എല്‍.ഡി.എഫ് സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായുള്ള ഒരു പ്രൊജക്റ്റിലൂടെ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച 30 പുസ്തകങ്ങളുടെ കവറിലുള്ള 'പിണറായി മുദ്ര', അക്കാദമിയുടെ സ്വയംഭരണത്തെക്കുറിച്ച് ഗുരുതരമായ ആശങ്ക ഉയര്‍ത്തുന്നു.
''കൈകള്‍ കോര്‍ത്ത് കരുത്തോടെ'' എന്നൊരു സര്‍ക്കാര്‍ മുദ്രാവാക്യമുള്ള ഈ ലോഗോ തന്റെ നിര്‍ദേശപ്രകാരമാണ് വച്ചതെന്ന് അക്കാദമി സെക്രട്ടറി സി.പി. അബൂബക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതേക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയോ തര്‍ക്കമോ ഉണ്ടായിരുന്നില്ലെന്നും ഒരു സാധാരണ ഭരണനടപടിയെന്ന നിലയ്ക്കുമാണ് ചെയ്തതതെന്നുമാണ് സെക്രട്ടറിയുടെ വിശദീകരണം. ഇത് എങ്ങനെയാണ് ഒരു മഹാപാതകം ആകുന്നത് എന്നും അദ്ദേഹം ആശ്ചര്യപ്പെടുന്നു. 'രണ്ടു തവണ മുഖ്യമന്ത്രിയായ ഒരാളുടെ പേര് അസ്വീകാര്യമാകുന്ന'തിലെ ആശങ്കയും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.
എന്നാല്‍, അക്കാദമി അധ്യക്ഷന്‍ സച്ചിദാനന്ദന്റെ പ്രതികരണത്തില്‍, സെക്രട്ടറിയോടുള്ള വിയോജിപ്പുണ്ട്. ഇക്കാര്യം വേണമെങ്കില്‍ പുസ്തകത്തിന്റെ രണ്ടാം പേജില്‍ ചെറുതായി സൂചിപ്പിക്കുകയോ റിലീസ് നടക്കുമ്പോള്‍ പറയുകയോ ചെയ്താല്‍ മതിയായിരുന്നുവെന്നാണ് തന്റെ വിവേകം പറയുന്നത് എന്നാണ് സച്ചിദാനന്ദന്റെ വിയോജനം.
അക്കാദമി ഒരു ഓട്ടോണോമസ് സ്ഥാപനമാണ് എന്നത് നമ്മുടെ തെറ്റിധാരണയായിരുന്നുവെന്നാണ് ഇപ്പോള്‍ സച്ചിദാനന്ദന്റെ വിശദീകരണത്തില്‍നിന്ന് മനസ്സിലാക്കാനാകുന്നത്. താന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നത് ഇതൊരു, 'സെമി ഓട്ടോണോമസ്' സ്ഥാപനമാണ് എന്ന് അദ്ദേഹം പറയുന്നുണ്ട്. ആരാണ് അക്കാദമിയുടെ സ്വയംഭരണത്തെ സെമി സ്വയംഭരണമാക്കിയത്. അത്തരമൊരു 'സെമി' അവസ്ഥയോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്ന അദ്ദേഹത്തിന് എങ്ങനെയാണ് ഈ സംവിധാനത്തിന്റെ അധ്യക്ഷസ്ഥാനത്തിരിക്കാന്‍ കഴിയുന്നത്?
സര്‍ക്കാര്‍ ഗ്രാന്റു കൊണ്ട് പ്രവര്‍ത്തിക്കുന്ന എന്ന ന്യായത്തിലാകാം സച്ചിദാനന്ദന്‍ സെമി ഓട്ടോണമി എന്ന വിശേഷിപ്പിച്ചത്. എങ്ങനെയാണ് ഓട്ടോണമി സെമി ഓട്ടോണമിയാക്കി മാറിയത്? സര്‍ക്കാര്‍ ഗ്രാന്റു കൊണ്ട് പ്രവര്‍ത്തിക്കുന്നു എന്നതിനര്‍ഥം, അക്കാദമി സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റാണ് എന്നല്ല. ഗ്രാന്റ് എങ്ങനെ വിനിയോഗിക്കണം എന്നത് അക്കാദമി ഭരണസമിതിയുടെ തീരുമാനമാണ്. എക്‌സ് ഒഫീഷ്യോ അംഗമായ സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്ക് അഭിപ്രായം പറയാം എങ്കിലും ഭരണസമിതിയുടെ തീരുമാനപ്രകാരമാണ് അക്കാദമി പ്രവര്‍ത്തിക്കേണ്ടത്. ഈ ഘടന ഇല്ലാതാകുന്നു എന്നതുമാത്രമല്ല, അക്കാദമിയുടെ സ്വയംഭരണം സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ എഴുത്തുകാര്‍ ഭരണകൂട ബ്യൂറോക്രാറ്റിസത്തിന്റെയും അതുവഴി അധികാര സംവിധാനത്തിന്റെയും രോഗാതുരമായ അവയവങ്ങളായി സ്വയം മാറിയുകയുമാണ്.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് അക്കാദമിയുടെ പരിപാടികള്‍ക്ക് സാംസ്‌കാരിക വകുപ്പിന്റെ ലോഗോ വയ്ക്കണമെന്ന ഉത്തരവുണ്ടായത്. ഡയറിയില്‍ 'ഇഷ്‌ക്കാരായ' സംഘടനകളുടെ പേരു മതി എന്നൊരു താല്‍പര്യത്തില്‍, ശാസ്ത്രസാഹിത്യപരിഷത്തിന്റെയൊക്കെ പേര് ഒഴിവാക്കാന്‍ നീക്കം നടന്നിരുന്നു. ഇത്തരം വില കെട്ട ബ്യൂറോക്രാറ്റിക് സൂത്രങ്ങള്‍ക്കെല്ലാം അതാതുകാലത്ത് അക്കാദമി ഭരിച്ചിരുന്ന എഴുത്തുകാരുടെയും ഒത്താശയുണ്ടായിരിക്കണം. പുസ്തകക്കവറില്‍ 'പിണറായി മുദ്ര' പതിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നില്ല എന്നാണ് അറിവ്. എന്നിട്ടും, അത്തരമൊന്ന് പ്രത്യക്ഷപ്പെട്ടതിനുപിന്നില്‍, അക്കാദമിയുടെ സ്വയംഭരണത്തെ സര്‍ക്കാര്‍ വിലാസം സെമി സ്വയംഭരണമാക്കുന്ന ഗൂഢസംഘമാണുള്ളത്. അക്കാദമിയുടെ സ്വയംഭരണത്തെ സര്‍ക്കാറിന്റെ കാല്‍ച്ചുവട്ടില്‍ സമര്‍പ്പിക്കുന്ന ഈ രാഷ്ട്രീയ അടിമത്തം 'വെറുമൊരു സാധാരണ ഭരണനടപടി'യായി മാറുന്നതിലെ അപകടം, സര്‍ക്കാര്‍ നോമിനിയായ സെക്രട്ടറിക്ക് തിരിച്ചറിയാനാകുന്നില്ല എന്നത് ആരെയും അല്‍ഭുതപ്പെടുത്തുന്നില്ല. എന്നാല്‍, അത് അക്കാദമിയുമായി ബന്ധപ്പെട്ട എഴുത്തുകാരസമൂഹത്തെ ഒരുവിധത്തിലും ഉല്‍ക്കണ്ഠപ്പെടുത്തുന്നില്ല എന്നതാണ് അതിലേറെ അപകടകരം.
എഴുത്തിനെയും എഴുത്തുകാരെയും അക്കാദമി എന്നൊരു സംവിധാനത്തിലേക്ക് കൊണ്ടുവന്നതിനുപുറകിലെ വലിയ ലക്ഷ്യങ്ങള്‍ ഇപ്പോള്‍ ഒന്ന് ഓര്‍ക്കുന്നതുനല്ലതാണ്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍, 1954 മാര്‍ച്ച് 12ന് സാഹിത്യ അക്കാദമി ഉദ്ഘാടനം ചെയ്യപ്പെട്ടു. അതിന്റെ പിന്നേറ്റ്, ചെയര്‍മാനായിരുന്ന ജവഹല്‍ലാല്‍ നെഹ്‌റു ആദ്യ സെക്രട്ടറിക്ക് അയച്ച കത്ത്, ഒരു എഴുത്തുകാരന്റെ, ക്രിയേറ്റിവിറ്റിയുമായി ബന്ധപ്പെട്ട അവകാശം ഉറപ്പുവരുത്തുന്നതിനെക്കുറിച്ചായിരുന്നു. 'നിരാല' എന്നറിയപ്പെട്ടിരുന്ന പ്രമുഖ ഹിന്ദി കവി സൂര്യകാന്ത് ത്രിപാഠിക്കുവേണ്ടിയായിരുന്നു നെഹ്‌റുവിന്റെ കത്ത്. നിരാല തന്റെ പുസ്തകങ്ങളുടെ കോപ്പി റൈറ്റ് വിവിധ പ്രസാധകര്‍ക്ക് തുച്ഛവിലയ്ക്ക് നല്‍കി. പ്രസാധകര്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വിറ്റ് വന്‍തോതില്‍ പണമുണ്ടാക്കുമ്പോള്‍ എഴുത്തുകാരന്‍ പട്ടിണി കിടക്കുകയാണ്. പബ്ലിഷര്‍ ഒരു എഴുത്തുകാരനെ നിര്‍ലജ്ജം ചൂഷണം ചെയ്യുന്ന സംഭവമെന്ന നിലയ്ക്ക്, കോപ്പിറൈറ്റ്് നിയമത്തില്‍ ഭേദഗതി വരുത്തി ഈ പ്രശ്‌നത്തിന് പരിഹാരം കാണണം എന്നായിരുന്നു നെഹ്‌റുവിന്റെ ആവശ്യം. പ്രധാനമന്ത്രിയായതുകൊണ്ടല്ല, ഒരു എഴുത്തുകാരനായതുകൊണ്ടാണ് നെഹ്‌റുവിന് അക്കാദമി എന്ന വലിയൊരു സംവിധാനത്തെ പ്രയോഗത്തിലെത്തിക്കാനായത്.
രണ്ടു തവണ മുഖ്യമന്ത്രിയായ ഒരാളുടെ പേരു തന്നെയാണ് ഇവിടെ പ്രശ്‌നം എന്ന് അക്കാദമി സെക്രട്ടറി മനസ്സിലാക്കണം. എല്‍.ഡി.എഫ് എന്ന സംവിധാനത്തെ പോലും മറികടന്ന് ഈയൊരു പേര് ഒരു പുസ്തകത്തിനുമേല്‍ പ്രതിഷ്ഠിക്കപ്പെടുന്നത് എഴുത്തിനുമേലുള്ള ദുരധികാരപ്രയോഗം തന്നെയാണ്.
പൊതുജനങ്ങളുടെ നികുതിപ്പണം കൊണ്ട് സര്‍ക്കാര്‍ അവാര്‍ഡ് കൊടുക്കുന്നത് ശരിയല്ല എന്നു പറഞ്ഞത് തനിക്കു കിട്ടിയ അവാര്‍ഡിന്റെ തുക ട്രഷറിയില്‍ അടയ്ക്കാനാവശ്യപ്പെട്ട എം.പി. നാരായണ പിള്ളയെപ്പോലെ, 'പിണറായി മുദ്ര'യുള്ള കവര്‍ എന്റെ പുസ്തകത്തിനുവേണ്ട എന്ന് നിലപാടെടുക്കാന്‍ ഈ 30 എഴുത്തുകാര്‍ക്ക് കഴിയേണ്ടതാണ്, ഈ കവറുകള്‍ മാറ്റി പ്രിന്റ് ചെയ്ത് എഴുത്തുകാരുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ അക്കാദമി അധ്യക്ഷനും കഴിയേണ്ടതാണ്. പ്രത്യേകിച്ച്, സെക്രട്ടറിയുടെ നടപടിയോടുള്ള വിയോജിപ്പ് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ച സ്ഥിതിക്ക്.
'നിഷ്പക്ഷത പറക്കാന്‍ അറയ്ക്കുന്ന പക്ഷിയാണെങ്കില്‍ ഞാന്‍ അതിനെ തീറ്റിപ്പോറ്റിയിട്ടില്ല' എന്ന സ്വന്തം പ്രഖ്യാപനത്തിന്റെ പ്രയോഗം കൂടിയാകും അത്.