രഗ്രന്ഥമായ വിചാരധാര മുസ്​ലിംകളെയും കമ്യൂണിസ്റ്റുകാരെയുമെന്നപോലെ ക്രിസ്ത്യാനികളെയും ഉന്മൂലനം ചെയ്യേണ്ട ആഭ്യന്തര ശത്രുക്കളായിട്ടാണ് കാണുന്നതെന്നതെന്ന് മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള മന്ത്രിമാരും സി.പി.ഐ- എം നേതാക്കളും മാധ്യമങ്ങളിലൂടെ തുറന്നുകാട്ടിയതിലൂടെയാണ് വ്യക്തിപരമായ അധിക്ഷേപങ്ങളും കമ്യൂണിസ്റ്റുകാരെ ക്രൈസ്തവഘാതകരായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രചാരണങ്ങളും സംഘ്​പരിവാർ തുടങ്ങിയിരിക്കുന്നത്. മുരളീധരന്റെ പോസ്റ്റ്, വിചാരധാരയെ മുൻനിർത്തി ബി.ജെ.പിക്കാരുടെ ന്യൂനപക്ഷ വിരുദ്ധത തുറന്നുകാട്ടപ്പെട്ടതിലുള്ള ജാള്യത മറയ്ക്കാനുള്ള നാണംകെട്ട നുണപ്രചാരണം മാത്രമാണ്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ ആർ.എസ്.എസിന്റെ ക്രൈസ്തവസ്നേഹത്തിന്റെ കാപട്യം തുറന്നുകാട്ടിയതിലുള്ള അമർഷം തീർക്കാൻ മുഹമ്മദ് റിയാസിന് പോപ്പുലർഫ്രണ്ട് ബന്ധമുണ്ടെന്ന് വരെ ആരോപിച്ച്​ സ്വയം പരിഹാസ്യനാവുകയാണ്. മുരളീധരനും സുരേന്ദ്രനുമൊക്കെ കേരളത്തിലെ ജനങ്ങളോട് മറുപടി പറയേണ്ടത് വിചാരധാരയുടെ ‘ആന്തരിക ഭീഷണികൾ’ എന്ന അധ്യായം മുൻനിർത്തിയാണ്​. മുസ്​ലിംകളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും കുറിച്ചുള്ള ഗോൾവാൾക്കറുടെ വിശകലനങ്ങൾ തന്നെയല്ലേ ഇവരുടെ എക്കാലത്തെയും പ്രത്യയശാസ്ത്രവും പ്രയോഗപരിപാടിയുമായിരിക്കുന്നത്.

ക്രിസ്തുമസും പെരുന്നാളും പ്രണയദിനവുമൊന്നും ദേശീയ സംസ്‌കാരത്തിന് യോജിച്ച ആഘോഷങ്ങളല്ലെന്നും അതെല്ലാം പാശ്ചാത്യ സംസ്‌കാരമാണെന്നും ആക്ഷേപിച്ച് അക്രങ്ങൾ അഴിച്ചുവിടുകയാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നത്. ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തി രാജ്യവ്യാപകമായി സംഘ്പ​രിവാർ സംഘടനകൾ അഴിഞ്ഞാടുന്ന എത്രയെത്ര റിപ്പോർട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ലൗ ജിഹാദും മീറ്റ് ജിഹാദുമാരോപിച്ച് മുസ്​ലിംകളെ വേട്ടയാടുന്നതുപോലെ ഘർവാപസിയുടെ പേരിൽ ക്രിസ്ത്യൻ പ്രദേശങ്ങളിൽ ഭീകരത സൃഷ്ടിക്കുകയാണ് ഹിന്ദുത്വവാദികൾ ചെയ്തുകൊണ്ടിരിക്കുന്നത്.

ഒഡീഷയിലും മധ്യപ്രദേശിലും യു.പിയിലും ഡൽഹിയിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും കർണാടകയിലുമൊക്കെ ക്രിസ്തുമസ് കരോൾ പോലും അനുവദിക്കുന്നില്ല ഹിന്ദുത്വവാദികൾ. ക്രിസ്തുമസ് ആഘോഷങ്ങൾ മതംമാറ്റത്തിനുവേണ്ടിയാണെന്നാരോപിച്ച്​ കരോൾ സംഘങ്ങളെ തുടർച്ചയായി ആക്രമിക്കുന്ന അവസ്ഥയാണ് രാജ്യത്തിന്റെ പലഭാഗങ്ങളിലും കണ്ടത്. മതപരിവർത്തനം ആരോപിച്ചായിരുന്നല്ലോ 1999-ൽ ഒഡീഷയിൽവെച്ച് ആസ്ട്രേലിയൻ ക്രിസ്ത്യൻ മിഷണറിയായിരുന്ന ഗ്രഹാംസ്‌റ്റൈയ്ൻസിനെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും ബ്രജ്റംഗദളുകാർ ചുട്ടുകൊന്നത്.

ഗ്രഹാംസ്റ്റൈൻസും കുടുംബവും

ക്രിസ്ത്യാനികളെ, മുസ്​ലിംകളെയെന്നപോലെ ആഭ്യന്തര വിപത്തായി കാണുന്ന പ്രത്യയശാസ്ത്ര ഭീകരതയാണ് ഛത്തീസ്ഗഡിലും യു.പിയിലും കർണാടകയിലും കഴിഞ്ഞ ക്രിസ്തുമസ് നാളുകളിൽ അഴിഞ്ഞാടിയത്. കർണാടകയിൽ ബജ്റംഗദളും ശ്രീരാമസേനയും ക്രിസ്ത്യൻ പള്ളികൾക്കുനേരെ സംഘടിതമായ ആക്രമണങ്ങളും വർഗീയകലാപങ്ങളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. നരേന്ദ്രമോദി അധികാരത്തിലെത്തിയതിന്റെ തൊട്ടടുത്തവർഷം, 2015 ൽ ക്രിസ്ത്യൻ ദേവാലയങ്ങൾക്കുനേരെ എത്രയെത്ര അക്രമങ്ങളാണ് നടന്നത്.

ഡൽഹി ദിൽഷാദ് ഗാർഡനിലെ സെൻസെബാസ്റ്റ്യൻ ചർച്ച്, വസന്ത്കുഞ്ചിലെ സെന്റ അൽഫോൺസാ ചർച്ച്, യസോലയിലെ സീറോ മലബാർ കത്തോലിക് ചർച്ച്, ഓട്ടർ ഡൽഹിയിലെ ഔവർ ലേഡി ഓഫ് ഗ്രേസസ് ചർച്ച് തുടങ്ങി എത്രയെത്ര ക്രൈസ്തവ ദേവാലയങ്ങളാണ് അക്രമിക്കപ്പെട്ടത്. ബി.ജെ.പി ഭരണത്തിൽ രാജ്യത്ത് ക്രൈസ്തവർ അരക്ഷിതരല്ലാ എന്നൊക്കെ പറയുന്നവർ 2021 മാർച്ചിൽ ഒരു മലയാളി കന്യാസ്ത്രീ ഉൾപ്പെടെ ഝാൻസി റെയിൽവെ സ്റ്റേഷനിൽ സംഘപരിവാർ ആക്രമണത്തിന് ഇരയായതുൾപ്പെടെയുള്ള സംഭവവികാസങ്ങൾ മറന്നുപോകരുത്. കേരളത്തിലെ സഭാ വിശ്വാസികൾ ഉൾപ്പെടെ ആ സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ബി.ജെ.പി ഭരിക്കുന്ന 11 സംസ്ഥാനങ്ങളിൽ മതപരിവർത്തന നിയമം കൊണ്ടുവന്നിരിക്കുകയാണ്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2022 ൽ മാത്രം 486 ക്രിസ്ത്യൻ വിരുദ്ധ വർഗീയ ആക്രമണങ്ങളാണുണ്ടായത്.

ദൽഹി ദിൽഷാദ് ഗാർഡനിലെ സെൻസെബാസ്റ്റ്യൻ ചർച്ച്

വിചാരധാര അനുശാസിക്കുന്നതനുസരിച്ചാണ്, മോദി ഭരണത്തിന്റെ സൗകര്യങ്ങളുപയോഗിച്ച് മുസ്​ലിംകൾക്കും ക്രിസ്ത്യാനികൾക്കുമെതിരായ അക്രമം രാജ്യത്ത് കൂടിവരുന്നത്. വിചാരധാരയിലെ ‘ആന്തരികഭീഷണികൾ’ എന്ന അധ്യായത്തിൽ മുസ്​ലിംകളെയും ക്രിസ്ത്യനികളെയും പ്രത്യേകമായി വിശദീകരിക്കുന്ന ഭാഗങ്ങളുണ്ട്. ജീവകാരുണ്യത്തിന്റെ മുഖംമൂടിയണിഞ്ഞ് അധാർമികതയും അനൈതികവുമായ തന്ത്രങ്ങൾ കൈവശമുള്ളവരാണ് ക്രിസ്ത്യാനികളെന്നുപറഞ്ഞാണ് ആ ഭാഗം തുടങ്ങുന്നതുതന്നെ.

ക്രിസ്ത്യനികൾ ഭാരതത്തെ ക്രിസ്തുരാജ്യമാക്കിമാറ്റുന്നതിനാണ് പ്രയത്നിക്കുന്നതെന്ന ആരോപണമാണ് ഗോൾവാൾക്കർ മുന്നോട്ടുവെക്കുന്നത്. അദ്ദേഹം എഴുതുന്നു; ‘‘നമ്മുടെ ജീവിതത്തിന്റെ സാമൂഹ്യവും മതപരവുമായ ഘടന തകർക്കുവാൻ മാത്രമല്ല, വിവിധ കേന്ദ്രങ്ങളിലും കഴിയുമെങ്കിൽ നാട്ടിലാകമാനവും രാഷ്ട്രീയാധിപത്യം സ്ഥാപിക്കുന്നതിനുംകൂടി ശ്രമിക്കുകയാണ് നമ്മുടെ നാട്ടിലിന്നു താമസിക്കുന്ന ക്രൈസ്തവ മാന്യന്മാർ ചെയ്യുന്നത്. യേശുക്രിസ്തുവിന്റെ ദിവ്യപക്ഷങ്ങൾക്ക് കീഴിൽ മനുഷ്യവർഗത്തിന് ശാന്തിയും സാഹോദര്യവും കൈവരുത്തുകയെന്ന ആകർഷകമായ മുഖംമൂടിയോടുകൂടി അവർ കാലുകുത്തിയിടത്തെല്ലാം അവർ വഹിച്ചിട്ടുള്ള പങ്ക് ഇതുതന്നെയാണ്.''

ഗോൾവാൾക്കർ വിചാരധാരയിലുടനീളം ക്രൈസ്തവമിഷണറികളെയും അവരുടെ പ്രവർത്തനങ്ങളെയും അങ്ങേയറ്റം വർഗീയ സ്പിരിറ്റോടെയാണ്​ആക്ഷേപിക്കുന്നത്. കേരളത്തിലെ ക്രിസ്തുമതവിശ്വാസികൾക്കുനേരെ ഗോൾവാൾക്കർ, ശബരിമല ഉൾപ്പെടെ നൂറുകണക്കിന് പ്രാചീന ഹൈന്ദവക്ഷേത്രങ്ങൾ നശിപ്പിച്ചവരാണെന്ന ആരോപണവും ഉയർത്തുന്നുണ്ട്. ഗോൾവാൾക്കർ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്: ‘‘കേരളത്തിൽ വിഖ്യാതമായ ശബരിമല ക്ഷേത്രമടക്കം നൂറുകണക്കിന് പ്രാചീന ഹൈന്ദവക്ഷേത്രങ്ങൾ ക്രിസ്ത്യൻ തെമ്മാടികളാൽ നശിപ്പിക്കപ്പെട്ട് അവിടങ്ങളിലെ വിഗ്രങ്ങൾ തച്ചുടക്കപ്പെടുകയുണ്ടായി...''

ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾക്ക് ക്രൈസ്തവരിൽ നിന്ന് ഇങ്ങനെയൊരു ആക്രമണം ഉണ്ടായതായി ചരിത്രം പഠിച്ച ഒരാൾക്കും പറയാനാവില്ല. നട്ടാൽ മുളയ്ക്കാത്ത നുണകൾ പ്രചരിപ്പിക്കുകയും അതുവഴി അപരമതവിദ്വേഷം വളർത്തുകയും ചെയ്യുന്ന താത്വികാചാര്യനാണ് വിചാരധാരയുടെ കർത്താവ്.

മൂന്നാമത്തെ ആന്തരികഭീഷണിയായി കാണുന്ന കമ്യൂണിസ്റ്റുകാരെ ഭാരതത്തിൽ നിന്ന്​ നശിപ്പിക്കാൻ മതവികാരം ഉദ്ദീപിപ്പിച്ചെടുക്കാൻ ആർ.എസ്.എസിനെ ശക്തിപ്പെടുത്തുക മാത്രമാണ് കരണീയമായിട്ടുള്ളതെന്നകാര്യം അമേരിക്ക ഉൾപ്പെടെ മനസ്സിലാക്കി, ആർ.എസ്.എസിനെ സഹായിക്കണമെന്ന് ഗോൾവാൾക്കർ ആവശ്യപ്പെടുന്നുണ്ട്. വി. മുരളീധരന്റെ കമ്യൂണിസ്റ്റുകാർ ക്രൈസ്തവ ഘാതകരാണെന്ന ആരോപണം അമേരിക്കൻ സി.ഐ.എയുടെ ചിന്താകേന്ദ്രങ്ങൾ പടച്ചുവിടുന്ന ചരിത്രവും വസ്തുതകളുമായി ബന്ധമില്ലാത്ത നുണപ്രചാരണം മാത്രമാണ്.

Comments