ലൈംഗിക പീഡനാരോപണം, A.M.M.A ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു

News Desk

  • യുവനടി ഉയർത്തിയ ലൈംഗിക പീഡനാരോപണത്തെ തുടർന്ന് A.M.M.A ജനറൽസെക്രട്ടറി സ്ഥാനത്ത നിന്ന് നടൻ സിദ്ദിഖ് രാജിവെച്ചു

  • A.M.M.A പ്രസിഡണ്ട് മോഹൻലാലിന് ഇ- മെയിൽ വഴി രാജിക്കത്ത് സമർപ്പിച്ചു. തനിക്കെതിരെ ഉയർന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ രാജിവെക്കുന്നു എന്നാണ് രാജിക്കത്തിലുള്ളത്

  • ആരോപണം നേരിടുന്ന സിദ്ദിഖിന്റെ രാജി ആവശ്യപ്പെട്ട് അമ്മ അംഗങ്ങൾക്കും പ്രസിഡണ്ട് മോഹൻലാലിനും നടൻ അനൂപ് ചന്ദ്രൻ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു

  • സിദ്ദിഖിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് വ്യക്തമാക്കി യുവനടി രംഗത്തെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.

  • 2019ൽതന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്ന് യുവനടി പറഞ്ഞിരുന്നു. പിന്നീട് സിനിമയിൽ നിന്ന് മാറ്റിനിർത്തി. സ്ഥിരം സംഭവമാണെന്ന നിലയിലായിരുന്നു മറ്റ് സഹപ്രവർത്തകർ പ്രതികരിച്ചത്. ഇപ്പോൾ ഒന്നും നഷ്ടപ്പെടാനില്ലാത്തത് കൊണ്ടാണ് ധൈര്യപൂർവ്വം തുറന്നുപറയുന്നതെന്നും നടി വിശദീകരിച്ചു.

  • 21ാം വയസിൽ നേരിടേണ്ടി വന്ന സംഭവമുണ്ടാക്കിയ മാനസിക ആഘാതം ഇപ്പോഴും മാറിയിട്ടില്ലെന്ന് നടി പറഞ്ഞു. ആരോപണങ്ങളിൽ പൊലീസ് കേസെടുത്തേക്കുമെന്നാണ് സൂചന. തന്റെ സുഹൃത്തുകൾക്കും സമാനമായ അനുഭവങ്ങൾ സിദ്ദിഖിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു

  • അതേ സമയം സിദ്ദിഖിന്റെ രാജി സ്വാഗതം ചെയ്യുന്നതായി നടൻ ജഗദീഷ് പ്രതികരിച്ചു. ആരോപണ വിധേയർ അധികാര സ്ഥാനങ്ങളിൽതുടരുന്നത് ശരിയല്ല. നടിയുടെ പരാതിയിൽ കേസെടുത്താൽ അതിനെ നേരിടേണ്ടത് സിദ്ദിഖ് ആണെന്നും ജഗദീഷ് പറഞ്ഞു. എന്നാൽ സിദ്ദിഖിന്റെ രാജിയുമായി ബന്ധപ്പെട്ട് അമ്മ പ്രസിഡണ്ട് മോഹൻലാൽ പ്രതികരിച്ചിട്ടില്ല

  • സിദ്ദിഖിന്റെ രാജിക്ക് പുറമേ, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് സംവിധായകൻ രഞ്ജിത്തും രാജിവെച്ചു.

  • രഞ്ജിത്തിനെതിരേ ലൈംഗികാതിക്രമ ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു

  • നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്ന്, സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മീഷന്റെ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണ് സിനിമാ മേഖലയിൽ നിന്ന് മോശം അനുഭവമുണ്ടായി എന്ന് വെളിപ്പെടുത്തിക്കൊണ്ട് കൂടുതൽ സ്ത്രീകൾ രംഗത്തെത്തുന്നത്.

Comments