ഷാഫി പറമ്പിൽ

‘ടീച്ചർ തരംഗ’മില്ല, വടകരയിൽ ഷാഫി ട്രെന്റ്

യൗവനത്തിന്റെ ഊർജ്ജസ്വലതയായിരുന്നു ഷാഫിയുടെ കാമ്പയിന്റെ സവിശേഷത. മുമ്പെങ്ങുമില്ലാത്തവിധം യുവാക്കൾ ഷാഫിയു​ടെ കാമ്പയിനിലേക്ക് ഇരച്ചെത്തി. സോഷ്യൽമീഡിയയെ ഫലപ്രദമായി ഉപയോഗിച്ച് പുതുതലമുറയുമായി ഷാഫി നിരന്തരബന്ധമുണ്ടാക്കി. ഇത് കക്ഷിരാഷ്ട്രീയത്തിനപ്പുറം എല്ലാ വിഭാഗങ്ങളുടെയും വോട്ടുകൾ നേടാൻ ഷാഫിയെ സഹായിച്ചിട്ടുണ്ട്.

Election Desk

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും ശക്തമായ മത്സരം നടന്ന വടകരയിൽ കെ.കെ. ശൈലജയ്‌ക്കെതിരെ ഷാഫി പറമ്പിൽ ജയം ഉറപ്പിച്ചു. സി.പി.എമ്മിലെ കെ.കെ. ശൈലജയ്ക്ക് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും മുന്നേറാന്‍ കഴിഞ്ഞില്ല. ഒരുലക്ഷത്തിലെറെ വോട്ടിന്റെ ആധികാരികമായ വിജയമാണ് ഷാഫി വടകരയില്‍ നേടിയത്. കഴിഞ്ഞ തവണ കെ. മുരളീധരന്‍ നേടിയ 84663 വോട്ടിന്റെ ഭൂരിപക്ഷം വലിയതോതില്‍ വര്‍ധിപ്പിക്കാനും സാധിച്ചു. . എൻ.ഡി.എ സ്ഥാനാർഥി സി.ആർ. പ്രഫുൽ കൃഷ്‌ണയാണ് മൂന്നാം സ്ഥാനത്ത്.

അതിശക്തമായ കാമ്പയിനും മത്സരവും കാഴ്ചവച്ചിട്ടും പോളിംഗ് ശതമാനം കുറഞ്ഞത്- 77.6 ശതമാനം- ഇരുപക്ഷത്തെയും ആശയങ്കയിലാക്കിയിരുന്നു. 2014-ൽ 81.37% ഉം, 2019-ൽ 82.67% ഉം ആയിരുന്നു പോളിംഗ്.

ഇരുമുന്നണികളും തമ്മിൽ കൊണ്ടും കൊടുത്തുമുള്ള കാമ്പയിനാണ് ഇത്തവണ വടകര സാക്ഷ്യം വഹിച്ചത്. തുടക്കം മുതൽ അത്യന്തം നാടകീയ സംഭവങ്ങളാണ് വടകരയെ കാത്തിരുന്നത്. കോൺഗ്രസിലെ കെ. മുരളീധരന്റെ മണ്ഡലമാറ്റവും ഷാഫി പറമ്പിലിന്റെ അപ്രതീക്ഷിത എൻട്രിയും വടകരയെ അടിമുടി സംഭവബഹുലമാക്കി.
എൽ.ഡി.എഫിലെ എതിർ സ്ഥാനാർഥിയാകട്ടെ, സി.പി.എമ്മി​​ലെ ഏറ്റവും ജനകീയ മുഖമായ കെ.കെ. ശൈലജയും. അവരുടെ ജയം സി.പി.എമ്മിനെ സംബന്ധിച്ച് അനിവാര്യവുമായിരുന്നു. എന്നാൽ, ഷാഫിയുടെ സ്ഥാനാർഥിത്വം വടകരയിലെ സാഹചര്യം തങ്ങൾക്ക് കൂടുതൽ അനുകൂലമാക്കുമെന്ന യു.ഡി.എഫ് പ്രതീക്ഷ പൂർണമായും സാക്ഷാൽക്കരിക്കപ്പെട്ടു.

യൗവനത്തിന്റെ ഊർജ്ജസ്വലതയായിരുന്നു ഷാഫിയുടെ കാമ്പയിന്റെ സവിശേഷത. മുമ്പെങ്ങുമില്ലാത്തവിധം യുവാക്കൾ ഷാഫിയു​ടെ കാമ്പയിനിലേക്ക് ഇരച്ചെത്തി. പരമ്പരാഗത കാമ്പയിനൊപ്പം, സോഷ്യൽമീഡിയയെ ഫലപ്രദമായി ഉപയോഗിച്ച് പുതുതലമുറയുമായി ഷാഫി നിരന്തരബന്ധമുണ്ടാക്കി. ഇത് കക്ഷിരാഷ്ട്രീയത്തിനപ്പുറം എല്ലാ വിഭാഗങ്ങളുടെയും വോട്ടുകൾ നേടാൻ ഷാഫിയെ സഹായിച്ചിട്ടുണ്ട്.
​കെ.​കെ. ശൈലജയുടെ ജനകീയ പ്രതിച്ഛായയേക്കാൾ മറികടക്കാൻ, ഈ കാമ്പയിനിലൂടെ ഷാഫിക്കായി.

ഇതോടൊപ്പം, വടകരയുടെ വോട്ടിംഗിനെ സ്വാധീനിച്ചുവരുന്ന ടി.പി. ചന്ദ്രശേഖരൻ ഫാക്ടറും കെ.കെ. രമയുടെ നേതൃത്വത്തിൽ ആർ.എം.പി നടത്തിയ അതിശക്തമായ കാമ്പയിനും ഷാഫിയെ തുണച്ചു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ ശരിവച്ചുള്ള ഹൈകോടതി വിധി ഇലക്ഷൻ പ്രഖ്യാപനത്തിന് തൊട്ടുമുമ്പായിരുന്നു. ഈ വിധി കാമ്പയിൻ വിഷയമായി.

മറുവശത്ത്, വോട്ടിംഗിനെ വർഗീയമായി തിരിച്ചുവിടാനുള്ള ശ്രമങ്ങളും സോഷ്യൽ മീഡി​യയെ ഉപയോഗിച്ചുള്ള വ്യക്തിഹത്യകളും വ്യാജ പ്രചാരണങ്ങളും പരസ്യമായി തന്നെ നടന്നു. മണ്ഡലത്തിലെ മുസ്‍ലിം വോട്ടുബാങ്കിനെ ലക്ഷ്യം വച്ചും അതിനെ പ്രശ്നവൽക്കരിച്ചുമുള്ള അത്യന്തം അപകടകരമായ നറേഷനുകളുണ്ടായി. സംസ്ഥാനത്തുതന്നെ ഏറ്റവും രാഷ്ട്രീയബോധ്യത്തോടെ വോട്ടുചെയ്യുന്ന ഒരു മണ്ഡലത്തി​ലെ വരാൻ പോകുന്ന ജനവിധിയെ പോലും വർഗീയമായി മുദ്രയടിച്ചുകൊണ്ടുള്ള കാമ്പയിൻ, തെരഞ്ഞെടുപ്പിനുശേഷവും കൊണ്ടുപിടിച്ചുനടന്നു. ഇതിന് വാദവും പ്രതിവാദവും ഒരുക്കി ഇരു മുന്നണികളും തെരഞ്ഞെടുപ്പിനുശേഷവും നടത്തിയ വിശദീകരണങ്ങളും കലുഷിതമായ ഫലമാണുണ്ടാക്കിയത്.

ഇടതുപക്ഷത്തിന് സ്വാധീനമുള്ള വടകര ലോക്സഭാ മണ്ഡലം കണ്ണൂർ ജില്ലയിലെ രണ്ടും കോഴിക്കോട് ജില്ലയിലെ അഞ്ചും നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ്. കെ.കെ. രമയെ ഒഴിച്ചുനിർത്തിയാൽ സി.പി.എം ആധിപത്യം പൂർണം. എന്നാൽ, ലോക് സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനാണ് മുൻതൂക്കം.

2004-ൽ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തിൽ എം.ടി പത്മയെ തോൽപ്പിച്ചാണ് പി. സതീദേവി വടകരയുടെ എം പിയായത്. 2009-ൽ കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു ജയം. ടി.പി ചന്ദ്രശേഖരൻ നേടിയ 21,833 വോട്ടും അന്ന് സി.പി.എം തോൽവിയുടെ കാരണമായി. 2014-ലും മുല്ലപ്പള്ളി ജയം ആവർത്തിച്ചു. 2019-ൽ പി. ജയരാജൻ ഉയർത്തിയ വെല്ലുവിളി അനായാസം മറികടന്ന് കെ. മുരളീധരൻ മണ്ഡലം യു.ഡി.എഫിന്റേതായി നിലനിർത്തി.

മുസ്‍ലിം ലീഗിന്റെയും ആർ.എം.പിയുടേയും ഉറച്ച പിന്തുണയിൽ പി.ജയരാജനെതിരെ കെ. മുരളീധരൻ നേടിയ 84,663 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണയില്ലെങ്കിലും വടകര ലോക്സഭാ മണ്ഡലം യു ഡി എഫ് കോട്ട തന്നെയെന്ന് ഷാഫി പറമ്പിലിലൂടെ കോൺഗ്രസ് ഉറപ്പിക്കുകയാണ്.

ഷാഫി ഏതാണ്ട് ജയം ഉറപ്പിച്ച സാഹചര്യത്തിൽ കെ.കെ. രമ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നുണ്ട്. മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേര്‍ത്തു പിടിച്ച നാടാണിതെന്നും ചിരി മായാതെ മടങ്ങൂ ടീച്ചര്‍ എന്നുമാണ് ​കെ.കെ. ​​ശൈലജയോടുള്ള രമയുടെ അഭ്യർഥന: ‘‘മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കിവെക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്. ഇവിടുന്ന് മടങ്ങുമ്പോള്‍ അങ്ങനെയേ മടങ്ങാവൂ. മരിച്ച മനുഷ്യരേയും തോറ്റ മനുഷ്യരേയും ചേര്‍ത്തുപിടിച്ച നാടാണിത്. മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞു കൊണ്ട് തുന്നിച്ചേര്‍ത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യര്‍ക്ക് ആരെയും കളിയാക്കിവിടാനാവില്ല. ചേര്‍ത്തുപിടിച്ച് യാത്രയാക്കുകയാണ്. രാഷ്ട്രീയം പറഞ്ഞ്, നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാന്‍ കഴിയുന്നതല്ലേ ഭാഗ്യം. വരും തിരഞ്ഞെടുപ്പുകളില്‍ മതമല്ല, മനുഷ്യനാണ് ഇവിടെ പ്രവര്‍ത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാന്‍ ഇന്നാട് ബാക്കിയുണ്ട്.’’

Comments