ബാലചന്ദ്രകുമാറിനെ പോലെ യാതൊരു ക്രഡിബിലിറ്റിയുമില്ലാത്ത ഒരു ഇടനിലക്കാരൻ കുറെ വോയ്സ് റെക്കോർഡിങ്ങുകളുമായി രംഗത്തുവന്നത്, നടി ആക്രമിക്കപ്പെട്ട കേസിനെ, അതിന്റെ കോർ വിഷയത്തിൽ നിന്ന് വഴി തിരിച്ചുവിടാനും ദുർബലപ്പെടുത്താനും സഹായിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. നടി ആക്രമിക്കപ്പെട്ട വിഷയത്തെ കുറെദിവസം മാധ്യമ ചർച്ചകളുടെ തലക്കെട്ടിലേക്ക് കൊണ്ടുവരാൻ ബാലചന്ദ്രകുമാർ വഴി കഴിഞ്ഞു എന്നതിലപ്പുറം, കേസിന്റെ മെറിറ്റിനെ അത് ഏതെങ്കിലും വിധത്തിൽ സഹായിക്കുകയല്ല, മറിച്ച് മറ്റ് പല വിഷയങ്ങളിലേക്കും വഴി തിരിച്ചു വിടുകയാണ് ചെയ്തത്.
അതിന്റെ പ്രശ്നം, അയാൾ പറയുന്ന വിഷയങ്ങൾ വാസ്തവമാണെങ്കിൽ തന്നെയും, ആത്യന്തികമായി ഉന്നയിക്കപ്പെടുക ആ പറയുന്ന ആളുടെ ക്രെഡിബിലിറ്റിയും അതിലുള്ള അയാളുടെ ഇൻറൻഷനും തന്നെയാണ്. ഇത്തരത്തിൽ ക്രഡിബിലിറ്റി ഇല്ലാത്ത ആരെങ്കിലും ആരോപണങ്ങളും "തെളിവു'കളുമായി മുന്നോട്ടു വരുന്നത് യഥാർത്ഥ പ്രതികൾക്ക് വലിയ സന്തോഷമുള്ള കാര്യമായിരിക്കും. കാരണം , അങ്ങനെ ഒരാളെ കിട്ടിയാൽ, ആ വ്യക്തിയുടെ ക്രഡിബിലിറ്റിയെ ചോദ്യം ചെയ്തുകൊണ്ട് , ആ കേസ് തനിക്കെതിരായ ഒരു ഗൂഢാലോചനയാണെന്ന് വരുത്തി തീർക്കാൻ പ്രതിഭാഗത്തിന് എളുപ്പം സാധിക്കും എന്നതുതന്നെ.
അതുപോലൊരു പരിപാടിയാണ്, ഷാജ് കിരൺ എന്ന ഒരു മാധ്യമ ഇടനിലക്കാരന്റെയും അയാളുടെ വാക്കുകളുടെയും പിറകെ പോകുന്നതിലൂടെ സ്വർണക്കടത്തു കേസിലും സംഭവിക്കാൻ പോകുന്നത്. കുറച്ചു ദിവസം ഈ വാർത്തക്കും ഷാജ് കിരണിനും പിറകെ പോയി പത്രങ്ങൾക്കും ചാനലുകൾക്കും അവരുടെ വരിക്കാരെ "സുഖിപ്പിച്ച് ' നിർത്താനുള്ള ഒരവസരമായി ഇത് മാറും എന്നതിലപ്പുറം, ഒരു വിശ്വാസ്യതയുമില്ലാത്ത ഒരു പി.ആർ.ബ്രോക്കറുടെ ഫോൺ സംഭാഷണത്തിന്റെ പിറകെ പോകുന്നത്, ഈ കേസിന്റെ മെറിറ്റിനെ തളർത്താനും വഴിതിരിച്ചുവിടാനും മാത്രമെ ഉപകരിക്കൂ.
സ്വർണക്കടത്തുകേസിലെ പ്രധാന ചോദ്യം , ഈ സ്വർണം ആര് ആർക്കുവേണ്ടി കൊണ്ടുവന്നു എന്നതാണ്. ഒരു sender ഉം ഒരു receiver ഉം ആ പാക്കറ്റിന് തീർച്ചയായും ഉണ്ട്. അതിൽ ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അത് തീർച്ചയായും പുറത്തുവരേണ്ടതുണ്ട്. ആ അന്വേഷണം ഇന്ന് എവിടെ ഏതു തട്ടിൽ എത്തിനിൽക്കുന്നു എന്ന ചോദ്യമാണ് ഉയരേണ്ടത്. സ്വപ്ന, സ്വയംരക്ഷപ്പെടാനും താൻ വിശ്വാസ്യതയുള്ളവളാണ് എന്ന് പൊതുസമൂഹത്തെ കാണിക്കാനും വേണ്ടി പൊക്കിക്കൊണ്ടുവരുന്ന ഫോൺ സംഭാഷണങ്ങളുടെയും വ്യക്തികളുടെയും പിറകെ പോകാൻ മാധ്യമങ്ങളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം, അപ്പുറത്ത് ഒരു സ്ത്രീയായതുകൊണ്ടുതന്നെ, വീണുകിട്ടാനിടയുള്ള നിറംപിടിപ്പിച്ച നീണ്ട കഥകളുടെ സാധ്യതകളാണ്. ചാരക്കേസ്, ഒരു റഫറൻസായി തന്നെ നമ്മുടെ മുന്നിലുണ്ടല്ലോ.
ഒരു സ്ത്രീകുറ്റവാളിയെയും, അവർ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തന്നെയും, കുറ്റവാളിയായി കണക്കാക്കാൻ മനസ് അനുവദിക്കാത്ത ഒരാളാണ് ഞാൻ. കുറ്റവാളികളാക്കപ്പെടുന്ന ഓരോ സ്ത്രീയും ഒരു സിസ്റ്റത്തിന്റെ ഇരയാണ് എന്നു വിശ്വസിക്കാനാണ് തോന്നാറ്. അതിൽ സരിതയും സ്വപ്നയും എല്ലാം ഉൾപ്പെടും. ഈ രണ്ടു സ്ത്രീകളിലും പൊതുവായി കാണാവുന്ന ഒരു കാര്യം, അവരുടെ രണ്ടു പേരുടെയും മധ്യവർഗപശ്ചാത്തലവും ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ സങ്കോചമില്ലാതെ സംസാരിക്കാനുള്ള അവരുടെ പ്രാവീണ്യവുമാണ്. പല തലങ്ങളിൽ സ്വാധീനമുണ്ടാക്കാൻ കഴിയുന്ന അവരുടെ ഈ പ്രിവിലേജുകളെ ഉപയോഗിച്ച്, സോളാർ തട്ടിപ്പായാലും സ്വർണക്കടത്തായാലും, അവരെ കാരിയർമാരാക്കി പണമുണ്ടാക്കുകയും ലാഭമുണ്ടാക്കുകയും ചെയ്തവരും അതിന്റെ യഥാർത്ഥ ബെനിഫിഷ്യറികളും രക്ഷപ്പെട്ടു പോവുകയും ഈ രണ്ട് സ്ത്രീകളുടെയും വ്യക്തിജീവിതവുമായും സ്വകാര്യതയുമായും ബന്ധപ്പെട്ട പൈങ്കിളി വർത്തമാനങ്ങളിലേക്ക് വാർത്തകൾ ചുരുങ്ങിപ്പോവുകയും ചെയ്യുകയാണ് വാസ്തവത്തിൽ സംഭവിക്കുന്നത് / സംഭവിച്ചു കൊണ്ടിരിക്കുന്നത്.
സ്വപ്നയെ ഇപ്പോൾ ഫണ്ട് ചെയ്തുകൊണ്ടിരിക്കുന്നത് എച്ച്. ആർ. ഡി. എസ്. എന്ന സംഘ്പരിവാർ സ്വാധീനമുണ്ട് എന്നാരോപിക്കപ്പെടുന്ന സംഘടനയാണ് എന്ന കാര്യം ഏറെ വ്യക്തമായി കഴിഞ്ഞതാണ്. അവരുടെ ഓഫീസ് പ്രിമൈസും വാഹനവും എല്ലാം വിട്ടു കൊടുത്തുകൊണ്ട്, അവരുടെ ഒരു സ്റ്റാഫ് മാത്രമായ ഒരു വ്യക്തിയുടെ സ്വകാര്യമായ ഒരു കേസിൽ ഇങ്ങനെ കൂടെ നിൽക്കുന്നത് എന്തിന് എന്നും ആ സ്ഥാപനത്തിനോ അതിന്റെ പ്രമോട്ടർമാർക്കോ ഈ കേസിലുള്ള താത്പര്യം എന്താണ് എന്നും, ഷാജ് കിരണിനെ പോലൊരു ‘മാധ്യമ പിമ്പി’നെ മുന്നിലേക്കിട്ടുകൊടുത്തുകൊണ്ട് സ്വപ്നക്ക് യഥാർത്ഥത്തിൽ ആരെയാണ് സംരക്ഷിക്കാനുള്ളത് എന്നുമുള്ള ചോദ്യം കൂടിയാണ് ഉന്നയിക്കപ്പെടേണ്ടത്. അതല്ലാതെ സ്വപ്ന ആരുടെയെങ്കിലും കുഞ്ഞിനെ പെറാൻ തീരുമാനിച്ചിരുന്നോ പെറ്റിട്ടുണ്ടോ എന്ന ചോദ്യങ്ങൾ ഒന്നുമല്ല..
മൂന്നേ മൂന്ന് ചോദ്യങ്ങളാണ് ഈ കേസിൽ പ്രസക്തമായിട്ടുള്ളത്. ഒന്ന് ആരുടേതാണ് സ്വർണം? രണ്ട് ആർക്കുവേണ്ടിയാണ് സ്വർണം? മൂന്ന് ഉദ്യോഗസ്ഥ ഭരണതലങ്ങളിലും രാഷ്ട്രീയ പാർട്ടികളിലും പെട്ട ഇതിലെ പങ്കാളികൾ ആരൊക്കെ? തെളിയേണ്ടത് അതാണ്. അതിനുള്ള ബാധ്യതയാണ് രാഷ്ട്രീയ കേരളത്തിനുള്ളത്. അല്ലാതെ, കേസിലെ ഏതെങ്കിലും പ്രതികളുടെ കിടപ്പറ വിശേഷങ്ങളറിയലല്ല.