പതിനെട്ടാം ലോകസഭ തിരഞ്ഞെടുപ്പ് ഫലങ്ങൾ ആഗോള തലത്തിൽ ഇന്ത്യൻ ജനാധിപത്യത്തിന് സവിശേഷ ശ്രദ്ധ നേടിക്കൊടുത്തിട്ടുണ്ട്. ഗൗരവതരമായ പഠനങ്ങളും തീ പാറുന്ന ചർച്ചകളും വിശകലനങ്ങളും ചുറ്റും അരങ്ങേറുന്നു. പഴയ കാലത്ത് നായികാ നായകൻമാരും വില്ലനും ചേർന്ന് പിരിമുറുക്കത്തോടെ സിനിമ മുന്നോട്ടു കൊണ്ടു പോകുന്നതിനിടയിൽ സമാന്തരമായി ജോണിവാക്കർ - മഹ്‌മൂദുമാരും, എസ്.പി പിള്ള - ഭാസിമാരും ഗൗരവം വിട്ട് കാണികളിൽ ലാഘവത്വം നിറക്കുന്ന പതിവുണ്ടായിരുന്നു. കൗണ്ടമണി - സെന്തിലുമാർ തൊണ്ണൂറുകളുടെ അവസാനം വരെ തമിഴിൽ ഈ ട്രെൻഡിനെ പിടിച്ചു നിർത്തിയവരാണ്. സമാനമായി തിരഞ്ഞെടുപ്പാനന്തരം ഗൗരവം വിട്ടു ആളുകൾക്ക് ചർച്ച ചെയ്യാനുള്ള പല സെമി - നേരമ്പോക്കുകളും രാജ്യമെമ്പാടുമുണ്ട്. കേരളത്തിലെത്തുമ്പോൾ അതിലെ പ്രധാന ഇനങ്ങളിലൊന്ന് തലശ്ശേരിയിലെ തറവാട്ടു പാട്ടും അതിനെ ചുറ്റിപ്പറ്റി ഷാഫിയുടെ വിജയാനന്തരമുള്ള സാമൂഹ്യമാധ്യമ വടംവലികളുമാണെന്ന് കാണുന്നു.
തലശ്ശേരിയിലെ പഴയ മുസ്ലിം കുടുംബങ്ങൾ മരുമക്കത്തായവും വീട്ടു പുതിയാപ്ല സമ്പ്രദായവും ദശലക്ഷങ്ങൾ ചിലവഴിച്ചുള്ള അറ രീതിയും കൊണ്ട് എപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ക്രിക്കറ്റും സർക്കസും ബേക്കറിയും ഫുട്ബോളും രുചിപ്പെരുമയും സംഗീത-കല-മഹ്ഫിൽ പാരമ്പര്യങ്ങളും തലശ്ശേരിയോളം അധികമാർക്കുമില്ല. ഇതിന്റെ വേഷപ്പകർച്ചകളെ അവിടുത്തെ ധനാഢ്യകുടുംബങ്ങൾ തന്നെയാവും നയിച്ചിരിക്കുക. പ്രതിഭക്ക് പഞ്ഞമില്ലെങ്കിലും അന്ന വിചാരം മുന്നെ വിചാരം ആവുന്നത് കൊണ്ട് മുന്നണിയിൽ ദരിദ്രർ ഉണ്ടാകാറില്ല. തലശ്ശേരി പെരുമകളെ പ്രതിനിധീകരിക്കുന്ന ഒരു കുടുംബം ഷൈലജ ടീച്ചർക്ക് വേണ്ടി ചായലും മുറുക്കവും ചേർന്ന ഇശലുകൾ നീട്ടിപ്പാടി രംഗത്തു വന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മുസ്ലിം ചുവയും പുളിയും ചേർന്ന മികച്ച ഒരു രാഷ്ട്രീയ നീക്കം കൂടിയായിരുന്നുവത്. പാട്ടിനു ശേഷം നീട്ടിയ മൈക്കിന് മുന്നിൽ "ഷാഫിയോ, ഓൻ ഏട്ന്നോ വന്നോൻ! ഈടെ ചിലവാകില്ല" എന്ന കുടുംബാംഗത്തിന്റെ പരാമർശം അൽപ്പം കല്ലുകടിയുണ്ടാക്കിയിരുന്നു. തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം കുടുംബത്തിന്റെ പാട്ടും, അംഗത്തിന്റെ വാക്കുമൊക്കെ വലിയ ട്രോളിനിരയായി. അവയിൽ ചിലതൊക്കെ പതിവു പോലെ സഭ്യത വിട്ടു. പിന്നീടു കണ്ടത് ട്രോളുകാരെ ഇബ്‌ലീസാക്കി കുടുംബം വീണ്ടും പാടുന്നതാണ്. ഇതോടെ വീണ്ടും കൊഴുത്ത് രംഗം മുന്നേറുകയാണ്.
പിരിമുറുക്കം ലാഘവത്തിന് വഴിമാറാൻ ഉതകുന്നതാണ് വിവാദമെങ്കിലും ചില ഗൗരവമേറിയ രാഷ്ട്രീയ ചിന്തകൾക്ക് ഇവിടെ പ്രസക്തിയുണ്ട്. ഷാഫിയെക്കുറിച്ച് എവിടെ നിന്നോ വന്നയാൾ എന്ന് വിളിക്കുമ്പോൾ അതിൽ ഉറ്റ ബാന്ധവത്തിന്റെ നിഷേധമുണ്ട്. ചരിത്രബോധത്തിന്റെ അഭാവം കാരണമാണത്. മലബാറിന്റെ കുറുമ്പ്റനാട് താലൂക്ക് ആസ്ഥാനം കേന്ദ്രീകരിച്ച ഒരു മത്സരത്തിനു വന്ന വള്ളുവനാട്ടുകാരനെ കോട്ടയം താലൂക്കുകാരൻ പരദേശി എന്നു വിളിക്കുകയാണ്. 166 കൊല്ലം നീണ്ട മലബാർ ജില്ലയുടെ പാരസ്പര്യത്തിന് അത് പോറലുണ്ടാക്കുന്നുണ്ട്. 1790 ൽ ബോംബെ പ്രസിഡൻസിയിൽ നിന്ന് തുടങ്ങി മദിരാശി പ്രസിഡൻസിയും മദിരാശി പ്രവിശ്യയും മദിരാശി സംസ്ഥാനവും താണ്ടി 1956ൽ തിരു കൊച്ചിയിൽ ലയിച്ചതോടെയാണ് മലബാർ വിഭജിക്കപ്പെടുന്നത്. ചിറക്കൽ, കോട്ടയം, വയനാട്, കുറുമ്പ്റനാട്, കോഴിക്കോട്, ഏറനാട്, വള്ളുവനാട്, പൊന്നാനി, പാലക്കാട്, ഫോർട്ട്കൊച്ചി താലൂക്കുകൾ അടങ്ങിയ പഴയ മലബാറിൽ ലക്ഷദ്വീപ് സമൂഹങ്ങളും, നീലഗിരിയുടെ പകുതി പ്രദേശങ്ങളും ഉൾപ്പെട്ടിരുന്നു. പുതിയ തലമുറക്ക് അജ്ഞാതമാണെങ്കിലും ഐക്യ മലബാറിനെ ഹൃദയവികാരമാക്കി നെഞ്ചേറ്റിയ നൂറുകണക്കിന് ദേശീയ നേതാക്കൾ ഈ മണ്ണിലുണ്ടായിരുന്നു. സികെ ഗോവിന്ദൻ നായരും, പിപി ഉമ്മർകോയയുമടക്കമുള്ളവർ മലബാറിനെ തിരുകൊച്ചിയുമായി ലയിപ്പിക്കുന്നതിനെതിരെ പരസ്യമായ നിലപാട് കൈക്കൊണ്ടവരായിരുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിനു ശേഷം "ഇത്തറവാടിത്ത ഘോഷണത്തെപോലെ വൃത്തി കെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ" എന്ന ഇടശ്ശേരി ഗോവിന്ദൻ നായരുടെ നിശിത വിമർശനത്തിന് കേരളം മുഴുവൻ പ്രകമ്പനങ്ങളുണ്ടായി. ജാതിപ്പേരും വാലും കൊളോണിയൽ - രാജമുദ്രകളും മുറിച്ചെറിയുന്നത് പുതിയ തലമുറയുടെ പ്രവണതയായി മാറിയ ഒരു കാലം അന്നു വന്നുചേർന്നു. ദിവാൻ പേഷ്ക്കാർ, ഖാൻ ബഹദൂർ തുടങ്ങി പട്ടും വളയും വീരശ്യംഖലയും, വിളിപ്പേരുമൊക്കെ നേടിയവരുടെ ഭൂതകാല ബ്രിട്ടീഷ് അടിമത്വം സമൂഹത്തിൽ ചർച്ചയായി.
ടിപ്പുവിന്റെ പിൻമുറക്കാർ കൽക്കത്ത തെരുവിൽ റിക്ഷാവണ്ടി വലിക്കുന്നതിന്റെയും, ബഹദൂർഷ സഫറിന്റെ പിൻഗാമികൾ അഫ്ഗാനിലെ കുതിരലയങ്ങളിൽ കൂലികളായതിന്റെയുമൊക്കെ കഥകൾ പ്രചാരം നേടി. വൈദേശികാധിപത്യത്തിനു നേരെ നെഞ്ചുവിരിച്ചു നിന്നവരുടെ പിൻതലമുറ വിദ്യയും അർത്ഥവും നിഷേധിക്കപ്പെട്ട് കീഴാളരായി മാറിയ അത്തരം ബ്രിട്ടീഷ് മായാവിദ്യകൾ ജനം ചികഞ്ഞെടുത്തു. അങ്ങിനെ വിവേകാനന്ദന്റെ ഭ്രാന്താലയം ബുദ്ധി സ്ഥിരത വീണ്ടെടുക്കുകയായിരുന്നു. എന്നാൽ തൊണ്ണൂറുകളുടെ മധ്യത്തിനു ശേഷം വരേണ്യ ചിഹ്നങ്ങളും, തറവാടിത്ത ഘോഷണങ്ങളും ഉദ്ഘോഷിക്കുന്ന ചിത്രങ്ങളുടെ പരമ്പരകൾ പുറത്തു വന്നു. അവയെല്ലാം ബോക്സോഫീസുകളിൽ വലിയ ഇന്ദ്രജാലമായിരുന്നു തീർത്തത്. തറവാടും മേനി പറച്ചിലുകളും വീണ്ടും പൊതുബോധത്തെ സാവധാനം സ്വാധീനിക്കാൻ തുടങ്ങി. ലേലം പോലുള്ള സിനിമകളിലെ ഈപ്പച്ചൻ കഥാപാത്രങ്ങളെ മറന്നു കൊണ്ടല്ല ഇതു പറയുന്നത്.
തറവാടും, പഴങ്കഥകളും, വരേണ്യ ഭാവഹാവാദികളും മേൽക്കോയ്മാ ബോധം തീർക്കുമ്പോൾ അതിൽ നിന്ന് മാറി നടക്കാൻ തൊഴിലാളി വർഗ്ഗ പാർട്ടികൾക്ക് പുതിയകാലത്ത് ഒട്ടും സാധിക്കുന്നില്ല. തിരഞ്ഞെടുപ്പിൽ മാത്രമല്ല, മുന്നോടിയായുള്ള യാത്രകളിലെ പ്രാതൽ അതിഥികളെ നിശ്ചയിക്കുന്നത് പോലും പ്രസ്തുത ബോധ്യങ്ങളാണ്. ഇതിനൊരു പ്രതിപ്രവർത്തനമുണ്ടെന്ന് മുഖ്യധാരാ രാഷ്ട്രീയം പലപ്പോഴും ചിന്തിക്കാതെ പോവുന്നു. ഈ പ്രതിപ്രവർത്തനം ബന്ധുക്കളെ തിരയുമ്പോൾ ചിലയിടത്തെങ്കിലും ഗുണഭോക്താവാകാനുള്ള ശ്രമങ്ങളിൽ ബിജെപിക്കും നേട്ടമുണ്ടാവുന്നു. തൃശൂരിലെ വിജയം അതാണ് കാണിച്ച് തരുന്നത്.
മലബാറിലെ മുസ്ലിംകൾക്കിടയിൽ എല്ലാ കാലത്തും മാർക്സിസ്റ്റ് പാർട്ടിക്ക് ഉറച്ച പിന്തുണക്കാർ ഉണ്ടായിട്ടുണ്ട്. ജാതീയത ഇസ്ലാമിൽ ഇല്ല. പക്ഷെ സാമൂഹിക ഉച്ചനീചത്വങ്ങളും കീഴാള - വരേണ്യ ബോധ്യങ്ങളും പൊതുജീവിത പരിസരങ്ങളിൽ എപ്പോഴും മുഴച്ചു നിന്നിട്ടുണ്ട്. സി പി എമ്മിന്റെ വർഗ്ഗരാഷ്ട്രീയത്തിന് കീഴാള മുസ്ലിം ജനത്തിനിടയിൽ വമ്പിച്ച സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നു. തോട്ടം തൊഴിലാളികൾ മുതൽ മത്സ്യത്തൊഴിലാളികൾ വരെ അതിൽ പെടും. കുഞ്ഞാലിയും ഇമ്പിച്ചി ബാവയും സിപി കുഞ്ഞും സെയ്താലിക്കുട്ടിയുമൊക്കെ ജനപ്രിയ നേതാക്കളായിരുന്നു. അധ്വാന വർഗ്ഗ മുസ്ലിമിന് മുന്നിൽ കുഞ്ഞാലി അക്ഷരാർത്ഥത്തിൽ ഒരു ഹീറോയായിരുന്നു. അക്കാലത്ത് ഒരു തീക്കാറ്റു പോലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഏറനാട്ടിൽ പടർന്നു കയറി. ഒരു പക്ഷെ കുഞ്ഞാലി പത്തു വർഷം കൂടി ജീവിച്ചിരുന്നുവെങ്കിൽ മലപ്പുറത്ത് സി പി എമ്മിന് നിരവധി ശക്തികേന്ദ്രങ്ങൾ ഉയർന്നു വരുമായിരുന്നു. കുഞ്ഞാലി മരിച്ചതിനു ശേഷമാണ് നിലമ്പൂർ എംപി ഗംഗാധരനിലൂടെ യുഡിഎഫ് ആദ്യമായി ജയിക്കുന്നത്. കുഞ്ഞാലിക്കും ഇമ്പിച്ചി ബാവക്കും വാരിക്കുഴി തീർത്ത ഫ്യൂഡൽ മുസ്ലിം സെമീന്ദാർമാരുടെ പിൻതലമുറയാണ് കിഴക്കനേറനാട്ടിലും, തീരദേശത്തും ഇന്ന് സിപിഎമ്മിനെ പ്രതിനിധീകരിക്കുന്നത്. ജീവൻ പണയം വെച്ചും, ത്യജിച്ചും കുഞ്ഞാലിമാർ വളർത്തിയ പാർട്ടിയുടെ വിളവെടുപ്പ് നടത്താൻ അവരെ വീഴ്ത്തിയവരുടെ പിൻതലമുറ വേഷം മാറി വരുന്നതിലെ അജീർണ്ണാവസ്ഥ ആത്യന്തികമായി പാർട്ടിയുടെ കുഴിയാണ് തോണ്ടുന്നുണ്ട്. തറവാട്ടിലെ പാട്ടിന് മുൻഗണനയും സർവ്വ പ്രാധാന്യവും നൽകുമ്പോൾ ഞാറ്റു പാട്ടും ചുമട്ടുകാരന്റെ ഏലൈസ വിളികളും ഇത്തരത്തിൽ ഇവിടെ പിന്തള്ളപ്പെട്ടു പോവുകയാണ്.
പാടാനും, പറയാനും, രാഷ്ട്രീയ നിലപാട് കൈക്കൊള്ളാനും, വിമർശിക്കാനുമൊക്കെ ഇവിടെ സ്വാതന്ത്ര്യമുണ്ട്. വിമർശനങ്ങൾ ലക്ഷ്യഭേദിയാവണമെങ്കിൽ അവയിൽ അസഭ്യം കലരരുത്. സഭ്യമല്ലാത്ത വിമർശനങ്ങൾ എല്ലായ്പോഴും ഇരയെ വിജയിപ്പിക്കും. അതേ സമയം മാന്യമായ വിമർശനങ്ങൾ ഇരവാദത്തിന്റെ പരിധിയിൽ വരാനും പാടില്ല.