ഷഫീഖ് താമരശ്ശേരി : വയനാട്ടിലെ മേപ്പാടി ഗവ പോളിടെക്‌നിക് കോളേജിൽ വെച്ച് താങ്കളും സഹപ്രവർത്തകരും ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. അനേകം ആൺകുട്ടികൾ സംഘം ചേർന്ന് ഒരു പെൺകുട്ടിയെ മർദിക്കുന്നതിന്റെ ഭീകരദൃശ്യങ്ങളായിരുന്നു അത്. യഥാർത്ഥത്തിൽ എന്താണ് അന്ന് അവിടെ വെച്ച് സംഭവിച്ചത്? ഇത്രമേൽ ഭീകരമായ അക്രമം അഴിച്ചുവിടാൻ അവരെ പ്രകോപിപ്പിച്ചതെന്തായിരുന്നു?
അപർണ ഗൗരി: സംസ്ഥാനവ്യാപകമായി പോളി ടെക്‌നിക് കോളേജുകളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായിരുന്നു അത്. എസ്.എഫ്.ഐയുടെ വയനാട് ജില്ലാ വൈസ് പ്രസിഡണ്ട് കൂടിയായ ഞാൻ സംഘടനാപരമായ ചുമതല നിർവഹിക്കുന്നതിന്റെ കൂടി ഭാഗമായാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് സഹപ്രവർത്തകരോടൊപ്പം മേപ്പാടി പോളി ടെക്‌നിക് കോളേജിലെത്തിയത്.
കുറച്ചുകാലങ്ങളായി ആ കോളേജിലെ വിദ്യാർത്ഥികൾക്കിടയിൽ തന്നെയുള്ള ‘ട്രാബിയൊക്' എന്ന പേരിലറിയപ്പെടുന്ന ലഹരി സംഘത്തിനെതിരെ എസ്.എഫ്.ഐ ശ്രമകരമായ പ്രവർത്തനം നടത്തുന്നുണ്ടായിരുന്നു. കാമ്പസുകളിൽ വർധിച്ചുവരുന്ന ലഹരിസ്വാധീനത്തിനെതിരെ സംസ്ഥാനവ്യാപകമായി എസ്.എഫ്.ഐ നടത്തുന്ന കാമ്പയിനുകളുടെ ഭാഗമാണിതെങ്കിലും സവിശേഷമായി ആ കോളേജിലെ സാഹചര്യങ്ങൾ പരിഗണിച്ച് കൂടുതൽ ശ്രദ്ധ നൽകുന്നുണ്ടായിരുന്നു. വയനാട് പോലെ അങ്ങേയറ്റം പിന്നാക്കമായ പ്രദേശത്തെ തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരും കർഷക തൊഴിലാളികളുമൊക്കെയായ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന സ്ഥാപനമാണ് മേപ്പാടി പോളിടെക്‌നിക്. തങ്ങളുടെ കുടുംബങ്ങൾക്ക് പ്രതീക്ഷയായി വളരേണ്ട വിദ്യാർത്ഥികളാണ് കോളേജിൽ വെച്ച് ലഹരിസംഘങ്ങളുടെ ചൂഷണങ്ങളിൽപെടുന്നത്. പല വിദ്യാർത്ഥികളുടെയും പഠനത്തെയും ഭാവിജീവിതത്തെയും ഇത് വലിയ രീതിയിൽ പ്രതികൂലമായി ബാധിക്കുന്നു എന്നുമാത്രമല്ല വലിയൊരു സാമൂഹ്യപ്രശ്‌നമായി ഇത് മാറിക്കൊണ്ടിരിക്കുന്നുമുണ്ട്. ലഹരിക്കടിമപ്പെടുന്ന വിദ്യാർത്ഥികൾ കുടുംബത്തിലും സമൂഹത്തിലുമെല്ലാം ഇടപെടുന്നതും അങ്ങേയറ്റം മോശം രീതിയിലാണ്. ലഹരി ഉപയോഗത്തിനുള്ള പണം കണ്ടെത്താൻ പലപ്പോഴും വിദ്യാർത്ഥികൾ ക്രമിനൽ സ്വഭാവമുള്ള ജോലികൾ തെരഞ്ഞെടുക്കുന്ന സ്ഥിതിയുമുണ്ട്. ഇത്തരം സാഹചര്യങ്ങളെയെല്ലാം മുന്നിൽ കണ്ടാണ് ലഹരിക്കെതിരായ ശക്തമായ നീക്കം ഞങ്ങൾ നടത്തിയത്.
മേപ്പാടി കോളേജിൽ നേരത്തെ ലഹരി സംഘത്തിനൊപ്പമുണ്ടായിരുന്ന, പിന്നീട് അപകടം തിരിച്ചറിഞ്ഞ് പുറത്തുവന്ന വിദ്യാർത്ഥികളിൽ നിന്നാണ് എസ്.എഫ്.ഐ ഈ സംഘത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നത്. അതനുസരിച്ച് ശക്തമായ പ്രതിരോധ നീക്കങ്ങളുമായി ഞങ്ങൾ മുന്നോട്ടുപോയി. പൊലീസിൽ വിവരമറിയിച്ചു. അതുപ്രകാരം പലയിടങ്ങളിലും പരിശോധന നടക്കുകയും ലഹരി സ്രോതസ്സുകൾക്ക് അത് ചില തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ‘ട്രാബിയൊക്' എന്ന ലഹരി സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് കോളേജിൽ പോകാൻ വരെ മടിച്ചിരുന്ന വിദ്യാർത്ഥികൾക്ക് ഞങ്ങൾ സംരക്ഷണവും പിന്തുണയും നൽകി. ഇതെല്ലാം കാരണം അതിശക്തമായ പക ഈ സംഘങ്ങൾക്ക് ഞങ്ങളോടുണ്ടായിരുന്നു. എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിക്കാൻ തക്കം പാർത്തിരുന്ന അവർ തെരഞ്ഞെടുപ്പ് ദിവസം കിട്ടിയ അവസരത്തെ മുതലെടുക്കുകയായിരുന്നു. അതിക്രൂരമായാണ് അവർ ഞങ്ങളെ മർദിച്ചത്. പെൺകുട്ടി എന്ന പരിഗണന പോലും എനിക്ക് ലഭിച്ചില്ല. പത്ത് മുപ്പതോളം വരുന്ന ആളുകൾ ഞങ്ങളെ തേനീച്ചക്കൂട് പോലെ പൊതിഞ്ഞ് മർദിക്കുകയായിരുന്നു. എന്നെ അവർ ചുമരിനോട് ചേർത്തിനിർത്തി നെഞ്ചിൽ ചവിട്ടുക വരെ ചെയ്തിട്ടുണ്ട്. ഇപ്പോഴും ഭക്ഷണം കഴിക്കാൻ പോലും സാധിക്കുന്നില്ല. ദേഹമാസകലം ഇപ്പോഴും കടുത്ത വേദനയാണ് ഞാൻ അനുഭവിക്കുന്നത്.
കെ.എസ്.യു - എം.എസ്.എഫ് സഖ്യത്തിന്റെ പിന്തുണയോടുകൂടിയാണ് ‘ട്രാബിയൊക്' എന്ന ലഹരി സംഘം താങ്കളെയും കൂടെയുണ്ടായിരുന്നവരെയും ആക്രമിച്ചത് എന്ന ഗൗരവമായ ആരോപണം എസ്.എഫ്.ഐ നേതൃത്വം ഉയർത്തിയിട്ടുണ്ട്. എന്താണ് ഈ ആരോപണത്തിന്റെ അടിസ്ഥാനം? ലഹരി സംഘങ്ങൾക്ക് ഈ സംഘടനകൾ ഏതുവിധത്തിലുള്ള പിന്തുണയാണ് നൽകുന്നത്?
കെ.എസ്.യു - എം.എസ്.എഫ് സഖ്യത്തിന്റെ പിന്തുണ ഇത്തരം ലഹരി സംഘങ്ങൾക്കുണ്ട് എന്നത് എസ്.എഫ്.ഐ ഉയർത്തുന്ന കേവലം ആരോപണമല്ല. അതിന് കൃത്യമായ തെളിവുണ്ട്. ഇപ്പോൾ ഞാനടക്കമുള്ള എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതികൾക്ക് സംരക്ഷണം ഒരുക്കുന്നതും അവർക്ക് സഹായം ചെയ്യുന്നതും കൽപ്പറ്റ എം.എൽ.എയായ ടി. സിദ്ദീഖ് ഉൾപ്പെടെയുള്ളവരാണ്. സംഭവത്തിനുശേഷം നടന്ന പൊലീസ് റെയിഡിൽ കെ.എസ്.യു - എം.എസ്.എഫ് നേതാക്കൾ ഉൾപ്പെടെയുള്ളവർ താമസിക്കുന്ന സ്ഥലത്തുനിന്ന് ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുമുണ്ട്.
കാമ്പസുകളിൽ എസ്.എഫ്.ഐയെ പ്രതിരോധിക്കാൻ രാഷ്ട്രീയമായി സാധിക്കാതാകുമ്പോൾ ഇത്തരം ക്രിമിനൽ സംഘങ്ങളെ കൂട്ടുപിടിക്കുകയാണ് കെ.എസ്.യുവും എം.എസ്.എഫും എ.ബി.വി.പിയുമെല്ലാം ചെയ്യുന്നത്. കേരളത്തിലെ കലാലയങ്ങളിൽ, വിവിധ സർവകവകലാശാലകളിൽ ഓരോ തവണ തെരഞ്ഞെടുപ്പ് നടക്കുമ്പോഴും എസ്.എഫ്.ഐ നേടുന്ന വൻ വിജയം മറ്റ് വിദ്യാർത്ഥി സംഘനകളെ വലിയ രീതിയിൽ അസ്വസ്ഥപ്പെടുത്തുണ്ട്. ഇപ്പോൾ മിക്ക സർവകലാശാലകളിലും എസ്.എഫ്.ഐ ഒരു ഭാഗത്തും മറ്റ് സംഘടനകളെല്ലാം ചേർന്ന് മഴവിൽ മുന്നണി പോലെ എതിർഭാഗത്തും നിന്നാണ് മത്സരിക്കുന്നത്. എന്നിട്ടും എസ്.എഫ്.ഐയെ പരാജയപ്പെടുത്താൻ സാധിക്കാതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള ലഹരിസംഘങ്ങളെ ഉപയോഗിച്ച് കായികപ്രതിരോധം തീർക്കുക എന്ന സാധ്യത ഈ സംഘനകൾ തേടുന്നത്.
ഇത്തരം അരാഷ്ട്രീയ - അരാജക സംഘങ്ങൾക്ക് കാമ്പസിൽ വലിയ ഇടം കിട്ടിക്കൊണ്ടിരിക്കുന്നു എന്നതിനെ ഗുരുതരമായ അപകടമായാണ് ഞങ്ങൾ വിലയിരുത്തുന്നത്. പലവിധത്തിലുള്ള രാഷ്ട്രീയ പ്രചരണങ്ങളും ക്യാംപയിനുകളും നടത്തി സാമൂഹ്യബോധമുള്ള വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ എസ്.എഫ്.ഐ ശ്രമിക്കുമ്പോൾ അതിനെ തടയിടാൻ അരാഷ്ട്രീയ - അരാജക കൂട്ടങ്ങൾക്ക് പിന്തുണ നൽകുകയാണ് ഇതര വിദ്യാർത്ഥി സംഘടനകൾ ചെയ്യുന്നത്. ഞങ്ങൾ ആക്രമിക്കപ്പെട്ട വിഷയത്തിൽ മാതൃഭൂമി ചാനലിന് നൽകിയ പ്രതികരണത്തിൽ കെ.എസ്.യു യൂണിറ്റ് ഭാരവാഹി പരോക്ഷമായി ഈ ലഹരി സംഘത്തെ ന്യായീകരിക്കുകയായിരുന്നു എന്നതും ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്.
താങ്കൾ ആക്രമിക്കപ്പെട്ട ശേഷം എസ്.എഫ്.ഐ നേതൃത്വം ഏറ്റവും പ്രധാനമായി ഉന്നയിച്ച പ്രശ്‌നം മാധ്യമങ്ങൾ ഈ വിഷയം വേണ്ട വിധത്തിൽ റിപ്പോർട്ട് ചെയ്തില്ല എന്നതായിരുന്നു. എസ്.എഫ്.ഐക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ മാധ്യമങ്ങൾ കാണാതെ പോകുന്നു എന്ന വിമർശനവും നേതൃത്വം ഉയർത്തിയിരുന്നു. മാധ്യമങ്ങൾ താങ്കളോട് അനീതി കാണിച്ചിട്ടുണ്ടോ?
വ്യക്തിപരമായി എന്നോട് അനീതി കാണിച്ചോ എന്നതല്ല വിഷയം. ഈ വിഷയത്തെ മാധ്യമങ്ങൾ ഏതുവിധത്തിൽ പരിഗണിച്ചു എന്നതാണ്. നമുക്കറിയാം ലഹരിക്കെതിരെ നിരന്തര കാമ്പയിനുകളും പരമ്പരകളും ചെയ്യുന്നവരാണ് ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങൾ. ലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ഞാനടക്കമുള്ളവർ ഇത്ര ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും അതിനെ മാധ്യമങ്ങൾ വേണ്ടവിധത്തിൽ പരിണിച്ചില്ല എന്നതിനെ മാധ്യമങ്ങളുടെ പൊതുവിലുള്ള ഇടതുവിരുദ്ധതയുമായി ബന്ധപ്പെടുത്തിയാണ് ഞങ്ങൾ കാണുന്നത്. എസ്.എഫ്.ഐയെ പ്രതിസ്ഥാനത്ത് നിർത്തുന്ന തരത്തിലുള്ള എത്ര ചെറിയ സംഭവങ്ങൾ ഉണ്ടായാലും വലിയ ആവേശത്തോടെ ചർച്ചയ്‌ക്കെടുക്കുന്ന മാധ്യമങ്ങൾ ദിവസങ്ങളോളം ഈ വാർത്ത തമസ്‌കരിച്ചു. ഒടുവിൽ നവമാധ്യമങ്ങളിൽ മുഖ്യധാരാ മാധ്യമ സമീപനങ്ങൾക്കെതിരെ വലിയ പ്രതിഷേധമുണ്ടായ ശേഷമാണ് പല മാധ്യമങ്ങളും ഈ വിഷയം റിപ്പോർട്ട് ചെയ്തുതുടങ്ങിയത് എന്നാണ് ഞാൻ പിന്നീട് മനസ്സിലാക്കിയത്. ഇടതുവിരുദ്ധതയാണ് മാധ്യമങ്ങളുടെ മാർക്കറ്റ്. ഞങ്ങൾ കൊള്ളുന്ന അടി അവർക്ക് വാർത്തയാകണമെന്നില്ല.
ലഹരി സംഘങ്ങൾക്ക് എങ്ങെനെയാണ് ഇത്രയധികം സ്വാധീനം കാമ്പസുകളിൽ ലഭിക്കുന്നത്? ആരാണ് അവരെ വളർത്തുന്നത്? കാമ്പസിലെത്തുന്ന ലഹരിയുടെ സ്രോതസ്സുകൾ എന്തൊക്കെയാണ്? ഇത്തരം കാര്യങ്ങൾ അറിയാൻ ശ്രമിച്ചിരുന്നോ?
നിരോധിത ലഹരി ഉൽപ്പന്നങ്ങളുടെ ലഭ്യത മൊത്തത്തിൽ തന്ന നമ്മുടെ സമൂഹത്തിൽ വർധിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒരു കോളേജ് വില്പന കേന്ദ്രമാക്കി മാറ്റിയാൽ ഒരു കേന്ദ്രീകൃത സ്ഥലത്ത് തന്നെ വലിയ പ്രയാസങ്ങൾ ഒന്നുമില്ലാതെ ധാരാളം ഉപയോക്താക്കളെ കിട്ടും എന്നതാണ് ലഹരിസംഘങ്ങൾ ഇത്തരത്തിൽ കാമ്പസുകളെ ലക്ഷ്യം വെക്കുന്നതിന് പിന്നിൽ. വിദ്യാർത്ഥികളെയും അവരുടെ ബന്ധങ്ങളെയും ഉപയോഗിച്ച് കൊണ്ട് വലിയ ലാഭത്തിൽ വിൽക്കാനും, ഉപയോഗിക്കുന്ന ആളുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കാനും സാധിക്കും. ഒരു ചെയിൻ പോലെ പുതിയ ആളുകൾ അതിലേക്ക് ചേർന്ന് കൊണ്ടിരിക്കും. ഇതാണ് സംഭവിക്കുന്നത്.
മർദനമേറ്റതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇനി എങ്ങിനെ മുന്നോട്ടുപോകാനാണ് തീരുമാനം?
പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഏതാനും പ്രതികളെ പൊലീസ് ഇതിനകം പിടികൂടിയിട്ടുമുണ്ട്. മറ്റ് കാര്യങ്ങൾ തീരുമാനിക്കേണ്ടത് സംഘടനയാണ്.
കാമ്പസിൽ വിദ്യാർഥികളെ രാഷ്ട്രീയവൽക്കരിക്കുക എന്ന ലക്ഷ്യം ഇന്ന് വിദ്യാർഥി സംഘടനകൾക്ക് എത്രത്തോളം ക്രിയാത്മകമായി ഏറ്റെടുക്കാനാകുന്നുണ്ട്. ഈ ലക്ഷ്യത്തിൽ നിന്ന് അകന്നുപോകുന്നതുകൊണ്ടാണ് ഇത്തരം സാമൂഹിക വിരുദ്ധ ശക്തികൾക്ക് കാമ്പസിൽ പിടിമുറുക്കാൻ സാധിക്കുന്നത് എന്ന വിമർശനം എത്രത്തോളം ശരിയാണ്?
കാമ്പസുകളെ രാഷ്ട്രീയവൽക്കരിക്കുക എന്ന ഉത്തരവാദിത്തത്തിൽ നിന്ന് എസ്.എഫ്.ഐ ഒരിക്കലും പിറകോട്ട് പോയിട്ടില്ല. എസ്.എഫ്.ഐയുടെ ഏറ്റവും വലിയ ഉത്തരവാദിത്തങ്ങളിൽ ഒന്ന് തന്നെയാണ് വിദ്യാർത്ഥികളിൽ കൃത്യമായ രാഷ്ട്രീയബോധ്യം സൃഷ്ടിക്കുക എന്നത്. ദേശീയ - അന്തർദേശീയ വിഷയങ്ങളടക്കം വിദ്യാർത്ഥികൾക്കിടയിൽ ചർച്ചയിൽ കൊണ്ടുവരുന്നതിന് ഞങ്ങൾ നിരന്തരം ശ്രമിക്കാറുണ്ട്. അതേസമയം സമൂഹത്തിൽ മൊത്തത്തിൽ വർധിച്ചുകൊണ്ടിരിക്കുന്ന അരാഷ്ട്രീയത കാമ്പസുകളെയും ബാധിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ വളർന്നുവരുന്ന കരിയറിസവും സ്വകാര്യവൽക്കരണവുമായി ഇത്തരം പ്രശ്‌നങ്ങൾക്ക് ബന്ധമുണ്ടോ?
തീർച്ചയായും ബന്ധമുണ്ട്. പഠിച്ച് ജോലി വാങ്ങുക എന്നതിനപ്പുറത്തേക്ക് മറ്റൊന്നും വിദ്യാഭ്യാസ കാലയളവിൽ ചെയ്യാനില്ല എന്ന ധാരണ വിദ്യാർത്ഥികൾക്ക് പകർന്നുനൽകുകയാണ് ഭൂരിപക്ഷ സമൂഹം ചെയ്യുന്നത്. വിദ്യാർത്ഥികൾക്ക് പൊതുസമൂഹത്തെ പറ്റി, രാഷ്ട്രീയ സാഹചര്യങ്ങളെ പറ്റി ചിന്തിക്കുവാനുള്ള അവസരങ്ങളെല്ലാം തന്നെ ഇല്ലാതാക്കുകയാണ്. സർക്കാർ കോളേജുകൾ കുറേയൊക്കെ ഭേദമാണെങ്കിലും സ്വകാര്യ മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള കോളേജുകളിലെ ആഭ്യന്തര സാഹചര്യങ്ങൾ അങ്ങേയറ്റം പരിതാപകരമാണ്.