വയനാട്ടിൽ നിന്ന് വീണ്ടും വെടിയൊച്ച കേൾക്കുകയാണ്. പടിഞ്ഞാറത്തറയിലെ വാളാരം കുന്നിൽ നടന്ന പൊലീസ് വെടിവെയ്പ്പിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വരുന്നു. തമിഴ്നാട് തേനി ജില്ലയിലെ പെരിയകുളം അണ്ണാനഗർ കോളനി സ്വദേശി വേൽമുരുകൻ (33) ആണ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. 2016 മെയ് മാസത്തിൽ പിണറായി മന്ത്രിസഭ അധികാരത്തിലെത്തിയതിന് ശേഷം തുടർച്ചയായി നടന്ന നിരവധി ഏറ്റുമുട്ടലുകളിലൂടെ രണ്ട് സ്ത്രീകളടക്കം എട്ട് മാവോയിസ്റ്റുകൾ ഇതോടെ കൊല്ലപ്പെട്ടിരിക്കുകയാണ്.
നിലമ്പൂരിലെ കരുളായിയിൽ നടന്ന ആദ്യ വെടിവെപ്പിന്റെ സമയത്ത് തന്നെ സംഭവം വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണെന്നതിന്റെ സംശയങ്ങൾ പുറത്ത് വന്നിരുന്നു. ഭരണകക്ഷിയിലെ പ്രബല വിഭാഗമായ സി.പി.ഐയും ആഭ്യന്തരവകുപ്പിനെതിരെ അന്ന് രംഗത്ത് വന്നിരുന്നു. എന്നാൽ ഇതിനെയൊന്നും വകവെക്കാതെ വീണ്ടും വീണ്ടും മനുഷ്യവേട്ട തുടരുന്ന സമീപനമാണ് പിണറായി സർക്കാർ സ്വീകരിച്ചുവന്നത്. നിലമ്പൂർ, വൈത്തിരി, മഞ്ചിക്കണ്ടി കൊലപാതകങ്ങളിൽ ഇത്രയേറെ ആരോപണങ്ങളും വിവാദങ്ങളുമുണ്ടായിട്ടും മുഖ്യമന്ത്രി പാലിക്കുന്ന അപകടകരമായ മൗനം ഭീതിജനകമാണ്.
2016 നവംബർ 24 ന് നിലമ്പൂരിലെ കരുളായിയിലും, 2019 മാർച്ച് 6 ന് വയനാട് വൈത്തിരിയിലും, 2019 ഒക്ടോബർ 28,29 തിയ്യതികളിൽ അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയിലും ഒടുവിലിപ്പോൾ വയനാട് പടിഞ്ഞാറത്തറയിലെ വാളാരംകുന്നിലുമാണ് ഏറ്റുമുട്ടലുകൾ നടന്നിട്ടുള്ളത്. നിലമ്പൂരിലെ കരുളായിയിൽ രോഗശയ്യയിൽ ക്യാമ്പിൽ വിശ്രമിക്കുകയായിരുന്ന അജിതയെയും കുപ്പുദേവരാജിനെയും ഏകപക്ഷീയമായ വെടിവെപ്പിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്നതിന്റെ നിരവധി തെളിവുകൾ അന്ന് തന്നെ പുറത്തുവന്നിരുന്നു.
വൈത്തിരി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സി.പി. ജലീൽ ഉപയോഗിച്ചിരുന്ന തോക്കിൽ നിന്നും വെടിയുതിർത്തിട്ടേയില്ലെന്ന ഫോറൻസിക് റിപ്പോർട്ടും, പൊലീസിനെ കണ്ട് പിന്തിരിഞ്ഞോടുന്ന മാവോയിസ്റ്റുകളുടെ സി.സി.ടി.വി ദൃശ്യങ്ങളും, ആദ്യം വെടിവെച്ചത് പൊലീസാണെന്ന സാക്ഷിമൊഴികളുമെല്ലാം പുറത്ത് വന്നിരുന്നു.
മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശികളായ രമ, അരവിന്ദ്, കാർത്തി, മണിവാസകം എന്നിവർ കീഴടങ്ങാൻ തീരുമാനിച്ചതിന് ശേഷം ആ വിവരം മധ്യസ്ഥർ വഴി പൊലീസിൽ അറിയിച്ചിരുന്നുവെന്നാണ് പ്രദേശത്തെ ആദിവാസി വിഭാഗത്തിൽപ്പെട്ടവർ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. സ്ഥലം സന്ദർശിച്ച സി.പി.ഐയുടെ വസ്തുതാന്വേഷണ സംഘമടക്കമുള്ള നിരവധി സംഘങ്ങൾ സംശയരഹിതമന്യേ മഞ്ചിക്കണ്ടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ശക്തമായ വാദം മുന്നോട്ടുവെച്ചിരുന്നു. എന്നിട്ടും കേരളത്തിന്റെ വനമേഖലകളിൽ ആഭ്യന്തര വകുപ്പിന്റെ ഒത്താശയോടെ തണ്ടർബോൾട്ട് സംഘം യാതൊരു മടിയുമില്ലാതെ സംഹാരതാണ്ഡവമാടുകയാണ്.
ഏറ്റുമുട്ടൽക്കൊലയുടെ നാടായി കേരളം മാറിയിരിക്കുന്നു. ജീവനുള്ള മനുഷ്യരെ വേട്ടയാടി വെടിവെച്ചു കൊല്ലുന്ന പൊലീസ് നടപടി കേരളത്തിൽ തുടർസംഭവങ്ങളായി മാറുന്നു. മാവോയിസ്റ്റുകളെ രാജ്യത്തെ നിയമവ്യവസ്ഥക്കോ വിചാരണയ്‌ക്കോ വിട്ടുകൊടുക്കാതെ പൊലീസ് തോക്കിൻമുനയിൽ ശിക്ഷ വിധിക്കുന്നു. കേരളത്തിന്റെ വനമേഖലയിൽ പ്രവർത്തിക്കുന്ന നാമമാത്രമായ ഒരു ചെറുസംഘത്തെ സർവസന്നാഹികളായ ആഭ്യന്തര സേനയ്ക്ക് ജീവനോടെ പിടികൂടാൻ സാധിക്കില്ലെന്നാണോ. ഏത് തരം രക്തദാഹമാണ് ആഭ്യന്തരവകുപ്പിനെക്കൊണ്ട് വീണ്ടും വീണ്ടും ഈ കുരുതി നടത്തിപ്പിക്കുന്നത്.
തോക്കിൻമുനയിൽ ജീവനൊടുങ്ങാൻ മാത്രം വലിയ എന്ത് കുറ്റകൃത്യങ്ങളാണ് മാവോയിസ്റ്റുകൾ ഇവിടെ ചെയ്തിട്ടുള്ളത്. ആദിവാസി ഊരുകളിൽ കടന്നു ചെന്ന് അരിയും പഞ്ചസാരയും ചോദിക്കുന്നതോ, ചുമരുകളിൽ പോസ്റ്ററുകൾ പതിക്കുന്നതോ. കേരളത്തിന്റെ ക്രമസമാധാനത്തിനോ, ജനങ്ങളുടെ സൈ്വര്യജീവിതത്തിനോ കാര്യമായ യാതൊരു പ്രശ്നങ്ങളും ഇതുവരെ സൃഷ്ടിച്ചിട്ടില്ലാത്ത, പ്രതീകാത്മകമായ ചില സമരങ്ങൾക്കപ്പുറം മറ്റ് അക്രമങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ലാത്ത, കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷത്തിൽ ഒരു തടസ്സമോ വെല്ലുവിളിയോ ആയി ഇനിയും മാറിയിട്ടില്ലാത്ത ഒരു ചെറിയ സംഘത്തിന്റെ കേവല സാന്നിദ്ധ്യത്തെ വലിയ ഭീകരതയായി കാണിച്ച് കേരളത്തെ സംഘർഷബാധിത മേഖലയാക്കി മാറ്റേണ്ടത് ആരുടെ താത്പര്യമാണ്. നിരന്തരമായി മാവോയിസ്റ്റുകളെ കൊലപ്പെടുത്തി, 'ഞങ്ങളിതാ രാജ്യത്തിന് ഭീഷണിയായ മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യുന്നു' എന്ന് പ്രഖ്യാപനം നടത്തുന്നതിലൂടെ പിണറായി സർക്കാർ ലക്ഷ്യമിടുന്നതെന്താണ്?
കേരളത്തിൽ വെറും നാമമാത്രമായി പ്രവർത്തിക്കുന്ന മാവോയിസ്റ്റ് സംഘങ്ങളുടെ സാന്നിധ്യത്തെ പെരുപ്പിച്ച് കാണിച്ച് കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗത്തിൽ നിന്നും വലിയ സൈനിക സന്നാഹങ്ങൾ കേരളത്തിലെത്തിക്കുന്നതിനായി തുടക്കം മുതലേ പിണറായി സർക്കാർ ശ്രമിക്കുന്നുണ്ടായിരുന്നു.
കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശ്ശൂർ, പാലക്കാട് എന്നീ 5 ജില്ലകളെ മാവോയിസ്റ്റ് ബാധിതമേഖലയായി സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായി ചൂണ്ടിക്കാണിച്ച് സുപ്രീംകോടതി നിരോധിച്ച 'സാൽവജുദുമി'ന് സമാനമായ രീതിയിൽ കേരളത്തിൽ ആദിവാസികളെ സൈനികവത്കരിക്കുന്ന പദ്ധതിയും സർക്കാർ കൊണ്ടുവന്നു.
തുടർച്ചയായി നടക്കുന്ന ഈ വെടിവെപ്പുകളും കൊലപാതകങ്ങളും മാവോയിസ്റ്റ് സാന്നിദ്ധ്യങ്ങളുമായി ബന്ധപ്പെട്ട പൊലീസിന്റെ ദുരൂഹപ്രചരണങ്ങളുമെല്ലാം കേരളത്തെ സൈനികവത്കരിക്കാനുള്ള ബോധപൂർവശ്രമങ്ങളാണ് എന്ന് സംശയിപ്പിക്കുന്നതിന് വേറെയും നിരവധി കാരണങ്ങളുണ്ട്. അതിലൊന്നായിരുന്നു അധികാരത്തിലെത്തി കേവലം മാസങ്ങൾക്കുള്ളിൽ നടന്ന ഇന്റസ്റ്റേറ്റ് ചീഫ് മിനിസ്റ്റ്ഴ്സ് കൗൺസിലിൽ പിണറായി വിജയൻ നടത്തിയ പ്രസംഗം.
''സാമ്പത്തികപരവും സൈനികപരവും മാനവവിഭവശേഷീപരവുമായ കേന്ദ്രസർക്കാർ സഹായങ്ങൾ നൽകുന്നത് ഞങ്ങളുടെ തീവ്രവാദികളെ തുരത്താനുള്ള പരിശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിന് വളരെയധികം സഹായകമാകും. കഴിഞ്ഞ മൂന്ന് വർഷമായി കേരളം ആവശ്യപ്പെടുന്ന തീവ്രവാദ വിരുദ്ധ/പ്രത്യാക്രമണ സേനാ പരിശീലന കേന്ദ്രം അനുവദിക്കണം. ഒരു റിസർവ് ബറ്റാലിയനെ കൂടി അനുവദിക്കണം. സി.ആർ.പി.എഫിൽ നിന്ന് ഡെപ്യൂട്ടേഷനിൽ ഓഫീസർമാരെ വേണം. എൻ.എസ്.ജി, സി.എ.പി.എഫ്(സെൻട്രൽ ആംഡ് ഫോഴ്സസ്), ഐ.ബി എന്നിവർ സംസ്ഥാന പൊലീസിനെ പരിശീലിപ്പിക്കണം. ഇടത് തീവ്രവാദത്തിന്റെ പിടിയിലുള്ള അഞ്ച് ജില്ലകളും സെക്യൂരിറ്റി റിലേറ്റഡ് എക്സ്പൻഡിച്ചർ സ്‌കീമിന് കീഴിൽ ഉൾപ്പെടുത്തണം. പൊലീസ് ഇന്റലിജൻസ് സംവിധാനത്തെ ആധുനികവത്കരിച്ച് ശക്തിപ്പെടുത്താൻ പ്രത്യേക പദ്ധതി വേണം'' ഇതായിരുന്നു പിണറായി വിജയന്റെ പ്രസംഗത്തിൽ കേന്ദ്രത്തോടുള്ള ആവശ്യം.
കേരളത്തിലെ പൊലീസ് സേനയെ കൂടുതൽ ആധുനികവത്കരിക്കാനുള്ള ആഭ്യന്തരവകുപ്പ് തലവന്റെ തന്ത്രമാണോ ഈ തുടർ ഏറ്റുമുട്ടലുകൾ എന്ന് സംശയം തോന്നിയേക്കാം. മാവോയിസ്റ്റ് വേട്ടയ്ക്കായി തണ്ടർബോൾട്ട് എന്ന പേരിൽ സായുധസജ്ജരായ സംഘത്തെ നിയോഗിക്കുകയും അതിനായി ഭീമമായ ഫണ്ട് ചെലവഴിക്കുകയും ചെയ്യുമ്പോൾ അവരുടെ നിലിനിൽപിനായി ഇത്തരത്തിലുള്ള വ്യാജ ഏറ്റുമുട്ടലുകൾ തലപൊക്കുമെന്നതുറപ്പാണ്.
തണ്ടർബോൾട്ട് അടക്കമുള്ള തീവ്രവാദ വിരുദ്ധ സേനകൾക്കായി കേരളത്തിൽ ചിലവഴിക്കുന്ന തുകയുടെ കണക്കുകൾ ആവശ്യപ്പെട്ട് കേരളത്തിലെ മനുഷ്യാവകാശപ്രവർത്തകർ വിവരാവകാശനിയമപ്രകാരം അപേക്ഷകൾ സമർപ്പിച്ചിട്ട് ഇന്നോളം ഒരു മറുപടിയും ലഭിച്ചിട്ടില്ല എന്നത് കൂടി ഇവിടെ ചേർത്ത് വായിക്കണം.
ഇതുവരെ നടന്ന തുടർ ആക്രമണങ്ങളിൽ ഒരിക്കൽ പോലും പൊലീസിന്റെ വാദങ്ങളിൽ സംശയകരമായി ഒന്നും പിണറായി വിജയൻ മുന്നോട്ടുവെച്ചില്ല എന്ന് മാത്രമല്ല എല്ലാ സംഭവങ്ങളിലും തണ്ടർബോൾട്ട് ഭാഷ്യം അതേപടി ആവർത്തിച്ചുകൊണ്ട് മുഖ്യമന്ത്രി എന്ന സ്ഥാനത്ത് നിന്ന് മാറി തണ്ടർബോൾട്ട് മേധാവിയാവുകയാണ് പിണറായി വിജയൻ ചെയ്തിട്ടുള്ളത്.
അടിയന്തരാവസ്ഥാ കാലത്ത് നടന്ന രാജൻ എന്ന യുവാവിന്റെ തിരോധാനത്തിന്റെ പേരിൽ സി. അച്യുതമേനോൻ, കെ.കരുണാകരൻ എന്നീ രണ്ട് മുൻ മുഖ്യമന്തിമാർക്ക് വലിയ രാഷ്ട്രീയ നഷ്ടങ്ങൾ സംഭവിച്ച കേരളത്തിലാണ് പിണറായി വിജയൻ എന്ന മുഖ്യമന്ത്രി എട്ട് മനുഷ്യജീവനുകളെടുത്തിട്ടും യാതൊരു പോറലുമേൽക്കാതെ ആ സ്ഥാനത്ത് തുടരുന്നത്. കേരളത്തിലെ രാഷ്ട്രീയ സമൂഹം ഈ കൊലപാതകങ്ങൾക്കെതിരെ ശക്തമായി ശബ്ദമുയർത്തേണ്ടതുണ്ട്. പിണറായി വിജയൻ മൗനം വെടിയണം.